ഭൂമിയും വസുധരയും

ഈരേഴു പതിനാല് ലോകങ്ങൾ ചേർന്ന ഈ പ്രപഞ്ചം അഥവാ ബ്രഹ്മാണ്ട ചരിതം അറിയുന്നതും പഠിക്കുന്നതും ആവശ്യമാണ്. അതേപ്പറ്റി കേട്ട് പഴക്കം വന്നതും പ്രചാരത്തിൽ ഉള്ളതുമായ വിചാരങ്ങളാണ് ഇന്നത്തെ സുകൃതചിന്തകൾക്കാധാരം. ഭൂമിക്ക് മുകളിലായി ആറ് ലോകങ്ങളും ഭൂമിക്കു താഴെയായി ഏഴു ലോകങ്ങളും. ഭൂമിക്കു താഴെയുള്ള ലോകങ്ങളെ പാതാള ലോകങ്ങൾ എന്ന് പറയുന്നു. അതലം, സുതലം, നിതലം, ഗതാസ്ഥലം, മഹാതലം, ശ്രിതലം, പാതാളം എന്നിങ്ങനെ. അതലത്തിനു കറുത്തിരുണ്ട നിറമാണ്. പിശാചുക്കൾ ഇവിടെ ആയിരം നഗരങ്ങൾ കെട്ടിപ്പടുത്തിരിക്കുന്നു. ഇവിടെ അവരുടെ സന്തത സഹചാരിയായി നാഗങ്ങളുമുണ്ട്. നാമൂകി, മഹാനാദൻ, ശങ്കുകർണ്ണൻ, കബന്ധൻ, നിഷ്കുലടൻ, ഭീമ രാക്ഷസൻ, ശൂലദന്തൻ, കലിംഗൻ, ശ്വാപാദൻ, ധനജ്ഞയൻ, മഹേന്ദ്രൻ എന്നിവരാണ് പ്രധാന ഭൂതങ്ങൾ. കാളിയ നാഗം, കുലിക നാഗം എന്നിവർ പ്രധാന നാഗങ്ങളും. അതലത്തെ പറ്റി ദേവീ ഭാഗവതത്തിൽ പറയുന്ന ഭാഗം ശ്രദ്ധിക്കാം.
പാതാളത്തിലെ ഒന്നാമത്തെ ലോകം അതലമാണ്. അവിടെ മയന്റെ പുത്രനും പ്രസിദ്ധനും മഹാ മായാവിയും അത്യന്തം ഗർവിഷ്ഠനുമായ ബലൻ വാഴുന്നു. ഇവാൻ സർവ്വാഭിഷ്ടങ്ങളെയും കൊടുക്കുവാൻ പ്രാപ്തിയുള്ള 96 മായകളെ സൃഷ്ടടിച്ചിട്ടുണ്ട്. മായ പ്രയോഗത്തിൽ താൽപ്പര്യത്തോട് കൂടിയ ചിലർ ഇന്നും 96 വിദ്യകളാൽ ചിലതെല്ലാം പഠിച്ച് പ്രയോഗിച്ച് വരുന്നു. അതി ബലവാന്മാരായ അവർ വാ തുറന്ന് കോട്ടുവാ ഇടുന്പോൾ പുംശ്ചലികൾ, സ്വൈരിണികൾ, കാമിനികൾ എന്നിങ്ങനെ മൂന്ന് സ്ത്രീ ഗണങ്ങൾ അവന്റെ വായിൽ നിന്നും പുറത്തിറങ്ങുന്നു. അതലത്തിൽ പ്രവേശിക്കുന്നവരെ എല്ലാം അനായാസേന വശീകരിച്ച് സ്വാധീനപ്പെടുത്തുവാനും അവരെ ക്രീഡ സുഖത്തിന് വേണ്ടി ബലിഷ്ഠരാക്കിത്തീർക്കുവാനും ബലന്റെ കൈയ്യിൽ ഹാലകം എന്ന് പേരോട് കൂടിയ ഒരു രാസായുധമുണ്ടത്രേ, അതിനാൽ അവരെ വശീകരിച്ചതിന് ശേഷം അവൻ മനം കവരുന്ന ലോലാപാംഗവീക്ഷണത്താൽ മന്ദഹാസത്തോടെ ആശ്ലേഷങ്ങളാലും അവരോട് കൂടി ക്രീഡിച്ച് അമിതമായ ആനന്ദം അനുഭവിച്ച് കൊണ്ടേയിരിക്കും.
സുതലം വിളറിയ ഭൂമി പോലെയാണ്. സുരക്ഷൻ, മഹാജംഭൻ, പ്രത്യായൻ, ഹയഗ്രീവൻ, കൃഷ്ണൻ, നികുംഭൻ, ശംഖൻ, ഗോമുഖൻ, നിളൻ, മേഘൻ, ക്രഥനൻ, കുരുപാദൻ, വഹോഷ്നിഷൻ തുടങ്ങിയ ഭൂതങ്ങളും− കംബാല നാഗം, ആശ്വതാരാ നാഗം, തക്ഷക സർപ്പം തുടങ്ങിയ സർപ്പങ്ങളും ഇവിടെയാണത്രെ.
