പ്രവാചകന്റെ മണ്ണിൽ...
വി.ആർ സത്യദേവ്
സത്യം അതിന്റെ യാത്രയാരംഭിക്കുന്പോഴേയ്ക്കും നുണ തന്റെ ലോക സഞ്ചാരം പൂർത്തിയാക്കിയിരിക്കും. ഗുജറാത്തിൽ നിന്നുള്ള വിശേഷങ്ങളായി നമ്മുടെ പ്രിയപ്പെട്ട മാധ്യമങ്ങൾ വഴി വർഷങ്ങളായി നമ്മുടെ കാതുകളിൽ എത്തിക്കൊണ്ടിരുന്നതിൽ പല വാർത്തകളും അത്തരത്തിലുള്ള നുണകളായിരുന്നോ എന്ന സംശയം നിഷ്പക്ഷമതികൾക്ക് പോലും തോന്നുന്ന തരത്തിലാണ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പ്രവർത്തനങ്ങൾ മുന്പോട്ട് പോകുന്നത്. അച്ചടിച്ചതൊക്കെ സത്യമെന്നു വിശ്വസിക്കുന്നതിൽ ഇതര നാട്ടുകാരെക്കാൾ മുന്പിലാണ് മലയാളം. ഇവിടെയുളള മാധ്യമങ്ങളെ കണ്ണും പൂട്ടി വിശ്വസിക്കാൻ നമ്മൾ ശീലിച്ചിരിക്കുന്നു. അതുകൊണ്ടാണ് കഴിഞ്ഞ പാർലമെന്റു തെരഞ്ഞെടുപ്പിനു തൊട്ടുമുന്പ് ബഹ്റിനിൽ സംഘടിപ്പിച്ച ഒരു സംവാദത്തിനിടെ ഒരു സുഹൃത്ത് മോഡി അധികാരത്തിലെത്തിയാലുണ്ടാവുന്ന ഭവിഷ്യത്തുകളെക്കുറിച്ച് ആശങ്കപ്പെട്ടത്.
ന്യൂനപക്ഷ വിരുദ്ധനായ മോഡി അധികാരത്തിലെത്തിയാൽ രാജ്യത്ത് ന്യൂനപക്ഷങ്ങൾ ഉന്മൂലനം ചെയ്യപ്പെടും. അതിനെതിരെ ലോകവ്യാപകമായ പ്രതിഷേധമുയരാം. അങ്ങനെ വന്നാൽ ലക്ഷക്കണക്കിന് പ്രവാസികളെ സൗദി അടക്കമുള്ള രാജ്യങ്ങൾ കെട്ടുകെട്ടിക്കും. അതുകൊണ്ട് മോഡിയെ അധികാരത്തിൽ നിന്നും അകറ്റി നിർത്തിയേ മതിയാവൂ, എന്നൊക്കെയായിരുന്നു രാഷ്ട്രീയ സാമൂഹ്യ നിരീക്ഷകൻ കൂടിയായ അദ്ദേഹം അന്നു പങ്കു വെച്ച ആശങ്കകളുടെ ചുരുക്കം. അങ്ങനെയൊരു ഭീഷണി ബുദ്ധിപരമായി നേരിട്ടേ മതിയാവൂ എന്ന തീരുമാനത്തിലാണ് ആ ചർച്ച പിരിഞ്ഞത്. അതൊരു പ്രചാരണ തന്ത്രമായിരുന്നു. ഹിറ്റ്ലറെ എതിർക്കുന്നു എന്നു പറയുകയും നുണകൾ ആവർത്തിച്ചു പറഞ്ഞ് തങ്ങൾക്കനുകൂലമായ സാഹചര്യമുണ്ടാക്കുന്ന ഹിറ്റ്ലറുടെ തന്ത്രം അതേപടി അനുവർത്തിക്കുകയും ചെയ്യുന്ന തന്ത്രം.
