‘നോമൻ ക്ലാത്തൂര’കളുടെ കാലം


മണിലാൽ

 

സോവിയേറ്റാനന്തര രാഷ്ട്രീയ സാഹിത്യത്തിൽ ഏറ്റവും കൂടുതൽ കടന്നുവരുന്ന ഒരു വാക്കാണ് ‘നോമൻ ക്ലാത്തൂര’. വിപ്ലവാനന്തര റഷ്യയിൽ പാർട്ടിയുടെ ശ്രേണിബന്ധമായ സംഘടനാ ശരീരത്തിൽ കയറിപ്പറ്റി പ്രത്യേക അവകാശങ്ങൾ കൈവശപ്പെടുത്തി വലിയതോതിൽ ജനവിരുദ്ധവും അശ്ലീലവുമായി തീർന്ന ഒരു വിഭാഗത്തെയോ (stactum) വർഗ്ഗത്തെയോ (class) സൂചിപ്പിക്കാനാണ് ഈ വാക്ക് റഷ്യയിൽ ധാരാളമായി ഉപയോഗിക്കപ്പെട്ടത്. പിന്നീടത് ഭരണത്തിലോ പ്രതിപക്ഷത്തോ ഒക്കെ പ്രത്യേക അവകാശങ്ങളോടെ ജനങ്ങൾക്ക് മുകളിൽ സ്വയം പ്രതിഷ്ഠിക്കുന്ന, വലിയ തോതിൽ സ്വത്ത് സന്പാദനം നടത്തുന്ന, ഒരു വരേണ്യവിഭാഗത്തെ സൂചിപ്പിക്കുന്ന പദമായി. യൂഗോസ്ലോവിയൻ കമ്യൂണിസ്റ്റായിരുന്നു മിലോവൻ ജിലാസ് ഇത്തരക്കാരെ ഒരു നവവർഗ്ഗമായാണ് വിശേഷിപ്പിച്ചത്. ഇദ്ദേഹം ഇതേ തലക്കെട്ടിൽ എഴുതിയ പുസ്തകം ഇപ്പോൾ മലയാളത്തിേലയ്ക്ക് മൊഴിമാറ്റം ചെയ്ത് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുമുണ്ട്.

ഒരുപക്ഷേ കേരളത്തിൽ ഇത്തരം ഒരു വിഭാഗത്തിന്റെ സാന്നിദ്ധ്യം ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ഒന്നായി പടിവാതിക്കലെത്തി നിൽക്കുന്ന തിരഞ്ഞെടുപ്പ് മാറിത്തീരും എന്ന് ഏറെക്കുറെ ഉറപ്പായിരിക്കുന്നു. രാഷ്ട്രീയ പ്രവർത്തനത്തിനും സാമൂഹ്യപ്രവർത്തനത്തിനും സർഗ്ഗാത്മകമായ വലിയ മാനം കൽപ്പിച്ചിരുന്ന ഒരു ജനപഥമായിരുന്നല്ലോ മലയാളികൾ. നവോത്ഥാന പ്രസ്ഥാനം, ദേശീയ പ്രസ്ഥാനം, ഇടതുപക്ഷ പ്രസ്ഥാനം എന്നിവയിലൂടെയൊക്കെ ജീവിതത്തെ സമഗ്രമായി ആശ്ലേഷിച്ചാണ് കേരളത്തിന്റെ രാഷ്ട്രീയഘടന വികസിച്ചത്. ഒരുപക്ഷേ ഒരു കാലത്തും തിളക്കം കെടാത്ത ധാരാളം വിഗ്രഹവൽക്കരിക്കപ്പെടാത്ത മാതൃകകളും നമുക്കുണ്ടായിരുന്നു. എന്നാൽ ഇവയൊക്കെ ഒരു സുവർണ്ണ ഭൂതകാലത്തിന്റെ സ്മരണകൾ മാത്രമായി തീരുകയും ഏറ്റവും കൂടുതൽ ജീർണ്ണിച്ചതും എന്നാൽ സമൂഹത്തിന്റെ കേന്ദ്രത്തിൽ പ്രതിഷ്ഠിക്കപ്പെട്ടതുമായ ഒന്നായി രാഷ്ട്രീയ പ്രവർത്തനം ഇന്ന് പൊതുവായി വിലയിരുത്തപ്പെടുന്നുണ്ട്.

