പഗോഡകളുടെ നാട്ടിൽ ഇനി സു കിക്കാലം
വി.ആർ. സത്യദേവ്
“ഞാൻ പിറന്നുവീണ, ജനിച്ചു വളർന്ന നാട്. ഏഴു വർഷത്തെ എൻ്റെ ജീവിതം അവിടെയായിരുന്നു. ഏഴാം വയസിലാണ് ഞാൻ കേരളത്തിലേക്ക് വന്നത്. ഒരു ഏഴുവയസുകാരൻ്റെ മനസിലുള്ള ബർമ്മയെ ഞാൻ 68 വർഷമാണ് താലോലിച്ചത്. ഈ കാലയളവിൽ എൻ്റെ സ്വപ്നങ്ങളിൽ ബർമ്മ പല രീതികളിൽ പൂത്തുവിടർന്നു. ഒരു നദീതീരമാണ് എന്റെ ഓർമ്മയിലേക്ക് എപ്പോഴുമെത്തുക. കുന്നുകളും വെള്ളവും നനുത്ത അന്തരീക്ഷവുമുള്ള പരിസരം. അവിടെ മരക്കാലുകളിൽ ഉയർന്നു നിൽക്കുന്ന മരപ്പാളികൾ കൊണ്ടുള്ള ചുവരുകളോടെയുള്ള വീട്. മലകൾക്കിടയിൽ അവിടെയും ഇവിടെയുമായി പഗോഡകൾ. കച്ചവടത്തെരുവ് എന്നു പറയാൻ പറ്റാത്ത കുഞ്ഞു ചന്തകൾ. അവിടേക്കുള്ള യാത്ര. തണ്ണിപ്പെരുന്നാൾ. തണ്ണിപ്പെരുനാൾ ഇന്ത്യയുടെ ഹോളി പോലുള്ള ആഘോഷമാണ്. ഇവിടെ കളർ കലർത്തിയ വെള്ളമാണ് ചീറ്റുക. തണ്ണിപ്പെരുനാളിൽ കളറില്ലാത്ത വെള്ളം പന്പിലാക്കി പരസ്പരം തെറ്റിക്കും. പഗോഡകളിൽ നിന്നു മുഴങ്ങുന്ന മണിയൊച്ചകൾ, ആഘോഷങ്ങൾ... എല്ലാം സ്വപ്നങ്ങളെ ഹൃദ്യമാക്കി. ചില സ്വപ്നങ്ങളിൽ വിരുന്നുവരുന്ന പുതിയ കാഴ്ചകളുമുണ്ടാവും”... തൃക്കോട്ടൂർ പെരുമകൾ പറഞ്ഞു മലയാളിയുടെ മനസ്സിൽ ഇടം നേടിയ വിശ്രുത കഥാകാരൻ യു.എ ഖാദർ ജന്മ നാടായ മ്യാൻമറിലേക്കുള്ള ഹൃസ്വമായ മടക്കയാത്രയെക്കുറിച്ചു കുറിച്ചിട്ട വരികളാണ് ഇത്. പഗോഡകളുടെ നാട്ടിൽ എന്നൊരു മനോഹരമായ പുസ്തകം തന്നെ ആ യാത്ര മലയാളത്തിനു സമ്മാനിച്ചു. പഗോഡകളുടെ നാടുമായി മലയാളത്തിനുള്ള ബന്ധം ആഴത്തിൽ വ്യക്തമാക്കുന്നതു കൂടിയാണ് യു.എ ഖാദറിൻ്റെ ഓർമ്മകളുടെ പഗോഡ. പഗോഡകളുടെ നാട്ടിൽ ഇനി സുകിയുടെ കാലമാണ്. കൂടുതൽ സന്പന്നമായ ജനാധിപത്യ കാലം.
