പടിവാതിലിൽ ചെന്നായയോ ചെകുത്താനോ?


മണിലാൽ 

 

ആധുനികോത്തര മലയാളിയുടെ സ്വത്വാവസ്ഥ എത്രയേറെ ഛിന്നഭിന്നവും സങ്കീർണ്ണവും യാന്ത്രികവുമായി തീർന്നിട്ടുണ്ട് എന്ന് വെളിവാക്കുന്ന ഒന്നായിരിക്കും മെയ് 16ന് നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ്. കഴിഞ്ഞുപോയ തിരഞ്ഞെടുപ്പുകളിൽ നിന്നൊക്കെ വ്യത്യസ്തമായി ഉത്തരേന്ത്യയിലെന്ന പോലെ, ബി.ജെ.പി അഥവാ എൻ.ഡി.എ സഖ്യം, മറ്റ് രണ്ട് മുന്നണികൾക്കൊപ്പം കേരളത്തിലും നിലയുറപ്പിച്ചു കഴിഞ്ഞു എന്ന് തിരഞ്ഞെടുപ്പ് രംഗം സാക്ഷ്യപ്പെടുത്തുന്നുണ്ട്. ബി.ജെ.പി എത്ര സീറ്റ് നേടും എന്നത് ഒരുപക്ഷേ ഒരു ജ്യോതിഷിക്ക് മാത്രം പ്രവചിക്കാൻ കഴിയുന്നതായിരിക്കാമെങ്കിലും, നിയമസഭയിൽ അവർക്കും ഇരിപ്പിടങ്ങൾ ഒരുക്കേണ്ടിവരും എന്ന് ഏറെക്കുറെ തീർച്ചപ്പെടുത്താവുന്നതേയുള്ളൂ. ഈ മൂന്ന് മുന്നണികൾക്കും ശക്തമായ ജനകീയ അടിത്തറ കേരളത്തിലുണ്ട് എന്നത് വസ്തുതയായിരിക്കുന്പോഴും ഒരുതരം ആപേക്ഷികമായ, അവിശ്വാസത്തോളം എത്താവുന്ന അടിത്തറയാണത് എന്നതാണ് സത്യം. എല്ലാവരും തങ്ങളുടെ മേന്മകൾ അവകാശപ്പെടുന്നുണ്ടെങ്കിലും അതുവഴി എല്ലാവർക്കും സംഭരിക്കാവുന്ന വോട്ട് പരിമിതം മാത്രമാണ്. അപരന്റെ പെരുങ്കാലുകളെ പർവതീകരിച്ചും സ്വന്തം പെരുങ്കാൽ പൂഴ്ത്തിവെച്ചും ജനങ്ങളെ ൈവകാരികമായി പ്രചോദിപ്പിച്ച് നിഷേധ വോട്ടുകൾ കരസ്ഥമാക്കാനാണ് എല്ലാവരും പരിശ്രമിക്കുന്നത്.

