ജീവിതത്തിൽ വിജയിച്ചു എന്ന് എങ്ങനെ അറിയാം?


എങ്ങനെയുണ്ട് ജീവിതം? സുഖമാണോ? ചിലരുടെ മറുപടി, ‘ഓ, ഒരു ഇതില്ല,’ മറ്റു ചിലർ പ്രതികരിക്കും; ‘കുഴപ്പമില്ല, ഇങ്ങനെയൊക്കെ അങ്ങ് പോകുന്നു’. വേറെ ചിലർ പറയും, ‘നോക്കട്ടെ, എങ്ങനെയുണ്ടെന്ന്’. ആരും കൃത്യമായ ഒരു മറുപടി തരുന്നില്ല.

എന്റെ ജീവിതം ഒരു വിജയമാണ് എന്ന് നെഞ്ചത്ത് കൈവെച്ച്  ഉറച്ച വിശ്വാസത്തോടെ പറയാൻ പ്രാപ്തിയുള്ളവർ എത്രപേരുണ്ട്? ആരുമില്ല! എന്താണിതിനു കാരണം? ജീവിത വിജയത്തെ അളന്നെടുക്കുന്നത്‌ എങ്ങനെയാണെന്ന് നമുക്ക് അറിഞ്ഞുകൂടാ. പലപ്പോഴും നാം വിജയം വിലയിരുത്തുന്നത് ഫലത്തെ
നോക്കിയാണ്. ആരെങ്കിലും സാന്പത്തികമായോ സാമൂഹികമായോ സമൂഹത്തിൽ ഔന്നിത്യത്തിൽ എത്തിയാൽ നാം അവർക്ക് ഒരു സർട്ടിഫിക്കറ്റ് നൽകും. ‘അവരുടെ ജീവിതം വിജയമായിരിക്കുന്നു, രക്ഷപ്പെട്ടു’ എന്നൊക്കെ. ഈ വക അംഗീകാരത്തിനും ആദരവിനും അവർ കൈക്കൊണ്ട  മാർഗ്ഗങ്ങളോ പ്രയോഗിച്ച ഉപായങ്ങളോ എന്തെന്ന് മനസ്സിലാക്കാൻ നാം ശ്രമിക്കാറില്ല. മാർഗ്ഗമെന്തുമായിക്കൊള്ളട്ടെ അവർ ഇപ്പോൾ എവിടെ എത്തി നിൽക്കുന്നു എന്നതാണ് നമ്മുടെ ചിന്ത. പ്രായോഗിക സിദ്ധാന്തമാണിത്. ഈ സിദ്ധാന്തത്തിൽ ധർമ്മത്തിനും നീതിക്കും സ്ഥാനമില്ല. നേട്ടങ്ങൾക്ക്‌ മാത്രമാണ് വില!

രണ്ടു ബിസ്സിനസ്സുകാർ ഒരു വാരാന്ത്യ ബിസ്സിനസ് മീറ്റിംഗിൽ സംബന്ധിക്കുവാൻ  അടുത്ത പട്ടണത്തിലേയ്ക്ക് കാറിൽ ഒരുമിച്ച് യാത്ര ചെയ്യുകയായിരുന്നു. രാത്രി 9 മണിക്കാണ് മീറ്റിംഗ്. 8 മണിക്ക് അവർ യാത്ര തിരിച്ചു. കാർ വേഗത്തിൽ ഓടിച്ചു പോകുന്പോൾ റോഡ്‌ മുറിച്ച് കടന്ന ഒരാളിനെ  കാറിടിച്ച് വീഴ്ത്തി. കാറോടിച്ചിരുന്ന ബിസിനസുകാരൻ കാറ് നിർത്താതെ വേഗത്തിൽ ഓടിച്ച് പോയി. കൃത്യ സമയത്ത് തന്നെ അവർ മീറ്റിംഗ് നടക്കുന്ന ഹോട്ടലിലെത്തി. എന്നാൽ മറ്റേയാൾക്ക് ഒരു വലിയ മനഃക്ലേശം, അപകടത്തിൽപ്പെട്ട ആ മനുഷ്യന് എന്ത് സംഭവിച്ചു കാണും . അയാൾ കൂട്ടുകാരനോട് പലവട്ടം നിർബന്ധിച്ചിട്ടും കാർ നിർത്തുകയോ തിരികെപ്പോകാൻ കൂട്ടാക്കുകയോ ചെയ്തില്ല.

