സഹിക്കുവാനും വഹിക്കുവാനുമുള്ള ശക്തി
ജീവിതം ഒരു യാത്രയല്ലേ? ഈ യാത്രയിൽ എന്തെല്ലാം സഹിക്കേണ്ടതായി വരും. അപ്പോൾ പതറുന്നവരാണെങ്കിൽ സ്വസ്ഥത എങ്ങനെ കിട്ടും. പ്രതിസന്ധികളെ നേരിടുവാനും അതിൽ നിന്നും ഊർജ്ജമുൾകൊണ്ട് പുതിയ അനുഭവങ്ങൾ മെനെഞ്ഞെടുക്കുവാനും കഴിയുന്നതിനുള്ള ശക്തി ഉള്ളവർക്ക് മാത്രമേ സമധാനത്തോടെ ഓരോ ദിവസത്തെയും വരവേൽക്കുവാൻ കഴിയൂ. ഈ ശക്തിയുടെ ശ്രോതസ് എന്ത് എന്ന് ചിന്തിക്കുന്നത് ഉചിതമായിരിക്കും.
ക്രിയാത്മക സഹനം (creative suffering) എന്ന കൃതിയുടെ ഗ്രന്ഥ കർത്താവ് ഡോ. പോൾ ടൂർണിയർ, മനസിന് മുറിവേറ്റവരും സഹനത്തിന്റെ തീച്ചൂളയിൽ കഴിഞ്ഞവരുമായ അനേകരെ നേരിടുകയും അവർക്ക് സ്വാന്ത്വനവും സൗഖ്യവും കൈവരുത്തുകയും ചെയ്ത മഹാനായ ഒരു കൗൺസിലറായിരുന്നു. ലോക ചരിത്രത്തിൽ നിർണ്ണായക സ്വാധീനം ചെലുത്തിയിട്ടുള്ള പല വ്യക്തികളും അനാഥത്വത്തിൽ വളർന്നവരായിരുന്നുവെന്ന് അദ്ദേഹത്തിന്റെ കൃതിയിൽ ചൂണ്ടികാട്ടിയിട്ടുണ്ട്. മഹാനായ അലക്സാണ്ടർ ചക്രവർത്തി, ജൂലിയസ് സീസർ, ജോർജ് വാഷിംഗ്ടൺ, നെപ്പോളിയൻ, ഗോൾഡാ മേയർ, ഹിറ്റ്ലർ, സ്റ്റാലിൻ, കാസ്ട്രോ തുടങ്ങിയവർ ഇതിൽപെടും.
മാതാപിതാക്കളുടെ സംരക്ഷണവും പരിപോഷണവും കുഞ്ഞുങ്ങൾക്ക് അനുപേക്ഷണീയമാണെങ്കിലും അത് ലഭ്യമാകാത്ത പലരും തങ്ങളുടെ പരാധീനത ഉൾക്കരുത്തോടെ നേരിട്ടവരാണ്. നിരന്തരമായ പോരാട്ടത്തിലൂടെയും നിശ്ചയദാർഢ്യത്തിലൂടെയും അവർ ഔന്നത്യത്തിന്റെ കൊടുമുടികൾ പിടിച്ചടക്കുകയാണ് ചെയ്യുന്നത്. ഡോക്ടർ ടൂർണിയർ തന്നെയും അനാഥത്വത്തിൽ നിന്ന് ഉയർന്നു വന്ന വ്യക്തിയാണ്.