‘എൽ.ഡി.എഫ് വരും എല്ലാം ശരിയാകും’ എന്ന ഇടതുപക്ഷത്തിന്റെ സിഗ്നേച്ചർ മുദ്രാവാക്യത്തിൽ  (signature slogan) നമുക്കത് കാണാം. യു.ഡി.എഫ് എല്ലാ തകർത്തതാണെന്നും എൽ.ഡി.എഫ് അതെല്ലാം ശരിയാക്കും എന്നുമാണ് വിവക്ഷ. എല്ലാം തകർത്ത യു.ഡി.എഫിനെതിരായി വോട്ട് എന്ന് പറയുന്നതിനാണ് ഊന്നൽ. അതല്ലാതെ എൽ.ഡി.എഫിന്റെ മേന്മക്ക് വോട്ട് എന്ന നിലയിലേക്ക് അത് മാറിത്തീരുന്നില്ല. യു.ഡി.എഫാകട്ടെ ‘തുടരണം ഈ ഭരണം വളരണം ഈ നാട്’ എന്ന മുദ്രാവാക്യം മുന്നോട്ടു വെക്കുന്പോഴും എൽ.ഡി.എഫിന്റെ ‘അക്രമരാഷ്ട്രീയം’ തന്നെയാണ് പ്രധാനമായും ജനങ്ങൾക്ക് മുന്പിൽ വെയ്ക്കുന്നത്. തങ്ങൾ അഴിമതിക്കാരല്ല എന്ന് സ്ഥാപിക്കാനല്ല എല്ലാവരും അഴിമതിക്കാരാണ് എന്ന് ഉറപ്പിക്കാനാണവർ പരിശ്രമിക്കുന്നത്. എന്നാൽ തങ്ങളുടെ പേരിൽ ഉന്നയിക്കപ്പെട്ട കൊള്ളരുതായ്മകളൊക്കെ കേരളവികസനത്തിന് മുന്തിയ പരിഗണന നൽകിയപ്പോൾ സംഭവിച്ചുപോയ തെറ്റുകളാണെന്നും തങ്ങളാണ് വികസനത്തിന്റെ വക്താക്കൾ എന്നും സ്ഥാപിച്ചെടുക്കാൻ യു.ഡി.എഫ് പരിശ്രമിക്കുന്നുണ്ട്. ബി.ജെ.പിയാകട്ടെ ‘വഴിമുട്ടിയ കേരളം വഴികാട്ടാൻ ബി.ജെ.പി’ എന്ന മുദ്രാവാക്യം മുന്നോട്ടു വെയ്ക്കുന്പോഴും തങ്ങളുടെ പോസറ്റീവ് സാധ്യതകളിലല്ല പകരം ഇരുമുന്നണികളുടെയും നെഗറ്റീവ് പ്രതിച്ഛായയിലാണ് ഊന്നുന്നത്. ഇത്തരം വ്യവസ്ഥാപിത രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ, അറപ്പുളവാക്കും വിധം വളർന്നു വരുന്ന ജനവിരുദ്ധതക്കെതിരായി ജനകീയ രാഷ്ട്രീയത്തിന്റെ തിരനോട്ടം എന്നൊക്കെ അവകാശപ്പെട്ടാണ് ടി.പി ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ ഒഞ്ചിയത്ത് റെവല്യൂഷണറി മാർക്സിസ്റ്റ് പാർട്ടിയുടെ രംഗപ്രവേശം. വ്യവസ്ഥാപിത കമ്യൂണിസ്റ്റ് പാർട്ടി അങ്ങേയറ്റം ജനവിരുദ്ധവും മൂലധന സൗഹൃദപരവുമായി തീരുന്നു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ആർ.എം.പിയുടെ രംഗത്തു വന്നത്. വി.എസ് അച്യുതാനന്ദൻ എന്ന നേതാവിന്റെ അനുഗ്രഹാശിസ്സുകളും ഇതിനുണ്ടായിരുന്നു. കേരളത്തിലാകെ ആർ.എം.പി എന്ന നിലയിലല്ലെങ്കിലും ഇത് രാഷ്ട്രീയ ചലനം സൃഷ്ടിക്കുകയും ചെയ്തു. ടി.പി ചന്ദ്രശേഖരന്റെ കൊലപാതകത്തോടെ അതൊരുതരം വൈകാരിക രാഷ്ട്രീയത്തിന്റെ ചുഴിയിൽ പെട്ടു പോയി. ചായക്കോപ്പയിലെ കൊടുങ്കാറ്റുപോലെ അതവിടെ തന്നെ അവസാനിച്ചു പോകുകയാണോ എന്ന തോന്നലാണ് ഇപ്പോൾ ഉളവാക്കുന്നത്. വടകരയിൽ കെ.കെ രമയുടെ മത്സരം ചിലരുടെ തോൽവി ഉറപ്പു വരുത്തിയേക്കാം എന്നല്ലാതെ ബദലുകളുടെ വിജയം ഉറപ്പിക്കുന്നില്ല. കേരളത്തിലെ കുറേയേറെ മണ്ധലങ്ങളിൽ എൽ.ഡി.എഫിന്റെ വിജയസാധ്യതകളെ കടിഞ്ഞാണിടാൻ കഴിയും വിധമുള്ള ഒരസ്ഥിത്വം മാത്രമേ, വ്യവസ്ഥാപിത ഇടതുപക്ഷത്തിനെതിരെ രൂപപ്പെട്ട ഇത്തരം ഗ്രൂപ്പുകൾക്ക് തിരഞ്ഞെടുപ്പിൽ നിർവഹിക്കാൻ കഴിയൂ.

