‘സംശയരോഗത്തിന്റെ താഴ്്വരയിൽ’
പ്രവാസലോകത്ത് പരക്കെ പടർന്നു പിടിച്ചിരിക്കുന്ന പാരന്പര്യരോഗമാണ് സംശയരോഗം. രോഗിയ്ക്കും രോഗിയോട് ചുറ്റിപറ്റിയവർക്കും എന്നെന്നേക്കുമായി സ്വസ്ഥത നഷ്ടപ്പെടുന്ന ഒരു അവസ്ഥാവിശേഷമാണ് സംശയരോഗബാധിതമായ കുടുംബങ്ങളിൽ ഉണ്ടാകാറുള്ളത്. മുളയിലെ നുള്ളിയില്ലെങ്കിൽ ജീവിതാവസാനം വരെ ഭേദപ്പെടുത്താനാകാതെ ഈ രോഗം നമ്മെ വേട്ടയാടിക്കൊണ്ടിരിക്കും. രോഗം മൂർച്ഛിച്ചാൽ പൂർണ്ണ സൗഖ്യം മരുന്നുകൾക്ക് പോലും നൽകാൻ സാധിക്കുകയില്ല; കാഠിന്യം കുറയ്ക്കുവാനെ മരുന്നുകൾക്ക് പോലും കഴിയുകയുള്ളൂ. തക്കസമയത്ത് ചികിത്സ നൽകിയില്ലെങ്കിൽ ആത്മഹത്യയിൽ വരെ രോഗി ചെന്നെത്തിയെന്നും വരാം. മഞ്ഞക്കണ്ണുകൊണ്ട് നോക്കുന്പോൾ കാണുന്നതെല്ലാം മഞ്ഞിച്ചിരിക്കുന്നതുപോലെ, ഈ രോഗം ബാധിച്ചവർ തങ്ങൾക്ക് സംശയരോഗമുണ്ടെന്ന് സമ്മതിക്കുകയില്ല. മറിച്ച് തങ്ങളുടെ മറ്റ് കുടുംബാംഗങ്ങൾക്കാണ് രോഗം ബാധിച്ചിരിക്കുന്നത് എന്ന് സമർത്ഥിച്ചുകൊണ്ടേയിരിക്കും. ഡോക്ടറെ കാണുന്നതിനോ ചികിത്സയ്ക്ക് വിധേയപ്പെടുന്നതിനോ ഇത്തരക്കാർ കൂട്ടാക്കാറില്ല. മരുന്ന് കിട്ടിയാൽ പോലും തക്ക സമയത്ത് അത് കഴിക്കുവാൻ ഇക്കൂട്ടർ വിമുഖത പ്രകടിപ്പിക്കും. കാരണം, മരുന്ന് അവരുടെ ബോധം മറയ്ക്കുന്നതിനാണെന്നാണ് അവരുടെ വിശ്വാസം. ബോധം മറയുന്പോൾ സംശയരോഗത്തിന്റെ ഇരകൾക്ക് യഥേഷ്ടം എന്തും പ്രവർത്തിക്കാമല്ലോ എന്നാണ് ഇവരുടെ കണക്കുക്കൂട്ടൽ. താരതമ്യേന ഇങ്ങനെയുള്ളവർക്ക് ഉറക്കം കുറവായിരിക്കും. വിശപ്പു കൂടും. പകലായിരിക്കും കൂടുതലും ഉറങ്ങുന്നത്. മനസ്സിനും ശരീരത്തിനും ഒരുപോലെ തളർച്ച അനുഭവപ്പെടും. ചെറിയ ശബ്ദങ്ങളെപ്പോലും ദുർവ്യാഖ്യാനം ചെയ്യുവാനുള്ള കൂർമ്മബുദ്ധി ഇവർക്കുണ്ടായിരിക്കും. അസത്യത്തേയും ഭാഗികസത്യത്തെയും സൗകര്യപ്രദമായി വ്യാഖ്യാനിച്ച് അസ്വാരസ്യങ്ങൾ ഉളവാക്കുന്ന നിഗമനങ്ങളിലെത്തി അവയെ ഒരുതരം വിശ്വാസമായി, സത്യങ്ങളായി, സംഭവങ്ങളായി ഉപബോധമനസ്സിന്റെ അടിത്തട്ടിൽ പ്രതിഷ്ഠിക്കുകയാണ് ഒരു സംശയരോഗി ചെയ്യുന്നത്. മറ്റു ജോലിയൊന്നുമില്ലാത്തവരിൽ പെട്ടെന്ന് കടന്നുകൂടുന്ന ഒരു സാംക്രമികരോഗമായി ഇതിനെ ഹാസ്യാത്മകമായി നിർവചിക്കുന്നതിൽ അപാകതകളൊന്നുമില്ല.
