മിഥ്യയോ ലോകം?
ഓരോ ദിവസവും പുലരുന്നത് പ്രതീക്ഷകളോടെയാണ്. ഇന്നലെ ബാക്കി വെച്ചതും തുടർച്ചയായി ശീലിച്ചതുമായ പ്രവർത്തനങ്ങളും ആയി നാളേയിലേക്ക് കണ്ണും നട്ട് അദ്ധ്വാനം കൈമുതലാക്കി അത് ശീലമാക്കി ജനം സഞ്ചരിക്കുന്നു. ഇന്നലെകളുടെ ലാഭനഷ്ടങ്ങളുടെ കണക്കു നോക്കി നാളെ നേടാൻ പോകുന്ന ലാഭനഷ്ടങ്ങളുടെ കണക്കു നോക്കി നാളെ നേടാൻ പോകുന്ന ലാഭങ്ങളിൽ മാത്രം കണ്ണും നട്ട് ജീവിക്കുന്ന ഒരു കൂട്ടർ. അവർക്ക് എന്തു കിട്ടിയാലും എത്ര കിട്ടിയാലും മതിയാകില്ല. അവർക്കു നേട്ടത്തിൽ മാത്രമാണ് നോട്ടം.എന്നാൽ ആളുകളിൽ വ്യത്യസ്തത നിലനിർത്തുന്നത് വിവിധ തരത്തിലാണെന്ന് ഏവർക്കും അറിയാമല്ലോ. ചിലർക്ക് ഒന്നു കിട്ടിയാലും മതിയാകില്ല. വീണ്ടും കിട്ടണം.
ചിലർക്ക് കിട്ടാനുള്ളത് കിട്ടിയാൽ മതി. അതുകൊണ്ട് തൃപ്തിപ്പെടും. മറ്റു ചിലരാകട്ടെ കിട്ടിയില്ലെങ്കിലും വലിയ പരിതാപം കാണില്ല. അങ്ങനെ കഴിഞ്ഞു കൂടും. ചുരുക്കത്തിൽ വിവിധങ്ങളാണ് ചിന്താഗതികളും ജീവിതചര്യയും. നമ്മൾ ഉദാഹരണമായി പലപ്പോഴും പറയുന്നതുപോലെ കൈവിരലുകൾ എല്ലാം ഒരുപോലയെല്ലല്ലോ. സ്വയം വിലയിരുത്തുന്പോൾ ഓരോരുത്തരും ചിന്തിക്കണം. താന്താങ്ങൾ ഏതു ഗണത്തിൽപെടുത്തണം എന്ന്. അവിടെയാണ് വ്യക്തിത്വത്തിന്റെ മികവും മിഴിവും മനസ്സിലാക്കാൻ കഴിയുന്നതും. തങ്ങൾ അടങ്ങിയ സമൂഹമടക്കം നല്ല വ്യക്തിത്വങ്ങളെ കണ്ടെത്തുന്നതും അവരെ സ്വീകരിക്കേണ്ടത് അവനവന് മാത്രം സ്വീകാര്യനാകുന്നതിന് പകരം മറ്റുള്ളവർക്കു കൂടി സ്വീകാര്യനാകുന്നതല്ലെ നല്ലത്.
ആർക്കും വേണ്ടാത്ത ആരാലും ശ്രദ്ധിക്കാതെ സാധാരണ മനുഷ്യന് എത്രകാലം ജീവിച്ചു പോകുവാൻ പറ്റും. ചിന്തിക്കേണ്ടുന്ന ഒരു വിഷയം. അതും ഇന്നത്തെ കാലത്തിനും സാഹചര്യങ്ങൾക്കും പ്രത്യേകിച്ചും ഈ നാളുകളിൽ ചിന്തകൾക്കു വിധേയമാകേണ്ടുന്ന വിഷയം. കാരണം നമ്മൾ പലരും അവനവനിലേക്ക് തിരിയുകയും അടുത്തിരിക്കുന്നവനെ നോക്കാനോ കാണാനോ അവസരവും സമയവും കിട്ടാത്ത സമയത്തിന്റെ പിറകെ പായുകയല്ലെ. പലപ്പോഴും ചിന്തിച്ചു പോകുന്നു. എന്തിനാണ് ഈ പരക്കം പാച്ചിൽ. ഏതു സാമ്രാജ്യം കെട്ടിപ്പെടുക്കാൻ! ഏതു ആളിനു മുന്നിൽ എത്താൻ. competency കൂട്ടുന്നതിന് കാണിക്കാൻ എന്തിനിത്രയധികം തത്രപ്പാട്. ബദ്ധപ്പാട്, ആലോചിക്കണം. ചിന്തിക്കണം. ആർക്കും അവനവൻ ആകാനേ കഴിയൂ. മറ്റാരാനും ആകാൻ ആർക്ക് എങ്കിലും വിചാരിക്കുവാൻ കഴിഞ്ഞിട്ടുണ്ടോ, അവരെ അനുകരിക്കാൻ നമുക്ക് കഴിഞ്ഞേക്കാം. പക്ഷെ അനുകരണം അപകടകരമായാലോ എത്ര പേർ ആലോചിക്കുന്നുണ്ട്, അന്വേഷിക്കണം. അങ്ങിനെ ആലോചിക്കാൻ എത്ര പേർക്ക് ഉത്തരം കണ്ടെത്താൻ കഴിയും. ആർക്കും ആരെയും പോലെ ആകാൻ കഴിയില്ലെന്ന്.
