ഭൗതിക ശാസ്ത്രവും തത്ത്വചിന്തയും
മാനവചിന്തയുടെ പരിണാമ പ്രക്രിയ പരിപൂർണ്ണതയിൽ പര്യവസാനിക്കുന്നത് നാല് വിവിധ ഘട്ടങ്ങൾ കടന്നിട്ടാണ് എന്നു പരമസിദ്ധി നേടിയ മതാചാര്യന്മാരുടെ അനുഭവങ്ങൾ വ്യക്തമാക്കുന്നു. മതവും തത്വശാസ്ത്രവും ചിന്തയുടെ പരമകാഷ്ഠയായ നാലാം ഘട്ടത്തെ പരാമർശിക്കുന്നവയാണ്. അറിഞ്ഞേടത്തോളമുള്ള ശാസ്ത്ര നിഗമനങ്ങൾക്കൊക്കെ മേലെയാണത്. ഈ യാഥാർത്ഥ്യം അറിയാതെയാണ് ‘കാലഹരണപ്പെട്ട പഴഞ്ചൻ സന്പ്രദായ’മെന്നു പറഞ്ഞ് മനുഷ്യൻ മതത്തെ പുച്ഛിച്ച് തള്ളുന്നത്. തന്മൂലം വികാസവും പുരോഗതിയും തടയപ്പെട്ട സമുദായം ദുഷിച്ച്, ലോകത്തെ അധഃപതിപ്പിച്ചു കൊണ്ടിരിക്കുന്നു. പരിണാമ ദശയുടെ ആദ്യഘട്ടത്തിൽ യുക്തി വിചാരമോ തത്ത്വബോധമോ അല്ല; വെറും സഹജവാസനകളാണ് മനുഷ്യനെ നയിച്ചത്. സൂര്യൻ, ചന്ദ്രൻ, മിന്നൽ, ഇടി, മഴ, ജനനം, മരണം മുതലായവ പ്രകൃതിയിലെ പ്രതിഭാസങ്ങളെ നോക്കിയിരിക്കുക മാത്രം ചെയ്ത മനുഷ്യന്റെ കാഴ്ചപ്പാട് മൃഗങ്ങളുടെതിൽ നിന്ന് ഒട്ടും മെച്ചപ്പെട്ടതായിരുന്നില്ല. കാരണം മൃഗത്തിന്റെ എന്നപോലെ ആദിമനുഷ്യന്റെ ബുദ്ധിയും ബാഹ്യലോകവുമായി ശരിയാംവണ്ണം പ്രതികരിക്കുവാൻ സമർത്ഥമായിരുന്നില്ല. ഉപഭോഗങ്ങളും സാഹചര്യങ്ങളും അനുകൂലമാവുന്പോൾ സന്തോഷിക്കുക; പ്രതികൂലമാവുന്പോൾ ദുഃഖിക്കുക, ഇതായിരുന്നു പ്രാകൃത മനുഷ്യന്റെ നില. ലോകത്തെ നോക്കിക്കണ്ട് വരുന്നതനുഭവിച്ചു എന്നതിൽ കവിഞ്ഞ് എന്തുകൊണ്ട് ഇങ്ങിനെയൊക്കെ സംഭവിക്കുന്നു എന്നു ചിന്തിക്കാനോ, അനുഭവത്തെ മെച്ചപ്പെടുത്താനോ ശ്രമിക്കാത്ത ആദിമമനുഷ്യന്റെ ആ പ്രാകൃത കാലഘട്ടത്തെ ‘അവലോകനയുഗം’ എന്നു വിളിക്കാം. പ്രസ്തുത പ്രാകൃതാവസ്ഥയിൽ നിന്നു ക്രമേണ പുരോഗമിച്ചു മനുഷ്യൻ അടുത്ത ഘട്ടമായ ‘നീരീക്ഷണയുഗ’ത്തിലേക്ക് കടന്നു. കണ്ടതു കൊണ്ടു മാത്രം തൃപ്തനാകാതെ, ദ−ൃശ്യപ്രപഞ്ചത്തിന്റെ കാരണത്തെക്കുറിച്ചു അയാൾ ചിന്തിക്കുവാൻ തുടങ്ങി. ബുദ്ധിയുടെ ‘കാരണാന്വേഷണ വ്യഗ്രത’യ്ക്ക് ഇതു തുടക്കം കുറിച്ചു.
ഉദാഹരണമായി ‘അവലോകനയുഗ’ത്തിലെ പ്രാകൃതമനുഷ്യൻ, മഴ പെയ്യുന്പോൾ, വാസസ്ഥലമായ ഗുഹയിലും മറ്റും ചൂളിക്കൂടുകയും മഴ നിന്നാൽ പുറത്തു വരികയും ആയിരുന്നു പതിവ്. മഴ പെയ്യുന്പോൾ നോക്കി നിൽക്കുക എന്നതിൽ കവിഞ്ഞ് എന്തുകൊണ്ട് മഴ പെയ്യുന്നു എന്നൊന്നും അറിയാനുള്ള താൽപര്യമോ അവർക്കില്ലായിരുന്നു. എന്നിട്ട് വേണ്ടേ അതിന്റെ കാരണത്തെക്കുറിച്ച് അന്വേഷിക്കുവാൻ? ബുദ്ധിശക്തി ക്രമേണ വികസിച്ചു കൊണ്ടിരുന്നു. നിരീക്ഷണത്തിനുള്ള പ്രവണത മനുഷ്യനിൽ പ്രകടമാക്കാൻ തുടങ്ങി. പ്രകൃതിശക്തികളെ അവർ കൗതുകപൂർവ്വം വീക്ഷിക്കാനും തുടങ്ങി. ഒപ്പം സംഭവിച്ചു കണ്ട പ്രതിഭാസങ്ങൾക്ക് തമ്മിൽ കാര്യകാരണ ബന്ധം അവന്റെ അപക്വ ബുദ്ധി തെറ്റായി ആരോപിച്ചു. മഴ പെയ്യുന്പോൾ മരങ്ങൾ ചാഞ്ചാടുന്നത് കണ്ട് അതാവണം മഴയ്ക്കു കാരണം എന്ന് അവൻ ഊഹിച്ചു. കാര്യകാരണ ബന്ധങ്ങളെക്കുറിച്ച് ഇങ്ങനെ അബദ്ധവും അശാസ്ത്രീയവുമായ ധാരണ വെച്ചു പുലർത്തിപ്പോന്ന ആ ‘നിരീക്ഷണയുഗം’ അന്ധവിശ്വാസങ്ങളുടെ കാലഘട്ടമായിരുന്നു.
