കണ്ണീർക്കടലായി പരവൂർ
വി.ആർ.സത്യദേവ്
ഞായറാഴ്ച പ്രഭാതത്തിൽ ലോക ജാലകം തുറന്നു നോക്കുന്പോൾ കാണുന്നത് കാണാനിഷ്ടമില്ലാത്ത കാഴ്ചകളാണ്. കബന്ധങ്ങളുടെയും കണ്ണീരിൻ്റെയും കാഴ്ച. കാഴ്ചക്കാരനെ തകർത്തു കളയാവുന്ന ദൃശ്യങ്ങളിൽ പലതും ടെലിവിഷൻ ചാനലുകൾ അവ്യക്തമാക്കിക്കാട്ടുന്നു. ദുരന്തക്കാഴ്ചകൾ. അതു ഭൂമിമലയാളത്തിൽ നിന്നു തന്നെയാകുന്പോൾ സത്യത്തിൽ വേദന ഇരട്ടിക്കുന്നു. കണ്ണു തുറക്കാത്ത ദൈവങ്ങളെക്കുറിച്ചുള്ള കവിവചനങ്ങളാണ് ആദ്യം മനസ്സിലെത്തിയത്. പിന്നെ അത് കണ്ണീരണിയിക്കുന്ന ദൈവങ്ങളേയെന്നു മനസ്സു തന്നെ തിരുത്തിപ്പാടി. പക്ഷേ ഇതിനൊക്കെ നമ്മളിലേറെപ്പേരും ഇതുവരെ നേരിട്ടു കണ്ടിട്ടില്ലാത്ത ദൈവങ്ങളെ എന്തിനു വെറുതെ കുറ്റം പറയണമെന്ന ചിന്തയും പൊന്തിവന്നു.
ഇതു ദൈവങ്ങളൊരുക്കിയ കെണിയും ചതിയുമൊന്നുമല്ല. നമ്മൾ സ്വയം വരുത്തി വച്ച വിനയാണ്. അനാവശ്യമായ മത്സര ബുദ്ധിയും സുരക്ഷാ കാര്യങ്ങളിൽ വരുത്തിയ വീഴ്ചയുമാണ് ഇത്തരത്തിലുള്ള ഒരു ദുരന്തത്തിലേക്കു വഴി വച്ചത്.
ലക്ഷ്യ ബോധം മറന്നും തെറ്റായ കാര്യങ്ങളെ ലക്ഷ്യങ്ങളായി തെറ്റിദ്ധരിച്ചും വർത്തമാനകാല സമൂഹങ്ങൾ നടത്തുന്ന വഴിവിട്ട കുതിച്ചു പാച്ചിൽ കൊണ്ടുചെന്നെത്തിക്കുന്ന ദുരന്തങ്ങളിൽ ഒന്നാണിത്.
കരിമരുന്നും വെടിക്കെട്ടും അതുമൂലമുള്ള ദുരന്തങ്ങളുമൊക്കെ വരും മുന്പു തന്നെ അതീത ശക്തികളോടുള്ള ആരാധനയും വിശ്വാസവുമൊക്കെ ആവിർഭവിച്ചിരുന്നു. അവയോടുള്ള ഭക്തിയുടെ വഴിയിലേക്ക് ആരാധനയുടെ ഭാഗമായി കടന്നു വന്നതാണ് കരിമരുന്നു പ്രയോഗമെന്ന് ചരിത്രത്തിൻ്റെ വഴികൾ പരിശോധിച്ചാൽ നമുക്കു മനസിലാക്കാം. ബി.സി 200കളിൽ തന്നെ കരിമരുന്നും വെടിക്കെട്ടുമൊക്കെ നടന്നു വന്നതായി രേഖകളുണ്ട്. ചൈനക്കാരുടെ ആചാരാനുഷ്ഠാനങ്ങളിൽ കരിമരുന്നിനു വലിയ സ്ഥാനമാണുള്ളത്. ദുർദേവതകളെയും ദുഷ്ട, പൈശാചിക ശക്തികളെയും ആട്ടിയകറ്റാനുള്ള ഉപാധിയായാണ് ചൈനക്കാർ പടക്കം പൊട്ടിച്ചിരിക്കുന്നത്. തുടക്കത്തിൽ മുളങ്കുറ്റികൾ ചൂടാക്കി പൊട്ടിക്കുന്പോഴുണ്ടാകുന്ന ശബ്ദമായിരുന്നു വലിയ പടക്കം. വെടിമരുന്നിൻ്റെ ആവിർഭാവത്തോടേ കന്പക്കുറ്റികളും ഡൈനമിറ്റുകളുമൊക്കെ ആ മുളങ്കുറ്റികളുടെ സ്ഥാനം കൈയടക്കി. മുളങ്കുറ്റുകളുടെ ശബ്ദം കൊണ്ടുതന്നെ പൈശാചിക ശക്തികൾ ഒഴിഞ്ഞു പോകും എന്നായിരുന്നു പണ്ടൊക്കെ വിശ്വാസം. അതിൻ്റെ സ്ഥാനത്ത് പിശാചുക്കളെ അകറ്റാൻ അത്യുഗ്ര നാശശേഷിയുള്ള സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചു തുടങ്ങിയിടത്ത് വാസ്തവത്തിൽ നമ്മൾ അപകടങ്ങളെയും ക്ഷണിച്ചു വരുത്തുകയായിരുന്നു. ചുരുക്കത്തിൽ വിശ്വാസാവിശ്വാസങ്ങളല്ല മറിച്ച് മനുഷ്യൻ പുലർത്തുന്ന മൂഢത്വമാണ് ഇത്തരം അപകടങ്ങൾക്കു കാരണം.
