‘കഴുതയും കുതിരയും’
ഇത്തവണ വായിക്കാൻ എടുത്ത പുസ്തകം ഒറ്റ കവിത കൊണ്ട് മലയാള മാനസം കവർന്ന മാന്പഴത്തിന്റെ കർത്താവ് വൈലോപ്പിള്ളി ശ്രീധരമേനോന്റെ ബാലകവിതകളായിരുന്നു. ഒത്തിരി ഒത്തിരി ആശയങ്ങൾ നേരിയതും ആസ്വാദ്യകരവുമായ വരികളിൽ കുറിച്ചിട്ട കവി, ചെറുവരികളിലൂടെ നമുക്ക് തരുന്നത് വിവിധ ആശയങ്ങളാണ്. കുതിരശക്തിയിൽ അഹങ്കരിക്കുന്ന മനുഷ്യർ ഒരേസമയം മറ്റൊരു മൃഗമായ കഴുതയെ തള്ളിപ്പറയുന്നു. തമ്മിൽ തമ്മിൽ താരതമ്യം ചെയ്യുന്പോൾ, നമ്മളിൽ പലരും ചിലരെപ്പറ്റി പറഞ്ഞിരിക്കും. കഴുത ശരിയാണ് ശക്തിയുടെ മുന്പിൽ കുതിരയുടെ മുന്പിൽ കഴുത നിഷ്പ്രഭനാണല്ലോ! എന്നാൽ ചില നേരങ്ങളിൽ മൂല്യം കൂടുന്നതാണ് മണ്ണിലേതു വസ്തുവും എന്ന്. “കഴുതയും കുതിരയും” എന്ന കവിതാഭാഗത്തിലൂടെ കവി നമ്മെ ഓർമ്മിപ്പിക്കുന്നു. പഠിപ്പിക്കുന്നു.
കുതിരയും കഴുതയും പണ്ട് പണ്ടേ−
യൊരു തറവാട്ടുകാ, രെങ്കിലെന്തേ?
ഒരു പരിഹാരമിച്ചാർച്ച, പാർത്താൻ
ഇരുവരുമന്യേന്യമത്ര ഭിന്നം
കുസൃതിയായൊന്നുമേ കൂന്പിടാത്ത
കുതിരയാം കുട്ടനെ വാഴ്ത്തി ലോകർ
കുറിയ ചെവികളും കുഞ്ചിരോമ−
ഞെറികളും പട്ടുനാരൊത്ത വാലും
ചടുലമാം പാച്ചിലുമത്രെ കേമം
ഇടിമിന്നലിന്റെ കിടാവു പോലെ!
കഴുതയ്ക്കു സർവദാ ശങ്ക, യാരും
പഴിചൊല്കയല്ലയോ താനൊരാളെ
ഒരു കാക്കയൊന്നു കരഞ്ഞുവെന്നാൽ
ഒരു കാറ്റിലിലയൊന്നു പിറുപുറുത്താൽ
വഴിപോക്കരെങ്ങാൻ ചിരിച്ചു പോയാൽ
കളിയാക്കലാണെന്നവന്റെ ഭാവം
തലതാണു പാവം കുഴഞ്ഞു നിന്നു
കളിമണ്ണു പെറ്റോരു കുട്ടിപോലെ
ചെറിയ വിമർശവും തപ്പിവാരാൻ
ചെവികൾ വികൃതമായ് നീണ്ടു വന്നൂ
സഹജമാം ഭാഷിതം മൗനമെന്നാൽ
സഹികെട്ടു നിന്ദകളോർത്തു നീറി
പകരം ശകാരത്തിനായ് ശ്രമിക്കേ
പറപറയായിതവന്റെ കണ്്ഠം
പെരുമരമോന്തയും വയറു, മാരോ
ഞെരടിപ്പിടിച്ച പോലുള്ള വാലും
ചെവികളും കണ്ടു പാഴൊച്ച കേട്ടും
ചെറുപിള്ളേർ കൂടിയും കൂകിയാർക്കെ
നിരുപിച്ചു നാണിച്ചു നാളിൽ നാളിൽ
മുരടിപ്പൂ മുറ്റമവന്റെ രൂപം.
