കഥയിലെ കാര്യം


കാലാകാലങ്ങളായി കേട്ട് പഠിച്ച ഒരു കഥ, കണ്ണ് കാണാത്തവൻ ആനയെ കാണാൻ പോയ കഥ. കഥ ഇങ്ങനെ തുടങ്ങുന്നു. 

അഞ്ചു കുരുടന്മാർ കൂടി അത്രയും കാലം കേട്ടിട്ടേയുണ്ടായിരുന്നുള്ളൂ ആനയെ കുറിച്ച്. എന്നാൽ കേൾവിയിൽ കേട്ട ആനയെ കണ്ടു കളയാമെന്ന കുരുടന്മാർ കരുതി യാത്ര തിരിച്ചു. അവർ യാത്രചെയ്തു ആനയുള്ള സ്ഥലത്തെത്തി. അവർ കാണാത്ത ആനയുടെ ചുറ്റും കൂടി, ഒരാൾ കാലിന്റെ അടുത്ത് ചെന്നു. അയാൾ കാലു മുഴുവൻ തപ്പി തടവി നോക്കി. രണ്ടാമത്തെ ആളിന് വാലാണ് കൈയ്യിൽ തടഞ്ഞത്. മൂന്നാമത്തെ ആൾക്ക് ചെവി പിടിക്കാൻ കിട്ടി. നാലാമനു കിട്ടിയത് കൊന്പാണ്. അഞ്ചാമത്തെ ആൾക്ക് തുന്പിക്കൈയുമാണ് തപ്പി നോക്കാൻ കിട്ടിയത്. മതിയാകും വരെ അവർ ആനയുടെ വിവിധഭാഗങ്ങൾ തപ്പി തപ്പി തൃപ്തിയടഞ്ഞു. അവസാനം അവർ തിരികെ നട കൊണ്ടു. നടത്തത്തിനിടയിൽ ഓരോ അഭിപ്രായ പ്രകടനവും അവർ നടത്തിക്കൊണ്ടേയിരുന്നു. ആദ്യത്തെ ആൾ പറഞ്ഞു ആന ഒരു തൂണു പോലെയാണെന്ന്. രണ്ടാമത്തെ ആൾ അൽപ്പം പരിഹാസത്തോടെ പറഞ്ഞു, നിങ്ങൾ പറഞ്ഞത് ശരിയല്ല. ആനയ്ക്ക് തൂണിന്റെ അത്ര വണ്ണമില്ല. അത് ഒരു ചൂലു പോലെയാണ്.

മൂന്നാമൻ എല്ലാവരോടുമായി പറഞ്ഞു, മൂഢത്തം വിളന്പാതെ ആന ശരിക്കും ഒരു മുറം പോലെയാണ്. ഞാൻ തൊട്ടുനോക്കി മനസിലാക്കിയതല്ലേ? നിങ്ങൾ അങ്ങനെ ചെയ്തിരിക്കില്ല. അതുകൊണ്ടുതന്നെ നിങ്ങൾക്ക് ആനയെ അറിയാൻ കഴിയില്ല. അൽപം വീരസ്യം നടിച്ചു നാലാമൻ പറഞ്ഞു. നിങ്ങൾ മൂന്നു പേരും പറഞ്ഞതല്ല ശരി. ആന ഒരു കുന്തം പോലെയാണ്. അയാൾ വിശദീകരിച്ചു. അത് കേൾക്കേ അഞ്ചാമനു ഒട്ടും തൃപ്തിയായില്ല എന്ന് മാത്രമല്ല ഒരൽപം കാര്യബോധത്തോടെ പറഞ്ഞു. നിങ്ങൾ നാലു പേരും പറഞ്ഞതിലും കാര്യമില്ലാതില്ല. പക്ഷെ കഴന്പില്ല. എന്തോ എവിടെയോ തൊട്ടു എന്നല്ലാതെ പൂർണ്ണമായി ആനയെ മനസിലാക്കിയവൻ ഞാനാണ്. അയാൾ പറഞ്ഞു ആന ഒരു ഉലക്ക പോലെയാണ്. അയാൾ ഒട്ടും വിട്ടുകൊടുക്കാതെ ഉറപ്പിച്ചു പറഞ്ഞു. അതും ഉച്ചത്തിൽ തന്നെ. ഉലക്ക പോലെയാണ് ആന.

അഭിപ്രായം പറയാൻ എളുപ്പമാണല്ലോ. അഭിപ്രായം ഇരുന്പുലക്ക പോലെയാണ് എന്ന് പഴമക്കാർ പറയാറില്ലേ? എത്ര സത്യം വ്യത്യസ്തം അഭിപ്രായ പ്രകടനം നടത്തിയ അവർക്ക് തീരെ തൃപ്തിയായില്ല എന്ന് മാത്രമല്ല, അവർ തർക്കുത്തരം പറയാനും അത് വൻ വഴക്കിലേക്കും വഴക്ക് തമ്മിൽ തല്ലിലേക്കും  എത്തി. ആ അവസരം അതുവഴി വന്ന ആളിന് പ്രശ്ന പരിഹാരത്തിന് മധ്യസ്തം പറഞ്ഞു അവരെ പഴയ പോലെ സുഹൃത്തുക്കൾ ആക്കി മാറ്റാതെ വയ്യ എന്നായി. 

