കഥാസാഗരം
മരുന്നിന്റെ കഥ എഴുതിയ, സ്മാരകശിലകൾ എഴുതിയ ഡോക്ടർ പുനത്തിൽ കുഞ്ഞബ്ദുള്ളയെ നേരിട്ട് കണ്ട് പരിചയമില്ല. കാണുകയോ സംസാരിക്കുകയോ ചെയ്യാൻ അവസരം തരപ്പെടുത്തിയില്ല എന്നു വേണമെങ്കിൽ പറയാം. പക്ഷേ ‘മരുന്നിനു പോലും തികയാത്ത ജീവിത’ത്തിലൂടെ കടന്നു പോന്ന നാളിൽ ഒന്നു പരിചയപ്പെടേണ്ടതായിരുന്നു എന്ന തോന്നലുണ്ടാക്കി. ഹൃദ്യവും അനുഭവവേദ്യവുമായ ജീവിത സന്ദർഭങ്ങളെ ഒപ്പിയെടുത്തു കഥാസന്ദർഭങ്ങൾ കണ്ടെത്താനും കഥ എഴുതുവാനും പുനത്തിനുള്ള കഴിവ് അദ്ദേഹത്തിന്റെ സൃഷ്ടികൾ വായിച്ചാൽ കൗതുകമുണർത്താതിരിക്കില്ല. ഏതായാലും വരും നാളുകളിൽ എങ്കിലും ഡോക്ടർ പുനത്തിൽ കുഞ്ഞബ്ദുള്ളയെ കാണാനും മരുന്നിന്റെയും ലോകത്ത് ഇത്തിരി നേരം ഇരിക്കാനും കഴിയും എന്ന് കരുതാം. ഈ ആഴ്ച സുകൃത ചിന്തകൾക്ക് സന്ദർഭം ഒരുക്കിയത് ‘മരുന്നിനു പോലും തികയാത്ത ജീവിത’ത്തിലെ ഗൾഫുകാരന്റെ പീഡന മരണമാണ്. മിക്കവാറും പേരും ആ കഥ വായിച്ചിരിക്കും.
അഥവാ വായിക്കുന്നവർക്ക് വേണ്ടി ആ കഥ വീണ്ടും ഇവിടെ എഴുതട്ടെ. വായിച്ചു പോകുന്പോൾ ആർക്കും മനസ്സിലാകും കിട്ടിയിട്ടുള്ള ജീവിതരംഗത്തു ഏതെല്ലാം പീഡനങ്ങൾക്കാണ് വിധിക്കപ്പെടുന്നത് മനുഷ്യർ ഓരോരുത്തരും എന്നും അതു ഗൾഫുകാരൻ ആകണമെന്നില്ല. ആർക്കുമാകാം. പീഡന മരണം.അത് ഏതു രീതിയിൽ എന്നേ പിന്നീട് വ്യാഖ്യാനിക്കേണ്ടി വരൂ. കഥ ഇങ്ങിനെ തുടങ്ങുന്നു.
“നാട്ടിൻപുറത്തു ജനിച്ച ഹമീദിനു വലിയ വിദ്യാഭ്യാസമൊന്നുമുണ്ടായിരുന്നില്ല. ഏഴു മക്കളിൽ ഏറ്റവും ഇളയവനായിരുന്നു ഹമീദ്. മൂന്നിലോ നാലിലോ വെച്ച് ഹമീദിനു പഠിത്തം നിർത്തേണ്ടിവന്നു. കന്നുകാലികളെ നാട്ടിൻപുറത്തു കൊണ്ടു പോയി മേയ്ക്കലായിരുന്നു പിന്നത്തെ പണി. കന്നുകാലികളെയും കൊണ്ട് സന്ധ്യക്ക് തിരിച്ചെത്തിയാൽ പുഴുക്കും കഞ്ഞിയും രണ്ടുറുപ്പികയും മുതലാളിയായ ഹാജിയാർ കൊടുക്കും. ആ പണി മടുത്തപ്പോൾ ഹമീദ് അങ്ങാടിയിലേക്കിറങ്ങി. അങ്ങാടിയിൽ അല്ല ചില്ലറ കടുത്ത പണികൾ ചെയ്യുക പതിവായി. അതിനിടയിൽ രാഷ്ട്രീയ പ്രവർത്തനത്തിലും ഏർപ്പെട്ടു. മുസ്ലീം ലീഗിലേക്കല്ല, മാർക്സിസ്റ്റു