'ലഹരിയും കലാപ്രകടനങ്ങളും’


ലഹരിയും ലാസ്യലഹരിയും ലാവണ്യലഹരിയും കലാപ്രതിഭകൾക്ക് ഉത്തേജനം  നൽകുന്നു എന്ന് അടക്കം പറയുന്നവർ നമ്മുടെ ഇടയിലുണ്ട്. മദ്യാസക്തിയുടെ കരാള ഹസ്തങ്ങളിൽ കരൾ കരിച്ച് അക്കരെയെത്തിയ നിരവധി കലാകാരന്മാരുടെ അലഞ്ഞു തിരിയുന്ന ആത്മാക്കൾ നിറഞ്ഞ ദൈവത്തിന്റെ സ്വന്തം നാടാണ് മലയാളക്കര. ഏതൊരു ആഘോഷത്തിന്റെയും കലാപരിപാടികളുടെയും ചെറ്റ പൊക്കി നോക്കിയാൽ അവിടെ മദ്യക്കുപ്പി കാണും. ലഹരിയില്ലാത്ത ആഘോഷങ്ങൾ മലയാളിക്ക് ആഘോഷങ്ങളല്ല പോലും. ഉത്സവങ്ങൾക്കായാലും പെരുന്നാളുകൾക്കായാലും വിശേഷദിവസങ്ങളിലെ സംഗമങ്ങൾക്കായാലും മദ്യത്തിന്റെ മണം ആൾക്കൂട്ടത്തിലെ വിയർപ്പിന്റെ ഗന്ധത്തെക്കാൾ രൂക്ഷമാണ്. പുതുമഴ പെയ്ത് ഒഴിയുന്പോൾ കുതിർന്ന മണ്ണിൽ നിന്ന് പുറത്തേക്ക് പറന്നു കൂടുന്ന ഈയാംപാറ്റകളെ നശിപ്പിക്കാൻ തീ കൂട്ടുന്ന പതിവ് നാട്ടിൻ പുറങ്ങളിലുണ്ട്. മണ്ണിനടിയിൽ ഇരുന്ന ഇവറ്റകൾക്ക് പ്രകാശം പുത്തരിയായി തോന്നും. എന്തോ ഒരു ലഹരി അവിടെയുണ്ട് എന്ന് തെറ്റിദ്ധരിച്ച് അവ പ്രകാശത്തിലേക്ക് പറന്നടക്കുന്നു. ആളിക്കത്തുന്ന അഗ്നിച്ചിറകുകളിൽ വാടിക്കരിഞ്ഞ് വീഴുന്ന ഈയാംപാറ്റകളെയാണ് പിന്നെ കാണാൻ കഴിയുന്നത്. ഇതുപോലെ നമ്മുടെ ചില  സാഹിത്യകാരന്മാരും കലാകാരന്മാരും മദ്യലഹരിയിൽ കൊഴിഞ്ഞു വീണ കഥ മലയാളിക്ക് വേദനയോടെയേ ഓർക്കാൻ കഴിയൂ. മദ്യത്തോട് കളിച്ചാൽ അധികാരത്തിന്റെ സിംഹാസനങ്ങൾക്ക് പോലും ഇളക്കം സംഭവിക്കുമെന്ന് അന്വർത്ഥമാക്കിക്കൊണ്ട് ആനുകാലിക രാഷ്ട്രീയ സംഭവ വികാസങ്ങൾ അരങ്ങത്ത് തകർത്താടുന്നത് കണ്ട് ലജ്ജിച്ച് തലതാഴ്ത്തിയ പ്രബുദ്ധ കേരളമല്ലേ നമ്മുടെ നാട്! എന്തിനേറെ, പ്രവാസലോകത്തു പോലും പത്താളു കൂടുന്ന പരിപാടിക്ക് ഒരെണ്ണമെങ്കിലും വീശാതെ എങ്ങനെ പങ്കെടുക്കാൻ സാധിക്കുമെന്ന് പറയുന്ന ഒരു നല്ല പങ്ക് ആളുകളും നമ്മുടെ ഇടയിലുണ്ട്. ആഴ്ചവട്ടത്തിന്റെ അവസാനമാകുന്നത് കാത്തിരിക്കുന്ന ചെറുപ്പക്കാർ, മദ്യപാനത്തിനായി ചെലവഴിക്കുന്ന തുക ഒട്ടും കുറവല്ല. ചുരുക്കത്തിൽ ലഹരിയില്ലാത്ത ജീവിതത്തിന് ഒരു ഓജസ്സും ഇല്ല എന്ന് പൊതുജനം കമന്റടിക്കുന്ന കാലമായി ഇന്ന് പരിണമിച്ചിരിക്കുന്നു.