കുറേ നാളുകൾക്ക് മുന്പ് 47 വയസ്സുള്ള ഒരു കുടുംബനാഥൻ എന്നെ സമീപിച്ച് അദ്ദേഹത്തിന്റെ വേവലാതി അവതരിപ്പിച്ചു. ഭാര്യയും മൂന്ന് മക്കളുമൊപ്പമാണ് അദ്ദേഹത്തിന്റെ ഇവിടത്തെ വാസം. ഭാര്യാഭർത്താക്കന്മാർ തമ്മിൽ 14 വയസ്സിന്റെ വ്യത്യാസമുണ്ട്. വളരെ നാളുകളായി ഭാര്യയ്ക്ക് ഭർത്താവിനെ സംശയമാണ്. പണം വ്യയം ചെയ്യുന്ന രീതിയിൽ, സ്നേഹിതരുമായുള്ള കൂട്ടുകൂടലിന്റെ പേരിൽ, ടെലിഫോണിലും വാട്സ് ആപ്പിലും ഈമെയിലിലുമുള്ള സംഭാഷണങ്ങളുടെ പേരിൽ, ധരിയ്ക്കുന്ന വസ്ത്രങ്ങളുടെ പേരിൽ ഇങ്ങനെ തൊട്ടതിനും പിടിച്ചതിനുമെല്ലാം സംശയമാണവർക്ക്. അവിഹിതബന്ധമാണ് പ്രധാന കഥാതന്തു. അദ്ദേഹത്തിന്റെ മൂന്ന് മക്കളോടും അച്ഛന്റെ വഴിപിഴച്ച ജീവിതത്തെപ്പറ്റി പറഞ്ഞ് അവരെ വിശ്വസിപ്പിക്കാൻ അമ്മ ശ്രമിക്കുന്നു. കുട്ടികൾ ഇതിൽ അസ്വസ്ഥരാണ്.
അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് സംശയരോഗമാണെന്ന് അദ്ദേഹത്തിന് അറിയാമെങ്കിലും അവർ അത് സമ്മതിച്ചു കൊടുക്കില്ല. അദ്ദേഹത്തിന് തന്റെ ഭാര്യയോട് സഹതാപമുണ്ട്. ഭാര്യയിൽ സ്വാധീനമുള്ള പലരെക്കൊണ്ടും സത്യാവസ്ഥ ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഫലപ്പെട്ടിട്ടില്ല. ആത്മഹത്യാഭീഷണി പലതവണ മുഴക്കിയിട്ടുമുണ്ട്. ഒരു പ്രകോപനവും കൂടാതെ പെട്ടെന്ന് കോപിക്കുകയും ശാരീരികമായി ഭർത്താവിനെ മർദ്ദിക്കുകയും ചെയ്യുന്നത് പതിവായിരിക്കുന്നു. അദ്ദേഹം ഇത്രയും നാൾ പിടിച്ച് നിന്നത് തന്റെ മക്കൾക്കു വേണ്ടി; ഇരുചെവിയറിയരുത് എന്ന സ്വാഭിമാനത്തിന്റെ പേരിൽ. സഹിക്കാൻ അദ്ദേഹം തയ്യാറാണ്; വഹിക്കാൻ അദ്ദേഹത്തിന് മടിയുമില്ല. അറിയേണ്ടത് ഇത്രമാത്രം: ഇത് ജീവപര്യന്തമോ? ഇതിന് ചികിത്സയുണ്ടോ? എന്റെ കുട്ടികളെ ഇത് പ്രതികൂലമായി ബാധിച്ച് അവരിലും ഈ അസുഖം പിൽക്കാലത്ത് പ്രത്യക്ഷപ്പെടുമോ?
