“പരിമിതികളെപ്പറ്റി പരിഭവപ്പെടുകയോ?”


സ്വന്തം പരിമിതികളെപ്പറ്റി ബോധമുള്ളവരാകുന്നത് നല്ലത് തന്നെ. അപ്പോൾ മാത്രമേ തിരുത്തുവാനും ഉയരുവാനുമുള്ള പ്രചോദനം ലഭിക്കുകയുള്ളൂ. അമിതമായ ആത്മപ്രശംസയിൽ നിന്നും അത് നമ്മെ അകറ്റി നിറുത്തുകയും ചെയ്യും.

എന്നാൽ എപ്പോഴും അവനവന്റെ പരിമിതികളെയും പോരായ്മകളെയും പറ്റി മാത്രം ചിന്തിച്ചാൽ അത് അപകർഷതാബോധത്തിൽ കൊണ്ടെത്തിക്കും. അങ്ങനെയുള്ളവർക്ക് ആത്മവിശ്വാസവും ആത്മധൈര്യവും നഷ്ടപ്പെടുന്നു. മറ്റുള്ളവർ തങ്ങളെ സ്നേഹിക്കാത്തതും ആദരിക്കാത്തതും അക്കാരണത്താലാണ് എന്ന് ധരിച്ച് നിരാശപ്പെടുന്നു. അവരുടെ അപൂർണ്ണതാ ബോധം ഒരു മാനസിക രോഗമായി അവരിൽ വളരുന്നു. അത് അവരുടെ വ്യക്തിത്വ വികസനത്തെ സാരമായി ബാധിക്കുകയും ചെയ്യുന്നു.

പരിമിതികളെ കുറിച്ചും പരാജയത്തെ കുറിച്ചുമുള്ള അവബോധവും കുറ്റബോധവും നല്ലത് തന്നെ. സ്വയം മെച്ചപ്പെടുവാനും തിരുത്തലുകൾക്ക് വിധേയമാകുവാനും അവ പ്രേരിപ്പിക്കും. എന്നാൽ അമിതമായ പരിമിതിചിന്ത ദോഷവും നാശവും വിളിച്ചു വരുത്തും. ഒന്നിനും കൊള്ളരുതാത്തവൻ എന്ന ചിന്തയിലേക്ക് അത് കൂട്ടിക്കൊണ്ടു പോകും. അംഗീകാരത്തിനൊ ആദരവിനോ അർഹതയില്ലാത്തവനാണ് താൻ എന്ന ചിന്താ ഭാരം കഠിനമായ മാനസിക വ്യഥക്ക് കാരണമാകും.

ഒരു തെറ്റ് ചെയ്യുന്പോൾ ഉള്ളിൽ ഒരു സംഘർഷം ആർക്കും അനുഭവപ്പെടും. നമ്മുടെ ഉള്ളിലെ ഉത്തമാംശവും സ്വാർഥയുള്ള ബലഹീനാംശവും തമ്മിലുള്ള പോരാട്ടമാണത്. പൂർണ്ണതയെ കുറിച്ചുള്ള നമ്മുടെ സങ്കൽപത്തിനും പ്രതീക്ഷക്കും അത് ക്ഷതമേൽപ്പിക്കുന്നു. ഈ സംഘർഷം ഒരു പരിധിവരെ നല്ലത് തന്നെ. കൂടുതൽ കരുതലും സൂക്ഷ്മതയും പുലർത്തുവാൻ അത് നമ്മെ ശ്രദ്ധാലുക്കളാക്കുന്നു. എന്നാൽ അധികമായാൽ അമൃതും വിഷമെന്ന ചൊല്ലിനെ സാധൂകരിക്കുകയായിരിക്കും ഈ സംഘർഷം അളവിൽ കൂടുതൽ ഉണ്ടായാൽ.

