ചിലർ വരുന്പോൾ വഴിമാറുന്ന ചരിത്രം
വി.ആർ.സത്യദേവ്
കേവലം ഒരു ഹസ്ത ദാനത്തിന് ലോകത്ത് എന്തു മാറ്റങ്ങൾ വരുത്താനാകുമെന്ന ചോദ്യത്തിന് ഉത്തരങ്ങളിൽ ഒന്നാണ് ലോകത്തെ ഏറ്റവും അധികാരങ്ങളുള്ള രാഷ്ട്ര നായകന്റെ ക്യൂബൻ സന്ദർശനം. അമേരിക്കൻ പ്രസിഡണ്ട് ബറാക് ഒബാമയുടെ ക്യൂബൻ സന്ദർശനം ഇന്നു തുടങ്ങുകയാണ്. ഇരു പ്രസിഡണ്ടുമാരും നടത്തിയ ഒരു അപ്രതീക്ഷിത ഹസ്തദാനത്തിൽ നിന്നായിരുന്നു ഇതിന്റെയൊക്കെത്തുടക്കം. ജീവിച്ചിരിക്കെത്തന്നെ ഇതിഹാസമായ കറുത്ത ഗാന്ധി, ദക്ഷിണാഫ്രിക്കൻ നായകൻ നെൽസൺ മണ്ടേലയുടെ അന്ത്യ കർമ്മങ്ങൾക്കിടെ ദക്ഷിണാഫ്രിക്കയിൽ വെച്ചായിരുന്നു അമേരിക്കൻ പ്രസിഡണ്ട് ബറാക് ഒബാമയും ക്യൂബൻ നായകൻ റൗൾ കാസ്ട്രോയും പരസ്പരം ഹസ്തദാനം ചെയ്തത്. കൃത്യമായി പറഞ്ഞാൽ 2013ൽ. ചരിത്രത്തിലെ ഗതിമാറ്റത്തിനു സൂചകമായി വിദഗ്ദ്ധരും മാധ്യമങ്ങളും അന്ന് അതിനെ വാഴ്ത്തിയിരുന്നു. അതു ശരിെവയ്ക്കുന്നതു തന്നെയാണ് ഇപ്പോഴുണ്ടായിരിക്കുന്ന ഒബാമയുടെ ക്യൂബൻ സന്ദർശനം. അര നൂറ്റാണ്ടിലേറെ ഒരു ദിശയിൽ പൊയ്ക്കൊണ്ടിരുന്ന ചരിത്ര ഗതി തിരിച്ചു വിടുക തന്നെ ചെയ്തു ആ ഹസ്തദാനം. ആ ഗതി മാറ്റം സംഭവിക്കാൻ ഒബാമയും റൗളും വരേണ്ടി വന്നു.
രാഷ്ട്രങ്ങൾ തമ്മിലുള്ള കൊടിയ വൈരാഗ്യത്തിന്റെ നിദർശനമായിരുന്നു അതുവരെ അമേരിക്കൻ ഐക്യ നാടുകളെന്ന അമേരിക്കയും കമ്യുണിസ്റ്റു ക്യൂബയും. കമ്യൂണിസവും മുതലാളിത്തവും തമ്മിലുള്ള പോരാട്ടത്തിന്റെ പ്രതിരൂപമായിരുന്നു ആ ശത്രുത. സമഗ്രാധിപത്യവും ജനാധിപത്യവും തമ്മിലുള്ള പോരാട്ടമെന്ന് ചിലരതിനെ വിശേഷിപ്പിച്ചു. ഇനിയും ചിലർക്ക് ഇടതുപക്ഷ ലാറ്റിനമേരിക്കയും വലതുപക്ഷ പാശ്ചാത്യരും തമ്മിലുള്ള സംഘർഷമായിരുന്നു. ഒരു ദ്വീപും വൻകരയുമായുള്ള ഏറ്റുമുട്ടലായി ഇതിനെ വിശേഷിപ്പിച്ചവരുമുണ്ട്. തമാശയായി ദാവീദ് ഗോലിയാത് പോരാട്ടവുമായി ഇതിനെ ഉപമിച്ചവരും കുറവല്ല. വിശേഷണങ്ങളേതായാലും പരസ്പര ശത്രുതയ്ക്കുള്ള പരമോദാഹരണമായിരുന്നു മെക്സിക്കൻ ഉൾക്കടൽ എന്ന അതിരു പങ്കുെവയ്ക്കുന്ന