‘നിശബ്ദതയിൽ ആർത്ത് കൊയ്യാം’


നമ്മുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിനും സുസ്ഥിതിക്കും നിശബ്ദതക്ക് വലിയ പങ്കു വഹിക്കാൻ കഴിയും. നിശ്ശബ്ദതയിലുള്ള ധ്യാനത്തിൽ കൂടി ധന്യാത്മാക്കൾ ഈശ്വര സംസർഗം ആസ്വദിക്കുകയും ആത്മീയ ശക്തി ആർജിക്കുകയും ചെയ്യുന്ന സാക്ഷ്യങ്ങൾ എല്ലാ മതങ്ങളിലുമുണ്ട്. ഏകാഗ്രമായ പഠനത്തിനു നിശ്ശബ്ദത ആവശ്യമാണ്‌. രോഗ സൗഖ്യത്തിനും പ്രശാന്തത അനിവാര്യമാണ്. ജീവിതം സംഘർഷ പൂരിതമാകുന്പോൾ പ്രശാന്തവും നിശബ്ദവുമായ അന്തരീക്ഷം നാം തേടി പോകുന്നതിന്റെ കാരണം നിശബ്ദതയിൽ ആർത്ത് കൊയ്തെടുക്കാമെന്നത് കൊണ്ടാണ്. യുവാക്കളുടെ വക്താവായ റാവുൾ ഫ്ലസ് എഴുതി, “ശക്തരുടെ അധിവാസം എകാന്തതയിലാണ്. നമ്മുടെ പ്രവർത്തനത്തിന്റെ അളവുകോൽ നമ്മുടെ നിശബ്ദതയാണ്. ഈശ്വരൻ ശബ്ദ രഹിതനാണ്. ഈശ്വര ചൈതന്യം ഉൾക്കൊണ്ടവരുടെ മുഖമുദ്രയും സവിശേഷതയും അവരുടെ നിശബ്ദതയാണ്. ആശ്രമങ്ങളിലും പർണ്ണശാലകളിലും ദേവാലയങ്ങളിലും അത് നിർബന്ധിതമാണ്. ഫലപ്രദമായ പ്രവർത്തനങ്ങളുടെയെല്ലാം പിന്നിൽ നിശബ്ദതയുടെ സ്വാധീനമുണ്ടാകും. 

ഇന്ന് നമ്മുടെ സമൂഹത്തിനു കൈമോശം വന്നിരിക്കുന്നത് നിശ്ശബ്ദതയാണ്‌. ശബ്ദമുഖരിതമായ അന്തരീക്ഷമാണ് നമുക്ക് ചുറ്റുമുള്ളത്. ഈ നൂറ്റാണ്ടിനെ മറ്റു പലതിനോടുമൊപ്പം ശബ്ദത്തിന്റെ യുഗം എന്ന് വിശേഷിപ്പിക്കേണ്ടിയിരിക്കുന്നു. എല്ലാത്തരത്തിലുമുള്ള ശബ്ദമാണ് ഈ യുഗത്തിന്റെ പ്രത്യേകത. ശബ്ദം ഇന്ന് ഭ്രാന്തവും ശാപവുമായി തീർന്നിരിക്കുന്നു. ആത്മീയാനുഭൂതിക്ക് നിശ്ചയിച്ചിട്ടുള്ള ദേവാലയങ്ങൾ പോലും മാത്സര്യബുദ്ധിയോടെ ശബ്ദ മുഖരിതമാക്കാനാണ് പുറപ്പാട്. ക്ഷേത്രങ്ങളിലെ ഉത്സവം, പള്ളികളിലെ പെരുന്നാളുകൾ, മതവേദികളിലെ പരിപാടികൾ ഇവയെല്ലാം ലക്ഷ്യമാക്കുന്നത് പ്രാന്ത പ്രദേശത്തുള്ളവരുടെ സ്വൈരതയും ഏകാന്തതയും ഭഞ്ജിച്ച് സുഖമായ നിദ്രപോലും അസാധ്യമാകത്തക്ക അവസ്ഥാവിശേഷം സൃഷ്ടിക്കുക എന്നതാണ്. രാഷ്ട്രീയക്കാരുടെയും സാമൂഹിക സംഘടനയുടെയും സമ്മേളനങ്ങളും പ്രചാരണ കോലാഹലങ്ങളും കൂടിയാകുന്പോൾ ചിത്രം പൂർത്തിയായി! ശബ്ദ മലിനീകരണത്തെ പൂർണ്ണമായും ഗൗരവമായി എടുക്കാൻ നമുക്ക് ഇന്നും സാധിച്ചിട്ടില്ല. കാരണം ശബ്ദിച്ചു കൊണ്ടിരിക്കുന്നതാണ് നമുക്ക് ഇഷ്ടം. നിശബ്ദമായിരിക്കാൻ നാം അഭ്യസിച്ചിട്ടില്ല. ശബ്ദ മലിനീകരണത്തിന്റെ ഭവിഷത്തുകൾ അത്രയും പ്രത്യക്ഷത്തിൽ അല്ലാത്തത് കൊണ്ട് നാം അതിനെ ലാഘവ ഭാവത്തോടെ എടുക്കുന്നു. മാനസികമായി പല പാകപ്പിഴകളും സംഘർഷങ്ങളും ഉണ്ടാകുന്നതിനു പുറമേ ശ്രവണേന്ദ്രിയത്തിന്റെ പ്രവർത്തനത്തെയും കാര്യക്ഷമതയേയും സാരമായി ശബ്ദം ആക്രമിക്കുന്നു.