മധ്യസ്ഥൻ അഞ്ചു പേരോടുമായി ചോദിച്ചു, നിങ്ങൾ എന്തിനു വേണ്ടിയാണ് ഇങ്ങനെ വഴക്കടിക്കുന്നത്? എന്തായാലും നമുക്ക് പ്രശ്നം പറഞ്ഞു തീർക്കാം. ഇങ്ങനെ തമ്മിൽ തല്ലി പിരിയുന്നതിലും ഭേദം അതല്ലേ. അതുകൊണ്ട് വിഷയം എന്നോട് പറയു. മധ്യസ്ഥൻ അവരുടെ മധ്യത്തിലായി നിന്ന് പറഞ്ഞു നിങ്ങൾ അഞ്ചു പേരും പറഞ്ഞത് ശരിയാണ്. പക്ഷെ അതല്ലാതെ നിങ്ങൾ മനസിലാക്കാതെ പോയ ചിലകാര്യങ്ങൾ കൂടിയുണ്ട്. അത് കൂടി മനസ്സിലാക്കൂ. എന്നിട്ട് അവ്യക്തമായ രൂപത്തോട് കൂടിയുള്ള ആനയെ വിട്ട് വ്യക്തമായ ആന ഏതെന്നു മനസിലാക്കൂ. 

നിങ്ങൾ ഓരോരുത്തരും ആനയുടെ ഓരോ അവയവങ്ങളെ കണ്ടുള്ളൂ. 
നിങ്ങൾ കാണാതെ പോയ കാതലായ മറ്റു ഭാഗങ്ങൾ കൂടിയുണ്ട്. നിങ്ങൾ ആനയുടെ ഉടൽ സ്പർശിച്ചിട്ടേയില്ല. അതുപോലെ തന്നെ നിങ്ങൾ ആനയുടെ മസ്തിഷ്കമുൾക്കൊള്ളുന്ന തലഭാഗം തോട്ടിട്ടെയില്ല. ഉടലും തലയും അത്ര വലിപ്പമുണ്ടായിട്ടും സ്പർശിക്കാതെ പോയ നിങ്ങൾ മനസിലാക്കിയ ആനയുടെ രൂപത്തിൽ അഭിപ്രായ പ്രകടനം നടത്തി തമ്മിൽ തല്ലി പിരിയേണ്ടുന്നവരാണോ സുഹൃത്തുക്കളായ നിങ്ങൾ. ഒന്ന് ആലോചിക്കൂ, മാത്രമല്ല ഒന്ന് ഓർത്ത്‌ നോക്കൂ നിങ്ങൾ എന്തിനു വേണ്ടിയാണ് പുറപ്പെട്ടത്. പുറപ്പെട്ടപ്പോൾ നിങ്ങൾ പൂർണ്ണമായും മിത്രങ്ങളായിരുന്നില്ലേ? അറിയാത്ത കാര്യങ്ങളെ ചൊല്ലി അഭിപ്രായ പ്രകടനം നടത്തി ഇപ്പോൾ നിങ്ങൾ പിരിയുന്നത്  ശത്രുതാ ഭാവത്തോടെയല്ലേ? അത് ശരിയാണോ? കുരുടന്മാർക്ക് കാര്യം മനസിലായി. അവർ തങ്ങൾക്ക് പറ്റിയ വിഡ്ഢിത്തത്തെ കുറിച്ച് ബോധവാന്മാരായി. മധ്യസ്ഥ വഹിച്ച അപരിതനോട് അത്രയും വിവരങ്ങൾ നൽകിയതിൽ നന്ദിയും പറഞ്ഞ് ചങ്ങാതിമാരായി പിരിഞ്ഞു. 

ഈ കഥ പഠിപ്പിക്കുന്നത് ഒട്ടേറെ കാര്യങ്ങളാണ്. ഒന്നാമത് അറിയാത്ത കാര്യങ്ങളെ പറ്റി അഭിപ്രായം പറയരുത്. എല്ലാം താൻ കണ്ടതാണ് ശരി എന്ന് മേനി നടിക്കരുത്. രണ്ടാമത് കണ്ടെതെന്തുമാകട്ടെ അതിനപ്പുറം കാണാൻ ബാക്കിയില്ലേ കാണേണ്ടതായില്ലേ എന്നിട്ടും ആകെ കൂടി ഒരഭിപ്രായം പറഞ്ഞാൽ പോരേ? മൂന്നാമത് മറ്റുള്ളവരും കൂടി ആശയം പങ്കുവെച്ച് അതിൽ കൂടി ആശയ സ്വരൂപം നടത്തി അഭിപ്രായ പ്രകടനം നടത്തിയാൽ പോരേ. വഴിപോക്കൻ മധ്യസ്ഥനായി വന്നില്ലായിരുന്നുവെങ്കിൽ കാര്യങ്ങൾ എവിടം വരെ എത്തുമായിരുന്നു. സദുദ്ദേശത്തോടെ വന്ന സംതൃപ്‌തരായി പോകേണ്ടുന്ന സുഹൃത്തുക്കൾ തമ്മിൽ തമ്മിൽ തല്ലുകൂടി അവസാനം പരസ്പര വിരോധികളായി പിരിഞ്ഞു പോകേണ്ടുന്ന അവസ്ഥ. അത് എത്രയോ കാലമായി ഊട്ടിയുറപ്പിച്ച ബന്ധത്തിലെ അവസാനത്തെ ആണി അടിക്കലാവില്ലേ? ഇവിടെ സൗഹൃദം തളരുന്നു. പുഷ്പിക്കേണ്ടുന്ന സൗഹൃദം തളർന്നു പോകുന്നതിന്റെ കാരണം കാര്യവിവരം ഇല്ലായ്കയും അജ്ഞാനവുമല്ലേ?

