മാ­യ മാ­യ സർ­വ്വവും മാ­യ


പൊന്നിൻ ചിങ്ങത്തിനു കന്നി. കർക്കിടം ഇങ്ങ് മലയാളക്കരയിൽ. പ്രവാസലോകത്ത്‌ പ്രകൃതി ചുട്ടു പഴുക്കുന്പോൾ മഴയും കാറ്റും ഇക്കരയിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചവർക്ക് തെറ്റി. ആവി കൊണ്ട് അകത്തും പുറത്തും രക്ഷയില്ല ഇവിടെ. പ്രകൃതിയും സർവ്വവും പ്രദേശവാസികളും കൃത്രിമത്വത്തിന്റെ പേകോലങ്ങളായി മാറിയിരിക്കുന്നു. സത്യവും നീതിയും സാഹോദര്യവും നമുക്ക് അന്യമായിരിക്കുന്നു. ബന്ധങ്ങൾ പോലും ബന്ധനങ്ങളെന്നു കരുതി സ്വന്തക്കാരെപ്പോലും ചതിക്കുന്ന കാലം.   മായ മായ സർവ്വവും മായ  ഒരു വിശുദ്ധ ഗ്രന്ഥത്തിലെ ദാർശിനിക പദപ്രയോഗമാണിത്. അത് എത്ര അന്വർത്ഥമാണിന്ന് മലയാളിയുടെ ഇടയിൽ. 

വീടിന്റെ കോലായിൽ വിശ്രമിക്കാനായിരുന്നപ്പോൾ ഒരുവൻ സമീപിച്ചു.   സാർ, എന്റെ 11 വയസുള്ള മകന് ക്യാൻസറാണ്. ഈയാഴ്ച്ചത്തെ മരുന്ന് വാങ്ങാൻ കാശില്ല. ആയിരം രൂപ വേണം. 

