പ്രോത്സാഹനം നന്മ നിറഞ്ഞ മനസ്സിൽ നിന്ന്


മങ്ങിക്കത്തുന്ന വിളക്കിൽ എണ്ണ പകരുന്പോൾ ആളിക്കത്തും. ഇഴഞ്ഞു നീങ്ങുന്ന ഒരു യന്ത്രത്തിൽ ഊർജ്ജം പകരുന്പോൾ അത് പൂർണ്ണമായും പ്രവർത്തനോന്മുഖമാകും. വാടിത്തളർന്ന വൃക്ഷലതാദികൾ പുതു മഴയേൽക്കുന്പോൾ തളിരിട്ട് തഴയ്ക്കും. കൂന്പി തലകുനിച്ച് നിൽക്കുന്ന മുകുളങ്ങൾ സൂര്യ പ്രകാശത്തിന്റെ തലോടലിൽ വിടർന്ന് വികസിക്കും. ഇതുപോലെ വ്യക്തി ജീവിതങ്ങളും അർഹമായ പ്രോത്സാഹനവും അഭിനന്ദനവും ലഭിക്കുന്പോൾ സന്തുഷ്ടമാകുന്നു. അപ്രാപ്തരെന്നും അയോഗ്യരെന്നും മുദ്രയടിക്കപ്പെട്ടവർ തുടർച്ചയായ പ്രോത്സാഹനം മൂലം വളർച്ചയുടെയും ഉയർച്ചയുടെയും പടവുകൾ ചവിട്ടി കയറുന്നതും നേട്ടങ്ങളുടെ കൊടുമുടിയിൽ കയറി പറ്റുന്നതും അപൂർവ്വ അനുഭവങ്ങളല്ല. ജീവിതത്തിലെ പല മണ്ധലങ്ങളിലും ഉയർച്ചയിലെത്തിയവർ അനുഭവ സാക്ഷ്യം പറയും, തങ്ങൾക്ക് ലഭിച്ച പ്രോത്സാഹനമാണ് വിജയത്തിന്റെ പിന്നിലുള്ളത് എന്ന്. ചിലർ അവരുടെ മാതാപിതാക്കളെ ഇക്കാര്യത്തിൽ നന്ദിയോടെ സ്മരിക്കും. മറ്റു ചിലർ ഗുരുജനങ്ങളെയോ ജീവിത പങ്കാളിയെയോ സഹപ്രവർത്തകരെയൊ ഓർത്തെന്നു വരും. ഏതൊരു വ്യക്തിയും സ്വപ്രയത്നത്തെക്കുറിച്ചുള്ള പ്രശംസയോ അഭിനന്ദനമോ സ്വാഗതം ചെയ്യാതെയിരിക്കുകയില്ല. അവ ലഭിക്കാതെയിരിക്കുന്പോൾ പ്രത്യേകിച്ച് പ്രതീക്ഷിക്കുന്ന വ്യക്തികളിൽ നിന്ന് ലഭിക്കാതെയിരിക്കുന്പോൾ നിരാശയും ആത്മനൊന്പരവും അനുഭവപ്പെടാതെയിരിക്കുകയില്ല.

പ്രശംസയും അഭിനന്ദനവും നടത്തുന്പോൾ അതിശയോക്തിയും മുഖസ്തുതിയും കടന്നു വരാൻ സാദ്ധ്യതയുണ്ട്. അത് പ്രയോഗിക്കുന്നവർ കപട മുഖമുള്ളവരും സ്വാർത്ഥതൽപ്പരരുമായിരിക്കും. ആത്മാർത്ഥ
തയില്ലാത്ത അവരുടെ വാക്കുകളിൽ ചില ഗൂഡലക്ഷ്യ
ങ്ങൾ ഉണ്ടായെന്നു വരാം. എന്നാൽ മറ്റ് ചിലർ അഭിനന്ദനം അറിയിക്കുന്നതോ പ്രശംസാ വാക്കുകൾ പ്രയോഗിക്കുന്നതോ പിശുക്കോടെ ആയിരിക്കും. സ്വന്തം മക്കളെ അഭിനന്ദിക്കുകയും പ്രശംസിക്കുകയും ചെയ്‌താൽ അവർ അലസരും അഹംഭാവികളുമായി തീരുമെന്ന് ഭയക്കുന്ന മാതാപിതാക്കളുമുണ്ട്. ചില ഉദ്യോഗസ്ഥമേധാവികൾ അവരുടെ കീഴിലുള്ളവരെ അഭിനന്ദിച്ചാൽ തങ്ങളുടെ സ്ഥാനത്തിനും മാനത്തിനും കോട്ടം വരുമെന്ന് കരുതുന്നവരുണ്ട്.

