‘നാളീകേരത്തിന്റെ നാട്ടിലെനിക്കൊരു നാഴിയിടങ്ങഴി മണ്ണുണ്ടോ?’
അബൂബക്കർ ഇരിങ്ങണ്ണൂർ
നമ്മുടെ നാട് വീണ്ടും ഒരു തിരഞ്ഞെടുപ്പിലേയ്ക്ക് നീങ്ങുകയാണ്. ഇന്ത്യൻ ജനാധിപത്യത്തിന്റെ ദൗർബല്യങ്ങളെല്ലാം ഒന്നിച്ചു മുടിയഴിച്ചാടുന്ന കാലമാണ് തിരഞ്ഞെടുപ്പു കാലം. തെളിഞ്ഞ മനസ്സോടെ യോഗ്യരായ വ്യക്തികളെ പ്രതിനിധി സഭകളിലേയ്ക്ക് തിരഞ്ഞെടുക്കേണ്ട സമ്മതിദായകരെ വൈകാരികമായി വരിഞ്ഞു മുറുക്കി തങ്ങൾക്കനുകൂലമായി വോട്ട് ചെയ്യിപ്പിക്കുന്ന പ്രവണത വളരെ വ്യാപകമാണ്. വർഗ്ഗീയതയാണ് ആളുകളെ ഇളക്കിമറിക്കാൻ വിനിയോഗിക്കുന്ന ഏറ്റവും മൂർച്ചയുള്ള ആയുധം. ഇത് രാഷ്ട്രീയക്കാർ നന്നായി മനസിലാക്കുകയും വേണ്ടതിലധികം ഉപയോഗിക്കാറുമുണ്ട്. ആനുപാതിക വിജയം വർഗ്ഗീയവാദികൾക്കുണ്ടാകുകയും ചെയ്യും.
രാഷ്ട്രീയക്കാരുടെ വർഗ്ഗീയ കളിയിൽ എപ്പോഴും ഞെരിഞ്ഞു പോകുന്നത് ന്യൂനപക്ഷങ്ങളാണ്. അതിനാൽ ഓരോ തിരഞ്ഞെടുപ്പ് കാലവും തങ്ങളുടെ അതിജീവനം വെല്ലുവിളിക്കപ്പെടുന്ന കാലമാണ് അവർക്കെന്നതുപോലെ മറ്റ് ന്യൂനപക്ഷ വിഭാഗങ്ങൾക്കും. മുസാഫർ നഗർ കലാപത്തെക്കുറിച്ചുണ്ടായ വിലയിരുത്തലുകളിൽ അത് തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ തുടക്കമാണെന്ന് കൂടി കണ്ടവരാണല്ലോ നാം. തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ പാർട്ടികൾ ജനാധിപത്യത്തെക്കുറിച്ച് കൂടുതൽ സംസാരിക്കുന്നത് അതിന് വരുത്തുന്ന ഓരോ ക്ഷതവും എത്രയോ മനുഷ്യജീവിതങ്ങൾക്കേൽക്കുന്ന മുറിവുകളാണ്.