മദ്യവിരുദ്ധ പ്രസ്ഥാനക്കാർ കവല പ്രസംഗങ്ങളിൽ ഉദ്ധരിക്കാറുള്ള ഒരു കഥയുണ്ട്. ഒരു മഞ്ഞുമലയുടെ നെറുകയിൽ കുരുങ്ങിയ ഒരു സർപ്പം. തണുപ്പിന്റെ കാഠിന്യവും മഞ്ഞിന്റെ തെന്നലും കാരണം സർപ്പത്തിന് ഇഴഞ്ഞു നീങ്ങാൻ കഴിയുന്നില്ല. അവശനായ സർപ്പം മരണത്തോട് മല്ലടിച്ചു കഴിയുന്പോൾ ഒരു പർവ്വതാരോഹകൻ അതുവഴി കടന്നുവന്നു. സർപ്പം അയാളോട് അപേക്ഷിച്ചു: “എന്നെ എടുത്ത് ഈ മലയുടെ അടിവാരത്തിലാക്കി രക്ഷപ്പെടുത്തുമോ?” അയാൾ പറ്റില്ല എന്നു മറുപടി പറഞ്ഞു. കാരണം സർപ്പം മനുഷ്യനെ കൊത്തും. അതിനെ കൈയിലെടുത്ത് സാഹസികമായി മലമുകളിൽ നിന്ന് അടിവാരത്തിലേക്ക് വരിക എന്നത് അയാൾക്ക് അസാദ്ധ്യമായി തോന്നി. ഒടുവിൽ സർപ്പത്തിന്റെ നിർബന്ധത്തിന് അയാൾ വഴങ്ങി. അവശനിലയിലെത്തിയ സർപ്പത്തെ കൈകളിൽ വഹിച്ചുകൊണ്ട് അയാൾ മലയുടെ അടിവാരത്തിലെത്തി. സർപ്പത്തിന് സന്തോഷമായി. എന്നാൽ നിലത്ത് ഇഴയാൻ തുടങ്ങുന്നതിന് മുന്പ് അയാളുടെ കൈയിൽ സർപ്പം കൊത്തി. സ്തബ്ധനായ ആ മനുഷ്യൻ സർപ്പത്തോടായി പറഞ്ഞു: “നന്ദിയില്ലാത്ത ജീവിയാണ് നീ. നിന്നെ മരണത്തിൽ നിന്ന് രക്ഷിച്ച എന്റെ കൈകളിൽ തന്നെ നീ കൊത്തി. ചെയ്യില്ല എന്ന വാക്കു തന്ന നീ ആ വാക്ക് ലംഘിച്ചു.” സർപ്പത്തിന്റെ മറുപടി ശ്രദ്ധിക്കുക. “എന്നെ കൈകളിൽ എടുക്കുന്നതിന് മുന്പ് നിങ്ങൾ അറിയണമായിരുന്നു. എന്റെ സ്വഭാവം കൊത്തുക എന്നതാണ് എന്ന്.” മദ്യം വിഷമാണ്. ഇത് ആന്തരീകാവയവങ്ങളെ കാർന്ന് തിന്നും. ഇത് സർപ്പത്തിന് തുല്യമാണ്. ഈ സത്യം നമ്മിൽ എത്രപേർ തിരിച്ചറിയും?