നമ്മുടെ സാഹചര്യങ്ങളും പശ്ചാത്തലവും നിഷ്പക്ഷമാണെന്നു അദ്ദേഹം പറയുന്നു. നാം എങ്ങനെ അവയോടു പ്രതികരിക്കുന്നു എന്നാണ് പ്രധാനം. അവ നല്ലതാകട്ടെ, തീയതാകട്ടെ, അവയെ അങ്ങനെയാക്കി തീർക്കുന്നത് നമ്മുടെ വീക്ഷണവും സമീപനവുമാണ്. എന്നാൽ പലപ്പോഴും സംഭവങ്ങളെയും സാഹചര്യങ്ങളെയും നാം നിയന്ത്രിക്കേണ്ടതിനു പകരം അവ നമ്മെ സ്വാധീനിച്ചു നിയന്ത്രിക്കുന്ന അവസ്ഥയാണുള്ളത്. നമ്മുടെ പ്രതികരണങ്ങൾക്ക് നാം തന്നെ ഉത്തരവാദികൾ. രോഗത്തിലോ ദുരന്തത്തിലോ എത്തുന്നവർ അവരുടെ പ്രതിസന്ധിയെ ക്രിയാത്മകമായി നേരിട്ട് സ്വന്തം വ്യക്തിത്വം പുഷ്ടിപ്പെടുത്തുന്നതിനു പകരം നിഷേധാത്മകമായി പ്രതികരിച്ചു വ്യക്തിത്വത്തെ മുരടിപ്പിക്കുന്ന അനുഭവങ്ങൾ ധാരാളം ഉണ്ട്. തിന്മ നിറഞ്ഞതും നിരാശ ജനകവുമായ സാഹചര്യത്തോട് എപ്രകാരം ക്രിയാത്മകമായി പ്രതികരിക്കണമെന്നു മഹാത്മാഗാന്ധി നമ്മെ പഠിപ്പിച്ചു. അമേരിക്കയിലെ മാർട്ടിൻ ലൂഥർ കിംഗ് സ്വജീവിതത്തിൽ അതു പ്രാവർത്തികമാക്കി.
സഹനത്തിന്റെ സാധ്യതകളും പ്രയോജനങ്ങളും വിലയേറിയവയാണ്. അവയിൽ ചിലത് അക്കമിട്ടു അവതരിപ്പിക്കുന്നു
1. സഹിക്കുകയും വഹിക്കുകയും ചെയ്യുന്നതിലൂടെ വിമോച്ചനത്തെ പറ്റിയും ഉദ്ധാരണത്തെ പറ്റിയും ഗൗരവമായി ചിന്തിക്കാനും അതിന്റെ അനിവാര്യതയും ആവശ്യകതയും ബോധ്യപ്പെടാനും സാധിക്കുന്നു.
2. കഷ്ടതയിലൂടെ കടന്നു പോകുന്പോൾ ഈശ്വരാശ്രയം മാത്രമല്ല, സഹായത്തിനായി സമസ്യഷ്ടങ്ങളിലേയ്ക്ക് തിരിയുന്നതിലൂടെ നാം പരസ്പരം ആശ്രയിച്ചും സഹകരിച്ചും കഴിയേണ്ട വരെന്ന് തിരിച്ചറിയുക.
3. സ്വന്തം മഹത്വത്തിലും സ്ഥാന മഹിമയിലും ആശ്രയിച്ചിരുന്നവർ വിനീതരാകുവാനും തങ്ങളുടെ നിസഹായാവസ്ഥ അംഗീകരിക്കാനും സന്നദ്ധരാകുന്നു.
4. സന്പത്തിലും മറ്റു വസ്തുക്കളിലും ആശ്രയം വെച്ചിരിക്കുന്നവർ മറ്റു വ്യക്തികളിലും സമൂഹത്തിലും ആശ്രയം അർപ്പിക്കുന്നു.
5. സഹനത്തിലൂടെ കടന്നു പോകുന്നവർ കിട മത്സരത്തിന് ഒരുന്പെടാതെ പരസ്പര സഹകരണത്തിന്റെ പാതയിലെത്തുന്നു.
6. കഷ്ടതയിൽ എത്തുന്പോൾ ആവശ്യങ്ങളും ആഡംബരങ്ങളും തമ്മിൽ വിവേചിച്ചറിയാൻ സംഗതിയാകുന്നു.
7. സഹനത്തിലൂടെ ക്ഷമയുടെ ആദ്യപാഠങ്ങൾ പഠിക്കുന്നു.
8. സാങ്കൽപ്പിക ഭയവും യഥാർത്ഥ ഭയവും തമ്മിൽ തിരിച്ചറിയാൻ സാഹചര്യമുണ്ടാക്കുന്നു.
9. ഉപദേശങ്ങൾ സദ്‌വാർത്തകളായിത്തീരുന്നു. അവ ഭീഷണിയോ ശാസനയോ ആയി തോന്നുകയില്ല.
10. സന്പൂർണ്ണ സമർപ്പണത്തിനായി സ്വയം ഒരുക്കപ്പെടുന്നു.
സഹനത്തിന്റെ പാരമ്യതയിലെത്തിയ ഉത്തരേന്ത്യയിൽ സ്ഥിരതാമസമാക്കിയ ഒരു മലയാളി കുടുംബത്തിന്റെ കരളലിയിക്കുന്ന കദനകഥ ഇത് വെളിവാക്കും.
