സ്നേഹം ഒരു ഊർജ്ജമാണ്, ഒരു ചാലകശക്തി...

ഇടർച്ചയും പകയും നിറഞ്ഞ ഇന്നത്തെ സമൂഹത്തിൽ സ്നേഹമെന്ന ഊർജ്ജം വറ്റി വരണ്ടിരിക്കുന്നു. സൗഹൃദത്തിന്റെയും സഹിഷ്ണുതയുടേയും നാട് എന്ന് പേരു കേട്ട കേരളക്കരയിൽ പോലും അസ്വസ്ഥതയുടെ പൊടിപടലങ്ങൾ പടർന്ന് പന്തലിച്ചിരിക്കുന്നു. വ്യത്യസ്തങ്ങളായ വിശ്വാസങ്ങളും ഭിന്നമതങ്ങളും വേരു പിടിച്ച നാടാണ് നമ്മുടേത്. മറ്റുള്ളവരെ ആദരിക്കാനും അംഗീകരിക്കാനും മടികാട്ടാതിരുന്ന പൂർവ്വീകരുടെ പിൻഗാമികളാണ് നാം. മനുഷ്യൻ മനുഷ്യനെ വെറുക്കുന്ന തത്ത്വശാസ്ത്രം ധാർമ്മികമില്ലായ്മ ആണെന്ന സത്യം നമുക്കറിയാം. എങ്കിലും ഇന്ന് വെറുപ്പേ ഉള്ളൂ, പകയെ ഉള്ളൂ, ഇടർച്ചയെ ഉള്ളൂ. മനുഷ്യരെ തമ്മിൽ അടിപ്പിക്കുന്നത് മതങ്ങളാണ് എന്ന് ചില മത വിദ്വേഷികൾ പ്രചരിപ്പിക്കുന്നുമുണ്ട്.
മതാനുഷ്ടിതമായി നടന്നിട്ടുള്ള കലഹങ്ങളേയും പോരാട്ടങ്ങളേയും ഉദാഹരണങ്ങളായി അവർ ഉയർത്തിക്കാട്ടാറുണ്ട്. എന്നാൽ ഒരു മതവും മനുഷ്യനെ വെറുക്കാൻ പഠിപ്പിക്കുന്നില്ല എന്ന പരമാർത്ഥം ആർക്കാണ് അറിഞ്ഞു കൂടാത്തത്! എല്ലാ മതങ്ങളുടെയും അന്തസാരം സ്നേഹമാണ്. ഇത് മറക്കുകയും സ്വാർത്ഥ താൽപ്പര്യങ്ങൾക്കായി മതസാരത്തെ വളച്ചൊടിക്കുകയും ചെയ്യുന്പോഴാണ് വിദ്വേഷത്തിന്റെ വെടിക്കെട്ട് പൊട്ടുന്നത്. കൂട്ടുകുടുംബ വ്യവസ്ഥിതി നിലനിന്നിരുന്ന കാലത്ത് കുടുംബങ്ങൾ തമ്മിൽ പൊരുത്തമുണ്ടായിരുന്നു. കാലം മാറിയതോടെ പൊരുത്തക്കേട് മാത്രം. കൂട്ടുകുടുംബം അണുകുടുംബമായി ചുരുങ്ങിയപ്പോൾ അവനവനിസം വേരുറപ്പിച്ചു നമ്മുടെ സമൂഹത്തിൽ. അണുകുടുംബത്തിലെ അംഗങ്ങൾ പോലും സ്നേഹമെന്ന ചാലക ശക്തി നശിച്ചവരായി തീർന്നിരിക്കുന്നു. നാം എന്ന ഭാവത്തെക്കാളുപരി ‘ഞാൻ, എനിക്ക്, എന്റേത്’ എന്ന ശൈലിയാണ് കുടുംബങ്ങളിൽ പോലും. സ്നേഹമെന്ന ജലാശയത്തിലെ ഉറവ വറ്റിയിരിക്കുന്നു. മനുഷ്യമനസ്സ് അന്ധകൂപങ്ങൾക്ക് സമാനമായിരിക്കുന്നു.
