‘കൈവിളക്ക് തെളിയിച്ച് മുന്നേറുക’


പൊട്ടക്കണ്ണനായ ഒരു യാത്രികൻ രാത്രിയിൽ കൈവിളക്ക് തെളിയിച്ച് തന്റെ വടിയുടെ സഹായത്താൽ നടന്നു നീങ്ങിയപ്പോൾ അത് കണ്ട ഒരാൾക്ക് സംശയം, കാഴ്ചയില്ലാത്ത ഇയാൾ എന്തിനു കൈവിളക്കുമായി നടക്കുന്നു. അതിനു മറുപടി ആ അന്ധൻ നൽകി: “എന്റെ കൈവിളക്കിന്റെ വെളിച്ചം കണ്ട് മറ്റുള്ളവൻ എന്നെ തട്ടി വീഴാതിരിക്കുമല്ലോ”. മറ്റുള്ളവർക്ക് വെളിച്ചം നൽകാനുള്ള ആഗ്രഹവും ശ്രമവും പ്രശംസാർഹമാണ്. 

അമേരിക്കക്കാർ ബെൻ എന്ന ഓമനപ്പേരിൽ വിളിക്കുന്ന ബഞ്ചമിൻ ഫ്രാങ്ക്ളിൻ പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ച ഒരു അപൂർവ്വ പ്രതിഭയായിരുന്നു. തത്ത്വചിന്ത, ശാസ്‌ത്രം, സാഹിത്യം, രാഷ്ട്രമീമാംസ എന്നിവയിലെല്ലാം അദ്ദേഹം ഒന്ന് പോലെ ശോഭിച്ചു. അദ്ദേഹത്തിന്റെ പ്രവർത്തന കേന്ദ്രം പ്രധാനമായും ഫിലാഡൽഫിയ ആയിരുന്നു. വൈദ്യുതി കണ്ടുപിടിക്കപ്പെട്ടിട്ടില്ലാത്ത അക്കാലത്ത് ചെറു നഗരമായ ഫിലാഡൽഫിയയിലെ തെരുവീഥികൾ സൂര്യാസ്തമയം കഴിഞ്ഞാൽ ഇരുട്ടിലാണ്. റോഡുകളാകട്ടെ കുണ്ടും കുഴിയും നിറഞ്ഞവ. രാത്രിയിൽ കാൽനടയായി പോകുന്നവർ കുഴിയിൽ വീണു അപകടത്തിൽ പെടും. ഫ്രാങ്ക്ളിൻ ഒരു കാര്യം ചെയ്തു. തന്റെ വീടിന്റെ മുൻപിൽ കൂടി പോകുന്ന സഹപൗരന്മാർക്ക് പ്രയോജനപ്പെടത്തക്ക വിധത്തിൽ ഒരു റാന്തൽ വിളക്ക് കൊളുത്തി വീടിന്റെ മുന്പിൽ തൂക്കിയിട്ടു. ആ പ്രകാശത്തിന്റെ തുരുത്തിൽ എത്തുന്നവരെല്ലാം ആശ്വാസത്തിന്റെ നെടുവീർപ്പുകൾ ഉതിർത്തു. മറ്റുള്ളിടത്തെല്ലാം ഇരുട്ട് ഘനീഭവിച്ചപ്പോൾ ഇവിടെ വെളിച്ചം. വീട്ടുടയവനെ യാത്രികർ അഭിനന്ദിച്ചു. അവരുടെ ഹൃദയങ്ങളിൽ കൃതജ്ഞത ഉയർന്നു. ഫിലാഡൽഫിയയിലെ മറ്റു ഭവനക്കാരും ഫ്രാങ്ക്ളിന്റെ മാതൃക പിന്തുടർന്നു. അവരുടെ വീടിന്റെ മുന്നിൽ റാന്തൽ വിളക്ക് തൂക്കാൻ സന്നദ്ധരായി. സൂര്യാസ്തമയത്തിനു ശേഷം ഫിലാഡൽഫിയയിലെ തെരുവീഥികൾ മുഴുവൻ അങ്ങനെ പ്രകാശിതങ്ങളായി. രാത്രിയിലെ വഴിപോക്കർക്ക് സഹായവും സന്തോഷവുമായി.  ഫിലാഡൽഫിയ എന്ന പേരിന്റെ സഹോദര സ്നേഹം എന്ന അർത്ഥം അവർ അന്വർത്ഥമാക്കി. 

