മരണഭീതി ഉള്ളവർക്കായ് ഒരു സ്നേഹ ഗാഥ
മരണത്തെ ഭയക്കുന്നവരുടെ എണ്ണം ഒട്ടും കുറവല്ല ഇന്നും. മാരകമായ രോഗങ്ങൾ ഇന്ന് പുതിയ രൂപത്തിലും ഭാവത്തിലും പ്രത്യക്ഷപ്പെടുന്നു. വൈദ്യശാസ്ത്രത്തിന്റെ കുതിപ്പിൽ ഏതു രോഗത്തെയും പരാജയപ്പെടുത്താമെന്ന ശുഭാപ്തി വിശ്വാസം ചിലർക്കുണ്ടായിരുന്നു. എന്നാൽ ആ അവസ്ഥയ്ക്ക് മാറ്റം സംഭവിച്ചിരിക്കുന്നു. നിയന്ത്രണ വിധേയമാകാത്ത പല രോഗങ്ങളും ഇന്ന് മനുഷ്യ ജീവനെ കീഴടക്കുന്നുണ്ട്. രോഗത്തിന്റെ മാരകമായ അവസ്ഥ രോഗികളെ ധരിപ്പിക്കാൻ നാം മടിക്കുന്നു. അതറിയുന്പോൾ അവരിലുണ്ടാകാമാവുന്ന പ്രതികരണം എപ്രകാരമായിരിക്കുമെന്നതിനെക്കുറിച്ച് മറ്റുള്ളവർക്ക് ആശങ്ക ഉള്ളതിനാലാണിത്.
ചില രോഗികൾ അപ്പാടെ മനസ്സിടിഞ്ഞ് നിരാശരായി കഠിന വിഷാദത്തിലാകും. വെറുപ്പും ഈർഷ്യയും അവരെ കീഴടക്കും. ചുരുക്കം ചിലർ മാത്രമേ സമചിത്തതയോടും ധൈര്യത്തോടും കൂടി രോഗത്തെയും മരണത്തെയും നേരിടുകയുള്ളൂ. ജീവിതത്തോടുള്ള ആസക്തി വളരെ കൂടുതൽ ഉള്ളവർക്കാണ് ഭയവും നിരാശയും ഉണ്ടാകുന്നത്. മരണത്തിനപ്പുറം എന്തെങ്കിലുമുണ്ട് എന്ന ഉറപ്പ് അത്തരക്കാർക്ക് ഉണ്ടായിരിക്കുകയുമില്ല.
ഈ അടുത്ത കാലത്ത് ‘Death Theraphy’ എന്ന ഒരു Psyochotherapy കാസെറ്റ് ഞാൻ തയ്യാറാക്കി. ആ തെറാപ്പിയിൽ പങ്കെടുക്കുവാൻ പ്രവാസി ഗൈഡൻസ് ഫോറത്തിൽ അംഗങ്ങളായ കൗൺസിലേഴ്സിന് അറിയിപ്പും നൽകി. മരണമെന്ന പേര് കേട്ടപ്പോൾത്തന്നെ ചിലർ വിയർക്കാൻ തുടങ്ങി. രണ്ടും കൽപ്പിച്ച് അതിൽ പങ്കെടുത്തവർ കണ്ണീർ പൊഴിച്ചെങ്കിലും തെറാപ്പി കഴിഞ്ഞപ്പോൾ അവർ കെട്ടുകൾ പൊട്ടിച്ച് വെളിയിൽ വന്ന സ്വതന്ത്രരായ മനുഷ്യരായിത്തീർന്നുവെന്ന് എനിക്ക് ബോധ്യപ്പെട്ടു.
ഒരു പ്രഭാതത്തിൽ വീടിന്റെ കോലായിൽ ഇരിക്കുന്ന നിങ്ങൾ ഹൃദയാഘാതം മൂലം മരിക്കുന്നതായി തെറാപ്പിയിൽ സങ്കൽപ്പിക്കുന്നു. നിങ്ങളുടെ ആത്മാവും മനസ്സും ശരീരത്തെ ഉപേക്ഷിച്ച് 10 അടി ഉയരത്തിലെത്തി ശരീരത്തോട് സംസാരിക്കുന്ന രംഗമാണ് പിന്നീട്. മൃതശരീരത്തെ നോക്കി അന്ത്യദർശനത്തിനെത്തിയ പലരെയും നോക്കിയുള്ള മനസ്സിന്റെയും ആത്മാവിന്റെയും സംഭാഷണം കഴിഞ്ഞ കാല ജീവിതത്തിലെ അനുഭവങ്ങളെക്കുറിച്ചാണ്.