എന്ത് മരുന്നാണെന്ന് ഞാൻ അന്വേഷിച്ചു. അയാൾ മരുന്നിന്റെ കുറിപ്പടി എന്റെ മുന്നിലേക്ക് നീട്ടി. ഞാനത് വായിച്ചു നോക്കി. വാസ്തവത്തിൽ മീൻനെയ്യ് ഗുളികയുടെ പേരാണ് കുറിച്ചിരിക്കുന്നത്. അത് എന്റെ കൈവശം ഉണ്ടായിരുന്നു. ഈ ഗുളിക 100 എണ്ണം ഞാൻ തരട്ടെ എന്ന എന്റെ പ്രസ്താവന കേട്ട മാത്രയിൽ ഒരക്ഷരം ഉരിയാടാതെ അയാൾ സ്ഥലം കാലിയാക്കി. അന്വേഷിച്ചപ്പോൾ മനസ്സിലാക്കാൻ സാധിച്ചു അയാൾക്ക് അങ്ങനെ ഒരു മകനുമില്ല ക്യാൻസറുമില്ല. മായ ചുറ്റും മായ. പണത്തിനായി എന്ത് പൊളിവാക്കും പറയാൻ മടിയില്ലാത്ത മനുഷ്യർ. എങ്ങനെയും അന്യന്റെ പേഴ്സിലെ പണം കൈവശപ്പെടുത്തണമെന്ന ചിന്തയുമായി പരതി നടക്കുന്നവരുടെ എണ്ണം കൂടി വരുന്നു. കാറ്റിനു പോലും സുഗന്ധമില്ലാതായി തീർന്നിരിക്കുന്നു. സ്വാർത്ഥ ലാഭത്തിനുവേണ്ടി കൊടും ചതി മാതാപിതാക്കളോട് പോലും കാട്ടാൻ മടിക്കാത്ത മക്കൾ. മക്കളെപ്പോലും തള്ളിപ്പറയാൻ ധൈര്യം കാട്ടുന്ന മാതാപിതാക്കൾ. മായ സർവ്വവും മായ. പണ്ടൊക്കെ സത്കാലമായിരുന്നു. പരസ്പരം പങ്കു വെച്ചിരുന്ന കാലം. സന്തോഷവും ദുഃഖവുമൊക്കെ. വിളവെടുപ്പ് ആകുന്പോൾ ആദ്യ വിളവിൽ കുറെ നൂനമില്ലാത്തത് ദേവാലയത്തിന് നൽകും. കുറെയൊക്കെ അയലത്തുകാർക്ക് സന്മനസ്സോടെ പങ്കുെവയ്ക്കും. സ്നേഹത്തിന് ഊഷ്മളതയും കാറ്റിനു സുഗന്ധവും ഉണ്ടായിരുന്നു അന്ന്. ഒരു വീട്ടിലെ ചെറിയ വിശേഷങ്ങൾക്ക് പോലും അയലത്തുകാർ ഒത്തുകൂടി കൂട്ടായ്മ ആചരിച്ചിരുന്ന കാലം. നഗരങ്ങളിൽ പോലും ഈ ഗ്രാമീണത നിലവിലുണ്ടായിരുന്നു. ഇന്ന് കാലവും കോലവും മാറി. മനുഷ്യന് മനുഷ്യനെ കണ്ടാൽ തിരിച്ചറിയാൻ സാധിക്കാത്ത തരത്തിൽ മനുഷ്യ മനസ്സുകൾക്ക് അതിർ വരന്പുകൾ സൃഷ്ടിക്കപ്പെട്ടു.   അവനവനിസ മാണ് ഇന്ന് എവിടെയും. ജീവിതാനുഭവങ്ങളെ യാഥാർത്യബോധത്തോടെ കണ്ടിരുന്ന പഴയ കാലത്തിനു പകരം സർവ്വതിലും മുഖപ്പട്ട കെട്ടി മായയാക്കി മാറ്റിയിരിക്കുന്നു ഇന്ന് മനുഷ്യർ. മായം ചേരാത്ത ഒരു വസ്തുവും ഇന്നില്ല. ഉപ്പ് തൊട്ടു കർപ്പൂരം വരെയുള്ള വസ്തുക്കളിൽ മായം. കഴിഞ്ഞ ദിവസം പച്ചക്കറിക്കടയിൽ നിന്ന് കുറേ പച്ചക്കറി വാങ്ങി പാക്ക് ചെയ്യുന്പോൾ ഞാൻ ചോദിച്ചു, മരുന്നടിച്ച വസ്തുക്കളാണോ ഇതൊക്കെ എന്ന്.   അന്യ സംസ്ഥാനങ്ങളിൽ നിന്ന് വരുന്നതുൾപ്പെടെ നാട്ടിൽ വിളയിക്കുന്ന സാധനങ്ങൾക്ക് വരെ മരുന്നടിക്കും. അതുകൊണ്ട് ഇവ കുറെ മണിക്കൂർ ഉപ്പിട്ട വെള്ളത്തിൽ വെച്ച ശേഷമേ പാകം ചെയ്യാവൂ . മരുന്നും മായവും കൂടിക്കലർന്ന സകലവും മായയായിത്തീർന്നിരിക്കുന്നു. ഒപ്പം തീ പിടിച്ച വിലയും. പ്രവാസികളുടെ ബന്ധുക്കളും ആശ്രിതരുമാണ് സാധനങ്ങൾക്ക് വിലകൂട്ടുന്നത് എന്നൊരു പറച്ചിൽ മുന്പുണ്ടായിരുന്നു. ഇന്ന് പ്രവാസിയുടെ പോക്കറ്റ് കാലിയാണ്. നാട്ടിലെ പ്രമാണികളുടെ പോക്കറ്റ് വീർത്തിരിക്കുന്നു. എന്താണെന്നറിയില്ല, എങ്ങനെയെന്നുമറിയില്ല  മായയായിരിക്കാം. പ്രവാസി വിലകുറഞ്ഞ മനുഷ്യനായി തീർന്നിരിക്കുന്നു അവന്റെ നാട്ടിലിന്ന്. ഗൾഫിൽ ജോലി ചെയ്യുന്ന ചെറുപ്പക്കാരെ വരനായിപ്പോലും വധുവിനു വേണ്ടാത്ത കാലം. അഭ്യസ്ഥവിദ്യരായ ചെറുപ്പക്കാർക്ക് ഇന്ന് ഗൾഫിലേക്ക് പോകാൻ മനസ്സേ ഇല്ല. അവിടെ ലഭിക്കുന്നതിൽ കൂടുതൽ ഇവിടെ സന്പാദിക്കാൻ അവർക്ക് കഴിയും, ജോലിസ്ഥിരതയുമുണ്ട്. കാലം മാറിയിരിക്കുന്നു, മായയുടെ കാലം.   

