ആധി പൂണ്ട് സ്വസ്ഥത നഷ്ടപ്പെടുത്തുന്നവർ


ആകുലതകൾ മനുഷ്യമനസ്സിനെ അലട്ടാറുണ്ട്. അത് സ്വാഭാവികം  മാത്രം എന്നാൽ ആകുലതകളുടെ ആക്കം കൂടുന്പോൾ അത് ആധിയായി മാറും. ഉറക്കം നഷ്ടമാവും. വിശപ്പില്ലായ്മ അനുഭവപ്പെടും. ഈയടുത്ത കാലത്ത് ആധി പൂണ്ട നിരവധി വിദ്യാർത്ഥികളെ കൗൺസിലിംങിനായി മാതാപിതാക്കൾ എന്റെയടുത്ത് കൊണ്ട് വരികയുണ്ടായി. പരീക്ഷാ തീയതി അടുക്കും തോറും ആധി വർദ്ധിച്ചു കൊണ്ടിരിക്കുന്നു. ചില മുതിർന്നവർ പോലും ആധിപൂതി ബാധിച്ച് എത്തിയിട്ട് പറയാറുണ്ട്. ∍എന്റെ ജീവിതത്തിൽ വലിയ പ്രശ്നങ്ങളൊന്നുമില്ല.  പക്ഷെ ആധി എന്നെ വിട്ടു മാറുന്നില്ല. ഞാൻ പരിക്ഷീണനായിരിക്കുന്നു∍. 

ആധി മൂലം ഉഴലുന്നവരുടെ സംഖ്യ ഇന്ന് വളരെ വർദ്ധിച്ചു വരുന്നു. തന്മൂലം കുടുംബത്തിലും സമൂഹത്തിലും സന്തോഷവും സാന്ത്വനവും കണ്ടെത്താനുള്ള സാധ്യതകളും വിരളമായിക്കൊണ്ടിരിക്കുന്നു. എന്തെങ്കിലും ആപത്തോ അനർത്ഥമോ സംഭവിക്കുമോ എന്ന ഭീതി അങ്ങനെ ഉള്ളവരെ ഭരിക്കുകയും ചെയ്യുന്നു. ആപത്തിനെക്കുറിച്ചും അനർത്ഥത്തെക്കുറിച്ചും കൂടെക്കൂടെ ചിന്തിച്ചു കൊണ്ടിരുന്നാൽ അവ സംഭവിക്കുക തന്നെ ചെയ്യുമെന്ന് മനഃശാസ്ത്രം പഠിപ്പിക്കുന്നു. 

ചിന്തയിലും ഭാവനയിലുമുള്ള  പക്വത ഇല്ലായ്മയാണ് ഈ മനോരോഗത്തിന് കാരണം. യാഥാർത്ഥ്യങ്ങളെ ഉൾക്കൊള്ളുവാൻ കഴിയാതെ അവയ്ക്ക് തെറ്റായ മൂടുപടം അണിയിക്കുന്നത്‌ കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്‌. അപ്പോൾ ശരിയായ ജീവിത ദർശനം ലഭിക്കാതെ വരുന്നു. വളരെ അപകടകരമായ നിഗമനങ്ങളിൽ മനസ്സ് ചെന്നെത്തി അവിടെ നിലയുറപ്പിക്കുന്നു. ശരിയായ ദർശനമില്ലാതെ വരുന്പോൾ കർമ്മ ശേഷി നശിക്കുന്നു എന്ന് അങ്ങനെയുള്ളവർ തിരിച്ചറിയുന്നില്ല. 

