‘ഉറുന്പുകൾ ഉറങ്ങാറില്ല’
ഉറുന്പുകൾക്ക് ഉറക്കമില്ലെന്ന് പറയപ്പെടുന്നു. ഉറക്കം വരാഞ്ഞിട്ടാണോ ഉറങ്ങാൻ കിടക്കാഞ്ഞിട്ടാണോ, എന്താണെന്നറിയില്ല, ഉറുന്പുകൾക്ക് ഉറക്കമില്ല പോലും! മനുഷ്യനും മറ്റ് മൃഗങ്ങളും ഉറങ്ങുന്നു. ഉറങ്ങി തെളിയുന്നു. അപ്പോൾ ഊർജ്ജസ്വലരാവുന്നു. എങ്കിലും ഉറക്കമില്ലാത്ത ഉണർവുള്ള എത്രയോ പേർ നമുക്ക് ചുറ്റിനുമുണ്ട്. ഉറക്കത്തിനു വേണ്ടി ദാഹിക്കുന്നവർ, ഉറക്കത്തിനു വേണ്ടി മരുന്ന് കഴിക്കുന്നവർ, ഉറക്കത്തിനു വേണ്ടി പ്രകൃതി പ്രതിക്രിയകൾ ചെയ്യുന്നവർ എന്നിങ്ങനെ എത്രയോ പേർ നമ്മുടെ ഇടയിലുണ്ട്. ഉറങ്ങേണ്ടവരെങ്കിലും ഉറക്കം വിധിച്ചിട്ടില്ലാത്തവരാണവർ!
ശരീരത്തോടൊപ്പം ബോധ മനസ്സാണ് വിശ്രമിക്കാനായി ഉറങ്ങേണ്ടത്. ഉപബോധ മനസ്സിന് ഉറുന്പിനെപ്പോലെ ഉറക്കമില്ല. ഉപബോധം തിളച്ച് മറിയുന്പോഴും ശരീരം അസ്വസ്ഥതയുടെ കൂടാരമാകുന്പോഴും ബോധ മനസ്സിന് ഉറങ്ങാൻ കഴിയില്ല. ചുരുക്കത്തിൽ ശരീരത്തിന്റെ സ്വസ്ഥതയും കുളിർമ്മയും ഉപബോധത്തിന്റെ നൈർമല്യവുമാണ് ബോധമനസ്സിനെ വിശ്രമിക്കാൻ സഹായിക്കുന്ന ഘടകങ്ങൾ. എങ്കിലും ഉറക്കമില്ലാത്ത ഉറുന്പിനെ നോക്കി നാം മനുഷ്യർ എന്തൊക്കെ പാഠങ്ങൾ പഠിക്കേണ്ടിയിരിക്കുന്നു. ഉറുന്പിന്റെ ഒരുമ, കൂട്ടമായി സഞ്ചരിക്കാനുള്ള അവയുടെ ത്വര, ഉറുന്പിന്റെ അച്ചടക്കം, മുന്പേ പോകുന്നതിന്റെ പിന്പേ അന്ധമായി പിൻതുടരാനുള്ള വിശാലത, പ്രതിബന്ധങ്ങളെ മറികടക്കാതെ, അവയെ അംഗീകരിച്ച് വഴിമാറിപ്പോകുന്ന പ്രകൃതം. ഭാവിയെപ്പറ്റി കരുതി ശേഖരിച്ച് വയ്ക്കുവാനുള്ള ദീർഘ വീക്ഷണം. ശത്രുവിന്റെ പ്രഹരമേൽക്കുന്പോൾ ‘ഞാനൊരു പാവമാണ്’ എന്ന സത്യം സന്ദർഭോചിതമായി പ്രകടിപ്പിക്കാൻ മടിയില്ലായ്മ. ഗജവീരന്റെ പോലും ഉറക്കം കെടുത്തുവാൻ തക്ക മൂർച്ചയുള്ള കൊന്പുകൾ തക്കത്തിൽ ഉപയോഗിക്കാനുള്ള കരുത്ത്, ഇവയൊക്കെ ഉറുന്പിനുണ്ടെന്നു നാം തിരിച്ചറിയുന്പോൾ ഉറുന്പിനേക്കാൾ നമുക്കെന്ത് മാഹാത്മ്യം എന്ന് നാം മനസിലാക്കണം. മടിയന്മാർ ഉറുന്പിനെ നോക്കി പഠിക്കണം.