ഒരു വീട്ടിലെ മൂന്നു അംഗങ്ങൾ, അച്ഛനും അമ്മയും അവിവാഹിതയായ മകളും. മൂന്നു പേർക്കും ജോലിയുണ്ട്. മൂന്നു മുറികളുള്ള അവർ താമസിക്കുന്ന ഫ്ളാറ്റിൽ ഒരു അടുക്കള, അവിടെ മൂന്നു പാചകമാണ്. മൂന്ന് പേരും വെവ്വേറെ അടുപ്പ് സംഘടിപ്പിച്ച് പാചകം ചെയ്ത് കഴിക്കുന്നു. എന്തൊരു വിരോധാഭാസം! അച്ഛനും അമ്മയും വെവ്വേറെ മുറികളിലാണ് താമസം. മൂന്ന് ടെലിവിഷൻ, മൂന്ന് വാഷിംങ്മെഷീൻ അങ്ങനെ എല്ലാം വേറെ വേറെ. സന്പാദ്യത്തിലും തനിപ്പിടുത്തം. ശന്പളം കിട്ടുന്നു, സ്വയം ചിലവഴിക്കുന്നു, സ്വയം സന്പാദിക്കുന്നു. ആർക്ക് വേണ്ടി, ആർക്കും അറിഞ്ഞു കൂടാ. ഇതിലൊരാൾ രോഗിയായി തീർന്നാലത്തെ അവസ്ഥയെപ്പറ്റി അവർ ചിന്തിച്ചിട്ടേ ഇല്ല. മസിലു പിടിച്ച് ജീവിക്കയാണവർ. അവിവാഹിതയായ പെൺകുട്ടിയാണ് എന്നെ സമീപിച്ചത്, ആത്മഹത്യാ പ്രവണതയുണ്ട് എന്ന ആവലാതിയുമായി. അവൾ വിവാഹത്തെപ്പറ്റി ചിന്തിച്ചിട്ട് പോലുമില്ല. ഓർമ്മയായപ്പോൾ മുതൽ അച്ഛനും അമ്മയും ഈ ജീവിത ശൈലിയാണ്. അവരുടെ ശൈലികൾ മാറ്റാൻ അവൾ ആവുന്നത്ര ശ്രമിച്ചു. ഫലിച്ചില്ല. ഒടുവിൽ അവളും ആ ശൈലി സ്വീകരിക്കേണ്ടി വന്നു. അവളുടെ അമ്മൂമ്മ(അമ്മയുടെ അമ്മ) ജീവിച്ചിരുന്നത് ഇങ്ങനെയാണ്. അമ്മൂമ്മയോട് കടുത്ത വിദ്വേഷം മൂത്ത് അപ്പൂപ്പൻ ആത്മഹത്യ ചെയ്തു. ആത്മഹത്യയുടെ വിത്ത് ശരിക്കും വിളയുന്ന ഒരു കുടുംബമാണ് അത്. പ്രത്യാശ ഇല്ലാത്ത ജീവിതമാണ് അവരുടേത്. സ്നേഹിക്കാനോ സ്നേഹിക്കപ്പെടാനോ സാധ്യതകളില്ലാത്ത ആ വീട് ന്യൂനോർജത്തിന്റെ കൂടാരമാണ്. ഇന്നത്തെ ഈ സാന്പത്തിക സ്രോതസ്സും ശാരീരിക സൗഖ്യവും അസ്തമിക്കുന്ന ഒരു കാലത്തെപ്പറ്റി വീണ്ടു വിചാരമില്ലാതെ കഴിയുന്ന ഈ മനുഷ്യാത്മാക്കൾ മനസു തുറക്കാൻ മനസ്സില്ലാത്തവരാണ്. സ്നേഹം കേവലം ഒരു വികാരമല്ലെന്നും അത് പ്രവർത്തിയിലൂടെയാണ് വെളിവാക്കേണ്ടത് എന്നും ഒരു സാമൂഹ്യജീവിയായി തീർന്നെങ്കിലേ അത് സാധ്യമാവുകയുള്ളൂ എന്നും നിരന്തരമായി ആ പെൺകുട്ടിയെ പറഞ്ഞ് ബോധ്യപ്പെടുത്തിയപ്പോൾ അവൾ അവളിലേക്ക് തന്നെ ഉറ്റ് നോക്കി. മാറ്റങ്ങൾക്കായി അവൾ വാഞ്ചിക്കുന്നു.
