മാതാപിതാക്കളെ ബഹുമാനമില്ലാത്ത മക്കൾ


കൂട്ടുകുടുംബ വ്യവസ്ഥിതിയിൽ നിന്ന് അണുകുടുംബ സംസ്കാരത്തിലേയ്ക്കുള്ള മനം മാറ്റത്തിൽ കുടുംബങ്ങളിൽ വന്നു ചേർന്ന ഒരു അവസ്ഥാവിശേഷമാണ് മാതാപിതാക്കളോടുള്ള മക്കളുടെ വികലമായ സമീപനം. പല ഭവനങ്ങളിലും സമാധാനം നഷ്ടപ്പെടുന്നതിന് മുഖ്യകാരണം ഈ സമീപനമാണ്. കാലം കുട്ടികളെ പല കോലങ്ങളും കെട്ടി തുള്ളിക്കുന്പോൾ മാതാപിതാക്കളും കലിപൂണ്ട് തുള്ളിക്കൊണ്ടിരിക്കും. സാങ്കേതിക വിദ്യയിലെ അത്യാധുനികത ഈ പ്രവണതയ്ക്ക് കാര്യമായി കൊടിപിടിച്ചിട്ടുണ്ട് എന്ന സത്യവും എഴുതിത്തള്ളാവുന്നതല്ല. മനുഷ്യബന്ധങ്ങൾ അരക്കിട്ട് ഉറപ്പിക്കേണ്ട പണിശാലകളായി തീരേണ്ട ഭവനങ്ങൾ ബന്ധങ്ങളുടെ കണ്ണിപൊട്ടിക്കുന്ന കശാപ്പു ശാലകളായി തീരുന്ന അനുഭവങ്ങൾ ചുറ്റുപാടും അരങ്ങേറുന്നുണ്ടിപ്പോൾ. ഈ പ്രവണതയ്ക്ക് ഒരു പരിഹാരം കണ്ടുപിടിക്കേണ്ടത് ഇന്നിന്റെ ആവശ്യമാണ്. ഈ ലേഖനോദ്ദേശം പരിഹാരനിർദ്ദേശമല്ല പ്രശ്നത്തിന്റെ വ്യാപ്തി എത്ര കണ്ട് ഉണ്ട് എന്ന് കക്ഷികളെ ബോധ്യപ്പെടുത്തുക എന്നതാണ്.

പ്രശസ്ത ചിന്തകനും വാഗ്മിയുമായിരുന്ന ഫുൾട്ടൻഷീൻ പ്രസ്താവിച്ചു. ‘സമൂഹത്തിന്റെ അടിത്തറ കുടുംബമാണ്. ആ അടിത്തറ ഇളകിപ്പോയാൽ സമൂഹം നാശോന്മുഖമാകും.’ പ്രവചന സ്വഭാവമുള്ള ഈ വാക്കുകൾ ഇന്ന് അന്വർത്ഥമായിക്കൊണ്ടിരിക്കുകയാണ്. ഭൗതികാഭിവൃദ്ധിയിലും ശാസ്ത്ര−സാങ്കേതിക വിജ്ഞാനത്തിലും അത്ഭുതാവഹമായ നേട്ടങ്ങൾ മനുഷ്യരാശി കൈവരിച്ചിട്ടുണ്ട്. ആരെയും കീഴടക്കുവാൻ ആർക്കും സാധിക്കാവുന്ന അവസ്ഥ! എന്നാൽ ഈ മനുഷ്യൻ തന്നെ നശീകരണ സ്വഭാവമുള്ളവനായി മാറുന്നത് മൂല്യച്യുതിയും കുടുംബത്തകർച്ചയും മൂലമാണ്. ഇന്ന് കുടുംബക്കോടതികളുടെയും കൗൺസിലിംഗ് കേന്ദ്രങ്ങളുടെയും എണ്ണം അനുദിനം വർദ്ധിച്ചു വരുന്നു. പക്ഷേ കുടുംബങ്ങൾ അപരിഹൃതപ്രശ്നങ്ങളുമായി ഇഴഞ്ഞു നീങ്ങുകയാണ്. വിവാഹത്തെ ആജീവനാന്ത ബന്ധമായി കാണുന്നവർ ഇന്ന് തുലോം ചുരുക്കം! മരണം വേ‍‍ർപെടുത്തുന്നതുവരെയുള്ള ബന്ധമായി ആലങ്കാരികമായി പലരും വിവാഹബന്ധത്തെ വിശേഷിപ്പിക്കുന്നുവെങ്കിലും സംഗതി മറിച്ചാണ്. ഔപചാരികമായ വിവാഹകർമ്മങ്ങളൊന്നും കൂടാതെ ഇണകളായി കഴിയുന്നവരുടെ സംഖ്യ കുറവല്ല. പകുതിയിലധികം വിവാഹങ്ങളും വിവാഹമോചനത്തിൽ കലാശിക്കുന്നു. രണ്ടാമത്തെയോ മൂന്നാമത്തെയോ ഭാര്യയുടെ നാലാമത്തെയോ അഞ്ചാമത്തെയോ ഭർത്താവായി കഴിയാനും അവകാശപ്പെടാനും അപമാനമില്ലാതെ അഭിമാനമുള്ളവരാണ് ചിലർ. പല ദന്പതികളും മക്കൾ ജനിക്കുന്നതും അവരെ വളർത്തുന്നതും ഭാരമായി കാണുന്നു. തങ്ങളുടെ മാതാപിതാക്കളെപ്പറ്റി ഒരു നിശ്ചയവുമില്ലാത്ത കുട്ടികളും നമ്മുടെ സമൂഹത്തിലുണ്ട്. ‘മാതാപിതാക്കൾ’ എന്ന ബഹുവചന സ്ഥാനത്ത് ഒരാളിനെ മാത്രമേ ഏകവചനമായി അവർക്ക് അവകാശപ്പെടാനുള്ളൂ, ഇരുവരും ജീവിച്ചിരിപ്പുണ്ടെങ്കിലും.