നാം വെറുക്കുന്നവരും നമ്മെ വെറുക്കുന്നവരും നാം വേദനിപ്പിച്ചവരും എന്നിങ്ങനെ ഉള്ളവരെ കാണുന്പോഴൊക്കെ ആത്മ മനസുകൾ സംസാരിക്കുന്നു. അന്ത്യ ചുംബനങ്ങളുടെ തണലിൽ മുകളിൽ നിൽക്കുന്ന മനസ്സ് വീർപ്പ്മുട്ടുന്നു.
ആളൊഴിഞ്ഞ അരങ്ങിൽ നിന്ന് ശവശരീരം സംസ്കാരത്തിനെടുക്കുന്ന രംഗമെത്തുന്പോൾ ആത്മമനസ്സുകൾ ശരീരത്തിൽ തിരികെ പ്രവേശിച്ച് പുതുജീവൻ പ്രാപിക്കുന്നു. മരണ നിഴലിൽ നിന്നും ജീവന്റെ പ്രകാശത്തിലേക്ക് എത്തിയവർ കഴിഞ്ഞകാല ജീവിതത്തിലെ പാളിച്ചകളോർത്ത് പാശ്ചാത്തപിച്ച് പൊട്ടിക്കരയുന്നു. ജീവിതത്തിന് ഒരു പുതിയ വാതായനം ഊർജ്ജം പകരുന്നു. ഇതാണ് ആ ‘Death Theraphy’. മരണ ഭീതിയിലമർന്നിരിക്കുന്നവർക്ക് സാന്ത്വനമാണീ തെറാപ്പി.
ജീവിതമെന്ന പോലെ മരണവും ഒരുയാഥാർത്യമല്ലേ? എങ്കിലും മരണം നമുക്ക് പേടി സ്വപ്നം. ആ വാക്ക് ഉച്ചരിക്കാൻ പോലും പലരും ഇഷ്ടപ്പെടുന്നില്ല. മരണത്തെ കയ്പ്പോടെ കാണുന്നതിനും ഭയത്തോടെ അതിനെക്കുറിച്ച് ചിന്തിക്കുന്നതിനും കാരണം മരണത്തോട് കൂടി എല്ലാം അവസാനിക്കുന്നു എന്ന ധാരണയാണ്. അതിനപ്പുറം ഒന്നുമില്ല, എല്ലാം ശൂന്യം എന്ന ചിന്ത പരത്തുന്നത് ഭൗതികവാദികളാണ്.
പദാർത്ഥമയമായതിൽ മാത്രമാണ് അവരുടെ വിശ്വാസവും ആശ്രയവും. മാഡം മേരി ക്യൂറിയെപ്പറ്റി കേട്ടിട്ടില്ലാത്തവർ ചുരുക്കമായിരിക്കും. അവർ ഭർത്താവുമൊരുമിച്ചു ശാസ്ത്ര ഗവേഷണത്തിൽ ഒരു തപസ്യ തന്നെ ആയിരുന്നു. വളരെ യാതനകളും വേദനകളും ത്യാഗങ്ങളും സഹിച്ച ശേഷമാണ് ഇന്ന് മനുഷ്യരാശിക്ക് ഏറ്റവും വലിയ അനുഗ്രഹമായി തീർന്ന റേഡിയം അവർ കണ്ടപിടിച്ചത്. എന്നാൽ അവർ തികഞ്ഞ ഒരു ഭൗതികവാദിയായിരുന്നു.
ക്യൂറി ഒരു അപകടത്തിൽ മരണമടഞ്ഞപ്പോൾ മാഡം ക്യൂറി പറഞ്ഞ വാക്കുകൾ അവരുടെ ജീവിതദർശനം വെളിപ്പെടുത്തുന്നവയായിരുന്നു. ‘ it is the end of everything, everything, everything!’ ഇതോടെ എല്ലാം അവസാനിച്ചിരിക്കുന്നു, എല്ലാം, എല്ലാം! ആ വാക്കുകളിൽ നൈരാശ്യം പ്രതിധ്വനിക്കുന്നു. മരണത്തോടെ എല്ലാം അവസാനിക്കുന്നു, അതിനപ്പുറം ഒന്നുമില്ല എന്ന അവരുടെ ചിന്ത. ഈശ്വര വിശ്വാസികൾ പോലും മരണത്തെ ഭയപ്പെടുകയും അസ്വസ്ഥരാവുകയും ചെയ്യുന്നു. ഇത് വെളിപ്പെടുത്തുന്നത് അവരുടെ വിശ്വാസം വെറും പൊള്ളയാണ് എന്നതാണ്. പ്രായോഗികമായി അവരും ഭൗതികവാദികൾ തന്നെ. എന്നാൽ വേദനയുടെയും ഏകാന്തതയുടെയും ദുഃഖത്തിന്റെയും യാതനയുടെയും അന്ത്യമാണ് മരണത്തോടെ സംഭവിക്കുന്നത്. പിന്നീട് ഇവയൊന്നുമില്ലാത്ത ഒരു ജീവിതത്തിന്റെ ആരംഭമാണെന്ന് കരുതുക. മരണം നഷ്ടമായി തോന്നുന്നത് ആർക്കാണ്.
ഈ ലോക ജീവിതത്തിൽ മാത്രം വിശ്വാസമർപ്പിച്ചും അതിൽ പ്രത്യാശ പുലർത്തിയും കഴിയുന്ന ഒരാൾക്ക് മരണം തീരാ നഷ്ടമാണ്, ഒടുങ്ങാത്ത ദുഃഖവും!.
ആത്മഹത്യ പ്രവണതയുമായി ചിലർ എന്നെ സമീപിക്കാറുണ്ട്. ആത്മഹത്യയെപ്പറ്റിയുള്ള ചിന്ത അവരെ കൂടെക്കൂടെ അലട്ടുന്നുണ്ടെങ്കിലും ജീവിക്കണമെന്ന ആഗ്രഹം ഉള്ളിലുള്ളത് കൊണ്ടാണ് അവർ കൗണ്‍സിലിങ്ങിനായി എത്തുന്നത്. അത്തരക്കാരോട് ഞാൻ ചോദിക്കാറുള്ള ഒരു ചോദ്യമുണ്ട്. മരിച്ചു കഴിഞ്ഞാൽ നിങ്ങൾക്കെന്തു കിട്ടും? എവിടേക്ക് പോകുമെന്നാണ് കരുതുന്നത്. പലർക്കും മറുപടി ഇല്ല. അസ്വസ്ഥത നിറഞ്ഞ ഈ ജീവിതത്തിന് ഒരു വിരാമമിടുക വഴി ജീവിതത്തിലെ വെല്ലു വിളികളെ നേരിടുവാൻ ധൈര്യമില്ലാതെ ഒളിച്ചോടുവാൻ ശ്രമിക്കുകയാണ് ആതമഹത്യയെപ്പറ്റി ചിന്തിക്കുന്നവർ.
ആത്മഹത്യ ചെയ്യുന്നവരുടെ ആത്മാക്കൾ ഇവിടുത്തെതിനേക്കാൾ അസ്വസ്ഥതമായ ഒരു തീരത്തിലാണ് എത്തിച്ചേരുന്നത് എങ്കിൽപ്പിന്നെ ആത്മഹത്യ കൊണ്ട് എന്ത് കാര്യം.? സ്വസ്ഥതയുടെ തീരങ്ങളിൽ കുടിയിരിക്കാൻ അർഹതയില്ലാത്ത ആത്മാക്കൾ അസ്വസ്ഥതയുടെ തീരങ്ങളിൽ മറ്റുള്ളവർക്ക് കൂടി അസ്വസ്ഥത ജനിപ്പിച്ച് കൊണ്ട് അലയുന്നു എന്നതാണ് യാഥാർത്ഥ്യമെങ്കിൽ ആതമാഹത്യയിലൂടെ എന്ത് നേടുന്നു?
ഭൗതികവാദത്തിലും ശാസ്ത്ര പഠനത്തിലും വിശ്വാസമർപ്പിച്ച് പ്രവർത്തിച്ചു വന്ന ഒരു മെഡിക്കൽ ഡോക്ടറായിരുന്നു ഡോക്ടർ ഡയാന കോന്പ്. അവർ രചിച്ച ‘പരലോകത്തിലേക്കുള്ള കിളിവാതിൽ’ എന്ന ഗ്രന്ഥത്തിൽ നിഷ്ക്കളങ്കരായ മനുഷ്യർ എന്തിന് ഈ ലോകത്തിൽ രോഗത്തിലൂടെയും മറ്റു പ്രയാസങ്ങളിൽ കൂടിയും കടന്ന് പോയി കഷ്ടമനുഭാവിക്കുന്നു എന്ന ചോദ്യത്തിന് ഉത്തരം നൽകിയിട്ടുണ്ട്.