പ്രത്യാശ കൈ വിടാതിരുന്നാൽ വിജയം സുനിശ്ചിതമാണെന്ന് ഒരിക്കൽക്കൂടി വ്യക്തമാക്കുന്നതാണ് മ്യാൻമറിൽ നിന്നുള്ള ഏറ്റവും പുതിയ വിശേഷങ്ങൾ. പട്ടാളത്തിൻ്റെ കരാള ഭരണത്തിൻ്റെ അര നൂറ്റാണ്ടിന് അറുതിയായിരിക്കുന്നു. ജനാധിപത്യ ചരിത്രത്തിൻ്റെ താളുകളിൽ തങ്കലിപികളിൽ ഈ മഹത്തായ ഭരണ മാറ്റവും എഴുതിച്ചേർക്കപ്പെട്ടിരിക്കുന്നു. മ്യാന്മറിൽ തിരഞ്ഞെടുപ്പിലൂടെ മേൽക്കൈ നേടിയ ദേശീയ ജനാധിപത്യ കക്ഷിയുടെ നായകരിലൊരാളായ ഹ്തിൻ ക്യോ കഴിഞ്ഞ മാസം 30ന് അധികാരമേറ്റതോടെയാണ് രാജ്യത്തിൻ്റെ ജനാധിപത്യ പ്രക്രിയ പൂർണ്ണമായത്. രാജ്യത്തെ പട്ടാള ഭരണത്തിൻ്റെ ഉരുക്കു മുഷ്ടികളിൽ നിന്നു മോചിപ്പിക്കാൻ ഇതിഹാസസമാനമായ പോരാട്ടം നടത്തിയ എൻ.എൽ.ഡി നേതാവ് ആംഗ് സാൻ സു കിയുടെ വിശ്വസ്തനാണ് ജനപ്രിയ നേതാവായ ഹ്തിൻ ക്യോ. സു കിയ്ക്ക് പ്രസിഡണ്ടാകാൻ ഭരണഘടനാ പരമായ തടസ്സങ്ങളുള്ളതിനാലാണ് ഹ്തിൻ ക്യോ ആ സ്ഥാനം ഏറ്റെടുക്കാൻ വഴിയൊരുങ്ങിയത്. പ്രസിഡണ്ടിൻ്റെ ബന്ധുക്കളാരും വിദേശ പൗരത്വമുള്ളവർ ആയിരിക്കരുത് എന്നതാണ് കഴിഞ്ഞ പട്ടാള ഭരകൂടം കൊണ്ടവന്ന നിയമം. സു കി രാഷ്ട്രനായികയാകുന്നത് തടയാൻ ഉദ്ദേശിച്ചു തന്നെയായിരുന്നു ഈ നിയമനിർമ്മാണമെന്നു സംശയിക്കുന്നവരുണ്ട്.
സു കിയുടെ ഭർത്താവ് ബ്രിട്ടീഷ് പൗരനായിരുന്നു. മക്കൾ രണ്ടുപേരും അമേരിക്കൻ പൗരന്മാരും. ഈ സാഹചര്യത്തിലാണ് പരമോന്നത പദവി അവർക്കന്യമായത്. ഹ്തിൻ ക്യോ രാഷ്ട്ര നായകനായി എങ്കിലും ഭരണത്തിൻ്റെ ചുക്കാൻ പിടിക്കുക സു കി തന്നെയായിരിക്കും.
ഇതിനായി പ്രസിഡണ്ടിൻ്റെ ഉപദേശക എന്ന പ്രത്യേക പദവി സു കിയ്ക്കായി സൃഷ്ടിക്കാനുള്ള തയ്യാറെടുപ്പിലാണ് പുതിയ ഭരണകൂടം. ഇക്കാര്യങ്ങൾക്ക് പ്രസിഡണ്ട് തന്നെയാണ് നേതൃത്വം കൊടുക്കുന്നത്. പാർലമെൻ്റിൻ്റെ ഇരു സഭകളിലും സു കിയുടെ ദേശീയ ജനാധിപത്യ കക്ഷിയ്ക്ക് മൃഗീയ ഭൂരിപക്ഷമുള്ളതിനാൽ പുതിയ പദവി സൃഷ്ടിക്കാനുള്ള നീക്കം ലക്ഷ്യത്തിലെത്തുമെന്നുറപ്പാണ്. നിലവിൽ സർക്കാരിലെ പ്രധാനപ്പെട്ട മൂന്നു വകുപ്പുകൾ സുകി തന്നെയാണ് കൈകാര്യം ചെയ്യുന്നത്. അതിൽ ഏറ്റവും പ്രധാനം വിദേശകാര്യ വകുപ്പാണ്. വിദേശ രാഷ്ട്രങ്ങളും വിദേശ നേതാക്കളും പ്രമുഖ വ്യക്തിത്വങ്ങളുമായി വലിയ ബന്ധങ്ങളുള്ള സു കി അധികാരത്തിലെത്തും മുന്പുതന്നെ മ്യാൻമറിൻ്റെ വിദേശ നയത്തെ നിർണ്ണായകമായി സ്വാധീനിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ അക്കാര്യങ്ങളുടെ ഔദ്യോഗികമായ ചുമതലയും അവരിൽ നിക്ഷിപ്തമായിരിക്കുന്നു. രാജ്യത്തിൻ്റെ നിലനിൽപ്പിലും ഭാവിയിലും അതീവ നിർണ്ണായക സ്വാധീനമുള്ള വിദ്യാഭ്യാസം ഊർജ്ജം എന്നീ വകുപ്പുകളുടെയും പ്രസിഡണ്ടിൻ്റെ ഓഫീസിൻ്റെയും ചുമതലയും അവർക്കു തന്നെ. ചുരുക്കത്തിൽ പ്രസിഡണ്ട് സ്ഥാനത്ത് ഹ്തിൻ ആണെങ്കിലും ഭരണാധികാരി സു കി തന്നെയായിരിക്കും.