പാർട്ടിയിലേക്കാണ് ഹമീദ് കൂടിയതെന്നറിഞ്ഞപ്പോൾ ഹമീദിന്റെ മൂത്ത ജ്യേഷ്ഠന് ഹാലിളകി. മുംബൈയിൽ പെട്ടിക്കട നടത്തുന്ന അയാൾ ഹമീദിനെ മുംബൈയിലേക്ക് കൊണ്ടുപോയി. നെയ്ച്ചോറും ബിരിയാണിയും പലഹാരങ്ങളും മസാലച്ചായയും വിൽക്കുന്ന ഒരു ഹോട്ടലിന്റെ അരികിൽ ഒരു മൂലയിലാണ് പെട്ടിക്കട. ഹമീദ് ആ കടയിലിരുന്ന് പാൻപരാഗും മീഠാപാനും ചാർസൗബീസും സിഗരറ്റും ബീഡിയും വിൽക്കാൻ ജ്യേഷ്ഠനെ സഹായിച്ചു തുടങ്ങി. കടയിൽ നിന്നു ഒഴിവുകിട്ടുന്ന സമയത്ത് ഹമീദ് പഠിക്കാൻ തുടങ്ങി. കുറച്ചു മാസങ്ങൾക്കു ശേഷം ഹമീദ് പെട്ടിക്കട വിട്ട് ടാക്സിയോട്ടാൻ തുടങ്ങി. മുംബൈ നഗരത്തിലെ ദാദറിലൂടെയും ചർച്ച് ഗെയ്റ്റിലൂടെയും വിക്ടോറിയ ടെർമിനൽസിലൂടെയും ആന്ധേരിയിലൂടെയും കോളാബിയിലൂടെയും ജുഹൂബീച്ചിലൂടെയും ഹമീദ് കാറോട്ടാൻ തുടങ്ങി. ജീവിതത്തിന്റെ പല മുഖങ്ങളും ഈ യാത്രക്കിടയിൽ ഹമീദിനു കാണാൻ കഴിഞ്ഞു. എന്നാൽ ഹമീദിനെ ഏറ്റവും ആകർഷിച്ചത് ഗൾഫ് യാത്രക്കാരായിരുന്നു. എങ്ങിനെയെങ്കിലും കടൽകടക്കാനായി ഹമീദിന്റെ പ്ലാൻ. അതോടെ ഗൾഫ് യാത്രക്കാരുമായി ഹമീദ് ചങ്ങാത്തം കൂടാൻ തുടങ്ങി. നേർക്കുനേരെ വിസയെടുത്തു ഗൾഫിലെത്താനുള്ള കാശൊന്നും ഹമീദിന്റെ കൈയിലുണ്ടായിരുന്നില്ല. ആയതിനാൽ കുറക്കുവഴിയിലൂടെ ലോഞ്ച് കയറി കഷ്ടപ്പെട്ട് ഹമീദ് ഗൾഫിലെത്തി. ഗൾഫിലും ഹമീദ് ടാക്സിയോട്ടാൻ തുടങ്ങി. അബുദാബി, ദുബായ്, ഷാർജ, റാസൽഖൈമ, അജ്മാൻ ഫുജൈറ, ഉമ്മൽഖയ്യും എന്നീ നഗരങ്ങളിലൂടെയുള്ള യാത്രയിൽ ഗൾഫിലെ ഹോട്ടൽ കച്ചവടത്തിന്റെ രഹസ്യങ്ങൾ ഹമീദ് മനസ്സിലാക്കി. മുംബൈയിലെ പെട്ടിക്കടക്കടുത്തുള്ള ഹോട്ടലിലെ കച്ചവട പരിചയം മുൻനിർത്തി റാസൽഖൈമയിൽ നഷ്ടത്തിൽ ഓടിക്കൊണ്ടിരിക്കുന്ന ഒരു ഹോട്ടൽ ഹമീദ് മേൽവാടകയ്ക്കെടുത്ത് നടത്താൻ തുടങ്ങി. പിന്നെ വെച്ചടിവെച്ചടി മുന്നോട്ടായിരുന്നു. ഇപ്പോൾ ദുബായിലും അബുദാബിയിലും ഹമീദിനു പത്തിലധികം കഫ്റ്റീരിയകളുണ്ട്. യൂറോപ്യൻ ലബനോൺ റസ്റ്റോറണ്ടുകളാണ് മിക്കതും. പേരിനു ഒരുകേരളം ഹോട്ടൽ മാത്രമുണ്ട്. മലയാളിക്കു ചോറുകൊടുത്താൽ മുതലാവില്ലെന്നാണ് ഹമീദ് പറയുന്നത്.
