മനസ് പ്രതിസന്ധികളിൽ തളരാതെ മുന്നേറുക
പ്രതിസന്ധികൾ ഇല്ലാത്ത ജീവിതമില്ല പരാജയങ്ങൾ നേരിടാത്ത വ്യക്തികളില്ല. കാരണം ഇവയൊക്കെ ജീവിതത്തിന്റെ അറുത്തു മുറിച്ചു മാറ്റാൻ സാധിക്കാത്ത ഭാഗങ്ങളാണ്. അങ്ങനെയെങ്കിൽ ആ യാഥാർത്ഥ്യം ഉൾക്കൊളളുക എന്നതാണ് പ്രതിസന്ധികളിൽ തളരാതിരിക്കാനുള്ള പ്രഥമ മാർഗം. നാം അവയോടു എങ്ങനെ പ്രതികരിക്കുന്നു എന്നതും പ്രധാനം തന്നെ. ചിലർ ധീരതയോടെ പ്രതിസന്ധികളുമായി ഏറ്റുമുട്ടുന്നു. പല്ലും നഖവും ഉപയോഗിച്ച് പോരാടുന്നു. പരാജയ ഭീതി അവരെ പുറകോട്ട് മാറാൻ പ്രേരിപ്പിക്കുന്നില്ല. നിശ്ചയ ദാർഢ്യത്തോടെ അവർ മുന്നേറുന്നു. മറ്റു ചിലർ പ്രതിസന്ധികളെ വന്യമൃഗങ്ങളെപ്പോലെ കരുതുന്നു.അവയോട് പൊരുതിയാൽ പരുക്കേൽക്കുമെന്നും ജീവൻ തന്നെ അപകടത്തിൽ ആവുമെന്നും അവർ ഭയപ്പെടുന്നു. അവർ പ്രതിസന്ധികളിൽ “ഒഴിഞ്ഞു മാറൽ” എന്ന നയം സ്വീകരിക്കുന്നു. മൂന്നാമത് ഒരു കൂട്ടർ പ്രതിസന്ധികളെ കണ്ടില്ല എന്ന് നടിക്കുന്നു. ഒരു തരം ഒട്ടകപ്പക്ഷി നയമാണത്. ഒട്ടകപ്പക്ഷി ചിലപ്പോഴൊക്കെ മണലിൽ തലയും പൂഴ്ത്തി കാണാത്ത മട്ടിൽ ഇരിക്കാറുള്ളത് പോലെ.!
അപ്പോൾ പ്രതിസന്ധികൾ ഉണ്ടാകുന്പോൾ മേൽപ്പറഞ്ഞ ഏത് സമീപനമാണ് സ്വീകരിക്കേണ്ടത് എന്നതിനെപ്പറ്റി ഒരു അവബോധം ഉണ്ടായില്ലെങ്കിൽ പ്രതിസന്ധികൾ നമ്മെ കീഴടക്കും. പ്രതിസന്ധികൾ ഉണ്ടാകുന്പോൾ എങ്ങനെ പ്രതികരിക്കണം? നിരവധി പ്രതിസന്ധികൾ നേരിട്ട് വിജയം വരിച്ചവരുടെ ജീവിതത്തിൽ നിന്ന് ചില സത്യങ്ങൾ നമുക്ക് മനസ്സിലാക്കാൻ കഴിയും.