ലക്ഷക്കണക്കിന് രൂപാ ആഴ്ച്ച തോറും സന്പാദിക്കുന്ന ഒരു സൂപ്പർ സ്റ്റാറിന്റെ തിരക്കിനിടയിൽ വീട്ടിൽ കുടുബാംഗങ്ങളോടൊപ്പം ചെലവിടാൻ സമയം ലഭിക്കാറില്ല. അദ്ദേഹത്തിന്റെ മെഡിസിന് പഠിക്കുന്ന മകൾ ഒരു സ്നേഹിതയോട് പരാതിപ്പെട്ടു, “എന്ത് കൊണ്ട് അച്ഛൻ തങ്ങളുടെ കൂടെ അൽപ്പ സമയം പോലും ചെലവിടാത്തത് എന്നെനിക്കറിയില്ല. ഒരു പക്ഷെ അദ്ദേഹം ഞങ്ങളെ ഇഷ്ടപ്പെടുകയോ സ്നേഹിക്കുകയോ ചെയ്യുന്നില്ലായിരിക്കാം”.
നീറുന്ന അന്തഃരംഗത്തിൽ നിന്ന് പതഞ്ഞു പൊങ്ങിയ പരിഭവത്തിന്റെയും പരാതിയുടെയും ബഹിർസ്ഫുരണമാണത്. ഒരാൾ ഈ പരാതിയുടെ വിവരം അച്ഛനെ അറിയിച്ചു. അദ്ദേഹത്തിന്റെ മറുപടി, “അവളുടെ പരാതിക്ക് എന്റെ ദൃഷ്ടിയിൽ ഒരു അടിസ്ഥാനവുമില്ല, കാരണം, കഴിഞ്ഞ ആഴ്ച്ചയിലാണ് ഞാൻ അവൾക്ക് ഒരു പുതിയ കാർ വാങ്ങി കൊടുത്തത്”. സ്നേഹത്തിനും വാൽസല്യത്തിനുമായി ദാഹിക്കുന്ന മകൾക്ക് ഒരു മോട്ടോർ കാർ, അതെത്ര വിലപിടിപ്പുള്ളതായിരുന്നാലും സംതൃപ്തി നൽകുമോ? ഇത്തരം അച്ഛന്മാർ പരക്കെ ഉണ്ട് നമ്മുടെ ഇടയിൽ. നാഗരിക സംസ്കാരമാണത്. മാതാപിതാക്കളുടെ സ്നേഹ വാത്സല്യങ്ങൾ അന്യമാക്കിക്കൊണ്ട് വിലയേറിയ സുഖഭോഗ വസ്തുക്കൾ നൽകിയാൽ മക്കളുടെ യഥാർത്ഥ ആവശ്യം നിറവേറ്റപ്പെടുന്നില്ല. അവരുടെ ഹൃദയം ദാഹിക്കുന്നത് ഇത്തിരി സ്നേഹത്തിനും വാത്സല്യത്തിനും വേണ്ടിയാണ്. അവ ലഭിക്കാതെ പോകുന്പോൾ അവരിൽ ഉളവാകുന്ന അസംതൃപ്തിയും അമർഷവും അവരുടെ വ്യക്തിത്വത്തെ വികലമാക്കാതിരിക്കുകയില്ല. അതാണ് മേൽപ്പറഞ്ഞ അനുഭവ സാക്ഷ്യത്തിലെ പെൺകുട്ടിക്കും സംഭവിച്ചത്. മനുഷ്യ ബന്ധങ്ങളുടെ വ്യാപാരത്തിലൂടെ മാത്രമേ മനുഷ്യ മനസ്സിന് സന്തോഷവും ആശ്വാസവും ലഭിക്കുകയുള്ളൂ. ഇന്നത്തെ യന്ത്രവൽകൃത