സുപ്രസിദ്ധ വിശ്വ സാഹിത്യകാരൻ ഷെൽ സിൽവർസ്റ്റീൻ എഴുതിയ ‘നഷ്ടമായ കഷ്ണം (The Missing Piece)’ എന്ന ലഘുകൃതി ഒരു വൃത്തത്തിന്റെ കഥയാണ്‌. മദ്ധ്യഭാഗം മുതൽ പാർശ്വം വരെ ത്രികോണാകൃതിയിൽ ഒരു കഷ്ണം അതിൽ നിന്ന് നഷ്ടമായി. വൃത്തത്തിന്റെ ആഗ്രഹം അൽപം പോലും നഷ്ടമാകാതെ മുഴുവനും ചേർന്ന് പൂർണ്ണതയിൽ വർത്തിക്കുക എന്നതായിരുന്നു. അതുകൊണ്ട് നഷ്ടമായ കഷണം കണ്ടെത്തുവാനുള്ള തീവ്ര ശ്രമത്തിലായിരുന്നു വൃത്തം. അത് ഉരുണ്ട് മുന്നോട്ട് നീങ്ങി. പക്ഷേ കുറേ ഭാഗം നഷ്ടമായിരുന്നതിനാൽ അതിന്റെ ഗതി മന്ദഗതിയിലായിരുന്നു അതുകൊണ്ട് ഗുണമുണ്ടായി. വഴിയരികിലുള്ള പൂക്കളും പച്ചിലകളും അത് നന്നായി ആസ്വദിച്ചു. ചെറിയ പുഴുക്കളോടും ഉറുന്പുകളോടും അത് കുശല പ്രശ്നം നടത്തി. സൂര്യപ്രകാശം ഉന്മേഷമുളവാക്കി. അതിന്റെ അന്വേഷണ യാത്രയിൽ പലകഷണങ്ങളും കണ്ടെങ്കിലും വൃത്തം പൂർത്തിയാക്കാൻ അവ അപര്യാപ്തമായിരുന്നു. ആഹ്ലാദപൂർവ്വം അത് യാത്ര തുടർന്നു. അവസാനം ഒരു ദിവസം തന്നിലെ വിടവ് പൂർണ്ണമായും നികത്തുന്ന ഒരു കഷണം കണ്ടെത്തി. അതിരില്ലാത്ത ആനന്ദവും സംതൃപ്തിയും അതിനുണ്ടായി. ഇപ്പോൾ വൃത്തം പൂർണ്ണമാണ്. തന്മൂലം വളരെ വേഗത്തിൽ അതിന് ഉരുളാൻ കഴിഞ്ഞു. യാത്ര വേഗത്തിൽ ആയതുകൊണ്ട് പുഷ്പലതാദികൾ കാഴ്ചയിൽ പെട്ടില്ല. പുഴുക്കളോടും ഉറുന്പുകളോടും ഒന്നും കുശലപ്രശ്നം നടന്നില്ല. വേഗത കൂടിയപ്പോൾ മുന്പുണ്ടായ സന്തോഷാനുഭവങ്ങൾ കൈവിട്ടുപോയി. അതുകൊണ്ട് വൃത്തം ഓട്ടം നിർത്തി. കൂട്ടിച്ചേർത്ത കഷണം വഴിയരികിൽ തന്നെ ഉപേക്ഷിച്ചു. മന്ദഗതിയിലുള്ള പോക്ക് തുടരുകയും ചെയ്തു.

ഈ കഥ നമ്മെ ഒരു പാഠം പഠിപ്പിക്കുന്നു. ചില കാര്യങ്ങളുടെ അഭാവത്തിലാണ് പൂർണ്ണത നമുക്ക് കൂടുതൽ അനുഭവവേദ്യമാകുന്നത്. എല്ലാമുള്ള മനുഷ്യൻ ചില കാര്യങ്ങളിൽ ദാരിദ്രനാകാം. എല്ലാമുള്ള ഒരുവന് ഉൽക്കടമായ അഭിലാഷത്തെ കുറിച്ചോ തീവ്രമായ പ്രത്യാശയെ കുറിച്ചോ ഓർത്ത് തന്റെ മനസ്സ് സ്വപ്നം കൊണ്ട് നിറയിക്കുക സാധ്യമല്ല. കൂടുതൽ നല്ലതായ ഒന്നിനെ കുറിച്ച് ആശമെനയുവാൻ കഴിയാതെ വരും.