ഇദ്ദേഹം ഹോട്ടലിൽ നിന്നും ഒരു ടാക്സി എടുത്തു സംഭവസ്ഥലത്തേയ്ക്ക് തിരികെപ്പോയി. മറ്റേയാൾ മീറ്റിംഗ് ഹാളിൽ പ്രവേശിച്ച് ഹാജർ വെച്ച് മീറ്റിംഗിൽ പങ്കെടുത്തു. സംഭവസ്ഥലത്തെത്തിയ ആൾ അപകടത്തിൽപ്പെട്ട ആൾ ചോരയൊലിപ്പിച്ചു വഴിയരുകിൽ കിടക്കുന്നതായി കണ്ടു. അയാളെ തന്റെ ടാക്സി കാറിൽ അടുത്ത ആശുപത്രിയിലാക്കി വൈദ്യസഹായം നൽകി. നേരം വെളുക്കുവോളം ആശുപത്രിയിൽ കഴിഞ്ഞു. അപകടനില തരണം ചെയ്തു എന്ന് ഉറപ്പാക്കി കുറെ പണവും നൽകിയ ശേഷം അദ്ദേഹം വീട്ടിലേക്ക് തിരികെ പോയി. അപകടത്തിൽപ്പെട്ട വൃദ്ധൻ അദ്ദേഹത്തിന്റെ കൈ പിടിച്ചു പറഞ്ഞു ‘അങ്ങ് ദൈവമാണ്. നന്ദി’. 

വീട്ടിലെത്തിയപ്പോൾ കൂട്ടുകാരൻ കാത്തിരിപ്പുണ്ട്‌ എന്തായി എന്നറിയാൻ. സംഭവിച്ചതൊക്കെ അദ്ദേഹം വിവരിച്ചു. കൂട്ടുകാരൻ അദ്ദേഹത്തെ മഠയൻ എന്ന് വിളിച്ച് നല്ല ഒരു ബിസിനസ് വിജയത്തിന്റെ അവസരം മീറ്റിംഗിൽ സംബന്ധിക്കാത്തത് കൊണ്ട് പാഴായിപ്പോയി എന്ന്പരിഹസിച്ചു. 

ഈ സംഭവത്തെ നിങ്ങൾ എങ്ങനെ വ്യാഖ്യാനിക്കുന്നു. ആദർശവാദിയായ അയാൾ ഇന്നത്തെ സമൂഹത്തിന് പറ്റിയ ആളല്ല എന്ന് ചിലർ വിലയിരുത്തും. ഇത്രയും സെന്റിമെന്റൽ ആകേണ്ടായിരുന്നു എന്ന് മറ്റു ചിലർ കമന്റടിക്കും. ഒരു സാധാരണ സംഭവത്തെ ഇത്ര സാരമായെടുത്തു ഭാവി വ്യാപാരത്തെ കഷ്ടത്തിലാക്കിയെന്നു വ്യാഖ്യാനിക്കുന്നവരും  കാണും. 