കുടുംബത്തിലെ സംഘർഷങ്ങളും അരക്ഷിതാവസ്ഥയും ഏറ്റവുമധികം ബാധിക്കുന്നത് അവിടെ ജനിച്ചു വളരുന്ന കുഞ്ഞുങ്ങളെയാണ്. കുരുന്നിലെ തന്നെ പല ജീവിതങ്ങളും മുരടിച്ചു പോകുന്നു. അവരുടെ വീക്ഷണങ്ങൾ വികലമാകുന്നു. ലക്ഷ്യബോധം നഷ്ടപ്പെടുന്നു. കൗമാരക്കാരുടെ ഇടയിലെ കുറ്റകൃത്യങ്ങൾ ക്രമാതീതമായിരിക്കുന്നു. ശിഥിലമായ കുടുംബബന്ധങ്ങളാണ് ഇതിനൊക്കെ കാരണമെന്ന് സ്ഥിതി വിവരക്കണക്കുകൾ സാക്ഷിക്കുന്നുമുണ്ട്. കുടുംബത്തകർച്ചയുടെ കാറ്റ് പടിഞ്ഞാറു നിന്നും കിഴക്കോട്ടായിരുന്നു. ഇന്ന് കിഴക്ക് ചുഴലിക്കാറ്റു പോലെ അത് വട്ടം ചുറ്റി ആഞ്ഞടിക്കുകയാണ്. സാന്പത്തിക ഉന്നമനത്തിനു വേണ്ടിയുള്ള പരക്കം പാച്ചിലിൽ പലപ്പോഴും കുടുംബ ഭദ്രത പലരും കണക്കിലെടുക്കാറില്ല. ഉപഭോഗ സംസ്കാരം നമ്മുടെ കുടുംബ ബന്ധങ്ങളെ കീഴടക്കിയിരിക്കുന്നു. കെട്ടുറപ്പുള്ള കുടുംബങ്ങളായിരുന്നു ഒരുകാലത്ത് നമ്മുടെ അഭിമാനം. അന്ന് കുടുംബബന്ധങ്ങൾ ബന്ധനങ്ങളായിരുന്നില്ല. മുഖംമൂടിയിട്ട കുടുംബാംഗങ്ങളില്ലായിരുന്നു അന്ന്. അംഗങ്ങളുടെ  പ്രശ്നങ്ങളും വെല്ലുവിളികളും ഇറക്കിവെച്ച് ആശ്വസിക്കാനുള്ള അത്താണിയായിരുന്നു അന്ന് ഭവനങ്ങൾ. ഭൂമിയിലെ പറുദീസാ എന്ന് കുടുംബങ്ങളെ വിശേഷിപ്പിച്ചിരുന്ന കാലഘട്ടവുമുണ്ടായിരുന്നു. സ്നേഹവും സന്തോഷവും സമാധാനവും നിറഞ്ഞ കുടുംബാന്തരീക്ഷത്തിൽ നിന്ന് അന്ന് നല്ല വ്യക്തിത്വങ്ങൾ വാ‍‍ർത്ത് എടുക്കപ്പെടുന്നുണ്ടായിരുന്നു. നാമജപവും നിസ്കാരവും പ്രാർത്ഥനയുമൊക്കെ അന്ന് വീടുകളിൽ മുടക്കം വരുത്താതെ നടത്തിയിരുന്നു. ഇന്നതിന് കോട്ടം തട്ടിയിട്ടില്ലേ? തൽസ്ഥാനത്ത് സീരിയലുകളും മറ്റനവധി അനുബന്ധ പ്രതിഭാസങ്ങളുമാണിന്ന്. ആർക്കും സമയമില്ല ഒന്നിനും. സമയം തികയുന്നില്ല. ഒരുമിച്ച് പ്രാർത്ഥിക്കുന്ന കുടുംബം ഒരുമയിൽ പുലരുമെന്ന പ്രസ്താവന ഒരു പഴഞ്ചൊല്ലായി മാറിയിരിക്കുന്നു. ഒരുവൻ ലോകം മുഴുവൻ വെട്ടിപ്പിടിച്ചാലും അവന്റെ കുടുംബം അവന് നഷ്ടമായിപ്പോയാൽ എന്തു പ്രയോജനം?

ആസക്തിരോഗത്തിനടിമയായ ഒരു കുമാരനെ അവന്റെ അമ്മ കൗൺസിലിംഗിനായി എന്റെ അടുത്തെത്തിച്ചു. സഹകരിക്കാൻ ആദ്യം മടി കാണിച്ച ആ കുട്ടി എന്റെ സ്നേഹത്തിന് മുന്പിൽ കീഴടങ്ങി. അവൻ മനസ്സു തുറന്നു. ഓ‍ർമ്മയായ കാലം മുതൽ അച്ഛനും അമ്മയും തമ്മിൽ വഴക്കായിരുന്നു. അച്ഛൻ തികഞ്ഞ ഒരു മദ്യപാനിയായിരുന്നു. രണ്ടുപേരും ജോലിക്കാരുമായിരുന്നു. കുടുംബ കലഹം മൂത്ത് അച്ഛൻ ഫാനിൽ തൂങ്ങി ആത്മഹത്യ ചെയ്തു. അന്നവന് ഏഴ് വയസ്സായിരുന്നു. അമ്മ അവനെ വളർത്തി. അമ്മയുടെ മൊബൈലിൽ വരുന്ന സന്ദേശങ്ങളും ഫോൺ വിളികളും അമ്മയക്ക് ആരൊക്കെയോ ആയി അവിശുദ്ധ ബന്ധമുണ്ടെന്ന് തെളിയിക്കുന്നവയായിരുന്നു. അവന്റെ സമനില തെറ്റി. അമ്മയുടെ പണവും പണ്ടങ്ങളുമൊക്കെ അടിച്ചു മാറ്റി കൂട്ടുകാരുമൊത്ത് അവൻ ലഹരി ആസ്വദിക്കാൻ തുടങ്ങി. ക്രമേണ അവൻ മദ്യത്തിനും മയക്കുമരുന്നിനും അടിമയായി തീർന്നു. ലക്ഷ്യബോധമില്ലാത്ത ജീവിതം. അസഭ്യവാക്കുകളുടെ ശകാരവർഷം ദിവസവും അമ്മയുടെ നേർക്ക്. നാവെടുത്താൽ നല്ലതു പറയാത്ത പ്രകൃതം. അമ്മയെ ഒരു ബഹുമാനവുമില്ല; അവൻ അമ്മയെ വെറുക്കുന്നു. വേണ്ടി വന്നാൽ അമ്മയെ തട്ടാൻ പോലും അവൻ മടിക്കുകയില്ല. താളം തെറ്റിയ ഒരു കുടുംബത്തിലെ മാതാപിതാക്കളുടെ വഴിപിഴച്ച ജീവിതം ഒരു സാമൂഹ്യദ്രോഹിയെ സൃഷ്ടിക്കുന്നതിന് മാത്രം ഹേതുവായിത്തീർന്നു. ആ കുമാരൻ മുതിർന്ന യുവാക്കാളെക്കാൾ കയറി ചിന്തിക്കുന്ന പ്രകൃതക്കാരനാണ്. അവന്റെ അമ്മയോടുള്ള തീർത്താലും തീരാത്ത വിദ്വേഷം കഴിവതും കുമാരികളെ വഴിപിഴപ്പിച്ച് പെരുപ്പിക്കാനാണ് അവൻ കച്ച കെട്ടിയിറങ്ങിയിരിക്കുന്നത്. ‘തന്പുരാനേ! ഇതെവിടെ ചെന്ന് അവസാനിക്കും?’ ഞാൻ സ്വഗതം അയവിറക്കി. ഏതായാലും കുറെ കൂടിക്കാഴ്ചകൾക്കൊടുവിൽ കാളക്കുട്ടിയെ കുറ്റിയിൽ കെട്ടാൻ എനിക്ക് സാധിച്ചു. പക്ഷേ കയറൂരി പോകാതെ നോക്കേണ്ടത് ഇനി അമ്മയാണ്!

