അപ്പച്ഛന്റെ ഒരു തമാശ
വീണ്ടും വിദ്യാലയങ്ങൾ തുറന്നു. കാലത്തു അധികം മഴ പെയ്തില്ല. കനത്ത മിന്നൽ പിണറോടെ ഇടിനാദം മുഴങ്ങി. ആദ്യമൊക്കെ താഴ്ന്ന സ്വരത്തിൽ പിന്നെ ഘനഗംഭീര സ്വരത്തിൽ മിന്നൽ പിണർ. ഇടിമുഴക്കങ്ങൾ അതിനു ശേഷം ആളുകളെ കുളിപ്പിച്ചു കൊണ്ട് മഴ. നിരത്തായ നിരത്തിലൊക്കെ വെള്ളക്കെട്ടുകൾ. അതിൽ എവിടെ വലിയ കുഴികൾ എന്നറിയാതെ വണ്ടി ചക്രങ്ങൾ ഇറങ്ങിക്കയറുന്പോൾ വഴിയേ പോകുന്നവരുടെ മേലേക്ക് ചളി തെറിക്കുന്നു. അതിന്റെ പേരിൽ മാത്രം വാക്കുകൾ ശകാരങ്ങളായി, വാക്കുകളുടെ ഘനം കൂടുന്നു. അത് സഭ്യമല്ലാത്ത രീതിയിലേക്ക് മാറുന്നു. വാക്കു തെറ്റിയാൽ വഴക്കാകുന്നു. അതു പിന്നെ കയ്യാംകളിയിൽ വരെ എത്തുന്നു. അതൊന്നും പുത്തരിയല്ലാത്ത നാട്ടിൽ എന്തും നടക്കും. നിയമസഭക്കു അകത്തുപോലും അതു നടന്നത് ദൃശ്യമാധ്യമങ്ങളിലൂടെ നമ്മൾ കണ്ട നാടകമല്ലേ? എന്നിട്ടെന്തുണ്ടായി അന്വേഷണത്തിന് ഉത്തരവിട്ടു, എത്ര ഉത്തരവുകൾ കാറ്റിൽ പാറി നടന്നു. അതിനൊക്കെ ചിലവ് ലക്ഷങ്ങളിൽ ഒതുങ്ങുന്നുണ്ടോ, അതോ കോടികളുടെ അമുക്കലിലോ? ആരു ചോദിക്കാൻ? ഒത്തുകളിയല്ലേ, അതു അങ്ങിനെയൊക്കയെ വരൂ. ആരും ചോദിക്കേണ്ട, ആരും പറയേണ്ട. അതൊക്കെ അങ്ങിനെയാ എന്നു സമാധാനിക്കുക ഇല്ലെങ്കിൽ അതൊക്കെ ചോദിക്കാനും പറയാനും ഇവിടെ തറവാട്ട് കാരണവന്മാർ കാണും. അവർ എല്ലാം നേരെയാക്കും. നേരന്പോക്കായി തോന്നാമെങ്കിലും അങ്ങിനെ ഉള്ള കാരണവന്മാർ പണ്ട് നമുക്ക് ഉണ്ടായിരുന്നു. ആ കഥ അറിയില്ലേ? ഒരു തറവാട്ടിൽ കാരണവർ അടുക്കളയിൽ ഒരു ഇലയിൽ വിളന്പിവെച്ച ഭക്ഷണം ആർക്കെന്നു മരുമകളോട് ചോദിച്ചു. അതു അൽപം ഗൗരവം വിടാതെയായിരുന്നു. ഗൗരവ ചോദ്യത്തിൽ വിറച്ചു പോയ മരുമകൾ പെട്ടെന്നു ഉത്തരം പറഞ്ഞു. അതു അമ്മായിക്കാണു അമ്മാവാ. ഉത്തരം കേട്ടപ്പോൾ അമ്മാവൻ ഗൗരവം കുറച്ചു. മോരും കൂട്ടി കുഴച്ചു കഴിക്കുന്പോൾ അതു അത്രക്കേ ഉള്ളൂ. എത്ര നല്ല ഉത്തരം. അതെ, അതു തന്നെയാണ് ഇപ്പോഴും നാട്ടുനടപ്പ്. ഇപ്പോഴും അങ്ങിനെ തന്നെ. കാരണവന്മാരും മരുമക്കളും അമ്മായിമാരും അരങ്ങു തകർക്കുന്നു. അവർ തറവാടുകൾ അടക്കി ഭരിക്കുന്നു. കണ്ടുനിൽക്കാൻ അത് ആസ്വദിക്കാൻ മദ്യം ഒഴുക്കാത്ത മലയാള നാട്ടിൽ എന്നെങ്കിലും മദ്യം കഴിക്കണമെങ്കിൽ വല്ല ഓണമോ വിഷുവോ വരണം. അന്ന് അൽപ്പം പൂസായാലും കുഴപ്പമില്ല. അതാണ് നല്ലത് എന്നു തോന്നുന്നു.