നമുക്ക് ചുറ്റും അധാർമ്മികയുടെയും അന്ധവിശ്വാസത്തിന്റെയും കൂരിരുട്ട് വ്യാപിച്ചിട്ടുണ്ടോ? ലക്ഷ്യ ബോധമില്ലാതെ തപ്പിത്തടയുന്നവർ ധാരാളമില്ലേ? വിദ്വേഷവും പകയും പരത്തുന്ന തീവ്രവാദികൾ മുൻപത്തേക്കാൾ അധികം രംഗ പ്രവേശം ചെയ്തിരിക്കുന്നു. അധികാരികളും അവരുടെ നടപടികളും വ്യക്തികളെയും കുടുംബങ്ങളെയും അരാജകത്വത്തിലേക്കും അന്ധകാരത്തിലേക്കും തള്ളി വിടുകയാണ്. രതി ക്രീഡകൾക്ക് പ്രാമുഖ്യം നൽകുന്ന മാധ്യമങ്ങൾ പണം സന്പാദിക്കാനുള്ള അവരുടെ ഉദ്യമത്തിൽ അസാന്മാർഗികതകൾക്ക് പ്രോത്സാഹനവും പ്രേരണയും നൽകുന്നു. ഇതേപ്പറ്റിയൊക്കെ നമുക്ക് അറിയാമെങ്കിലും നാം നിസ്സഹായരായി നോക്കി നിൽക്കുന്നു. സ്വന്തം മകളെപ്പോലും അച്ഛന്റെ അടുക്കൽ ഒറ്റക്ക് വിശ്വസിച്ച് വിടാൻ അമ്മമാർ മടിക്കുന്ന കാലം. കൂരിരുട്ടാണ് ചുറ്റിനും.

എല്ലായിടത്തേയും അന്ധകാരം നീക്കാൻ നമുക്ക് കഴിയില്ല. എന്നാൽ നമ്മുടെ ചുറ്റിനുമെങ്കിലും അൽപം വെളിച്ചം പരത്തുവാൻ നമുക്ക് കഴിയുകയില്ലേ? പകൽ മുഴുവൻ പ്രകാശം പരത്തിയ സൂര്യൻ പടിഞ്ഞാറ് അസ്തമിച്ചപ്പോൾ സൂര്യനെ നോക്കി ഒരു മൺവിളക്ക് പറഞ്ഞു, ‘എന്റെ കഴിവിനനുസരിച്ച് ഞാൻ വെളിച്ചം പകരും’. ഇരുട്ടിനെ പഴിച്ചതു കൊണ്ടോ ശപിച്ചത്‌ കൊണ്ടോ പ്രയോജനമൊന്നുമില്ല. ഒരു തീപ്പെട്ടിക്കൊള്ളിയുടെ വെളിച്ചമെങ്കിലും പകരാൻ നമുക്ക് കഴിയണം. മറ്റുള്ളവർ നിങ്ങളുടെ നല്ല പ്രവൃത്തികൾ കണ്ട് പാഠം പഠിക്കുന്നതിനു നിങ്ങളുടെ വെളിച്ചം അവരുടെ മുന്നിൽ പ്രകാശിക്കട്ടെ. ഞാൻ കടന്നു പോകുന്നിടത്ത് അൽപം വെളിച്ചം പരത്തുവാൻ എനിക്ക് കഴിയുന്നുണ്ടോ എന്ന് ഓരോ വ്യക്തിയും സ്വയം ചോദിച്ചിരുന്നുവെങ്കിൽ? മാതാപിതാക്കൾ തങ്ങളുടെ മക്കൾക്കും ഗുരുജനങ്ങൾ തങ്ങളുടെ ശിഷ്യഗണങ്ങൾക്കും പ്രകാശം പകരാൻ പ്രാപ്തരാകണം. നിരാശയുടെ കരിനിഴലിൽ കഴിയുന്നവർക്ക് നമ്മുടെ സാന്നിദ്ധ്യം കൊണ്ടും സാന്ത്വനം കൊണ്ടും കഴിവുള്ള സഹായം കൊണ്ടും പ്രത്യാശയുടെ പ്രകാശം പരത്തുവാൻ നമുക്ക് കഴിയണം. കൂരിരുട്ട് നിറഞ്ഞ രാത്രിയിൽ മിന്നാമിനുങ്ങുകൾ പോലും പ്രകാശം പരത്തുന്നു.