വോട്ടർമാരെ സ്വാധീനിക്കുന്ന വികാരങ്ങൾ പലപ്പോഴും നൈമിഷികമാണ് എന്നത് കണക്കിലെടുക്കുന്പോൾ, ശനിയുടെ അപഹാരം കാണുന്നത് യു.ഡി.എഫിന് തന്നെയാണ്. ജിഷ സംഭവം വോട്ടർമാരെ വൈകാരികമായി സ്വാധീനിച്ചേക്കാവുന്ന ഒന്നായി പൊട്ടിത്തെറിച്ചേക്കാം. തിരഞ്ഞെടുപ്പിന്റെ തലേ ദിവസങ്ങളിലൊന്നിൽ ‘ഇതാ പ്രതിയെ പിടിച്ചു; ഒന്നാതരം മാർക്സിസ്റ്റുകാരൻ’ എന്ന വീന്പു പറച്ചിലുമായി ഉമ്മൻചാണ്ടി രംഗത്ത് വരാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. എന്തായാലും ജിഷ ഒരു രാഷ്ട്രീയ ചാവേർ ആയി പൊട്ടിത്തെറിക്കും എന്നുറപ്പ്. അഗസ്റ്റാ വെസ്റ്റ്ലാൻഡ് ഇടപാടിൽ സംശയത്തിന്റെ സൂചിമുന സോണിയയ്ക്കെതിരെ തിരിഞ്ഞത്, പൊതുമരാമത്ത് വകുപ്പിലും മറ്റും അരങ്ങേറിയ കൊടിയ അഴിമതികൾ, സരിതയുടെ അവസാന വട്ടം വെളിപ്പെടുത്തലുകൾ ഇവയൊക്കെ യു.ഡി.എഫിന് പഴുത്ത് വീർത്ത കുരുപോലെ അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ട്. ഇത്രയൊക്കെ അവസരങ്ങളുണ്ടായിട്ടും പഴയതുപോലെ ജനവിശ്വാസം വീണ്ടെടുക്കാൻ കഴിയുന്നില്ല എന്നത് ഇടതുപക്ഷത്തെ തെല്ലൊന്നുമല്ല അലട്ടിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴും ജനവിശ്വാസം ആർജിക്കാൻ കഴിയുന്ന ഏകനേതാവായി വി.എസ് അച്യുതാനന്ദൻ തന്നെ നിലകൊള്ളുന്നതും അവർക്ക് പ്രയാസം സൃഷ്ടിക്കുന്നുണ്ട്.

ഇരുമുന്നണികൾക്കും എതിരായ ഒരു ‘മൂന്നാം ശക്തി’ എന്ന ഓപ്ഷൻ നൽകുന്ന, സാധ്യത മാത്രമാണ് ഇപ്പോഴും ബി.ജെ.പിക്ക് മുന്പിലുള്ളത്. അല്ലാതെ ഉത്തരേന്ത്യയിൽ അവർക്കു തുണയായ പശുവും അസഹിഷ്ണുതയുമൊക്കെ കേരളത്തിൽ അവർക്ക് ഒരുപക്ഷേ ഗുണത്തേക്കാൾ ദോഷമാണ് ചെയ്യുന്നത്. ഒരു ടെലിവിഷൻ ചാനലിനു വേണ്ടി നടത്തിയ സർവേയിൽ മുസ്ലീംങ്ങൾ 49 ശതമാനവും ഇത്തവണ ഇടതുപക്ഷത്തോടൊപ്പം നിൽക്കും എന്ന് വിലയിരുത്തുകയുണ്ടായി. ഇതെത്രമാത്രം ശരിയാകും എന്ന് കാണാനിരിക്കുന്നതെയുള്ളൂ. പക്ഷേ ശക്തിപ്പെടുന്ന ഹൈന്ദവരാഷ്ട്രീയത്തിനെതിരായ പ്രതിവിധി ഇടതുപക്ഷമാണ് എന്നൊരു തോന്നൽ ന്യൂനപക്ഷത്തിനകത്ത് ശക്തിപ്പെട്ടിട്ടുണ്ട് എന്നത് വാസ്തവം തന്നെയാണ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ദയനീയമായ പരാജയത്തിൽ നിന്ന് ഇടതുപക്ഷത്തെ രക്ഷിച്ചതും തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ അവർക്ക് തിളക്കമാർന്ന വിജയം സമ്മാനിച്ചതിലും ഈ ന്യൂനപക്ഷ മനോഭാവം നിർണ്ണായകമായ പങ്ക് തന്നെ വഹിച്ചിട്ടുണ്ട്. നിയമസഭാ തിര‍ഞ്ഞെടുപ്പിൽ അത് എന്ത് പ്രഭാവമാണ് കൊണ്ടുവരിക എന്ന് കണ്ടുതന്നെ അറിയണം, പടി‍‍ഞ്ഞാറൻ ബംഗാളിൽ മമത എന്ന അമിതാധികാര ശക്തിയെയും ബി.ജെ.പിയെയുമൊക്കെ നേരിടാൻ ഇടതുപക്ഷം കോൺഗ്രസുമായി സഖ്യം ചെയ്തിരിക്കുന്നു. രാഹുൽഗാന്ധിയും ബുദ്ധദേവ് ഭട്ടാചാര്യയും വേദി പങ്കിടുന്നു. കൈപ്പത്തിയും ചുറ്റിക അരിവാൾ നക്ഷത്രവും ഒരുമിച്ച് ചുമരിൽ വരച്ചു വെക്കപ്പെടുന്നു. കോൺഗ്രസ് −  ഇടതുപക്ഷ സഖ്യത്തിനുള്ള ഭാവിസാധ്യത ആരും തള്ളിക്കളയുന്നുമില്ല. അപ്പോൾ പിന്നെ ഇടതുപക്ഷത്തോടൊപ്പം ഒരു മാറ്റം ആവശ്യമുണ്ടോ?  അല്ലെങ്കിൽ മാറിയാലും പ്രശ്നമില്ലല്ലോ എന്നൊക്കെയുള്ള ചിന്തകൾ ന്യൂനപക്ഷത്തിന്റെ നിലപാടുകളെ സ്വാധീനിക്കാം. ചിത്രം ഇത്ര തെളിവാർന്നതിനു ശേഷമായിരുന്നില്ല ചാനലിന്റെ സർവേ നടന്നിരുന്നത്. ഇപ്പോൾ ന്യൂനപക്ഷ മനോഭാവത്തിൽ മാറ്റം സംഭവിച്ചിട്ടുണ്ടോ എന്നതൊക്കെയനുസരിച്ചിരിക്കും തിരഞ്ഞെടുപ്പ് ഫലം. ആപൽക്കരമായ മറ്റൊരു പ്രവണതയും പ്രസ്തുത സർവേ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അത് ഇടതുപക്ഷം, യു.ഡി.എഫ്, ബി.ജെ.പി എന്നിവരുടെയൊന്നും സാന്പത്തിക നയങ്ങളിൽ ജനങ്ങൾക്ക് വലിയ അന്തരം അനുഭവപ്പെടുന്നില്ല എന്ന വസ്തുതയാണ്. ഇത് അങ്ങേയറ്റം അപകടകരമാണ്. ആസന്നമായ തിരഞ്ഞെടുപ്പിൽ അത് എന്ത് ഫലമുണ്ടാക്കും എന്നത് മാത്രമല്ല ദൂരവ്യാപകമായ അർത്ഥത്തിൽ അത് ഇടതുപക്ഷത്തിന് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.

