ശ്രീ­കൃ­ഷ്ണന്റെ­ ബാ­ലലീ­ല


“അന്പാടി തന്നീലൊരുണ്ണിയുണ്ടങ്ങനെ

ഉണ്ണിക്ക് പേരുണ്ണി കണ്ണനെന്നിങ്ങനെ”

അന്പാടിക്കണ്ണന്റെ കഥ കേൾക്കുന്പോൾ ഏത് കാതുകൾക്കാണ് ഇന്പം കൂറാത്തത്? ആ കഥ പറയുന്പോൾ പറയുന്ന ആളിനും കേൾക്കുന്ന ആളിനും ഉദ്വേഗം കൂടും. അതാണ് മഹിമയാർന്ന ശ്രീമദ് മഹാഭാഗവതത്തിലെ ശ്രീകൃഷ്ണന്റെ ബാല്യലീല. ഈ ആഴ്ച സുകൃതചിന്തകളിൽ പ്രതിപാദ്യം അതാകട്ടെ.

താമരക്കണ്ണനായ ശ്രീകൃഷ്ണനും ജ്യേഷ്ഠനായ ബലരാമനും വളർന്നു തുടങ്ങി. നീന്താനും ഇഴയാനും മുട്ടുകളൂന്നി നടക്കാനും എഴുന്നേൽക്കാനും കമിഴ്ന്ന് വീഴാനും അവർ പഠിച്ചു. കുട്ടികൾക്ക് പല്ല് വന്നു തുടങ്ങി. അത് ആദ്യമറിഞ്ഞത് അമ്മമാരുടെ മുലകളായിരുന്നുവെന്ന് കവി പറയുന്നു.

രോഹിണിയും യശോദയും എപ്പോഴും മക്ക
ളെ ചുംബിക്കാനും ആലിംഗനം ചെയ്യാനും തുനി
ഞ്ഞു. കിങ്ങിണി, തള, വള, പൊന്നരഞ്ഞാൺ, പു
ലിനഖം, ഇവയെല്ലാം കുഞ്ഞുങ്ങളെ അണിയിച്ചിരുന്നു. രാവിലെ എഴുന്നേറ്റാൽ ആദ്യം  അമ്മമാരുടെ അടുത്തുപോയി മുലപ്പാൽ കുടിക്കും. എന്നിട്ട് പാട്ടു പാടിക്കൊണ്ട് നന്ദഗോപരുടെ അടുത്തു പോകും. അതു കഴിഞ്ഞാൽ കളിയും കുസൃതിയുമായി ചുറ്റിക്കറങ്ങും. പശുക്കളെ കറക്കുന്നതിന് മുന്പേ അവയുടെ കിടാവുകളെ അഴിച്ചുവിടും. കാച്ചിക്കുറുക്കി വെച്ചിരിക്കുന്ന പാൽ കലത്തോടെയെടുത്ത് പൂച്ചകൾക്ക് കൊടുക്കും. വീടുകളിൽ കടന്നു അവിടെ ഉറികളിൽ സൂക്ഷിച്ചിരിക്കുന്ന പാലും വെണ്ണയും കവരും. അതാകട്ടെ തനിയേയല്ല ചെയ്യുന്നതും. കൂട്ടുകാരെയും എല്ലാറ്റിലും പങ്ക് ചേർക്കും. കട്ട് കവരുന്ന തൈരും വെണ്ണയും അവർക്കും കൊടുക്കും.

ഗോപികമാർ വീട്ടിലില്ലാത്ത സമയത്ത് അവിടെ കടന്നു അമ്മമാർ തൊട്ടിലിൽ കിടത്തിയിരിക്കുന്ന കുഞ്ഞുങ്ങളെ നുള്ളി നോവിക്കും. മറ്റ് ചിലപ്പോൾ വീട്ടിലെ പാത്രങ്ങൾ തട്ടിയിട്ട് പൊട്ടിക്കും. ഗോപസ്ത്രീകൾ കോപിച്ചാൽ അവരോട് കൊഞ്ഞനം കാട്ടും.

അവർക്ക് അപ്പോൾ സ്നേഹം കൂടുന്നു. അവർ വെണ്ണയോ പാലോ നൽകും. കൃഷ്ണൻ അവ കഴിക്കുന്പോൾ ഗോപികമാർ സന്തോഷിക്കും. ഒരിക്കൽ “എനിക്ക് എന്താണ് അമ്മ സമ്മാനം തരാത്തതെന്ന്” ഉണ്ണികൃഷ്ണൻ യശോദയോട് ചോദിച്ചു. ഉടനെ യശോദ ഒരുരുള വെണ്ണ മകന്റെ വലത് കൈയിൽ വെച്ചു കൊടുത്തു. ആരെയും മയക്കുന്ന ഒരു കുസൃതിച്ചിരിയോടെ ഉണ്ണിക്കണ്ണൻ പറഞ്ഞു.

“എന്റെ വലത് കൈയ്ക്കു മാത്രമല്ലെ അമ്മ വെണ്ണ തന്നുള്ളൂ. അപ്പോൾ എന്റെ ഇടതു കൈയ്ക്ക്  എന്തു തോന്നും. രാമന് മാത്രമായി വെണ്ണ നൽകിയാൽ എനിക്ക് പരിഭവം തോന്നില്ലേ?” ചിരിച്ചു കൊണ്ട് യശോദ അകത്തു പോയി ഒരുരുള വെണ്ണ കൊണ്ടുവന്നു.

