മാതാപിതാക്കളുടെ മുട്ട് ഒടിക്കുന്ന മക്കൾ...
ഇങ്ങ് കേരളക്കരയിൽ നിന്നാണിത് എഴുതുന്നത്. രാവിലെ ചായയോടൊപ്പം വർത്തമാന പത്രം വായിക്കുക ഒരു പതിവാണല്ലോ ഇവിടെ. അവധിയിലായതുകൊണ്ട് ചെറു വാർത്തകൾ പോലും വായിക്കാൻ കഴിയുന്നു. പത്ര മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത് അക്രമത്തിന്റെയും ആർത്തിയുടെയും കദനകഥകൾ മാത്രം. ഒരാഴ്ചയായി തുടർ വാർത്തയാവുന്നത് വീട് വിട്ട് ഇറങ്ങിപ്പോയ മൂന്ന് പെൺകുട്ടികളുടെ ദുരൂഹത നിറഞ്ഞ മരണ വാർത്തയാണ്. രണ്ടു പേരുടെ മൃതദേഹങ്ങൾ റെയിൽവേ ട്രാക്കിൽ കണ്ടു. ഒരാൾ മൃതപ്രായയായി അബോധാവസ്ഥയിലായിരുന്നു. ആ ജീവനും ഒടുവിൽ പൊലിഞ്ഞു. അതിന് മുന്പ് എത്തിയത് സ്വന്തം പിതാവിന്റെ കാൽമുട്ടുകൾ അടിച്ചോടിക്കാൻ കൊട്ടേഷൻ കൊടുത്ത മകന്റെ കഥയാണ്. ഇന്നത്തെ യൗവനം പറക്കാൻ വെന്പുന്നു. മനസാക്ഷിയില്ലാതെയും കണ്ണിൽ ചോരയില്ലാതെയും അക്രമം കാട്ടുന്നു. എന്തിന് വേണ്ടി? ഉത്തരമില്ല. മൂന്ന് കുമാരികൾ വീട്ടിൽ അറിയിക്കാതെ സ്കൂളിൽ പോകുന്നു എന്ന വ്യാജേന കടന്നുകളഞ്ഞതും പല സ്ഥലങ്ങളിലും അലഞ്ഞതും ഒടുവിൽ അപമൃത്യുവരിച്ചതും എന്തിന് വേണ്ടി? ഉത്തരമില്ല, സ്വന്തം പിതാവിന്റെ മുട്ട് അടിച്ചു തളർത്തി കിടക്കയിൽ കിടത്തി പീഡിപ്പിക്കുവാനും അയാളുടെ മുൻവിധികണ്ട് നിർവൃതി അടയുവാനും കൊട്ടേഷൻ സംഘത്തിന് പണം കൊടുത്തത് എന്തിന് വേണ്ടി? ഉത്തരമില്ല, സന്ധ്യമയങ്ങുന്പോൾ ഇത്തരം നിരവധി എന്തിന് വേണ്ടി’ എന്ന ചോദ്യം അവശേഷിക്കുന്നു. ഒന്നിനും ഉത്തരമില്ല. നീതിപാലകർക്ക് ഉത്തരം കണ്ടു പിടിക്കാൻ സാധിക്കാത്ത ദുരൂഹതകളിലാണ് ഇത്തരം സംഭവങ്ങളെല്ലാം നടക്കുന്നത്. പണ്ടൊക്കെ മാതാപിതാക്കൾ ഈശ്വര സന്നിധിയിൽ മുട്ട് മടക്കി മക്കൾക്ക് വേണ്ടി കണ്ണീരോടെ പ്രാർത്ഥിച്ചിരുന്നു. അതിന്റെ ഫലമായി നന്മ നിറഞ്ഞ മേച്ചിൽ സ്ഥലങ്ങളിൽ എത്തി ചേർന്ന മക്കളും മക്കളുടെ മക്കളും ഇന്ന് മാതാപിതാക്കളുടെ മുട്ട് അടിച്ചൊടിച്ച് തളർത്തി മടക്കുവാൻ വെന്പൽ കൊള്ളുന്നു. എന്തൊരു വിരോധാഭാസം. സാങ്കേതിക വിദ്യയുടെ അമിത പ്രസരം കൊണ്ടാണോ, തൃപ്തിയില്ലായ്മയുടെ വേലിയേറ്റം കൊണ്ടാണോ, രക്ത ബന്ധങ്ങളുടെ വിലയെന്തെന്ന് മതിക്കപ്പെടാൻ അവസരങ്ങൾ ഇല്ലാത്തതു കൊണ്ടാണോ, എന്തു കൊണ്ടോ ചുറ്റുപാടുമുള്ള സംഭവങ്ങൾ നമ്മെ കൊഞ്ഞനം കുത്തികാട്ടുന്നു.
