“ഒരു സംഗീതം പോലെ”


വീണ്ടും ഒരു തിരഞ്ഞെടുപ്പ്. ഗ്രാമതലം തൊട്ട് വികസന ബ്ലോക്കുകളിലേക്ക്. ജില്ലാ പഞ്ചായത്തുകളിലേക്കും സംസ്ഥാന നിയമ സഭയിലേക്കൊഴികെ കോർപ്പറേഷനുകളിലെക്കും മുൻസിപ്പാലിറ്റികളിലേക്കും പുതിയ ഭരണാധികാരികളെ കണ്ടു പിടിച്ച് ഭരണഭാരം ഏൽപ്പിക്കുവാനുള്ള കൊണ്ട്പിടിച്ച ശ്രമങ്ങൾ തുടങ്ങിയതേയുള്ളു. ഇനി രണ്ടാഴ്ച അതിന്റെ തിരക്കിലായിരിക്കും ചിലരെങ്കിലും. ഏതായാലും മുഴുവൻ പേർക്കും താൽപര്യമുണ്ടാകുന്ന ഒരു തിരഞ്ഞെടുപ്പ് തരംഗം ഒന്നും വീശാൻ പോകുന്നില്ല. അതേകുറിച്ച് ചിന്തിച്ചപ്പോഴാണ് ഒ.എൻ.വി കുറുപ്പിന്റെ “ഒരു സംഗീതം പോലെ” വീണ്ടും വായിക്കുവാൻ അവസരം കിട്ടിയത്. അത് വായിച്ചപ്പോൾ തോന്നി ഇത് പറ്റിയ സന്ദർഭം തന്നെ എന്നു. മോഹഭംഗത്തിനടിമപ്പെടുന്ന മഹാജനങ്ങളെ ജനാധിപത്യത്തിന്റെ കാവലാളായി കടന്നു വരുന്നവർ ആരായാലും അവർ ആരുടെ മേലെയാണ് ആധിപത്യം സ്ഥാപിച്ചു വരുന്നതും സ്ഥാപിക്കാൻ പോകുന്നതും, എന്തിനാണ് ജനത്തെ വല്ലാതെയങ്ങ് നന്നാക്കാൻ ഇത്രയധികം പാടുപെടുന്നതും ചിന്തിക്കണം. കവിതയിൽ ഒ.എൻ.വിയും ചോദിക്കുന്നത് മറ്റൊന്നല്ല. 

നിസ്വരായ് പിറന്നതൻ പ്രിയ മക്കളെയൊർത്ത്, നിത്യവും 

പായാരങ്ങൾ പറയുമൊരമ്മതൻ, പതിഞ്ഞ 

വിലാപം പോൽ തൊട്ടു പിന്നിലായ് കടൽ;

വിടവാങ്ങുന്ന പകൽ; വറ്റി വറ്റിപ്പോം വെയിൽ, 

ഒരു ഭീകര വന്യ ജന്തു വായ് പിളർത്തും പോൽ 

തൊഴിൽ ശാലതൻ ഗേറ്റ് മലർക്കെ തുറക്കുന്നു 

നീരൂറ്റി വെറും കരിഞ്ചണ്ടിയേറ്റിയ പോലെ 

നീളുന്ന പണിക്കാർ തൻ ഇരുണ്ട നിഴൽ നിര 

തിടുക്കം ചിലർക്കൊരു കോപ്പ മോന്തുവാൻ, 

ചീട്ട് കളിക്കാൻ, വഴക്കിടാൻ, ചങ്ങാതി 

തോൽക്കെ, കാതിൽ കുണുക്കിടീക്കാൻ 

പേക്കിനാക്കളൊത്തുറങ്ങുവാൻ, ചിലർക്കു 

തൻ മക്കൾ തൻ മയങ്ങു മുഖവും പാർത്തിരി−

ക്കാൻ, അരിവെന്ത വെള്ളത്തിൻ ഗന്ധം 

പുരയ്ക്കകത്ത് നിറയുന്ന നല്ല കാലത്തിൻ 

സ്വപ്നം മുകർന്നു മയങ്ങുവാൻ! ഒക്കെയും 

തിടുക്കങ്ങൾ! ഒട്ടു പേരവരിൽ നിന്നൊട്ടുപേർ 

പിരിയാതെ ഒത്തു കൂടുന്നു വഴിയോരത്തെ 

പുറം പോക്കിൽ മെലിഞ്ഞു കറുത്തേറെ 

തിളങ്ങും കണ്ണുള്ളോരാൾ, മുഷിഞ്ഞ വസ്ത്രം,

ഏറെ മുഴക്കമോലും ശബ്ദം − ഒരു പൂവരശിൽ 

ചോട്ടിൽ നിന്നയാളോതും മൊഴികളൊരു 

തുയിലുണർത്തായ് മാറീടുന്നു.