ആദ്യമായി ആത്മവിശ്വാസം ഉണ്ടാവണം. നമ്മുടെ മനസ്സിന്റെ ശക്തി അത്ഭുതാവഹമാണ്, സാധാരണയായി മനോഃശക്തിയുടെ ഒരു ചെറിയ ഭാഗം മാത്രമേ നാം ഉപയോഗിക്കാറുള്ളൂ. എന്നാൽ അത്യാവശ്യ സന്ദർഭങ്ങളിൽ ഉപയോഗിക്കപ്പെടാതെ കിടക്കുന്ന മനോഃശക്തി പ്രയോജനപ്പെടുത്തുവാനുള്ള ആത്മാർത്ഥമായ പരിശ്രമമുണ്ടാകുന്പോൾ മുന്പ് സാധ്യമല്ല എന്ന് കരുതിയതും അനുഭവപ്പെട്ടതുമായ കാര്യങ്ങൾ സുസാധ്യമായിത്തീരുന്നതായി നമുക്ക് ബോധ്യപ്പെടും. ഇതിനെയാണ് ആത്സവിശ്വാസം എന്നു വിവക്ഷിച്ചിരിക്കുന്നത്. താൻ ഒന്നിനും കൊള്ളില്ല എന്ന് വിചാരിച്ച് മറ്റുള്ളവരോട് സംസാരിക്കാൻ പോലും മടിച്ചിരിക്കുന്ന ഒരു യുവാവ് ഒരു വീരന്റെ ധീരകൃത്യം കണ്ടപ്പോൾ തനിക്കും ഇത് സാധ്യമല്ലേ എന്ന് പെട്ടന്ന് ബോധവാനായി തീർന്നു. സ്വശക്തിയിൽ അളവറ്റ വിശ്വാസം അയാൾക്കുണ്ടായി. മുന്പ് ആ യുവാവിനെ പരിചയമുണ്ടായിരുന്നവർക്ക് ആശ്ചര്യം ജനിപ്പിക്കുമാറ് വലിയൊരു പരിവർത്തനം ആ യുവാവിന്റെ ജീവിതത്തിൽ വന്നു ചേർന്നു. അയാളിൽ അന്തർലീനമായിരുന്നു അത്. ഇങ്ങനെയാണ് ആത്മവിശ്വാസം മെനഞ്ഞെടുക്കേണ്ടത്.
മനഃശാസ്ത്രജ്ഞന്മാർ ആത്മവിശ്വാസം ജനിപ്പിക്കുന്നതിന് ഒരു സൈക്കോതെറാപ്പി വിഭാവന ചെയ്തിട്ടുണ്ട്. റീക്കാപ്പിംങ് തെറാപ്പി (Recapping) എന്നാണതിന്റെ പേര്. എല്ലാ ദിവസവും രാത്രിയിൽ ഉറങ്ങുന്നതിനു തൊട്ട് മുന്പ് നിങ്ങൾക്ക് ഇഷ്ടമുള്ള ഒരു ഇരിപ്പിടത്തിൽ ഇരുന്ന് കണ്ണുകൾ അടച്ച് ശ്രദ്ധ കേന്ദ്രീകരിക്കുക. അന്ന് രാവിലെ എപ്പോൾ എഴുന്നേറ്റു, എന്തെല്ലാം ചെയ്തു, എന്തൊക്കെ കഴിച്ചു, ആരെയൊക്കെ മുഖദാവിൽ കണ്ടു, ആരോടൊക്കെ സംസാരിച്ചു, എന്തെല്ലാം പഠിച്ചു അല്ലെങ്കിൽ ജോലി ചെയ്തു എന്നിങ്ങനെ സമയ ക്രമമനുസരിച്ചു പ്രഭാതം മുതൽ രാത്രി ആ സമയം വരെയുള്ള കാര്യങ്ങൾ മനസ്സിൽ ഒരു ചലച്ചിത്രം പോലെ കടന്ന് പോകത്തക്കവണ്ണം ചിന്തിച്ചെടുക്കുക. ആ ദിവസത്തെ നേട്ടങ്ങളും കോട്ടങ്ങളും വിലയിരുത്തുക. നേട്ടങ്ങളിൽ അഭിമാനം കൊള്ളുകയും കോട്ടങ്ങളെ പരിഹരിക്കാനുള്ള ഉപാധികൾ മെനയുകയും ചെയ്യുക. ഞാൻ ശക്തനാണ് എനിക്ക് അസാധ്യമായി ഒന്നുമില്ല എന്ന് ഒടുവിൽ മനസ്സിൽ കുറെ പ്രാവശ്യം ഉരുവിടുക, എന്നിട്ട് കിടന്നുറങ്ങാൻ പോവുക. ആത്മവിശ്വാസം ദിവസേന വർദ്ധിച്ചു വരുന്നതായി നിങ്ങൾക്ക് അനുഭവപ്പെടും. മനസ്സിന്റെ കാണാപ്പുറങ്ങൾ നിങ്ങളെ ശാക്തീകരിക്കും.