അന്യരുടെ കുറ്റം കണ്ടു പിടിക്കുന്നതിനുള്ള ശുഷ്കാന്തിയാണോ അവരുടെ നന്മയും മേന്മയും അംഗീകരിച്ച് ആസ്വദിക്കാനുള്ള മനസ്സാണോ നമ്മിൽ മുന്നിട്ട് നിൽക്കുന്നത്? ഇതിനെ ആശ്രയിച്ചാണ് നമ്മുടെ സാമൂഹിക ബന്ധം മെച്ചപ്പെടുകയോ തകരുകയോ ചെയ്യുന്നത്. നന്മയുടെ അംശം എവിടെ കണ്ടാലും ആരിൽ കണ്ടാലും ആസ്വദിക്കാനും തുറന്ന മനസ്സും മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വിശാലതയും നമുക്കുണ്ടാകണം.

വളരെ പ്രത്യേകതകൾ ഉള്ള ഒരു വീട്ടമ്മ. പാട്ടും നൃത്തവും ഉല്ലാസവുമായി കഴിഞ്ഞ ഒരു മുപ്പത്തിമൂന്നുകാരി. പൂന്പാറ്റയെ പോലെയുള്ള ഒരു പെൺ‍കുട്ടിയുടെ മാതാവ്. ഒട്ടേറെ സുഹൃത്ത് ബന്ധം അവർക്കുണ്ടായിരുന്നു. ആകസ്മികമായിട്ടാണ് അവരുടെ ശരീരം മുഴുവൻ തളർന്ന അവസ്ഥയിലെത്തുന്നത്. നട്ടെല്ലിൽ ഒരു ട്യൂമർ ഉണ്ടായത് നീക്കം ചെയ്തപ്പോൾ സംഭവിച്ചതാണ്. പരസഹായം കൂടാതെ ഒന്നും ചെയ്യാൻ നിവൃത്തിയില്ലാത്ത അവസ്ഥ. എല്ലാറ്റിനും അവർക്ക് മകളെ ആശ്രയിക്കേണ്ടി വന്നു. എന്നാൽ അവർക്ക് ശക്തമായ ഇച്ഛാശക്തിയും ശുഭാപ്തി വിശ്വാസവും ഉണ്ടായിരുന്നു. തന്മൂലം അവരുടെ പരിമിതികളെ ഒരു പരിധിവരെ അതിജീവിക്കാൻ അവർക്ക് കഴിഞ്ഞു. ജയിലുകളിൽ കഴിയുന്നവരെ സന്ദർശിക്കുക അവർ പ്രതികൂലങ്ങൾക്കിടയിലും ഒരു പതിവാക്കി. അവരെ സന്ദർശിക്കുകയും കൗൺ‍സിലിംഗ് നടത്തുകയും മാത്രമല്ല, സാഹിത്യരചനയിൽ അഭിരുചിയുള്ള തടവുകാരെ പ്രോത്സാഹിപ്പിക്കുവാനും അവർ മറന്നില്ല. ജയിൽ സന്ദർശനത്തിനെത്തുന്പോൾ ഉത്സാഹത്തോടെയാണ് അന്തേവാസികൾ അവരെ സ്വാഗതം ചെയ്തിരുന്നത്. പലർക്കും അവർ ഒരു മാതാവും സഹോദരിയും ഉപദേഷ്ടാവും മാർഗ്ഗദർശിനിയുമായിരുന്നു. ജീവിതത്തെ കയ്പ്പോടെ കാണുന്നതിനോ തനിക്ക് സംഭവിച്ച ദുരന്തത്തിൽ ആരോടെങ്കിലും പരാതിപ്പെടുന്നതിനോ ഒരുന്പെടാതെ തനിക്ക് ലഭിച്ചിട്ടുള്ള കഴിവുകൾ മറ്റുള്ളവരുടെ നന്മയ്ക്കും ഉന്നമനത്തിനുമായി വിനിയോഗിക്കാൻ ശുഷ്ക്കാന്തി