മുതലാളിത്ത വികസന പാതക്കും രാഷ്ട്രീയത്തിനുമെതിരായ ബദൽ എന്ന നിലയിലാണ് ഇടതുപക്ഷം ഇവിടെ നിലയുറപ്പിച്ചത്. അതങ്ങിനെയല്ലാതാകുന്പോൾ ഇടതുപക്ഷത്തിന്റെ അടിത്തറയെ തന്നെ അത് ദു‍‍ർബ്ബലപ്പെടുത്തും. ഇടതുപക്ഷം മുന്നോട്ടു വെച്ച മുദ്രാവാക്യം തന്നെ ഈ നിലയിൽ വിശകലനം ചെയ്യുന്നവരുണ്ട്. എൽ.ഡി.എഫ് വരും എന്നതാണല്ലോ പുതിയ മുദ്രാവാക്യം. ‘ഐശ്വര്യ സന്പൂർണ്ണമായ കേരളം കെട്ടിപ്പടുക്കാൻ’ എന്നതായിരുന്നു ഇടതുപക്ഷം സ്ഥിരമായി ഉപയോഗിച്ചിരുന്നത്. അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയിൽ സി.അച്യുതമേനോനായിരുന്നു ഇത് മുന്നോട്ടു വെച്ചത് എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. ശരിയാണോ എന്നറിയില്ല. പക്ഷേ ആ മുദ്രാവാക്യത്തിൽ പാർലമെന്ററി സമരങ്ങളെ മറികടന്നു പോകുന്ന, കമ്യൂണിസ്റ്റ് മൂല്യങ്ങൾ പ്രകാശിപ്പിക്കുന്ന അർത്ഥതലങ്ങളുണ്ട് എന്ന് സമ്മതിക്കാതെ വയ്യ. എൽ.ഡി.എഫ് വന്നാൽ എല്ലാം ശരിയാകും എന്നത് ഇടതുപക്ഷ കാഴ്ചപ്പാടുമല്ല. നിലവിലുള്ള പാർലമെന്ററി സംവിധാനത്തിൽ കാര്യങ്ങൾ ശരിയാവില്ലെന്നും ആത്യന്തികമായി അത് മുതലാളിമാർക്ക് മാത്രമേ ഗുണം ചെയ്യുന്നുള്ളു എന്നും ഈ വ്യവസ്ഥയെ തകർത്ത് ജനകീയ ജനാധിപത്യ വിപ്ലവത്തിലൂടെ തൊഴിലാളി വർഗ സർവാധിപത്യം സ്ഥാപിക്കലുമാണ് തങ്ങളുടെ ലക്ഷ്യം എന്നതാണ് പ്രഖ്യാപിത നയം. ഈ മു്രദാവാക്യം അതിനെതിരാവില്ലേ എന്ന് ഒരിടതുപക്ഷക്കാരന്റെ സംശയം ഫേസ്ബുക്കിൽ കണ്ടു. ഒന്നാം ഇ.എം.എസ് മന്ത്രിസഭ അധികാരമേറ്റപ്പോൾ ഇ.എം.എസ് നടത്തിയ ഒരു പ്രസംഗവും അദ്ദേഹം ഉദ്ധരിച്ചിട്ടുണ്ട്. “ഈ സർക്കാരിൽ ജനങ്ങൾക്ക് ഒരു വ്യാമോഹവും പാടില്ല. നിലവിലുള്ള വ്യവസ്ഥയിൽ തങ്ങൾക്ക് വലുതായൊന്നും ചെയ്യാൻ കഴിയില്ല. കമ്യൂണിസ്റ്റുകാർ പാർലമെന്ററി വ്യാമോഹത്തിന് അടിമപ്പെടരുത്.” എന്നുമൊക്കെയായിരുന്നു ആ പ്രസംഗം. തങ്ങൾ ചെയ്യാൻ ശ്രമിക്കുക, കോൺഗ്രസും മുദ്രാവാക്യമായി ഉയർത്തിയതും എന്നാൽ അവർ നടപ്പിലാക്കാൻ ശ്രമിക്കാത്തതുമായ കൃഷിഭൂമി കർഷകന് മുതലായവ നടപ്പിലാക്കുകയാണെന്നും അതിനു തന്നെ ധാരാളം തടസ്സങ്ങളുണ്ടെന്നുമൊക്കെ അദ്ദേഹം പറഞ്ഞു. എന്നാൽ ആ മന്ത്രിസഭ കുടിയൊഴിപ്പിക്കൽ നിരോധനം, ജന്മിത്തത്തെ നിയന്ത്രിക്കൽ തുടങ്ങി ആധുനിക കേരളത്തിന്റെ അസ്ഥിവാരം ഉറപ്പിക്കുന്നതിൽ വലിയ സംഭാവന ചെയ്യുകയുണ്ടായി. ഇപ്പോൾ എൽ.ഡി.എഫ് വരും എല്ലാം ശരിയാകും എന്ന മുദ്രാവാക്യം വിപ്ലവപാത ഉപേക്ഷിക്കുന്നതിന്റെയും പാർലമെന്ററി രാഷ്ട്രീയത്തിൽ വിലയം പ്രാപിക്കുന്നതിന്റെയും ലക്ഷണമായാണ് വിശേഷിപ്പിക്കപ്പെട്ടത്.

സാധാരണ കേരളത്തിന് പൊതുവായി ബാധകമായ ഒരു തിരഞ്ഞെടുപ്പ് ഫലപ്രവചന ഘടകങ്ങൾ ശക്തമായിരുന്നു. എന്നാലിത്തവണ അത് അസാധ്യമാണ് എന്നതാണ് വസ്തുത. 140 മണ്ധലങ്ങളിലും അതാതിടത്തെ പ്രത്യേകതകളാണ് ഫലം നിശ്ചയിക്കുന്നത് എന്ന് വന്നിരിക്കുന്നു. ബി.ജെ.പി വോട്ടുകളാണ് ഇതിൽ നിർണ്ണായകം. ബി.ജെ.പി വോട്ടിൽ നല്ല നിലയിലുള്ള വർദ്ധനവ് എല്ലാവരും പ്രവചിക്കുന്നുണ്ട്. അപ്പോൾ പിന്നെ ബി.ജെ.പി പിടിക്കുന്ന വോട്ട് ആരുടേത് എന്നതാണ് പ്രധാനം. ബി.ഡി.ജെ.എസ് എന്ന നടേശൻ മുതലാളിയുടെ പാർട്ടി കൂടെയാകുന്പോൾ കാര്യങ്ങൾ സങ്കീർണമാകും. ഇതുവരെ ഇരുമുന്നണികൾക്കും താങ്ങും തണലുമായി നിന്ന ജാതിമത സമുദായ രാഷ്ട്രീയത്തിന്റെ ഇടപെടലുകളിൽ വലിയ മാറ്റം സംഭവിക്കാം. ഇടതുപക്ഷത്തിന്റെ ശക്തമായ വോട്ടുബാങ്കായ പിന്നോക്ക സമുദായ വോട്ടുകളിലുണ്ടാകുന്ന മാറ്റം, യു.ഡി.എഫിന് എപ്പോഴും പിന്തുണ നൽകിയിരുന്ന മുസ്ലിം ക്രിസ്ത്യൻ വോട്ടുകളിലുണ്ടാകുന്ന മാറ്റംമറിച്ചിലുകൾ എല്ലാം കേരളത്തിൽ പൊതുവായി ഒരുപോലെയല്ല. ഓരോ മണ്ധലത്തിലും ഓരോ തരത്തിലാണ്. അതുകൊണ്ട് 140 മണ്ധലങ്ങളെയും വ്യത്യസ്തമായി എടുത്തുള്ള പഠനങ്ങളെ ശരിയായി തീരാൻ സാധ്യതയുള്ളൂ.

