സുതലത്തിലെ മഹാബലി
ഇനി ഓണനാളുകൾ. ചിങ്ങം പിറക്കും മുന്പെ ഓണത്തിന്റെ സുന്ദര സ്വപ്നം മനസിൽ ഏറ്റി ദേശീയ ഉത്സവമായി പ്രത്യേകിച്ചും മലയാളികൾ ഓണത്തെ വരവേൽക്കുകയാണ്, ത്രിമൂർത്തികളായ ബ്രഹ്മാവിഷ്ണു മഹേശ്വരന്മാർ അതിൽ ബ്രഹ്മാവിന്റെ പുത്രനായ വ്യാസമഹർഷിയാൽ വിരചിതമായ ശ്രീ മഹാഭാഗവതത്തിൽ ദശാവതാരങ്ങളെ സംബന്ധിച്ച് വിശദമായ പ്രതിപാദനമുണ്ട്. വിശേഷിച്ചും വാമനാവതാരവും മഹാബലി ചരിതവുമാണല്ലോ ഓണത്തിന്റെ അടിസ്ഥാന പ്രമാണം. ആ കഥ പഠിക്കുന്നത് നേരത്തെ പഠിച്ചതുപോലെയാണോ അതല്ല ശ്രീ മഹാഭാഗവതത്തിലെ അഷ്ടമ സ്കന്ദത്തിലെ മന്വന്തരങ്ങളുടെ കഥാഭാഗം. ആ കഥാ ഭാഗത്തിൽപ്പെട്ട വാമനാവതാരമാണ് ഇക്കുറി സുകൃതചിന്തകളിൽ. ആരു പറഞ്ഞു മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടിതാഴ്ത്തി എന്ന് വാമനാവതാരത്തിൽ വന്ന മഹാവിഷ്ണു എന്നു സന്ദേഹിക്കുകയല്ലെ ചരിത്ര സത്യത്തെത്തിനെതിരെ കഥ മാറ്റി എഴുതി പാടി പഠിപ്പിച്ചു നടത്തിയതിൽ കാലത്തിന് തകരാറ് വന്നതാണോ അതോ കാലത്തിനൊപ്പം കോലം കെട്ടാൻ മടിച്ചവർ ഉണ്ടാക്കിയ പഴങ്കഥ. പതിരില്ലാത്ത കഥ. ആ കഥ ഇനിയും പാടാനും കേൾക്കാനും ഇടനൽകാതെ സത്യത്തെ മുറുകെ പിടിച്ച് വിശ്വാസ്യത ചോദ്യം ചെയ്യപ്പെടാതിരിക്കുന്നതല്ലെ നല്ലത്. ചിന്തിക്കണം. മന്വന്തരങ്ങൾ പതിനാലെണ്ണം ഉണ്ട്. അവയോരോന്നും വിവരിച്ചു കേട്ടശേഷം പരീക്ഷത്ത് രാജാവ് ശ്രീശുക മഹർഷിയോട് ആരാഞ്ഞു. പ്രഭോ, ഭഗവാൻ നാരായണൻ എന്തിനാണ് മഹാബലിയോട് മൂന്നടി ഭൂമി യാചിച്ചു വാങ്ങിയത്. ആ കഥ അവിടുന്ന് വിശദമായി പറഞ്ഞു തരുമോ.
വാമനാവതാരം
ശുകമഹർഷി തുടർന്നു
ഇന്ദ്രന്റെ കയ്യാൽ മൃത്യു വരിച്ച മഹാബലിയെ അസുര ഗുരുവായ ശുക്രാചാര്യൻ ജീവിപ്പിച്ചു. ജീവൻ തിരികെ ലഭിച്ച മഹാബലി ദേവലോകം ആക്രമിക്കുവാനൊരുങ്ങി. മഹാബലിയെ ആ സന്ദർഭത്തിൽ നേരിടുന്നത് ഉചിതമല്ലെന്നു മനസ്സിലാക്കിയ ദേവന്മാർ സ്വർഗം ഉപേക്ഷിച്ചു പലായനം ചെയ്തു. അങ്ങിനെ സുരലോകം അസുരന്മാരുടേതായി മാറി. അസുര ചക്രവർത്തിയായ മഹാബലി നൂറു അശ്വമേധ യാഗങ്ങൾ വിധിപൂർവ്വം നടത്തി. തന്റെ മകന് സകല പദവിയും സന്പത്തും നഷ്ടപ്പെട്ടതിന്റെ ദുഃഖത്തിൽ ദേവമാതാവ് അദിതി പതിയായ കശ്യപനോട് സങ്കടമുണർത്തിച്ചു നഷ്ടപ്പെട്ടവ തിരികെ ലഭിക്കുവാൻ ഭഗവാൻ നാരായണനെ പൂജിക്കുന്നതാണ് ഏകമാർഗ്ഗമെന്നു കശ്യപൻ അദിതിയെ അറിയിച്ചു. പന്ത്രണ്ട് നാളുകൾ നീളുന്ന പയോവൃതം അനുഷ്ഠിച്ചാൽ ഭഗവാൻ സംപ്രീതനാകും എന്നറിഞ്ഞ അദിതി പതിയുടെ നിർദേശാനുസാരം വ്രതമാചരിക്കുവാൻ തുടങ്ങി. വൃതാന്ത്യത്തിൽ അദിതിയുടെ മുന്നിൽ കോമളരൂപം പൂണ്ട ഭഗവാൻ പ്രത്യക്ഷനായി. സന്തോഷാധിക്യത്താൽ അദിതി ഭഗവാനെ സ്തുതിക്കുവാൻ തുടങ്ങി. അദിതിയുടെ ദുഃഖങ്ങൾ വൈകാതെ ശമിക്കുമെന്നു അറിയിച്ച ശേഷം ഭഗവാൻ അന്തർധാനം ചെയ്തു.