ദക്ഷന്റെ യാഗം
ചരിത്രത്തിൽ ഇതിഹാസത്തിൽ, പുരാണങ്ങ
ളിൽ കഥാഭാഗങ്ങളിലൂടെ കടന്നുപോകുന്പോൾ വ്യത്യസ്തത കാണാം. വ്യക്തിത്വത്തിന്റെ വിശേഷതകൾ കാണാം. സുകൃതചിന്തകളിലൂടെ അത്തരം വിശിഷ്ട വ്യക്തിവിശേഷങ്ങളെ കണ്ടെത്താനുള്ള ഒരു ശ്രമം, രാമായണം തന്നെ അതിനു ഉദാഹരണം. ഇവിടെ പ്രതിപാദിക്കുന്നത് ദക്ഷനെയും സതിയെയും പറ്റിയാണ്. ഉമാമഹേശ്വര സംവാദമാണ് രാമായണം. ‘എത്രയും രഹസ്യമായോരു കഥയെ ചൊല്ലിക്കൊടുക്കേണം’ എന്ന ഉമയുടെ അപേക്ഷയാണ് രാമായണം കഥ പറയുവാൻ മഹേശ്വരന് പ്രേരണ നൽകിയത്. എല്ലാത്തിനും കാര്യവും കാരണവും വേണമല്ലോ?
മരീചി, അത്രി, അംഗിരസ്സ്, പുലഹൻ, പുലസ്ത്യൻ ക്രതു, വസിഷ്ഠൻ എന്നീ പ്രസിദ്ധരായ സപ്തർഷികളെ ബ്രഹ്മദേവൻ മനസ് കൊണ്ട് സൃഷ്ടിച്ചു. തന്മൂലം ഈ മഹർഷികൾ ബ്രഹ്മാവിന്റെ മാനസപുത്രന്മാർ എന്നറിയപ്പെട്ടു. ബ്രഹ്മാവിന്റെ ഭ്രൂമധ്യത്തിൽ നിന്ന് പരമശിവനും മടിയിൽ നിന്ന് നാരദനും ദക്ഷിണാഗുഷ്ഠത്തിൽ നിന്ന് ദക്ഷനും മനസിൽ നിന്ന് സനകാദിയും വാമാഗുഷ്ഠത്തിൽ നിന്ന് ‘വീരണി’ എന്ന പുത്രിയും ജനിച്ചു. വീരണിക്ക് അസിക്നി എന്ന പേരും ഉണ്ട്. ദക്ഷൻ വിന്ധ്യനിൽ പോയി വളരെ കാലം തപസ്
ചെയ്തു. ആ ഘട്ടത്തിൽ മഹാവിഷ്ണുപ്രത്യക്ഷപ്പെട്ടു. അസിക്നിയിൽ ധാരാളം സന്താ
നങ്ങൾ ജനിച്ചു. അതിൽ ഏറ്റവും ഇളയവളായ സതിയെ പരമശിവൻ വിവാഹം ചെയ്തു.
പരമശിവന്റെ കേമത്വത്തിൽ ദക്ഷനാണ് അഹങ്കാരം അല്പം വർദ്ധിച്ചത്. ത്രിമൂർത്തികളിൽ ഒരാൾ തന്റെ മരുമകനാവുക എന്നത് അഹങ്കാരത്തിന് മാറ്റ് കൂട്ടുന്നതിൽ അത്ഭുതമില്ലല്ലോ? അസ്ത്രി മഹർഷിയുടെ പു്രതൻ ദുർവ്വാസാവ് ജംബു നദനത്തിൽ എത്തി. അവിടെയുള്ള ജഗദാംബികയെ മായാബീജ മന്ത്രം ചൊല്ലി പൂജിച്ചു. 101 ദിവസം കഴിഞ്ഞപ്പോൾ ദുർവ്വാസാവിന്റെ മുന്പിൽ പ്രത്യക്ഷപ്പെട്ട ദേവി തന്റെ കഴുത്തിൽ കിടന്നിരുന്ന പൂന്തേൻ പ്രവഹിക്കുന്ന മന്ദാരപ്പൂമാല മഹർഷിക്ക് പ്രസാദമായി നൽകി. പൂമാലയും വാങ്ങി ദുർവ്വാസാവ് ദക്ഷന്റെ കൊട്ടാരത്തിലെത്തി. ദക്ഷൻ ആ പൂമാല ചോദിച്ചു വാങ്ങി. കിടക്കയിൽ ആ പൂമാല വെച്ച് അതിന്റെ സുഗന്ധമേറ്റ് അദ്ദേഹം പത്നിയോടൊപ്പം ശയിച്ചു. അലൗകികമായ മാലയെ ഭോഗവസ്തുവാക്കി മലിനപ്പെടുത്തിയത് പ്രപഞ്ചപിതാക്കൾക്ക് രസിച്ചില്ല. ഇക്കാരണം കൊണ്ട് കൈലസത്തിലെത്തിയ ദക്ഷനെ കണ്ടിട്ട് ശിവൻ വേണ്ടത്ര ഗൗനിച്ചില്ല, സ്വീകരിച്ചില്ല. മാത്രവുമല്ല പൂമാല മലിനപ്പെടുത്തിയത് ശരിയായില്ല എന്നു പറയുകയും ചെയ്തു. ശിവനെ വെറുമൊരു ജാമാതാവായിട്ടു മാത്രമേ ദക്ഷപ്രജാപതി കരുതിയിരുന്നുള്ളൂ. ദക്ഷൻ കോപിച്ച് അവിടെ നിന്നും ഇറങ്ങിപ്പോയി.
