തൃക്കാക്കരയപ്പൻ...
ചിങ്ങം പിറന്നു. ഇനി ഓണനാളുകൾ. ഓണക്കാലത്തെ കുറിച്ച് ഓർക്കുന്പോഴാണ് തൃക്കാക്കര ക്ഷേത്രത്തെക്കുറിച്ച് ഓർമ്മ വരിക അധികവും. തൃക്കാക്കര അപ്പന്റെ (മഹാവിഷ്ണു) പ്രതിഷ്ഠ വാമനനായിട്ടാണ് സങ്കല്പം. തൃക്കാക്കര കേന്ദ്രമായി കാൽക്കരൈനാട് എന്ന പേരിൽ പ്രാചീന കേരള ചരിത്രത്തിൽ ഒരു നാട് ഉണ്ടായിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. അത് കുലശേഖര ചക്രവർത്തിമാരുടെ കീഴിൽ ചെറുരാജ്യമായിരുന്നു. തൃക്കാക്കര ക്ഷേത്രത്തിലെ ലിഖിതങ്ങളിൽ നിന്നും ചേരരാജാക്കന്മാരുടെയും അവിടുത്തെ സാമന്തരാജാക്കന്മാരുടെയും വിവരങ്ങൾ കേരള ചരിത്രത്തിൽ രേഖപ്പെടുത്തിട്ടുണ്ട്.
തൃക്കാക്കര എന്ന സ്ഥലനാമം തിരുകാൽക്കരെയുടെ ചുരുക്ക പേരാണ് ക്ഷേത്രനിർമ്മാണത്തോടെയാകണം തിരു (തൃ) വിശേഷണം വന്നു ചേർന്നതു എന്നു കരുതാം. കാൽക്കീരെ നാടിന്റെ ഭരണസഭ തൃക്കാക്കര ക്ഷേത്രത്തിലാണ് സമ്മേളിച്ചിരുന്നതു എന്നു ചരിത്രം. വൈഷ്ണവ പ്രസ്ഥാനത്തിന്റെ ഒരു ആസ്ഥാനമായിരുന്നു ഇവിടം എന്നും വിശ്വസിച്ചു വരുന്നു. മഹാവിഷ്ണുവിന്റെ അവതാരമായ വാമനമൂർത്തിയുടെ പാദസ്പർശം ഏറ്റ പുണ്യഭൂമിയാണ് തൃക്കാക്കര എന്നു വിശ്വസിച്ചു വരുന്നവരും ഏറെയുണ്ട്. അതാണത്രെ തിരുകാൽക്കര.
രണ്ടാം ചേര സാമ്രാജ്യത്തിലെ കുലശേഖരന്മാരുടെ കാലത്തിനു മുന്പ് വൈഷ്ണവ ക്ഷേത്രങ്ങൾ സ്ഥാപിക്കപ്പെട്ടത് തുലോം കുറവായിരുന്നു എന്ന് ചരിത്രം പറയുന്നു.
പെരുമാക്കന്മാരുടെ കാലത്ത് ഇരുപത്തി എട്ട് ദിവസത്തെ ഉത്സവമായിരുന്നു ഈ ക്ഷേത്രത്തിൽ നടന്നു വന്നിരുന്നത്. കർക്കടക മാസത്തിൽ തിരുവോണ നാൾ കൊടി കയറി ചിങ്ങമാസത്തിലെ തിരുവോണ നാൾ കൊടി ഇറങ്ങും. ഉത്സവത്തിന് എത്തിച്ചേരാൻ കഴിയാത്തവർ തൃക്കാക്കര അപ്പനെ വീടുകളിൽ വെച്ച് പൂജിച്ച് ആഘോഷിക്കുന്ന പതിവും ഉണ്ട്. അത്തം തൊട്ട് തുടങ്ങുന്ന ഓണനാളുകളിലെ വിശേഷങ്ങളുടെ കൂട്ടത്തിൽ തൃക്കാക്കര അപ്പനുള്ള പ്രാധാന്യം എടുത്തു പറയേണ്ടതാണ്.
തുടരും