പ്രകടിപ്പിച്ചിരുന്നു അവർ. സമൂഹത്തിൽ നിന്ന് പുറന്തള്ളപ്പെട്ടവനും സമൂഹം വെറുക്കുന്നവരുമാണല്ലോ ജയിൽ പുള്ളികൾ. അവരുമായി ബന്ധപ്പെട്ട് അവരെ പ്രോത്സാഹിപ്പിക്കാൻ ഒരു സ്‌ത്രീ പ്രത്യേകിച്ചും ശാരീരിക വൈകല്യമുള്ള ഒരുവൾ ധൈര്യപ്പെടുന്നത് അസാധാരണമാണ്. ഒരു ദിവസം ഒരു ജയിൽപ്പുള്ളി അവർക്കൊരു കത്തെഴുതി. അതിൽ ഇങ്ങനെ കുറിച്ചിരുന്നു, “കന്പിയഴിക്കുള്ളിൽ ബന്ധിക്കപ്പെട്ടിരിക്കുന്നത് എത്ര പ്രയാസമാണെന്ന് ഭവതി പലപ്പോഴും ഞങ്ങളോട് പറഞ്ഞിട്ടുണ്ടല്ലോ? ഞങ്ങളോട്  സഹതാപമുണ്ടെന്നും ഞങ്ങളുടെ ദുസ്ഥിതിയെപ്പറ്റി കുണ്‍ഠിതമുണ്ടെന്നും ഭവതി പറയുന്പോൾ, ഭവതിക്ക് തെറ്റ് പറ്റിയെന്നു പറയാൻ ഞാൻ നിർബന്ധിതനായി തീരുന്നു. ഭവതി ഒരു കാര്യം മനസ്സിലാക്കുക. സ്വാതന്ത്ര്യം പലതരത്തിലുമുണ്ട്. തടവറകളും വ്യത്യസ്തങ്ങളാണ്. ചിലപ്പോൾ നമ്മുടെ തടവറ സ്വയംകൃതങ്ങളാണ്. മുപ്പത്തിമൂന്നാമത്തെ വയസ്സിൽ നിങ്ങൾ തളർച്ച ബാധിച്ചവളായി, തടവറയിൽ ആക്കപ്പെട്ടവളെ പോലെ. പക്ഷെ നിങ്ങളുടെ അവശതയുമായി പൊരുത്തപ്പെട്ടേ ജീവിതം മുന്നോട്ടു പോവുകയുള്ളു എന്ന് നിങ്ങൾ തിരിച്ചറിഞ്ഞു. എങ്കിലെ ജീവിതത്തിനു അർത്ഥമുള്ളു എന്ന് നിങ്ങൾ മനസ്സിലുറപ്പിച്ചു. മുന്നിലുള്ള സാധ്യതകളെ കുറിച്ച് ഭവതി തിരിച്ചറിവുള്ളവളായി. അങ്ങനെ അർത്ഥ പൂർണ്ണമായി ഒരു ജീവിത ലക്ഷ്യത്തോടെ നിങ്ങൾ ഞങ്ങളുടെ ഇടയിലേയ്ക്ക് ഒരു മിന്നൽ പിളരായി, ഇടിമുഴക്കമായി, കൊടുങ്കാറ്റായി കടന്നു വന്നു. നിഷേധാത്വക ചിന്തകളോടെ കഴിഞ്ഞിരുന്ന ഞങ്ങളെ പ്രോത്സാഹിപ്പിച്ചു. ഒരു തരത്തിലുള്ള സ്വാതന്ത്ര്യം നഷ്ടമായപ്പോൾ മറ്റൊരു തരത്തിലുള്ള സ്വാതന്ത്ര്യം കണ്ടെത്താൻ നിങ്ങൾ ഞങ്ങളെ അഭ്യസിപ്പിച്ചു. ജയിലിലെ കന്പിയഴികളെ മാത്രം നോക്കാതെ വിദൂരയിലേയ്ക്ക് അവയിക്കിടയിലൂടെ നോക്കാൻ നിങ്ങൾ ഞങ്ങൾക്ക് കരുത്തേകി. തടവറയിലും സ്വാതന്ത്ര്യ ബോധമുള്ളവരായി കഴിയുവാൻ ഇന്ന് ഞങ്ങൾക്ക് കഴിയുന്നു”. ജീവിതം