രണ്ടാഴ്ച്ചമുന്പ് പ്രവാസി ഗൈഡൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഗൾഫ് മേഖലയിലെ വിദ്യാർത്ഥികൾക്കായി കൊച്ചിയിൽ സംഘടിപ്പിച്ച സമ്മർ ക്യാന്പിൽ പങ്കെടുത്തുകൊണ്ട് പ്രമുഖ മനഃശാസ്ത്രജ്ൻ ഡോ. ശംബു പണിക്കർ നടത്തിയ   യാത്ര  എന്ന നാലു മണിക്കൂർ നീണ്ടു നിന്ന പ്രഭാഷണം ശ്രദ്ധേയമായിരുന്നു. ക്യാന്പിന്റെ ഒരു ഡയറക്ടർ എന്ന നിലയിൽ ഞാൻ നിരീക്ഷിച്ച ചില വസ്തുതകൾ ഈ ലേഖനത്തിന്റെ ആക്കം വർദ്ധിപ്പിക്കുന്നു. നാലു മണിക്കൂർ നീണ്ട ഈ   യാത്ര യിൽ ഒരു മുഷിച്ചിലും കൂടാതെ ഇടവേള പോലും വേണ്ടെന്നു വെച്ച് കൗമാര പ്രായത്തിലെത്തിയ കുട്ടികൾ പങ്കെടുത്തു. തുടർന്ന് ഭക്ഷണം പോലും കഴിക്കുവാൻ അവർ കൂട്ടാക്കിയില്ല. കെ.എഫ്. സി നൽകിയിട്ടും അവർ നിരസിച്ചു. കഴിഞ്ഞ കാല ജീവിതത്തിലെ ചില നാൽക്കവലകളിലേക്ക് അവരെ കൂട്ടികൊണ്ട് പോകുന്ന ഒരു   യാത്ര യായിരുന്നു അത്. മാതാപിതാക്കളെ വേദനിപ്പിച്ച സംഭവങ്ങൾ, അനുസരണക്കേട്‌ കാട്ടിയ അവസരങ്ങൾ, മുതിർന്നവരോടും ഗുരുക്കമ്മാരോടും അനാദരവ് പ്രകടിപ്പിച്ച വേളകൾ, മദ്യത്തിനും മയക്കുമരുന്നിനും അവിഹിത ബന്ധത്തിനും സ്വയം ഏൽപ്പിച്ചു കൊടുത്ത ശാപ നിമിഷങ്ങൾ എന്നിങ്ങനെ കഴിഞ്ഞ കാല ജീവിതത്തിലെ വീർപ്പു മുട്ടിക്കുന്ന അനുഭവങ്ങളിലൂടെ ഡോ.പണിക്കർ അവരെ കടത്തി വിട്ടു. ഒരു തിരിഞ്ഞു നോട്ടത്തിൽ ഘനീഭവിക്കപ്പെട്ട മനസ്സുമായി അവർ നടന്നു നീങ്ങുന്നത് പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. ആരും പരസ്പരം സംസാരിക്കുന്നത് പോലും ഇല്ല. കുരുന്നു മനസ്സുകൾക്ക് ഇത്രയും സാധിച്ചെടുക്കാമെങ്കിൽ കുറെ പാകമായ മനസ്സുകൾക്ക് എത്രയധികം.   തിരിഞ്ഞു നോട്ട മില്ലാതെ വെറുതെ മുന്നോട്ട് എന്ന ജീവിത ശൈലി സ്വീകരിക്കുന്നവർ   മായ യിലായിരിക്കും. ജീവിതത്തിലെ പച്ചയായ യാഥാർത്ഥ്യങ്ങളെ അയവിറക്കാൻ അവർക്ക് സൗകര്യമില്ല സമയവുമില്ല. അപ്പോൾ മുന്നിൽ കാണുന്നവയെല്ലാം മായ മാത്രമായിരിക്കും. ഈ സത്യം നാം തിരിച്ചറിയുന്പോഴാണ് മൂല്യങ്ങളുടെ ഭണ്‍ധാരങ്ങളെപ്പറ്റി നമുക്ക് വീണ്ടു വിചാരങ്ങളുണ്ടാകുന്നത്. ഈ തിരിഞ്ഞു നോട്ടം വല്ലപ്പോഴെങ്കിലും നടത്തുന്നവർ നേട്ടങ്ങളെയും കൊട്ടങ്ങളെയും കുറിച്ചുള്ള അപഗ്രഥനം നടത്തുവാൻ പ്രേരിതരായി തീരുമെന്നതിനു തർക്കമില്ല.