എന്തു പറഞ്ഞാലും ‘താൻ പോടോ’ എന്നു മാത്രം മറുപടി പറയാറുള്ള ഒരു 13 വയസ്സുകാരനുമായി അവന്റെ അച്ഛനെത്തി. അദ്ദേഹം ആദ്യഭാര്യയെ ഒഴിഞ്ഞ ശേഷം രണ്ടാം ഭാര്യയുമായി കഴിയുകയാണിപ്പോൾ. രണ്ടാം ഭാര്യയും ഉടൻ ഒഴിഞ്ഞു പോകുമെന്നാണ് മകന്റെ ഭാഷ്യം. ‘അത്രയ്ക്ക് വൃത്തികെട്ടവനാണ് സാറേ അയാൾ!’ അച്ഛനെന്ന് വിളിക്കാൻ എനിക്ക് അറപ്പാണ്. എന്റെ മാതാപിതാക്കൾ തമ്മിലുള്ള സന്പത്തിനെ  ചൊല്ലിയുള്ള പിണക്കങ്ങൾ അടിപിടിയിലാണ് ദിവസവും കലാശിക്കാറുള്ളത്. ഇതിനിടയിൽ കയറുന്ന എനിക്ക് ശരിക്കും മർദ്ദനമേറ്റിട്ടുണ്ട്. രണ്ടുപേരും പ്രയോഗിക്കുന്ന അശ്ലീലപദങ്ങളെ ഉറക്കത്തിൽ പോലും എന്റെ നാവിൽ വരാറുള്ളൂ. നല്ലതു പറയാൻ എനിക്കറിഞ്ഞു കൂടാ, കാരണം എന്നെ അത് പഠിപ്പിച്ചിട്ടില്ല. പിന്നെയെന്താണ് ഞാൻ അയാളെ വിളിക്കേണ്ടത്? ഒരു രണ്ടാനമ്മ വന്നു കയറി. അവരുടെ പീഡനവും ഇപ്പോൾ സഹിക്കണം. രാത്രി വൈകിവരെ കലാപരിപാടികളും ക്ലബ്ബുമായി കഴിഞ്ഞ ശേഷം പാതിരാത്രി കഴിഞ്ഞ് അയാൾ വീട്ടിലെത്തുന്നതു വരെ ഏകയായിരിക്കുന്ന ഈ രണ്ടാം ഭാര്യയ്ക്ക് എന്റെ തലയിലല്ലാതെ മറ്റാരുമില്ല കയറാൻ. ഞാൻ വിളിക്കും സാറേ, എനിക്കറിയാവുന്ന തെറിയെല്ലാം അവരെ രണ്ടുപേരെയും വിളിച്ചു കൊണ്ടേയിരിക്കും! വാശിയിലാണവൻ, പിടിവാശിയിൽ. അവന്റെ ന്യായങ്ങളുടെ മുന്നിൽ വഴിയും വാക്കും നമുക്ക് മുട്ടിപ്പോകും.

സ്നേഹാന്തരീക്ഷത്തിൽ മാത്രമേ മനുഷ്യന്റെ വ്യക്തിത്വം വളരുകയും വികസിക്കുകയും ഉള്ളൂ. സ്നേഹം  നിഷേധിക്കപ്പെടുന്പോൾ വ്യക്തിത്വത്തിന് മുരടിപ്പും വൈകല്യങ്ങളും സംഭവിക്കുന്നു. ഇത് തെളിയിക്കപ്പെട്ടിട്ടുള്ള സത്യമാണ്. മേൽവിവരിച്ച രണ്ട് അനുഭവങ്ങൾ തന്നെ അത് സാക്ഷിപ്പെടുത്തുന്നു. പല രോഗങ്ങളുടെയും അവ മാനസികമാകട്ടെ, ശാരീരികമാവട്ടെ, കാരണം സ്നേഹത്തിന്റെ അഭാവമാണ്. സ്നേഹത്തിന്റെ ആർദ്രതയും ഊഷ്മളതയും അനുഭവിക്കാൻ കഴിയാതെ വളരുകയും ജീവിതം ശൂന്യമായി അനുഭവപ്പെടുകയും ചെയ്യുന്നവർക്കാണ് ഇത്തരം രോഗങ്ങൾ എളുപ്പത്തിൽ പിടിപെടുന്നത്.