വലതു കൈയിലെ വെണ്ണ എവിടെയെന്ന് യശോദ ചോദിച്ചു. “കാക്കക്കൊത്തിപ്പോയി” എന്നായി നന്ദനുണ്ണി. മകൻ വെണ്ണ തിന്നു തീർത്തതാണെന്ന് അറിയായ്കയല്ല. യശോദ ആ വാക്കുകളുടെ നിഷ്കളങ്കതയിൽ സന്തോഷിച്ചു കൊണ്ട് വീണ്ടും അകത്തു പോയി പുതുവെണ്ണ കൊണ്ടുവന്നു.

“അമ്മേ! പിന്നെയും കുഴഞ്ഞു. നേരത്തെ കഴിച്ച വെണ്ണ തൊണ്ടയിൽ തങ്ങിയിരിക്കുകയാണ്. അത് ഉള്ളിലേക്കിറങ്ങണമെങ്കിൽ അമ്മ ഇത്തിരി ചൂട് പാൽ കൊണ്ടു വരൂ.”

ഇത്രയും പറഞ്ഞിട്ട് വെണ്ണ തൊണ്ടയിൽ കുടുങ്ങിയതിന്റെ വെപ്രാളം കാട്ടി. ആകെ ഭയന്ന യശോദ വേഗത്തിൽ ചുടുപാൽ നൽകി. അതും കുടിച്ച് തൃപ്തനായി നിൽക്കുന്ന മകനെ യശോദ മെല്ലെ തലോടി.

കണ്ണനുണ്ണിയുടെ കുസൃതികൾ തുടർന്നു കൊണ്ടേയിരുന്നു. ഗോപികമാരായിരുന്നു ആ കുസൃതികളുടെ ‘ഇര’.

ഒരുനാൾ അവർ യശോദയെക്കണ്ട് സങ്കടം പറഞ്ഞു. പാലും വെണ്ണയും കട്ടു തിന്നുന്നത് സഹിക്കാം. പക്ഷെ, ഇവൻ പാത്രങ്ങളും പൊട്ടിക്കുകയാണ്. കോൽകൊണ്ട് മുകളിൽ തൂക്കിയിട്ടിരിക്കുന്ന കലം കുത്തി പൊട്ടിച്ച് അതിലെ ഗോരസം ഇവനും കൂട്ടുകാരും വാ പൊളിച്ചു നിന്ന് കുടിക്കും. പാലും പഴവും കവർന്നു തിന്നുന്നത് പോകട്ടെ. അവ കുരങ്ങിനും പൂച്ചയ്ക്കും കൊടുത്ത് തീർക്കും. കൂട്ടത്തിലൊരു ഗോപിക തന്റെ ദുരനുഭവം എടുത്തു കാട്ടി.

“ഞാനെന്റെ മകന് വേണ്ടി പായസം ഉണ്ടാക്കി. എന്നിട്ട് അവനെ വിളിക്കാൻ പുറത്തേയ്ക്ക് പോയി. ആ തക്കം നോക്കി കൃഷ്ണനും കളിക്കൂട്ടരും എന്റെ വീട്ടിൽ കയറി പായസം കുടിച്ചു. തന്നെയുമല്ല ആ പാത്രത്തിൽ ചാണകം നിറച്ചു വെയ്ക്കുകയും ചെയ്തു. മടങ്ങി വന്നപ്പോൾ എനിക്കും മകനുമുണ്ടായ സങ്കടം പറഞ്ഞറിയിക്കാനാവില്ല.” മറ്റൊരു ഗോപിക തനിക്കുണ്ടായ അനുഭവം വിവരിക്കുന്നു.

“ഒരിക്കൽ ഞങ്ങളുടെ കാരണവർക്ക് കൊണ്ടു കൊടുക്കാൻ ഞാൻ കുറച്ച് നെയ്യപ്പമുണ്ടാക്കി പാത്രത്തിൽ അടച്ചു െവച്ചു. സഖിമാർ വരുന്നതു വരെ ഉറങ്ങിയിട്ട് പോകാമെന്ന് കരുതി ഞാനുറങ്ങാൻ കിടന്നു. അപ്പോൾ നിന്റെ മകനും കൂട്ടരും കൂടി എന്റെ വീട്ടിലെത്തി. നെയ്യപ്പം മുഴുവൻ തിന്നിട്ട് അതിൽ ഉണങ്ങിയ ചാണക ഉരുളകൾ നിറച്ചു െവച്ചു. പിന്നീട് കഥയൊന്നുമറിയാതെ ഞാനത് കാരണവർക്ക് കൊണ്ടു കൊടുത്തു. അദ്ദേഹം വല്ലാതെ കൊതിയോടെ അതെടുത്തു തിന്നാൻ തുടങ്ങി. ചാണകത്തിന്റെ ഗന്ധമാണല്ലോ. എന്ന് പറഞ്ഞിട്ട് അത് തുപ്പിക്കളഞ്ഞു. കാരണവർ മാത്രമല്ല വീട്ടിലിരുന്നവരെല്ലാം എന്നെ പരിഹസിച്ചു.”

ഇതെല്ലാം കേട്ടു കഴിഞ്ഞപ്പോൾ യശോദ പുത്രനെ ശാസിക്കാനോ ശിക്ഷിക്കാനോ മുതിർന്നില്ല. അത്രയ്ക്കുണ്ടായിരുന്നു അവളുടെ വാത്സല്യം.

You might also like

Most Viewed