വിജയദശമി നാളിൽ
ആദിപരാശക്തിയായ അമ്മയുടെ ത്രിഗുണ ഭാവങ്ങളെ ദുർഗ്ഗ, ലക്ഷ്മി, സരസ്വതി രൂപ
ത്തിൽ ചിന്തിച്ച് കണ്ട് ഭയ, ഭക്തിപുരസ്സരം നമിക്കുന്ന നവരാത്രികൾ. ഇന്ന് വിജയദശമി, അഷ്ടമിയും നവമിയും ദശമിയും. പഴയകാലത്തെന്നല്ല ഇന്നും ഇന്ത്യയിലെ പലഭാഗത്തും നവരാത്രികൾ അതിന്റെ ഗാംഭീര്യം ചോർന്നു പോകാതെ ആഘോഷിക്കുന്പോൾ എന്തിലും മുൻപിൽ എന്നഭിമാനിക്കുന്ന മലയാളികളിൽ ചിലരെങ്കിലും അതിലും ലോപം കണ്ടെത്തി ഒന്പതിനെ മൂന്നിലൊതുക്കി നവരാത്രികൾ ആഘോഷിക്കുന്നു.
പുരാണകാലത്ത് അമ്മയും അച്ഛനും അരുമയായ മക്കളെ ഗുരുകുലത്തിൽ കൊണ്ട് ചെന്ന്
ഗുരുവിന്റെ കൈകൊണ്ട് സ്വർണ്ണ മോതിരത്തിന്റെ പിടിയിൽ ഹരിശ്രീ ഗണപതയേ നമ: എന്ന് അരിയിലും കുഞ്ഞിന്റെ നാവിലും എഴുതിവച്ച് കുഞ്ഞിനെ കൊണ്ട് ചൊല്ലിച്ചു വരുന്ന സന്പ്രദായങ്ങളിൽ മാറ്റം വരുത്തി സൗകര്യപൂർവ്വം അതും കച്ചവടമാക്കി എഴുത്ത് കേന്ദ്രങ്ങൾ നാടെന്പാടും തുടങ്ങി നവരാത്രിയുടെ അവസാന ദിവസം വിജയദശമി നാളിൽ വിദ്യാരംഭം കുറിക്കുവാൻ തുടങ്ങി. ഗുരുനാഥൻ എന്ന സങ്കൽപ്പത്തിൽ അല്പ
സ്വല്പമെല്ലാം വെള്ളം ചേർത്ത് അങ്ങനെയും ആകാം എന്ന് വരുത്തി തീർക്കുന്നു. നല്ലതാണ്, നന്മയാണല്ലോ ലക്ഷ്യമിടുന്നത്. സൃഷ്ടികർത്താവായ ബ്രഹ്മാവിന്റെ മുഖത്തു വിലയം പ്രാപിച്ച അറിവിന്റെ കേദാരമായ ദുർഗ്ഗാ ഭഗവതിയെ നവരാത്രിയുടെ ആദ്യ മൂന്നു ദിവസങ്ങളിലും പിന്നീടുള്ള മൂന്നു ദിവസങ്ങളിൽ സ്ഥിതിയുടെ കാരകനായ മഹാവിഷ്ണുവിന്റെ ഹൃദയത്തിൽ കുടികൊള്ളുന്ന ലക്ഷ്മി ഭഗവതിയെയും ബാക്കി വരുന്ന മൂന്നു ദിവസങ്ങളിൽ ശ്രീ പരമേശ്വരന്റെ വാമഭാഗമായ അർദ്ധനാരീശ്വര രൂപത്തെ സരസ്വതി ഭാവത്തിലും പൂജിച്ചു വരുന്നു. സൃഷ്ടി, സ്ഥിതി, ലയകാരകന്മാരായ ബ്രഹ്മാവ്, വിഷ്ണു, മഹേശ്വരന്മാരുടെ അനുഗ്രഹത്തിന് ദുർഗ്ഗാ, ലക്ഷ്മി, സരസ്വതി ദേവികളുടെ ആശ്രയത്വത്തിനും വേണ്ടി പ്രാർത്ഥിക്കുന്ന ഒന്പത് ദിവസങ്ങൾ.