മീറ്റിംഗിൽ സംബന്ധിച്ച് ബിസിനസിൽ വിജയോപാധി കണ്ടെത്താൻ അവസരം കിട്ടിയില്ല എന്ന് കുണ്ഠിതപ്പെടുകയാണോ, അതോ തന്റെ സ്നേഹിതന് പറ്റിയ ഒരു തെറ്റ് തിരുത്താൻ സാധിച്ചതിലുള്ള ചാരിതാർത്ഥ്യമാണോ ആ ബിസിനസുകാരന് ഉണ്ടാവുക? മനസാക്ഷി മരവിച്ചിട്ടില്ലാത്ത അയാൾക്ക് നിശ്ചയമായും രണ്ടാമത്തെ വികാരമാവും ഉണ്ടാവുക. ബിസിനസിന്റെ അവസരനഷ്ടം മനസ്സിന്റെ കുളിർമ്മയിലുണ്ടാക്കുന്ന നേട്ടവുമായി തട്ടിച്ച് നോക്കുന്പോൾ നിസ്സാരമത്രേ.

നമുക്ക് ചുറ്റും ഇന്ന് നടക്കുന്നതെന്താണ്? അന്യരെ തട്ടിമറിച്ചു നിലംപരിശാക്കിയിട്ടു നേട്ടങ്ങൾ കൊയ്തെടുക്കുന്നവരാണ് അധികവും. പക്ഷെ അവർക്ക് യഥാർത്ഥ ആനന്ദമോ സംതൃപ്തിയോ ലഭിക്കുകയില്ല. അവരുടെ മനഃസാക്ഷി മരവിച്ചതെങ്കിലും അഗാധമായ കുറ്റബോധം അവരെ വേട്ടയാടാതിരിക്കില്ല.

ലക്ഷ്യം പോലെ മാർഗ്ഗവും ശുദ്ധമായിരുന്നാൽ മാത്രമേ ആത്യന്തികമായി ജീവിത വിജയം കൈവരിക്കാൻ സാധിക്കയുള്ളൂ എന്ന് സ്വാമി വിവേകാനന്ദൻ, മഹാത്മാ ഗാന്ധി എന്നിങ്ങനെയുള്ള മഹാത്മാക്കൾ നമ്മെ പഠിപ്പിച്ചിട്ടുണ്ട്. ഭാരതീയ സംസ്കാരത്തിലെ നെടുംതൂണുകളായി നിന്നിരുന്ന അത്തരം മഹാത്മാക്കൾ ഉയർത്തിപ്പിടിച്ച സനാതന സത്വങ്ങൾ ഒരു കാലത്തും അപ്രസക്തമാവുകയില്ല. ഫലത്തെ മാത്രം നോക്കി വിജയം വിലയിരുത്തുന്നത് തെറ്റാണ്. ഫലപ്രാപ്തിയിലെത്താൻ ഉപയോഗിച്ച മാർഗ്ഗങ്ങളും ഉപാധികളും ധർമ്മാധിഷ്ടിതമായിരുന്നാലേ  അതിന്റെ മൂല്യം പ്രശംസാർഹമാകൂ.

പരീക്ഷയ്ക്ക് കോപ്പിയടിച്ചു ഉയർന്ന മാർക്ക്  കരസ്ഥമാക്കാം. ഒന്നും പഠിക്കാതെയും പ്രയത്നിക്കാതെയും പണം കൊടുത്ത് ഏതു ഡിഗ്രി വേണമെങ്കിലും ചില സർവ്വകലാശാലകളിൽ നിന്നും കരസ്ഥമാക്കാം. പക്ഷെ, അവയൊന്നും സ്വന്തം മനസാക്ഷി പോലും വിലമതിക്കുകയില്ല. മൂല്യമില്ലാത്ത വെറും മുക്ക്പണ്ടത്തെ പോലെയാണ് അവയൊക്കെ.