നമ്മുടെ പരിമിതികളെ കുറിച്ചും പോരായ്മകളെ കുറിച്ചും ശരിയായി മനസ്സിലാക്കി അതനുസരിച്ച് പ്രതികരിക്കാൻ കഴിയുന്പോൾ സന്പന്നമായ ഒരു അനുഭവം നമുക്ക് കൈവരുന്നു. കഷ്ടതയോ ദുരന്തമോ നേരിടുവാൻ തക്ക കരുത്ത് തനിക്കുണ്ടെന്ന് ബോധ്യമുള്ള ഒരു വ്യക്തി നിശ്ചയമായും ഔന്നത്യം പ്രാപിച്ചവനാണ്. തന്റെ ജീവിതത്തിൽ വിലപ്പെട്ട ആരെങ്കിലും നഷ്ടപ്പെട്ടാലും ധീരതയോടെ അതിനെ നേരിടും. എത്ര വലിയ പ്രതിസന്ധിയെയും വിജയകരമായി തരണം ചെയ്യും. മനുഷ്യ ജീവിതത്തിന്റെ ഭാഗവും ഭാഗ്യവുമായി അപൂർണ്ണതയെയും അപര്യാപ്തയെയും നാം കാണുന്പോൾ ജീവിതത്തിലെ ഓരോ നിമിഷത്തെയും ആസ്വദിച്ച് മുന്നേറാൻ നമുക്ക് സാധിക്കും സ്നേഹിക്കുവാൻ തക്ക ധീരത നമുണ്ടാകുന്പോൾ, ക്ഷമിക്കുവാൻ തക്ക ആത്മ ശക്തി നാം ആർജിക്കുന്പോൾ, അന്യന്റെ സന്തോഷത്തിൽ നാമും ആനന്ദിക്കുന്പോൾ, മറ്റുള്ളവർക്ക് മനസിലാക്കാൻ കഴിയാത്ത ജീവിത സംതൃപ്തി അനുഭവിക്കുന്നവരായി നാം തീരും.

