എന്തിനു വിദ്യാ(ആ)ഭാസം
മണ്ടൂർ പ്രഭാകരൻ
മധ്യവേനൽ അവധിക്കു കേരളത്തിൽ വിദ്യാലയങ്ങൾ അടച്ചിരിക്കുന്നു. പഠിച്ചുവെച്ച പാഠഭാഗങ്ങളിൽ നിന്നു വന്ന ചോദ്യങ്ങൾക്ക് അറിയാവുന്ന ഉത്തരങ്ങൾ എഴുതിയവരിൽ ചിലരെങ്കിലും അടുത്ത വിദ്യാഭ്യാസവർഷം ആ വിദ്യാലയത്തിൽ കണ്ടെന്നു വരില്ല. വിജയിച്ചവർക്ക് ഉന്നതവിദ്യാഭ്യാസത്തിനു മറ്റേതെങ്കിലും വിദ്യാലയത്തിലേക്കു പോകേണ്ടിവരും. ഇല്ലെങ്കിൽ ചിലപ്പോൾ രക്ഷിതാക്കളുടെ ജോലി സംബന്ധമായ മാറ്റത്തിനനുസരിച്ച് മക്കൾക്കും മാറ്റം കിട്ടിയേക്കാം. ഏതായാലും മാർച്ച് മാസം മാറ്റത്തിന്റെ മാസമാണ്. അതു പല വകുപ്പുകളിലായി മെയ് മാസം വരെ തുടരും. ജൂൺ മാസം വീണ്ടും വിദ്യാലയവർഷം ആരംഭിക്കുന്പോഴേക്കും തിരക്കു കൂടൂം. ഇനിയുള്ള രണ്ട് മാസം കുട്ടികളെ സംബന്ധിച്ച് അവധിക്കാലമാണ്. മിക്കവാറും എല്ലാവരും ബന്ധുവീടുകളിൽ പോയി സമപ്രായക്കാരുമായി ചേർന്നു കുരുത്തക്കേടുകൾ കാണിക്കുകയും പഠിക്കുകയും ചെയ്യേണ്ട കാലമാണ് ഈ അവധിക്കാലം. അമ്മൂമ്മക്കഥകളും മുത്തശ്ശിക്കഥകളും കേട്ടു പഠിച്ചു വളരേണ്ടുന്ന കാലം കൂടിയാണിത്. കാൽപന്തുകളിയിലും വേലകളിലും പങ്കെടുക്കേണ്ടുന്ന കാലം. വേലയും പൂരവും നടക്കുന്ന കാലം. പഠനത്തിൽ നിന്നും സമയബന്ധിത ചിട്ടവട്ടങ്ങളിൽ നിന്നും അൽപ്പം വിശ്രമിക്കേണ്ടുന്ന കാലം. വികൃതികളായി നടന്നു സുകൃതികളാകേണ്ടുന്ന പ്രായം. പക്ഷെ ഇന്ന് ഇതിനൊന്നും ഇന്നത്തെ കാലത്തെ മാതാപിതാക്കൾ വിടുമെന്നു തോന്നുന്നില്ല. കൊതിപ്പിക്കുന്ന പരസ്യങ്ങൾ വഴി എത്തുന്ന കരാട്ടെയും ഗുസ്തിയും ചിത്രം വര പരിശീലനവും, പാട്ടും, നൃത്ത പരിശീലനവുമൊക്കെയായി കുട്ടികൾക്ക് അവധിയുടെ രസച്ചരട് ഇന്ന് പൊട്ടിപോകുന്നുണ്ട് എന്നത് ഒരു യാഥാർത്ഥ്യമാണ്. വിദ്യാലയ അന്തരീക്ഷമുണ്ടാക്കി പഠിപ്പിക്കുന്ന കന്പ്യൂട്ടർ സെന്ററുകളും കൂണുപോലെ മുളച്ചു വരുന്ന കാലമാണ് ഇനിയുള്ള രണ്ട് മാസം.