ഈ പരിതാപകരമായ അവസ്ഥയിൽ കഴിയുന്ന നിരവധി സ്ത്രീപുരുഷന്മാർ പ്രവാസലോകത്തുണ്ട്, നാട്ടിൽ മാത്രമല്ല. സംശയരോഗം പ്രവാസലോകത്ത് കൂടുതലാണ്. അതിന് പലകാരണങ്ങളുമുണ്ട്. സംശയരോഗത്തെ രണ്ടു തരത്തിൽ വ്യാഖ്യാനിക്കുന്ന മനോരോഗവിദഗ്ദ്ധരുണ്ട്. ഒന്നാമത്തെ കൂട്ടർ ഇതിനെ ഒബ്സസീവ് കംപൽസീവ് ഡിസോർഡർ (OCD) എന്ന് വിളിക്കും. അനാവശ്യമായ ചിന്തകളും സംശയങ്ങളും മനസിൽ കടന്നുകൂടി എന്തിനെയും സംശയിക്കുന്ന അവസ്ഥയെയാണ് ഒബ്സെഷൻ എന്ന് പറയുന്നത്. ഒരു പ്രവർത്തി തന്നെ ആവർത്തിച്ചുകൊണ്ടിരിക്കുന്ന സ്വഭാവം ചിലരിൽ പ്രകടമാകും. ഉദാഹരണത്തിന് കൈകഴുകൽ, കണക്കുകൂട്ടൽ, പരിശോധനകൾ, വൃത്തിയാക്കൽ ഇവ. ഈ അവസ്ഥയെ കംപൽസീവ് എന്ന് കണക്കാക്കുന്നു. ഇവ രണ്ടും കൂടെ ഒരാളിൽ പ്രകടമാകുന്നെങ്കിൽ അതാണ് OCD. ഒരാളിൽ സംശയരോഗം വേരുറച്ചു എന്നതിന്റെ ബാഹ്യപ്രകടനമാണ് OCD. ഇവർ പരസഹായം തേടാതെ തങ്ങളുടെ വൈകല്യങ്ങൾ മറച്ചുവെയ്ക്കാൻ ശ്രമിക്കും. അതുകൊണ്ട്OCDയുടെ മൂർദ്ധന്യാവസ്ഥയിൽ ചികിത്സ അത്രകണ്ട് ഫലിക്കുകയില്ല.
രണ്ടാമത്തെ കൂട്ടർ സംശയരോഗത്തെ പാരനോയിയ എന്നു വിളിക്കും. സത്യത്തിന് നിരക്കാത്ത കാര്യങ്ങൾ ഊതി വീർപ്പിച്ച് മറ്റുള്ളവരെ സംശയിക്കുന്നവരെയാണ് പാരനോയ്ഡ്സ് എന്ന് വിളിക്കുന്നത്. ഇവരിലെ ചിന്തകൾ മൂന്ന് തലത്തിലേക്ക് പടരും. ഒന്നാമത്, എന്തോ വല്ലാത്തത് സംഭവിക്കാൻ പോകുന്നു എന്ന് എപ്പോഴും ചിന്തിച്ചു കൊണ്ടിരിക്കുക, രണ്ടാമത് പ്രശ്നങ്ങൾക്ക് കാരണക്കാർ മറ്റുള്ളവരാണ് എന്ന് ജല്പനം ചെയ്തുകൊണ്ടിരിക്കുക. മൂന്നാമത് യഥാർത്ഥത്തിന്റെ കണിക പോലുമില്ലാത്ത കാര്യങ്ങൾ ഊതിവീർപ്പിച്ച് സമർത്ഥിക്കുക. ജീവിതസഖിയോടും വളരെ അടുത്ത ബന്ധുക്കളോടുമായിരിക്കും ഇവരുടെ പെരുമാറ്റ വൈകല്യം. ജീവിതസഖിയെ നിഷ്കരുണം മാനസികമായി ദണ്ധിപ്പിക്കുക, സാധനസാമഗ്രികൾ നശിപ്പിക്കുക എന്നീ പ്രവണതകൾ ഇവർക്കുണ്ടാകും. ചുരുക്കത്തിൽ സംശയരോഗത്തിന്റെ പ്രാഥമിക ഘട്ടത്തിൽ OCDയും മറ്റ് ഘട്ടങ്ങളിൽ Paranoiaയും രോഗികളിൽ പ്രകടമാകും.