ഇരു രാഷ്ട്രങ്ങളും തമ്മിൽ ദശാബ്ദങ്ങൾ നീണ്ട കൊടിയ വിരോധം. തത്വത്തിൽ, അമേരിക്കയെന്ന പദത്തിനുള്ള വിപരീത പദം തന്നെയായിരുന്നു ഇന്നലെകളിൽ വരെ ക്യൂബയെന്ന രാഷ്ട്ര നാമം. ഭൂമിമലയാളത്തിലെ രാഷ്ട്രീയ തട്ടകങ്ങളിൽ നിന്നും നമ്മൾ ഏറെ കേട്ട നിരവധി പേരുകളുടെ മണ്ണുകൂടിയാണ് നമുക്കു ക്യൂബ. തലസ്ഥാന നഗരിയിൽ ജവഹർലാൽ നെഹ്റു സർവ്വകലാശാലയിൽ ചുവപ്പൻ യൗവ്വന തീഷ്ണതയ്ക്കു പുത്തൻ പ്രതീക്ഷയായി ഒരു കനയ്യ ഉദിച്ചുയർന്നപ്പോൾ അയാളെ വിശേഷിപ്പിക്കാനും നമ്മളുപയോഗിച്ചത് ചെ എന്ന പേരാണ്. ഡോക്ടർ ഏണസ്റ്റോ ചെ ഗുവേരയെന്ന വിപ്ലവത്തിന്റെ നിത്യ നക്ഷത്രം കൂടിയുൾപ്പെട്ട പോരാട്ടം മുതലാളിത്തത്തിന്റെ ചൂഷണങ്ങളിൽ നിന്നും മോചിപ്പിച്ച മണ്ണാണ് ക്യൂബ. കേരളമടക്കം ലോകത്തിന്റെ വിവിധയിടങ്ങളിൽ ആശയപ്രചാരണത്തിനും യുവമനസ്സുകളിൽ വിപ്ലവാഗ്നി പടർത്താനുമൊക്കെ പാർട്ടിക്കാർ ദശാബ്ദങ്ങളോളം ഉപയോഗിച്ച പേരുകളിൽ ചിലത് ഫിദൽ കാസ്ട്രോ, ചെ ഗുവേര, ക്യൂബ എന്നിവയൊക്കെയായിരുന്നു. വിപ്ലവത്തിൽ അടിമുടി മുഴുകി ചെ അകാലത്തിൽ ജീവിതത്തിന്റെ പടിയിറങ്ങിപ്പോയി. എന്നിട്ടും വിപ്ലവപക്ഷക്കാരുടെ കൊടിയടയാളം പോലെ യുവമനസ്സുകളിൽ ചിരപ്രതിഷ്ഠിതനായി തുടരുന്നു. ചെയെ അടക്കം നയിച്ച ഫിദലും പഴയ പിപ്ലവ സഖാക്കന്മാരും പക്ഷേ ജീവിതത്തിൽ നിന്നു പടയിറങ്ങും മുന്പേ വിപ്ലവത്തിന്റെ ലോകശത്രുക്കളുമായി കൈകോർത്തിരിക്കുന്നു. മണ്ടേലയുടെ അന്ത്യ കർമ്മ വേളയിലാരംഭിച്ച കൈകൊടുപ്പുകളുടെ സ്വാഭാവിക തുടർച്ചയായ വിരുന്നൂണിനാണ് ഇപ്പോൾ ലോകം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ആഗോള സാമ്രാജ്യത്വത്തിന്റെ പ്രതിരൂപമായി ലോക കമ്യൂണിസം കുറ്റപ്പെടുത്തിയ അമേരിക്കയുടെ രാഷ്ട്ര നായകനെ ക്യൂബൻ തലസ്ഥാനം രണ്ടു കൈയും നീട്ടിയാണ് സ്വീകരിക്കുന്നത്. ഈ വിരുന്നിലൂടെ വിരിയുന്നത് യു.എസ് ക്യൂബ ബന്ധത്തിലെ പുതിയ ഏടുകളാണ്. ഒബാമ ക്യൂബയിലേക്കു വരുന്പോൾ വഴിമാറുന്നത് ശത്രുതയുടെയും വിദ്വേഷത്തിന്റെയും ഇരുണ്ട ചരിത്രമാണ്.