അവിചാരിതമായി പ്രതിസന്ധികൾ ഉണ്ടാകുന്പോൾ അവയെ നേരിടുവാനുള്ള കഴിവ് നിങ്ങൾക്കുണ്ട് എന്ന് പൂർണ്ണമായി വിശ്വസിക്കുന്പോൾ ആത്മവിശ്വാസത്തിന്റെ നിറവിലായിരിക്കും നിങ്ങൾ. ആ കഴിവ് പൂർണ്ണമായി വിനിയോഗിക്കാനുള്ള അത്മാർതമായ പരിശ്രമം ഉണ്ടാകുന്പോഴും മുന്പുണ്ടായിട്ടുള്ള പ്രതിസന്ധികളെ വിജയകരമായി തരണം ചെയ്തിട്ടുള്ള ഓർമ്മ പുതുക്കുന്പോഴും ആത്മവിശ്വാസം ഉത്തേജിപ്പിക്കുവാൻ നമുക്ക് സാധിക്കും.
രണ്ടാമത് അദൃശ്യമായ ഒരു ശക്തിയിലുള്ള വിശ്വാസം: ഈശ്വരനാണ് ഈ ശക്തിയെന്ന് വിവക്ഷിക്കുന്നത് നന്ന്. ഈ അണ്ധകടാഹത്തെ മുഴുവൻ നിയന്ത്രിക്കുന്ന അനന്തശക്തിയുടെ ആകർഷണ വലയത്തിലാണ് നാം വസിക്കുന്നത് എന്ന ചിന്ത നമ്മെ ഭരിക്കുന്പോൾ നമ്മുടെ പ്രശ്നങ്ങളെ നേരിടുന്നതിനുള്ള ശക്തി നമ്മിൽത്തന്നെ ആ പരാശക്തി സൃഷ്ടികർമ്മവേളയിൽ നിക്ഷേപിച്ചിട്ടുണ്ട് എന്ന തിരിച്ചറിവ് നമുക്കുണ്ടാകും. ഇതേപ്പറ്റി ഒരു യവന ചിന്തകൻ പരാമർശിച്ചിരിക്കുന്നത് ഈ വിധമാണ്, ‘അവനിലല്ലോ നാം ജീവിക്കുകയും ചരിക്കുകയും ഇരിക്കുകയും ചെയ്യുന്നത്’. നമ്മുടെ എല്ലാ ഭാവങ്ങളും അനുഭവങ്ങളും ഭൂതവും വർത്തമാനവും ഭാവിയും സൂക്ഷ്മമായി അറിയുന്ന ആ അദൃശ്യമായ ശക്തിയിലുള്ള അചഞ്ചലമായ വിശ്വാസം പ്രശ്നങ്ങളെ അഭിമുഖീകരിക്കാൻ നമ്മെ പ്രാപ്തരാക്കും.