സംശയരോഗത്തിന് അഞ്ച് ഘട്ടങ്ങളുണ്ട്
1. സന്ദേഹം: എനിക്ക് അത് സംഭവിക്കും എന്ന തോന്നൽ. ഇതൊരുതരം ആധിയാണ്. നമുക്ക് ചുറ്റുമുണ്ടാകുന്ന ദുരന്തങ്ങളിൽ നാമും ഇരയായിത്തീരുമെന്ന ആധി. ഒട്ടുമിക്കവരിലും ഉള്ള ഈ ആധി ജീവിതത്തെ സാരമായി ബാധിക്കയില്ല. കാറ്റടിക്കും പോലെ വരികയും പോവുകയും ചെയ്യുന്ന ആധിയാണ് സന്ദേഹാവസ്ഥയുടെ മുഖ്യകാരണക്കാരൻ.
2. ചുറ്റുപാടുകളെക്കുറിച്ചുള്ള സംശയം: കൂടെയുള്ളവർ അടക്കം പറഞ്ഞ് സംസാരിക്കുന്പോൾ അത് തന്നെക്കുറിച്ചാണെന്ന് കരുതുക. ചിലസംഭവങ്ങൾ തനിക്കെതിരായി ആരൊക്കെയോ മനഃപൂർവ്വം സൃഷ്ടിച്ചതാണെന്ന് വിശ്വസിക്കുക എന്നിത്യാദി കാര്യങ്ങളാണ് ഈ ഘട്ടത്തിന്റെ പ്രത്യേകതകൾ.
3. മനഃപൂർവ്വം മറ്റുള്ളവർ ദ്രോഹിക്കുന്നു എന്ന തോന്നൽ: തന്നെ പ്രകോപിപ്പിക്കുവാൻ മറ്റുള്ളവർ മനഃപൂർവ്വം കാരണങ്ങൾ മെനയുന്നു. എന്നെ അംഗീകരിക്കാൻ വൈമനസ്യമുള്ളവരുടെ ഇടയിലാണ് ഞാൻ എപ്പോഴും. ഈവക മനോഭാരമാണ് ഈ അവസ്ഥയിൽ ഉണ്ടാകാറുള്ളത്.
4. എന്റെ കുറ്റം കണ്ടുപിടിച്ച് അവ ഉയർത്തിക്കാട്ടാൻ മറ്റുള്ളവർ വ്യഗ്രത കാട്ടുന്നു എന്ന തോന്നൽ. ഈ തോന്നൽ ഒരു വിശ്വാസമായി മാറുന്നു. അതുകൊണ്ടുതന്നെ ഞാൻ ചെയ്യുന്നതൊന്നും ശരിയാകുന്നില്ല. കഴിവില്ലാത്ത ഒരു വ്യക്തിയാണ് ഞാൻ. അപകർഷതാ മനോഭാവത്തിന്റെ തനിപ്പകർപ്പായി മാറാവുന്ന അവസ്ഥയാണിത്.
5. നടക്കാത്ത കാര്യങ്ങൾ കൺമുന്നിൽ നടക്കുന്നതായി കാണുന്നു. മായാക്കാഴ്ചകളാണിവ. ചുറ്റുമുള്ള ചലനങ്ങൾ പോലും തനിക്കെതിരാണെന്ന് ഉള്ള ധാരണ. ഇവർ ഏകാന്തതയെയും ഇരുട്ടിനെയും ഭയക്കുന്നു. സമൂഹമദ്ധ്യത്തിലെക്ക് ഇറങ്ങിചെല്ലാൻ ഇവർക്ക് മടിയായിരിക്കും. ഈ അവസ്ഥ ആത്മഹത്യയ്ക്ക് വഴിത്തിരിയിടും.
വിവിധ സാഹചര്യങ്ങളാലും കാരണങ്ങളാലും ഒരാൾ സംശയരോഗത്തിലേയ്ക്ക് വഴുതിവീഴാം. കാരണങ്ങൾ അറിയാമെങ്കിൽ ആവക കാരണങ്ങളെ കൈകാര്യം ചെയ്യുന്പോൾ പ്രാരംഭാവസ്ഥയിൽ തന്നെ സംശയരോഗം ഒഴിവാക്കാം. സംശയരോഗത്തിനുള്ള കാരണങ്ങളിൽ പ്രധാനപ്പെട്ട ഒന്പത് എണ്ണം ചുവടെ ചേർക്കുന്നു:
1. അപകർഷതാബോധം: ഞാൻ എന്റെ ജീവിതപങ്കാളിക്ക് പറ്റിയ ആളല്ല എന്ന തോന്നൽ. എനിക്ക് സൗന്ദര്യമില്ല, വിദ്യാഭ്യാസമില്ല, കുടുംബമഹിമയില്ല എന്നിങ്ങനെയുള്ള സ്വയം തരംതാഴ്ത്തൽ ഒരാളെ സംശയരോഗിയാക്കും.