നിശബ്ദതക്ക് അദൃശ്യമായ ഒരു ശക്തിയുണ്ട്. പ്രകൃതിയിൽ തന്നെ ശ്രദ്ധിച്ചാൽ പലതും നിശബ്ദതയിൽ സംഭവിക്കുന്നതായി മനസ്സിലാക്കാം. സന്ധ്യ അണയുന്നതും പുലരി വിരിയുന്നതും നിശബ്ദതയിലാണ്. മഞ്ഞു പൊഴിയുന്നതും സൂര്യ രശ്മികൾ ചരിക്കുന്നതും ശബ്ദരഹിതമായാണ്. ആഴിയുടെ അടിത്തട്ട് സജീവമെങ്കിലും നിശബ്ദമാണ്. ആലക്തിക തരംഗങ്ങൾ ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേയ്ക്ക് പ്രവഹിക്കുന്നതും നിശബ്ദമായി തന്നെയാണ്. ഇവയെക്കാളൊക്കെ അത്ഭുതകരമാണ് ഒരു മനസ്സിൽ നിന്ന് മറ്റൊരു മനസ്സിലേയ്ക്കുള്ള ചിന്താ പ്രവാഹം. അതും നിശബ്ദതയുടെ നിഴലിലാണ്. മനുഷ്യ മനസ് പ്രവർത്തനോന്മുഖമായി സാഹിത്യകലാ സൃഷ്ടികൾ നടത്തുന്നത് നിശബ്ദതയുടെ തീവ്രതയിൽ ആണ്. ബോധമനസ്സും ഉപബോധമനസ്സും തമ്മിൽ വേഴ്ച നടത്തുന്നതും നിശബ്ദതയിലാണ്. അദൃശ്യ ശക്തികൾ നമ്മെ ഉത്തേജിപ്പിക്കുന്നതും നിശബ്ദതയുടെ മറവിൽ തന്നെ.

മോണ്ടിസോരിസ്കൂൾ പഠന പദ്ധതിയിൽ നിശബ്ദതക്ക് ആവശ്യത്തിനു പ്രാധാന്യം നൽകിയിട്ടുണ്ട്. കുട്ടികൾ ക്ലിപ്ത സമയം നിശബ്ദത പാലിക്കണമെന്ന് നിഷ്ക്കർഷിക്കുന്നു. അതിനു നിശബ്ദതയുടെ പാഠം എന്ന് പറയുന്നു. നിശബ്ദതയിൽ ചുറ്റിലും കേൾക്കുന്ന കാര്യങ്ങൾക്ക് കാതോർക്കാനുള്ള പരിശീലനം ലഭിക്കും. ശ്രദ്ധാ ശക്തി വർദ്ധിപ്പിക്കുന്നതിനു ഇത് സഹായിക്കും. വിദ്യാർത്ഥികളുടെ ഓർമ്മശക്തി വർദ്ധിപ്പിക്കുന്നതിന് മനഃശാസ്ത്രജ്ഞന്മാർ വിധിച്ചിരിക്കുന്ന ലിസണിംങ് തെറാപ്പിയും ഏതാണ്ട് ഇപ്രകാരമാണ്. ശബ്ദത്തിന്റെ ശ്രോതസ് എന്താണെന്നും അത് ഏത് ദിശയിലാണെന്നും ചിന്തിച്ച് മനസ്സിന്റെ ശ്രദ്ധ എകാഗ്രമാക്കുക.ഇതാണ് ആ തെറാപ്പി. ദിവസവും രാവിലെ 5 മിനിട്ട് നേരം ഇത് പരിശീലിക്കുന്നത് ഒരു പതിവാക്കിയാൽ ഓർമ്മ ശക്തി വർദ്ധിക്കുമെന്നാണ് ഉപദേശം.