കുട്ടികൾക്ക് വേണ്ടിയുള്ള ഒരു ക്ലാസ്. ദൃശ്യാവിഷ്കരണത്തിലൂടെ ബോധനം കാര്യക്ഷമവും സുഗമവുമാകുമെന്ന് മനസ്സിലാക്കിയ അദ്ധ്യാപിക രണ്ട് ഗ്യാസ് സിലിണ്ടറുകൾ ക്ലാസ്സിൽ സംഘടിപ്പിച്ചിരുന്നു. തുല്യ നിറവും തുല്യ വലിപ്പവുമുള്ള രണ്ട് വലിയ ബലൂണുകൾ അദ്ധ്യാപിക എടുത്ത് ഓരോ സിലിണ്ടറിൽ നിന്നും ഓരോ ബലൂണിലേയ്ക്ക് വാതകം കടത്തി വിട്ടു. അവരണ്ടും വേഗത്തിൽ വാതകം കൊണ്ട് നിറഞ്ഞു വലുതായി. ബലമുള്ള ചരടു കൊണ്ട് കെട്ടി അവ കയ്യിൽ നിന്ന് സ്വതന്ത്രമാക്കി. ഓരെണ്ണം വേഗത്തിൽ മുകളിലേയ്ക്ക് ഉയർന്നു പൊങ്ങി. ചരടിന്റെ നിയന്ത്രണം അതിജീവിച്ച് അത് മുകളിലേയ്ക്ക് പോകുവാൻ വെന്പുകയായിരുന്നു. മറ്റേ ബലൂൺ നിശ്ചലമായി നിലത്തു തന്നെ കിടന്നു. വാതകം ചോർന്നിട്ടില്ല. പിന്നെ എന്ത് പറ്റി? കുട്ടികളുടെ ജിജ്ഞാസ വർദ്ധിച്ചു. രണ്ടിലും വാതകം കയറ്റി വീർപ്പിച്ചു. ഒന്ന് പൊങ്ങി, മറ്റേത് പൊങ്ങിയില്ല. അദ്ധ്യാപിക കാരണം വിശദമാക്കി. ഒന്നിൽ നിറച്ച വാതകം ഹീലിയം ആയിരുന്നു. ആ ബലൂൺ വേഗം പറന്നുയർന്നു. മറ്റേതിൽ നിറച്ചത് കാർബൺഡൈ ഓക്സൈഡ് വാതകമായിരുന്നു. അതിന്റെ ഭാരം ഉയരുവാൻ ഉതകുന്നതല്ല. അദ്ധ്യാപിക കുട്ടികളെ ബോദ്ധ്യപ്പെടുത്തി. പുറമേയുള്ളതല്ല, അകമേയുള്ളതാണ് ഉയർച്ചയുടെ നിദാനം. ഒരേ സാഹചര്യത്തിൽ ജനിച്ചവരും വളർന്നവരുമായ രണ്ടു പേരിൽ ഒരാൾ വിജയം വരിക്കുകയും മറ്റേയാൾ പരാജയത്തിന്റെ ഭാണ്ധവും പേറി നിരാശയിൽ നീങ്ങുകയും ചെയ്യുന്നതിന്റെ കാരണം അകമേ ഉള്ള ഭാരമാണ്. അകമേ ഭാരമുള്ളവർ ഉറങ്ങാറില്ല, ഉറക്കം അവരെ തഴുകാറില്ല. സ്വസ്ഥതയുടെ നീലാംബരത്തിലേയ്ക്ക് ഉറക്കത്തിലൂടെ പറന്നുയരാൻ അവർക്ക് കഴിയുകയില്ല.