സ്വത്തുടമാ വർഗ്ഗവുമായി ബന്ധപ്പെട്ട രാഷ്ട്രീയ മേഖലകളിലാണ് രോഗലക്ഷണങ്ങൾ ആദ്യമായി പ്രത്യക്ഷപ്പെട്ടതെങ്കിലും ഇന്ന് ജീർണ്ണതയെ പ്രതിരോധിച്ച് നിലനിൽക്കാനോ, ഇനി തമ്മിൽ ഭേദം തൊമ്മൻ എന്ന തത്ത്വശാസ്ത്രമനുസരിച്ചെങ്കിലും പരിഗണിക്കപ്പെടാനോ ശേഷിയുള്ള തിരഞ്ഞെടുപ്പ് പാർട്ടികൾ കേരളത്തിൽ ഇല്ല എന്നു പറയാവുന്ന നിലയിലേയ്ക്ക് കാര്യങ്ങൾ എത്തിയിട്ടുണ്ട്. മറ്റൊരു പ്രധാന പ്രശ്നം ഇവയൊന്നും മൂടിവെയ്ക്കാൻ കഴിയാത്ത വിധം മാധ്യമങ്ങളിലൂടെ നഗ്നമാക്കപ്പെടുകയും ചെയ്തിട്ടുണ്ട് എന്നതാണ്. രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തനം, മുന്നണികൾ പ്രതിനിധാനം ചെയ്യുന്നതായി പറയപ്പെടുന്ന ജനതാൽപര്യങ്ങൾ, നേതാക്കളുടെ ജീവിതരീതി എന്നിവയി
ലൊന്നും പ്രകടമായ അന്തരങ്ങൾ നിലനിൽക്കുന്നതായി പൊതുവേ അനുഭവപ്പെടുന്നുമില്ല. സമൂഹത്തിലെ വ്യത്യ
സ്ത വർഗ്ഗവിഭാഗങ്ങളുടെ താല്പര്യങ്ങൾ ഉയർത്തിപ്പിടിക്കുകയും അവയ്ക്ക് വേണ്ടി നിലകൊള്ളുകയും ചെയ്യുന്നവയാണ് രാഷ്ട്രീയപാർട്ടികൾ എന്ന പഴയ ലെനിസ്റ്റ് കാഴ്ചപ്പാടുകൾക്കൊക്കെ കാലഹരണം സംഭവിച്ചിരിക്കുന്നു.

കഴിഞ്ഞ ദിവസം കോട്ടയത്തു നിന്ന് ഒരു സുഹൃത്ത് വിളിച്ചു. അയാൾക്കറിയേണ്ടത് എൽ.ഡി.എഫും യു.ഡി.എഫും തമ്മിൽ തെക്കും വടക്കുമായി വല്ല അഡ്ജസ്റ്റ്മെന്റുകൾക്കും ഇടയുണ്ടോ എന്നതായിരുന്നു. രാഷ്ട്രീയത്തെ അടുത്തു നിന്ന് കാണുകയും സൂക്ഷ്മമായി നീരിക്ഷിക്കുകയുമൊക്കെ ചെയ്യുന്ന ഒരാൾ ഇത്തരം ഒരു ചോദ്യം ഉന്നയിച്ചത് അത്ഭുതപ്പെടുത്താതിരുന്നില്ല. എന്തൊരസംബന്ധമാണീപ്പറയുന്നത്; വന്ന് വന്ന് എന്തും പറയാമെന്നായോ എന്നായിരുന്നു എന്റെ പ്രതികരണം. അതിനയാൾ അല്പം പോലും സമചിത്തത കൈവിടാതെ മറുപടി പറഞ്ഞു. കണ്ണൂരിലും വടക്കേ മലബാറിലുമൊക്കെയാണല്ലോ ഇടതുപക്ഷത്തിന്റെ മർമ്മമിരിക്കുന്നത്. അവിടെ ഇടതുപക്ഷത്തിനുണ്ടാവിനിടയുള്ള പരിക്കുകൾ ലഘൂകരിക്കാനും പകരം യു.ഡി.എഫിനെ കോട്ടയം മേഖലയിലും മറ്റും ബി.ജെ.പിയുടെ ആക്രമണത്തിൽ നിന്ന് ചെറുതായി ഒന്ന് രക്ഷിച്ചു കൊടുക്കുകയും ചെയ്താൽ എന്താ സാറെ കുഴപ്പം? രണ്ട് കൂട്ടർക്കും അത് ഗുണമല്ലേ വരുത്തൂ? അയ്യയ്യോ ഇതൊക്കെ എന്ത് രാഷ്ട്രീയമാണ് എന്ന് ഞാൻ തിരിച്ചു ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ വിശദീകരണം വന്നു.