നിശബ്ദത ദീർഘ നേരത്തേക്ക് ആകുന്പോൾ അത് ദുസ്സഹമായി തോന്നാം. ചില രാജ്യങ്ങളിൽ തടവുകാരെ നിശ്ശബ്ദ താവളത്തിൽ ദീർഘ നാളത്തേക്ക് ബന്ധിക്കുന്നു. അത് അവർക്ക് ദുർവഹ പീഡനമായി തോന്നാറുണ്ട്. നിശബ്ദതയിൽ എത്ര സമയം ചെലവിടാമെന്നതിനെ കുറിച്ചു ഒരു പരീക്ഷണത്തിന് ബ്രിട്ടണിൽ ഒരിക്കൽ ചിലർ സ്വമേധയാ വിധേയരായി. ശബ്ദം കേൾക്കാത്ത ഏകാന്ത മുറികളിൽ ബാഹ്യലോകവുമായി ഒരു ബന്ധവുമില്ലാതെ അവർ കഴിഞ്ഞു. ഏറ്റവും കൂടുതൽ സമയം (92 മണിക്കൂർ) കഴിഞ്ഞത് ഒരു വനിതയായിരുന്നു. അങ്ങനെ കഴിഞ്ഞവരിൽ ഭീതി, ആകുലത, ഈർഷ്യ, വിശപ്പില്ലായ്മ തുടങ്ങിയ പ്രശ്നങ്ങൾ പ്രകടമായി. അതുകൊണ്ട് ഒരു നിർദിഷ്ഠ സമയം നിശബ്ദത പാലിക്കുന്നതാണ് അഭികാമ്യം. ഈശ്വര ചിന്തയും സ്വയാവലോകനവും അപ്പോൾ സാധിക്കും.

നമ്മുടെ പ്രതിച്ഛായ വെളിപ്പെടുത്തുന്ന കണ്ണാടി അഴുക്ക് മൂടിയിരുന്നാൽ ഉണ്ടാകുന്ന നമ്മുടെ പ്രതികരണമെന്തായിരിക്കും? അവ്യക്തവും വികലവുമായിരിക്കും നാം കാണുന്നത്. അതുപോലെതന്നെ നമ്മുടെ മനസ്സിന്റെ അവസ്ഥയെ ആശ്രയിച്ചാണ്‌ നമ്മുടെ സന്തോഷവും സൗഭാഗ്യവും. മനസ്സ് കന്മഷം നിറഞ്ഞതും അസൂയാകലുഷിതവുമാണെങ്കിൽ അസ്വസ്ഥതയായിരിക്കും ഫലം. മനസ്സിന്റെ തെളിച്ചത്തിനു നിശബ്ദത അനിവാര്യമാണ്.

വ്യവസായ പ്രമുഖനായിരുന്ന ഹെൻറി ഫോർഡ് ഒട്ടേറെ പ്രതിബന്ധങ്ങളെയും പ്രാതികൂല്യങ്ങളെയും തരണം ചെയ്താണ് സാന്പത്തിക ഔന്നത്യവും സാമൂഹിക പ്രസക്തിയും നേടിയെടുത്തത്. അദ്ദേഹത്തിന്റെ മരണത്തിനു ഏതാനും നാൾ മുന്പ് പ്രസിദ്ധ മന−ഃശാസ്ത്രജ്ഞൻ ഡേയിൽ കാർനഗി അദ്ദേഹത്തെ സന്ദർശിച്ചു. എളിയ സാഹചര്യത്തിൽ നിന്ന് ഒരു വ്യവസായ സാമ്രാജ്യം കെട്ടിപ്പടുക്കാൻ കഴിഞ്ഞ ഫോർഡിന്റെ ജീവിതത്തിൽ തിക്താനുഭവങ്ങൾ ധാരാളമുണ്ടായിരിക്കുമെന്നും അവ അയവിറക്കി കൊണ്ട് അദ്ദേഹം ഇരുണ്ട ജീവിതം നയിക്കുകയായിരിക്കും എന്നും ഡെയിൽ കാർനഗി ധരിച്ചു. എന്നാൽ നേരിൽ കണ്ടപ്പോൾ ആ മനഃശാസ്ത്രജ്ഞന് തന്റെ മുൻ വിധി തിരുത്തേണ്ടി വന്നു. ശാന്തതയും സൗമ്യതയും പ്രസാദാന്മകതയും തുളുന്പി നിൽക്കുന്ന ഫോർഡിനെ കണ്ട് അദ്ദേഹവുമായി സംഭാഷണത്തിൽ ഏർപ്പെട്ടപ്പോൾ കാർനഗി ചോദിച്ചു, ജീവിതത്തിൽ താങ്കളെ അലട്ടുന്ന എന്തെങ്കിലും ആകുലചിന്ത ഉണ്ടോ? അതിനു ഫോർഡിന്റെ മറുപടി ഇപ്രകാരമായിരുന്നു, എനിക്ക് ആകുലചിന്തകൾ അശ്ശേഷം ഇല്ല. നിശ്ശബ്ദനായി സർവ്വേശ്വരന്റെ ഹിതത്തിനു കീഴ്പ്പെടുന്പോൾ ഞാൻ എന്തിനു വേവലാതിപ്പെടണം?  എന്റെ എല്ലാ കാര്യങ്ങളും ശുഭമായി പര്യവസാനിക്കുമെന്നു എനിക്ക് ഉറപ്പുണ്ട്. 