പട്ടാള ഭരണത്തിൻ്റെയും പാരതന്ത്ര്യത്തിൻ്റെയും സുദീർഘമായ കാലഘട്ടത്തിനു ശേഷം ലഭിച്ച ഈ സ്വാതന്ത്ര്യം പരമാവധി വേഗതയിൽ ഉപയോഗിക്കണം എന്ന് സു കിയ്ക്കും കൂട്ടർക്കും വ്യക്തമായ ധാരണയുണ്ട്. അതനുസരിച്ച് ദ്രുത ഗതിയിലുള്ള നീക്കങ്ങളാണ് അവർ ആവിഷ്കരിച്ചിരിക്കുന്ന്. ഇക്കാര്യം പാർട്ടി ഉപാദ്ധ്യക്ഷൻ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതിനായി ഒരു നൂറുദിന കർമ്മ പദ്ധതിയും സർക്കാർ പ്രഖ്യാപിച്ചു കഴിഞ്ഞു. ഒട്ടേറെ പരിഷ്കരണ പദ്ധതികളാണ് ഇതിലുള്ളത്. ഭരണകൂടത്തെ ശുദ്ധവും സുതാര്യവുമാക്കുകയാണ് സർക്കാരിനു മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി. സർക്കാരിൻ്റെ വലിപ്പം കുറയ്ക്കുക എന്നതാണ് ഇതിൻ്റെ ആദ്യ ചുവട്. പട്ടാള ഭരണകൂടത്തിൽ 36 മന്ത്രിമാരാണ് ഉണ്ടായിരുന്നത്. ഇത് 21 ആയി കുറച്ചിട്ടുണ്ട്.
ഓരോ വകുപ്പുകളിലും വലിയ അഴിച്ചു പണികളുണ്ടാകുമെന്നുറപ്പ്. എന്നാൽ സുപ്രധാന വകുപ്പുകളായ പ്രതിരോധത്തിൻ്റെയും അതിർത്തിയുടെയും ചുമതല പട്ടാളത്തിനു തന്നെയാണ്. അരനൂറ്റാണ്ടു രാജ്യത്തെ ഭരണം കൈയാളിയ സൈന്യം ഒരിക്കലും അവഗണിക്കാനാകാത്ത ശക്തി തന്നെയാണ്. സൈന്യത്തിൻ്റെ നിർണ്ണായക സ്ഥാനങ്ങളിൽ ജനാധിപത്യ വിരോധികളല്ലാത്ത യുവസൈനിക മേധാവികളെ നിയമിച്ച് പട്ടാളത്തെയും വരുതിയിലാക്കാനാണ് സുകി സർക്കാരിൻ്റെ നീക്കം. നിലവിലെ സാഹചര്യത്തിൽ ഇതു വിജയിക്കാനാണ് സാദ്ധ്യത. പക്ഷേ തങ്ങൾ നടപ്പിൽ വരുത്തിയ ഭരണഘടനയിൽ മാറ്റം വരുത്താനുള്ള നീക്കങ്ങൾ തടയുമെന്ന് പട്ടാള മേധാവികൾ വ്യക്തമാക്കിയിട്ടുണ്ട്. 1989 തൊട്ടിങ്ങോട്ട് 2010 വരെയുള്ള കാലത്ത് 15 വർഷത്തോളം തടങ്കലിൽ കഴിഞ്ഞ് ഇതിഹാസമാനമാർന്ന വ്യക്തിത്വമാണ് നോബൽ സമ്മാന ജേത്രിയായ സുകി. ആകാശത്തോളം വലിയ പ്രതീക്ഷകളാണ് മ്യാൻമർ സമൂഹം അവരുടെ ചുമലിലേറ്റിക്കൊടുത്തിരിക്കുന്നത്. യാഥാർത്ഥ്യത്തിനുമപ്പുറം വളർന്ന പ്രതിശ്ചായയുടെ ഭാരം താങ്ങി മ്യാൻമറിനെ പുതിയ ചക്രവാളങ്ങളിലേക്കു നയിക്കാൻ കഴിയുമോയെന്നാണ് ലോകം ഉറ്റു നോക്കുന്നത്. ചിരിത്രമുറങ്ങുന്ന മണ്ണാണ് ബർമ്മ. വർത്തമാനകാലത്ത് ആ പെരുമകളുടെയും സുകിയുടെയും മികവിൽ പുതിയ മ്യാന്മറിനും വിജയങ്ങളുണ്ടാക്കാനാകുമെന്ന് നമുക്കും പ്രത്യാശിക്കാം.