പ്രയാസങ്ങളെയും പ്രതിബന്ധങ്ങളേയും അതിജീവിച്ച് നേട്ടങ്ങൾ കൈവരിക്കാൻ കഴിയുന്നത് ഒരാൾ പുലർത്തുന്ന മനോഭാവവും ജീവിത വീക്ഷണവും ആശ്രയിച്ചാണ്. ശുഭാപ്തി വിശ്വാസം, മങ്ങാത്ത പ്രത്യാശ, സ്നേഹത്തിന്റെയും ആർദ്രതയുടെയും വികാരങ്ങൾ, സ്ഥിരോത്സാഹം ഇവ പുലർത്തുന്നവർ നിശ്ചയമായും പ്രാവിനെ പോലെ ഉറങ്ങുന്ന സ്വഭാവമുള്ളവരായിരിക്കും. അവർക്ക് ജീവിതത്തിൽ ഔന്നിത്യം ഉണ്ടാവുകയും ചെയ്യും. ഉറക്കം വരാത്തവർ ‘Pick me up’ നെ ആശ്രയിക്കുക പതിവാണ്. തലച്ചോറിൽ ആനന്ദ വാഹക വീചി ഉത്‌പാദിപ്പിക്കുന്ന രാസവസ്തുക്കളെയാണ് ‘Pick me up’ എന്ന് നാമകരണം ചെയ്തിരിക്കുന്നത്. സുലഭമായ പിക് മി അപ്പ്സ് പഞ്ചസാര, കാപ്പിപ്പൊടി, മദ്യം, പുകയില ഇവയാണ്. എന്നാൽ ഇവ താൽക്കാലിക സ്വാന്തനമേ നൽകുകയുള്ളൂ. തുടർച്ചയായ ഇവയുടെ ഉപയോഗം വിപരീത ഫലം ഉണ്ടാക്കുകയും ചെയ്യും. ഉറക്കമില്ല എന്ന പരാതിയുമായി ഡോക്ടറെ സമീപിക്കുന്ന ധാരാളമാളുകളുണ്ട്. രാത്രി ഭക്ഷണത്തോടു കൂടെ മദ്യം കഴിച്ച് മതി മറന്ന് ഉറങ്ങാൻ പാടുപെടുന്നവരും ഉണ്ട്. മദ്യ ലഹരിയിൽ മൂന്നോ നാലോ മണിക്കൂർ അബോധാവസ്ഥയിലായിരുന്നശേഷം ഉണരുന്പോൾ ഗതി പഴയത് തന്നെയായിരിക്കും; അപാരമായ അസ്വസ്ഥത! അകമേ ഭാരമുള്ള ചിന്തകളും ആകുലതകളും നിറച്ച് കാർബൺഡൈ ഓക്സൈഡ് നിറച്ച ബലൂണിനെ പോലെ നിലം പൊത്തിക്കിടക്കുന്ന മനുഷ്യർക്ക് ‘Pick me up’ ഒരു ഗുണവും ചെയ്യുകയില്ല.
അനുകൂലമായ നിരവധി സാഹചര്യങ്ങളും അവസരങ്ങളും പ്രോത്സാഹനങ്ങളും ഉണ്ടായിട്ടും നിലംപരിശായി കിടക്കുന്ന പലരേയും സമൂഹത്തിൽ കാണാം. എഞ്ചിന്റെ വേഗം എത്ര വർദ്ധിപ്പിച്ചാലും കാറിന്റെ ബ്രേക്കിൽ കാൽ ചവിട്ടിപ്പിടിച്ചിരിക്കുകയാണെങ്കിൽ എന്താണ് ഫലം? മുന്നോട്ട് നീങ്ങുകയില്ല എന്ന് മാത്രമല്ല, എഞ്ചിൻ പെട്ടെന്ന് ചൂടായി ബ്രേക്ക് ഡൗൺ ആകാനും സാധ്യതയുണ്ട്. ഇതുപോലെ മുന്നോട്ട് നീങ്ങാൻ അനുവദിക്കാത്ത ചില ബ്രേക്കുകളിൽ അമർത്തിപ്പിടിക്കുന്നവരുണ്ട്. ‘എന്നെക്കൊണ്ട് ഒന്നും പറ്റുകയില്ല, ഞാൻ ചെയ്‌താൽ ശരിയാവുകയില്ല’ എന്നിങ്ങനെ നിഷേധാത്മകമായി ചിന്തിക്കുന്നവർക്ക് ഉദ്ഗതി ഉണ്ടാവുകയില്ല. പരാജയ ബോധം ഒന്നിനും അവർക്ക് ധൈര്യം പകരില്ല. ദിവസങ്ങൾ ഇരുട്ടി വെളിപ്പിക്കുന്നവരാണവർ, ഉറക്കമില്ലാത്ത ഉണർവുള്ളവർ. ഇംഗ്ലീഷിൽ ഒരു ചൊല്ലുണ്ട്, ‘A Smooth Sea never made a skill full mariner’. ശാന്തമായ ഒരു സമുദ്രം കഴിവുള്ള ഒരു നാവികനെ സൃഷ്ടിക്കാൻ സഹായകമല്ല. നീട്ടി വെയ്ക്കുന്ന സ്വഭാവമുള്ളവർക്ക് വിജയം എളുപ്പമല്ല. ഓരോന്നും യഥാസമയം നിറവേറ്റാൻ ശ്രമിക്കുന്നവർക്ക് ഏറെ കാര്യങ്ങൾ ചെയ്യുവാൻ കഴിയും. കാര്യങ്ങൾക്ക് മുൻഗണനാക്രമം നിശ്ചയിക്കാൻ കഴിയാത്തവരും പരാജയത്തിലേയ്ക്ക് കൂപ്പു കുത്തും. ശരിയായ ജീവിത ദർശനമുള്ളയാൾക്ക് ജീവിതത്തിൽ സമാധാനം ഉണ്ടാക്കാൻ കഴിയും. ‘സമാധാനമില്ല, ഒരു സമാധാനവുമില്ല’ എന്ന് പിറുപിറുക്കുന്നവർ ചിന്തിക്കണം, ആരാണ് നിങ്ങളുടെ സമാധാനം അപഹരിച്ചത്? സമാധാനം സ്വയം ഉണ്ടാകുന്ന ഒന്നല്ല, ഉണ്ടാക്കുകയാണ്. സമാധാനം ഉണ്ടാക്കുന്നവർ ഭാഗ്യവാന്മാർ. അവർക്ക് സുഖനിദ്ര ഒരു അനുഭവവും അനുഭൂതിയുമായിരിക്കും.