വൈകാരിക തരംഗങ്ങളിൽ ആടിയുലഞ്ഞുപോകാത്ത ഉറച്ച മനസ്സോടെയാണ് ജനപ്രതിനിധികൾ ഉത്തരവാദപ്പെട്ട സഭകളിലെത്തേണ്ടത്. തനിക്കോ മറ്റുള്ളവർക്കോ അനുകൂലമാകണമെന്ന ലാക്കില്ലാതെ വേണം തങ്ങളുടെ ചുമതലകൾ നിർവ്വഹിക്കാൻ. ഇങ്ങനെ പുല്ലുതിന്നാത്ത വിശുദ്ധ പശുക്കൾ ഏട്ടിലെത്രയോ കാണാം. എന്നാൽ അവക്കൊന്നും ഒരു വിലയുമില്ലെന്ന് നമുക്കറിയാം. നമ്മുടെ ജനപ്രതിനിധിസഭകളിൽ ഒരു സൂക്ഷ്മപരിശോധന നടത്തിയാൽ ക്രിമിനലുകൾക്ക് ഭൂരിപക്ഷം കണ്ടേക്കാം. ഇവരുടെ അഴിഞ്ഞാട്ടം ഭരണസിരാകേന്ദ്രങ്ങളിലും രാജ്യത്തെ തന്നെ മാനം കെടുത്തുന്ന അവസ്ഥയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. ഇതിനൊരു മാറ്റം മതേതര ജനാധിപത്യരാജ്യത്ത് ആവശ്യമാണ്. തങ്ങൾക്കിഷ്ടമില്ലാത്ത എന്തിനെയും തകർക്കാൻ ഭീകരമുദ്ര, ഭീകരബന്ധം, ആരോപിക്കുന്നതിലൂടെ കഴിയുമെന്നറിയുന്ന ഇക്കൂട്ടർ വേട്ടവകാശ പ്രശ്നത്തിലും ഇതേ ആയുധം നിഗൂഢമായ് ഉപയോഗിക്കുകയാണ് ചെയ്യുന്നത്. ചില കണ്ടെത്തലുകൾ കുറിക്കട്ടെ
1. വോട്ടവകാശമില്ലാത്ത ഗൾഫ് മലയാളികൾ
എഴുപത് കോടിയിലേറെ പൗരന്മാർക്ക് സമ്മതിദാനവകാശമുള്ള ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ്. എന്നാൽ ദശലക്ഷക്കണക്കിന് വരുന്ന പ്രവാസി ഇന്ത്യക്കാർക്ക് വോട്ടവകാശം ഇന്നും ഒരു വിദൂരസ്വപ്നമാണ്. ‘വോട്ടവകാശത്തിനു വേണ്ടി നിലകൊള്ളുന്നതായി പരസ്യമായി ഭവിക്കുമെങ്കിലും മിക്ക ഇന്ത്യൻ രാഷ്ട്രീയ പാർട്ടികളും ഉള്ളാലെ ആഗ്രഹിക്കുന്നില്ല. ഫിലിപ്പൈൻസിലെ ഏകാധിപതികളെക്കുറിച്ച് എഴുതാൻ നമ്മുടെ അച്ചടിമാധ്യമങ്ങൾ ഒരുപാട് കടലാസുകൾ ചെലവാക്കീട്ടുണ്ട്. എന്നാൽ അവിടുത്തെ പ്രവാസി പൗരന്മാർക്ക് വോട്ടവകാശം വിനിയോഗിക്കാൻ അവസരം നൽകുന്നുണ്ട്. വിദേശ ഇന്ത്യക്കാരെ പൗരന്മാരായി അംഗീകരിക്കാൻ രാജ്യം വിസമ്മതിക്കുന്നുവെന്ന സംശയമാണ് വോട്ടവകാശ നിരോധനത്തിലൂടെ ഉയരുന്നത്. അധിനിവേശത്തിന്റെയും രക്തചൊരിച്ചിലിന്റെയും ആഗോളസാഹചര്യത്തിൽ അമേരിക്കൻ സാമ്രാജ്യത്വവുമായി പുതുബന്ധം കൊതിക്കുന്ന ഇന്ത്യ ഗവൺെമന്റ് പ്രവാസി ഇന്ത്യക്കാരുടെ രൂക്ഷമായ രാഷ്ട്രീയ അവബോധം സമ്മതിദാന വേളയിൽ കടുത്ത ആഘാതമായ് തങ്ങളുടെ മേൽ പതിക്കുമെന്ന ആശങ്ക സ്വാഭാവികമായും ഉണ്ടാകും.
ഇന്ത്യ യു.എസ് ആണവകരാർ, യു.എസിന്റെ ഇറാഖ് അഫ്ഗാൻ അധിനിവേശങ്ങൾ, പലസ്തീൻ കൂട്ടക്കൊല, ഇസ്രയേലിന് യു.എസ് നൽകുന്ന പരസ്യ പിന്തുണ തുടങ്ങിയ പല വിഷയങ്ങളിലും കടുത്ത അമേരിക്കൻ വിരുദ്ധ രാഷ്ട്രീയ സമീപനമാണ് മുസ്ലീം സമൂഹത്തിനുള്ളത്. വോട്ടവകാശം ലഭിച്ചാൽ ഗൾഫ് മലയാളികൾ പൊതുവെയും പ്രവാസി മുസ്ലീം സമൂഹം പ്രത്യേകിച്ചും ഇത്തരം സാമ്രാജ്യത്വ ദാസവേലകൾക്കെതിരെ ശക്തമായി പ്രതികരിക്കുമെന്നുറപ്പാണ്. ഇത്തരം രാഷ്ട്രീയ കണക്ക് കൂട്ടലുകളാണ് വോട്ട് നിരോധനത്തിന്റെ യഥാർത്ഥ ഹേതു എന്ന് ചുരുക്കം.