സുന്ദരന്മാരും സുന്ദരികളുമായ കൊച്ചു കുട്ടികൾ മാരകമായ രോഗത്തിന് അടിമപ്പെട്ട് മരണത്തിലേയ്ക്ക് മന്ദം നീങ്ങുന്ന അനുഭവം ഡോക്ടർ ഡയാനയെ അസ്വസ്ഥയാക്കി. പല മരണങ്ങൾക്കും സാക്ഷ്യം വഹിച്ച് അവർ ഒടുവില ആ യാഥാർത്ഥ്യം കണ്ടെത്തി, മരണം ഒരു കിളിവാതിൽ മാത്രമാണ്, പരലോകത്തേക്കുള്ള കിളിവാതിൽ. മരണത്തോട് അടുക്കുന്പോൾ പരലോക ദൃശ്യങ്ങൾ രോഗിയുടെ ഉപബോധമനസ്സിൽ തെളിയും പോലും. അത് കൊണ്ട് തന്നെ ചിലർ സ്വയം പ്രവചിക്കും ‘എന്റെ സമയമായി; എന്ന്. നിഷ്ക്കളങ്കർക്കായിരിക്കും ഈ പ്രവചന ശേഷി പരലോക ദൃശ്യങ്ങളിലൂടെ ലഭിക്കുന്നത്. പരലോകത്തിലെ സുഖവാസം ഇഹലോകത്തിലെ വാസാന്ത്യത്തിൽ അനുഭവവേദ്യമാക്കുവാൻ നിഷ്ക്കളങ്ക ഹൃദയമുള്ളവർക്ക് കഴിയുമെന്ന് അനേകം ഉദാഹരണങ്ങളിലൂടെ ഡോക്ടർ ഡയാന തെളിയിച്ചിരിക്കുന്നു.
ശക്തരെന്നു അഹങ്കരിക്കുന്നവരെ ലജ്ജിപ്പിക്കുവാൻ അശക്തരെന്നു സമൂഹം കരുതുന്നവരെ മരണം തെരഞ്ഞെടുക്കുന്നു. ജ്ഞാനികളെ ലജ്ജിപ്പിക്കുവാൻ ഭോഷന്മാരെന്നു സമൂഹം കരുതുന്നവരെ വിധി തെരഞ്ഞെടുക്കുന്നു. ഈ വാക്കുകൾക്കു ഒരുപാട് അർത്ഥമുണ്ട്.
മരണവീടുകൾ സന്ദർശിക്കുന്പോഴും സംസ്കാര ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കുന്പോഴും മരണത്തെക്കുറിച്ചുള്ള ചിന്ത നമ്മുടെ മനസ്സിൽ കടന്നുവരുന്നു. അൽപ്പ നേരത്തേക്കെങ്കിലും തത്ത്വപരമായ ചിന്തയിലേക്ക് നാം തിരിഞ്ഞെന്നു വരാം. ജീവിതം അനിശ്ചിതാനുഭവങ്ങൾ നിറഞ്ഞതാണെന്ന് അപ്പോൾ നാം തിരിച്ചറിയുന്നു. ജീവിതത്തിൽ സുനിശ്ചിതവും അനിവാര്യവുമായ ഒന്നുണ്ട്: മരണം. എല്ലാവരും അഭിമുഖീകരിക്കേണ്ട ഒരു യാഥാർത്ഥ്യമാണത്. മരണം കൂടാതെയിരിക്കാനുള്ള ഒരു പോംവഴി ‘ജനിക്കാതെ ഇരിക്കുക എന്നത് മാത്രമാണ്’ ജനിതക ശാസ്ത്രത്തിൽ അത്ഭുതാവഹമായ നേട്ടങ്ങൾ നാം കൈവരിച്ചെങ്കിലും മരണത്തെ തടയുവാൻ ഇത് വരെ ആർക്കും കഴിഞ്ഞിട്ടില്ല. മാത്രമല്ല, മരണത്തെപ്പറ്റിയുള്ള ഭയം നിഴൽ പോലെ നമ്മെ പിന്തുടരുകയും ചെയ്യുന്നു.