കുതിച്ചു വച്ചു കേറിയ ദിക്കിലെല്ലാം
കുതിര വെന്നിക്കൊടി നാട്ടി നിന്നു.
അതിശയം തേരി, ലടർക്കളത്തിൽ
അടവിയിൽ നായാട്ടിൻ സാഹസത്തിൽ
അലസ സവാരിയിൽ പന്തയത്തിൽ
അവനൊരു വീരനായ് പേരെടുക്കെ
മിനു മിനെ മിന്നുമാ മെയ് തൊടാനും
അനുപമ കൗതുകമാർന്നു ലോകം
കഴുതയോ ദുഃഖവിമൂകമാകും
കവിതയോലുന്ന മിഴികൾ താഴ്ത്തി
പുതുപൊൽക്കിനാവിന്റെ പൂതിയുള്ളിൽ,
മുതുകിലാരാന്റെ ചുമടു, മേന്തി
കുടവഡ്ഢി തൂങ്ങി നടന്നു മന്ദം
വിടുവഡ്ഢിയെന്നു ജനം വിളിക്കേ.
ഒരു ദിനമുണ്ണിയാം യേശുവേയും
കരുണതൻ വേരിയാം മേരിയേയും
മുതുകിലെടുത്തവനെത്തി പോലും
ബത്ലേമിൽ നിന്നും ജറുസലത്തിൽ
മടയെനെന്നാലുമറിഞ്ഞു പാവം
മഹിതമാം തങ്കലേപ്പുണ്യഭാരം
അഭിമാന വായ്പിനാൽ വീർത്തു നെഞ്ചം
അഭിജാതനായി, താതഗ്ര്യനായി.
വഴിയിലെക്കല്ലുകൾ പൂവ് പോലായ്
വഴിയുന്നോ തന്നിൽ മണിക്കിലുക്കം
തളിരിളം കൈയിനാലുണ്ണിയേശു
മലിനമാം തൻ മെയ് തലോടിയപ്പോൾ
അവനിലുയർന്നതാം രോമഹർഷം
അവസിതമായതില്ലിത്രനാളും
ഒരു ദിവാസ്വപ്നമൊരു രഹസ്യം
അരുമയായേവം മനസ്സിൽ നിൽക്കേ,
അവനറിവീലവഹേളനങ്ങൾ,
അവശതാ ഭാരവും ചാട്ടവാറും
ഉയരത്തിൽ നീളുമവന്റെ കാതി
ലുതിരുന്നു ദേവതാസംഘഗീതം
അതിഖരം തന്നാരവങ്ങളീശ
സ്തുതികളായ് കേൾക്കുന്നു ദൈവദൂതർ
അവനെയോർത്താവാം കഥിച്ചു യേശു
“അവനതരത്രേയനുഗ്രഹീതർ”
ജന്തു ജാലജീവികളിൽ ഏതു കേമൻ, ഏതു അഭികാമ്യൻ എന്നു ആർക്കു പറയാൻ പറ്റും. നികൃഷ്ട ജീവി എന്നു കരുതി തള്ളിപ്പറയുന്നവർ എപ്പോൾ ആകൃഷ്ടജീവികൾ അല്ലാതാകും. വർഗ്ഗസ്വഭാവത്തിൽ മാറ്റം വരാതെ തന്നെ വർണ്ണങ്ങൾ കൂടി ചേരുന്പോൾ ഏതു വർണ്ണങ്ങൾ ആണു കൂട്ടിക്കെട്ടാൻ പറ്റാതെ പോകുന്നത്. അൽപ്പത്തം കൽപ്പിച്ച് അകറ്റി നിർത്തുന്നവരെ അടുപ്പത്തിൽ കൂട്ടി കെട്ടിപ്പിടിച്ച് നടക്കാൻ ഏതു സമയം ആണ് വേണ്ടാതെ വരിക. അകറ്റിനിർത്തുന്നതിലാണോ, അടുപ്പിച്ചു നിർത്തുന്നതിലാണോ അഭികാമ്യമായ അഭിമാനം, ചിന്തിക്കണം. ‘കഴുതയും കുതിരയും’ ചിന്തനീയമാകുന്നതും അത്തരം സന്ദർഭത്തിലാണ്.