അർത്ഥവത്തായി തീരണമെങ്കിൽ  പ്രതികൂലതകളിലും മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്ന ജീവിത പ്രമോദങ്ങളിൽ മതി മറന്നത് കൊണ്ടോ അത്യന്തികമായ സംതൃപതി ആർക്കും ലഭിക്കുകയില്ല. മറ്റുള്ളവരെ അഭിനന്ദിക്കാനും പ്രോത്സാഹിപ്പിക്കാനുമുള്ള അവസരങ്ങൾ പാഴാക്കാതിരിക്കുക. രാത്രിയിൽ കിടക്കയിലേയ്ക്ക് പോകും മുന്പ് ആ
ദിവസത്തെ നേട്ടങ്ങളും കോട്ടങ്ങളും എന്തൊക്കെയെന്ന് വിലയിരുത്തുന്നവർക്ക് നേട്ടങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്താവുന്ന സംതൃപ്തമായ വികാര വായ്പുകളിലൊന്നാകട്ടെ, മറ്റുള്ളവരെ പ്രോത്സാഹിപ്പിച്ചു എന്നത്.

നമ്മുടെ സമൂഹത്തിൽ വളരെ പ്രചാരത്തിലുള്ള ഒരു ചൊല്ലാണ്, “പാലം കടക്കുവോളം നാരായണ! നാരായണ! പാലം കടന്നാൽ പിന്നെ കൂരായണ! കൂരായണ!” ഇന്നത്തെ സുരക്ഷിതവും വിസ്തൃതവുമായ കോൺ‍ക്രീറ്റ് പാലമല്ല  ഇവിടെ വിവക്ഷിക്കുന്നത്. കുത്തിയൊഴുകുന്ന പ്രവാഹത്തിന് മീതേ സജ്ജമാക്കുന്ന ഒറ്റത്തടി പാലത്തിൽ കൂടി അടിവെച്ചു നീങ്ങുന്ന ഭീതിജനകമായ അനുഭവമാണത്. അപ്പോൾ വാതോരാതെ ഈശ്വരനാമം ഉരുവിടും. പക്ഷേ മറുകരയിൽ എത്തിക്കഴിയുന്പോൾ ഈശ്വരനാമം ചുണ്ടിൽ നിന്ന് മാറിപ്പോകുന്നു. താൽക്കാലികമായ കാര്യസാധ്യത്തിന്‌ വേണ്ടി ഈശ്വരനാമം ജപിക്കുന്നവരും പ്രാർത്ഥനയുടെ മുറവിളി ഉയർത്തുന്നവരുമായ അനേകരുണ്ട്. അവർക്ക് ഈശ്വരനെ ആവശ്യം പ്രതിസന്ധികളിൽ മാത്രം. പ്രശ്നങ്ങൾ എന്നെങ്കിലും നേരിടുന്പോൾ പ്രാർത്ഥന തീവ്രമായിത്തീരും. അല്ലാത്ത സമയങ്ങളിൽ ഈശ്വരനെ ഓർക്കുക തന്നെയില്ല. എല്ലാം സുഗമമായും വിജയകരമായും നീങ്ങുന്പോൾ ഈശ്വരന് എന്ത് സ്ഥാനം? സ്വന്തം കഴിവ്, സാമർത്ഥ്യം, ആസൂത്രണ മികവ് ഇവകളിലൊക്കെ അഭിമാനം കൊള്ളാനാണ്‌ അപ്പോൾ നമുക്ക് ഇഷ്ടം. എന്നാൽ പ്രതീക്ഷയ്ക്ക് വിപരീതമായി എന്തെങ്കിലും സംഭവിക്കുന്പോൾ നമ്മുടെ നിസ്സഹായാത വെളിപ്പെടുന്ന സാഹചര്യം നേരിടുന്പോൾ വീണ്ടും വിളി തുടങ്ങും, പുണ്യ സ്ഥലങ്ങളിലേയ്ക്ക് പ്രവാഹമാകും. പ്രതിസന്ധി നീങ്ങിക്കഴിയുന്പോൾ എല്ലാറ്റിനും വീണ്ടും മാറ്റമുണ്ടാകും. എത്ര ബാലിശമായ ഒരു അവസ്ഥാ വിശേഷമാണിത്! ഈശ്വരനെ പ്രശ്ന പരിഹാരകനായി (Problem Solver) മാത്രം വിവക്ഷിക്കുന്ന വില കുറഞ്ഞ ആത്മീയതയാണിത്. ജീവിതത്തിന്റെ എല്ലാ അവസ്ഥകളിലും കൃതജ്ഞതാ നിർഭരമായ മനസ്സോടെ ഈശ്വരനെ മുൻ നിർത്തി ജീവിക്കാൻ നമുക്ക് കഴിയണം. മറ്റുള്ളവരെ ക്രിയാത്മകമായി പ്രോത്സാഹിപ്പിക്കുന്പോൾ സംതൃപ്തിയോടെ പര്യായമായ ഈശ്വരനെ അവർക്ക് പരോക്ഷമായി കാട്ടിക്കൊടുക്കുകയാണ് നാം ചെയ്യുന്നത്.

ഒരു പന്ത്രണ്ടാം ക്ലാസുകാരൻ എന്റെ മുന്നിലിരിക്കുന്നു. ഒപ്പം അയാളുടെ മാതാപിതാക്കളും. എന്ത് ചോദിച്ചാലും മറുപടിയില്ലാത്ത, ഒരു വികാരവും മുഖത്ത് പ്രകടിപ്പിക്കാത്ത ആ കുമാരൻ വീട്ടിൽ നിഷേധിയാണ്. ഒറ്റവാക്കിലുള്ള മറുപടിയാണ് മിക്ക ചോദ്യങ്ങൾക്കും. മാതാപിതാക്കൾ പറയുന്നത് അയാൾ ശ്രദ്ധിക്കാറില്ല. എപ്പോഴും ഗൗരവം. 7 വയസ്സ് പ്രായവ്യത്യാസമുള്ള ഇളയ പെങ്ങളോടു പോലും ഒരു ലോഹ്യവുമില്ല. വീട്ടിൽ നിന്ന് ഭക്ഷണം കഴിക്കുന്നതിലോ വീട്ടുകാരുമായൊത്ത് ഒന്നിച്ച് നടക്കുന്നതിനോ ഒട്ടും താൽപര്യമില്ല. സ്‌കൂളിൽ പോകുന്നതും കൂട്ടുകാരുമായി കളിക്കാൻ പോകുന്നതും ഇഷ്ടമാണ്. പഠിത്തത്തിൽ ശരാശരി മാത്രം. അയാളുടെ ഈ നിഷേധാത്മകമായ പെരുമാറ്റത്തിൽ മാതാപിതാക്കൾ ആശങ്കയിലാണ്. വീട്ടിലെ മൂത്തമകനെ പറ്റി വലിയ മനഃകോട്ടകളൊക്കെ അവർ കെട്ടിയിരുന്നു. അവയൊക്കെ തകരുകയാണോ എന്ന ആശങ്ക! അദ്ധ്യാപകരെ കൊണ്ടും സ്നേഹിതരെ കൊണ്ടും ഒക്കെ മകനോട് സംസാരിച്ചു, ഈ അവസ്ഥയുടെ കാരണം കണ്ടുപിടിക്കാൻ. മകൻ പിടികൊടുക്കുന്നില്ല. ‘ഒന്നുമില്ല, ഞാൻ ഇങ്ങനെയാണ്’ എന്ന മറുപടി മാത്രം. മാതാപിതാക്കളുടെ അസാന്നിദ്ധ്യത്തിൽ ഞാൻ ആ മകനോട് സംസാരിച്ചു. സ്നേഹപൂർവ്വമായ നിർബന്ധത്തിൽ വഴങ്ങി അയാൾ മനസ്സ് തുറന്നു. 