നവരാത്രികൾ എന്നതുകൊണ്ട് വിവക്ഷിക്കുന്പോൾ എല്ലാ പുതിയത് എന്ന ലക്ഷ്യവും അതിന്റെ പിന്നിലുണ്ട് എന്ന് അറിയുന്നത് നല്ലത്. ഇനിയും ഒരു വർഷം ആരംഭിക്കുന്നത് പുതുതായി തുടങ്ങട്ടെ, അത് നന്മ ചൊരിയുന്നതാകട്ടെ എന്ന് മനസിലാക്കാൻ പറ്റും. നാളിതുവരെ ചെയ്തിട്ടുള്ള അബദ്ധങ്ങളെ മനസ്സിലെ കൽമഷങ്ങളെ കഴുകിക്കളഞ്ഞ് മഹിഷാസുര മർദ്ദിനിയായ മൂകാംബികയെ നമിക്കുവാൻ കിട്ടുന്ന നവരാത്രികൾ എത്രയോ ധന്യമാണ്. ആസുരിക ഭാവത്തെ ഇല്ലായ്മ ചെയ്തു നല്ല മനുഷ്യനെ വാർത്തെടുക്കാൻ പര്യാപ്തമാക്കണേ എന്നതാണ് നവരാത്രി നൽകുന്ന സന്ദേശം. അവിടെ അജ്ഞതയിൽ നിന്നും അറിവിലേക്ക് നയിക്കുവാൻ വിദ്യ ആർജിക്കുവാൻ ആരംഭിക്കുന്ന ദിവസങ്ങൾ. ആ വിദ്യയുടെ മേലും അഹങ്കാരത്തിന്റെ മേലും വിജയം ഭവിക്കുവാൻ ആഗ്രഹിക്കുന്ന സുമനസ്സുകൾക്ക് നവരാത്രി ദിവസങ്ങൾ നവം നവങ്ങളാണ്.
ഇന്ന് നമ്മൾ അറിയാതെ പറഞ്ഞു പോകുന്ന ഒരു കാര്യമുണ്ട്. നവരാത്രി ദിവസങ്ങൾ പഠിക്കാതെ, അഥവാ പുസ്‌തകം പൂജയ്ക്ക് വച്ചാൽ പിന്നെ നവരാത്രി കഴിയും വരെ പഠിക്കേണ്ടതില്ലല്ലോ എന്ന്. എന്നാൽ ഗ്രന്ഥം പൂജയ്ക്ക് വെക്കുന്നത് പഠിക്കാതിരിക്കാനല്ല. ദേവീഭാവത്തിലുള്ള ദുർഗ്ഗാ, ലക്ഷ്മി, സരസ്വതി യുടെ പ്രീതിക്കായാണ് ഗ്രന്ഥങ്ങൾ പണിയായുധങ്ങൾ ഒക്കെ പൂജയ്ക്ക് വെക്കുന്നത്. അതിൽ പുതിയ ഓജസ്സും ശ്രേയസ്സും വിദ്യയും നിറഞ്ഞ് കനിഞ്ഞ് അനുഗ്രഹിക്കപ്പെടണമേ എന്ന പ്രാർത്ഥന
യോടെയാണ്. നവം നവങ്ങളായ അറിവിന്റെ ലോകത്തേക്ക് കൊണ്ടെത്തിക്കുവാനുള്ള അർച്ചനയുടെ, അഭ്യർത്ഥനയുടെ, അപേക്ഷയുടെ ദിവസങ്ങളാണ് നവരാത്രി ദിനങ്ങൾ. അങ്ങനെ തന്നെ ഗൗരവത്തിൽ കാണേണ്ടതാണ് ആ ദിനങ്ങൾ. ഇന്ന് എത്രപേർ നവരാത്രി ദിവസങ്ങളെ ആ അർത്ഥത്തിൽ കാണുന്നുണ്ട്? ചിന്തിക്കേണ്ട
താണ് ആ വിഷയം.
