പനച്ചി­ക്കാട് ക്ഷേ­ത്രം


ഐതീഹ്യപ്പെരുമയുള്ള ദക്ഷിണ കേരളത്തിലെ മൂകാംബികാ ക്ഷേത്രം എന്നറിയപ്പെടുന്ന പനച്ചിക്കാട് ക്ഷേത്രത്തിന്റെ കഥ തുടരട്ടെ.

കിഴുപ്പുറത്തു നന്പൂരി ആ ദിവ്യൻ പറഞ്ഞതുപോലെയെല്ലാം ചെയ്യുകയും അവിടെ സരസ്വതീദേവിയുടെ സാന്നിദ്ധ്യവും ചൈതന്യവും വേണ്ടതുപോലെ ഉണ്ടായിത്തീരുകയും അപ്പോൾ നന്പൂരിയുടെ ഓലക്കുട വെച്ച സ്ഥലത്തുനിന്ന് എടുക്കാറാവുകയും ചെയ്തു. ഇപ്രകാരമാണ് പനച്ചിക്കാട്ടു സരസ്വതിയുടെ ആഗമം. അവിടെ ദേവിയെ ആവാഹിച്ച് ആദ്യം കുടിയിരുത്തിയ ബിംബത്തിനു മാത്രമേ സ്വരൂപം കാണുന്നുള്ളൂ. അർച്ചനാബിംബമായി സ്ഥാപിച്ചിരുന്നത് മൈൽകുറ്റി (നാഴികക്കല്ല്) പോലെയുള്ള ഒരു ശില മാത്രമാണ്. ഈ ബിംബങ്ങൾ സ്ഥാപിച്ചിരിക്കുന്ന സ്ഥലത്തു ചുറ്റും മതിലുണ്ടെന്നല്ലാതെ മേൽ‌പ്പുരയൊന്നുമില്ല. ആ സ്ഥലത്തിന്റെ നാലുപുറവും ഉയർന്ന സ്ഥലങ്ങളാകയാൽ അവിടെ ചെന്നു നോക്കിയാൽ സരസ്വതീദേവിയിരിക്കുന്നത് ഒരു കുളത്തിലാണെന്നു തോന്നും. തെക്കും പടിഞ്ഞാറുമുള്ള മലകളിൽനിന്നു സദാ വെള്ളം ഊറിക്കൊണ്ടിരിക്കുന്നതിനാൽ ദേവിയെ കുടിയിരുത്തിയിരിക്കുന്ന സ്ഥലത്തു വെള്ളമില്ലാത്ത കാലം ചുരുക്കമാണ്. ബിംബത്തിന്റെ പീഠത്തിന്മേൽനിന്നു മുളച്ച കാടും വള്ളികളും പടർന്നുപിടിച്ചു വന്നിട്ടു മിക്കപ്പോഴും ബിംബം സ്പഷ്ടമായിക്കാണാൻ വയ്യാത്ത മട്ടിലാണ്. അവിടെച്ചെന്നുനോക്കിയാൽ ആകപ്പാടെ അവിടം ഒരു പുണ്യസ്ഥലമാണെന്ന് ആർക്കും ബോദ്ധ്യപ്പെടും. 

അവിടെ ദേവിക്കു രാവിലെ അഭിഷേകം കഴിഞ്ഞാലുടനെ ഉള്ള നിവേദ്യം ത്രിമധുരമാണ്. ആ വകയ്ക്കും പതിവായി മുന്നാഴി അരി പൂജാനിവേദ്യം വകയ്ക്കും ആദ്യം തന്നെ കിഴുപ്പുറത്തു നന്പൂരി വകവെച്ചിട്ടുണ്ട്. ആ വകയിൽ നിന്നും ലഭിക്കുന്ന ആദായംകൊണ്ട് അത് ഇപ്പോഴും പതിവ് തെറ്റാതെ നടന്നുവരുന്നു. ഇവിടെ ദ്വാദശി തോറും ഒരു പന്തിരുനാഴി (പന്ത്രണ്ടേ കാലിടങ്ങഴി) അരി വെച്ചു ദേവിക്കു നിവേദ്യം കഴിച്ച് അതിനു വേണ്ടുന്ന വിഭവങ്ങളോടുകൂടി വിളന്പിക്കൊടുത്തു ബ്രാഹ്മണഭോജനം നടത്തുക പതിവാണ്. ഇപ്രകാരം തന്നെ നവരാത്രികാലത്തു പ്രതിദിനം ഇരുപത്തഞ്ചേകാലിടങ്ങഴി അരി വീതം വെച്ചു ദേവിക്കു നിവേദിച്ചു ഊട്ടുക പതിവുണ്ട്. ഈ രണ്ട് ഊട്ടുകളും കോട്ടയം താലൂക്കിൽ ചേർന്ന ചാന്നാനിക്കാട്ടു ദേശത്തുള്ള ‘കേളപ്പ’ വീട്ടുകാരുടെ വകയായിട്ടാണ് നടന്നുവരുന്നത്. 