ജീവിതത്തിൽ വിജയിക്കണമെന്ന് ആഗ്രഹിക്കാത്തവർ ആരുമില്ല. എന്നാൽ എല്ലാവർക്കും അതിനു സാധിക്കുന്നുണ്ടോ? പ്രതികൂലതകളെ മറികടന്ന് വിജയ സോപാനത്തിലെത്തുന്നവർ നമ്മുടെ ചുറ്റിനും വിരളമായെങ്കിലുമുണ്ട്. അവരുടെ വിജയരഹസ്യമെന്തെന്ന് ആരാഞ്ഞരിയുവാൻ ആരും മെനക്കെടാറില്ല. മനഃശാസ്ത്രഞ്ജരും അനുഭവസന്പന്നരും രേഖപ്പെടുത്തിയിരിക്കുന്ന വിജയരഹസ്യങ്ങളെ പരിശോധിക്കാം.

1) ഒന്നും െവച്ചുനീട്ടി കാലതാമസം വരുത്താതിരിക്കുക: ചെയ്യേണ്ട കാര്യങ്ങൾ ചെയ്യേണ്ട സമയത്ത് ചെയ്തു തീർത്താൽ അവസരങ്ങൾ നഷ്ടമാവില്ല. കാലതാമസം വരുത്തുന്പോൾ പരിഹരിക്കാൻ അസാധ്യമായ പല സംഭവങ്ങളും കാലക്കേടിനു കയറിവരും. ഓരോ ദിവസവും പ്രവർത്തിക്കാനുള്ള ഒരു മാർഗ്ഗരേഖ (action plan) മുന്നിൽ  വെച്ചുകൊണ്ട് സമയബന്ധിതമായി  കാര്യങ്ങൾക്ക് പ്രാരംഭം കുറിക്കുന്പോൾ അവസരങ്ങൾ (opportunities) നഷ്ടമാവുകയില്ല. ദിവസത്തിന് 24 മണിക്കൂറെ ഉള്ളൂ എന്നത് എല്ലാവർക്കും ഒരുപോലെ അറിയാം, പക്ഷെ വിജയ ശിൽപ്പികൾക്ക് ദിവസത്തെ ആസൂത്രണം ചെയ്യുന്നതിലൂടെ 24 മണിക്കൂറും ഫലപ്രദമായി ഉപയോഗിക്കുവാനും തദ്വാര വിജയം കൈവരിക്കുവാനും സാധിക്കുന്നു.

2) കഠിനാധ്വാനത്തിന് മൂല്യമുണ്ട് എന്ന തിരിച്ചറിവുണ്ടാകണം: ഒരു മണിമന്ദിരമോ ഒരു പോഷ് കാറോ വേണമെന്ന പൂതിയിൽ തെറ്റില്ല. പക്ഷെ അത് പണികഴിക്കുന്നതിനോ വാങ്ങുന്നതിനോ കീശയിൽ ആവശ്യത്തിന് കാശുണ്ടോ എന്ന് ആദ്യം നോക്കേണ്ടേ? ഇതുപോലെ ജീവിത വിജയം കൈവരിക്കുന്നതിന് കഠിനാദ്ധ്വാനം അനിവാര്യമാണ്. ദേഹമനങ്ങി പണിയെടുക്കാതെ എങ്ങനെ വയറു നിറച്ചു കഴിക്കാൻ പറ്റും? വിയർപ്പോടെ ഭക്ഷിക്കണമെന്ന് പഴമക്കാർ പഠിപ്പിച്ചത് കൂടെക്കൂടെ ഓർത്തിരിക്കുന്നത് നല്ലത്. വിജയം കൈവരിച്ചവരൊക്കെ അതിന്റെ വില നൽകിയവരാണ്. ലക്ഷ്യം കൈവിടാതെ മുന്നേറുവാനുള്ള നിശ്ചയദാർഡ്യമുണ്ടെങ്കിൽ കഠിനാധ്വാനം നമ്മുടെ ജീവിത ശൈലിയായി മാറും. വിതയ്ക്കുവാനൊരു കാലം, കള പറിക്കുവാനൊരു കാലം, കൊയ്തെടുക്കുവാനൊരു കാലം എന്ന് പറയുന്നത് പോലെ ജീവിതത്തിൽ കഠിനാദ്ധ്വാനത്തിനും ഒരു കാലമുണ്ട്. അലസരായിരുന്നാൽ ഉദ്ദേശിച്ച ഫലം കിട്ടുകയില്ല.