ഇന്ന് എല്ലാവരുടെയും ശ്രദ്ധയും കുട്ടികളിലാണ്. അവരുടെ കാര്യത്തിൽ അതീവ താൽപ്പര്യമെടുക്കുന്ന രക്ഷിതാക്കളുടെ ജിജ്ഞാസ മുതലെടുത്ത്, പുതിയ തന്ത്രങ്ങൾ കൊണ്ട് കുട്ടികളെ ആകർഷിക്കുന്ന കച്ചവട കണ്ണോടെ പ്രവർത്തിക്കുന്ന സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളും ദിനം പ്രതി വർദ്ധിച്ചു വരുന്നു. കുട്ടികൾക്ക് വിശ്രമം കൊടുക്കാതിരിക്കാൻ എന്തെല്ലാം പഠിപ്പിക്കാം എന്ന ചിന്തയിൽ മാനസികവും ശാരീരികവുമായ വളർച്ചക്കു കുട്ടികളെ സജ്ജമാക്കാനാണ് ഏവരുടെയും ശ്രമം. ഒരു രീതിയിൽ ഇത് നല്ലത് തന്നെ. പക്ഷെ കരുതിയിരിക്കണം എന്നുമാത്രം. എടുത്താൽ പൊങ്ങാത്ത പുസ്തകക്കെട്ടും അത്യാവശ്യമല്ലാത്ത വേഷവിധാനവും നിഷ്കർഷയുടെ, നിർബന്ധത്തിനു വഴങ്ങിയുള്ള പാഠ്യപദ്ധതിയും കൊണ്ടുമാത്രം ഒരു കുട്ടി ജീവിതം പഠിക്കുന്നുണ്ടോ? അവന്റെ അല്ലെങ്കിൽ അവളുടെ നൈസർഗ്ഗികമായ കഴിവുകളെ കണ്ടെത്തി അതിൽ ശ്രദ്ധയൂന്നി പഠിപ്പിക്കാൻ എത്ര രക്ഷിതാക്കൾ ഇന്ന് ശ്രമിക്കുന്നുണ്ട്. തങ്ങൾക്ക് ആകാൻ പറ്റാത്തത് തങ്ങളുടെ മക്കളെക്കൊണ്ട് ആക്കിയേ പറ്റൂ എന്ന നിർബന്ധബുദ്ധി, അതു മാത്സര്യത്തിന്റെ മേഖലയിലേക്കു മനസ്സിനെ മാറ്റുകയല്ലെ ചെയ്യുന്നത്. പഠിച്ചും കളിച്ചും കണ്ടും കണ്ടറിഞ്ഞും പരിസരം മനസ്സിലാക്കിയും ജീവിച്ചു വലുതാകേണ്ടുന്ന മക്കൾ മറ്റുള്ളവരുടെ ആഗ്രഹപ്രകാരം പഠിച്ചു കേമന്മാരായിക്കാണാൻ കൊതിക്കുന്നതു കൊണ്ടല്ലേ നമ്മുടെ വിദ്യാഭ്യാസ മേഖലയ്ക്ക് ഇങ്ങിനെയൊരു അവസ്ഥ വന്നത് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.