2. പാരന്പര്യരോഗം: തലമുറകളായി സംശയരോഗം ബാധിച്ച ചില കുടുംബങ്ങളുണ്ട്. അച്ഛൻ വഴിയോ അമ്മ വഴിയോ ഈ രോഗം ഇളംതലമുറയിലെ ഒരാളിലെങ്കിലും പടർന്നു പിടിക്കാം.
3. അർഹിക്കുന്ന അംഗീകാരം ലഭിക്കാതെ വരിക: കുടുംബത്തിലെ അംഗങ്ങൾക്കെല്ലാം ഓരോ റോളുണ്ട്. റോൾ പ്ലേയിൽ പാളിച്ചകൾ ഉണ്ടാകുന്പോൾ മറ്റ് അംഗങ്ങൾ ഒരുപക്ഷേ താഴ്ത്തിക്കെട്ടാൻ സാധ്യതയുണ്ട്. മതിപ്പില്ലാത്ത സംസാരം, എത്ര നല്ലത് ചെയ്താലും അംഗീകരിക്കാനുള്ള മടി എന്നിവ മറ്റുള്ളവർ പ്രകടിപ്പിക്കുന്പോൾ ഒരുവൻ സംശയരോഗത്തിലേയ്ക്ക് വഴുതി വീഴും.
4. ജീവിതാനുഭവങ്ങളും സംഭവങ്ങളും: മാനസിക സംഘർഷമുളവാക്കുന്ന ജീവിതാനുഭവങ്ങളും വേദനാജനകമായ സംഭവങ്ങളും സംശയരോഗത്തിന് മുഖാന്തിരങ്ങളായി തീരാറുണ്ട്.
5. സാമൂഹ്യ കൂട്ടുകെട്ടിന്റെ അഭാവം: വെളിയിലുള്ള സമൂഹത്തിലെ മറ്റുള്ളവരോട് സഹകരിക്കാതെ വീടിന്റെ നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങിക്കഴിയുന്നവർക്ക് പെട്ടെന്ന് സംശയരോഗ ലക്ഷണങ്ങളുണ്ടാകും.
6. ഉറക്കമില്ലായ്മ: ചുറ്റുപാടും ഉറങ്ങുന്പോൾ ഉറക്കം വരാതെ കിടക്കയിൽ കിടന്നു അലസമായ മനസോടെ ചിന്തിച്ച് കൂട്ടുന്നവർക്ക് ഈ രോഗം വേഗം പിടിപെടാവുന്നതാണ്. ശാരീരികവും മാനസികവുമായ വിശ്രമം ഉറക്കത്തിലൂടെ ലഭിക്കുന്നു എന്ന പരമാർത്ഥം ഇവിടെ പ്രസക്തമാണ്.
7. ആസക്തി: അമിതഭക്ഷണം, മദ്യപാനം, പുകവലി, അവിഹിത ബന്ധങ്ങളോടുള്ള പ്രതിപത്തി ഇവ ആസക്തിരോഗത്തിലേക്കും ക്രമേണ സംശയരോഗത്തിലേക്കുമുള്ള ചൂണ്ടുപലകകളാണ്.
8. പൂർവ്വകാല അനുഭവങ്ങൾ: പീഢനത്തിന്റെയും അപമാനത്തിന്റെയും പൂർവ്വകാല അനുഭവങ്ങളുമായി രമ്യതപ്പെടാതെ അവ മനസിലിട്ട് താലോലിക്കുന്നവർക്ക് ചുറ്റിനും നടക്കുന്ന എന്തിനേയും സ്വന്തം ജീവിതാനുഭവങ്ങളോട് താരതമ്യപ്പെടുത്താനുള്ള ത്വര ഉണ്ടാകും. ഇത് ക്രമേണ സംശയരോഗത്തിലെത്തി നിൽക്കും.
9. ശാരീരിക വൈകല്യങ്ങൾ: ലൈംഗികമായ പാപ്പരത്വം, അംഗവൈകല്യം, ആശയവിനിമയ ദാരിദ്ര്യം, ആകാര സൗന്ദര്യമില്ലായ്മ ഇത്യാദി ശാരീരിക വൈകല്യങ്ങൾ മുഖ്യധാരയിൽ നിന്ന് പിൻവലിയാൻ ഒരുവനെ പ്രേരിപ്പിക്കും. ഫലമോ, ഞാൻ ഒന്നിനും കൊള്ളരുതാത്തവൻ എന്ന തോന്നലും സംശയരോഗവും.