അതേപോലെ പ്രധാനമാണ് മറ്റൊരു കാലത്തുമില്ലാത്ത വിധം വർദ്ധിച്ച അടിയൊഴുക്കുകൾ തിരഞ്‍ഞെടുപ്പ് ഫലങ്ങളെ സ്വാധീനിക്കും എന്നത്. ഇവിടെയും സുപ്രധാന വില്ലൻ ബി.ജെ.പിയുടെ നിലപാടുകൾ തന്നെയാണ്. പുറമേ കാണുന്ന ധാരണക്കപ്പുറമുള്ള ചില നീക്കങ്ങൾക്ക് കർട്ടന് പിറകിൽ ബി.ജെ.പി ശ്രമിക്കുന്നതായി വാർത്തകളുണ്ട്. ഏത് വിധേനെയും, നിയമസഭയിൽ രണ്ടക്ക സംഖ്യയുള്ള പാർട്ടിയായി മാറണം, എന്ന നടക്കാത്ത സ്വപ്നം ബി.ജെ.പി നേതൃത്വത്തിനുണ്ട്. എന്നാൽ അവർ അധികാരത്തിൽ വരാൻ കഴിയുന്ന ശക്തിയല്ലല്ലോ. എങ്കിൽ പിന്നെ ഇടതുപക്ഷം വരുന്നതാണോ യു.ഡി.എഫ് വരുന്നതാണോ നല്ലത് എന്നാണവരുടെ ചിന്ത. നാല് പാറ്റേണുകളായാണ് ബി.ജെ.പി സ്ഥാനാർത്ഥികളെ വിന്യസിച്ചത് എന്ന് സൂക്ഷ്മമായി നിരീക്ഷിച്ചാൽ കാണാനാകും. ഒന്ന്, വിജയിച്ചു വരാനുള്ള സ്ഥാനാർത്ഥികളാണ്, രണ്ട് ശക്തമായ മത്സരം നടത്തി തങ്ങളുടെ വോട്ട് വൻ തോതിൽ വ‍ർദ്ധിപ്പിച്ച് സാന്നിദ്ധ്യമുറപ്പിക്കാനുള്ളതാണ്. തങ്ങളുടെ എണ്ണം പറഞ്ഞ നേതാക്കളെയാണ് ഇത്തരം സീറ്റുകളിൽ അവർ നിർത്തിയിരിക്കുന്നത്. മൂന്ന് ബി.ഡി.ജെ.എസ് തുടങ്ങിയ ഘടകകക്ഷികൾക്ക് നൽകിയ സീറ്റുകളാണ്. നാല് പതിവുപോലെ പേരിന് മാത്രം മത്സരിക്കുന്ന സീറ്റുകളാണ്. അവിടെയാണ് സാമുദായ ജാതി പരിഗണനകളൊക്കെ വെച്ച് സി.കെ ജാനു ഉൾപ്പെടെയുള്ളവരെ സ്ഥാനാർത്ഥിയാക്കിയിരിക്കുന്നത്. ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് തന്ത്രം എത്ര ബുദ്ധിപൂർവ്വം ഉണ്ടാക്കിയതാണ് എന്ന് ഇതൊക്കെ നിരീക്ഷിച്ചാൽ മനസിലാകും. ഇതിൽ ഒന്നും രണ്ടും വിഭാഗങ്ങളിൽ തീപ്പാറുന്ന മത്സരമാണ് ബി.ജെ.പി സംഘടിപ്പിക്കുക. മൂന്നാം വിഭാഗത്തിലേയും നാലാം വിഭാഗത്തിലേയും സ്ഥാനാർത്ഥികൾ വിജയിച്ചു വരണമെന്ന് ബി.ജെ.