ലോകത്തിൽ മനുഷ്യ ബന്ധങ്ങൾ തന്നെ യാന്ത്രികമാകുന്നു. ഗുരു മുഖത്ത് നിന്നും പഠിക്കുന്ന രീതി മാറി “മുഖമില്ലാത്ത ഗുരുവിൽ നിന്ന്” പഠിക്കുന്ന അവസ്ഥയിലാണ് നാം. കന്പ്യൂട്ടർ ആണ് പല പഠന പ്രക്രിയകൾക്കും ഗുരു. ഒരുവന്റെ വ്യക്തിത്വത്തിലെ പ്രകാശം അയാളുടെ മുഖത്ത് ദൃശ്യമായിരിക്കും. ആ മുഖ പ്രകാശത്തിൽ നിന്നാണ് ആശ്രിതരും മക്കളും സ്നേഹോർജം ഉൾക്കൊള്ളേണ്ടത്, അതിന് സമയമില്ലാത്തവരും സമയം കണ്ടെത്താൻ കഴിയാത്തവരുമാണ് നാം.
മനുഷ്യ ഹൃദയത്തിന്റെ ലോല വശങ്ങളെ മനസ്സിലാക്കി അതിനനുസരിച്ച് പ്രതികരിക്കാൻ ഒരു യന്ത്രത്തിനും കഴിയുകയില്ല. ബുദ്ധിയെ കീഴടക്കുന്ന യന്ത്രമുണ്ടാകാം. പക്ഷേ മനുഷ്യമനസ്സിന്റെ ലോല തന്ത്രികളെ തൊട്ടുണർത്താൻ സാധിക്കുന്ന സ്നേഹമെന്ന ഊർജ്ജം പകരാൻ ഒരു യന്ത്രത്തിനും കഴിയുകയില്ല.
പലപ്പോഴായി പ്രഭാഷണങ്ങളിലൂടെയും ലേഖനങ്ങളിലൂടെയും ഞാൻ പറയാറുള്ള വളരെ പ്രസിദ്ധമായ ഒരു കഥ ഇവിടെ ഇപ്പോൾ പ്രസക്തമാണ്. ഒൻപത് വയസ്സുള്ള ഒരു ആൺകുട്ടി അവന്റെ അച്ഛന്റെ ഓഫീസിൽ നിന്നുള്ള വരവും കാത്തു വീടിന്റെ ഗേറ്റിന്റെ അടുത്ത് നിൽക്കുന്നു. അച്ഛൻ സ്വന്തം കാറോടിച്ച് വരുന്നത് അവൻ കാണുന്നു. ഗേറ്റ് വിസ്താരത്തിൽ അവൻ തുറക്കുന്നു. പോർച്ചിൽ കാർ പാർക്ക് ചെയ്തിട്ട് അച്ഛന്റെ ബ്രീഫ് കേസ് കയ്യിൽ വാങ്ങി കൂടെ നടന്ന് അച്ഛന്റെ കൂടെ വീടിനുള്ളിലേക്ക് പ്രവേശിക്കുന്നു. എന്നിട്ട് അവൻ അച്ഛന്റെ മുഖത്തേക്ക് നോക്കി ജിജ്ഞാസയോടെ ചോദിക്കുന്നു.
“അച്ഛാ, അച്ഛനൊരു മാസം എത്ര രൂപാ ശന്പളം കിട്ടും?”
“നിനക്കത് അറിഞ്ഞിട്ടെന്താ കാര്യം”− കയർത്ത് അച്ഛന്റെ മറുപടി.
“അല്ലാ അറിയാൻ വേണ്ടി ചോദിച്ചു എന്നെ ഉള്ളൂ” − മകന്റെ മറുപടി.