റോഡിലൂടെ കാറോടിച്ച് പോകുന്പോൾ ട്രാഫിക് കുരുക്കിൽ അകപ്പെട്ടു എന്ന് സങ്കൽപ്പിക്കുക. അപ്പോഴേക്കും മനസ്സ് അസ്വസ്ഥമാകുന്നു. മുന്നിൽ കിടക്കുന്ന വാഹനങ്ങളെ പഴി ചാരിക്കൊണ്ട് അവ ഓടിക്കുന്നവർക്ക് മുന്നറിയിപ്പെന്നവണ്ണം കാറിന്റെ ഹോൺ ചിലർ മുഴക്കിക്കൊണ്ടിരിക്കും. പക്ഷെ മുന്നോട്ട് നീങ്ങാൻ വഴിയില്ലാത്തിടത്ത് അവർക്ക് എന്ത് ചെയ്യാൻ കഴിയും. ചിലർ പിറുപിറുക്കുന്നത് കേൾക്കാം. ചിലർ അസഭ്യം പറയുകയും ചെയ്യും. ആരോടാണത് എന്ന് അവർക്ക് തന്നെ അറിഞ്ഞുകൂടാ. ഉദ്ദിഷ്ട പരിപാടിക്ക് എത്തിച്ചേരാൻ വൈകുമെന്ന ആധിയാണ് ഇതിനൊക്കെ കാരണം. പക്ഷെ അവിടെ ഉണ്ടായിരിക്കുന്നത് ഗതാഗതക്കുരുക്കാണ് എന്നതും തനിക്കു മാത്രം അതിൽ നിന്ന് രക്ഷപെടാൻ സാധിക്കയില്ല എന്നുമുള്ള തിരിച്ചറിവില്ലാതെയാണ്‌ ഈ കോപ്രായങ്ങൾ കാട്ടിക്കൂട്ടുന്നത്. നമുക്ക് നിയന്ത്രിക്കാൻ സാധിക്കാത്ത സാഹചര്യങ്ങളും നമ്മുടെ മുന്നിൽ വന്നുപെടാമെന്നതും അവയെ യഥാവിധി തിരിച്ചറിഞ്ഞ് ഉൾക്കൊള്ളാനുള്ള മനസ്ഥിതി ഉണ്ടാകണമെന്നതും ബോധ്യപ്പെടുന്പോൾ ആധി മാറി യാഥാർത്ഥ്യബോധം നമ്മിലുണ്ടാകും.

വിദേശത്തു ജോലി ചെയ്യുന്ന ഭർത്താവിന്റെ ഫോൺ കിട്ടാൻ അൽപ്പം വൈകുന്പോൾ ഭാര്യക്ക് പല സംശയങ്ങളും മനസ്സിൽ ഉയർന്നു വരാം. അത് ആധിയായി മാറുന്നു. ശാരീരികമായ രോഗങ്ങൾക്ക് പോലും ഇത്തരം ആധി വഴി തെളിക്കുന്നു. ഉറക്കം നഷ്ടപ്പെടുക. ഭക്ഷണത്തോടുള്ള വിരക്തി, ഏകാഗ്രത നഷ്ടപ്പെടുക എന്നീ ലക്ഷണങ്ങളോടെ വിഷാദ രോഗത്തിന് അടിമയായി തീരുവാനും ഈ ആധി കാരണമായേക്കാം.

ജീവിത പ്രവാഹം തടസ്സങ്ങൾ ഇല്ലാത്തതല്ല. ഏറിയും കുറഞ്ഞുമുള്ള അനുഭവങ്ങളുടെ ആകെ തുകയാണ് മനുഷ്യ ജീവിതം. ചിലർ പ്രതിബന്ധങ്ങളിൽ തട്ടി ഇടറി വഴി മുട്ടി നിൽക്കുന്പോൾ മറ്റു ചിലർ കരുത്തോടെ തടസ്സങ്ങളെ തള്ളി മാറ്റി മുന്നേറുന്നത് കാണാം.