ഗൾഫുകാരനെ കൊള്ളയടിക്കുന്ന വിമാനകന്പനികൾ
കേരളത്തിന്റെ സന്പൽസമൃദ്ധിക്കും ഐശ്വര്യത്തിനും കാരണക്കാരായ വിദേശമലയാളികളുടെ യാത്രാ ദുരിതം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. പതിറ്റാണ്ടുകളുടെ പഴക്കമുണ്ടവയ്ക്ക്. ഒന്നും പരിഹരിക്കപ്പെടുന്നില്ലെന്ന് മാത്രമല്ല, നാൾക്കുനാൾ വർദ്ധിക്കുകയാണ് ചെയ്യുന്നത്. ഈ ദുരിതമത്രയും േപറുന്നവർ നിസ്സഹായരാണ്. ഒന്നോ രണ്ടോ മാസത്തെ ലീവിന് വരുന്നവർക്ക് നാടും നഗരവും ഇളക്കിമറിച്ച് സമരം നയിക്കാൻ സമയമില്ല. ഗൾഫിൽ അത്തരമൊരു സൗകര്യവുമില്ല. ഈ ചൂഷണത്തിനെതിരെ ഒരു രാഷ്ട്രീയ പാർട്ടികളും ചെറുവിരൽ അനക്കുന്നുമില്ല. ചിലപ്പോൾ ചിലർ നിരാഹാരപ്രതിഷേധ നാടകങ്ങൾ നടത്തി തടി തപ്പുന്നവർ ആശ്വാസകരമായ പരിഹാരമാർഗ്ഗങ്ങൾ കണ്ടെത്തുന്നുമില്ല. പ്രവാസി മലയാളികളുടെ പ്രശ്നപരിഹാരത്തിന് മാത്രം രൂപീകരിച്ച ‘നോർക്ക’യും ഒന്നും കാണുകയും കേൾക്കുകയും ചെയ്യുന്നുമില്ല. കേന്ദ്ര പ്രവാസിവകുപ്പിന്റെ തലപ്പത്ത് ഒരു മലയാളി മന്ത്രി അന്ന് ഉണ്ടായിട്ടും കാര്യമായ ഗുണമൊന്നും നാളിതുവരെ ലഭിച്ചിട്ടുമില്ല.
വർഷാവർഷം ഡൽഹിയിൽ കോടികൾ പൊടിച്ച ‘പ്രവാസിദിവസ്’ നടത്തി സന്പന്നരെ പൊന്നാടയും പൊട്ടും ചാർത്തുന്നവർ ഈ പാവങ്ങളുടെ കണ്ണുനീർ കാണുന്നില്ല. പ്രവാസി ദിവസിന്റെ മെയിൻ സ്പോൺസറായ് കോടികൾ വിമാനകന്പനികൾ നൽകുന്പോൾ ഗൾഫ് മലയാളിയെ ചൂഷണം ചെയ്ത് ആ കോടികൾ തിരിച്ചു പിടിക്കാൻ രാഷ്ട്രീയ ഭരണ മേലാളന്മാർ മൗനാനുവാദം നൽകി ചൂഷകരുടെ പക്ഷം ചേരുന്ന കാഴ്ച ഇന്ത്യയിലേത് മാത്രമാണ്!