“എനിക്ക് പതിനേഴ്‌ വയസ്സായി എന്ന തോന്നലൊന്നും എന്റെ മാതാപിതാക്കൾക്ക് ഇതുവരെ ഉണ്ടായിട്ടില്ല. ഞാൻ കൊച്ചു കുട്ടിയാണെന്ന രീതിയിലാണ് എന്നോടുള്ള പെരുമാറ്റം. എന്റെ ബാല്യം കഴിഞ്ഞുവെന്നും എനിക്ക് കൂട്ടുകാരെ പോലെ സ്വാതന്ത്ര്യം വേണമെന്നും ഒരു ചെറുപ്പക്കാരന് ആവശ്യമായ സാധനങ്ങൾ കരസ്ഥമാക്കണമെന്നും പൂർണ്ണ ബോധ്യമുണ്ട്. എന്താവശ്യപ്പെട്ടാലും പറ്റില്ല എന്ന മറുപടി മാത്രം. സാമാന്യം ഭേദപ്പെട്ട മാർക്കുമായി ഞാൻ വീട്ടിലെത്തിയാൽ അതിലും അവർക്ക് തൃപ്തിയില്ല. ക്ലാസ്സിലെ ടോപ്പ് ആകണമെന്നാ അവരുടെ ഡിമാന്റ്. എന്നേക്കാൾ മാർക്ക് വാങ്ങുന്ന സഹപാഠികളെ ചൂണ്ടിക്കാട്ടി എന്നെ താഴ്‌ത്തിക്കെട്ടി സംസാരിക്കുകയാണവർ എപ്പോഴും. എന്നോട് മാത്രമാണെങ്കിൽ വേണ്ടില്ല; മിത്രങ്ങളോടും ശത്രുക്കളോടും വരെ അത് കൊട്ടിഘോഷിക്കും. കലാകായിക രംഗത്ത് ധാരാളം സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും ഞാൻ ഇപ്പോഴും കരസ്ഥമാക്കുന്നുണ്ട്. ഒരു Appreciation പോലുമില്ല. പ്രോത്സാഹിപ്പിക്കുകയില്ല എന്ന് മാത്രമല്ല നിരുത്സാഹപ്പെടുത്തുക കൂടിയാണ്. അതുകൊണ്ട് തന്നെ എന്റെ ജീവിതത്തിനു ഒരു ലക്ഷ്യവുമില്ല. പന്ത്രണ്ടാം ക്ലാസിലെത്തിയിട്ടും ഇനി എന്തിന്, എങ്ങോട്ട് എന്ന ചിന്തപോലും എന്റെ മനസ്സിൽ ഇതുവരെ ഉണ്ടായിട്ടില്ല. എന്റെ അച്ഛൻ ചെറുപ്പത്തിൽ വളർന്നതും ഇതുപോലെ സമ്മർദ്ദ സാഹചര്യത്തിലാണ് എന്ന് ബന്ധുക്കളിൽ നിന്നും ഞാൻ മനസ്സിലാക്കുന്നു. അവരെ മാറ്റിയെടുക്കുവാൻ എനിക്ക് സാധ്യമല്ല. അതുകൊണ്ട് ഇങ്ങനെയൊരു നിലപാടല്ലാതെ മറ്റൊന്ന് വീട്ടിൽ സ്വീകരിക്കാൻ എനിക്ക് സാധ്യമല്ല. ദിവസം കഴിയുന്തോറും എന്റെ സാഹചര്യങ്ങൾ പരിമിതപ്പെടുന്നുവെന്ന തോന്നൽ എന്നെ അലട്ടുന്നുണ്ട്. അൽപം ആശ്വാസം കിട്ടുന്നത് സ്‌കൂളിൽ എന്നെ ഇഷ്ടപ്പെടുന്ന അദ്ധ്യാപകരും സഹപാഠികളുമായി ഇടപെഴകുന്പോഴാണ്. ഞാൻ നന്നാവുകയില്ല സാറേ, എനിക്ക് നന്നാവാൻ പറ്റുകയില്ല!” 