ജീവിത പാശ്ചാത്തലവും സാഹചര്യവും പലർക്കും പലതരത്തിലാകുന്നത് പോലെ നേരിടേണ്ട പ്രതിസന്ധികളും ഭിന്നങ്ങളായിരിക്കും. ആരോഗ്യവാനും ദൃഡഗാത്രനുമായ ഒരു യുവാവ്, അവന് 2 വയസ്സുള്ളപ്പോൾ അവന്റെ പിതാവ് അവനെയും മാതാവിനെയും ഉപേക്ഷിച്ചതാണ്. മാതൃ സംരക്ഷണത്തിൽ അവൻ വളർന്നു. പ്രാണന് തുല്യം അവൻ അമ്മയെ സ്നേഹിച്ചു. ഏറ്റവും അധികം ആദരിച്ചു. പല പ്രയാസങ്ങളും അമ്മയ്ക്കും മകനും നേരിടേണ്ടി വന്നു. സാന്പത്തിക ഭാരം, സാമൂഹ്യ അവഗണന എന്നിങ്ങനെ പലതും. അവന്റെ അമ്മ നൽകിയ വിലയേറിയ മൂന്ന് ഉപദേശങ്ങൾ അവൻ നെഞ്ചിലേറ്റി ജീവിച്ചു. അതിൽ ഒന്നാമത്തേതാണ് − Make every obstacle an opportunity എന്നത്. ഓരോ തടസ്സത്തെയും അവസരമാക്കി മാറ്റണം. ശക്തിയും ധീരതയും വെളിപ്പെടുത്തുവാനും വിനയം കൈവരിക്കാനുമുള്ള അവസരമായി തടസ്സങ്ങളെ കാണണമെന്നാണ് അമ്മ നൽകിയ ഉപദേശം.

രണ്ടാമത്തേത്, Turn every negative into positive,  നിഷേധാത്മകമായതിനെ സർഗ്ഗാത്മകമാക്കുക, ദോഷമുള്ളതിനെ നന്മയാക്കി മാറ്റുക, നഷ്ടമായുള്ളതിനെ ലാഭമാക്കി മാറ്റുക. ആ മാതാവിന്റെ ഉപദേശങ്ങൾ അവന്റെ ജീവിതത്തിലെ ചാലക ശക്തിയായി തീർന്നു. 

അവന് 25 വയസ്സുള്ളപ്പോൾ ക്യാൻസർ രോഗിയായി. ജീവിക്കാൻ നാൽപ്പത് ശതമാനം സാധ്യത മാത്രമേ ഡോക്ടർമാർ നൽകിയുള്ളൂ. ആ യുവാവ് അവന്റെ ചികിത്സയെപ്പറ്റി പറയുന്നു.

മാസങ്ങൾ നീണ്ടു നിൽക്കുന്ന കീമോതെറാപ്പി എന്ന ചികിത്സാക്രമം തളർത്തിക്കളയുന്ന ഒന്നായിരുന്നു. ചിലപ്പോൾ ഭക്ഷണം കഴിക്കാൻ തന്നെ വിഷമമായിരുന്നു. ഒന്നിലും ഒരു താല്പ്പര്യവും തോന്നിയില്ല. ഞാൻ ഏറ്റവും നിരാശനായ അവസരങ്ങളിൽ എന്റെ അമ്മയുടെ വാക്കുകൾ ഓർമ്മയിൽ ഓടി എത്തുമായിരുന്നു. Turn the negative in to positive −ഈ സാഹചര്യത്തെ നന്മയാക്കി മാറ്റാൻ കഴിയുമോ? തടസ്സങ്ങളെ അവസരങ്ങളാക്കി മാറ്റാൻ സാധിക്കുമോ? എന്നെ ബാധിച്ചിരിക്കുന്ന ക്യാൻസറിനെ കീഴടക്കുക തന്നെ വേണമെന്ന് ഞാൻ തീരുമാനിച്ചുറച്ചു. നിരാശയ്ക്ക് അടിമയായി തീരാൻ പാടില്ല.

സൈക്കിൾ സവാരി ആയിരുന്നു എന്റെ വിനോദവും ഞാൻ ഇഷ്ടപ്പെട്ട മത്സരവും. പണ്ടൊക്കെ എപ്പോഴും മത്സരത്തിൽ ഒന്നാമനായിരുന്നു ഞാൻ. ഈ അസുഖം വന്നതിന് ശേഷം ഞാൻ മത്സരത്തിൽ വീണ്ടും പങ്കെടുത്തു. പക്ഷേ പതിനാലാമൻ ആകാനെ എനിക്ക് കഴിഞ്ഞുള്ളൂ. ഞാൻ പിന്മാറിയില്ല.