രണ്ട് മലയാളി കുടുംബങ്ങൾ അവയിലെ യുവതീ യുവാക്കൾ പ്രേമബദ്ധരായി. വീട്ടുകാർ വിവാഹം നടത്തികൊടുക്കുവാൻ വിസമ്മതിച്ചു. അവർ രജിസ്റ്റർ വിവാഹം കഴിച്ചു. വീട്ടുകാർ രണ്ടുപേരെയും പുറത്താക്കി. അവർ ഒരു വാടകവീടെടുത്ത് താമസം തുടങ്ങി. രണ്ടു പേർക്കും ജോലിയുള്ളതുകൊണ്ട് ആരെയും ആശ്രയിക്കേണ്ടി വന്നില്ല. വിവാഹത്തിന് ശേഷം രണ്ടാഴ്ച കഴിഞ്ഞപ്പോൾ ഭർത്താവ് തലകറങ്ങി ടോയ്ലെറ്റിൽ വീണു. പരിശോധനയിൽ അദ്ദേഹത്തിന്റെ ഒരു വശം മുഴുവൻ തളർന്നു പോയി എന്ന് തെളിഞ്ഞു. കിടക്കയെ അഭയം പ്രാപിച്ചു. കിടപ്പും കഴിപ്പും മറ്റെല്ലാം കിടക്കയിൽ കിടന്നു തന്നെ. ഭാര്യ ജോലി രാജിവെച്ചു. രണ്ടു വീട്ടുകാരും സാന്പത്തിക സഹായവുമായി ഓടിയെത്തി. മരുന്നും പ്രാർത്ഥനയുമായി നാളുകൾ നീക്കി. അവരുടെ വീടിന് മുന്നിൽ ഒരു ഡോക്ടർ ദന്പതികൾ താമസിക്കുന്നുണ്ടായിരുന്നു. അവിടത്തെ ഡോക്ടർ ക്രമമായും കൃത്യമായും വന്ന് ഇദ്ദേഹത്തെ പരിശോധിച്ച് മരുന്ന് കുറിച്ച് കൊടുക്കുമായിരുന്നു അങ്ങനെ 18 വർഷം നീങ്ങി. ഒരു വിത്യാസവുമില്ല. അയലത്തെ ഡോക്ടർ ആറ് മാസത്തേക്ക് അമേരിക്കയിൽ പോകേണ്ടി വന്നപ്പോൾ ലേഡി ഡോക്ടർ ചികിത്സ ചുമതലയേറ്റു. അതേ കിടപ്പ്, അതേ മരുന്നുകൾ. ലേഡി ഡോക്ടർ ഒരു ദിവസം അദ്ദേഹത്തിന്റെ ഭാര്യയോട് പറഞ്ഞു മരുന്നിൽ ചിലത് ക്രമേണ നിർത്താം. ഇനി വലിയ പ്രതീക്ഷയൊന്നും വേണ്ട. 18 വർഷം താൻ ശുശ്രൂഷിച്ച തന്റെ പ്രിയതമനെ മരുന്ന് കുറച്ചു മരണത്തിനു കീഴടക്കണമെന്ന ആ ലേഡി ഡോക്ടറുടെ കമന്റ് കേട്ട് ഭാര്യ ഞെട്ടി. അവർ ഡോക്ടറുടെ ചെകിട്ടത്തടിച്ചു വീട്ടിൽ നിന്നിറക്കി വിട്ടു. എന്നിട്ട് ഉറക്കെ നിലവിളിച്ചു മറ്റാരുടെ അടുത്തായിരുന്നെങ്കിലും ഈ മനുഷ്യനെ ഇത്ര കണ്ടു സ്നേഹിക്കുകയും ശുശ്രൂക്ഷിക്കുകയും ചെയ്യുക ഉണ്ടാവില്ല എന്ന് എന്റെ ദൈവത്തിന് അറിയാമായിരുന്നതുകൊണ്ടാണ് സർവ്വശക്തൻ ഇദ്ദേഹത്തെ എനിക്ക് ഭർത്താവായി തന്നത്. എന്റെ ദൗത്യം ഞാൻ സംതൃപ്തിയോടെ നിർവ്വഹിക്കുന്നു. എന്തൊരു മനസാണത്. സഹിക്കുവാനും വഹിക്കുവാനും ആ മനസ്സ് വർഷങ്ങൾക്കു മുന്പേ ഒരുങ്ങിക്കഴിഞ്ഞിരുന്നു. ദാന്പത്യ ജീവിതത്തിന്റെ ഊഷ്മളത അനുഭവിച്ചറിയുന്നതിന് മുന്പേ, ഒരു കുഞ്ഞിക്കാലിന്റെ സ്വപ്നവും പൊലിഞ്ഞു, ഭാവിയെന്തെന്ന ചുവന്ന ചോദ്യത്തിന് മുന്നിൽ തലകുനിക്കാതെ ധൈര്യത്തോടെ നിലകൊണ്ട ആ യുവതിയുടെ മനക്കരുത്ത് ഊഹിക്കാവുന്നതേ ഉള്ളൂ. പതറിപോകുമെന്ന് പിറുപിറുത്ത പലരും പിടിച്ചു നിൽക്കുന്നത് കണ്ട് പടിപ്പുര കയറി പലരും സൗമനസ്യത്തൊടെ പങ്കുവെക്കാനെത്തിയത് ഈ സ്ത്രീയുടെ ധൈര്യത്തിന് മുന്നിൽ കൂപ്പുകൈകളോടെയാണ്. ഈശ്വരന്റെ വരദാനമാണ് സഹനവും വേദനയും. വേദന എന്ന വരദാനം (gift of pain) എന്ന ഗ്രന്ഥത്തിന്റെ രചിതാവായ ഡോ. പോൾ ബ്രാൻഡിന്റെ അഭിപ്രായമാണിത്. ഹതഭാഗ്യരായ കുഷ്ട രോഗികൾക്ക് പ്രത്യാശാ ഗോപുരമായി തീരത്തക്കവണ്ണം ചികിത്സാ ക്രമങ്ങളും ശസ്ത്രക്രിയകളും പ്രതിരോധ പദ്ധതികളും വെല്ലൂർ ആശുപത്രിയിൽ ജോലിയിലായിരുന്നപ്പോൾ അദ്ദേഹം ആവിഷ്ക്കരിച്ചു. അമേരിക്കയിലെ ലൂസിയാനയിൽ ഒരു കുഷ്ട രോഗ ചികിത്സ കേന്ദ്രം തന്നെ അദ്ദേഹം ആരംഭിച്ചു. വേദന മനുഷ്യനെ പറ്റിയുള്ള ഈശ്വരന്റെ പദ്ധതികളിലൊന്നാണെന്ന് അദ്ദേഹം സമർത്ഥിച്ചു. മനുഷ്യന്റെ സംരക്ഷണത്തിനും പുലർച്ചയ്ക്കും അത് അനുപേക്ഷണീയമെന്ന് ഈശ്വരൻ നിശ്ചയിച്ചുകാണും. ജീവശാസ്ത്രപരമായി ചിന്തിക്കുന്പോൾ വേദന ആവശ്യം തന്നെ എന്ന് തെളിയും. എന്നാൽ മനഃസാക്ഷി മരവിച്ചവർക്ക് ശരീരം മരവിച്ചവർക്കെന്നപോലെ വേദന അനുഭവപ്പെടാറില്ല. വേദന ഒരു മുന്നറിയിപ്പ് കൂടിയാണ്. അതുകൊണ്ട് ശാരീരികമായി അനുഭവപ്പെടുന്ന വേദനയും മനസാക്ഷിയിൽ കടന്ന് വരുന്ന നൊന്പരവും ദൈവദത്തമാണ്. കയ്പ്പേറിയ സാഹചര്യങ്ങളുടെ വൈപരീത്യങ്ങളുടെ ആഘാതങ്ങളുണ്ടാകുന്പോൾ അവയെ ദൈവദത്തമായ വരദാനങ്ങളെന്ന് എങ്ങനെ വ്യാഖ്യാനിക്കാൻ കഴിയുമെന്ന് ചിന്തിക്കുന്നവർ കാണും.