അറിവ് നൽകുന്ന ശക്തി ആനന്ദദായകമാണ്. അജ്ഞാനം നൽകുന്നതോ ആഹ്ലാദകരമല്ല തന്നെ. ഈ കഥയിൽ പഠിക്കാൻ ഒട്ടേറെ കാര്യങ്ങളുണ്ട് ചിന്താശകലങ്ങളുണ്ട്. മധ്യസ്ഥൻ പറഞ്ഞു തന്ന വാക്കുകൾ സ്വീകാര്യമല്ലാതെ പോയാലോ. അല്ലെങ്കിൽ തന്നെ ഇപ്പോൾ നാട്ടിൽ കാണുന്ന പതിനായിരം മധ്യസ്ഥന്മാരെ അപ്പുറത്ത് നിന്നും ഇപ്പുറത്തു നിന്നും കാര്യം കാണാൻ കണക്കു പറഞ്ഞു പ്രതിഫലം പറ്റുന്ന മധ്യസ്ഥരെ പോലെയാണ്  ആനക്കാര്യത്തിൽ ഇടപെട്ട മധ്യസ്ഥൻ എങ്കിലോ. ആനക്കാര്യം പോയി ചേനക്കാര്യമായി മാറിയേനെ. വിഷയത്തെ ഉള്ളത് പോലെ മനസ്സിലാക്കി പോരും പോരായ്കയും അറിഞ്ഞ് പെരുമാറുന്ന മധ്യസ്ഥന്മാർ നമുക്ക് ആവശ്യമില്ലേ? പ്രത്യേകിച്ചും നമ്മുടെ നാട്ടിലെ നാട്ടു മുഖ്യസ്ഥന്മാരുടെ സമൂഹത്തിൽ ഉള്ള ഇടപെടൽ ഇന്ന് പലതരത്തിലും മിക്കവാറും എല്ലാ രംഗങ്ങളിലും ശാരീരിക ബലവും പണക്കൊഴുപ്പും ഉള്ള മേധാവികളും മധ്യസ്ഥന്മാരും ആണ് നിറഞ്ഞു നിൽക്കുന്നത് എന്ന് മനസ്സിലാക്കുന്ന പൊതുസമൂഹം കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്താൻ കഴിവുള്ള ബുദ്ധിപൂർവകമായ മേധാശക്തിയുള്ള ഇടപെടാൻ കഴിവുള്ള മധ്യസ്ഥന്മാരെയല്ലേ ആഗ്രഹിക്കുന്നതും പ്രതീക്ഷിക്കുന്നതും ആദരിക്കുന്നതും. ചിന്തിക്കണം. 

കുരുടന്മാരുടെ ആനയെ കാണാൻ പോയ കഥ പക്ഷെ പഴയതാകാം. എന്നാൽ ഇന്നും ഇരുട്ടിൽ തപ്പി നടക്കാൻ വിധിക്കപ്പെട്ടവരെ എങ്ങനെ നയിക്കാൻ കഴിയും. അതിനുള്ള നേതൃത്വം നമുക്ക് വേണ്ടേ? ആലോചിക്കണം. അപ്പോഴും ഒരു വസ്തുത ബാക്കി നിൽക്കുന്ന കുരുടന്മാർ ആണ് ആനയെ കാണാൻ പോയത്. 

അവർക്ക് കാണാൻ കഴിയാത്ത തൂണും ഉലക്കയും ചൂലും അതേ പ്പറ്റിയാണ് സംവാദം നടന്നത്. നമ്മുടെ നാട്ടിൽ വർഷങ്ങളായി നടന്നു വരുന്ന ചർച്ചകളും സംവാദങ്ങളും ഇങ്ങനെ തന്നെയല്ലേ? അതിനുവേണ്ടി ഇരുന്നുകൊടുക്കുന്ന നമ്മൾ (ജനം) സമയം കളയുന്നത് കാണാത്തതും കേൾക്കാത്തതും അറിയാത്തതുമായ കാര്യങ്ങൾക്ക് വേണ്ടിയല്ലേ? ആലോചിക്കണം. വിലയുള്ള സമയം വിനിയോഗിക്കേണ്ടത് എങ്ങിനെയാണ് എന്ന്.

You might also like

Most Viewed