അച്ഛൻ ഒരു മാസം എത്ര രൂപ ശന്പളം കിട്ടും എന്ന് അവനെ ധരിപ്പിക്കുന്നു. ഉടനെ അവന്റെ ചോദ്യം!
“അപ്പോൾ ഒരു മണിക്കൂറിന് എത്ര രൂപ ശ ന്പളമുണ്ട് അച്ഛാ?”.
മനസ്സില്ലാ മനസ്സോടെ പിറുപിറുത്തുകൊണ്ട് അച്ഛൻ മറുപടി പറയുന്നു, “മണിക്കൂറിന് 500 രൂപ”.
“അതേയോ?” മകൻ പ്രതികരിച്ചു.
“അച്ഛാ, എനിക്ക് ഒരു ഇരുന്നൂറ് രൂപ കടം തരുമോ?”− അവന്റെ ചോദ്യം.
ഒന്പത് വയസ്സുള്ള തന്റെ മകൻ മൊട്ടയിൽ നിന്ന് വിരിയുന്നതിന് മുന്പ് കടം ചോദിക്കുന്നു. അച്ഛന് ദേഷ്യമായി, അവന്റെ അമ്മയാണ് ഇങ്ങനെ അവനെക്കൊണ്ട് കടം ചോദിപ്പിക്കുന്നത് എന്ന് തെറ്റിദ്ധരിച്ച അച്ഛൻ നേരെ അടുക്കളയിലെത്തി അമ്മയെ ശകാരിക്കുന്നു.
“നീ ഒരുത്തിയാണ് ഈ ചെറുക്കനെ വഷളാക്കുന്നത്”. അവർ ചെറുത്ത് നിന്നു. സംസാരത്തിന്റെ ആക്കം കൂടി, ഒടുവിൽ അച്ഛൻ അമ്മയുടെ കരണത്തടിക്കുന്നു. വേദനിക്കുന്ന മനസ്സുമായി കണ്ണീരൊലിപ്പിച്ച് കൊണ്ട് ഒന്പത് വയസ്സുള്ള നമ്മുടെ ബാലൻ അവന്റെ കിടപ്പ് മുറിയിലെത്തി കട്ടിലിൽ കമിഴ്ന്നു കിടക്കുന്നു.
അച്ഛൻ തണുത്തു. പിതൃ ഹൃദയം അലിയുന്നു, മകന്റെ കിടപ്പ് മുറിയിലെത്തി മകനെ വിളിച്ചുണർത്തി അച്ഛൻ ചോദിക്കുന്നു.
“മോനെ നിനക്ക് എത്ര രൂപ വേണം?”.
അവൻ പറഞ്ഞു, “ഇരുന്നൂറ് രൂപ മാത്രം”.
അദ്ദേഹം തന്റെ പേഴ്സിൽ നിന്ന് രണ്ട് 100 രൂപാ നോട്ടെടുത്ത് മകന് നൽകി.
പെട്ടന്ന് ആ മകൻ തന്റെ തലയിണയുടെ അടിയിൽ കരുതിവച്ചിരുന്ന 300 രൂപയെടുത്ത്, മൊത്തം 500 രൂപ അച്ഛന്റെ നേർക്ക് നീട്ടിയിട്ട് പറഞ്ഞു.
“അച്ഛാ ഇതാ അഞ്ഞൂറ് രൂപ. അച്ഛന്റെ ഒരു മണിക്കൂറിന്റെ വേതനം 500 രൂപയല്ലേ എനിക്കച്ഛന്റെ ഒരു മണിക്കൂർ വേണം. എന്റെ അച്ഛനോട് ഒന്ന് സംസാരിക്കുവാൻ, ആ മടിയിൽ തലവച്ച് ഒന്ന് കിടക്കാൻ, ആ നെഞ്ചത്ത് ഒതുങ്ങി ആ നെഞ്ചിലെ ചൂട് ഒന്ന് ആസ്വദിക്കുവാൻ, ആ മുഖത്ത് ഒരു ഉമ്മ തരാൻ. അച്ഛന്റെ കൈവിരലുകൾ എന്റെ തലയിലെ മുടികൾക്കിടയിലൂടെ ഇഴയുന്പോൾ ഉള്ള സുഖം ഒന്ന് ആസ്വദിക്കാൻ. വാങ്ങൂ അച്ഛാ ഈ പണം”.