കീറിയ ഷൂസ് മാത്രം ധരിക്കുവാനുള്ള ഒരാൾ കാലുകളില്ലാത്ത ഒരാളിനെ പറ്റി ചിന്തിക്കുമോ? അസഹനീയമായ കൊതുകുകടി കൊണ്ട് കഴിയുന്ന ഒരു തടവുകാരനെ കൊതുക് ചിലപ്പോൾ ഒരു അനുഗ്രഹമാകാം. അവനെ കൂടെക്കൂടെ നിരീക്ഷിക്കാൻ കാരാഗൃഹ പ്രമാണിമാർ എത്തുകയില്ലായിരിക്കാം. ഏതു ദുരവസ്തക്കും ഒരു കാരണമുള്ളതുപോലെ ഒരു മറുവശവും കാണും. ഇടിയും മിന്നലുമായിരുന്ന ഒരു പേമാരി അന്തരീക്ഷത്തിലെ പൊടിപടലങ്ങൾക്ക് ശമനം ഉണ്ടാക്കുന്നില്ലേ.? അപ്പോൾ സഹനവും ഒരു നിമിത്തമാണെന്ന് നമുക്ക് ബോധ്യപ്പെടും. നാം അവയെ പറ്റി ഈർഷ്യപ്പെടുകയും പരാതിപ്പെടുകയും പിറുപിറുക്കുകയുമൊക്കെ ചെയ്തു എന്ന് വരാം. അവയെ മറ്റൊരുതരത്തിൽ വിലയിരുത്തുന്പോൾ ജീവിതത്തിൽ ചില പാഠങ്ങൾ നമ്മെ പഠിപ്പിക്കുന്നതിന് വിധി നമുക്കായി തിരിച്ചു വെച്ചിരിക്കുന്ന അനുഭവങ്ങളായവയൊക്കെ എന്ന് മനസിലാക്കണം. നമ്മുടെ എല്ലാ ഹൃദയ നൊന്പരങ്ങൾക്കും കണ്ണുനീരിനും, നിരാശാ ദിനങ്ങൾക്കും, ഫലശൂന്യമായ കാലങ്ങൾക്കും നാം വിധിയോടു പ്രതിബദ്ധത ഉള്ളവരായിരിക്കുക കാരണം ഇവയെല്ലാം നമ്മുടെ വളർച്ചക്ക് ഉപയുക്തമായി എന്ന് പിൽക്കാലത്ത് തിരിച്ചറിയും. തിക്തങ്ങളായ അനുഭവങ്ങളിലൂടെ നമ്മെത്തന്നെയും നമ്മുടെ ജീവിത ദൗത്യത്തെയും കണ്ടത്താൻ നമുക്ക് കഴിയും.
ചിലരെ വഹിക്കുവാനും ഉൾക്കൊള്ളുവാനും നമുക്ക് പ്രയാസമായി വന്നേക്കാം. അവർ യാത്രക്ക് നമ്മെ മാനസികമായി ദണ്ധിപ്പിക്കുന്നുണ്ടാകാം. അസ്സഹനീയമായ ദുരനുഭവങ്ങളുടെ നീർച്ചാലുകളിലേയ്ക്ക് അത്തരക്കാർ നമ്മെ വലിച്ചിഴച്ചേക്കാം. നമുടെ പ്രവർത്തികൾക്ക് ഒന്നിനും ഒരു അംഗീകാരവും അവർ നൽകിയില്ലെന്ന് വരാം. ജീവിതം മടുത്ത് അവരെ വഹിക്കുവാൻ വയ്യാത്ത അവസ്ഥയിലെത്തുന്പോൾ നാം പ്രതികരിച്ചേക്കാം. അപ്പോൾ ഹെലൻ കെല്ലറുടെ ഒരു പ്രസ്താവന നമ്മുടെ ചിന്താ മണ്ധലത്തെ സ്വാധീനിക്കേണ്ടതുണ്ട്. life is an exciting business and most exciting when lived for others. ജീവിതം ആവേശഭരിതമായ ഒന്നാണ്. അത് ഏറ്റവും ഉദ്യോഗജനകമാകുന്നത് മറ്റുള്ളവർക്കായി ജീവിക്കുന്പോഴാണ്.