973−ാമാണ്ടു നാടുനീങ്ങിയ കാർത്തികതിരുനാൾ രാമവർമ്മമഹാരാജാവ് തിരുമനസ്സുകൊണ്ട് ഈ സ്ഥലത്തിന്റെയും ദേവിയുടെയും മാഹാത്മ്യത്തെ അറിഞ്ഞ് ഇവിടെ എഴുന്നള്ളുകയുണ്ടായത്രെ. 

കിഴുപ്പുറത്തു നന്പൂരിയോടു മൂകാംബികാദേവി അരുളിച്ചെയ്തതുപോലെ കരുനാട്ടില്ലത്തെ അന്തർജ്ജനം ഇരട്ട പ്രസവിച്ചു രണ്ടുണ്ണികളുണ്ടാവുകയും ആ ഉണ്ണികളിൽ ഒരുണ്ണിയെ കിഴുപ്പുറത്തു നന്പൂരിക്ക് കൊടുക്കുകയും കീഴുപ്പുറത്തു നന്പൂരി ആ ഉണ്ണിയെ ഉപനയനം, സമാവർത്തനം മുതലായവ കഴിച്ചു തന്റെ പുത്രനാക്കി വളർത്തിക്കൊണ്ടുവരികയും യഥാകാലം അദ്ദേഹത്തെക്കൊണ്ടു വിവാഹം കഴിപ്പിക്കുകയും അതിൽ പത്തു പുത്രന്മാർ ഉണ്ടാവുകയും ചെയ്തു. അക്കാലം മുതൽ കിഴുപ്പുറത്തില്ലത്തു പത്തുപേരിൽ കുറയാതെ പുരുഷന്മാരുണ്ടാവുക പതിവായത്രെ. 

പനച്ചിക്കാട്ടു സരസ്വതീദേവിയെ ഭക്തിപൂർവ്വം ഭജിക്കുന്നവർക്കു സകലാഭീഷ്ടങ്ങളും സിദ്ധിക്കും എന്ന വിശ്വാസം ദൃഢമാണ്. അതിനാൽ ഇവിടെ നവരാത്രിക്കാലത്തും മറ്റും ഭജനത്തിനായി ആളുകൾ കൂടി വരുന്നു. കഥകൾ ഒരുപാട് കേട്ടും അറിഞ്ഞും പറയാൻ കാണും. ഏതു ക്ഷേത്രങ്ങൾക്കും മഹാത്മ്യമൊട്ടും കുറയാതെ കേട്ടുവരുന്ന കഥകളിൽ വിശ്വാസം അർപ്പിച്ചും അനുഭവം സാക്ഷ്യം നിർത്തിയും ഭക്തന്മാർ എത്തുന്നിടമായി മാറിക്കൊണ്ടിരിക്കുന്ന പനച്ചിക്കാട്ട് ക്ഷേത്ര മാഹാത്മ്യം അതീവ ശ്രദ്ധേയമാണ്. അവിടെത്തെ ചൈതന്യവും സാന്നിദ്ധ്യവും ഒട്ടും കുറഞ‍്ഞിട്ടില്ലെന്നതു തന്നെ അതിന് ഉദാഹരണം. 

ഇന്ദുകാന്താനനേ! ദേവി! തിന്ദുകാരണ്യവാസിനി!

എന്നുമെൻ നാവിൽ വന്നമ്മേ! നിന്നു നർത്തനമാടുക!

എന്ന പ്രാർത്ഥന മാത്രം ബാക്കി നിർത്തി പ്രയാണം യാത്ര തുടരട്ടെ

(അവലംബം ഐതിഹ്യമാലയിലെ ക്ഷേത്രകഥകൾ, കൊട്ടാരത്തിൽ ശങ്കുണ്ണി വിരചിതം)

You might also like

Most Viewed