മുപ്പതുകളുടെ മദ്ധ്യാഹ്നത്തിലെത്തിയ ഒരാൾ പരിക്ഷീണനായി എന്നെ ഈയിടെ സന്ദർശിച്ചു. ഒരു തികഞ്ഞ മദ്യപാനിയാണദ്ദേഹം. ഭാര്യയും രണ്ട് മക്കളും. ഒരു കന്പനിയുടെ മാനേജരായി ജോലി ചെയ്യുന്നു. എല്ലാ സുഖസൗകര്യങ്ങളുമുണ്ട് ജീവിക്കുവാൻ. പക്ഷെ വൈകീട്ട് വീട്ടിലെത്തിയാൽ തുടങ്ങണം മദ്യപാനം. വല്ലപ്പോഴുമാണെങ്കിൽ ഭാര്യയ്ക്ക് വിരോധമില്ല. ഇത് ദിവസവും ആണ്. സമ്മതമില്ലാത്ത ഭാര്യയുമായി പിണങ്ങിയിട്ട് അദ്ദേഹം ദിവസവും അടുത്ത ഫ്ളാറ്റിലുള്ള സ്നേഹിതന്റെ വീട്ടിലിരുന്ന് തുടങ്ങും സേവ. പാതിരാത്രി വരെ. ആ സ്നേഹിതൻ ഒറ്റയ്ക്കാണ് താമസം. മറ്റ് കുറെയാളുകളും കാണും. പൊട്ടിച്ചിരികളും കലാപ്രകടനങ്ങളുമൊക്കെ അരങ്ങേറും. രാത്രി ഭക്ഷണവും അവിടെത്തന്നെ. ഒടുവിൽ വീട്ടിൽ തിരിച്ചെത്തുന്പോഴേക്കും ഭാര്യയും മക്കളും ഗാഢനിദ്രയിലായിക്കഴിയും. പിറ്റേദിവസം അവധി ദിവസമാണെങ്കിൽ ആഘോഷം വെളുക്കുന്നതു വരെയായിരിക്കും. രാവിലെ ഉണർന്നു വരുന്ന ഭാര്യയ്ക്ക് ‘കാത്തിരുന്നില്ല’ എന്ന കാരണത്താൽ പ്രഹരമേൽക്കേണ്ടി വരും. ആ സ്ത്രീയുടെ ശരീരത്തിൽ മർദ്ദനത്തിന്റെ പാടും ചൂടുമില്ലാത്ത ഒരു ഭാഗവുമില്ല. വീട്ടിലെ ഏകമകനായതു കൊണ്ട് അരുമസന്താനത്തെക്കുറിച്ച് മാതാപിതാക്കളോട് പരാതിപ്പെട്ടിട്ട് ഒരു കാര്യവുമില്ല. ആ സ്ത്രീ സഹിച്ച് മടുത്തു. ചിലപ്പോഴൊക്കെ ആ മനുഷ്യന് കുറ്റബോധമുണ്ടാകും. അപ്പോൾ എല്ലാ കുറ്റകൃത്യങ്ങൾക്കും ക്ഷമ ചോദിക്കും. അച്ഛനെ കാണുന്പോൾ മക്കൾ രണ്ടുപേരും കട്ടിലിന് കീഴിൽ ഭയന്ന് ഒളിച്ചിരിക്കും. രാവിലെ ഓഫീസിൽ പോകാൻ എഴുന്നേൽക്കുന്പോൾ ഒരു മഞ്ഞദ്രാവകം ഛർദ്ദിച്ചു കൊണ്ടാണ് ഉണരുന്നത്. പ്രഭാതഭക്ഷണത്തിൽ താൽപര്യമില്ല. നേരേയാവുന്നതിന് രാവിലെ പല്ലു തേക്കുന്നതിന് മുന്പ് ഒരു ‘ലാർജ്’ കഴിച്ചേ മതിയാകൂ. അല്ലെങ്കിൽ കൈകൾ വിറയ്ക്കുന്നുണ്ടായിരിക്കും. ഈ അടുത്തിടെ നടത്തിയ ലിവർ ഫംഗ്ഷൻ ടെസ്റ്റിൽ നിന്നും സ്കാനിംഗിൽ നിന്നും കരൾ വീങ്ങിയിരിക്കുന്നു എന്ന് മനസ്സിലായി. ഇനി മദ്യം തൊട്ടുപോകരുത് എന്ന് കർശന നി‍‍ർദ്ദേശം ഡോക്ടർ നൽകിയിട്ടും അദ്ദേഹത്തിന് അതിന് സാധിക്കുന്നില്ല. കുടിച്ചില്ലെങ്കിൽ ഭ്രാന്ത് കുടിച്ചാൽ ഭ്രാന്ത്. ക്രൂരമായ മുഖഭാവമാണയാൾക്ക്്. കലങ്ങിയ കണ്ണുകളും വീർത്ത കൺപോളകളും. സംഭാഷണത്തിൽ വ്യക്തതയില്ല. വാക്കുകൾ വിഴുങ്ങുന്നു. അന്നു രാവിലെ ക്രൂരമർദ്ദനത്താൽ അവശയായ ഭാര്യയും അവരുടെ തോളിൽ രണ്ട് കുട്ടികളുമായിട്ടാണ് അദ്ദേഹം എന്റെയടുത്തേക്ക് എഴുന്നള്ളിയത്. അയാൾക്ക് നന്നാവണമെന്നില്ല. വിഷാദരോഗത്തിനടിമയായ അയാളുടെ ഭാര്യയെ നന്നാക്കാൻ ആണ് കൗൺസിലിംഗിന് എത്തിയത്.