ഓട്ടിസം ബാധിച്ച 27 വയസ്സായ ഒരു യുവതിയെ ഈയിടെ കണ്ടു മുട്ടുന്നതിനു ഇടയായി. ജീവിതത്തിലെ പരിമിതികളെ കുറിച്ച് അവൾക്ക് പരാതിയോ പരിഭവമോ ഇല്ല. കുടുംബ ജീവിതത്തിലേക്ക് എത്തിനോക്കാൻ പോലും സാധ്യമല്ല എന്ന പൂർണ്ണ ബോധ്യം അവൾക്ക് ഉണ്ട് . സമപ്രായക്കാരുമായി സ്വതന്ത്രമായി ഇടപഴകുവാനും സമർത്ഥമായ വിദ്യാഭ്യാസത്തിലൂടെ ബിരുദങ്ങൾ വാരിക്കൂട്ടാനും അവൾക്ക് സാധിക്കുകയുമില്ലെന്നും അറിയാം. ഇതിലൊന്നും അവൾക്ക് പരിഭവുമില്ല. മറ്റുള്ളവർ അവളോട്‌ കാട്ടുന്ന സഹാനുഭൂതിയാണ് അവളെ അസ്വസ്ഥയാക്കുന്നത്. ഇളയ സഹോദരിയുമായി കടുത്ത സ്നേഹത്തിൽ ആണ്. മൂത്ത സഹോദരിയുടെ ദുസ്ഥിതിയിൽ മനംനൊന്ത് വിവാഹത്തിനു പോലും സമ്മതിക്കാതെ ജീവിത കാലം മുഴുവൻ ചേച്ചിയോടൊപ്പം കഴിയാൻ ഇളയവൾ എടുത്ത തീരുമാനം ചേച്ചിയെ വിഷമിപ്പിക്കുന്നു. ഓട്ടിസം ബാധിച്ച മകളെ ഒരു പ്രത്യേക കേന്ദ്രത്തിലാക്കി ആ കേന്ദ്രത്തിലെ സാമൂഹ്യ പ്രവർത്തകരായി അവശേഷിക്കുന്ന ജീവിതകാലം മുഴുവൻ ചെലവഴിക്കാൻ അവളുടെ മാതാപിതാക്കൾ എടുത്ത തീരുമാനവും അവളെ വൃണിത ഹൃദയയാക്കുന്നു. ചുറ്റുപാടുകളുടെ അനുകന്പ അവളെ തളർത്തുന്നു. സമൂഹം അത് തിരിച്ചറിയുന്നില്ല. തനിക്ക് ലഭിക്കേണ്ടത് അനുകന്പ അല്ല, മറിച്ച് തദനുഭൂതി ആണെന്ന് അവൾ സമൂഹത്തോട് വിളിച്ചു പറയുന്നു! ആര് കേൾക്കാൻ? ഒരു നല്ല ചിത്രകാരിയായ അവളുടെ വരകൾക്കിടയിലെ സന്ദേശവും ഇതുതന്നെ. തന്റെ പരിമിതികളെ പറ്റി ഒരു പരാതിയുമില്ലാത്ത അവൾ പരിമിതികളിലും പ്രയത്നഫലം കണ്ട് പുഞ്ചിരിക്കാൻ വെന്പൽ കൊള്ളുകയാണ്. വൈകല്യങ്ങളൊന്നും ഇല്ലാത്ത മനുഷ്യാ, ഇത്തരം മഹത് പ്രതിഭകളിൽ നിന്ന് നിനക്ക് ഒപ്പിയെടുത്ത് ശൈലിയാക്കി മാറ്റാൻ ധാരാളം സാധനപാഠങ്ങളുണ്ടെന്നു തിരിച്ചറിയുക!

പൂർണ്ണ നിലാവുള്ള രാത്രി; ഒരു വീടിന്റെ മട്ടുപ്പാവിൽ അച്ഛൻ മൂന്ന് വയസ്സുള്ള കുട്ടിയുമായി ഉല്ലസിക്കുന്നു. തെളിഞ്ഞു വിളങ്ങുന്ന ചന്ദ്രൻ വളരെ അടുത്താണ് എന്ന തോന്നൽ കുട്ടിക്കുണ്ടായി. അവൾ പറഞ്ഞു, “അച്ഛാ, എനിക്ക് ചന്ദ്രനിൽ പോകണം”. ചന്ദ്രൻ വളരെ ദൂരെയാണെന്നും അവിടെ പോകാൻ സാധ്യമല്ല എന്നും അച്ഛൻ പറഞ്ഞിട്ടും അവൾ നിർബന്ധിച്ച് അവിടെ പോയേ മതിയാവൂ എന്ന് വാശി പിടിക്കുന്നു. എത്രതന്നെ പറഞ്ഞിട്ടും ശാഠ്യം നിറുത്താത്ത കുട്ടിയെ നല്ല അടി തരും എന്ന് സ്വരമുയർത്തി ശാസിച്ചപ്പോൾ അവൾ അടങ്ങി, ശൈശവത്തിന്റെ നിഷ്കളങ്കമായ ഒരു മോഹം എന്ന് മാത്രം ഇതിനെ വിലയിരുത്താം. എന്നാൽ മുതിർന്നവരിൽ ഉന്നതസ്ഥാനങ്ങളിൽ കയറി പറ്റാനുള്ള തത്രപ്പാട് കാണുന്പോൾ പരിഹാസവും സഹതാപവും ഉണ്ടാകും. മറ്റുള്ളവരെയെല്ലാം തല്ലി താഴെയിട്ടശേഷം ഉന്നതങ്ങളിലെ അധികാരത്തിന്റെ കസേരകളിൽ സ്ഥാനം ഉറപ്പിക്കാൻ ഉള്ള മോഹം പരിമിതികളെ വെല്ലു വിളിച്ചു കൊണ്ടാണ്. അതിനായി ഏതു മാർഗവും ചിലർ സ്വീകരിച്ചെന്നു വരാം. മത്സരം ഒരു പരിധി വരെ നല്ലത് തന്നെ. സ്വയം വളരാനും ഉയരാനും അത് ആവശ്യമാണെന്ന് സമ്മതിക്കാം. പക്ഷെ അത് സ്വാർത്ഥതയുടെയും സ്വയത്തിന്റെയും പ്രകടനമായി മാറുന്പോൾ നിശ്ചയമായും ഹാനികരം തന്നെ.