കേരളത്തിൽ യു.ഡി.എഫ് ജയിക്കണമെന്ന് ഒരു നിർബന്ധവുമില്ലാത്ത ആളാണ് ഉമ്മൻചാണ്ടി എന്ന വസ്തുത താങ്കൾക്കറിയാമോ? ഇനി കേരളത്തിൽ 100 സീറ്റ് യു.ഡി.എഫിന് ലഭിച്ചാലും ഉമ്മൻചാണ്ടി മുഖ്യമന്ത്രിയാകാൻ പോകുന്നില്ല. അത് ഹൈക്കമാന്റ് നേരത്തെ നിശ്ചയിച്ചതാണ്. പക്ഷെ ഉമ്മൻചാണ്ടിയെ നേതൃനിരയിൽ നിന്ന് മാറ്റുന്നത് തിരഞ്ഞെടുപ്പിൽ വിവാദമാകും എന്നതുകൊണ്ട് മാറ്റുന്നില്ലന്നേയുള്ളൂ. അതുകൊണ്ടാണ് സുധീരന്റേയും ചെന്നിത്തലയുടേയും ഉമ്മൻചാണ്ടിയുടേയും സംയുക്ത നേതൃത്വം എന്നൊരു ഉമ്മാക്കിഹൈക്കമാന്റ് മുന്നോട്ടു വെയ്ക്കുന്നത്. തനിക്ക് മുഖ്യമന്ത്രി സ്ഥാനമില്ലെങ്കിൽ യു.ഡി.എഫിൽ അത് മറ്റാർക്കും വേണ്ട എന്നതാണ് ഉമ്മൻചാണ്ടിയുടെ കാഴ്ചപ്പാട്. താനല്ലാതെ മറ്റൊരു കോൺഗ്രസുകാരൻ മുഖ്യമന്ത്രിയായാൽ അത് തന്റെ രാഷ്ട്രീയപ്രവർത്തനത്തിന്റെ ‘വാട്ടർലൂ’ ആകും എന്നു മാത്രമല്ല തന്റെ കുടുംബം ഒന്നടങ്കം വേട്ടയാടപ്പെടുകയും ചെയ്യും എന്ന  ഭയം ഉമ്മൻചാണ്ടിക്കുണ്ട്. എന്നാൽ എൽ.ഡി.എഫാണ് അധികാരത്തിൽ വരുന്നതെങ്കിൽ അത്തരം ഭയമൊന്നും വേണ്ടതില്ലെന്ന് ഉമ്മൻചാണ്ടിക്ക് നന്നായറിയാം.

പ്രമാദമായ ഐസ്ക്രീം പാർലർ കേസിൽ നിന്ന് കുഞ്ഞാലിക്കുട്ടിയെ രക്ഷിച്ചെടുത്തത് പഴയ നായനാർ ഗവൺമെന്റായിരുന്നല്ലോ. അന്ന് നായനാരുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന, പിന്നീട് സി.പി.ഐ (എം) കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന ലൈംഗിക ആരോപണത്തെ തുടർന്ന് പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട പി. ശശിയായിരുന്നല്ലോ അന്ന് അതിനുള്ള ഒത്താശകളൊക്കെ െചയ്തത്. കുഞ്ഞാലിക്കുട്ടിക്കെതിരെ കേസെടുക്കേണ്ടെന്ന് തീരുമാനിച്ചത് സർക്കാരിന്റെ മാത്രം തീരുമാനമായിരുന്നില്ലെന്നും പാർട്ടി കൂടി അറിഞ്ഞാണ് തീരുമാനിച്ചതെന്നും അന്ന് വ്യക്തമാക്കപ്പെട്ടിരുന്നു. കുഞ്‍ഞാലിക്കുട്ടിക്കെതിരെ കേസ് ഒഴിവാക്കാൻ കഴിയില്ലെന്നും അത്രയും ശക്തമായ തെളിവുകളുണ്ടെന്നും അന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ആയിരുന്ന കല്ലട സുകുമാരൻ സർക്കാറിന് നോട്ട് കൊടുത്തിരുന്നു. ഇത് പിന്നീട് വർഷങ്ങൾക്ക് ശേഷം പുറത്താകുകയും  ചെയ്തു. പക്ഷേ പാർട്ടിയുടെ കൂടെ അറിവോടെ, സർക്കാ‍ർ കേസ് വേണ്ട എന്ന് തീരുമാനിക്കുകയായിരുന്നു. പകരമായി എൽ.ഡി.എഫിലെ പല ഉന്നതർക്കുമെതിരായ പല പ്രശ്നങ്ങളിലും ഇത്തരം മൃദുസമീപനം യു.ഡി.എഫ് സർക്കാരും സ്വീകരിച്ചിട്ടുണ്ട്. എളമരം കരീമിന്റെ ഇരുന്പയിർ ഖനനാനുമതിക്കെതിരായ ആക്ഷേപങ്ങളൊക്കെ ഇങ്ങനെ കൈകാര്യം ചെയ്യപ്പെട്ടതാണ്.