കുടുംബം ഒരു സിസ്റ്റമാണ്. ഒരംഗത്തിനുണ്ടാകുന്ന അസ്വസ്ഥതകൾ മറ്റെല്ലാ അംഗങ്ങളെയും ബാധിക്കും എന്ന സത്യം അദ്ദേഹം അതുവരെ തിരിച്ചറിഞ്ഞിരുന്നില്ല. മദ്യപാനം പെട്ടെന്ന് നിറുത്തിയാൽ ഹൃദയാഘാതമുണ്ടായി പെട്ടെന്ന് മരിച്ചുപോകുമെന്ന് ആരോ പറഞ്ഞ് അയാളെ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു. ഇത്രയും നാൾ കുടിച്ചു. ഇനി കുടിച്ചില്ലെങ്കിലും രോഗിയായി തുടരും, അതുകൊണ്ട് ജീവിക്കുന്നിടത്തോളം മദ്യത്തിന്റെ ലാസ്യലഹരിയിൽ മുഴുകിയിരിക്കാം എന്ന മിഥ്യാധാരണയിലാണയാൾ. സ്വന്തം ശവക്കുഴി അയാൾ തനിയെ കുഴിച്ചുകൊണ്ടിരിക്കുന്നു. ഈ അവസ്ഥയിലുള്ള എത്രയോ യുവാക്കളും മദ്ധ്യവയസ്കരുമുണ്ട് നമ്മുടെ സമൂഹത്തിൽ. അന്പതുകളുടെ സംതൃപ്തിയെന്തെന്ന് രുചിച്ചറിയാതെ ഈ ലോകത്തോട് യാത്ര പറഞ്ഞ എത്രയോ പേർ. എത്രയോ പ്രതിഭാശാലികൾ! അവരോട് മദ്യത്തെക്കുറിച്ചും മദ്യം മനുഷ്യശരീരത്തിലും മനസിലുമുണ്ടാക്കുന്ന ക്ഷതങ്ങളെക്കുറിച്ചും പറഞ്ഞാൽ കേൾപ്പാൻ ചെവിയില്ല അവർക്ക്! ഇഷ്ടമില്ല അത്തരം കാര്യങ്ങൾ ശ്രവിക്കുവാൻ! മദ്യമുണ്ടാക്കുന്ന കെടുതികളെക്കുറിച്ച് ദൃശ്യമാധ്യമങ്ങളിലൂടെയോ അച്ചടിമാധ്യമങ്ങളിലൂടെയോ സംസാരിക്കുകയോ എഴുതുകയോ ചെയ്താൽ മദ്യരാജാക്കന്മാരിൽ നിന്ന് ഭീഷണി വരെ നേരിടേണ്ടി വരും; തീർച്ച. മദ്യലഹരിയിൽ ജനിക്കുന്ന മക്കൾ അംഗവൈകല്യമുള്ളവരോ, ബുദ്ധിമാന്ദ്യമുള്ളവരോ ആയിത്തീരുമെന്ന് പഠനങ്ങളിലൂടെ തെളിയിച്ചാൽ പോലും ഇന്നത്തെ സമൂഹം ചെവികൊള്ളില്ല. 