ഒരു അമേരിക്കൻ പ്രസിഡണ്ട് ക്യൂബൻ മണ്ണിൽ കാലുകുത്തിയിട്ട് ഒരു നൂറ്റാണ്ടിനടുത്തായി. കൃത്യമായി പറഞ്ഞാൽ 88 വർഷം. ഒബാമ വരുന്നതിനു മുന്പ് കാൽവിൻ കൂളിഡ്ജായിരുന്നു ഇവിടെയെത്തിയ അമേരിക്കൻ നായകൻ. ഒരു യുദ്ധക്കപ്പലിൽ 1928 ലായിരുന്നു കൂളിഡ്ജിന്റെ സന്ദർശനം. 1959ൽ നടന്ന കമ്യൂണിസ്റ്റ് വിപ്ലപത്തോടെയായിരുന്നു അമേരിക്കയുടെ മൂക്കിനു താഴത്തുള്ള ക്യൂബയുമായുള്ള ആ രാജ്യത്തിന്റെ കൊടിയ ശത്രുതയ്ക്കു തുടക്കം. മുതലാളിത്തത്തിന്റെ മകുടോദാഹരണമെന്ന് വിശേഷിപ്പിക്കാവുന്ന ഏകാധിപതി ബാറ്റിസ്റ്റയുടെ പലായനത്തിനു വഴിെവച്ചത് ഫിദൽ കാസ്ട്രോയുടെ നായകത്വത്തിൽ നടന്ന ആ വിപ്ലവമായിരുന്നു. തുടർന്ന് ബാറ്റിസ്റ്റയും അമേരിക്കൻ മുതലാളിമാരും ഗുണ്ടാ നേതാക്കന്മാരുമൊക്കെ കൂട്ടത്തോടെ അമേരിക്കയിലെ മിയാമിയിലേക്കു പലായനം ചെയ്തു. അമേരിക്കൻ താൽപ്പര്യങ്ങൾക്കെതിരായ വിജയമായിരുന്നു വിപ്ലവ പക്ഷത്തിന്റേത്. അതുകൊണ്ടു തന്നെ ക്യൂബ അവരുടെ കണ്ണിലെ കരടായി. ശീതയുദ്ധത്തിലെ എതിർപക്ഷ നായസ്ഥാനത്തുണ്ടായിരുന്ന റഷ്യയുമായി ക്യൂബ ചങ്ങാത്തം ശക്തമാക്കിയത് ഈ എതിർപ്പിന്റെ ആക്കം കൂട്ടി. 1960ൽ അമേരിക്ക നടത്തിയ ബേ ഓഫ് പിഗ്സ് അധിനിവേശ നീക്കം ആ ശത്രുതയെ അതിന്റെ പരകോടിയിലുമെത്തിച്ചു. പിന്നീടിങ്ങോട്ട് ഇരുപക്ഷവും ഉന്മൂലനത്തിന്റെയും അതിജീവനത്തിന്റെയും തന്ത്രങ്ങൾ ഒന്നൊന്നായി പരസ്പരം പ്രയോഗിച്ചുകൊണ്ടേയിരുന്നു. ഇതിന്റെ ഭാഗമായിരുന്നു ക്യൂബയ്ക്കെതിരെ അമേരിക്ക ഏർപ്പെടുത്തിയ ഉപരോധങ്ങൾ. സാന്പത്തികവും നയതന്ത്രപരവുമായി ഈ ഉപരോധങ്ങൾ കമ്യൂണിസ്റ്റു ക്യൂബയെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിച്ചത്. വികസനം മാത്രമല്ല നിലനിൽപ്പും ശരാശരി ക്യൂബക്കാരന് ഒരിക്കലും കൈയെത്തിപ്പിടിക്കാനാവാത്ത വിപ്ലവ നക്ഷത്രങ്ങൾ മാത്രമായി. അവശ്യ മരുന്നുകൾ പോലും ആവശ്യത്തിനു കിട്ടാതായി. തൊഴിലില്ലായ്മ ശക്തമായിട്ടും തൊട്ടടുത്ത അമേരിക്കയിലെ തൊഴിലവസരങ്ങളുപയോഗിക്കാൻ ക്യൂബൻ യുവത്വത്തിനു കഴിയാതെ പോയതും ഈ ഉപരോധങ്ങൾ മൂലമായിരുന്നു.