ഈ വിശ്വാസമുള്ളവർക്ക് ചിലപ്പോൾ അവരുടെ ഉറക്കത്തിൽ തന്നെ പ്രശ്ന പരിഹാര പോംവഴികൾ തെളിഞ്ഞു വന്നേക്കാം. ഇതെങ്ങനെ സംഭവിക്കുന്നു? നമ്മുടെ ഉപബോധമനസ്സിന് ഉറക്കമില്ല. പരിഹാരം കണ്ടു പിടിക്കാനുള്ള ചിന്തയിൽ മുഴുകിയിരിക്കുകയായിരിക്കും ഉപബോധമനസ്സ്. ബോധ മനസ്സിലേക്ക് തിരയടിക്കും പോലെ ഇത് പതുക്കെ ഉയർന്നു വന്നേക്കാം. ഉപബോധ മനസ്സിലെ ചിന്ത അത്രയ്ക്ക് ശക്തമാണെങ്കിൽ പരിഹാരമാർഗ്ഗം സ്വപ്നത്തിലൂടെ ഉരുത്തിരിഞ്ഞ് വന്നിരിക്കും. ഉണരുന്പോൾ ആ ചിന്തയുടെ ഫലം ഉപബോധമനസ്സ് നമ്മുടെ മുന്നിൽ വച്ചുവെന്ന് വരും. ഒരു പക്ഷെ ആദ്യശ്രമത്തിൽ ഈ അനുഭവം ഉണ്ടായില്ലെങ്കിലും തുടർ ശ്രമങ്ങളിൽ തീർച്ചയായും ഉണ്ടാകും.
അസാധ്യമായവയെ സാധ്യമാക്കുന്ന ഒരു ശക്തിയുണ്ട് എന്ന് വിശ്വസിക്കുക. പ്രപഞ്ചത്തിൽ സാധ്യമായവ മാത്രമേയുള്ളൂ എന്നത് പരമാർത്ഥമാണ്. സനാതന ശക്തിയുടെ നിയന്ത്രണത്തിലാണ് സാദ്ധ്യമായവ എല്ലാം തന്നെ. മനുഷ്യന് അപ്രാപ്യമായവയെ, സാദ്ധ്യമായവയാണെങ്കിൽ കൂടിയും, അവൻ അസാദ്ധ്യമായത് എന്ന് പേര് ചൊല്ലി വിളിക്കുന്നു. പരാശക്തിയുടെ ചേതനയിലേയ്ക്ക് ചിന്ത ഉയർത്തുന്പോൾ ഇത്തരം കരി പിടിച്ച അസാദ്ധ്യതകളെ നമ്മുടെ സാദ്ധ്യതകളുടെ പട്ടികയിൽ ആ ശക്തി കൂട്ടിച്ചേർത്ത് തരും. സംശയിക്കേണ്ട!
12−ാം ക്ലാസിൽ 98 ശതമാനം മാർക്ക് വാങ്ങിയ ഒരു പെൺകുട്ടി മെഡിസിന്റെ എൻട്രൻസ് പരീക്ഷയിൽ ആദ്യ വർഷം റാങ്ക് ലിസ്റ്റിൽ വന്നില്ല. അവൾ നിരാശപ്പെട്ടില്ല, ഒരു വർഷം തയ്യാറെടുപ്പ് നടത്തി വീണ്ടും എൻട്രൻസ് എഴുതി. എന്നിട്ടും റാങ്ക് ലിസ്റ്റിൽ എങ്ങുമെത്തിയില്ല. മൂന്നാം വർഷവും അവൾ എൻട്രൻസ് പരീക്ഷയ്ക്ക് തയ്യാറായി. പക്ഷേ ഈ മൂന്നാം പ്രാവശ്യത്തിന് ഒരു പ്രത്യേകത ഉണ്ടായിരുന്നു. ഓരോ ദിവസവും അവൾ ഒരു പരീക്ഷാമന്ത്രം ഉരുവിടുമായിരുന്നു. അതിങ്ങനെയായിരുന്നു, ‘ഞാൻ എൻട്രൻസ് എഴുതി, എന്റെ പേര് റാങ്ക് ലിസ്റ്റിൽ വന്നു, എനിക്ക് മെഡിസിന് മെറിറ്റിൽ അഡ്മിഷൻ കിട്ടി’. ഒറ്റയിരുപ്പിരുന്നു ഈ മന്ത്രം ദിവസവും അവൾ പലപ്രാവശ്യം ഉരുവിടുമായിരുന്നു. തലയ്ക്ക് മുകളിലുള്ള