കേരളത്തിൽ അടുത്ത കാലം വരെ ക്ഷേത്രോത്സവങ്ങളോടനുബന്ധിച്ചു മാത്രമായിരുന്നു ഇത്തരം അപകടങ്ങളുണ്ടായിരുന്നത്. നമ്മുടെ അയൽ നാടായ തമിഴകത്ത് ദീപാവലിയോടനുബന്ധിച്ച് ഇത്തരം അപകടങ്ങൾ പതിവായിരുന്നു. പ്രകൃതിക്കു തന്നെ ചൂടേറുന്ന കാലങ്ങളിലാണ് സാധാരണ ഇത്തരം ആഘോഷങ്ങളൊക്കെ അരങ്ങേറുന്നത്. അന്തരീക്ഷത്തിലെ കൂടിയചൂട് വെടിമരുന്നിനു തീപിടിക്കുന്നത് എളുപ്പമാക്കുന്നു. ദീപാവലിക്കടുത്ത ദിനങ്ങളിൽ ചെന്നൈയിലുണ്ടായിരിക്കുക എന്നത് തുടക്കക്കാരെ സംബന്ധിച്ചിടത്തോളം അതീവശ്രമകരമാണ്. മൂന്നു ദിവസം തുടർച്ചയായി, അക്ഷരാർത്ഥത്തിൽ ഇടതടവില്ലാതെ പടക്കങ്ങൾ പൊട്ടിക്കൊണ്ടിരിക്കും. തല പെരുക്കും. ആംബുസൻസിൻ്റെ നിലവിളി ശബ്ദം ആ പടക്കശബ്ദത്തിന് അകന്പടിയായെത്തും. പൊതു വഴികളെല്ലാം അന്ന് നാട്ടുകാർക്ക് പടക്കം പൊട്ടിക്കാനുള്ള ഇടങ്ങളാണ്. ബൈക്കോടിക്കുന്നവൻ്റെ മുതുകിലും ഓടുന്ന കാറിനും ബസ്സിനുമുള്ളിലുമൊക്കെ പടക്കം വീണു പൊട്ടാം.
ആദ്യമൊക്കെ ഇത്തരത്തിലുള്ള ദീപാവലികൾ മനസു മടുപ്പിക്കും. എങ്ങോട്ടെങ്കിലും ഓടി രക്ഷപെടാൻ തോന്നും. ചുറ്റും ആഹാരത്തിനായി പട്ടിണിപ്പാവങ്ങൾ നീട്ടുന്ന കൈകളവഗണിച്ച് ലക്ഷങ്ങളും കോടികളും അക്ഷരാർത്ഥത്തിൽ പൊട്ടിച്ചു തീർക്കുന്നതു കാണുന്പോൾ കുറേയെണ്ണത്തിനെ വെടിവച്ചു തീർക്കാനുള്ള കലി വരും. ശിവകാശിയിൽ നിന്നാണ് ഈ പടക്കങ്ങളിൽ ഏറെയും വരുന്നത്. തമിഴകത്തെ ശിവകാശിയിൽ നിന്നു തന്നെയാണ് കേരളത്തിലേക്കുമുള്ള പടക്കങ്ങളിൽ ഏറെയുമെത്തുന്നത്. പടക്ക നിർമ്മാണത്തിനു പ്രശസ്തമായ ശിവകാശി അതുമായി ബന്ധപ്പെട്ട അപകടങ്ങളുടെയും ഇടമാണ്. നൂറുകണക്കിനു തൊഴിലാളികളും മറ്റുള്ളവരുമാണ് ശിവകാശിയിൽ പടക്ക നിർമ്മാണവുമായി ബന്ധപ്പെട്ട അപകടങ്ങളിൽ മരിച്ചിട്ടുള്ളത്.