ഇരു മുന്നണികളിലും നിന്ന് പോരടിക്കുന്പോഴും പരസ്പരം കൊണ്ടും കൊടുത്തും സഹകരിച്ചുമൊക്കെയാണ് ഇവരൊക്കെ മുന്നോട്ടു പോകുന്നത്. ലാവ്ലിൻ ഇടപാട് മൂലം കോടികളുടെ നഷ്ടം ഖജനാവിന് സംഭവിച്ചതായി സിഎ.ജി കണ്ടെത്തിയപ്പോൾ ഒരു നഷ്ടവും സംഭവിച്ചിട്ടില്ലെന്ന് കോടതിക്ക് സത്യവാങ്മൂലം നൽകിയത് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലായിരുന്നല്ലോ. പിണറായിയുടെ സത്യസന്ധത തെളിയിക്കാൻ ദേശാഭിമാനി ഉപയോഗിച്ച തുരുപ്പു ചീട്ടുകളിലൊന്ന് ഈ സത്യവാങ്മൂലമായിരുന്നു. ലാവ്ലിൻ കേസ് അടിയന്തിരമായ പരിഗണിക്കണമെന്നാവശ്യപ്പെട്ട് ഹർജി ഫയൽ ചെയ്തവിവരം താനറിയില്ലായിരുന്നു എന്നും ഉമ്മൻചാണ്ടി വ്യക്തമാക്കിയിട്ടുണ്ട്. അത് ഉമ്മൻചാണ്ടി പറയുന്ന പല തമാശകളിലൊന്നായി തള്ളാൻ കഴിയില്ല. യു.ഡി.എഫിന് താൽപ്പര്യമില്ലാതിരുന്നിട്ടും ആരിഫ് അലി എന്ന ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനാണത്രേ ഈ പ്രശ്നം വീണ്ടും കുത്തിപ്പൊക്കിയത്. പിണറായിയെ കേസിൽപ്പെടുത്തി മത്സരരംഗത്ത് നിന്ന് ഒഴിവാക്കുന്നതിനോട് യു.ഡി.എഫിന് തീരെ താൽപ്പര്യമില്ല എന്നാണ് ഇടനാഴികകളിലെ അടക്കിപ്പിടിച്ച സംസാരം. കാരണം പിണറായി മത്സരിക്കുന്നില്ലെങ്കിൽ വി.എസ് അച്ചുതാനന്ദൻ ആയിരിക്കുമല്ലോ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി മുന്നിലുണ്ടാവുക. അത് യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് ഗ്രാഫിനെയാകെ കീഴ്പ്പോട്ട് കൊണ്ടുവരികയാണ് ചെയ്യുക എന്നറിയാത്ത വിഡ്ഢികളല്ല യു.ഡി.എഫ് നേതൃനിരയിലുള്ളത്. പഴയകാലം പോലെയല്ല പുതിയത്. എല്ലാവരും സഹകരിച്ചും പരസ്പരം സഹിച്ചുമൊക്കെപ്പോകുന്നതാണ് എല്ലാവർക്കും നല്ലത് എന്നത് വസ്തുത തന്നെയാണ്. കാരണം ഇപ്പോൾ എല്ലാവർക്കും നഷ്ടപ്പെടാൻ ഒരുപാടുണ്ട്.