സൈക്കിൾ മലകയറ്റ മത്സരത്തിൽ അയാൾ പങ്കെടുത്തു. അയ്യായിരം അടി ഉയരമുള്ള മലയായിരുന്നു കീഴടക്കേണ്ടിയിരുന്നത്. അവന്റെ ഉള്ളിൽ ആരോ മന്ത്രിച്ചുകൊണ്ടിരുന്നു. ‘മുന്നേറുക, മുന്നേറുക’ അമ്മ അവനോട് പറഞ്ഞ മൂന്നാമത്തെ ഉപദേശം അവനപ്പോൾ ഓർത്തു. If you can't give one hundred and ten percent, you won't make it. നൂറു ശതമാനമല്ല നൂറ്റിപ്പത്ത് ശതമാനം കൊടുത്തെങ്കിൽ മാത്രമേ വിജയത്തിലെത്താൻ കഴിയൂ. ‘മകനേ നീ ഒരിക്കലും പിന്മാറരുത്‌’. 

ഈ വാക്കുകൾ അവനെ ഉത്തേജിപ്പിച്ചു. ഫ്രാൻസിലെ സൈക്കിൾ പര്യടനത്തിൽ 2000 മാണ്ടിൽ ആ യുവാവ് ലാൻസ് ആംസ്രോംഗ് ഒന്നാമനായി. ഇപ്പോൾ ക്യാൻസർ രോഗികളെ സഹായിക്കാൻ ആംസ്രോംഗ് ഫൗണ്ടേഷൻ സ്ഥാപിച്ച് അയാൾ പ്രവർത്തിക്കുന്നു.

ചികിത്സയ്ക്ക് പുറമേ രണ്ടു കാര്യങ്ങളാണ് രോഗത്തെ കീഴടക്കാൻ ലാൻസിനെ സഹായിച്ചത്. ഒന്ന് അയാളുടെ അമ്മയുടെ സൽപ്രേരണകളും സദുപദേശങ്ങളും അയാൾ ശിരസ്സാ വഹിച്ചു. രണ്ട്, അയാളുടെ ഇച്ഛാശക്തി. ചെറുപ്പം മുതലേ സർഗ്ഗാത്മക ചിന്തകളും പ്രതീക്ഷകളും വെച്ച് പുലർത്തുവാൻ മാതാവ് സഹായിച്ചു. മാതാപിതാക്കൾ മക്കൾക്ക്‌ നൽകേണ്ട വലിയ സംഭാവനയാണ് അത്. കോടികളുടെ ബാങ്ക് ബാലൻസിനെക്കാൾ ഈ സംഭാവനയാണ് ആധിയില്ലാതെ കഴിയാൻ മക്കളെ സഹായിക്കുന്നത്.

കൺഫ്യൂഷ്യസ് ചൈനീസ് ജനതയെ ഏറെ സ്വാധീനിച്ച ഒരു ദാർശനിക വിജ്ഞാനിയായിരുന്നു. അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങൾ സനാതനങ്ങളാണ്. ഒരിക്കൽ ചുഷാങ്ങ് എന്ന വ്യക്തി കൺഫ്യൂഷ്യസിനെ സമീപിച്ച് ചോദിച്ചു; അങ്ങ് ഒരു വലിയ ദാർശനിക വിജ്ഞാനിയാണെന്ന് പറയപ്പെടുന്നു. അങ്ങയെക്കാൾ അധികം ആർജ്ജവത്വം യെൻ ഹ്യൂയിക്ക് ഉണ്ടെന്ന് പറയുന്നു. അത് പോലെ വിഷയങ്ങൾ വിശകലനം ചെയ്ത് അപഗ്രഥിക്കുന്നതിൽ തുവാൻ മുത് സുവാണ് അങ്ങയെക്കാൾ സമർത്ഥനെന്ന് പറയുന്നു. മാത്രമല്ല, ചുങ്ങ്യു അങ്ങയെക്കാൾ ഏറെ ധൈര്യശാലിയാണെന്നും പറയുന്നു. അത് പോലെ ചുവാൻ സുൺ അങ്ങയെക്കാൾ അധികം അന്തസ്സുറ്റവനാണെന്നും അഭിപ്രായമുണ്ട്. ഈ പറഞ്ഞ കാര്യങ്ങൾ സത്യമാണെങ്കിൽ എന്ത് കൊണ്ടാണ് മേൽപ്പറഞ്ഞ നാല് പേരും അങ്ങയുടെ ശിഷ്യന്മാരാകാൻ സന്നദ്ധരായത്?. അവർക്ക് അങ്ങയെക്കാൾ പലതിലും മികവുണ്ടെന്നാണല്ലോ ജനം പറയുന്നത്!