പ്രസിദ്ധനായ ഒരു അസ്ഥിരോഗ വിദഗ്ദ്ധൻ അദ്ദേഹത്തിന്റെ അനുഭവ സാക്ഷ്യത്തിൽ അനുസ്മരിക്കുന്ന ഒരു യാഥാർത്ഥ്യം രോഗത്തിന്റെ അവസ്ഥയേക്കാൾ രോഗികളുടെ മാനസികാവസ്ഥയും രോഗത്തോടുള്ള അവരുടെ പ്രതികരണവും അദ്ദേഹത്തെ സ്പർശിച്ചിരുന്നു എന്നതാണ്. ഒരു പതിനെട്ടുകാരി പെൺ‍കുട്ടി അരക്കെട്ടിലെ വേദനയും അസ്വാസ്ത്യവുമായി അദ്ദേഹത്തെ സമീപിച്ചു. പരിശോധനയിൽ അരക്കെട്ടിലെ ഇടത്തെ അസ്ഥിക്ക് ക്യാൻസർ ബാധിച്ചിരിക്കുന്നു എന്ന് ബോധ്യപ്പെട്ടു. അത് ഗുരുതരാവസ്ഥയിലുമായിരുന്നു. ഡോക്ടർമാരുടെ സംഘം വിശദമായ ചർച്ചക്ക് ശേഷം അരക്കെട്ടിലെ ഇടത്തെ അസ്ഥിയും ഒരു കാലും മുറിച്ചു മാറ്റാൻ തീരുമാനിച്ചു. വിവരം ഡോക്ടർ അവളെ ധരിപ്പിച്ചു. ആരാണ് ഞെട്ടി പോകാത്തത്? അൽപ നേരത്തെ നിശബ്ദതക്ക് ശേഷം അവൾ ഡോക്ടറോട് ചോദിച്ചു, ‘അത് വളരെ വേദനയുണ്ടാക്കു മോ?’ മയക്കിയതിനു ശേഷമായത് കൊണ്ട് വേദന അറിയുകയില്ലെന്ന് ഡോക്ടർ അവൾക്ക് മറുപടി നൽകി. അവൾ പുഞ്ചിരിച്ചു കൊണ്ട് ഡോക്ടറോട് പറഞ്ഞു, ‘അങ്ങ് അങ്ങനെ ചെയ്യുമെന്നു എനിക്കുറപ്പുണ്ട്’.