ഗൾഫ് രാജ്യങ്ങളെക്കാൾ അഞ്ച് മടങ്ങ് സഞ്ചാര ദൈർഘ്യമുള്ള യൂറോപ്യൻ രാജ്യങ്ങളിലേക്ക് എയർ ഇന്ത്യ ഈടാക്കുന്നത് തുച്ഛമായ തുകയാണ്. സൗകര്യങ്ങളും ഭക്ഷണവും മെച്ചപ്പെട്ടതും. എന്നാൽ പ്രവാസി മലയാളിക്ക് വിളന്പുന്നത് നാവിൽ വെച്ചാൽ ഓക്കാനം വരുന്നതും മുഴുവൻ തിന്നാലും പൂച്ചയുടെ വിശപ്പ് പോലും മാറാത്ത ഭക്ഷണം വിളന്പി ചിറകടിച്ചു പറക്കുകയാണ് നമ്മുടെ പാട്ട വണ്ടി. പ്രവാസി മലയാളികളെ തേടി ബക്കറ്റുമായി ഗൾഫിലേയ്ക്ക് വിമാനം കയറുന്ന നമ്മുടെ രാഷ്ട്രീയ സാമൂഹിക ജനപ്രതിനിധികൾ, നേതാക്കന്മാർ ഇതൊക്കെ കാണുന്നില്ലേ? ശബ്ദിക്കാൻ ഇനിയും എന്തിനാണവർ മടിച്ചു നിൽക്കുന്നത്? ഉറക്കം നടിക്കുന്നത്?
വർഗ്ഗീയ കലാപങ്ങൾ
ദേശീയ ബോധത്തിൽ വിഷം കലർത്തി പ്രചാരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന വർഗ്ഗീയ ഫാസിസ്റ്റ് ശക്തികൾ തീർച്ചയായും അധികാരത്തിന്റെ ചെങ്കോൽ സ്വായത്തമാക്കിയ സകലമേഖലകളിലും അവരുടെ അജണ്ടകൾ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. സാധാരണ വലതുപക്ഷ ഇടതുപക്ഷ രാഷ്ട്രീയ പാർട്ടികൾക്ക് ഫാസിസത്തിനെതിരെ പൊരുതാൻ മാത്രമുള്ള ശക്തിയില്ല എന്നതാണ് നാം വിലയിരുത്തേണ്ടത്. ഫാസിസത്തിനെതിരെയുള്ള ചെറിയ ചെറുത്തു നിൽപ്പുകളെ പോലും ഭരണകൂട ഇടപെടലുകൾ വഴിയും പ്രത്യാക്രമണങ്ങൾ കൊണ്ടും നേരിടുന്ന കാഴ്ചകളാണ് എവിടെയും കാണാൻ കഴിയുന്നത്. രാഷ്ട്രീയ പാർട്ടികളുടെ മൗനത്തിന്റെയും നിശബ്ദതയുടെയും ചിലവിൽ തന്നെയാണ് ഫാസിസം തടിച്ചു കൊഴുത്തു വളർന്നു വലുതാകുന്നതും. അതിനാൽ ഓരോ ചെറിയ സംഭവങ്ങളിലേയ്ക്കും കണ്ണ് തുറന്ന് വെച്ച് പ്രതികരിക്കുന്ന ഒരു ജനത രൂപപ്പെട്ടു വരിക എന്നതാണ് ഫാസിസത്തെ പരാജയപ്പെടുത്താനുള്ള ഏറ്റവും വലിയ മാർഗ്ഗം.
തിരഞ്ഞെടുപ്പിന്റെ വിജയത്തിന്റെയും പരാജയത്തിന്റെയും പരിമിതമായ പ്രശ്നം എന്ന നില വിട്ട് ആരോഗ്യകരമായ ഒരു ജനാധിപത്യ ജീവിതം ഒരു രാഷ്ട്രത്തിൽ നിൽക്കണോ വേണ്ടയോ എന്ന ഒരു നിർണ്ണായക ചോദ്യത്തിന്റെ മുന്നിലാണ് നാം വന്നു നിൽക്കുന്നത്. ഇത് തിരിച്ചറിഞ്ഞുകൊണ്ട് ഭിന്നാഭിപ്രായങ്ങൾ പുലർത്തുന്ന മുഴുവൻ മനുഷ്യർക്കും പ്രത്യേകിച്ച് രാഷ്ട്രീയപാർട്ടികൾക്കും ഈ അഭിപ്രായ വ്യത്യാസങ്ങൾ പുലർത്തി മനുഷ്യനെപ്പോലെ ജീവിക്കാൻ കഴിയണമെങ്കിൽ അഭിപ്രായവ്യത്യാസങ്ങൾക്കപ്പുറം ഫാസി
സത്തിനെതിരെ ഒന്നിച്ചു നിൽക്കേണ്ടതുണ്ട്. ഈ ഒരു തിരിച്ചറിവിലേക്കാണ് മുഴുവൻ മനുഷ്യരും വരേണ്ടതും. അങ്ങനെ മൊത്തം മനുഷ്യരെ ഫാസിസ്റ്റ് വിരുദ്ധ കാഴ്ചപ്പാടിലേയ്ക്ക് കണ്ണിചേർക്കാൻ ഇന്ന് ചരിത്രത്തിൽ വികസിച്ചു വന്നിട്ടുള്ള ഏറ്റവും വലിയ ആശയമാണ് മതനിരപേക്ഷത!!