കൺഫ്യൂഷ്യസ് മറുപടി നൽകി; യെൻഹുവിന് ആർജ്ജവത്വമുണ്ട്. ശരിയാണ്. എന്നാൽ അത് കർക്കശ സമീപനത്തിലേക്ക് ഒരുവനെ നയിക്കാം. പല രംഗത്തും പല അവസരങ്ങളിലും വളഞ്ഞും വഴങ്ങിയും ഒരാൾ നിൽക്കേണ്ടി വരും, അങ്ങനെ ചെയ്തില്ലെങ്കിൽ  ആധി ഉണ്ടാക്കിയേക്കാം.

തുവാൻ മുത് സുവിന് വിഷയങ്ങളും വസ്തുതകളും അപഗ്രഥിച്ച് വിശകലനം ചെയ്യാനുള്ള കഴിവ് അപാരമാണ്. എന്നാൽ പല അവസരങ്ങളിലും ശരിയോ തെറ്റോ എന്നോ വേണം, വേണ്ട എന്നോ വ്യക്തമായ ഉത്തരം നൽകാൻ കഴിയാതെ പോകുന്നു. വിശകലനം ചെയ്യാനുള്ള കഴിവ് അഭികാമ്യമെങ്കിലും പ്രായോഗിക തലത്തിൽ വ്യക്തമായ തീരുമാനങ്ങൾ എടുക്കുവാൻ കഴിയുന്നില്ലെങ്കിൽ അത് കൊണ്ട് പ്രയോജനമില്ല.

ചുങ്ങ് യു ധൈര്യശാലിയാണ്, പക്ഷെ കരുതലും സൂഷ്മതയും ഇല്ല. വലിയ ധൈര്യശാലികളിൽ കാണുന്ന ഒരു വൈകല്യമാണ് അത്. വേണ്ടത്ര സൂക്ഷ്മതയും ജാഗ്രതയും അവർ എടുത്തെന്ന് വരില്ല. അത് സാഹസികതകളിലേയ്ക്ക് വഴിത്തിരി ഇടുകയും ആധി പടരുകയും ചെയ്യും.

നാലാമത്തെ ചുവാൻ സുൺ അഭിമാനിയും അന്തസ്സുറ്റവനുമാണ്, പക്ഷെ അയാൾക്ക് വിനീത ഭാവമെന്തെന്ന് അറിഞ്ഞു കൂടാ. അഭിമാന ബോധവും അന്തസ്സുറ്റ പെരുമാറ്റവും പുലർത്തുന്പോൾ അഹങ്കാരവും പൊങ്ങച്ചവും കടന്നു വരാൻ എളുപ്പമാണ്.

ചാഞ്ഞു ചരിഞ്ഞു കൊടുക്കുവാൻ കഴിയാത്ത കർക്കശമായ ആർജ്ജവത്വം പ്രശ്നങ്ങൾ സൃഷ്ടിക്കും. വിശകലനവും അപഗ്രഥനവും പ്രായോഗിക തലത്തിൽ തീരുമാനങ്ങൾ പ്രാവർത്തികമാക്കാൻ ഉപയോഗിക്കേണ്ടതുണ്ട്. ധീരോദാത്തത പ്രതിസന്ധികളെയും പ്രതിബന്ധങ്ങളെയും നേരിടാൻ അനിവാര്യമെങ്കിലും സൂക്ഷ്മതയും ജാഗ്രതയും അതോടൊപ്പം ഉണ്ടായില്ലെങ്കിൽ പ്രശ്നം തന്നെ. ആത്മാഭിമാനവും അന്തസ്സും നല്ലത് തന്നെ പക്ഷെ പലപ്പോഴും അത് അഹന്തയിലേക്കും ദുരഭിമാനത്തിലേക്കും നമ്മെ എത്തിക്കും.  