മൂന്നാമത്തെ പാതാള ലോകമാണ് നിതലം. രക്ത നിറമാണ്ട ഭൂമി പോലെയാണ് ഇത് കാഴ്ച്ചയിൽ. പ്രഹ്ലാദൻ, അനുഹ്ലാദൻ, അഗ്നിമുഖൻ. ത്രിശിരൻ, ശിശു മാരൻ, താരകാഖ്യൻ, ച്യവനൻ, കുംഭിലൻ, ഖരൻ, വിരാധാൻ, ഉൽക്ക മുഖൻ തുടങ്ങിയ അസുരന്മാരും− ഹേമകൻ, ചാമരാകൻ, മണിമന്ധ്രൻ, കപിലൻ, നന്ദൻ, വിശാലൻ തുടങ്ങിയ സർപ്പങ്ങളും ഇവിടെയാണെന്ന് കരുതുന്നു.
ഗദാസ്തലം എന്ന പാതാള ലോകത്തിന് മഞ്ഞ നിറമാണ്. കാലനേമി, ഗജകർണൻ, കുജ്ഞരൻ, സുമാലി മുഞ്ജൻ, ലോകനാഥൻ, വൃകവണ്ധൻ തുടങ്ങിയ അസുരന്മാരും ഇവിടെയാണ്.
അഞ്ചാമത്തെ അധോലോകമാണ് മഹാതലം. ഇവിടം പഞ്ചസാര കൊണ്ട് നിറഞ്ഞ പ്രദേശമാണ്. വീരോചനൻ, വിദ്യംജ്ജിഹ്വൻ തുടങ്ങിയ അസുരന്മാരും കർമാരൻ, സ്വാസ്തികൻ, ജയൻ തുടങ്ങിയ നാഗങ്ങളും ഇവിടെ ജീവിക്കുന്നു.
ആറാമത്തെ അധോലോകമാണ് ശ്രിതലം− . വാസുകി എന്ന സർപ്പം ഇവിടെയാണ്. ദേവേന്ദ്രന്റെ ഉറ്റ സുഹൃത്ത് − വാസുകി−... ഈ ലോകം നിറയെ കല്ലുകളാണ്. കേസരി, സുപാർവാ, സുലോമ, മഹിഷൻ, ഉദ്ക്രോഷൻ തുടങ്ങിയ അസുരന്മാർ വസിക്കുന്നത് ഇവിടെയത്രേ.
അസുര രാജാവായ മഹാബലി വാഴുന്ന അധോലോകം എന്ന നിലയിൽ ഏഴാമത്തെ ലോകമായ പാതാളത്തിന് വലിയ പ്രാധാന്യമുണ്ട്. മുചുകുന്ദൻ എന്ന ദൈന്യനും ഇവിടെയാണ്. ആയിരം പത്തിയുള്ള അനന്ത സർപ്പത്തേയും ഇവിടെ കാണാം. അനന്തൻ അനശ്വരനാണ്. എല്ലാ സർപ്പങ്ങളുടെയും രാജാവ് കൂടിയാണ് അനന്തൻ. അന്പതു കോടി യോജന വിസ്തൃതിയിൽ കിടക്കുന്ന ഭൂമി. (ഭൂലോകം/ പൃഥ്വി) സുമേരു പർവ്വതമാണ് ഭൂമിയുടെ മദ്ധ്യത്തിൽ.
ഇനി വസുവിന്റെ കഥയാണ്. ഒരിക്കൽ ഇന്ദ്രനും മറ്റ് ദേവന്മാരും കൂടി ഒരു വലിയ യജ്ഞം നടത്താൻ തീരുമാനിച്ചു. ഇത് കുതിരകളെ ബലി കഴിച്ചുകൊണ്ടുള്ള ഒരു പ്രത്യേക യാഗമായിരുന്നു. ഈ യാഗത്തിൽ എല്ലാ മഹർഷിമാരും പങ്കെടുത്തു. ആയിരക്കണക്കിന് ജന്തുക്കളെയാണ് ഇവിടെ ബലി കഴിച്ചത്. ദേവന്മാരുടെ സാന്നിദ്ധ്യവും പുരോഹിതന്മാരുടെ സ്തുതി ഗീതങ്ങളും കൊണ്ട് യജ്ഞ ഭൂമി ശ്രദ്ധാർഹമായി. ഈ യജ്ഞത്തിൽ അനേകം മൃഗങ്ങൾ കൊല്ലപ്പെടുന്നത് കണ്ടപ്പോൾ മഹർഷിമാർക്ക് വലിയ മനഃപ്രയാസം തോന്നി. ബലി മൃഗങ്ങളോട് സഹതാപം തോന്നി. അവർ ഇന്ദ്രനോട് പറഞ്ഞു − 'പ്രഭോ, താങ്കളുടെ ഈ യജ്ഞത്തിൽ പങ്കെടുക്കുന്ന ഞങ്ങളെല്ലാവരും സന്തുഷ്ഠരല്ല. ഇത് ധർമ്മത്തിന് ഗുണകരമല്ലെന്നാണ് ഞങ്ങൾക്ക് തോന്നുന്നത്. ഇത്രയധികം മൃഗങ്ങളെ നിർദ്ദയം കൊന്ന് കൂട്ടുന്നതിന് എന്ത് ധാർമ്മികതയാണ്? ഇത് ഒരു തരം പാപമല്ലേ? അഹിംസയിൽ അധിഷ്ഠിതമാകേണ്ടാതല്ലേ യാഗവും യാഗ ഭൂമിയും.'