ഇന്നിന്റെ പല കുമാരീകുമാരന്മാരുടെയും സജീവ പ്രതീകമാണ് ഈ ചെറുപ്പക്കാരൻ. പ്രശംസയുടെയും, പ്രോത്സാഹനത്തിന്റെയും അപ്പക്കഷണം തേടി പലരുടെയും പടിവാതിക്കൽ ഭിക്ഷാടകരെ പോലെ കൈനീട്ടി നിൽക്കുന്ന അവരുടെ ചിത്രം പേക്കോലങ്ങൾ ആയി മാറിയെങ്കിൽ അതിശയിക്കാനില്ല. ആരാണിതിനൊക്കെ ഉത്തരവാദികൾ? മാറ്റങ്ങൾ മണത്തറിഞ്ഞു പുതുമയെ പുൽകാൻ മടികാണിക്കുന്ന മാതാപിതാക്കളോ, ആധുനികതയുടെ വേലിയേറ്റത്തിൽ മതിമറന്നു നിൽക്കുന്ന മക്കളോ? ഗ്രഹിക്കാൻ ത്രാണിയുള്ളവർ ഗ്രഹിക്കട്ടെ.

ഫോബിയ എന്ന  ഗ്രീക്ക് പദത്തിനു ഭയം എന്നർത്ഥം. യുക്തി പരമായി വ്യാഖ്യാനിച്ചാൽ അടിസ്ഥാനരഹിതവും അസാധാരണവുമായ ഭീതി എന്നും പറയാം. ഫോബിയ എന്ന പദം കൂട്ടിച്ചേർത്ത് മനഃശാസ്ത്രജ്ഞന്മാർ ഏതാണ്ട്  75 വാക്കുകൾ രൂപപ്പെടുത്തിയിട്ടുണ്ട്. ഉദാഹരണമായി വെള്ളത്തെ ഭയപ്പെടുന്നതിന് ഹൈസ്രോഫോബിയ, ഇരുട്ടിനെ ഭയപ്പെടുന്നതിന് നുക്ടോഫോബിയ ഇങ്ങനെ പല വാക്കുകളുമുണ്ട്. ഭയത്തെ തന്നെ ഭയപ്പെടുന്നതിന് ഫോബോ ഫോബിയ എന്ന് പറയും. രണ്ടാംലോക മഹായുദ്ധകാലത്ത് അമേരിക്കൻ പ്രസിഡന്റ് റൂസ് വെൽട്ട് പ്രഖ്യാപിച്ചു “നാം ഭയത്തെ മാത്രമേ ഭയപ്പെടെണ്ടതുള്ളൂ (The only thing we have to fear is fear)”. ഭയത്തിനു അടിമകളായവർ ആണ് പ്രോത്സാഹനത്തിനു പിശുക്ക് കാട്ടുന്നവർ, നമ്മുടെ തലമുറയിൽ മാനസികാരോഗ്യത്തിനു ഏറ്റവും ഭീഷണിയായി നിൽക്കുന്നതും ഭയം ഒന്നുമാത്രം. ഭയത്തെ അതിജീവിക്കാൻ നന്മയെ പ്രശംസിക്കുക

You might also like

Most Viewed