ഇതിന് ഒരു റെഡിമെയ്ഡ് ഉത്തരം പരതിയാൽ മനസിലാകും നമ്മുടെ വേരുകൾ നാം മറക്കുന്നു എന്ന സത്യം. ജനിപ്പിച്ച സാഹചര്യം, വളർന്ന രീതി, പഠിച്ച പാഠങ്ങൾ, കരുപ്പിടിപ്പിച്ച സ്നേഹ സുഹൃത്ത് ബന്ധം ഇവയൊക്കെ ഇന്ന് നാം പെട്ടന്ന് മറക്കുന്നു. ഒരു ചെടി തന്നെ നട്ടു പിടിപ്പിക്കുന്നതിനും അതിന് വേരിറങ്ങുന്നതിനും, വേരുറയ്ക്കുന്നതിനും, വേര് കാത്തുസൂക്ഷിക്കുന്നതിനുമുള്ള സാഹചര്യങ്ങൾ അനുകൂലമായില്ലെങ്കിൽ അത് വാടിക്കരിഞ്ഞു പോയ ഇന്നത്തെ മനുഷ്യ ബന്ധങ്ങളും ഇതുപോലെ തന്നെ. അടിസ്ഥാനമറിഞ്ഞ് മറന്നു പോയാൽ ബന്ധങ്ങൾക്ക് വിലയില്ലാതെ വരും. മനുഷ്യ മനസുകൾ തമ്മിലുള്ള ഊഷ്മളത ഇന്ന് എത്രകണ്ട് നിലവിലുണ്ട് എന്ന് ഒന്ന് തിരിഞ്ഞു നോക്കുക. ഇന്ന് എല്ലാം പണംകൊണ്ട് സാധിപ്പിച്ചെടുക്കാമെന്ന ഒരു അവസ്ഥയാണ്. ഒരു വിവാഹം തന്നെയെടുക്കുക. പണ്ടൊക്കെ അയലത്ത് വീട്ടുകാരും സുഹൃത്തുക്കളും ചേർന്ന് ഭക്ഷണം പാകമാക്കുകയും പന്തലിടുകയും വിവാഹത്തിന് വേണ്ട സർവ്വ സജീകരണങ്ങളും ഒരുക്കുകയും ചെയ്തിരുന്നു. അന്നൊക്കെ അനിർവചനീയമായ ഒരു ഒരുമ മനുഷ്യർ തമ്മിൽ അനുഭവപ്പെട്ടിരുന്നു. നർമ്മരസം കലർന്ന സംഭവങ്ങളെല്ലാം ഫലിതങ്ങളും തകർത്തുകൊണ്ട് കൊച്ചു വർത്തമാനവും പറഞ്ഞ് അന്ന് ഇതൊക്കെ സന്മനസോടെ പ്രതിഫലേച്ഛ കൂടാതെ സുഹൃത്തുക്കളും ബന്ധുക്കളും അയൽക്കാരും ചേർന്ന് നടത്തിയിരുന്നു. ഇന്നത്തെ അവസ്ഥയോ? മേൽപ്പറഞ്ഞ കാര്യങ്ങൾക്ക് ആരെയും ആശ്രയിക്കേണ്ട ആവശ്യമില്ല. എല്ലാം കൊട്ടേഷനിലൂടെ അല്ലെങ്കിൽ ഇവന്റ്് മാനേജ്‌മന്റ് കന്പനികളിലൂടെ സാധിച്ചെടുക്കാം. എന്തെല്ലാം വേണ്ടത് എന്ന ആവശ്യം മാത്രം നിരത്തിയാൽ മതി. പിന്നെ ഒന്നും അറിയേണ്ട കാര്യവുമില്ല. പണം മാത്രം നൽകിയാൽ മതി. അങ്ങിനെ തൊട്ടതിനും പിടിച്ചതിനും ഒക്കെ കൊട്ടേഷൻ കൊടുക്കുന്ന സംസ്ക്കാരം ഉടലെടുത്തു. ഇപ്പോൾ പിതാവിന്റെ മുട്ട് അടിച്ചുപൊട്ടിക്കുന്നത്തിന് വരെ കൊട്ടേഷൻ, നാം മനുഷ്യർ ഈ പുതിയ സംസ്ക്കാരത്തെ വളരെ വേഗം ഉൾക്കൊണ്ടു കഴിഞ്ഞു. പരിഷ്ക്കാരത്തിന്റെ പുതിയ പടവുകൾ ചവിട്ടിക്കയറുന്ന മനുഷ്യൻ മൂല്യാധിഷ്ടിതമായ പഴയ സംസ്ക്കാരത്തിന്റെ പായൽ പിടിച്ച പടുകൂറ്റൻ മതിൽ കെട്ടുകൾ ഇടിഞ്ഞ് തകരുന്നത് കാണുന്നില്ല. കാണുന്നു എങ്കിലും കണ്ടു എന്ന് നടിക്കുന്നില്ല. ദ്രവിച്ച വേരുകളെ പറിച്ചു മാറ്റുവാൻ വെന്പൽ കൊള്ളുന്ന ഇന്നത്തെ തലമുറ സഹതാപമർഹിക്കുന്നു. നാല് മക്കളും ഉപേക്ഷിച്ച് എൺപതുകാരി വൃദ്ധയെ കടത്തിണ്ണയിൽ നിന്ന് നാട്ടുകാർ പൊക്കിയെടുത്ത് വൃദ്ധ സദനത്തിൽ എത്തിച്ച വാർത്ത കഴിഞ്ഞ മാസത്തെ ചൂടേറിയ വാർത്തകളിലൊന്നായിരുന്നു. തന്റെ സ്വത്തെല്ലാം മക്കൾക്ക് എഴുതിവെച്ച് സന്മനസ് കാട്ടിയ വൃദ്ധനായ പിതാവിനെ നിഷ്ക്കരുണം നാല് മക്കളും ചേർന്ന് വീട്ടിനുള്ളിൽ അടിച്ചിറക്കിയതും വാർത്ത ആയില്ലേ? ഇത്തരം വാർത്തകൾക്ക് ഇന്ന് പഞ്ഞമില്ല. വേരുകൾക്ക് വില കൽപ്പിക്കാത്ത മക്കൾ. ഇന്ന് പച്ചിലയാണെങ്കിലും അത് പഴുത്ത് താഴേയ്ക്ക് പൊഴിയുന്നുയെന്ന് മാത്രം അവർ മറക്കുന്നു. കുടുംബ ബന്ധങ്ങൾ സൗകര്യാർത്ഥം വാണിജ്യവൽക്കരിക്കപ്പെട്ടിരുന്ന കാലത്ത് വേരുകളെ പറ്റി സംസാരിച്ചത് കൊണ്ട് എന്ത് കാര്യം. അമേരിക്കയിൽ ജോലി ചെയ്യുന്ന മകനെ സന്ദർശിക്കുന്നത്തിന് അവിടേയ്ക്ക് പോയ മാതാപിതാക്കളുടെ കഥയും പത്രതാളുകളിൽ തെളിഞ്ഞ് കണ്ടു. മകന് ഒരു കുഞ്ഞുണ്ടായത് പ്രമാണിച്ചാണ് മാതാപിതാക്കൾ അവിടേയ്ക്ക് പോയത്. കുട്ടി ജനിച്ചതിനുശേഷം മകൻ അപ്പനോട് പറഞ്ഞു ഡാഡി നാട്ടിലേയ്ക്ക് പൊയ്ക്കോ, ഇവിടെ കഴിഞ്ഞു