ആ നുണപ്രചരണത്തിനേറ്റ കനത്ത തിരിച്ചടിയാണ് കഴിഞ്ഞ ദിവസം സൗദി അറേബ്യയിൽ നരേന്ദ്രമോഡിയെന്ന ഇന്ത്യൻ പ്രധാനമന്ത്രിയുടെ നെഞ്ചിനെ അലങ്കരിച്ച ഹരിത വർണ്ണ കച്ച. ഇത് പ്രവാചകന്റെ മണ്ണ് നൽകുന്ന ഏറ്റവും വലിയ സിവിലിയൻ ആദരമാണ്. സൗദി അറേബ്യ സ്ഥാപകനായ കിംഗ് അബ്ദുൾ അസീസ് സൗദിന്റെ പേരിലുള്ളതാണ് ഈ ബഹുമതി. ഇസ്ലാംലോകത്തിന്റെ ആത്മീയ തലസ്ഥാനമായ സൗദി നൽകുന്ന സൗഹൃദ ആദരം. പരിശുദ്ധ ക അബയുടെയും സൂക്ഷിപ്പുകാരനായ സാക്ഷാൽ സൗദി രാജാവ് കിംഗ് സൽമാൻ ബിൻ അബ്ദുൾ അസീസാണ് ഇന്ത്യൻ പ്രധാനമന്ത്രിക്ക് ഈ ബഹുമതി ചാർത്തിക്കൊടുത്തത്. നിരവധി നുണപ്രചാരണങ്ങൾക്കു മേലുള്ള യാഥാർത്ഥ്യത്തിന്റെ വിജയമാണിവിടെ പരോക്ഷമായി ഘോഷിക്കപ്പെടുന്നത്. ആത്യന്തിക വിജയം സത്യത്തിനായിരിക്കും എന്നുറക്കെ പ്രഖ്യാപിക്കുന്നതു കൂടിയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സൗദി സന്ദർശനവും അറേബ്യൻ മണ്ണ് അദ്ദേഹത്തിനു നൽകിയ സ്നേഹോഷ്മളമായ സ്വീകരണവും.
സൗഹൃദ സന്ദർശനത്തിനിടെ ഇന്ത്യയും സൗദിയുമായി ഒപ്പു വച്ച അഞ്ചു കരാറുകളും പ്രത്യേക പരാമർശം അർഹിക്കുന്നു. ഇരു രാജ്യങ്ങളും തമ്മിൽ രഹസ്യാന്വേഷണ, നിരീക്ഷണ വിവരങ്ങൾ കൈമാറാനുള്ള ധാരണയാണ് ഇവയിൽ ആദ്യത്തേത്. ആഗോള തീവ്രവാദ ഭീഷണികളുടെ പശ്ചാത്തലത്തിൽ ഇതിന് പ്രാധാന്യം ഏറെയുണ്ട്. പരസ്പരം നിക്ഷേപ സാദ്ധ്യതകൾ മെച്ചപ്പെടുത്താനുള്ള കരാറും ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തും. മനുഷ്യ വിഭവശേഷി ഉപയോഗിക്കുന്നതു സംബന്ധിച്ചുള്ളതാണ് മൂന്നാമത്തെ കരാർ. കേരളം പോലെ തൊഴിലില്ലായ്മ രൂക്ഷമായ സംസ്ഥാനത്തിന് കൂടുതൽ തൊഴിൽ സാദ്ധ്യതകൾ മുന്നോട്ടു വെയ്ക്കുന്നതാണ് ഈ കരാർ. ചുരുക്കത്തിൽ ചിലരെങ്കിലും ആശങ്കപ്പെട്ടതിനു കടക വിരുദ്ധമായി ഇന്ത്യയും അറേബ്യയുമായുള്ള ബന്ധം, പ്രധാനമന്ത്രി മോഡി കൂടുതൽ മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുകയാണ് എന്ന സത്യം കൂടിയാണ് അദ്ദേഹത്തിന്റെ സന്ദർശന വർത്തമാനങ്ങൾ വ്യക്തമാക്കുന്നത്.
ഇന്ത്യയിൽ തന്നെ ആദ്യമായി ജുംഅ നമസ്കാരം നടന്നത് ഏ.ഡി 629ൽ കേരളത്തിലെ കൊടുങ്ങല്ലൂരിൽ മേത്തലയിലെ ജുംഅ മസ്ജിദിലാണ് എന്നാണു ചരിത്രം. ഈ ജുംഅ മസ്ജിദിൻ്റെ മാതൃകയായിരുന്നു പ്രധാന മന്ത്രിയുടെ സന്ദർശന വേളയിൽ സൗദി ഭരണാധികാരിക്ക് അദ്ദേഹം കൈമാറിയ സ്നേഹ സമ്മാനം. കേരളത്തിലെ മുസ്ലീം സമൂഹത്തിനും സംസ്ഥാനത്തിനു തന്നെയും അഭിമാനം പകരുന്നതാണ് ഇത്.