മദ്യനയത്തിലും അതിന്റെ കോഴ കേസിലും പെട്ട് അഞ്ച് വർഷം കഴിഞ്ഞതല്ലേ? എന്നിട്ടെന്തുണ്ടായി? എന്തുണ്ടാവാൻ, ഒന്നും ഉണ്ടാകാൻ പോകുന്നില്ല എന്നറിയുന്ന പൊതുജനത്തിന് അറിയണം. അതിനു ചിന്തിക്കണം. കാര്യം നിസാരം. ഉത്തരം കാണാൻ ഒരുപാട് ദൂരം സഞ്ചരിക്കേണ്ടി വരില്ല. പണ്ട് അടൂർഭാസി അഭിനയിച്ച് പാടിയ പാട്ട് ഓർമ്മയിൽ വരുന്നില്ലെ? അതൊക്കെ ‘അപ്പച്ഛന്റെ ഒരു തമാശ’ അതെ, ഇതൊക്കെ ഒരു തമാശയായി കാണണം. ജീവിതം, തന്നെ ഒരു തമാശയായി കാണാൻ കഴിയണം. അങ്ങിനെ ഗൗരവം വിട്ട് എല്ലാം തമാശയായികണ്ട് ഉള്ളിൽ ചിരിച്ചു കൊണ്ട് മറ്റുള്ളവരെ തമാശയാക്കുന്നത് ഒരു സുഖമല്ലേ? അത്തരം സുഖം അനുഭവിക്കുന്നവരോട് സ്വകാര്യമായി ചോദിച്ചാൽ അപ്പോഴും അവർ ഊറിച്ചിരിക്കും ഉള്ളിൽ. പുറത്ത് ഗൗരവം നടിക്കുകയും ചെയ്യണം. അതാണ് ജീവിതനാടകത്തിലെ വേഷം കെട്ടൽ. ആ വേഷം കെട്ടൽ എത്ര നന്നാകുന്നു എന്ന് നോക്കി ജനം കൈയടിക്കും. അല്ലാത്തവർ മാറി നിൽക്കേണ്ടി വരും. അല്ലാത്തവർ മാറി നിൽക്കേണ്ടി വരും. അവർ അതിരുകൾക്കപ്പുറം ഇരിക്കും. അവിടെ േവലി കെട്ടി തിരിക്കും. വിദ്യാലയങ്ങളിൽ ആദ്യാക്ഷരം പഠിക്കാൻ കോഴ കൊടുത്ത്, പ്രവേശനം ലഭിക്കാൻ അയക്കുന്ന രക്ഷിതാക്കളുടെ ആധി അതാണ്. എങ്ങിനെ കൊടുക്കുന്ന കോഴകൾ കോടികളാക്കി തിരികെ മാറ്റാം. അതിന് എ്രത ഡോക്ടർമാരെ, എഞ്ചിനീയർമാരെ സൃഷ്ടിക്കാം അതിനു മാത്രം എത്ര വിദഗ്ദ്ധമായി ആതുരാലയങ്ങൾ ഉയർത്താം. അവിടെ എത്തുന്ന കൊതുകു കടിയിൽ കൂടി ചികിത്സിച്ചു കിട്ടുന്ന പനി രോഗത്തിൽ നിന്നും ഭൂമിമലയാളത്തിലേക്കു തിരിച്ചു വരാത്ത വണ്ണം പറഞ്ഞയക്കാം. അങ്ങിനെ ചിന്തകൾ കൂടുന്നു. അവസാനം വരെ ചിന്തകളും ചർച്ചകളും ആയി കാലം കഴിക്കാം. എന്തു സുഖം അല്ലെ? അതാണ് ജീവിതം. അല്ലെന്ന് ആർക്കെങ്കിലും തോന്നുന്നുവെങ്കിൽ ചിന്തിക്കണം എവിടെ താളം തെറ്റി എന്ന്.