പിറ്റേ ദിവസമായിരുന്നു ഓപ്പറേഷൻ. അവളുടെ മാതാപിതാക്കളെത്തി അവളെ ചുംബിച്ച് സർജറി മുറിയിലെക്കയച്ചു. ശാസ്‌ത്രക്രിയക്ക് മുന്പുള്ള ഒരുക്കങ്ങൾ ചുമതലപ്പെട്ടവർ ചെയ്തു. മണിക്കൂറുകൾ നീണ്ടു നിന്ന സർജറിയിൽ ഇടതു വശത്തെ ഇടുപ്പും ഇടത് കാലും നീക്കപ്പെട്ടു. ഓപ്പറേഷനു ശേഷം ചില പ്രശ്നങ്ങളൊക്കെ അവൾക്ക് നേരിടേണ്ടി വന്നു. ദിവസങ്ങളോളം നീണ്ടു നിന്ന പനി ആശങ്കയുളവാക്കി. പക്ഷെ അതിനെയെല്ലാം അവൾ അതിജീവിച്ചു. ഡോക്ടർമാർക്ക് കാണാൻ കഴിഞ്ഞത് പരാതിയോ പരിഭവമോ ഇല്ലാത്ത ഒരു പെൺ‍കുട്ടിയെയാണ്. അവൾക്ക് കാൽ നഷ്ടപ്പെട്ട അവസ്ഥയിലും പുഞ്ചിരിയോടെ പഴയ ഉന്മേഷവും പ്രസന്നതയും നഷ്ടമാകാതെ വർത്തിക്കുവാൻ കഴിഞ്ഞത് എല്ലാവരിലും ആശ്ചര്യമുണ്ടാക്കി. അവളെ ശുശ്രൂഷിച്ചു കൊണ്ടിരുന്ന നഴ്സ് ഒരു ദിവസം അവളോട്‌ ചോദിച്ചു, ‘ഇതെങ്ങനെ ഉൾക്കൊള്ളാൻ കഴിഞ്ഞു?’  അവളുടെ മറുപടി, ‘കാൽ നഷ്ടപ്പെട്ടതിൽ എനിക്ക് ദുഃഖമുണ്ട്. എന്നാൽ എനിക്ക് നഷ്ടപ്പെടാത്ത വേറെ എന്തെല്ലാമുണ്ട്? കോടീശ്വരനായ ഒരാൾക്ക് ഒരു ലക്ഷം രൂപ നഷ്ടപ്പെട്ടത് പോലെയാണിത്. അയാൾക്ക് കുണ്ഠിതമുണ്ട്. പക്ഷെ അപ്പോഴും അയാൾ സന്പന്നൻ തന്നെ. നഷ്ടപ്പെട്ടതിനെ ഓർത്ത് മനസ്സ് പുണ്ണാക്കുന്നവർ ഇതൊരു സന്ദേശമായെടുത്ത് നഷ്ടപ്പെടാത്തവയിൽ സംതൃപ്തി കണ്ടെത്തുമെങ്കിൽ കൈവിളക്ക് കെടാതെയിരിക്കുമെന്നതിനു സംശയമില്ല. ഈ പെൺകുട്ടിയുടെ കൈവിളക്ക് പ്രതിസന്ധിയുടെ കൊടുങ്കാറ്റിലും ആളിക്കത്തുകയല്ലാതെ അണഞ്ഞില്ല. ഓപ്പറേഷൻ കഴിഞ്ഞ് മൂന്നാം ദിവസം ഊന്നു വടിയിൽ ചാരി അവൾ  നിൽക്കുകയും ഏതാനും ചുവടുകൾ വയ്ക്കുകയും ചെയ്തുവെന്ന് ഡോക്ടർ പറയുന്നു. ഒരാഴ്ചക്ക് ശേഷം ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് പോകാനുള്ള സമയമായി. ഡോക്ടർ മുറിയിലെത്തിയപ്പോൾ അവൾ കട്ടിലിൽ ഇരിക്കുന്നു. മുടി ചീകി നല്ല വസ്ത്രമണിഞ്ഞിരിക്കുന്ന അവളെ കണ്ടപ്പോൾ അവൾ എത്ര ധൈര്യശാലിയും ആത്മവിശ്വാസവും ഉള്ളവളെന്നു ഡോക്ടർക്ക് മനസ്സിലായി. സർജന്മാരുടെ സൂക്ഷ്മതയുള്ള കത്തികൾക്ക് മുറിച്ചു മാറ്റാൻ കഴിയാത്ത പലതുമുണ്ട്. അതിലൊന്നായിരുന്നു ആ ചെറുപ്പക്കാരിയുടെ ഹൃദയത്തിൽ അണയാതെ കത്തിജ്വലിച്ചു കൊണ്ടിരിക്കുന്ന ദീപനാളം. മനസ്സിന്റെ ഓർമ്മത്താളുകളിൽ നിന്ന് അത് മുഖത്ത് പ്രകടമായപ്പോൾ അത് ഒരു കൈ വിളക്കായി രൂപാന്തരപ്പെട്ടു. പ്രത്യാശയും ശുഭാപ്തി ചിന്തയും, പതറാത്ത വിശ്വാസവും ഒരു മനസ്സിൽ നിന്നും പറിച്ചു മാറ്റാൻ സാധ്യമല്ല. ജീവിതത്തിലെ വലിയ പ്രതിസന്ധികളെ തരണം ചെയ്യാൻ അവ സഹായിക്കും. നഷ്ടപ്പെട്ടവയെ ഓർത്ത് വിലപിക്കുന്നവർ നഷ്ടപ്പെടാത്ത എത്രയോ അനുഗ്രഹങ്ങളെ പെട്ടെന്ന് മറക്കുന്നു. രോഗത്തിന് കീഴടങ്ങുകയല്ല, രോഗത്തെ കീഴടക്കുകയാണ് മനോബലത്തിലൂടെ ചെയ്യേണ്ടത്.