3) സ്വയം ഉത്തരവാദിത്വം ഏറ്റെടുക്കുക: മറ്റുള്ളവരെ പഴിചാരി സ്വന്തം ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള പ്രവണത പരക്കെ ദൃശ്യമാണ്. നമ്മുടെ ഉയർച്ചയ്ക്ക് മറ്റുള്ളവർ തടസ്സമായി നിൽക്കുന്നു എന്ന പരാതിയാണ് ഇങ്ങനെയുള്ളവർ ഉയർത്തുക. അങ്ങനെയെങ്കിൽ നമ്മുടെ കഴിവും ശക്തിയും മറ്റുള്ളവർക്ക് നാം അടിയറ െവയ്ക്കുന്നതിന് തുല്യമല്ലേ അത്. നമ്മെക്കാൾ നമ്മുടെ മേൽ മറ്റുള്ളവർക്കാണ് സ്വധീനം എന്ന് തലകുനിച്ച് സമ്മതിക്കുക അല്ലേ ഇതിലൂടെ നാം ചെയ്യുന്നത്.

ജനിച്ചപ്പോൾത്തന്നെ മന്ദബുദ്ധിയെന്ന് മാതാപിതാക്കൾ മുദ്രകുത്തിയ ഒരു വ്യക്തിയെ എനിക്കറിയാം. അയാൾക്ക്‌ ‘അശു’ (കഴിവില്ലാത്തവൻ) എന്ന പേരാണ് അവർ ഇട്ടത്. നാട്ടുകാരും വീട്ടുകാരും ചെറുപ്പത്തിൽ അയാളെ അശു എന്ന് വിളിച്ചപ്പോൾ ആ വിളിയുടെ അർത്ഥമോ ഉറവിടമോ അയാൾക്ക്‌ മനസ്സിലാക്കാൻ പറ്റിയില്ല. കൗമാരത്തിലെത്തിയപ്പോൾ കാര്യം പിടികിട്ടി. എന്തിനീ പേരിട്ടു എന്ന് മാതാപിതാക്കളോട് ചോദിച്ചപ്പോൾ അവർ പശ്ചാത്തപിച്ചു. പക്ഷേ അതിന്റെ പൂർണ്ണ ഉത്തരവാദിത്വം മറ്റുള്ളവരിൽ കെട്ടിവെയ്ക്കാതെ അയാൾ സ്വയം ഏറ്റെടുത്തു.പഠിച്ചുയർന്ന് ഇന്ന് അദ്ദേഹം ഇവിടെ ഒരു കന്പനിയിലെ സീനിയർ സെയിൽസ് മാനേജരാണ്. പേര് മാറ്റാൻ അദ്ദേഹം മെനക്കെട്ടില്ല. പേരിന്റെ ഉടമസ്ഥനെ മാറ്റിയെടുക്കുന്ന ഉത്തരവാദിത്വം സ്വയം ഏറ്റെടുത്തപ്പോൾ ജീവിത വിജയ കവാടം അദ്ദേഹത്തിനായി തുറക്കപ്പെട്ടു.

4) സുതാര്യമായ ലക്ഷ്യബോധമുണ്ടാവുക:  തികച്ചും പ്രവർത്തിയിൽ വ്യാപൃതരാകണമെങ്കിൽ ശക്തവും സുതാര്യവുമായ ഒരു ലക്ഷ്യബോധം നമ്മിൽ ഉണ്ടാകണം, അപ്പോൾ നമ്മുടെ പ്രവർത്തിയെ നാം സ്നേഹിക്കും. ചെയ്യുന്ന ജോലിയെ സ്നേഹിക്കാതെ എങ്ങനെ ഉദ്ദേശിക്കുന്ന ഫലമുണ്ടാകും.? തൂപ്പുകാരൻ മുതൽ തൊഴിലുടമവരെ അവരവർ ചെയ്യുന്ന ജോലിയെ സ്നേഹിച്ചു നോക്കൂ. വെറുതെയങ്ങ് സ്നേഹിക്കാൻ സാധിക്കുമോ? ലക്ഷ്യത്തോടെ ഒരു ജോലി ഏറ്റെടുക്കണം. 