തുടക്കത്തിൽ വലിയ എതിർപ്പു തോന്നുമെങ്കിലും പിന്നെപ്പിന്നെ നമ്മളും ഈ പടക്കങ്ങളുടെയും ആചാരങ്ങളുടെയുമൊക്കെ ഭാഗമാകുന്നു. മക്കളുടെ ബാല്യ കൗതുകത്തിൻെറ പേരിലെങ്കിലും കന്പിത്തിരികളും ഗുണ്ടുകളുമൊക്കെ നമ്മുടെ കൈകളിലുമെത്തുന്നു. കന്പങ്ങളോടുള്ള കന്പം സമൂഹമനസ്സുകളിൽ ഇടം പിടിക്കുന്നത് ഇങ്ങനെയൊക്കയാണ്. പിന്നീടതിന് ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയുമൊക്കെ പരിവേഷം ലഭിക്കുന്നു. അത് ഉൽസവമാകുന്നു. മത്സരം അതിൽ ഇഴ ചേരുന്നു. ദേവനും ദേവപ്രീതിയുമൊക്കെ അപ്രധാനങ്ങളാകുന്നു. അങ്ങനെ വരുന്ന അന്ധത അപകടങ്ങളിലേക്കു നയിക്കുകയും ചെയ്യുന്നു.
നാടുമായി ബന്ധപ്പെട്ട വിവരങ്ങൾ കൂടുതലായി ലഭ്യമായതുകൊണ്ടാണോ എന്നറിയില്ല വെടിക്കെട്ടപകടങ്ങളുടെ ചരിത്രം പരതുന്പോൾ ലോകത്തെ തന്നെ ഏറ്റവും ആളപായമുണ്ടാക്കിയവയിൽ ഒന്നാണ് ഇന്നു വെളുപ്പിനു സംഭവിച്ചത് എന്നു വിലയിരുത്തേണ്ടി വരും.
നെതർലാൻഡ്സിലെ എൻഷിഡേയിസുണ്ടായ അപകടമാണ് ലോകത്തെ ഏറ്റവും വലിയ വെടിക്കെട്ടപകടമായി പരിഗണിക്കുന്നതിൽ ഒന്ന്. ജർമ്മൻ അതിർത്തിക്കടുത്തുള്ള എൻഷിഡേയിൽ പുതിയ നൂറ്റാണ്ടിൻ്റെ തുടക്ക വർഷമായ രണ്ടായിരത്തിൽ മെയ് 13ന് പൊട്ടിത്തെറിച്ചത് 100 ടൺ സ്ഫോടക വസ്തുക്കളാണ്. മരണ സംഖ്യ 23ൽ ഒതുങ്ങി നിന്നെങ്കിലും അതിൽ പരിക്കേറ്റവരുടെയും ഭവനരഹിതരായവരുടെയും സംഖ്യ വളരെ വലുതായിരുന്നു. ആയിരത്തോളമാൾക്കാർക്കാണ് അന്നു പരിക്കേറ്റത്. ആയിരങ്ങൾ ഭവനരഹിതരായി. വെടിക്കെട്ടിൻ്റെ സ്വന്തം നാടായ ചൈനയിൽ ഇതിലും വലിയ അപകടങ്ങളുണ്ടായിരിക്കാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല. എന്നാൽ അവിടെ നിന്നുള്ള വാർത്തകളെല്ലാം പുറം ലോകത്തെത്താനുള്ള സാദ്ധ്യത തുലോം വിരളമാണല്ലോ. അതേസമയം അപകടകരമല്ലാത്ത രീതിയിൽ വൻ ശബ്ദവും വർണ്ണരാജിയും ഒക്കെയുണ്ടാക്കുന്ന പടക്കങ്ങൾ വികസിച്ചിച്ചെടുക്കുന്ന കാര്യത്തിൽ ചൈന ഏറെ മുന്നോട്ടു പോയിട്ടുണ്ട് എന്നതു പ്രശംസനീയവുമാണ്.