ബോറടിക്കേണ്ട, ഡാഡിക്ക് നാടാണ് നല്ലത്. മമ്മി ഇവിടെ നിന്നുകൊള്ളട്ടെ. മമ്മിയെ അവിടെ നിർത്താൻ നിശ്ചയിച്ചത് കുഞ്ഞിനെ നോക്കാൻ ശന്പളം കൊടുക്കാതെ ഒരാളാകുമല്ലോ എന്ന് കണക്കാക്കിയാണ്. ഒരു ആയയെ കുഞ്ഞിനെ നോക്കാൻ നിയമിച്ചാൽ ഭീമമായ തുക മാസം തോറും അവർക്ക് നൽകേണ്ടി വരും. അമ്മയാകുന്പോൾ വാത്സല്യത്തോടെയും കരുണയോടെയും പേരക്കുട്ടിയെ ശുശ്രൂക്ഷിക്കുകയും ചെയ്യും. പാവം ഡാഡി ഒറ്റയ്ക്ക് തിരികെ വിമാനം കയറി. ഡാഡി ഇവിടെ എങ്ങനെ കഴിയും. തന്റെ വാർദ്ധക്യകാലത്തുള്ള ഏക തുണ തന്റെ ഭാര്യ ആയിരുന്നു. ജീവിതത്തിന്റെ സായം കാലത്തിലെങ്കിലും ജീവിത സഖിയുടെ കൂട്ടായ്മ ആശ്വാസവും സമാധാനവും നൽകുമെന്ന സത്യം ഓർക്കുന്പോൾ ആ ഡാഡി പോട്ടിക്കരഞ്ഞു പോകുന്നു. ഒരു വളർത്തു നായയും മണിക്കൂറിന് കൂലി പറഞ്ഞു വരുന്ന ഒരു വീട്ടുജോലിക്കാരിയുമാണ് അദ്ദേഹത്തിന് ഏക ആശ്രയം. ഞാൻ മയൂര സന്ദേശത്തിലെ വരികൾ ഓർത്തു പോകുന്നു.
ലീലാരണ്യേ വിഹഗമൃഗയാലോലനായേകദാ ഞാൻ
നീലാപാംഗേ, കമപി നിഹനിച്ചീടിനേൻ നീഡജത്തെ
മാലാർന്നാരാൽ മരുവുമിണയെക്കണ്ടു നീ താംചനേതും
കാലാഗാരം സപദി കൃപയാ കാതരേ, ചൊല്ലിയില്ലേ?
ഇത്തിക്കിളി വെടിയേറ്റ് നിലം പതിച്ചപ്പോൾ ദുഖിതനായി തീർന്ന മറ്റേ കിളിയെക്കൂടെ കാലപുരിയിലേക്കയക്കുവാനുള്ള പ്രിയതമയുടെ പ്രിയതമനോടുള്ള കരളുരുകിയുള്ള കേഴലാണിവിടെ പ്രതിപാദിച്ചിരിക്കുന്നത്. ദയാ വധത്തിന് നിയമ സാധുതയുണ്ടായിരുന്നുവെങ്കിൽ ഇവിടെ ഒരു പ്രായം കഴിഞ്ഞ പല വൃദ്ധ ദന്പതികളും ദയാവധത്തിന് സമ്മത പത്രത്തിനായി കോടതിയിൽ തള്ളിക്കയറും എന്നതിന് രണ്ട് പക്ഷമില്ല. മക്കൾ മുട്ട് തല്ലി ഒടിക്കുന്നത്തിന് മുന്പ് മുട്ടില്ലാത്ത മറു ലോകത്തെ സ്വസ്ഥത തേടി അവർ എന്നേ പറന്ന് അകന്നേനെ.