പിന്നെയും വളർന്നു കൊണ്ടിരുന്ന ബുദ്ധി, കുറേക്കൂടി വികാസം നേടി, നിരീക്ഷണയുഗത്തിനും അന്ധവിശ്വാസങ്ങൾക്കുമപ്പുറം ‘ശാസ്ത്രയുഗ’ത്തിൽ മാനവരാശിയെ എത്തിച്ചു. തനിക്കു ചുറ്റും നടന്നുകൊണ്ടിരിക്കുന്ന എല്ലാ സംഭവങ്ങൾക്കും ശരിയായ കാരണമെന്തെന്നു കണ്ടെത്താനായി മനുഷ്യന്റെ ശ്രമം; പ്രപഞ്ചഘടയെക്കുറിച്ചു സൂക്ഷ്മചിന്തനം ചെയ്തു വസ്തുതകൾ ശേഖരിച്ച്, ഗവേഷണങ്ങൾ നടത്തിയതിന്റെ ഫലമായി യുക്തിയുക്തമായ നിഗമനങ്ങളിൽ എത്തിച്ചേർന്ന ജിജ്ഞാസുവായ മനുഷ്യർ, ശാസ്ത്രത്തിന്റെതായ ക്രമീകൃതമായൊരു ജ്ഞാനസംഹിത വാർത്തെടുത്തു. അന്ധവിശ്വാസങ്ങളുടെയും മൂഢധാരണകളുടെയും ഇരുട്ട് ശാസ്ത്രജ്ഞാനത്തിന്റെ വെളിച്ചത്തിൽ നീങ്ങിപ്പോയി. മാവ് കുലുങ്ങുന്നതു കൊണ്ടാണ് മഴ പെയ്യുന്നത് എന്ന പഴയ ധാരണ മാറി.
ശാസ്ത്രയുഗം പുരോഗമിച്ചു കൊണ്ടിരിക്കുന്നു. ഒളിഞ്ഞു കിടക്കുന്ന പ്രകൃതിശക്തിയെ കണ്ടുപിടിച്ച് സാമൂഹ്യ ക്ഷേമത്തിന് വിനിയോഗിക്കുവാൻ ഉള്ള ശ്രമത്തിലാണിപ്പോൾ. ഊർജ്ജതന്ത്രജ്ഞർ, രസതന്ത്രജ്ഞർ, സാന്പത്തിക വിദഗ്ദ്ധർ, രാഷ്ട്രതന്ത്ര ശാസ്ത്രജ്ഞർ അങ്ങിനെ അങ്ങിനെ ഒരുപാട് തലങ്ങളിലേക്ക് മനുഷ്യൻ മാറിക്കൊണ്ടിരിക്കുന്നു. ഇതാണ് ആധുനികത എന്ന ഭാവത്തിൽ, താന്താങ്ങളുടെ മേഖലകളിൽ ഗവേഷണങ്ങളും കണ്ടുപിടുത്തങ്ങളും നടത്തി നീങ്ങിക്കൊണ്ടിരിക്കുന്ന ഘട്ടത്തിൽ പ്രകൃതിയുടെ പരമരഹസ്യത്തെ, പരമസത്യത്തെ പഠിക്കാൻ തുടങ്ങുന്നു. ബഹിർമുഖമായ ഭൗതിക ചിന്തയിൽ നിന്ന് മനുഷ്യന്റെ ശ്രദ്ധ പിന്തിരിഞ്ഞ് അന്തർമുഖമാകുന്നു. മനുഷ്യൻ ധ്യാനയുഗത്തിലേക്ക് കടക്കുന്നു.
പുത്തൻ കണ്ടുപിടുത്തങ്ങളിലൂടെ സമുദായത്തെ സേവിച്ചു കൊണ്ട് ഭൗതിക ശാസ്ത്രം ഒരു ഭാഗത്ത് പുരോഗമിക്കട്ടെ. അത്രയും നല്ലത്. വൈവിദ്ധ്യമാർന്ന പ്രകൃതിശക്തികളെയെല്ലാം കോർത്തിണക്കുന്ന പൊതുഘടകമായ പരംപൊരുളിന്റെ അസ്തിത്വത്തിൽ വിശ്വസിക്കുന്ന ധ്യാനയോഗികൾ. എല്ലാ അറിവുകൾക്കും മൂലമായ തത്ത്വജ്ഞാനം നേടി പരമസിദ്ധി പ്രാപിച്ച് കൃതകൃത്യമായി ഭവിക്കുന്നവർ സുകൃതികൾ അല്ല എന്നു എങ്ങിനെ പറയാൻ പറ്റും? ചിന്തിക്കണം.