മേൽവിവരിച്ചതിന്റെയൊക്കെ അർത്ഥം മലയാളക്കര തിന്മ നിറഞ്ഞതാണ്‌ എന്നല്ല. നന്മ നിറഞ്ഞ അനുഭവങ്ങളും ധാരാളമുണ്ട് നമ്മുടെ സാമൂഹ്യ ജീവിതത്തിൽ. സ്ത്രീ ശാക്തീകരണത്തിന് മുൻഗണന നൽകി നിരവധി കർമ്മ പരിപാടികൾ ഗവണ്‍മെന്റും സാമൂഹ്യ സംഘടനങ്ങളും ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരുന്നു. കഴിവില്ലാത്തവരും കൊള്ളരുതാത്തവരും അടുക്കളയിൽ ഒതുക്കേണ്ടവരുമാണ് സ്ത്രീകൾ എന്ന ധാരണ മാറിയിരിക്കുന്നു. അറിയാവുന്ന പണി എന്തായിരുന്നാലും സ്ത്രീപുരുഷ ഭേദമന്യേ ഏറ്റെടുക്കാൻ ഒരു വിഭാഗം തയ്യാറായി നിൽക്കുന്നു.ബസ്സിന്റെ ഡ്രൈവർമാരും, കണ്ടക്ടർമാരും, പോലീസ് സേനാ അംഗങ്ങളും ഒക്കെയായി യുവതികൾ മാറിയിരിക്കുന്നു. കുടുംബശ്രീയും ജനശ്രീയും നിരവധി കാർഷിക വ്യവസായിക പരിഷ്ക്കാരങ്ങൾക്ക് ഊന്നൽ കൊടുക്കുന്പോൾ സ്ത്രീകൾക്കാണ് മുൻഗണന. സമൂഹത്തിൽ  സഹായമർഹിക്കുന്നവർക്ക് സഹായ ഹസ്തം നീട്ടാൻ നിരവധി സാമൂഹ്യ സംഘടനകളും പരിശ്രമിക്കുന്നുണ്ട്. രക്തബാങ്ക്, അവയവധാന കൂട്ടായ്മകൾ ഇവയൊക്കെ സജീവമാണിന്ന്. സ്കൂളിൽ പഠിക്കുന്ന കുട്ടികൾ ചേർന്ന് വീടില്ലാത്ത സഹാപാടികൾക്ക് പിരിവെടുത്ത് വീട് വെച്ച് കൊടുക്കാൻ മുൻകൈ എടുക്കുന്നു. ഗവൺ‍മെന്റും ഇത്തരം പദ്ധതികളെ പ്രോത്സാഹിപ്പിക്കുന്നു. കാരുണ്യ ലോട്ടറി തന്നെ അതിനു ഉദാഹരണമാണ്.പക്ഷേ ഇവയൊക്കെ ചിലർക്ക് പേരെടുക്കാൻ വേണ്ടിയുള്ള മത്സരത്തിന്റെ ഫലമായി പ്രവർത്തിക്കുന്നവയാണെന്ന് സന്ദേഹിക്കുമാറ് കാര്യങ്ങൾ നീങ്ങുന്നത് അണിയറയിൽ വ്യക്തമാണ്. എന്താണിതിനു കാരണം? മൂല കാരണം നമ്മുടെ കുടുംബങ്ങൾ. സമൂഹത്തിന്റെ കണ്ണികളായ കുടുംബങ്ങൾ നേരെ ചൊവ്വേ അല്ല എന്നതാണ്. ആർക്കും സമയമില്ലാത്ത ഈ കാലത്ത്, സമൂഹത്തിൽ കൊടി പിടിക്കാനും മുദ്രാവാക്യങ്ങൾ മുഴക്കാനും ഒരുപാട് സമയം കണ്ടെത്തുന്ന ഈ കാലത്ത്, കുടുംബങ്ങൾ തമ്മിൽ കൂട്ടായ്മ ആചരിക്കുവാൻ ആരും അധികം മെനക്കെടാറില്ല. മനസ് ഒന്ന് തുറക്കാൻ ആരുണ്ട് ആ വീട്ടിൽ? കേൾക്കാൻ ചെവിയുള്ളവർ തുലോം ചുരുക്കം. കാണാൻ കണ്ണും വാ തോരാതെ സംസാരിക്കാൻ നാവും ധാരാളമുണ്ട്. മന്ദീഭവിച്ച കാതുകളാണ്  ശാപം! അതുകൊണ്ടുതന്നെ മായ തളം കെട്ടിയ അകത്തളങ്ങളാണ് മതിലുകൾക്കുള്ളിൽ.