കടുത്ത സംശയ രോഗത്തിനടിമയായ ഒരു ഭർത്താവിന്റെ സഹധർമ്മിണി വൈപര്യത്യങ്ങളുടെ നീർച്ചുഴിയിൽ മുങ്ങിത്താഴുന്പോഴും കൈവിളക്ക് കെടാതെ സൂക്ഷിച്ച ഒരു അനുഭവ സാക്ഷ്യമുണ്ടെനിക്ക്. അതികഠിനമായി അവരെ ഭർത്താവ് സംശയിച്ചിരുന്നു. മാനസിക പീഡനം മാത്രമല്ല ശാരീരികമായും അവരെ അയാൾ ഉപദ്രവിച്ചിരുന്നു. ശരീരത്തിൽ പാടുകളൊഴിഞ്ഞ സമയമേ ഇല്ലായിരുന്നു. വീട്ടുകാരും നാട്ടുകാരുമൊക്കെ അവരെ അപഥ സഞ്ചാരിണിയെന്ന് മുഖം ചുളിച്ച് വിളിക്കത്തക്ക വണ്ണം അയാൾ കിംഭദന്തികൾ പറഞ്ഞ് പരത്തിയിരുന്നു. നിഷ്ക്കരുണം ഭക്ഷണവും പാനീയവും നൽകാതെ മുറിയിൽ ബന്ധിച്ചിരുന്നു. എന്നിട്ടും രോഗിയായ ഭർത്താവിനോട് ഉള്ള പ്രതിബന്ധത കാത്തുസൂക്ഷിക്കാൻ അവർ മറന്നില്ല. സമയത്തിനു ഭക്ഷണം മറ്റ് സൗകര്യങ്ങൾ ഇവയൊക്കെ അവർ അയാൾക്കു വേണ്ടി ഒരുക്കി നൽകിയിരുന്നു. തനിക്ക് നേരിടേണ്ടി വന്ന പീഡനങ്ങളെപ്പറ്റി ആരോടും പരാതി പറഞ്ഞിരുന്നുമില്ല. കഠിനമായ തൈറോയിഡ് രോഗത്തിനവർ അടിമയായെങ്കിലും അവർ പ്രതീക്ഷ കൈവിടാതെ ഇന്നും ചുറ്റും പ്രകാശം പരത്തി ജീവിതം ജീവിച്ച് തീർക്കുന്നു. ഉയർച്ചക്ക് ഊർജം പകരുന്ന ഉപാധിയാണ് പ്രതീക്ഷ. തടസ്സങ്ങളെയും വിപരീതാനുഭവങ്ങളെയും അതിജീവിക്കാൻ അത് നമ്മെ പ്രാപ്തരാക്കുന്നു. പ്രത്യാശ മങ്ങുന്പോൾ ഹൃദയം നിരാശാപൂരിതമാകും. കൈത്തിരി കെടും. അപ്പോഴാണ്‌ മനുഷ്യൻ ആത്മഹത്യക്ക് ഒരുങ്ങുന്നത്. ചെറുതായി പ്രതീക്ഷിക്കുന്നവന് വലിയതായി വളരാൻ സാധ്യമല്ല. 