കൺഫ്യൂഷ്യസിന്റെ ന്യായീകരണം സനാതനമാണെന്ന് ലോകം സാക്ഷീകരിച്ചത് ഇതുകൊണ്ടാണ്. മറ്റൊരു ദാർശനികനായ ജലാലുദ്ദീൻ റൂമി പ്രസ്താവിച്ചത് ഇപ്രകാരമാണ്: എപ്പോഴും നിവർത്തിയിരിക്കുന്ന അഥവാ എപ്പോഴും ചുരുട്ടിയിരിക്കുന്ന കരം വികലമാണ്. ചിറക് വിടർത്താൻ അറിയാം എന്നാൽ ചിറക് മടക്കാൻ അറിയാത്ത പക്ഷിക്ക് പറക്കുവാൻ സാധ്യമല്ല. ജീവിതത്തിൽ സന്തുലിതാവസ്ഥ പുലർത്തുന്നത് ആധി ഒഴിവാക്കാൻ സഹായിക്കും. മന:ശാസ്ത്രജ്ഞർ നിർദേശിക്കുന്ന 7 മാർഗ്ഗങ്ങൾ ആധി ഒഴിവാക്കാൻ സഹായിക്കും.

 

ഏകനായി കഴിയാതെയിരിക്കുക. വിശ്വസ്തനായ ഒരുവനോട് ഹൃദയം തുറന്ന് സംസാരിക്കുക.

നിഷേധാത്മക ചിന്തകളെ തിരിച്ചു വിട്ട് യാഥാർത്ഥ്യ ബോധത്തിലെത്തുക. നിഷേധാത്മക ചിന്തകളിലെ തെറ്റുകളെ തിരിച്ചറിഞ്ഞ് സാങ്കൽപ്പികങ്ങളെ നിരാകരിച്ച് യാഥാർത്ഥ്യങ്ങളെ ഉൾക്കൊള്ളുക. 

ശാരീരിക വ്യായാമം മനസ്സിന് ആർജ്ജവത്വം നൽകും, നിരാശയെ ലാഘവപ്പെടുത്തും, സ്വസ്ഥതാ ഭാവം നൽകും. അൽപ്പ ദൂരം ഓടുകയോ കായിക വിനോദങ്ങളിൽ ഏർപ്പെടുകയോ ചെയ്യുക.

പ്രാണായാമം പരിശീലിക്കുക. മന്ദമായും ദീർഘമായുമുള്ള ശ്വാസോച്ഛാസം ആധിയുടെ ആക്കം കുറയ്ക്കുന്നു.

5 ഈശ്വരനോട് സംസാരിക്കുക. ആധികൾ ഓടിയകലാൻ ഈശ്വര സമക്ഷം സർവ്വ ചിന്തകളും സമർപ്പിച്ച്‌ സംഭാഷണത്തിൽ ഏർപ്പെടുക. 

6 ജീവിതത്തിന് അടുക്കും ചിട്ടയും വരുത്തുക. ആധിക്ക് കാരണം കുത്തഴിഞ്ഞ ജീവിതചര്യയാണ്.

ഇഷ്ടമുള്ള കാര്യങ്ങളിൽ മാത്രം ഏർപ്പെടുക. ഇഷ്ടമില്ലാത്തവയിൽ മറ്റ് കേന്ദ്രങ്ങളിൽ നിന്ന് നിർബന്ധമുണ്ടായാലും ഏർപ്പെടാതെയിരിക്കുക. 

 

ആധിബാധ ഭൂതപ്രേതബാധയ്ക്ക് സമാനമാണ്.ആധി അന്യമാക്കിയാൽ ആയുസ്സും നീളും.

 

You might also like

Most Viewed