എനിക്കറിയാവുന്ന ഒരു കുടുംബം. 60ൽ എത്തിനിൽക്കുന്ന അച്ഛനും 30നും 35നുമിടയിൽ പ്രായമുള്ള രണ്ട് ആൺമക്കളും. മൂന്നുപേർക്കും സ്വന്തമായി ഓട്ടോറിക്ഷാ ഉണ്ട്. അവർ തന്നെയാണ് ഓടിക്കുന്നത്. എല്ലാ ദിവസവും സന്ധ്യയാകുന്പോൾ അവർ മൂന്നും ഒത്തുകൂടും. ഷെയർ ഇട്ട് ഒരു കുപ്പി മദ്യം വാങ്ങും. അടുത്തുള്ള സ്കൂൾ ഗ്രൗണ്ടിൽ ഇരുന്ന് മൂന്നുപേരും കൂടെ ആ കുപ്പി കുടിച്ച് തീർക്കും. എന്നിട്ടവർ വീട്ടിലേക്ക് പോകും. നമ്മുടെ ഭവനങ്ങളിലെ ജീവിതമൂല്യങ്ങളെക്കുറിച്ച് അവരോട് അറിയിച്ചിട്ട് എന്തുകാര്യം! മൃഗങ്ങളെപ്പോലെ മേയാൻ ഒരു സ്ഥലവും കാഷ്ഠിക്കാൻ ഒരു കൂടും മതിയോ മനുഷ്യന്? മതമേതായാലും മനുഷ്യൻ നന്നായാൽ മതിയെന്ന സന്ദേശം ഈ ലോകത്ത് മുഴുവൻ ഒരു ജീവിതമന്ത്രധ്വനിയാക്കി മാറ്റിയ ശ്രീനാരായണ ഗുരുദേവന്റെ മദ്യത്തെക്കുറിച്ചുള്ള വചനസുധ ‘മദ്യം വിഷമാണ്’ എത്രകണ്ട് പ്രായോഗികമാണിന്ന്. എന്റെ ഈ ലേഖനം പോലും ഒരുപറ്റം മദ്യസ്നേഹികളെ എന്റെ ശത്രുക്കളാക്കാമെന്നതിലുപരി എന്ത് ്രപതിഫലനമുണ്ടാക്കും! ആസക്തി രോഗത്തിനടിമയായവരുടെ ആശ്രിതർ ഇത് വായിച്ച് ആത്മസംതൃപ്തിയടയുന്നെങ്കിൽ അത് തന്നെ ഒരു പുണ്യമാണെന്ന് കരുതുന്നതുകൊണ്ടാണ് നാഡീസ്പന്ദനം വർദ്ധിപ്പിക്കുന്ന ഈ വിഷയം ഇന്ന് ഈ പത്രത്താളുകളിലൂടെ ചിന്താവിഷയമാക്കിയത്.

ഒരു മദ്യപാനി നാല് അവസ്ഥകളിലൂടെ കടന്നുപോകുന്നു എന്ന് ഇത് സംബന്ധമായ പഠനം നടത്തിയ വിദഗ്ദ്ധർ രേഖപ്പെടുത്തിയിട്ടുണ്ട്.