ഇനിയുള്ള രണ്ട് മാസങ്ങൾ കുട്ടികൾക്കു വിശ്രമിക്കാനും വിനോദത്തിനും അറിവു സന്പാദിക്കാനുമുള്ളതാണെങ്കിൽ അവരുടെ അടുത്ത വർഷത്തെ വിദ്യാഭ്യാസത്തെ പറ്റിയും അവരുടെ ഉന്നതമായ ഭാവിയെ പറ്റി ചിന്തിച്ചും സ്വപ്നം കാണേേണ്ടതാണ് രക്ഷിതാക്കളെ സംബന്ധിച്ചിടത്തോളം ഇനിയുള്ള ദിവസങ്ങൾ. കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയിലെ പ്രവർത്തനത്തിലുള്ള പൊരുത്തപ്പെടാത്ത സമീപനമാണ് നമ്മുെട നാട്ടിലെ കുട്ടികളെ അന്യസംസ്ഥാനത്തെ വിദ്യാലയങ്ങളിലെത്തിക്കുന്നതിന്റെ പ്രധാന കാരണം. അതു കിന്റർ ഗാർട്ടനിൽ തുടങ്ങി മെഡിക്കൽ, എഞ്ചിനീയറിംഗ്, ലോ കോളേജ് അത്രയുമാണല്ലോ രക്ഷിതാക്കളുടെ അറിവിന്റെ മേഖല വളരുന്നത്. അതു കഴിഞ്ഞാൽ ഐ.ടി മേഖലയും. ഇതുമല്ലാത്ത ഒരുപാട് മേഖലകൾ ഉണ്ട് എന്ന അറിവു പോലും നമ്മുടെ പൊതുസമൂഹത്തിന് ഇല്ലാതെ പോയത് എന്തുകൊണ്ടാണ്. എന്തിനിത്രയധികം എഞ്ചിനീയറിങ്ങ് കോളേജുകളും മെഡിക്കൽ കോളേജുകളും. ഇപ്പോൾ നാട്ടിൽ പറഞ്ഞു കേൾക്കുന്ന മറ്റൊരു കാര്യമാണ് ഗതാഗത തടസ്സം. എല്ലാവരുടെയും സംഭാഷണ വിഷയത്തിൽ സ്ഥലവും സമയവും പിടിച്ചടക്കുന്ന വിഷയമാണിത്. കാലം പുരോഗമിക്കുന്പോൾ ഓരോ വ്യക്തിയും സ്വാശ്രയത്തിന്റെ ഭാഷ സംസാരിക്കുന്നു. സ്വന്തക്കാരെ ആശ്രയിക്കുക എന്നത് നാണക്കേടായി സ്വയം തോന്നാൻ തുടങ്ങിയ ഒരു കാലമായി നമ്മുടെ ഇന്നത്തെ കാലം മാറി. ഒന്നും രണ്ടും കാറെങ്കിലും ഇല്ലാത്ത വീടുകൾ കുറവ്്. അച്ഛനും അമ്മയും രണ്ട് മക്കളും അവരെല്ലാം ഡോക്ടറോ എഞ്ചിനീയറോ അതുമല്ലെങ്കിൽ തരക്കേടില്ലാത്ത വിവിധങ്ങളായ മേഖലകളിൽ പ്രവർത്തിക്കുന്നവരോ ആയിരിക്കും. ഒന്നിച്ചു പോകാൻ പറ്റാത്തിടത്തായിരിക്കും വ്യത്യസ്ഥ സ്ഥലങ്ങളിൽ ജോലി. കൃത്യസമയത്തു എത്തുകയും വേണം. ഇല്ലെങ്കിൽ പഞ്ചിംഗിൽ പെട്ടുപോകും. അതുകൊണ്ട് വകയില്ലെങ്കിലും വാഹനം ആളുകളുടെ എണ്ണത്തിനനുസരിച്ച് (സ്വയംപര്യാപ്തത കുറയാൻ പാടില്ലല്ലോ, അതും ഒരു കുറച്ചിലല്ലെ) വാങ്ങുന്നു. അതു നിരത്തിൽ ഇറക്കുന്നു. എന്നാൽ നിരത്തിനു വീതി കൂടുന്നില്ല. സ്ഥലപരിമിതി മൂലം നഗരവും ഗ്രാമവീഥികൾ പോലും ശ്വാസം കഴിക്കാൻ ഗതിയില്ലാതെ നട്ടം തിരിയുന്നു. ഇതു തന്നെയാണ് നമ്മുടെ വിദ്യാഭ്യാസ മേഖലക്കും സംഭവിച്ചു കൊണ്ടിരിക്കുന്നത്.