ക്ലാസിൽ എപ്പോഴും എല്ലാ വിഷയങ്ങൾക്കും ഒന്നാം സ്ഥാനം കരസ്ഥമാക്കാൻ വെന്പൽ കൊണ്ട ഒരു പെൺ‍കുട്ടി പത്താം ക്ലാസ്സിൽ എത്തിയപ്പോൾ ആ സ്ഥാനം നഷ്ടപ്പെടുമോ എന്ന ആവലാതിയിൽ അസ്വസ്ഥയായി പഠനത്തിൽ ശ്രദ്ധ കുറഞ്ഞു. സോഷ്യൽ സ്റ്റഡീസിനോടാണവൾക്ക് ഭയം. അതവളെ രോഗാവസ്ഥയിൽ എത്തിച്ചു. ഒരു ദിവസം സോഷ്യലിന്റെ പുസ്തകം അവൾ കത്തിച്ചു കളഞ്ഞു. ഒടുവിൽ കൗൺ‍സിലിങ്ങ് തെറാപ്പിയിലൂടെയാണ് അവളുടെ സമനില വീണ്ടെടുത്തത്. കഴിവുകളുടെ മികവിൽ മതിമറന്നാടുന്പോൾ കുറവുകളുടെ കുറുന്പിനെ കൂടെ ഓർത്തിരിക്കുന്നത് നല്ലത്. കഴിവുകൾ കഴിവുകളായി വിളങ്ങുന്നത് കുറവുകളുടെ അടിക്കല്ലിൽ അടിസ്ഥാനം ഉറപ്പിച്ചായിരിക്കും. കുറവുകളെ കുറിച്ചുള്ള അവബോധം ഉണ്ടായിരുന്നാൽ തിളങ്ങാനും വിളങ്ങാനും അവസരങ്ങൾ ഉണ്ടാകുന്പോൾ പരിമിതികളെ പറ്റിയുള്ള പിരിമുറുക്കം നമ്മെ ഭരിക്കുകയില്ല. ഡോക്ടർ ആൽഫ്രഡ് അസലർ എന്ന മനശാസ്ത്രജ്ഞൻ വെളിപ്പെടുത്തി, “ഇന്നുള്ള അനേകരുടെ മാനസിക സംഘർഷത്തിനും വൈകാരികമായ താളം തെറ്റലുകൾക്കും മുഖ്യ കാരണം അധികാരത്തിനും സ്ഥാനമാനങ്ങൾക്കുമുള്ള ദുരയും അവ കരസ്ഥമാക്കുന്നതിനു പ്രതിബന്ധമായി നിൽക്കുന്ന പരിമിതികളും തമ്മിലുള്ള സംഘർഷം മൂലമാണ്”. ജീവിത പന്തയത്തിൽ തളർച്ചയും മനം മടുപ്പും നമുക്ക് അനുഭവപ്പെടാം. മാർഗം ദുർഗമവും ദുർഘടവും എന്ന് തോന്നാം. അപ്പോൾ ശാന്തമായി ഒന്ന് തിരിഞ്ഞു നോക്കിയാൽ പലപ്പോഴും നമ്മുടെ ‘ഈഗോയ്ക്ക്’ വന്ന ക്ഷതമാണ് തളർച്ചക്ക് കാരണമെന്ന് മനസ്സിലാകും. നമ്മുടെ അധ്വാനത്തിന്റെ കാഠിന്യമാണ് മാനസിക തളർച്ചക്ക് കാരണമായി തീരുന്നത്. നമ്മുടെ മോഹം സാക്ഷാൽക്കരിക്കപ്പെടാത്തതിലുള്ള ഈഗോ മൂലമാണത് എന്ന് മനസിലാകും. മോട്ടോർ കാർ പന്തയ ഓട്ടത്തിൽ ഏർപ്പെടുന്ന എത്രപേർ വാഹനങ്ങൾ തമ്മിൽ മുട്ടിയും വേഗത വർദ്ധിപ്പിച്ചും അപകടത്തിൽപെട്ട് വഴിയിൽ വീണു പോകുന്നു. പൊടി പടലങ്ങൾ പറത്തിയും ഒച്ചപ്പാടുയർത്തിയും സാഹസികമായ ആ പരക്കം പാച്ചി
ൽ നമ്മെ കിടിലം കൊള്ളിക്കുന്നു. ഏതാണ്ട് അതേ വിധ
ത്തിൽ തന്നെയാണ് ജീവിത ഓട്ടത്തിലും അനേകർ. വീഴ്ചക്കും തകർച്ചക്കും കാരണം മത്സരം തന്നെ.