സംശയ നിവർത്തിക്കായി മഹർഷിമാർ ദേവേന്ദ്രനോട് ആരാഞ്ഞു. കണക്കിലേറെ ജന്തുക്കളെ കൊന്നു തള്ളുന്നത് ധർമ്മമോ അധർമ്മമോ? ദേവന്മാരും മഹർഷിമാരും തമ്മിൽ തർക്കമായി. രണ്ടു കൂട്ടർക്കും ഉചിതമായ പരിഹാരം കണ്ടെത്താൻ കഴിഞ്ഞില്ല. തർക്കം പരിഹരിക്കുന്നതിന് മധ്യവർത്തിയായി ഉപരിചരവസു നിയോഗിക്കപ്പെട്ടു. ഇന്ദ്രന്റെ ഉപദേശമനുസരിച്ച് ആശ്രമം സ്ഥാപിച്ച് തപസ്സ് തുടങ്ങി. തപ ശക്തി വർദ്ധിച്ചു വന്നു. ഇന്ദ്രൻ പ്രത്യക്ഷപ്പെട്ട് ഒരു വിമാനം ദാനം ചെയ്തു. വസു ആ വിമാനത്തിൽ കയറി പലപ്പോഴും യാമ സഞ്ചാരം നടത്താറുണ്ടായിരുന്നു. അതിനാൽ അദ്ദേഹത്തിന് ഉപരിചരവസു എന്ന പേരും ഉണ്ടായി.
വസു സത്യവാദിയയിരുന്നതിനാൽ ജന്തു ബലി വിഹിതമോ അവിഹിതമോ എന്നതിനെപ്പറ്റി ഒരു തീരുമാനത്തിൽ എത്തുമെന്ന് അവർ വിചാരിച്ചു. യജ്ഞത്തെ സംബന്ധിച്ച് ഉത്താനപാദനിൽ നിന്നും വളരെ അധികം കാര്യങ്ങൾ മനസ്സിലാക്കിയ വസുവിന് ഇതിന് ആവശ്യമായ പരിഹാരം നിർദ്ദേശിക്കാൻ കഴിയുമെന്ന് എല്ലാവരും കരുതി. ദേവേന്ദ്രന്റെ ഉറ്റ സുഹൃത്തായ ഉപരിചരവസു പശു ഉൾപ്പെടെയുള്ള ജന്തുക്കളെ വധിക്കുന്നതിനോട് അനുകൂലമായി സ്വാഭിപ്രായം രേഖപ്പെടുത്തി. യാഗത്തിൽ ജന്തു ബലി സ്വീകാര്യമാണെന്ന് അദ്ദേഹം സ്ഥാപിച്ചു. പക്ഷേ ഭേദചിന്തയോടെ, സുഹൃത്തിനനുകൂലമായി തീർപ്പ് നടത്തുകയാണ് വസു ചെയ്ത നടപടി. വസു കള്ളം പറയുകയാണെന്ന് മഹർഷിമാർക്ക് ബോദ്ധ്യമായി. അമർഷം പൂണ്ട മഹർഷിമാർ ഉപരിചരവസുവിനെ ശപിച്ച് പാതാള ലോകത്തേക്ക് അയച്ചു. വസു പാതാള ലോകത്തിൽ കഴിയാൻ ഇട വന്നത് ഇങ്ങനെയാണ്.
ദേവന്മാർ യജ്ഞത്തിൽ ശുദ്ധീകരിച്ച നെയ്യ് വസുവിനു വേണ്ടി പ്രത്യേകം നീക്കിവെയ്ക്കപ്പെട്ട രീതിയിൽ നിവേദിക്കുന്നു. ശുദ്ധീകരിച്ച നെയ്യ് വസുവാകുന്നു. ധരയെന്നാൽ പ്രവാഹമെന്നർത്ഥം. വസു പാതാളത്തിലാണ് വസിക്കുന്നത് എങ്കിലും ശുദ്ധീകൃത ഘൃതം ഭൂമിയിലൂടെ പാതാളത്തിലേക്ക് പ്രവഹിക്കുന്നു. അങ്ങിനെയാണ് ഭൂമിയുടെ പര്യായമായി വസു ധര മാറിയത്. ചിന്തനീയമായ ഒരു പാഠഭാഗം.