വിദ്യാർത്ഥികൾ മാതാപിതാക്കൾക്ക് വേണ്ടി പഠിച്ചാലോ അദ്ധ്യാപകരെ തൃപ്തിപ്പെടുത്താൻ പഠിച്ചാലോ എങ്ങനെ പഠനത്തെ സ്നേഹിച്ച് ശുഷ്കാന്തിയോടെ പഠിക്കാൻ കഴിയും. എട്ടാം ക്ലാസ് മുതൽ മുകളിലോട്ടുള്ള ക്ലാസുകളിൽ പഠിക്കുന്ന കുമാരീ കുമാരന്മാരിൽ പലരും ഇന്ന് ഇടയ്ക്കിടെ ‘ഫ്യൂസ്’ ആകാറുണ്ട്, ബൾബ് ഫ്യൂസാകുന്നത് പോലെ. ലക്ഷ്യബോധമില്ലാത്തവർ! അവർക്ക് ജോലിയെ (പഠനത്തെ) സ്നേഹിക്കാനുള്ള മനസ്സില്ല. ഇന്നിന്റെ കുഞ്ഞോളങ്ങളിൽ കുളിർമ്മ കണ്ടെത്തുന്നവർ! നാളെയുടെ അലമാലകളെ നേരിടുവാൻ അവർ പ്രാപ്തരുമല്ല.

ഇയ്യിടെ ഒരു അമ്മ എന്നെ വിളിച്ച് പറഞ്ഞാൽ അനുസരിക്കാത്ത മകൾക്ക്‌ കൗൺസിലിംങ്ങിനായി ഒരു സമയം ചോദിച്ചു. ഞാൻ സമയം നൽകുകയും ചെയ്തു. ആ പെൺകുട്ടി വരാൻ കൂട്ടാക്കിയില്ല. എവിടെയോ ഊരാക്കുടുക്കിൽപ്പെട്ട് കിടക്കുകയായിരിക്കും ആ പെൺകുഞ്ഞിന്റെ പൊന്നുമനസ്.! കാത്തിരുന്നു എന്റെ സമയം കളഞ്ഞത് മിച്ചം.

തന്നെത്തന്നെ സ്നേഹിക്കാത്തവർക്ക്താൻ ഏറ്റെടുത്തിരിക്കുന്ന കർമ്മത്തെ സ്നേഹിക്കാൻ എങ്ങനെ കഴിയും. വല്ലവരുടെയും മനസ്സിന്റെ പടിപ്പുരയ്ക്കൽ തന്റെ മനസ്സ് കാഴ്ച്ച വെച്ചിട്ട് ഭിക്ഷാംദേഹിയായി കഴിയുന്നചെറുപ്പക്കാരുടെ എണ്ണം ഈ പവിഴദ്വീപിൽ ഒട്ടും കുറവല്ല. അവർ ജീവിതത്തിൽ എവിടെയെത്തും ഒരിടത്തുമെത്തുകയില്ല;  അസ്വസ്ഥതയുടെ തീരമായിരിക്കും ആത്യന്തികമായി അവരുടെ അത്താണി.

ജീവിതം വിജയിക്കുവാനുള്ളതാണ്, ജയിക്കാനായി ജനിച്ചവനാണ് ഞാൻ. പരിശ്രമിക്കാം സ്വയം സ്നേഹിച്ചുകൊണ്ട്!

You might also like

Most Viewed