എൻഷിടെയിം ശിവകാശിയും പരവൂരും പോലെയുള്ള അപകടങ്ങളെല്ലാമുണ്ടായിട്ടും മനുഷ്യൻ പടക്കങ്ങളുമായുള്ള ചങ്ങാത്തം തുടരുന്നത് അതിനോടുള്ള ഇഷ്ടം കൊണ്ടാണ്. അത് നിയമങ്ങൾകൊണ്ടുമാത്രം ഒറ്റ ദിവസം കൊണ്ട് ഇല്ലാതാക്കാനാവില്ല. ഇത്തരം നൈമിഷികങ്ങളായ മായക്കാഴ്ചകളെ കൂടുതൽ അപകടരഹിതമാക്കാനുള്ള വഴികൾ ആരായുകയാണ് നമ്മൾ ചെയ്യേണ്ടത്. അത് എത്രയും വേഗമുണ്ടാകുമെന്ന് നമുക്കും പ്രത്യാശിക്കാം.
സംസ്ഥാനത്ത് ഇതുവരെയുണ്ടായ വെടിക്കെട്ടപകടങ്ങളിൽ ഏറ്റവും വലുതാണ് പരവൂർ അപകടം. കേരളത്തിലുണ്ടായ മറ്റു പ്രധാന വെടിക്കെട്ടപകടങ്ങളിലൂടെ ഒരു എത്തി നോട്ടം.
1952 −: ശബരിമലയിൽ ജനുവരി 14ന് പകൽ മൂന്നു മണിക്കുണ്ടായ കരിമരുന്നു സ്‌ഫോടനത്തിൽ 68 പേർ മരിച്ചു.
1978 −: തൃശൂർ പൂരത്തോടനുബന്ധിച്ച് കുഴിയമിട്ട് ലക്ഷ്യം തെറ്റി ആൾക്കൂട്ടത്തിൽ പതിച്ച് എട്ട് പേർ മരിച്ചു.
1984 :− തൃശൂർ കണ്ടശ്ശംകടവ് പള്ളിപ്പെരുന്നാളിലുണ്ടായ വെടിക്കെട്ടപകടം. മരണം 20.
1987 −: തൃശൂർ വേലൂരിൽ വെള്ളാട്ടഞ്ചൂർ കൂട്ടന്മൂലി ക്ഷേത്രത്തിൽ അപകടത്തി 20 മരണം.
1987 −: തലശേരി ജഗനാഥ ക്ഷേത്രത്തിലെ വെടിക്കെട്ട് കാണാൻ റെയിൽപാളത്തിൽ ഇരുന്ന 27 പേർ ട്രെയിനിടിച്ച് മരിച്ചു.
1988 −: തൃപ്പൂണിത്തുറയിൽ വെടിക്കെട്ട് മരുന്നു പുരയ്ക്ക് തീപിടിച്ച് 10 സ്ത്രീ ജോലിക്കാർ മരിച്ചു.
1989 −: തൃശൂർ കണ്ടശ്ശംകടവ് പള്ളിയിൽ അപകടം. മരണം 12.
1990 −: കൊല്ലം മലനട പോരുവഴി പെരുവിരുത്തി ക്ഷേത്ര വെടിക്കെട്ട് ഷെഡ്ഡിലുണ്ടായ അപകടം. മരണം 26.
1997 −: ചിയ്യാരം പടക്കനിർമ്മാണശാല പൊട്ടിത്തെറി. ആറു മരണം.
1998 :− പാലക്കാട് കഞ്ചിക്കോട് വെടിക്കോപ്പ് നിർമ്മാണ ശാലയിൽ പൊട്ടിത്തറി. മരണം 13.
1999 :− പാലക്കാട് ആളൂർ ചാമുണ്ടിക്കാവ് ഉത്സവത്തിനിടെ വെടിക്കെട്ടപകടത്തിൽ 8 മരണം.
2006: − തൃശൂർ പൂരം വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിക്കുന്നിടത്തുണ്ടായ അപകടം. മരണം ഏഴ്.
2013 −: പാലക്കാട് പന്നിയംകുറുശ്ശി കുളങ്കുന്നത്ത് പടക്കനിർമ്മാണ ശാലയിൽ പൊട്ടിത്തെറിയിൽ 6 മരണം.
2016 − കൊല്ലം പരവൂർ ക്ഷേത്രത്തിൽ വെടിക്കെട്ടപകടം. മരണ സംഖ്യ ഉയരുകയാണ്...
ഇവ കൂടാതെ സംസ്ഥാനത്തുണ്ടായ മറ്റ് 54 വെടിക്കെട്ട് അപകടങ്ങളിലായി 160ലധികം പേർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട് എന്ന് രേഖപ്പടുത്തപ്പെട്ടിരിക്കുന്നു. കഴിഞ്ഞ രണ്ടു ദശാബ്ദത്തിനിടെ രേഖപ്പെടുത്തപ്പെട്ടത് 750 വെടിക്കെട്ടപകടങ്ങൾ. മരണം നാനൂറിലേറെ.