രണ്ട് സഹോദരന്മാരെപ്പറ്റി വായിക്കുവാൻ ഇടയായി ഈയിടെ. ഒരാൾ മദ്യപാനിയും മയക്കുമരുന്നിന്റെ അടിമയും കലഹ പ്രിയനുമാണ്. അയാളുടെ കുടുംബം നരക തുല്യമാണ്. മറ്റേയാൾ ബിസിനസ്സിൽ നേട്ടം കൊയ്തെടുത്തയാൾ, സമൂഹത്തിൽ ആദരണീയൻ, സന്തുഷ്ട കുടുംബ ജീവിതത്തിന്റെ ഉടമ. ഇവർ രണ്ടുപേരും എങ്ങനെ ഉത്തര, ദക്ഷിണധൃവങ്ങളെ പോലെ ആയി. സ്വഭാവത്തിലും പെരുമാറ്റത്തിലും വരെ അജഗജാന്തരം. രണ്ടു പേരും ഒരേ മാതാപിതാക്കൾക്ക് പിറന്നവർ. ഒരേ കുടുംബ സാഹചര്യത്തിൽ വളർന്നവർ. ഒന്നാമത്തവനോട് ഒരാൾ ചോദിച്ചു; നിങ്ങൾ എങ്ങനെയാണ് ഈ വിധത്തിലായത്? മദ്യപനും മയക്കുമരുന്നിന്റെ അടിമയും തല്ലുകാരനും ഒക്കെ ആണല്ലോ! എന്താണ് ഇതിനു കാരണം? അയാളുടെ മറുപടി, “എന്റെ അച്ഛൻ! എന്റെ അച്ഛൻ മദ്യപാനിയും മയക്കുമരുന്ന് കഴിക്കുന്നവനും കുടുംബത്തിലുള്ളവരെ ശാരീരികമായി ഉപദ്രവിക്കുന്നവനുമായിരുന്നു. അപ്പോൾ ഞാൻ എങ്ങനെ ആകണമെന്നാണ് നിങ്ങൾ പ്രതീക്ഷിക്കുന്നത്? ഞാൻ ഇങ്ങനെയായി തീർന്നു”.
അയാൾ രണ്ടാമത്തെ സഹോദരനെ സമീപിച്ചു. അവൻ എല്ലാം നന്നായി ചെയ്യുന്നവനും ജീവിത വിജയം കൈവരിച്ചവനുമാണ്. “നിങ്ങൾക്ക് ഈ സ്വഭാവവും ജീവിതവും എങ്ങനെ കൈവന്നു? നിങ്ങളുടെ പ്രേരണാ ശക്തി ആരാണ്? “എന്റെ പിതാവ്” എന്നായിരുന്നു അയാളുടെ മറുപടി. അയാൾ തുടർന്നു, ഞാൻ ഒരു ചെറുബാലനായിരിക്കുന്പോൾ എന്റെ അച്ഛൻ മദ്യപിച്ച് ലക്കില്ലാതെ വീട്ടിലെത്തുന്നതും അവിടെ കുഴപ്പങ്ങളും കലഹങ്ങളും അരങ്ങേറുന്നതും കണ്ടിരുന്നു. അപ്പോൾ ഞാൻ ഒരു തീരുമാനമെടുത്തു. ഒരിക്കലും ഞാൻ എന്റെ അച്ഛനെ പോലെ ആകില്ല. നരകം സൃഷ്ടിക്കുവാൻ എന്നെ കിട്ടില്ല. രണ്ടുപേരുടെയും പ്രേരണ അവരുടെ അച്ഛനായിരുന്നു. എന്നാൽ രണ്ടുപേരുടെയും പ്രതികരണം രണ്ടു തരത്തിലായിരുന്നു. ഒരാൾ വേണ്ടാത്തതിനെ അതേപടി പിൻതുടർന്നു. മറ്റേയാൾ തിന്മയെക്കാൾ നന്മയെ സ്നേഹിച്ചു. പലപ്പോഴും നാം നമ്മുടെ സാഹചര്യങ്ങളെ പഴിചാരി ഉറക്കമില്ലാത്തവരായി തീരുന്നു. സാഹചര്യങ്ങൾക്ക് അടിമയാകാതെ അവയെ അതിജീവിക്കാൻ കഴിയുന്പോൾ നമ്മുടെ മനസ്സിന്റെ ഭാരം കുറയും, ഉറക്കം വരും. ചെളിക്കുണ്ടിൽ നിന്ന് മനോഹരമായ താമരപ്പൂക്കൾ വിടർന്നു വരുന്നു. ഒഴുക്കിൽ ഒഴുകി പോകാൻ പ്രയാസമില്ല. ഒഴുക്കിനെതിരെ നീന്താനാണ് പ്രയാസം. അതിനു നിശ്ചയദാർഢ്യവും സ്ഥിരോത്സാഹവും അനിവാര്യമാണ്.