1. സോഷ്യൽ ഡ്രിങ്കിംഗ്: വല്ലപ്പോഴും കൂട്ടുകാരുമൊത്ത് ചെറിയ തോതിൽ ഉള്ള മദ്യപാനം. മിക്കവാറും വലിയ വിരുന്നുകൾക്ക് മുന്പോ ആഘോഷങ്ങളോട് അനുബന്ധമായോ ആണ് ഇത് നടക്കുന്നത്. സോഷ്യൽ ഡ്രിങ്ക്സ് ഒരു സ്റ്റാറ്റസ് സിംബൽ ആയി കരുതുന്നവരുണ്ട്. സമൂഹത്തിലെ ഉന്നതർ എന്നഭിമാനിക്കുന്നവരും ചില ക്ലബ്ബുകളും ഇതിനെ പ്രമോട്ട് ചെയ്യുന്നുണ്ട്. കുടുംബാംഗങ്ങൾക്ക് ഇതിൽ പരിഭവം കാണുകയില്ല. ‘എന്റെ ഇച്ചായൻ ഒരു ലാർജിൽ കൂടുതൽ കുടിക്കില്ല. അതും വല്ല ആഘോഷസമയങ്ങളിൽ മാത്രം. അതിലെനിക്ക് ഒരു പരിഭവവുമില്ല. ഒരു ‘പഴഞ്ചൻ’ ആണ് അദ്ദേഹമെന്ന് ആരും പറയില്ലല്ലോ,’ ഒരു ഭാര്യയുടെ കമന്റ് ആണിത്. എന്നാൽ ഈ അവസ്ഥയിൽ നിന്ന് രണ്ടാമത്തെ അവസ്ഥയിലേക്കുള്ള മാറ്റം വളരെ പെട്ടെന്നായിരിക്കും. ദഹനത്തിനും വയറൊഴിയുന്നതിനുമായൊക്കെ ഉപയോഗിച്ചു വരുന്ന മദ്യത്തിലെ ‘ഈതൈൻ ആൽക്കഹോൾ’ എന്ന രാസവസ്തു രക്തത്തിൽ സ്ഥാനമുറപ്പിക്കാൻ അധികം കഴിക്കണമെന്നില്ല. അങ്ങനെയായാൽ മദ്യത്തോട് അയാൾക്ക് ഉള്ള പ്രതിപത്തി വർദ്ധിച്ച് രണ്ടാം ഘട്ടത്തിലേക്ക് അയാളറിയാതെ ചെന്നുപെടും.

2. റെഗുലർ ഡ്രിങ്കിംഗ്: മുറയ്ക്കുള്ള മദ്യപാനമാണിത്. ആഴ്ചയിൽ അവധി ദിവസങ്ങളിൽ നിശ്ചയമായും മദ്യപിക്കുക. മുറയ്ക്കുള്ള മദ്യപാനത്തിന് മറ്റൊരു പ്രത്യേകതയുണ്ട്. ആൽക്കഹോൾ അംശം കുറഞ്ഞ വീര്യമില്ലാത്ത മദ്യം അപ്പോൾ അയാൾക്ക് രുചിക്കുകയില്ല. വീര്യമുള്ള മദ്യത്തിലേക്ക് അയാൾ വഴുതിവീഴും. മാത്രമല്ല അളവ് കൂടുകയും ചെയ്യും. ഒരു ലാർജ് എന്നത് രണ്ടിലും മൂന്നിലും എത്തി നിൽക്കും. സ്വയം പകരുന്ന പ്രകൃതമാണെങ്കിൽ ലാർജ് എന്നത് ഒരു ഗ്ലാസിന്റെ പകുതിയിലധികമാകാനും സാധ്യതയുണ്ട്. ഈ മുറയ്ക്കുള്ള മദ്യപാന രീതി ഒരു ശീലമായി മാറിയാൽ ഒന്നാം േസ്റ്റജിലേക്ക് തിരികെ പോകാൻ നന്നേ പാടുപെടേണ്ടി വരും.