സുഖാനുഭവങ്ങൾ വർദ്ധിക്കുന്തോറും മരണ ഭയം വർദ്ധിക്കുന്നു. സുഖാനുഭവങ്ങൾ മിതപ്പെടുത്തിയാൽ മരണ ഭീതി നമ്മെ കടന്നാക്രമിക്കുകയില്ല. മരണത്തെക്കുറിച്ചുള്ള യാഥാർത്ഥ്യ ബോധം വളർത്തിയെടുത്താൽ മരണ ഭയത്തിനു സ്ഥാനമുണ്ടാവുകയില്ല. പ്രകൃതി നിയമത്തിനനുസരിച്ചുള്ള സ്ഥിതി മാറ്റമാണ് മരണം. ജീവിതത്തിൽ തന്നെ നാം നിശ്ചലമായി തുടരുകയല്ല. ബാല്യത്തിൽ നിന്ന് കൗമാരത്തിലേക്കും കൗമാരത്തിൽ നിന്ന് യൗവ്വനത്തിലേക്കും തുടർന്ന് വാർദ്ധക്യത്തിലേക്കും നാം മാറിപ്പോകുന്നു. അങ്ങനെ വാർദ്ധക്യത്തിൽ നിന്നും സ്വാഭാവികമായ ഒരു കടന്നു പോക്ക് മാത്രമാണ് മരണം. പ്രകൃതി നിയമമനുസരിച്ചുള്ള ഒരു മാറ്റമാണ്. അതിനു നാം എന്തിനു ഭയ ചകിതരാകണം?
മരണമില്ലാതിരുന്നാലുള്ള സ്ഥിതി എന്തായിരിക്കും? ‘കാലനില്ലാത്ത കാലത്തെ’ക്കുറിച്ച് കവി വർണ്ണിച്ചിരിക്കുന്നത് ഓർക്കുക, ജീവികളുടെ ജീവൻ നിലനിൽക്കുന്നത് ജീവനുള്ളവയെ മരിപ്പിച്ച ശേഷം ഭക്ഷിക്കുന്നതിലൂടെയാണ്. ജീവിതത്തിനു അവസാനമില്ലാതെ തുടർന്ന്
പോയാൽ കുറെ കഴിയുന്പോൾ നമുക്ക് ജീവിതം വിരസ്സവും ദുസ്സഹവുമായി തോന്നും.
ദയാ വധം നിയമമാക്കി കിട്ടണമെന്ന് പരാതിപ്പെടുന്ന നല്ല ശതമാനം ആളുകളുണ്ട് നമ്മുടെ ഇടയിൽ! മരണപ്പെട്ട് മാറാതെ ജനനം മാത്രമായിരുന്നെങ്കിൽ ലോകത്തിന്റെ സ്ഥിതി തന്നെ എന്തായിരുന്നേനെ. പാർക്കുവാൻ ഇടമില്ലാതെയും ഭക്ഷിക്കുവാൻ ഒന്നുമില്ലാതെയും ആയിത്തീരുന്ന അവസ്ഥ! അതുകൊണ്ട് ജീവിതം സാധ്യമാക്കുന്നതിന് മരണം അനിവാര്യമാണ്. അതേപ്പറ്റി ഭയപ്പെടേണ്ട ആവശ്യമില്ല.
മരണാനന്തര സ്ഥിതിയെപ്പറ്റി മൂന്ന് വിവക്ഷയുണ്ട്. ഒന്നാമത്തേത് മരണത്തോട് കൂടി എല്ലാം പര്യവസാനിക്കുന്നു എന്നതാണ്, രണ്ടാമത്തേത് − മരണം ശരീരത്തിന് മാത്രം. ആത്മാവ് ശാശ്വതമായി നിലകൊള്ളുന്നു. ഒരു ശരീരത്തിൽ നിന്ന് മറ്റൊരു ശരീരത്തിലേക്ക് അത് വാസം മാറ്റുന്നു. മൂന്നാമത്തേത് മരണത്തിലൂടെ ശാശ്വതമായ ഒരു അനുഭവത്തിലേക്ക് പ്രവേശിക്കുന്നു.
മരണം ഒരു നഷ്ടമല്ല; ലാഭമാക്കിത്തീർക്കാനുള്ള സ്നേഹ ഗാഥ നമുക്ക് ശ്രവിക്കാം, പ്രത്യാശയുള്ള ജീവിതത്തിലൂടെ...