മലയാളക്കരയിലെ ഈ ദുരവസ്ഥയ്ക്ക് കാരണങ്ങളെന്ത്? മക്കൾ വിദേശത്ത് ചേക്കേറുന്നതാണോ? ജീവനമാർഗ്ഗം തേടി അവർ മറുനാട്ടിൽ ജോലിക്കായി പോകുന്നതിനെ ഇങ്ങനെ ദുർവ്യാഖ്യാനം ചെയ്യുന്നത് ശരിയാണോ? നമ്മുടെ ചില ഗ്രാമങ്ങളിൽ ശരാശരി ഒരാളെങ്കിലും ഒരു വീട്ടിൽ നിന്ന് പുറം നാട്ടിൽ ജോലി ചെയ്യുന്നുണ്ട്. കോടികണക്കിന് രൂപ ഗവൺമെന്റിന് അവർ നാട്ടിലേയ്ക്ക് അയക്കുന്ന പണത്തിന്റെ കപ്പമായി ലഭിക്കുന്നുമുണ്ട്. എങ്കിലും പ്രവാസികൾ അവഗണിക്കപ്പെടുന്നു. നാട്ടുകാരും വീട്ടുകാരും അധികാരികളും പ്രവാസികളെ ഗൗനിക്കുന്നില്ല. അവന്റെ പണം അവർക്ക് വേണം, പക്ഷെ അവന്റെ മൗലീക അവകാശങ്ങളും ആനുകൂല്യങ്ങളും വകവെച്ചുകൊടുക്കാൻ അവർ തയ്യാറല്ല. എരിതീയിൽ എണ്ണയെന്ന വണ്ണം വൃദ്ധമാതാപിതാക്കളുടെ സംരക്ഷണം ചില പ്രാവാസികൾക്കെങ്കിലും ഒരു ചോദ്യചിഹ്നമായി മുഴച്ചു നിൽക്കുന്നു. ജോലി കളഞ്ഞു തിരികെ നാട്ടിലെത്തി മാതാപിതാക്കളെ സംരക്ഷിക്കുന്ന കർമ്മം ഏറ്റെടുത്താൽ, വരുമാനമെവിടുന്ന് ലഭിക്കും? കാര്യമായ സന്പാദ്യം ഒന്നുമില്ല. അപ്പോൾ അന്യന്റെ മണ്ണിൽ പിടിച്ചു നിൽക്കുകയല്ലാതെ മറ്റ് മാർഗ്ഗമില്ല. ഈ ഉരാക്കുരുക്കിലാണ് പല പ്രവാസികളും. ഈ പ്രവാസിയുടെ മക്കൾ വളരുന്നതെയുള്ളൂ. അവർ ഒരു നിലയിലാകുന്പോൾ അവരുടെ മാതപിതാക്കളോടുള്ള നിലപാട് ഇതിലും കടുത്തതായിരിക്കും അല്ലെ? മക്കളെ പറ്റി ദിവാസ്വപ്നം കാണുന്ന പ്രവാസി മാതാപിതാക്കൾ ഉറക്കെ ചിന്തിക്കേണ്ട ഒരു സത്യമാണിത്. താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധാപൂർവ്വം ഗ്രഹിക്കുന്നത് നന്നായിരിക്കും.