നമുക്കു നല്ല അദ്ധ്യാപകരാകാൻ ഇന്ന് ആളെ കിട്ടുന്നില്ല. നയരൂപീകരണത്തിനു പ്രാപ്തരും പഠിപ്പും ഉള്ള ആളെ കിട്ടുന്നില്ല. നല്ല രീതിയിൽ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ പ്രാപ്തരായ ആളുകളില്ല. ശാസ്ത്രജ്ഞന്മാർ ആകാൻ ആളുകൾ കുറയുന്നു. എന്തിനധികം പഴയ വിദ്യാഭ്യാസത്തിന്റെ കുറഞ്ഞ യോഗ്യതയായ പത്താം ക്ലാസ് കഴിഞ്ഞാൽ, പഠിപ്പ് തീർന്നാൽ പട്ടാളത്തിൽ ചേരാൻ പോലും ആളെ കിട്ടുന്നില്ല. സർക്കാരിന്റെ വിവിധ മേഖലകളിൽ റെയിൽവേ, വ്യോമയാനം തുടങ്ങിയ രംഗങ്ങളിൽ ബാങ്കിംഗ്, ഇൻഷൂറൻസ് തുടങ്ങി നല്ല ചിന്തകന്മാരെയും നിരൂപകരന്മാരെയും എഴുത്തുകാരെയും കിട്ടാൻ ഇന്നത്തെ പഠനശീലം ഗുണം ചെയ്യുമോ എന്നതും ചർച്ച ചെയ്യേണ്ട വിഷയമാണ്. സ്വാദേറിയ ഭക്ഷണം ആരോഗ്യത്തിനു കേട് വരുത്താതെ കഴിക്കുവാൻ ഗൃഹാന്തരീക്ഷം ഉണ്ടാക്കാൻ പോലും നമുക്ക് കഴിയാതെ പോകുന്നു എന്നു വന്നാൽ ആര് എന്തു േവഷം കെട്ടിയിട്ടും ഒരു കാര്യമില്ലെന്ന് പഴമക്കാർ പറയുന്നതും കാര്യം തന്നെ. ഒരു ചാൺ വയറിനു വേണ്ടി ഉദര നിമിത്തം ബഹുകൃത വേഷം കെട്ടുന്പോഴും വേഷത്തിൽ വലിയ കാര്യമില്ല എന്ന് അറിയാനുള്ള ശ്രമവുമില്ല. സംഭാഷണവും സംസ്കാരവും സദ് പ്രവർത്തിയും ചെയ്യാൻ പ്രാപ്തരാക്കുന്ന ഒരു സമൂഹത്തെ സൃഷ്ടിക്കുകയാകണം വിദ്യാഭ്യാസത്തിന്റെ കാതലായ ലക്ഷ്യം. കുട്ടികൾ അവർ കളിച്ച് പഠിച്ച് വളരട്ടെ. മുതിർന്നവർ ലക്ഷ്യബോധത്തോടെ ചിന്തിക്കണം. അതനുസരിച്ചു പ്രവർത്തിക്കണം. കുട്ടികളുടെ അഭിരുചിക്കു ഊന്നൽ കൊടുത്തും അവരുടെ നൈസർഗ്ഗിക കഴിവുകൾക്കു പ്രോത്സാഹനം നൽകിയും അതിനു ആവശ്യമായ മാർഗ്ഗനിർദ്ദേശവും ശ്രദ്ധയും കൊടുത്തു പരിശീലിപ്പിച്ചാൽ പരാശ്രയം കൂടാതെ അവരുടെ തൊഴിൽ മേഖലയിൽ തൃപ്തി കണ്ടെത്താം. തൊഴിലില്ലാ പട്ടാളത്തിൽ അവർക്ക് ചേരേണ്ടി വരില്ല. തൊഴിലില്ലാ വേതനത്തിനു മുന്നിൽ ആകാശവാണിയുടെ അറിയിപ്പും പ്രതീക്ഷിച്ചു പഞ്ചായത്താഫീസിന്റെ വാതിൽക്കൽ നിരനിരയായി നിൽക്കേണ്ടി വരില്ല. നേതാക്കൾ വിളിച്ചാൽ ജയ് വിളിക്കാൻ പോകേണ്ടതായും വരില്ല. ദിനരാത്രങ്ങൾ അവരുടെ പിന്നാലെ പെട്ടി തൂക്കേണ്ടി വരില്ല. ഉത്തരം പറയേണ്ടതു ഭരണകർത്താക്കളാണ്. അവരാണ് കുറ്റക്കാർ...