ഒബാമയുടെ ക്യൂബൻ സന്ദർശനത്തോടെ ഇതിനൊക്ക ഒറ്റയടിക്കു മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിക്കാനാവില്ല. പ്രത്യേകിച്ച് പ്രസിഡണ്ട് ഒബാമയുടെ ക്യൂബൻ അനുകൂല തീരുമാനങ്ങളോട് അമേരിക്കൻ കോൺഗ്രസ് മുഖം തിരിച്ചു നിൽക്കുന്പോൾ. ഇത്തരം തീരുമാനങ്ങൾക്കൊക്കെ കോൺഗ്രസിന്റെ അംഗീകാരം ലഭിക്കേണ്ടതുണ്ട്. അത് ഇതുവരെ ഉണ്ടായിട്ടില്ല. ഇതിനെയൊക്കെ പ്രസിഡണ്ടിന്റെ പ്രത്യേകാധികാരമുപയോഗിച്ച് ഒബാമ മറികടക്കുകയായിരുന്നു. നയതന്ത്ര കാര്യത്തിലും യാത്രാകാര്യത്തിലും ഗുണപരമായ മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്. എന്നാൽ ഉപരോധ നീക്കം ഒബാമയുടെ കാലാവധി തീരും മുന്പ് ഉണ്ടാകാനിടയില്ല.
വിദ്യാഭ്യാസമടക്കമുള്ള ആവശ്യങ്ങൾക്ക് ക്യൂബൻ പൗരന്മാർക്ക് ഇനി അമേരിക്കയിലേക്കുള്ള യാത്ര കൂടുതൽ സുഗമമാക്കും. അമേരിക്കക്കും ക്യൂബക്കുമിടയിൽ ദിവസവും വിമാന സർവ്വീസ് നടത്താനുള്ള നടപടികളും പുരോഗമിക്കുകയാണ്. ഇതിനായി അമേരിക്കൻ വിമാന കന്പനികളെ ക്ഷണിച്ചിട്ടുണ്ട്.
എന്നാൽ മറ്റു പലകാര്യങ്ങളിലും ഇരു രാജ്യങ്ങൾക്കുമിടയിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ അപരിഹാര്യമായി തുടരുകയാണ്. പ്രസിഡണ്ട് ഒബാമയുടെ സന്ദർശനത്തിനു മുന്നോടിയായി ക്യൂബയിൽ 200 ഓളം സർക്കാർ വിരുദ്ധ പ്രവർത്തകരെ അറസ്റ്റു ചെയ്തിട്ടുണ്ട്. ഇതടക്കം ക്യൂബൻ ഭരണകൂടത്തിന്റെ ജനാധിപത്യ അവകാശ ധ്വംസന നടപടികൾക്കെതിരേ അമേരിക്കയിൽ കക്ഷി ഭേദമന്യേ പ്രതിഷേധം ശക്തമാണ്. മറുപക്ഷത്ത് ക്യൂബയിലേയ്ക്ക് അമേരിക്കയുടെ പിന്തുണയോടെ നടക്കുന്ന കമ്യൂണിസ്റ്റു വിരുദ്ധ റേഡിയോ, ടെലിവിഷൻ സംപ്രേക്ഷണത്തിനെതിരേ ക്യൂബൻ ഭരണകൂടത്തിനും വലിയ അതൃപ്തിയാണുള്ളത്. ക്യൂബൻ മണ്ണിൽ അമേരിക്കൻ നിയന്ത്രണത്തിലുള്ള ഗ്വണ്ടനാമോ ജയിലിനെച്ചൊല്ലിയും ക്യൂബക്ക് പ്രതിഷേധമുണ്ട്. എന്നാലിക്കാര്യം ചർച്ചാ വിഷയമേയല്ല എന്നതാണ് ഒബാമയുടെ നിലപാട്. പ്രസിഡണ്ട് കാസ്ട്രോയുമായുള്ള കൂടിക്കാഴ്ചക്കൊപ്പം സർക്കാർ വിരുദ്ധരുമായും ഒബാമ കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇതും കമ്യൂണിസ്റ്റു ഭരണകൂടത്തെ ചൊടിപ്പിച്ചിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും ഭാര്യ മിഷേൽ ഒബാമയ്ക്കും മക്കളായ മാലിയയ്ക്കും സാഷയ്ക്കുമൊപ്പമുള്ള അമേരിക്കൻ നായകന്റെ ദ്വിദിന ക്യൂബൻ സന്ദർശനം യു.എസ്-ക്യൂബ ചരിത്രത്തിന്റെ ഗതി ഗുണപരമായി മാറ്റുമെന്ന് ഉറപ്പ്.