ഒരു ദിവ്യ ശക്തിയിൽ മനം ഉറപ്പിച്ചാണ് അവൾ ഈ കർമ്മം നിർവ്വഹിച്ചിരുന്നത്. ഓരോ ദിവസം കഴിയുന്തോറും മെഡിസിന് അഡ്മിഷൻ കിട്ടി എന്ന ചിന്ത അവളിൽ വളർന്ന് വന്നു. ഒരു മെഡിസിൻ വിദ്യാർത്ഥിനിയായി മെഡിക്കൽ കോളേജിൽ ഉലാത്തുന്ന കാഴ്ച്ചകൾ സ്വപ്നത്തിൽ അവൾ ദർശിക്കാൻ തുടങ്ങി. സത്യത്തിൽ ഈ പരീക്ഷാ മന്ത്രത്തിലൂടെ അവൾ അവളുടെ ഉപബോധമനസ്സിനെ പരിശീലിപ്പിക്കുകയായിരുന്നു, വിജയസോപാനത്തിൽ എത്തിച്ചേരാൻ. ഒടുവിൽ റാങ്കുലിസ്റ്റിൽ പേര് വന്നു. ഇന്നവൾ മെഡിസിന് ഒന്നാം വർഷ വിദ്യാർത്ഥിനിയാണ്. സാദ്ധ്യതകളുടെ കൂടാരത്തിൽ ഉപബോധമനസ്സിനെ ഉറപ്പിച്ച് ശുഭാപ്തി വിശ്വാസം മെനഞ്ഞെടുത്ത് മുന്നേറുന്പോൾ അസാദ്ധ്യമായവ സാദ്ധ്യമായിത്തീരും.
മൂന്നാമത്തേത്, മറ്റുള്ളവരിലുള്ള വിശ്വാസം: നമ്മിൽ ഭൂരിഭാഗം പേരുടെയും പ്രശ്നം നമുക്ക് മറ്റാരെയും വിശ്വാസമില്ല എന്നതാണ്. അന്യരിലുള്ള വിശ്വാസം നശിക്കത്തക്കവണ്ണം ഒരു പക്ഷെ ചില ജീവിതാനുഭവങ്ങൾ മുൻകാലത്ത് ഉണ്ടായിട്ടുള്ളതാകാം ഇതിന് കാരണം. എന്നാൽ അത്തരം വിശ്വാസം സാമാന്യവൽക്കരിക്കുന്നത് ഉത്തമമല്ല. നിത്യജീവിതത്തിൽ നാം ഇടപെടേണ്ടി വരുന്നവർ എല്ലാം നമ്മുടെ ശത്രുക്കൾ ആണെന്ന് കരുതരുത്. നല്ലതിനെയും തീയതിനെയും തിരിച്ചറിയുവാനുള്ള വിവേകം ഉണ്ടാകണം, കതിരും പതിരും തിരിച്ചറിയുന്നത് പോലെ. നാം അവരെ മിത്രങ്ങളായി കരുതി ആത്മാർത്ഥമായി സ്നേഹ പ്രകടനം നടത്തുന്പോൾ മറ്റുള്ളവരുടെ വിശ്വാസം ആർജ്ജിക്കുവാനും ശത്രുവിനെപ്പോലും മിത്രമാക്കുവാനും നമുക്ക് കഴിയും. മനുഷ്യർ അന്യോന്യം ബന്ധിതരാണ്. മറ്റുള്ളവരെ വിശ്വസിക്കാൻ കഴിയാത്ത വ്യക്തി എപ്പോഴും അരക്ഷിതത്വബോധമുള്ള ആളായിരിക്കും. അവർ കുളത്തിലെ തവളയ്ക്ക് തുല്യരായിരിക്കും. കുടുംബത്തിലും സമൂഹത്തിലും പരസ്പര വിശ്വാസമാണ് ബന്ധങ്ങളെ ശക്തിപ്പെടുത്തുന്നത്. ആ വിശ്വാസം നിലനിർത്തേണ്ട ഉത്തരവാദിത്വം നമുക്കുണ്ട്. അത് നിലനിൽക്കുന്പോൾ പ്രശ്നങ്ങളുടെ നടുവിൽ നാം ഒറ്റപ്പെട്ടവരാവുകയില്ല. സഹായ ഹസ്തം നമ്മിലേക്ക് നീട്ടപ്പെടുക തന്നെ ചെയ്യും.