തങ്ങളെക്കുറിച്ചെന്തോ പുതുതായറിയുന്നു 

തങ്ങളും മനുഷ്യരാണെന്നവരറിയുന്നു 

എന്തിനീയില്ലായ്മ വല്ലായ്മകൾ, ദുരിതങ്ങൾ?

എന്തിനീയടിമത്തം? അന്നവും സ്വാതന്ത്ര്യവും 

ആരുമാർക്കുമേ നൽകും ദാനമല്ലൗദാര്യമ −

ല്ലായതീ മണ്ണിൽ പിറന്നോർക്കെഴുമവകാശം!

ഒടുവിലവർ കേൾപ്പൂ നീറുന്നോരാത്മാക്കളിൽ 

തൊടും പോൽ തൊട്ടുണർത്തും മന്ത്രം പോലൊരു ശബ്ദം −

നഷ്ടമാകുവാൻ നിങ്ങൾക്കീ വിലങ്ങുകൾ മാത്രം 

കിട്ടുവാനൊരു ലോകം!

ആദ്യമായതു കേൾക്കെ, ആടിക്കാറുകൾ 

പെയ്തിറങ്ങിയോ? ഇരുന്പഴിക്കൂടുകൾ 

തകർത്തേതോ പക്ഷികൾ പറന്നുവോ?

ഇരുളും മനസ്സിന്റെ ഇടനാഴിയിൽ വാക്കും −

പൊരുളുമൊന്നിച്ചൊരു വിളക്ക് തെളിച്ചുവോ?

മണ്ണു കോരുവാൻ പലേതട്ടെഴുമരിപ്പമേൽ 

മണ്ണരിച്ചതിൽ നിന്നുമീ ഗ്രാമത്തിന്റെ 

കണ്ണീരിൻ ചിരി പോലാം ലോഹത്തിൻ തരികളെ 

പൊന്നിലും പൊന്നേപ്പോലെ വേർതിരിച്ചെടുത്തതിൻ 

വൻചുവടുകൾ കപ്പൽ പള്ളയിൽ കയറ്റുന്പോൾ 

തൻ ചുമൽ പൊട്ടും ഭാരം ചുമന്നു തളരുവോർ 

കൊറ്റിൻ വകയ്ക്കായി− പ്പണിവോർ, ക്ഷയം, ശ്വാസം 

മുട്ടു മറ്റാദായമായ് നേടി മണ്ണടിയുവോർ 

കുറ്റനാമീ ഗേറ്റിലൂടെത്ര മേലോഴുകിപ്പോയ്!

കൂട്ടത്തിലാരോ ചൊല്ലിക്കേൾക്കയായതേ ശബ്ദം −

‘നഷ്ടമാകുവാൻ നിങ്ങൾക്കീ വിലങ്ങുകൾ മാത്രം 

കിട്ടുവാനൊരു ലോകം!’ മാറ്റൊലി മുഴങ്ങുന്നു. 