ഇത്തരം ‘സമാധാനപരമായ സഹവർത്തിത്വ’ത്തിന്റെ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്നതിന് വിലങ്ങുതടിയായി തീരുന്നത് അതത് പാർട്ടിക്കാർ തന്നെയാണ് എന്നതാണ് രസകരം. ഇടതുപക്ഷത്ത് ഈ ദൗത്യം നിർവഹിച്ചു വന്നിരുന്നത് വി.എസ് അച്ചുതാനന്ദൻ എന്ന ഒറ്റയാൾ പട്ടാളമാണ്. അടുത്ത കാലത്തായി അതിന് ചില മാറ്റങ്ങളൊക്കെ കാണുന്നുണ്ടെങ്കിലും എവിടെ കൊണ്ടുപോയായിരിക്കും അദ്ദേഹം കലമുടക്കുക എന്ന് ആ‍ർക്കും ഇപ്പോഴും പറയാൻ കഴിയില്ല. സീതാറാം യെച്ചൂരി എന്ന മകുടിയൂത്തുകാരൻ എത്രകാലം ഇദ്ദേഹത്തെ ഇങ്ങനെ കൊണ്ടുപോകും എന്നും കണ്ടറിയേണ്ടതു തന്നെ. എന്നാൽ കോൺഗ്രസിൽ കാര്യങ്ങൾ എത്രയോ പുരോഗമിച്ചു കഴിഞ്ഞിരിക്കുന്നു. വി.എം സുധീരൻ എന്ന ഒറ്റയാൾ പട്ടാളമാണ് കോൺഗ്രസിൽ ഉമ്മൻചാണ്ടിയുടെ ഉറക്കം കെടുത്തിയിരുന്നത്. ചെന്നിത്തല അവസരങ്ങൾക്ക് വേണ്ടി കാത്തു നിൽക്കുന്നതല്ലാതെ ഉമ്മൻചാണ്ടിക്ക് വലിയ തോതിലുള്ള അലോസരങ്ങളൊന്നും സൃഷ്ടിച്ചിട്ടില്ല. എന്നാലിപ്പോൾ വി.ഡി സതീശനും ടി.എൻ പ്രതാപനുമൊക്കെയായി വലിയ വെല്ലുവിളികൾ തന്നെയാണ് തുടർച്ചയായി തിരഞ്ഞെടുപ്പിന്റെ മുഖത്ത് പോലും സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. മെത്രാൻ കായലും കടമ്മകുടി കായലും കരുണ എേസ്റ്ററ്റ് വിവാദവും ഏറ്റവും അവസാനം സന്തോഷ് മാധവന് ഭൂമി പതിച്ചു നൽകലുമൊക്കെ പുറംലോകം അറിയുന്നത് പ്രതിപക്ഷത്തിന്റെ മുൻകൈയിലായിരുന്നില്ലല്ലോ. ഇതു കൊള്ളയല്ല തീവെട്ടിക്കൊള്ളയാണ് എന്ന് വി.ഡി സതീശൻ തിരഞ്ഞെടുപ്പ് മുഖത്ത് വെച്ച് പറയുന്പോൾ അതിന് ഒരുപക്ഷേ വിശാലമായ അ‍ർത്ഥതലങ്ങളുണ്ട്. ‘മത്സരിക്കാനില്ല’ എന്ന് പ്രഖ്യാപിച്ച് ടി.എൻ പ്രതാപൻ മാറി നിൽക്കുന്പോഴും അത് മാതൃകയാക്കാൻ വി.എസ് അച്ചുതാനന്ദനെ സുധീരൻ ഉപദേശിക്കുന്പോഴും അത് ചെന്ന് തറക്കുന്നത് ഉമ്മൻചാണ്ടിയുടെ നെഞ്ചിൽ തന്നെയാണ്. ഇടതുപക്ഷത്ത് ഇത്തരത്തിലുള്ള കുലുക്കങ്ങളൊക്കെ സാവധാനം നിശ്ചലമായി അവസാനം അത് വി.എസ് അച്യുതാനന്ദൻ എന്ന ഒറ്റയാൾ പട്ടാളത്തിലൂടെ തിരോഭവിക്കുന്ന കാഴ്ചയാണ് കാണുന്നതെങ്കിൽ കോൺഗ്രസിൽ ഇവയുടെ തരംഗ ദൈർഘ്യം കൂടി വരുന്നതായാണ് കാണുന്നത്. ഏതുവിധേനയും നിയമസഭയിൽ അക്കൗണ്ട് തുറക്കണം എന്ന മിനിമം പരിപാടിയുമായി ഓടി നടക്കുന്ന ബി.ജെ.പിയും ഇതേ അഡ്ജസ്റ്റുമെന്റുകൾക്ക് പിന്നാലെ തന്നെയാണ് സഞ്ചരിക്കുന്നത്.

നോമൻ ക്ലാത്തുരകൾ ഏതൊക്കെ ദിശയിൽ സഞ്ചരിച്ച് എവിടെയൊക്കെ ചെന്നെത്തും എന്നതും ആസന്നമായ അതിന്റെ ഫലപ്രാപ്തിയും തന്നെയായിരിക്കും സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം നിശ്ചയിക്കുക. അതെന്തായാലും ജനജീവിതത്തെ അടിസ്ഥാനപരമായി യാതൊരുവിധത്തിലും ബാധിക്കുകയുമില്ല.

You might also like

Most Viewed