നേട്ടങ്ങളിൽ അഭിമാനികളാകണം. അഭിമാനകരമായ നേട്ടം കൊയ്യുകയും വേണം. ചരിത്രം നമ്മെ പഠിപ്പിക്കുന്നത് സാമ്രാജ്യങ്ങളുടെ വിജയപരാജയങ്ങളെ പറ്റിയാണ്. മഹാഭാരത യുദ്ധം രാമരാവണ യുദ്ധം തുടങ്ങിയ കഥകൾ ഓതുന്നത് ജീവിതത്തിലെ കഷ്ടനഷ്ടങ്ങളെ നേരിട്ടു ജയത്തിലെത്താനുള്ള മാർഗ്ഗത്തെപ്പറ്റിയാണ്. കണ്ടുപിടുത്തങ്ങളുടെ ചരിത്രവും പഠിപ്പിക്കുന്നത് മറ്റൊന്നല്ല. ഒരുപാട് പരാജയങ്ങൾ അറിഞ്‍ഞനുഭവിച്ച ശേഷമായിരിക്കും വിജയത്തിന്റെ മുന്തിരിച്ചാറ് അനുഭവിക്കാൻ കഴിയുക, ആസ്വദിക്കാൻ കഴിയുക. എന്നും എപ്പോഴും ആശയോടെ ആവേശത്തോടെ ജീവിതത്തിന്റെ മുന്തിരിച്ചാർ ആസ്വദിക്കണം എന്നെഴുതിയ കവിപോലും ഒരിക്കൽ ചിന്തിച്ചു പോയി. അതാണ് കവിയുടെ മിത്ഥ്യ എന്ന കവിതയിൽ
‘ആവശ്യമില്ലി പ്രപഞ്ചത്തിനാരെയും
നീ വിശ്വസിക്കായ്കിനിമാമിത്ഥ്യയെ
ചീറുന്ന പീരങ്കിയുണ്ടകൾക്കിന്നലെ
മാറു കാണിച്ചൊരാ വീരയോദ്ധാക്കളെ
ജന്മഭൂവാതിൽ ജയക്കൊടിക്കൂറകൾ
നന്മയിൽ മേല്ക്കുമേൽച്ചായം പിടിക്കുവാൻ
നർമ്മാഭിലാഷങ്ങൾ മൊട്ടിട്ട ഹൃത്തിലെ
ചെന്നിണം തർപ്പിച്ച നിർമ്മലാത്മാക്കളെ,
ഒട്ടും, കൃതജ്ഞത കൂടാതെയിന്നേക്കു
കഷ്ടം, മറന്നു കഴിഞ്ഞു പടക്കളം!
വർഷമോർമ്മിപ്പീല വാസന്ത കോകിലം
ഹർഷപുളകം വിതച്ച കളകളം
ഇന്നലെച്ചെന്പനീർപ്പൂച്ചെടിച്ചില്ലയിൽ
മിന്നിക്കിണുങ്ങി വിടർന്നൊരത്താരിനെ
ആയിരമിന്ദിന്ദിരങ്ങളെ കൊണ്‍ടെടു
ത്താനന്ദ ഗാനങ്ങൾ മൂളിച്ച പൂവിനെ
ഓർപ്പതില്ലിന്നുത്സവോന്മാദ പൂർത്തിയിൽ
വീർപ്പിട്ടു നിൽക്കുന്നൊരുദ്യാന മണ്ധലം!
വിശ്വം പുതുതായ്പ്പുതുതായ് വരയ്ക്കലും,
വിസ്മൃതി കൈനീട്ടി മാച്ചു കളയലും
കാല, മൊഴിഞ്ഞിരുന്നീ വെറും മായിക
ലീല നോക്കി സ്വയം പുഞ്ചിരി തൂകലും!
നീ വിഷാദിക്കുന്നതെന്തീ നഖിലവും
കേവലം സ്വപ്നം! വെറും വെറും വിഭ്രമം’
സ്വപ്നവും വിഭ്രമവും കലർന്ന വിശ്വത്തിൽ വിസ്മയകരമായ കാഴ്ചകൾ കണ്ട് കണ്ടാനന്ദിക്കുവാൻ കിട്ടുന്ന അവസരങ്ങൾ പാഴാക്കാതിരിക്കാനകട്ടെ നമ്മുടെ നല്ല നാളെകൾ. നന്മയിലേക്കും ശുഭപ്രതീക്ഷയിലേക്കും നേർവഴിക്കും നയിക്കാൻ നമുക്ക് കഴിയട്ടെ. നമ്മുടെ ചിന്തകൾ ആ വഴിക്ക് തിരിയട്ടെ.