പി നേതൃത്വത്തിന് നിർബന്ധമില്ല. അത്തരം തോൽവികളൊന്നും ആസന്നഭാവിയിൽ വലിയ തിരഞ്ഞെടുപ്പ് പ്രത്യാഘാതങ്ങൾ ഉളവാക്കുകയുമില്ല. കാരണം കേരളത്തിൽ വരുന്ന മൂന്ന് വ‍ർഷത്തെക്കെങ്കിലും പുതിയ തിരഞ്ഞെടുപ്പുകൾക്ക് സാധ്യതയുമില്ല. അപ്പോൾ പിന്നെ ബി.ഡി.ജെ.എസിന്റെ സ്ഥാനാർത്ഥികളൊക്കെ ജയിച്ചു വരണം എന്ന നിർബന്ധവും അവർക്കില്ല. അതുമാ്രതമല്ല, ബി.ഡി.ജെ.എസ് സ്വാധീനമുറപ്പിക്കുന്നത് ഭാവിയിൽ തങ്ങൾക്ക് തന്നെ വിനയാകും എന്ന് കരുതുന്ന പ്രബലമായ ഒരു വിഭാഗം  ബി.ജെ.പിയിലും ആർ.എസ്സ്.എസ്സിലും ഉണ്ട്. അത്തരം ചില സീറ്റുകളിൽ യു.ഡി.എഫിനെ സഹായിച്ച് പകരം അവർ രണ്ടാം സ്ഥാനത്തേ് നിൽക്കുന്ന ചില സീറ്റുകളിൽ കോൺഗ്രസിന്റെ സഹായം വാങ്ങിയാൽ അത് ഇരുകൂട്ടർക്കും സഹായമായിരിക്കുമല്ലോ. നടേശൻ മുതലാളിക്ക് ഹെലികോപ്റ്ററും ‘വൈ’ കാറ്റഗറി സുരക്ഷയുമൊക്കെ നൽകി കൊണ്ടു നടക്കുന്പോൾ, മറുഭാഗത്ത് ഈ വോട്ടുകച്ചവടത്തിനുള്ള നീക്കങ്ങളും നടക്കുന്നതായി പറഞ്ഞുകേൾക്കുന്നുമുണ്ട്. മറ്റൊരു പ്രധാന അടിയൊഴുക്ക് കേരളാ കോൺഗ്രസിൽ നടക്കുന്നതാണ്. അവിടെയും വില്ലൻ ബി.ജെ.പി തന്നെ. ബാർ കോഴയും ബഡ്ജറ്റ് വില്പനയും നോട്ടെണ്ണൽ യന്ത്രവുമൊക്കെയായി അശിങ്ങമായി നിൽക്കുന്ന മാണി വലിയ മനപ്രയാസത്തിലാണ്. കോൺഗ്രസിനെ അത്രക്കങ്ങ് വിശ്വാസത്തിലെടുക്കാനും കഴിയുന്നില്ല. അവിടെയാണ് ബി.ജെ.പിയുടെ രംഗപ്രവേശം. മാണിയുടെ പ്രിസ്റ്റിജ് സീറ്റുകളിലൊക്കെ അവരെ ബി.ജെ.പി സഹായിക്കും. പകരം ബി.ജെ.പി ജയിച്ചു കയറേണ്ട സീറ്റുകളിൽ ഒരു കടാക്ഷം ഉണ്ടാവണം. മാണിക്കെതിരെ എൻ.ഡി.എ നി‍‍ർത്തിയ പ്രബലനായ സ്ഥാനാർത്ഥിയെ പിൻവലിച്ച് പേരിനൊരാളെയാക്കിയത് ഈ നീക്കത്തിന്റെ ഭാഗമാണെന്ന് കേൾക്കുന്നു. മാണിയെ വിഷമിപ്പിക്കുന്ന പ്രചാരണമൊന്നും ബി.ജെ.പി നടത്തുന്നില്ല. ഇനിയിപ്പോൾ കേര

You might also like

Most Viewed