നാട്ടിൽ ഹമീദിനു പേരും പെരുമയും വർദ്ധിച്ചു. കെട്ടിടങ്ങളും സ്ഥലങ്ങളും എേസ്റ്ററ്റുകളും വാങ്ങിക്കൂട്ടി. വീടിനു മുന്നിൽ രണ്ടും മൂന്നും ഫോറിൻ കാറുകളാണ്. അപ്പോഴാണ് ഹമീദിനു ഒരു പോരായ്മ തോന്നിയത്. പേരും പെരുമയുമുള്ള ഒരു തറവാട്ടിൽ നിന്നും ഒരു കല്യാണം കഴിക്കണം. ആദ്യത്തെ ഭാര്യയും കുടുംബങ്ങളും പാവങ്ങളാണ്. എടുത്തു പറയാൻ ആരുമില്ലാത്തവർ. ഭാര്യയും മൂന്നു കുട്ടികളുമുള്ള ഹമീദ് അങ്ങിനെയാണ് തൊട്ടടുത്തുള്ള വലിയ തറവാട്ടിൽ നിന്നും ഒരു പതിനെട്ടുകാരിയെ വിവാഹം കഴിച്ചത്. അവർക്കു തറവാടേ ഉണ്ടായിരുന്നുള്ളൂ. പണമുണ്ടായിരുന്നില്ല. അതോടെ ഹമീദിന് മനസ്സമാധാനമില്ലാതായി. രണ്ട് വീട്ടിൽ നിന്നും നിത്യവും ആവലാതികളാണ് ഹമീദിനെ തേടിയെത്തിയത്. ഗത്യന്തരമില്ലാതെ നാലഞ്ചു മാസം എന്നോടൊപ്പം സുഖമായി കഴിഞ്ഞ നവവധുവിനെ ഹമീദ് ഉപേക്ഷിച്ചു.
ഉപേക്ഷിച്ച പെണ്ണിനു വേണ്ടി സാമൂഹ്യപ്രവർത്തകർ ഗ്രൂപ്പുകളായി ആക്ഷൻ കൗൺസിലുകൾ തുറന്നു.വ്യത്യസ്ത ഗ്രൂപ്പുകളായി വാക്പയറ്റ് നടത്തി ക്ഷീണിച്ചവശനായി അവസാനം ഹമീദ് ഞങ്ങളുടെ ആശുപത്രിയിലെത്തി. ഫുൾ ടെൻഷനാണ്. ബി.പി, ഷുഗർ, കൊളസ്ട്രോൾ, ട്രൈഗ്ലീസ റൈസസ് എല്ലാ ഉണർന്നിരിക്കുന്നു. രണ്ടുമൂന്നു ദിവസമല്ല, രണ്ട് മൂന്ന് ആഴ്ച തന്നെ വിശ്രമമെടുക്കുവാൻ ഞങ്ങൾ ഉപദേശിച്ചു.
ആദ്യത്തെ രണ്ട് ദിവസം ഹമീദിന്റെ മുറി ശാന്തമായിരുന്നു. ആദ്യത്തെ ഭാര്യയും കുട്ടികളും അത്യാവശ്യം ബന്ധുക്കളും ഇടക്കിടെ മുറിയിൽ വന്നുകൊണ്ടിരുന്നു. മൂന്നാം ദിവസം കാലത്തു തന്നെ ആക്ഷൻ കൗൺസിലുകാർ വന്നു. പെൺകുട്ടിയെ ഉപേക്ഷിച്ചതിനു പത്തു ലക്ഷം ഉറുപ്പികയും ഒരു നല്ല വീടുമാണ് പരിഹാരമായി അവർ ആവശ്യപ്പെടുന്നത്. പത്തു ലക്ഷം കൊടുത്താൽ തന്നെ അതിന്റെ കാൽഭാഗം പോലും പെൺകുട്ടിയുടെ കൈവശമെത്തുകയില്ല. മുഴുവൻ ഇടനിലക്കാരായ ആക്ഷൻ കൗൺസിലുകാർ വിഴുങ്ങും.