1. മക്കളെ വളർത്തുന്നത് അവർ ഒരു നിലയിലാകുന്പോൾ മാതാപിതാക്കളെ സംരക്ഷിക്കും എന്ന പ്രതീക്ഷയിലാകരുത്. മിക്ക ഭവനങ്ങളിലും മക്കളെ പറ്റി വലിയ പ്രതീക്ഷകളുമായി മാതാപിതാക്കൾ ഇടപെടുകയും മക്കൾക്ക് അമിത കരുതൽ നൽകുകയും ചെയ്യുന്നു. പ്രതീക്ഷയ്ക്കൊത്ത് അവർ ഉയരാതിരുന്നാൽ ബന്ധങ്ങൾക്ക് പോറൽ സംഭവിക്കുന്നു. മാതാപിതാക്കൾ നിരാശയിലാകുന്നു. അവർക്കെതിരാകണമെന്ന തീരുമാനം അവരെ കൊണ്ട് എടുപ്പിക്കാതെ അവർക്ക് വേണ്ടി തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുന്ന രക്ഷിതാക്കളെ മക്കൾ ഉള്ളുകൊണ്ട് വെറുക്കും. ഈ വെറുപ്പ് മനസ്സിൽ കാത്ത് സൂക്ഷിച്ച് കൗമാരത്തിലെ മുറിവുകളുമായി തീരും. അത് യൗവനത്തിലും പിൽക്കാലത്തെ ജീവിതത്തിലും ഉണങ്ങാതെ മനസിൽ കുന്നുകൂടി കിടക്കും. തൽഫലമായി മാതാപിതാക്കളെ കരുതുവാനുള്ള താൽപ്പര്യം മക്കൾക്കില്ലാതെ വരുന്നു. അവർ അവരുടെ വഴിയെ പോകുന്നു. ഇത്രയും പഠിപ്പിച്ച് ഒരു നിലയിലാക്കിയിട്ടും മക്കൾ തിരിഞ്ഞു നോക്കുന്നില്ല എന്ന് മാതാപിതാക്കൾ വാർദ്ധക്യത്തിൽ തിരിച്ചറിയുന്പോൾ അവർക്കുണ്ടാകുന്ന വ്യഥ അവർണ്ണനീയമാണ്. അതുകൊണ്ട് മക്കളിൽ പ്രതീക്ഷ വെയ്ക്കാതിരിക്കുക. ബാങ്കിൽ പണം നിക്ഷേപിച്ചാൽ പലിശയും മുതലും കിട്ടുമെന്നത് പോലെ മക്കളിൽ ആശയും ധനവും നിക്ഷേപിക്കുന്നവർക്കുള്ള ഗതികേടാണിത്. മാതാപിതാക്കൾ വാർദ്ധക്യത്തിലും കാലിടറാതിരിക്കാൻ ചെറുപ്പത്തിലെ കരുതിവെക്കണം. അവർക്കുള്ള കരുത്തൽ ധനവും മറ്റു സാഹചര്യങ്ങളും. അഞ്ച് ആൺ മക്കളെ പ്രതീക്ഷയോടെ വളർത്തിയ ഒരു പിതാവിനെ എനിക്കറിയാം. വലിയ സ്വപ്നങ്ങളായിരുന്നു അദ്ദേഹത്തിന്. ഡോക്ടർ, എഞ്ചിനീയർ, ലോയർ, രാഷ്ട്രീയക്കാരൻ, ബാങ്ക് ജോലിക്കാരൻ എന്നിങ്ങനെ. അവിടെയൊന്നും അവരെത്തിയില്ല. അടുത്തടുത്ത് അഞ്ചു രമ്യ ഹർമ്യങ്ങളും മക്കൾക്കായി അദ്ദേഹം സ്വപ്നം കണ്ടു. അതും നടന്നില്ല. അവസാനം സ്വന്തം വീട് ഇളയ മകൻ ബലാൽക്കാരമായി പിതാവിൽ നിന്ന് പിടിച്ചുവാങ്ങി. ആദ്ദേഹം വാടക വീട്ടിൽ കഴിയേണ്ടി വന്നു. ഗ്രഹിക്കാൻ ശക്തിയുള്ളവൻ ഗ്രഹിക്കട്ടെ അതുകൊണ്ട് പ്രതീക്ഷ വേണ്ട മക്കളെ പറ്റി. പകരം കടമകൾ നിറവേറ്റുക. ഒന്നും തിരികെ കിട്ടുമെന്ന പ്രതീക്ഷയുമരുത്.