സ്വയത്തിന്റെയും സ്വാർത്ഥതയുടെയും ലഹരി പിടിച്ച് സാഹസികരായി തീരാതെ വിനയത്തിന്റെയും സഹകരണത്തിന്റെയും പരസ്പര ആദരവിന്റെയും അനുഭവം വളർത്തിയെടുത്താൽ പരിമിതികളിലും സംതൃപ്തി കണ്ടെത്താം. പരിമിതികളെ പറ്റി പരിഭവം പ്രകടിപ്പിക്കുകയുമില്ല. ഒരു യുവതി കോളേജ് പ്രവേശനത്തിന് വേണ്ടിയുള്ള അപേക്ഷ ഫോറം പൂരിപ്പിക്കുകയായിരുന്നു. കോളത്തിൽ നിങ്ങൾ ഒരു നേതാവാണോ? (Are you a leader) എന്ന ചോദ്യത്തിന് അവൾ അൽപം ആലോചിച്ച ശേഷം ‘അല്ല’ എന്ന് എഴുതി. പ്രവേശനം ലഭിക്കുമോ ഇല്ലയോ എന്ന ആശങ്കയിൽ അവൾ ദിവസങ്ങൾ തള്ളി നീക്കി. ഒടുവിൽ കോളേജ് ഓഫീസിൽ നിന്നും മറുപടി വന്നു, “ഈ വർഷം അപേക്ഷ ഫോറങ്ങൾ ഞങ്ങൾ പരിശോധിച്ചതിൽ 1500 ഓളം നേതാക്കളാണ് ഇവിടെ ചേരാൻ വരുന്നത്. നയിക്കുവാനല്ലാതെ നയിക്കപ്പെടുവാനുള്ള ഒരാൾ നിങ്ങൾ മാത്രമായതു കൊണ്ട് നിങ്ങൾക്ക് പ്രവേശനം നൽകിയിരിക്കുന്നു. നമ്മുടെ സമൂഹത്തിന്റെ ശരിയായ പ്രതിഫലനമാണിത്. സമൂഹത്തിന്റെ പുരോഗതി കിട മത്സരങ്ങളിൽ കൂടിയല്ല; പരസ്പര ബഹുമാനത്തിന്റെയും ക്രിയാത്മക സഹകരണത്തിന്റെയും അടിസ്ഥാനത്തിലാണ്. അപ്പോൾ പരിമിതികളെ ഭയക്കാനോ പരിമിതികളെ ഓർത്ത് പരിഭവപ്പെടാനോ തോന്നുകയില്ല.

ഡോ. ജോൺ പനയ്ക്കൽ

 

You might also like

Most Viewed