പ്രധാനമന്ത്രിയുടെ സൗദി സന്ദർശനവുമായി ബന്ധപ്പെട്ട പല പോസ്റ്റുകളും നവമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. ഉറ്റവരെയും ഉടയവരെയും നല്ല രീതിയിൽ പരിപാലിക്കാൻ അറേബ്യൻ മണലാരണ്യത്തിലെ പണിയിടങ്ങളിൽ പൊരി വെയിലിൽ ചോര നീരാക്കുന്നവരാണ് നമ്മുടെ പ്രവാസികളിൽ വലിയൊരു വിഭാഗം. പ്രവാസ സന്ദർശനത്തിനെത്തുന്ന നമ്മുടെ നേതാക്കൾക്ക് തിരക്കു മൂലം പലപ്പോഴും അവരെ സന്ദർശിക്കാൻ മുന്പെങ്ങും അവശ്യത്തിനു സമയം ലഭിച്ചിരുന്നില്ല എന്നതാണ് മുന്നനുഭവങ്ങൾ. അവരൊക്കെ സ്റ്റാർ ഹോട്ടലുകളിൽ ജീവിതമാസ്വദിക്കുകയും പണപ്പിരിവും മറ്റിടപാടുകളും നടത്തുകയുമായിരുന്നു പതിവെന്ന് പ്രവാസ ലോകത്ത് പറച്ചിലുണ്ടങ്കിലും അതൊന്നും സത്യമാവണമെന്നില്ല. എന്നാൽ അവരെക്കാളെല്ലാം, സ്വാഭാവികമായും, തിരക്കുള്ള ഒരു പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് സൗദിയിലെ ലേബർ ക്യാന്പുകളിൽ സന്ദർശിക്കാനും അവിടെയുള്ളവരുമായി ഇടപഴകാനും സമയം ലഭിച്ചു എന്നത് ശ്രദ്ധേയമാണ്.
പ്രത്യയശാസ്ത്ര തിമിരാന്ധത ബാധിച്ചവർ ഇതിനെ കേവലം പബ്ലിസിറ്റി സ്റ്റണ്ടെന്നു വിളിച്ചേക്കാം. എന്നാലും ആ ക്യാന്പുകളിലുണ്ടായിരുന്നവരടക്കമുള്ള ബഹുഭൂരിപക്ഷത്തെ സംബന്ധിച്ചിടത്തോളം അത് ജീവിത കാലത്തൊരിക്കലും മറക്കാനാവാത്ത ഒരനുഭവം തന്നെയായിരുന്നു. സ്ത്രീകൾ മാത്രം ജോലി ചെയ്യുന്ന ടി.സി.എസ് ക്യാന്പസിലടക്കം ജീവനക്കാരോട് കുശലം പറഞ്ഞും സെൽഫിയെടുക്കാൻ അവർക്കൊപ്പം നിന്നും അവർക്കൊത്തു പന്തി ഭോജനമുണ്ടുമൊക്കെ മോഡി ലോകത്തിനു മുന്നിൽ വരച്ചു കാട്ടിയത് ഭാരതത്തിന്റെ കൂടുതൽ മനോഹരമായൊരു ഒരു പുത്തൻ ചിത്രം തന്നെയായിരുന്നു. അമേരിക്കയിലെ മാഡിസൺ ചത്വരത്തിലടക്കം മോഡി പക്ഷം ആളെയിറക്കി പ്രതിച്ഛായ മെച്ചപ്പെടുത്താൻ നോക്കിയെന്നു പ്രചാരണം നടത്തിയവർ സൗദിയിൽ അദ്ദേഹത്തിനു ലഭിച്ച ജന പിന്തുണയെപ്പറ്റി പാലിക്കുന്ന മൗനം കൗതുകകരമാണ്.
അതുകൊണ്ടാണ് പ്രധാനമന്ത്രിക്കും അദ്ദേഹത്തെ സംരക്ഷിക്കാൻ പെടാപ്പാടു പെടുന്ന സൗദി സുരക്ഷാ ഉദ്യോഗസ്ഥർക്കൊപ്പവും താനെടുത്ത സെൽഫിക്ക് ടി.സി.എസ് ക്യാന്പസിലെ ജീവനക്കാരിയായ പെൺകുട്ടി ‘Proud to be INDIAN’... എന്ന് അടിക്കുറിപ്പു നൽകിയത്. ഈ തരത്തിൽ ഇന്ത്യയുടെ അഭിമാനമുയർത്തുന്നതു തന്നെയായിരുന്നു പ്രധാനമന്ത്രിയുടെ സൗദി സന്ദർശനം.