തരിച്ച് നിൽക്കുകയാണ് ആ അച്ഛൻ. സ്നേഹമെന്ന വികരവായ്പ്പിന്റെ ഊഷ്മളത ആഹരിക്കുവാൻ ആകാംഷയോടെ കാത്ത് നിൽക്കുന്ന ആ കുരുന്നിനെ അച്ഛൻ വാരി പുണർന്നു. ആ നയനങ്ങൾ ഈറനണിഞ്ഞു. പിന്നെ സ്നേഹ പ്രകടനത്തിന്റെ ഒരു പൂരം തന്നെയായിരുന്നു അവിടെ.
സ്നേഹം മൂടി വെയ്ക്കേണ്ട ഒന്നല്ല സ്നേഹിതരെ. വിളക്ക് കത്തിച്ച് പറയിൻ കീഴിൽ ഒളിച്ചു വെച്ചാൽ ആർക്ക് കിട്ടും വെളിച്ചം. ചുറ്റും പ്രകാശം പരക്കേണ്ടുന്നതിനു വിളക്ക് കത്തിച്ച് തണ്ടിന്മേലത്രേ വെയ്ക്കേണ്ടത്. സ്നേഹവും അപ്രകാരം തന്നെ. സ്നേഹം ഉള്ളിൽ വെച്ചുകൊണ്ടിരുന്നാൽ പോരാ, പുറത്തു കാണിക്കുക തന്നെ വേണം. അത് ഭാവം കൊണ്ടും, വാക്ക് കൊണ്ടും സ്പർശനം കൊണ്ടും ആവാം. സ്പർശനത്തിലൂടെ അത് കൂടുതൽ പ്രകടമാകും, ഹൃദ്യമാകും.
മദ്ധ്യപൂർവ്വ ദേശത്ത് ദേഹത്ത് വേദനയുള്ള ഭാഗത്ത് രോഗി സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ആരെങ്കിലും തൊട്ടാൽ ആശ്വാസം ലഭിക്കുമെന്ന ധാരണ പരക്കെ ഉണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു. രോഗ ശാന്തിയുണ്ടാകുന്നതിനു രോഗിയുടെ മനഃസ്ഥിതി സഹായിക്കുമെന്നത് ഭിഷഗ്വരന്മാരും സാക്ഷിക്കുന്നുണ്ട്. പ്രിയപ്പെട്ടവർ സ്പർശിക്കുന്പോൾ അത് രോഗിക്ക് സുഖകരമായി തോന്നുന്നു. ആ തോന്നൽ രോഗ ശാന്തി ത്വരിതപ്പെടുത്തുന്നു. സ്നേഹമുണ്ടെങ്കിൽ മനുഷ്യർ തമ്മിൽ അത്യധി കം അടുപ്പവും മന:പ്പൊരുത്തവും കൈവരിക്കുവാൻ സ്പർശനം ഏതാണ്ട് ഒരു കല പോലെ വളർത്താവുന്നതാണ്.
വ്യത്യസ്ത അവസരങ്ങളിൽ അതതിന് പറ്റിയ തരത്തിലുള്ള സ്നേഹ പ്രകടനം അന്യോന്യമുള്ള ബന്ധത്തിന് ബലവും ശുദ്ധിയുമുണ്ടാക്കും. വാക്കുകളിൽ കൂടി ആശയ സംവേദനം നടത്തുന്നതിനേക്കാൾ സ്നേഹ സ്പർശനത്തിന് ആത്മ ബന്ധം ഉറപ്പിക്കാൻ കഴിയുമത്രേ. കാരണം, സ്നേഹം ഒരു ഊർജ്ജമാണ്, മനുഷ്യ ബന്ധങ്ങളെ ഊട്ടി ഉറപ്പിക്കുന്ന ചാലക ശക്തിയാണ്.