2. സമൂഹത്തിൽ പാലിക്കേണ്ട സാമാന്യ മര്യാദകൾ മക്കളെ അഭ്യസിപ്പിക്കാൻ മാതാപിതാക്കൾ മറന്നു പോകുന്നു. സകലവും വെട്ടിപ്പിടിക്കാനുള്ള വെപ്രാളത്തിനിടയിൽ മക്കൾക്ക് സദാചാരബോധവും സാമാന്യ മര്യാദകളും ഓതിക്കൊടുക്കുവാൻ മാതാപിതാക്കൾക്ക് സമയമില്ല. അവരപ്പോൾ വളരുന്നതുപോലെ വളരുന്നു. വളർത്തേണ്ടത് പോലെ വളർത്താൻ സാധിക്കാത്ത മാതാപിതാക്കൾ പിൽകാലത്ത് ദുഖിക്കേണ്ടി വരും. മുതിർന്നവരെ ബഹുമാനിക്കുക, ആതിഥ്യ മര്യാദ പാലിക്കുക, അർഹിക്കുന്നവന് സഹായഹസ്തം നീട്ടുക എന്നീ സ്വഭാവ മഹിമകൾ മക്കളിൽ കുത്തിവേക്കേണ്ടത് ജീവിത ശൈലിയിലൂടെ മാതാപിതാക്കളാണ്. മക്കൾക്ക് കൈമാറുവാൻ ഒരു ജീവിതമൂല്യവുമില്ലാത്ത പിതാവും മാതാവും മൂല്യമില്ലാത്ത മക്കളെ കണ്ടു മാറത്തടിക്കേണ്ടി വരും. കോടികളുടെ ബാങ്ക് ബാലൻസ് കരുതിയത് കൊണ്ട് മാത്രം മക്കൾ മൂല്യ ബോധമുള്ളവരായി തീരണമെന്നില്ല. എന്റെ പിതാവിൽ നിന്ന് എനിക്കെന്തു ജീവിതമൂല്യം കിട്ടി എന്ന് പിൽക്കാലത്ത് മകൻ വീണ്ടു വിചാരം നടത്തുന്പോൾ ശൂന്യതയാണ് അനുഭവപ്പെടുന്നതെങ്കിൽ ആ പിതാവിനെ ഒർക്കുവാൻ പോലും അവൻ കൂട്ടാക്കില്ല. പിൻതലമുറയ്ക്ക് കൈമാറാവുന്ന ഏറ്റവും വലിയ മുതൽ കൂട്ടാണ് ജീവിത മൂല്യം. വഴിപിഴച്ച ജീവിതത്തിന്റെ ഉടമകളായ യുവാക്കളെ നോക്കി സമൂഹം കമന്റടിക്കാറുണ്ട്. വളർത്തു ദോഷം ആണിത്. എന്ത് സൽസ്വഭാവികളായ ചെറുപ്പക്കാരെ നോക്കി, അതേസമൂഹം നല്ലതും പറയാറുണ്ട്. അയാളുടെ മാതാപിതാക്കളും ഇത്തരക്കാർ തന്നെയായിരുന്നു . മനുഷ്യൻ മരിച്ചാലും അവന്റെ മൂല്യങ്ങൾക്ക് മരണമില്ല. തലമുറ തലമുറ കൈമാറി ജീവിത മൂല്യങ്ങളുടെ ദീപശിഖ കെടാതെ സൂക്ഷിക്കുന്ന ചുരുക്കം ചില കുടുംബങ്ങൾ എങ്കിലും നമ്മുടെ ഇടയിലുണ്ട്. അവരെ കണ്ടു പഠിക്കുക. മക്കൾക്കായി ഈശ്വര സന്നിധിയിൽ മുട്ട് മടക്കുക, കൈകൾ കൂപ്പുക, അപ്പോൾ വസന്തം വിരിയും. ജീവിത സായാഹ്നത്തിലും സമാധാനത്തിന്റെ വെള്ളിരേഖ തെളിഞ്ഞു കാണാം. അപ്പോൾ മരിക്കാനായി ജനിച്ചവരല്ല നാം, ജീവിക്കാനായി ജനിച്ചവരാണ് നാമോരുരുത്തരും.