ആവശ്യത്തിന് സ്നേഹം ലഭിക്കുന്ന കുട്ടിയും അതെന്തെന്ന് അറിയാൻ അവസരം ലഭിക്കാത്ത മറ്റൊരു കുട്ടിയും തമ്മിൽ സ്വഭാവത്തിലും ഭാവപ്രകടനങ്ങളിലും വലിയ അന്തരമുണ്ടാകും. അത് അവരുടെ വളർച്ചയിലും സ്വഭാവത്തിലും പെരുമാറ്റത്തിലും പ്രകടമാവുകയും ചെയ്യും. കുട്ടികളിൽ കുറ്റവാസന വളർന്നു വരുന്നതിനുള്ള കാരണം സ്നേഹക്കുറവാണെന്ന് അത് സംബന്ധമായ പഠനം തെളിയിച്ചിട്ടുമുണ്ട്. വിവാഹമോചനം നേടിയ മാതാപിതാക്കളുടെ കുട്ടികൾ, മരണം മൂലം അച്ഛനോ അമ്മയോ രണ്ടു പേരുമോ നഷ്ടപ്പെട്ടവ‍ർ എന്നിവരൊക്കെ വികല സ്വഭാവക്കാരായി തിരുന്നു. നമ്മുടെ തെരുവുകളിൽ അലഞ്ഞ് നടന്ന് മോഷണം തമ്മിൽത്തല്ല് ഇതൊക്കെ ശീലമാക്കുന്ന തെരുവ് ബാലരുടെ പശ്ചാത്തലവും ഇത്തരം അനുഭവങ്ങൾ തന്നെയായിരിക്കും.

പ്രിയപ്പെട്ടവർക്ക് വളരുവാൻ വളക്കൂറുള്ള മണ്ണാണ് സ്നേഹം. സുഗമമായ വളർച്ചയ്ക്കുള്ള അനുകൂല സാഹചര്യങ്ങൾ അത് സൃഷ്ടിക്കുന്നു. നിങ്ങളുടെ മക്കൾ നിങ്ങളെ ബഹുമാനിക്കുന്നില്ലെങ്കിൽ, തിരിഞ്ഞു നിന്ന് വാക്കിന് മറുവാക്ക് പറയുന്ന സ്വഭാവം പ്രകടിപ്പിക്കുന്നുവെങ്കിൽ ഉറക്കെ ചിന്തിക്കുക − നിങ്ങളുടെ സ്നേഹം അവർ തിരിച്ചറിഞ്ഞിട്ടില്ല. നിങ്ങളാൽ കഴിയുന്നതിനുമപ്പുറം ഒരുപക്ഷേ നിങ്ങൾ അവരെ സ്നേഹിക്കുന്നുണ്ടായിരിക്കാം;  പക്ഷേ, എന്തു
കൊണ്ടോ ആ സ്നേഹം അവരിൽ എത്തുന്നില്ല.

കളിക്കോപ്പുകളും സുഖോപകരണങ്ങളും മക്കൾക്ക് നല്ലതു തന്നെ. പക്ഷേ സ്നേഹത്തിന്റെ സ്ഥാനം അവയ്ക്കൊന്നുമെടുക്കാൻ പറ്റില്ല. നോക്കിലും വാക്കിലും പരിചരണത്തിലുമെല്ലാം സ്നേഹം മുന്നിട്ട് നിൽക്കണം. നിങ്ങളുടെ ഹൃദയത്തിൽ നിന്ന് സ്നേഹം അവരിലേയ്ക്ക് ഒഴുകണം. അത് അമിത ലാളനത്തിലൂടെയല്ല എന്ന് മാത്രം. സ്നേഹത്തിൽ ഭയമില്ല, തികഞ്ഞ സ്നേഹം ഭയത്തെ പുറത്താക്കുന്നു. ഭയപ്പെടുന്നവനിൽ സ്നേഹത്തിന്റെ തികവില്ല. ഭയം ശിക്ഷയെക്കുറിച്ചാണ്. ഭയത്തെ സ്നേഹം കീഴടക്കണം. അപ്പോൾ ബഹുമാനം  താനേ വന്നു കൊള്ളും. മാതാപിതാക്കൾ മക്കളെയും മക്കൾ മാതാപിതാക്കളെയും അവരവർ ആയിരിക്കുന്ന അവസ്ഥയിൽ പരസ്പര ബഹുമാനത്തോടെ കരുതുന്നതിന് സ്നേഹോർജ്ജത്താൽ നി‍‍റഞ്ഞേ തീരൂ.

 

You might also like

Most Viewed