ഒരു വ്യക്തിയുടെയും കുടുംബത്തിന്റെയും അതുമൂലം സമൂഹത്തിന്റെയും സ്വസ്ഥതയും സമാധാനവും കെടുത്തുന്ന സംശയരോഗമെന്ന മാറാവ്യാധിയെ എങ്ങനെ നേരിടാം?
1. രോഗി ഏത് ഘട്ടത്തിലാണെന്ന് മനസിലാക്കുക. കുടുംബാംഗങ്ങൾക്ക് മാത്രമേ ഇത് ഫലപ്രദമായി കണ്ടുപിടിക്കാൻ സാധിക്കൂ. ഒരു ഫാമിലി കൗൺസിലിംഗ് സെന്ററിന്റെ സഹായം തേടുക. ആവശ്യമെങ്കിൽ ഒരു മനോരോഗ വിദഗ്ദ്ധന്റെ സഹായത്താൽ മരുന്ന് കഴിച്ച് തുടങ്ങുക.
2. ഇത്തരക്കാർക്ക് സൗമ്യസമീപനമാണവശ്യം. അവരുമായി വാദപ്രതിവാദങ്ങളിൽ ഏർപ്പെടാതിരിക്കുക. സഹതാപത്തോടു കൂടെയുള്ള സമീപനവും അവർ ആഗ്രഹിക്കുന്നില്ല. ‘നോ’ പറയേണ്ടിടത്ത് ദൃഢമായി ‘നോ’ പറയാനും ‘എസ്’ പറയേണ്ടത് സ്വന്തം പ്രവർത്തിയിലൂടെ കാണിച്ചു കൊടുക്കാനും ശ്രമിക്കുമെങ്കിൽ രോഗി നിങ്ങളുടെ വ്യക്തിത്വത്തിന്റെ സ്വകാര്യവലയത്തിൽ ഒതുങ്ങിയിരിക്കും.
3. സംശയരോഗിക്ക് വിശ്വാസമുള്ളവരുമായി നിരന്തരം നർമ്മസംഭാഷണത്തിൽ ഏർപ്പെടുവാനും ഹൃദയം പകരുവാനും അവസരമുണ്ടാക്കുക.
4. സി.ബി.റ്റി: സംശയരോഗത്തോടുള്ള മനഃശാസ്ത്രപരമായ സമീപനമാണ് സി.ബി.റ്റി. ചിന്തകളെ കൂലങ്കുഷമായി അപഗ്രഥിച്ച് മൂലകാരണത്തിലേക്ക് കടന്നു ചെല്ലാൻ ശ്രമിക്കുന്ന രീതിയാണ് Cognitive Behavioural Therapy (CBT). നാണയത്തിന്റെ മറുവശം പോലെ ചിന്തകൾക്ക് മറുചിന്തകളുമുണ്ട്. മറു ചിന്തകളെ ഉദ്ദീപിപ്പിക്കുന്ന ഈ കർമ്മം സൈക്കോതെറാപ്പിസ്റ്റുകളാണ് നിർവഹിക്കുന്നത്.
5. ധ്യാനം, യോഗപരിശീലനം ഇവ സംശയരോഗികളെ രോഗാവസ്ഥയിൽ നിന്ന് മോചിപ്പിക്കാൻ അനുകൂലമായ ചലനങ്ങളുണ്ടാക്കും. ചിരി ക്ലബു പോലെയുള്ളിടത്ത് അംഗത്വമെടുക്കുന്നതും നന്ന്.
ചികിത്സയേക്കാൾ ്രപധാനം പ്രതിരോധമാണ്. ആഴമായ സംശയരോഗത്തിലേയ്ക്ക് വഴുതിവീഴാതെ മുൻകരുതലുകളെടുത്താൽ സംശയരോഗം വരുതിയിൽ നിർത്താം.
ഇത് ഒരു ജീവപര്യന്ത രോഗമായി മാറ്റാതിരിക്കാനുള്ള ക്രമങ്ങൾ സൗമ്യമായി പ്രയോഗിച്ചാൽ തക്കസമയത്ത് കൗൺസിലിംഗോ ചികിത്സയോ, തെറാപ്പിയോ നൽകിയാൽ സംശയരോഗം ആളിക്കത്തുകയില്ല.