താൻ സൃഷ്ടികർമ്മം ചെയ്തില്ലെങ്കിൽ പ്രപഞ്ചം വഴിമുട്ടുമെന്നു ബ്രഹ്മാവിനു തോന്നി. അതു കാരണം താനാണ് വലിയവനെന്നും ബ്രഹ്മദേവൻ വിശ്വസിക്കുകയും പറഞ്ഞു പ്രചരിപ്പിക്കുകയും ചെയ്തു. ഭൂമണ്ധലത്തിൽ മരണം ക്രമീകരിച്ചും ഭൂമിയെ നാശത്തിൽ നിന്നൊഴിവാക്കുന്നതും താനാണെന്നും താനാണ് വലിയവനെന്നും ശിവൻ വിശ്വസിച്ചു. ‘ആരാണ് വലിയവൻ’ പലരും തമ്മിൽ തർക്കിച്ചു. ശിവനും ബ്രഹ്മാവും വിട്ടുകൊടുത്തില്ല. ദേവകൾ രണ്ടു പക്ഷത്തായി. അവർ വാഗ്വാദം തുടങ്ങി. വാഗ്വാദം കലശലായപ്പോൾ ബ്രഹ്മാവിന്റെ അഞ്ചാമത്തെ മുഖം ചുവന്നു. കലിതുള്ളി, കോപം അടക്കാൻ വയ്യാതായപ്പോൾ ശിവൻ ആ തലയിൽ നുള്ളി. ബ്രഹ്മാവിന്റെ അഞ്ചാമത്തെ തല അടർന്നു ശിവന്റെ കൈയിൽ വീണു. ശിവൻ എത്ര ശ്രമിച്ചിട്ടും തല അദ്ദേഹത്തിന്റെ കൈയിൽ നിന്നും പോയില്ല. അത് ഒരു കപാലമായി കൈയിൽ ചേർന്നിരുന്നു. ബ്രഹ്മാവ് ‘ശിവൻ കപാലിയാവട്ടെ’ എന്ന് ശപിച്ചു. അന്നു മുതൽ തലയോട് ശിവന്റെ കൂടെയായി. ശിവൻ കപാലിയുമായി.
വിവരമറിഞ്ഞ് ദക്ഷൻ കോപിച്ചു. ആ കാരണം കൊണ്ട് ശിവൻ അശുദ്ധനായി എന്ന് പ്രഖ്യാപിച്ചു. ശിവന്റെ ഭാര്യയായിരുന്നതിനാൽ സതിയെയും അശുദ്ധയായി ദക്ഷൻ ശഠിച്ചു. ഇരുവരെയും കയറ്റിപ്പോകരുതെന്ന് ദക്ഷൻ എല്ലാവരോടും പറഞ്ഞു. ഈ വിവരം ശിവനും അറിഞ്ഞു.
പ്രജാപതിമാർ ഒരു യാഗം നടത്തി. ആ യാഗത്തിന് ത്രിമൂർത്തികളെ ക്ഷണിച്ചിരുന്നു. യാഗഭാഗം ആസ്വദിക്കുന്നതിന് അവർ ദക്ഷനേയും വിളിച്ചു. ദക്ഷൻ എത്തുന്നതിന് മുന്പ് ശിവൻ എത്തി. ദക്ഷനെ കണ്ട ശിവൻ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേൽക്കുകയോ ആദരിക്കുകയോ ചെയ്തില്ല. ഈ ധിക്കാരം ദക്ഷനെ പ്രകോപിപ്പിച്ചു. ഇതിനു ശിവനോട് പകരം ചോദിക്കാൻ ദക്ഷൻ മനസ്സാ ഉറപ്പിച്ചു. ദക്ഷൻ ഒരു വലിയ യാഗം നടത്താൻ നിശ്ചയിച്ചു. ബ്രഹസ്പതീസവനം എന്നായിരുന്നു ആ യാഗത്തിന്റെ പേര്. ആ യാഗത്തിലേക്കു ശിവനോ സതിയോ ക്ഷണിക്കപ്പെട്ടില്ല. ബ്രഹ്മാവിനെയും വിഷ്ണുവിനെയും ക്ഷണിച്ചു. ആരെങ്കിലും ചോദിച്ചാൽ ശിവന്റെ ധിക്കാരത്തെ പറ്റി പറയാമെന്നുദക്ഷൻ മനസിൽ ഉറച്ചു. സാധാരണ രാജാക്കന്മാർ നടത്താത്ത ഒരു സവിശേഷ യാഗമാണ് ബ്രഹസ്പതീസവനം. അതിന് ശിവനെ ക്ഷണിക്കാതിരിക്കുക, ത്രിമൂർത്തികളിൽ സംഹാരമൂർത്തിയായ മഹാദേവൻ പങ്കെടുക്കാതിരിക്കുക എന്തു സംഭവിക്കും എന്നു ചിന്തനീയമാണ്. അത് അടുത്ത ലക്കം സുകൃത ചിന്തകളിൽ.