ചക്രവാളങ്ങൾ കടന്നെത്തീടും ദേശാടന 

പക്ഷികൾ വിലങ്ങുകൾ നഷ്ടമായോരെപ്പറ്റി,

നേട്ടമായൊരു ലോകം കൈവരിച്ചൊരെപ്പറ്റി 

ചേർത്തു മണ്ടനെ പാടിയീവഴി പറന്നുപോയ് 

തങ്ങൾ നട്ടതാം വാഴ കുലയും പഴുത്തപ്പോൾ 

ജന്മി വന്നതു വെട്ടിക്കൊണ്ട് പോവതു കാൺകെ,

തങ്ങൾ തൻ പൊന്നാര്യനും മറ്റാരാൻ കൊയ്തേറ്റവെ 

മുന്നേ നാമധികാരം കൊയ്യണമെന്നോർക്കവേ 

തപ്താശ്രു സമുദ്രത്തിൻ തീരത്തു സ്വാതന്ത്ര്യത്തിൽ 

ഉപ്പുവാരുവാൻ കരിനിയമം ലംഘിക്കവേ 

സ്വന്തമായ് പണിചെയ്യാൻ തല ചായ്ക്കുവാനൊരു 

തുണ്ട് ഭൂമിക്കായ് തുല്ല്യ ദുഃഖിതരൊന്നിക്കവെ 

വിശന്നു മരിക്കുന്ന വിധിയെ തിരുത്തുവാൻ 

വിരിമാർ കാട്ടി പീരങ്കികളോടെതിർക്കവേ,

നിർഭയ മനസ്സോടെ നിവർന്നു നിന്നേ പാടീ 

‘നഷ്ടമാകുവാൻ നിങ്ങൾക്കീ വിലങ്ങുകൾ മാത്രം 

കിട്ടുവാനൊരു ലോകം!’

കടലിലുണ്ടായ് വേലിയേറ്റങ്ങളിറക്കങ്ങൾ 

ഇടവിട്ടെത്തീ വീണ്ടും മഴയും മഞ്ഞും വെയിലും 

നന്മകളുടെ വൃദ്ധിക്ഷയങ്ങളൊന്നിനുപിൻ 

പൊന്നായി ശുക്ല ശ്യാമ പക്ഷങ്ങൾ രചിച്ചു പോയ് 

പട്ടയം ലഭിച്ചിട്ടും വിത്തിട്ടു വിള കൊയ്യാൻ 

പറ്റാത്ത കുടിയേറ്റ കൃഷിക്കാരെ പോൽ ചിലർ 

അന്പതു വയസ്സായ ഭാരതസ്വാതന്ത്ര്യത്തിൻ 

വന്പുകളൊരു ബോംബു പൊട്ടിച്ചാഘോഷിക്കുന്നു 

വറ്റിയ പുഴപോലെ ശുഷ്ക്കമാം നിലം പോലെ 

ശുദ്ധ ശൂന്യമായ് തീർന്ന വാഴ്വിന്റെ മുഖം നോക്കി 

ഇരന്പും കബോളമായ് മാറിയ വഴിയോര 

ത്തിനിയുമുണങ്ങാത്ത പൂവരശിതിൻ കൊന്പിൽ 

ഒരു സ്വപ്നത്തിന്റെ ചിതാഗ്നിയിൽ നിന്നുയർത്തീടും 

ഒരു പക്ഷി വന്നിരുന്നുറക്കെപ്പാടും പോലെ,

ഒരു സംഗീതം പോലെ നെഞ്ചിൻ കൂട്ടിൽ നിന്നാരോ

ഒരു ചെന്പോലച്ചുരുൾ നിവർത്തി വായിക്കും പോലെ, 

മുഴങ്ങിക്കേൾപ്പൂ വീണ്ടുംമീ ശബ്ദം,

‘നഷ്ടമാകുവാൻ നിങ്ങൾക്കീ വിലങ്ങുകൾ മാത്രം 

കിട്ടുവാനൊരു ലോകം!’

എത്ര ശരിയാണ്. കവിഭാവനയ്ക്കൊപ്പം ചിന്തിക്കുന്പോൾ എഴുതി തീർന്നാലും ചൊല്ലി തീർന്നാലും നമ്മളിന്നുമാ ലോകത്തല്ലേ. കിട്ടുവാനുള്ള സ്വപ്ന ലോകത്തിൽ. അത് കരഗതമാക്കാൻ ബന്ധപ്പെടുന്നവർ അറിയുന്നുണ്ടോ അടിമ ഭാരതത്തിനു മോചനം ലഭിച്ചത് “അന്നവും സ്വാതന്ത്ര്യവും ആരുമാർക്കുമേ നൽകും ദാനമല്ലൗദാര്യമല്ലാതീ മണ്ണിൽ പിറന്നോർക്കെഴുമവകാശമാണ്” എന്ന്. ചിന്തിക്കണം ആ ബോധത്തിൽ പ്രവർത്തിക്കണം.

You might also like

Most Viewed