പകൽ മുഴുവനും സന്ധി സംഭാഷണങ്ങൾ തുടർന്നു. ക്ഷോഭജനകമായ പല ഘട്ടങ്ങളും കടന്നുപോയി. വാസ്തവത്തിൽ ഈയൊരവസരത്തിൽ ഹമീദ് സാന്പത്തികമായി അൽപ്പം പരുങ്ങലിലായിരുന്നുവെന്നു പിന്നീടാണ് മനസ്സിലാക്കാൻ കഴിഞ്ഞത്. സന്ധ്യയായപ്പോൾ ഹമീദിനു സുഖമില്ലെന്നും പറഞ്ഞ് സിസ്റ്റർ ഓടിവന്ന് പരിശോധിച്ചപ്പോൾ ഹമീദ് അബോധാവസ്ഥയിലാണ്.
“സർ, ഇതൊക്കെ അഭിനയമാണ്.” ആക്ഷൻ കൗൺസിലുകാരിൽ ഒരാൾ പറഞ്ഞു. “ഇത്തരം ബോധക്കേടുകൾ എത്ര കണ്ടതാണ്.” ഹമീദിന്റെ സ്ഥിതി മോശമാവുകയായിരുന്നു. ശ്വാസോച്ഛാസം നിലച്ചു. പൾസ് നിന്നു. ഹൃദയമിടിപ്പും നിന്നു. ഒന്നുകൊണ്ടും ഹമീദിനെ രക്ഷിക്കാനായില്ല. വെള്ള വിരിപ്പെടുത്തു ഞാൻ ഹമീദിന്റെ മുഖം മറച്ചു.
ആക്ഷൻ കൗൺസിലുകാർ പതുക്കെ പുറത്തേക്കു കടക്കാൻ ഭാവിക്കുന്പോൾ ഞാൻ പറഞ്ഞു.
“പോകാൻ വരട്ടെ, പോസ്റ്റ്മാർട്ട് വന്നാൽ നിങ്ങളെ പ്രതി ചേർത്തു കൊല്ലക്കുറ്റത്തിനു കേസെടുക്കേണ്ടി വരും.”
“സർ,.... സർ..” വിക്കിക്കൊണ്ട് ഒരാൾ “ഒരു സാറും രക്ഷിക്കാനുണ്ടാവില്ല. ഇതു പീഡനമരണമാണ്. ഞാനാണ് ഏകസാക്ഷി.”
കഥ വായിച്ചു പോകാൻ മാത്രമുള്ളതല്ല. വായിക്കാനും അടുത്ത നിമിഷം എന്ത് എന്ന ആകാംക്ഷ ജനിപ്പിക്കാനും കഥക്കു കഴിയും. അതിനമപ്പുറം ചിന്തിക്കുന്പോൾ കണ്ടു മറക്കാത ഹമീദുമാർ പെരുകുകയല്ലെ. അതിനു ഗൾഫുകാരനാകണമെന്നില്ല. നാട്ടിലും ഒട്ടും മോശക്കാരല്ലാത്തവർ ഇന്നും കൂടിവരികയാണ്. അതോടൊപ്പം ആക്ഷൻ കൗൺസിലുകാരും സമൂഹത്തിനു ഒരു സംഭാവനയും ചെയ്യാത്ത ഇത്തിക്കണ്ണികളെ പ്രതി ചേർത്തു കൊലക്കുറ്റത്തിനു സാക്ഷിയാകാൻ ഞാനുണ്ടാകും എന്ന് ഉറച്ച സ്വരത്തിൽ സംസാരിക്കാൻ ഇന്നത്ര പേരുണ്ടാകും. എവിടെ നമ്മുടെ പ്രതികരണ ശേഷി പണയപ്പെട്ടു പോകുന്നത്, രണ്ടാമതു ഭാര്യക്കുവേണ്ടി ന്യായം പറയാൻ വന്ന ആക്ഷൻ കൗൺസിലുകാർ എന്തേ ആദ്യഭാര്യക്കും മക്കൾക്കും വേണ്ടി ഹമീദിനെ അവരുടെ സംരക്ഷണം ആവശ്യപ്പെട്ടു കൊണ്ട് ഗ്രൂപ്പുകളുണ്ടായില്ല. നാട്ടിൽ എല്ലാത്തിനും ഗ്രൂപ്പുണ്ടല്ലെ. ശരങ്ങൾ ഏയ്തു എടുക്കാം. കഥയിൽ ചോദ്യം പാടില്ലെങ്കിലും ഓരോരുത്തരും ചോദിച്ചു പോകും ഹമീദിനെ ഈ നിലയിൽ കൊല്ലിച്ചത് ആരാണ്? ആഗ്രഹം മാത്രമാണോ? അതോ!