ചിന്തയും ചിതയും ഒരുപോലെയെന്ന് പറയാറുണ്ട്. ആകുലചിന്തയാണ് മനുഷ്യനെ ചിതപോലെ ദഹിപ്പിക്കുന്നത്. അത് ജീവിക്കുന്ന മനുഷ്യനെ നിഷ്ക്രിയനും നൈരാശ്യപൂർണ്ണനുമാക്കി വെണ്ണീറാക്കി മാറ്റുന്നു. നിശബ്ദതയുടെ ഊട്ടുപുരയിൽ നിന്ന് ആഹരിക്കുന്നവന് ആ ഗതികേട് ഉണ്ടാകാറില്ല. മറ്റുള്ളവരിൽ നന്മ ദർശിക്കാൻ കഴിയാത്ത ഒരാൾക്ക് ആത്മാർത്ഥമായി സ്വന്തം നന്മ കണ്ടെത്താനും അംഗീകരിക്കാനും ആദരിക്കാനും കഴിയുകയില്ല. തനിക്കും തനിക്ക് ചുറ്റും ഉള്ളവർക്കും തിന്മയുടെ കൂന്പാരം കൂട്ടുകയായിരിക്കും ദോഷൈകദൃക്കുകൾ ചെയ്യുന്നത്. നന്മയുടെ പ്രകാശം മനസ്സിലുള്ളവർക്ക് മാത്രമേ അന്യരുടെ നന്മ കാണുവാനും ആദരിക്കുവാനും സാധിക്കൂ. അതിനു മനസ് അസൂയാമുക്ത മാവുകയും വേണം. 

നമുക്ക് ലഭിച്ചിട്ടുള്ള നന്മകളെപ്പറ്റിയും അനുഗ്രഹങ്ങളെപ്പറ്റിയും സംതൃപ്തിയും കൃതജ്ഞതാ ഭാവവും പുലർത്തേണ്ടത് ആവശ്യമാണ്‌. അപ്പോൾ ആകുലതകൾക്കും ഉത്‌കണ്ഠകൾക്കും പ്രസക്തിയില്ലാതാവും. ആത്മവിശ്വാസം വർദ്ധിക്കുകയും ചെയ്യും. സന്പത്തു വർദ്ധിച്ചാലും ആപത്ത് നേരിട്ടാലും ഇളകിപോകാത്ത മനസ്സുള്ളവർക്ക് ജീവിതത്തിൽ സന്തുലിത വീക്ഷണം സാധ്യമാകും. ഇവക്കെല്ലാം നിശബ്ദത എന്ന ഒറ്റമൂലി ആവശ്യമാണ്‌. ശാന്തമായിരുന്ന് തന്നിലേക്ക് തന്നെയും ചുറ്റുപാടിലേക്കും ശുഭാപ്ത്തി വിശ്വാസത്തോടെ മനസ്സോടിക്കുന്നവരാണ് നിശബ്ദതയെ പുണരുന്നവർ. കുത്തൊഴുക്ക് ഇല്ലാത്ത കുഞ്ഞോളങ്ങൾ മാത്രമുള്ള ഒരു പുഴയുടെ തീരത്ത് ഏകാന്തതയെ പുൽകി കാൽപ്പാദങ്ങൾ വെള്ളത്തിലാഴ്ത്തി പ്രകൃതിരമണീയത ആസ്വദിക്കുന്ന രംഗം മനസ്സിൽ കൊണ്ടുവരൂ. നിശബ്ദത തളം കെട്ടി നിൽക്കുന്ന അത്തരം സുന്ദര മുഹൂർത്തങ്ങളാണ് മനസ്സിനെ കഴുകി വെടിപ്പാക്കാൻ ഉപയോഗിക്കേണ്ട ധന്യനിമിഷങ്ങൾ!

നാം പുലർത്തുന്ന മനോഭാവമാണ് നമ്മുടെ ആനന്ദത്തിനും ജീവിത സംതൃപ്തിക്കും കാരണമായി തീരുന്നത്. ഭൗമികമായ നേട്ടങ്ങളോ പദവികളോ സ്ഥാനമാനങ്ങളോ ഒന്നുമല്ല, നാം കരുപ്പിടിപ്പിക്കുന്ന നിശ്ശബ്ദതയുടെ മേനിയാണ് നമ്മുടെ മനസ്സിനെ സ്വച്ഛന്ദമാക്കുന്നത്. നിശബ്ദതയെ പുൽകാൻ മറക്കരുത്.

You might also like

Most Viewed