എനിക്കറിയാവുന്ന ഒരു പ്രവാസി കുടുംബത്തിന്റെ അവസ്ഥ നോക്കൂ. അമ്മയ്ക്ക് സ്തനാർബുദം. നാളുകളായി കീമോ തെറാപ്പി ചെയ്യുകയാണ്. ഒരു ജോലിയും ചെയ്യുന്നതിനുള്ള ശേഷി അവർക്കില്ല. അർബുദം കൂടാതെ സ്ത്രീ സഹജമായ മറ്റു അസുഖങ്ങളും. മരുന്നുകളുടെ കൂന്പാരമാണ് ആ വീട്ടിൽ. കൂട്ടത്തിൽ ഒരു ദുരവസ്ഥ കൂടി. അവരുടെ 16 വയസ്സ് പ്രായമായ പെൺകുഞ്ഞിന് അതേ രോഗം. ഞെട്ടിത്തരിച്ചു നിന്നു ആ കുടുംബം. ഇരു സ്തനങ്ങളും ഓപ്പറേഷൻ ചെയ്ത് മാറ്റണം. പണവുമില്ല. ഒരു മകൻ പഠിത്തത്തിൽ ഉഴപ്പാണ് അനുസരണയുമില്ല. വീട്ടിൽ ഇരിക്കാറേ ഇല്ല. ഈ മൂന്ന് പേരുടെ നടുവിൽ സഹനത്തിന്റെ പ്രതീകമായി ഭർത്താവ്, ഒരു ഡ്രൈവറാണദ്ദേഹം. തുച്ഛമായ ശന്പളം. അർബുദരോഗത്തിനടിമയായ ഭാര്യയേയും മകളേയും ചികിത്സിപ്പിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുന്ന ഭാരിച്ച ജോലി അദ്ദേഹം സധൈര്യം ഏറ്റെടുത്തിരിക്കുന്നു. വഴി തെറ്റിയ മകൻ നൽകുന്ന മനസികവ്യഥയും കുറവൊന്നുമല്ല. ഞാൻ അദ്ദേഹവുമായി സംസാരിച്ചു.
താങ്കൾക്ക് ജീവിതത്തോടു എന്ത് തോന്നുന്നു.?
ഒരു മടിയുമില്ല സർ... ജീവിച്ചു തീർക്കാൻ തീരുമാനിച്ച് കഴിഞ്ഞു.
എങ്ങനെ ജീവിച്ചു തീർക്കാൻ ?
മറ്റുള്ളവർക്ക് പ്രകാശം പരത്തി സ്വയം എരിഞ്ഞ് തീരുന്ന മെഴുകുതിരിയായി ജീവിച്ചു തീർക്കാൻ തീരുമാനിച്ചു കഴിഞ്ഞു.”
പക്ഷെ എങ്ങനെ ഈ ധൈര്യം, എവിടുന്നു കിട്ടി.?
ഉള്ളിന്റെ ഉള്ളിൽ നിന്ന്. ഞാൻ ആടിയാൽ ആകെ തകിടം മറിയും. എനിക്കെന്റെ മനസ് ശക്തി പകരുന്നു. അനുനിമിഷം. അങ്ങനെ ഞാൻ എന്റെ ജീവിതം ജീവിച്ചു തീർക്കും.
ജീവിച്ചു തീർക്കും എന്ന അദ്ദേഹത്തിന്റെ മറുപടി എന്നെ ചിന്തിപ്പിച്ചു. പതിനാല് വർഷം മുന്പ് ഹൃദയാഘാതം ഉണ്ടായപ്പോൾ എനിക്കുണ്ടായ വിപതി ധൈര്യം, മനസിന്റെ ധൈര്യം ആ മനുഷ്യനും ലഭിച്ചിരിക്കുന്നു. ഇടവും വലവും കിടന്ന രണ്ടുപേരും മരണത്തിന്റെ മുന്പിൽ മുട്ടുകുത്തുന്നതിന് സാക്ഷിയാകേണ്ടി വന്നു അന്ന് എനിക്ക്. പക്ഷെ എന്റെ ഉള്ളിൽ ജീവിച്ച് തീർക്കും എന്ന മന്ത്രധ്വനി മുഴങ്ങിയിരുന്നു അപ്പോൾ. ജയിക്കാനായി ജനിച്ചവനാണ് ഞാൻ. ജീവിക്കാനായി ജനിച്ചവനാണ് ഞാൻ. തിരമാലകൾ എന്റെ വഞ്ചിയെ മറിക്കാനല്ല, ഒഴിക്കിന്റെ ആക്കവും ആസ്തിയും കൂട്ടാനാണ്. സഹിക്കാനും വഹിക്കാനും ഞാൻ എന്നെ പഠിച്ചു കഴിഞ്ഞു. മറ്റുള്ളവരെ പഠിപ്പിച്ചു കൊണ്ടിരിക്കുന്നു...