ഒരമ്മയ്യ്ക്ക് പിറന്ന 2 ആണ്‍മക്കൾ. രണ്ടുപേരും ഗൾഫിൽ പോയി ചുരുങ്ങിയ സമയത്തിനുള്ളിൽ കുറെ പണം സന്പാദിച്ചു നാട്ടിൽ തിരിച്ചെത്തി ബിസിനസ് തുടങ്ങി. രണ്ടുപേരും വിവാഹിതരായി കഴിഞ്ഞപ്പോൾ ഭാര്യമാർ അവരുടെ ഭർത്താക്കന്മാരെ സ്വാർത്ഥമതികളകാൻ നിർബന്ധിച്ചു. അച്ഛൻ മൂത്തമകന്റെ ഭാഗത്തും അമ്മ ഇളയ മകന്റെ ഭാഗത്തും നിലയുറപ്പിച്ച് തമ്മിൽ പിണക്കവും യുദ്ധവും ആരംഭിച്ചു. ഒരുവനേക്കാൾ മറ്റവന് പണക്കാരനാകണമെന്ന തള്ളലിൽ 17 ൽ പരം കേസുകൾ സഹോദരങ്ങൾ തമ്മിൽ. അവർ ബന്ധ വൈരാഗികളായി. കാരണക്കാർ ഭാര്യമാരും. ഇതിനിടെ അനുജന് കിഡ്നി രോഗം. രണ്ട് വൃക്കകളും തകരാറിലായി. വൈദ്യശാസ്ത്രം കൈമലർത്തി. മരണക്കിടക്കയിൽ ജേഷ്ഠനെ കാണണമെന്ന് അനുജന് ആഗ്രഹം. സമ്മർദ്ദത്തിനു വഴങ്ങി ജേഷ്ഠൻ എത്തി. ആ കൈ പിടിച്ച് യാത്ര ചോദിച്ചു, പിണങ്ങിയതിന് ക്ഷമ ചോദിച്ചിട്ട് ആ ശ്വാസവും ഉടൻ നിലച്ചു. ഈ പോരാട്ടത്തിൽ ആർ എന്ത് നേടി? ഉത്തരമില്ലാത്ത ചുവന്ന ചോദ്യചിഹ്നം!

കൃഷിക്കാരനായ പിതാവ് മകനെ തന്റെ തുച്ഛമായ വരുമാനത്തിൽ നിന്ന് സ്വരൂപിച്ച് പഠിപ്പിച്ച് ഡിഗ്രിക്കാരനാക്കി. ഗൾഫിലുള്ള അയൽക്കാരന്റെ കാലു പിടിച്ച് വിസ തരപ്പെടുത്തി അവിടേക്കയച്ചു. മകന് ഭേദപ്പെട്ട ജോലി. അഹങ്കാരിയായ മകന് അന്യായമായ മാർഗങ്ങളിലൂടെ ധനം കൈവന്നപ്പോൾ അപ്പൻ പോരാ എന്ന തോന്നൽ. അവന്റെ സ്റ്റാറ്റസിനൊത്ത  അപ്പനല്ല പോലും. തൊട്ടതിനും പിടിച്ചതിനുമൊക്കെ അപ്പനിൽ കുറ്റമാരോപിച്ചു. അപ്പന്റെ പേരിലുണ്ടായിരുന്ന കുറെ തുക നിർബ്ബന്ധിച്ച് സ്വന്തം പേരിലാക്കി ആ മകൻ. ഒടുവിൽ അപ്പന് ക്യാൻസർ. മരണശയ്യയിലാണ് ആ മനുഷ്യനിപ്പോൾ. മകനെ കുറിച്ച് ഓർമ്മ വരുന്പോഴൊക്കെ അവനെ ശപിക്കുന്നു ആ പിതാവ്. സന്ദർശകരുടെ മുന്നിൽ ആ മകന് ശാപ വർഷം! പിതാവിനെ നിഷ്കരുണം അൽപ്പത്വം ഇല്ലാത്തവനാക്കിയ ആ മകന്റെ ഭാവി അഭിശപ്തമായി തീരുവാൻ ഇനിയെന്തു വേണം? എന്നിട്ടും കൂസലില്ലാതെ അപ്പനെ കുറ്റം പറഞ്ഞു കൊണ്ട് മകനും കഴിയുന്നു. പിറന്നു വീണ കുഞ്ഞു പോലും ഈ പരസ്പര പഴിചാരലിനു മൂകസാക്ഷിയാണ്. തലമുറകൾക്ക് തലവേദന!

You might also like

Most Viewed