ജാതി മത വിശ്വാസങ്ങളിൽ നിന്നു കൊണ്ടു തന്നെ ഫാസിസത്തിനെതിരെയുള്ള വിപുലമായ ഐക്യത്തിന്റെ മാതൃക എന്ന അർത്ഥത്തിൽ ഒരു മതനിരപേക്ഷ കാഴ്ചപ്പാട് വികസിപ്പിച്ചെടുക്കാൻ കഴിയും. അതല്ല ഫാസിസത്തിനെതിരെ മൗനം പാലിച്ചും സങ്കുചിതമായ പ്രതിരോധങ്ങൾ മാത്രം തീർത്തുമാണ് ഒരു ജനത മുന്നോട്ടു പോവുന്നുവെങ്കിൽ ‘ഇന്ത്യ’ ഫാസിസത്തിന്റെ കീടങ്ങൾ പെറ്റുപെരുകുന്ന അഴുക്കു ചാലായി ചുരുങ്ങും തീർച്ച.
വർഗ്ഗീയ ധ്രൂവീകരണവും രാഷ്ട്രീയ മുതലെടുപ്പുകളും വർദ്ധിച്ചു കൊണ്ടിരിക്കുന്പോൾ പുതിയ പ്രതിരോധങ്ങൾ ഉയർന്നു വരേണ്ടതുണ്ട്. മതേതര മൂല്യങ്ങളിലും ജനാധിപത്യ മുന്നേറ്റങ്ങളിലും വിശ്വസിക്കുന്ന ബഹുഭൂരിപക്ഷം പൗരന്മാർ ഇപ്പോഴും ഇന്ത്യയിലുണ്ട്. പ്രശാന്തമായ ഒരു മതേതരരാജ്യത്തെ സ്വപ്നം കാണുന്നവരാണവർ.
ജനാധിപത്യത്തെ നിലനിർത്തുന്നത് സ്വതന്ത്രമായ തിരഞ്ഞെടുപ്പാണ്. പ്രവാസിയുടെ കണ്ണീരിന്റെ ചൂടും ഗന്ധവും ആരും ഇതുവരെ തിട്ടപ്പെടുത്തിയിട്ടില്ല. ഈ തിരഞ്ഞെടുപ്പിലെങ്കിലും ആ ദൗത്യം നിർവഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ജനാധിപത്യത്തിന്റെ വിലപ്പെട്ട സമ്മതിദാനാവകാശം അർഹരായവർക്ക് വിനിയോഗിച്ചും ഭരണസിരാകേന്ദ്രത്തെയും നിയമത്തെയും സത്യത്തിന്റെയും സമർപ്പണത്തിന്റെയും സന്പൂർണ്ണതയുടെ വിളനിലമാക്കാൻ കഴിയട്ടെ എന്നുമാത്രം ഓർമ്മിപ്പിച്ചു കൊണ്ട് പ്രവാസ ലോകത്തിന്റെ ഈ കുറിപ്പ് രാഷ്ട്രീയ സാമൂഹ്യമേഖലകളിൽ പ്രവർത്തിക്കുന്ന പ്രത്യേകിച്ച് ജനപ്രതിനിധികളുടെ കരങ്ങളിലേയ്ക്ക് സമർപ്പിക്കുന്നു.