നമ്മുടെ ജീവിതത്തിൽ ചിലപ്പോൾ അനർത്ഥങ്ങളുടെയും പ്രതിസന്ധികളുടെയും ഒരു പരന്പര തന്നെ ഉണ്ടായി എന്ന് വരാം. ഒരു വേർപാടിന്റെ ദുഃഖം
തീരുന്നതിന് മുന്പ് തന്നെ മറ്റൊന്ന് സംഭവിച്ചു എന്നും വരാം. ഒരാളിന്റെ രോഗം മാറി സുഖപ്രാപ്തിയിലെത്തുന്പോഴേയ്ക്കും കുടുംബത്തിലെ മറ്റൊരാൾ രോഗിയായിത്തീർന്നേക്കാം. ഒരു കുടുംബത്തിന്റെ അവസ്ഥ ശ്രദ്ധിക്കുക, അച്ഛന് ശ്വാസകോശത്തിന് ക്യാൻസർ വന്ന് സർജറി കഴിഞ്ഞപ്പോൾത്തന്നെ അമ്മയ്ക്ക് ബ്രെയിൻ ട്യൂമർ. കുറെ കഴിഞ്ഞപ്പോൾ മൂത്തമകന്റെ ജോലി നഷ്ടപ്പെട്ടു. ഉടൻ തന്നെ ഇളയ മകന്റെ കാലിന്റെ അസ്ഥിക്ക് തേയ്മാനം. ആരും തളർന്നു പോകുന്ന അനുഭവം. ഇതെന്തൊരു വിധി? എല്ലാം എനിക്ക് പ്രതികൂലമായിരിക്കുന്നു എന്ന് ഉറക്കെപ്പറഞ്ഞു വിലപിക്കേണ്ട അവസ്ഥ. ഈ പ്രതികൂലതകളെയൊക്കെ എങ്ങനെ നമുക്ക് അനുകൂലമാക്കാൻ കഴിയും? പറയാനെളുപ്പം! അനുഭവിക്കുന്പോഴേ അറിയുകയുള്ളൂ വേദനയുടെ കാഠിന്യം. സത്യമാണ്. പക്ഷേ ഈ സത്യത്തിന്റെ മറുപുറത്തു മറ്റൊരു സത്യമുണ്ട്. എല്ലാം നന്മക്കായി വരുന്നു. പേമാരിയ്ക്കും ഇടിമുഴക്കത്തിനും കണ്ണഞ്ചിപ്പിക്കുന്ന മിന്നലുകൾക്കും ശേഷം ഒരു ശാന്തതയുണ്ട്. എല്ലാവരുടെയും ജീവിതത്തിൽ അനുഭവങ്ങളുടെയും പാളിച്ചകളുടെയും ഭയാനതകളിലും ഈ ശാന്തതയുണ്ട്. അതിനായി ക്ഷമയോടെ കാത്തിരുന്നാൽ മാത്രമേ ആ ശാന്തത ആസ്വദിക്കാൻ കഴിയൂ. പ്രതിസന്ധികളിൽ തളർന്നാൽ പ്രതിസന്ധികൾക്ക് ശേഷമുള്ള ശാന്തതയുടെ കുളിർമ്മയിൽ അലിഞ്ഞു ചേരാൻ നമുക്ക് ഭാഗ്യമില്ലാതെ പോകും.