ഒരു മീൻ പിടുത്തക്കാരന്റെ കഥ ഇവിടെ പ്രസക്തമാണ്. ചൂണ്ടയിട്ടു കൊണ്ടിരിക്കുന്ന അയാൾ വലിയ മത്സ്യം ചൂണ്ടലിൽ കുരുങ്ങുന്പോൾ അതിനെ പൊക്കി നോക്കിയിട്ട് നദിയിലേക്ക് തിരിച്ചെറിയും. ചെറു മത്സ്യങ്ങൾ മാത്രമേ അയാളുടെ ശേഖരത്തിലുള്ളൂ. അസാധാരണമായ ഈ പെരുമാറ്റം കണ്ട ഒരാൾ അയാളോട് ചോദിച്ചു, ‘താങ്കൾ എന്തുകൊണ്ട് വലിയ മത്സ്യങ്ങളെ ഉപേക്ഷിക്കുന്നു?’ അയാളുടെ മറുപടി ശ്രദ്ധേയമാണ്, “മീൻ വറുക്കുന്നതിനുള്ള എന്റെ ചീനച്ചട്ടി ചെറുതാണ്”. വലിയ നേട്ടങ്ങൾ ചിലർക്ക് സാധിക്കാതെ പോകുന്നതിനുള്ള കാരണം അവരുടെ “ചീനച്ചട്ടി” ചെറുതാണ് എന്നത് തന്നെ. ഏതാണ്ട് 500 വർഷം ജീവിച്ച മൈക്കൽ ആഞ്ജലോ ഒരു മഹാപ്രതിഭയായിരുന്നു. വലിയ സ്വപ്നങ്ങളും ഉയർന്ന പ്രതീക്ഷകളും പുലർത്തിയ അദ്ദേഹം ചിത്ര കലയിലും വാസ്തു ശിൽപ വിദ്യയിലും കവിതാ രംഗത്തും തനതായ വ്യക്തി മുദ്ര പതിപ്പിച്ചു. അദ്ദേഹത്തിന്റെ ജീവിത ദർശനം പ്രതിഫലിക്കുന്ന സ്വന്തം വാക്കുകൾ ശ്രദ്ധിക്കുക, “തെറ്റായ പ്രതീക്ഷകളല്ല നമ്മുടെ പ്രശ്നം. പ്രതീക്ഷയില്ലാത്തതും അഥവാ ഉണ്ടെങ്കിൽ തന്നെ അവ വളരെ ഹ്രസ്വമാണെന്നുള്ളതുമാണ്. തന്മൂലം പ്രയത്നങ്ങൾ ലഘുവും പരിമിതവുമായിരിക്കും. അവിടെ കൈവിളക്ക് തെളിയാറില്ല”. ഫ്ലോറൻസിൽ സ്ഥാപിച്ചിട്ടുള്ള അദ്ദേഹത്തിന്റെ വിശ്വപ്രസിദ്ധമായ കലാശില്പമാണ് ബൈബിൾ കഥാപുരുഷനായ ഡേവിഡിന്റെ മാർബിൾ രൂപം. എപ്രകാരമാണ് ആ അത്ഭുത സൃഷ്ടി നടത്തുവാൻ അദ്ദേഹത്തിനു കഴിഞ്ഞത് എന്ന് ചോദിച്ചപ്പോൾ മറുപടി: “ആ മാർബിൾ ശിലയിൽ ഡേവിഡ് ഉണ്ടായിരുന്നു. അധികമുള്ളതായ മാർബിൾ ചീളുകൾ ഞാൻ അടിച്ചു മാറ്റിയപ്പോൾ ഡേവിഡ് പുറത്തു വരികയായിരുന്നു.

ആത്മ നിർവൃതി നൽകുന്ന ദീപനാളം അന്തഃകരണത്തിൽ എല്ലാവർക്കുമുണ്ട്. അനാവശ്യമായ ആലാത്തുകൾ അഴിച്ചു മാറ്റുന്പോൾ അത് കൈവിളക്കായി വെളിയിൽ വരും, ചുറ്റുപാടുമുള്ളവർക്ക് വെളിച്ചം പകരാൻ!..

You might also like

Most Viewed