പരഹൃദയജ്ഞാനമുള്ള ഒരു സിദ്ധൻ ഒരിടത്ത് പാർത്തിരുന്നു. ഏത് ചോദ്യത്തിനുമുത്തരം നൽകാനും മറ്റുള്ളവരുടെ ഹൃദയ നിരൂപണങ്ങളെ നിർണ്ണയിക്കാനുമുളള കഴിവ് അദ്ദേഹത്തിന് ഉണ്ടായിരുന്നു. ഇദ്ദേഹത്തെ ഒരു പ്രാവശ്യമെങ്കിലും പരാജയപ്പെടുത്തണമെന്ന് കരുതി ഒരു കുമാരൻ ഒരു പ്രാവിൻ കുഞ്ഞിനെ കൈക്കുന്പിളിൽ ഒതുക്കിക്കൊണ്ട് ചെന്നു. അവൻ ചോദിച്ചു; ഈ പ്രാവിൻ കുഞ്ഞ് ജീവനുള്ളതോ അതോ ചത്തതോ? പ്രാവിന്റെ ചുണ്ടും തലയും മാത്രമേ പുറത്തു കാണുവാൻ ഉണ്ടായിരുന്നുള്ളൂ. അത് ചത്തതാണെന്നു സിദ്ധൻ പറഞ്ഞാൽ അവൻ കൈ നിവർത്തി കാണിക്കുന്പോൾ അത് ജീവനുള്ളതായിരിക്കും. ജീവനുള്ളതെന്നു പറഞ്ഞാൽ, അവൻ തള്ള വിരൽ അതിന്റെ കഴുത്തിൽ ഞെക്കി, കൈ തുറന്ന് കാണിക്കും. അപ്പോൾ അത് ചത്തതാണ്. ഏത് ഉത്തരം പറഞ്ഞാലും സിദ്ധനെ പരാജയപ്പെടുത്താമെന്ന നിശ്ചയദാർഢ്യത്തോടെയാണ് അവൻ ചോദ്യമുന്നയിച്ചത്. അദ്ദേഹം അവന്റെ മുഖത്തേയ്ക്ക് സൂക്ഷിച്ചു നോക്കിയിട്ട് പറഞ്ഞു, ‘മകനേ, നീ ഇശ്ചിക്കും പോലെ മാത്രം. അതിനെ ജീവനുള്ളതാക്കാൻ നീ ആഗ്രഹിച്ചാൽ അങ്ങനെയാക്കാം. അല്ല, അതിനെ ചത്തതാക്കാൻ നീ ഇച്ഛിച്ചാൽ അപ്രകാരമാക്കാം’. നമ്മുടെ ജീവിതവും അപ്രകാരം തന്നെ. ഉറുന്പുകൾ ഉറങ്ങുന്നില്ല. അവയ്ക്ക് ഉറങ്ങേണ്ടതില്ല. നമുക്ക് ഉറങ്ങണം, ഉണരണം. ഉറക്കത്തിലെ വിശ്രമത്തിൽ നിന്ന് ഊർജമുൾക്കൊണ്ട് ഉണരുന്പോൾ പ്രവർത്തിക്കേണം. നമ്മുടെ ഭാഗധേയം നമ്മുടെ കൈകളിൽ തന്നെ; പിന്നെ ഈശ്വരാനുഗ്രഹവും!