3. പ്രോബ്ലം ഡ്രിങ്കിംഗ്: ഇത് ദിവസേനയുള്ള മദ്യപാനമാണ്. ദിവസവും ഇതില്ലാതെ ഒരു ഉന്മേഷമില്ല. ഭക്ഷണത്തോട് വിരക്തിയും അനുഭവപ്പെടും. ദിവസേനയുള്ള മദ്യപാനത്തിലൂടെ ശരീരത്തിലെ ജലാംശം നഷ്ടപ്പെട്ട് വരണ്ട ശരീരത്തിന്റെ ഉടമയായി അയാൾ തീരും. വരണ്ട ശരീരത്തിൽ ആശയറ്റ വരണ്ട മനസ്സായിരിക്കും കുടികൊള്ളുക. മദ്യത്തിൽ വെള്ളമോ, സോഡയോ കലർത്തി ഉപയോഗിക്കുന്നത് ചിലപ്പോൾ ഈ ഘട്ടത്തിൽ നിറുത്തി ‘on the rock’ ആയി വെള്ളമൊട്ടും ചേ‍‍ർക്കാതെ, ഐസ് ക്യൂബ്സ് മാത്രമിട്ട് മദ്യപിക്കുന്ന സ്വഭാവം ഈ സമയത്താണ് രൂപം കൊള്ളുന്നത്. ഒന്നിനോടൊന്ന് ബന്ധമില്ലാത്ത കാര്യങ്ങൾ സംസാരിക്കാനും, തലേദിവസത്തെ സംഗതികൾ അപ്പാടെ ഓ‍ർത്തെടുക്കാനുമുള്ള ബുദ്ധിമുട്ടും ഇത്തരക്കാർ പ്രകടിപ്പിക്കും.

4. അമിതമദ്യപാന രോഗം (Drunkard) : കുടിച്ചാൽ പ്രശ്നം, കുടിച്ചില്ലെങ്കിൽ പ്രശ്നം എന്ന അവസ്ഥയാണിത്. മുൻകോപം, അമിതാവേശം, പ്രതികാരമനോഭാവം എന്നിവയൊക്കെ ഈ അവസ്ഥയിലെ  വിക്ഷോഭങ്ങളാണ്. കൈ വിറയ്ക്കുക, പ്രഭാതഭക്ഷണം വേണ്ടെന്ന് വെക്കുക ഇവയൊക്കെ ഈ അവസ്ഥയിൽ സംഭവിക്കും. ഒരു പെഗ്ഗ് ചെല്ലാതെ ജീവിതചക്രത്തിന്റെ ക്ലച്ച് പിടിക്കാത്ത അവസ്ഥയാണ്. എത്ര കുടിച്ചാലും മതിവരാത്ത അവസ്ഥ. അബോധാവസ്ഥയിലേക്ക് എത്തുന്നതു വരെ കുടിച്ചിരിക്കും. ഉറക്കം കുറയും. ശാരീരികവും മാനസികവുമായ രോഗങ്ങൾക്ക് അടിമയാകും. തലച്ചോറിന്റെ മുൻഭാഗത്ത് നെറ്റിത്തടത്തിന് മുകളിൽ THIQ  എന്ന കറുത്ത രാസവസ്തു കൂട്ടുകൂടും (Tri Hydro lso Quinol). തിക്ക് ഉണ്ടായിക്കഴിഞ്ഞാൽ അയാൾ ഒരു അമിതമദ്യപാനരോഗിയാണ്. ലഹരി വിമോചന കേന്ദ്രങ്ങളിൽ താമസിപ്പിച്ച് ചികിത്സിച്ചാൽ മാത്രമേ ഈ അവസ്ഥയിൽ നിന്നൊരു മോചനം ലഭിക്കുകയുള്ളൂ. മരണഭീതി മൂലം ആത്മഹത്യ പ്രവണതയും ഈ സമയത്തുണ്ടാകാം.

 

കാര്യങ്ങളിങ്ങനെയെങ്കിൽ ചെളിയിൽ ചവിട്ടി കാലു കഴുകുന്നതിനേക്കാൾ ഭേദം ചെളിയിൽ ചവിട്ടാതെ ഒഴിഞ്ഞുമാറിപ്പോകുന്നതല്ലേ. മദ്യമില്ലാത്ത സുകൃതജീവിതം നയിക്കുന്ന വ്യക്തികളിൽ നിന്ന് മാത്രമേ ശുദ്ധ സൃഷ്ടികളും ശുദ്ധ പ്രകടനങ്ങളും ഉണ്ടാകു. അല്ലാത്തവയൊക്കെ അമിത വികാരത്താലുള്ള അകാല പ്രജകളായിരിക്കും. നമ്മുടെ കലാരംഗം ഉറക്കെ ചിന്തിച്ച് ഉണരേണ്ടിയിരിക്കുന്നു. കലാവതരണത്തിന്റെ വിശുദ്ധി പരിപാലിക്കാൻ!

You might also like

Most Viewed