മനുഷ്യനു മാത്രം ലഭിച്ചിട്ടുള്ള വിശേഷപ്പെട്ട ഒരു സിദ്ധിയാണ് വിശേഷബുദ്ധി, വകതിരിവ്. നമുക്ക് മാത്രമേ വിവേകത്തോടെ ബുദ്ധിയെ പ്രയോഗിക്കുവാനുള്ള അനുഗ്രഹം വരമായി ലഭിച്ചിട്ടുള്ളൂ. വിവേകികളും അവിവേകികളും മനു
ഷ്യരിൽ മാത്രമാണ് ഉള്ളത്. അവിവേകികൾ ആകുന്നതല്ല. പല കാരണങ്ങളാലും സാഹചര്യങ്ങളെ വേണമെങ്കിൽ പഴി പറഞ്ഞ് രക്ഷപ്പെടാം എന്നത് മറ്റൊരു വസ്തുത. അങ്ങനെ അത് സംഭവിച്ചത് അവിവേകം കൊണ്ടാണെന്നു സമാധാനിക്കുകയും ചെയ്യാം. എല്ലാം ഉപാധിയിൽ ഒതുങ്ങുന്ന ജീവിത സംസ്കാരത്തിന് ഉടമകളായി കൊണ്ടിരിക്കുന്ന കാലത്ത് നമുക്ക് അങ്ങനെയൊക്കെ അല്ലെ സമാധാനിക്കുവാൻ പറ്റൂ. നെറ്റിനുള്ളിൽ കുടുങ്ങിയ എട്ടുകാലിക്ക് പുറത്തു കടക്കുക പ്രയാസമാണല്ലോ അതുമാത്രമല്ല സർവ്വ ലോകവും തൻ കാൽകീഴിലാണത്രെ എന്ന ഭാവം കൂടി വന്നാലെന്തു ചെയ്യും. അത് മാറണം, മാറ്റണം. അഹംഭാവവും അഹംങ്കാരവും മാറ്റണം. തന്നിലുള്ള അജ്ഞതയെ മാറ്റണം. ഇരുട്ടിനെ മാറ്റണം. ജ്ഞാനത്തെ ലഭ്യമാക്കണം. അറിവിനെ കൂട്ടണം. അതിനു വിദ്യ വേണം. അപ്പോഴാണ് മനുഷ്യൻ അന്വേഷിയാകുന്നത്. ആ അന്വേഷണത്തിൽ ഒരു കാര്യം വ്യക്തമായും
മനസിലാക്കുന്നു. അറിവാണ് ആയുധമെന്ന്. അക്ഷരം അഗ്നിയാണെന്നും അറിവ് ആയുധമാണെന്നും മനസിലാക്കാൻ കഴിഞ്ഞാൽ അറിവ് ലഭിക്കുന്നത് എവിടെ നിന്ന് എന്ന അന്വേഷണം തുടങ്ങും. അവിദ്യയുടെ മേലെ വിജയം കണ്ടെത്തുന്ന വിദ്യാദേവതയെ പൂജിക്കുവാൻ തുടങ്ങും. അതുതന്നെയാണ് വിജയദശമി. അറിവുകേടിന്റെയും അജ്ഞതയുടെയും ഇരുൾ മൂടലിൽ നിന്നും അറിവിന്റെ അക്ഷരത്തിന്റെ വാതായനങ്ങൾ തുറന്നിടുക, വായാനാശീലം അത് വഴി കൈവശപ്പെടുത്താം. അപ്പോൾ ചൊല്ലി പഠിച്ച പാഠഭാഗം വീണ്ടും ഓർമ്മയിൽ വരും.
“വിത്തമെന്തിനു മർത്ത്യർക്ക്
വിദ്യ കൈവശമാകുകിൽ
വെണ്ണയുണ്ടെങ്കിൽ നറുനെയ്
വേറിട്ടു കരുതേണമോ?”
പകർത്തെഴുതി പഠിച്ച വാക്യത്തിന്റെ പ്രസക്തി കൂടും. വിലയും നിലയും കൂടും. “വിദ്യാധനം സർവ്വധനാൽ പ്രധാനം” നമ്മുടെ കുട്ടികളെ ആ കാര്യം മനസ്സിൽ പതിപ്പിക്കാൻ കഴിയണം. അവരതു പഠിച്ചാൽ നവരാത്രികളുടെ പ്രസക്തിയും കൂടും. നന്മ ചെയ്തു വളരാൻ അത് പ്രേരക ശക്തിയാകും. നമുക്ക് അതിനു വേണ്ടി ഒത്തൊരുമിച്ച് ശ്രമിച്ചു കൂടെ?