നമ്മിലുള്ള ആറ് വിഡ്ഢിത്തങ്ങൾ...
പൗരാണികനും അത്യാധുനികനും തമ്മിൽ അടിസ്ഥാനപരമായി ഒരു വിത്യാസവുമില്ല. നന്മ പ്രവർത്തിക്കുന്നതിനും വിഡ്ഢിത്തങ്ങൾ കാട്ടുന്നതിനും കാലദേശ വിത്യാസം കാര്യമായി ബാധിക്കുന്നില്ല. നൂറ്റാണ്ടുകൾക്ക് മുന്പ് ജീവിച്ച സിസറോ എന്ന ഇറ്റലിക്കാരൻ മികച്ച ബുദ്ധിജീവിയും ദാർശനീകനും പ്രഭാഷണ ഗ്രന്ഥകാരനുമൊക്കെ ആയിരുന്നു. അദ്ദേഹത്തിന്റെ രചനകൾ റോമിലുള്ള സമകാലീനരെ ഒട്ടേറെ സ്വാധീനിച്ചിരുന്നതായി പറയപ്പെടുന്നു. മനുഷ്യനിൽ പ്രകടമാവുന്ന ആറ് വിഡ്ഢിത്തങ്ങളെ പറ്റി അദ്ദേഹം നിരീക്ഷിച്ചിട്ടുള്ളത് 21ാം നൂറ്റാണ്ടിൽ ജീവിക്കുന്ന നമുക്കും ബാധകമാണ്.
1 അടിച്ചമർത്തുന്നതിലൂടെ നേട്ടങ്ങൾ കൊയ്യാമെന്നുള്ള ധാരണ. അന്നും ഇന്നും ഈ ധാരണ പന്പര വിഡ്ഢിത്തം തന്നെയാണ്. സ്വയം ഉയരുന്നതിന് മറ്റുള്ളവരെ ഇടിച്ചു താഴ്ത്തുകയാണ് വേണ്ടതെന്ന് ധരിച്ചിട്ടുള്ളവർ സമൂഹത്തിന്റെ എല്ലാ തലത്തിലുമുണ്ട്. രാഷ്ട്രീയത്തിൽ ഇക്കൂട്ടരെ അധികം കണ്ടെന്ന് വരാം. നഗരത്തിലെ ഏറ്റവും ഉയരം കൂടിയ മന്ദിരം നിങ്ങളുടേതാക്കാൻ ചുറ്റുമുള്ളവരയൊക്കെ ഇടിച്ച് നിരത്തുക, അല്ലെങ്കിൽ സ്വപ്രയത്നം കൊണ്ട് വലിയ മന്ദിരം പടുത്തുയർത്തുക. ആദ്യത്തേത് വില പോകാത്ത കാര്യവും, രണ്ടാമത്തേത് രാഷ്ട്രീയത്തിലും ബിസിനസ്സിലും വ്യക്തി ജീവിതത്തിലും എല്ലാം പ്രായോഗികമാക്കേണ്ടത്. മറ്റുള്ളവരെ താഴ്ത്തി കെട്ടാതിരിക്കുക. ആനമെലിഞ്ഞു എന്ന് കരുതി തൊഴുത്തിൽ കെട്ടുമോ?
എനിക്കറിയാവുന്ന ഒരു ഗൃഹനാഥന് അഞ്ച് പെൺമക്കളായിരുന്നു. വിവാഹ പ്രായം കഴിഞ്ഞിട്ടും ഒന്നിനേയും വിവാഹം കഴിപ്പിച്ചയക്കാൻ അദ്ദേഹത്തിന് എന്തുകൊണ്ടെന്നോ കഴിയുന്നില്ല. ഇതിന് കാരണം എന്താണെന്നോ അയൽ വീട്ടിലെ യുവാക്കൾക്ക് എവിടെ നിന്നെങ്കിലും വിവാഹാലോചനയുമായി വധുവിന്റെ വീട്ടുകാർ വന്നാൽ രഹസ്യമായി അവരെക്കണ്ട് ചെറുക്കന്റെ കുറ്റങ്ങളും വീട്ടുകാരുടെ കുറ്റങ്ങളും ചമച്ചുണ്ടാക്കി അവരെ ധരിപ്പിക്കും. ഇതിനേക്കാൾ ഭേദം നിങ്ങളുടെ മകളുടെ കഴുത്തിൽ കല്ല് കെട്ടി സമുദ്രത്തിൽ താഴ്ത്തുന്നതാണ് എന്ന കമന്റും പറയും. ഇയാൾ ഇങ്ങനെയൊക്കെ പറയുന്നത് നാട്ടുകാർക്ക് മുഴുവൻ അറിയാമായിരുന്നു. അപ്പോൾ എങ്ങനെ സ്വന്തം മക്കൾക്ക് ഗതി പിടിക്കും. അങ്ങനെയിരിക്കെ അദ്ദേഹത്തിന്റെ അഞ്ച് പെൺമക്കളും ഓരോ പുരുഷൻമാരുടെ കൂടെ ഇറങ്ങിപ്പോയി. ഒടുവിൽ ഈ മനുഷ്യൻ അന്ന പാനീയത്തിനായി അയൽ വീട്ടുകാരെ അഭയം പ്രാപിച്ചു. മനസ്സിന്റെ താളം തെറ്റിയ ഈയാൾ ഒടുവിൽ അന്ത്യം വരിച്ചു. ആരെങ്കിലും ആരേയെങ്കിലും അടിച്ചമർത്താൻ ശ്രമിച്ചാൽ തിരിഞ്ഞ് കടിക്കുമെന്ന് കരുതിക്കൊള്ളുക.
2 ഭേദപ്പെടുത്തുവാനോ മെച്ചപ്പെടുത്തുവാനോ നിങ്ങൾക്ക് കഴിയാത്ത കാര്യങ്ങളെ പറ്റി ആകുലപ്പെടുക.
നമുക്ക് നിയന്ത്രിക്കാൻ കഴിയാത്ത കാര്യങ്ങളെപറ്റി ആകുലപ്പെട്ടും ആവലാതിപ്പെട്ടും നമ്മുടെ ഊർജ്ജം നാം നശിപ്പിക്കാറില്ലേ? അതുകൊണ്ട് ഒന്നും സാധിക്കുന്നില്ല. വഞ്ചി തിരുനക്കരത്തന്നെയായിരിക്കും. നമ്മുടെ പരിമിതികളെ നാം അംഗീകരിച്ച് തൃപ്തിപ്പെടുത്തുകയാണ് വേണ്ടത്. അത്യാഗ്രഹിയായ മനുഷ്യന് ഇത് അസാധ്യമത്രേ.
പത്താം ക്ലാസിൽ പഠിക്കുന്ന മകൾ പഠനത്തിൽ പിന്നിലാണ്. ക്ലാസ് പരീക്ഷയ്ക്ക് മാർക്ക് കുറവും. എന്നാൽ അയലത്തുള്ള അതേ ക്ലാസിൽ പഠിക്കുന്ന കൂട്ടുകാരി പെൺകുട്ടിക്ക് നല്ല മാർക്ക് കിട്ടുന്നു. അസൂയപ്പെടുകയല്ലാതെ മറ്റ് മാർഗ്ഗമില്ല. നല്ല മാർക്ക് ലഭിക്കുന്നതിനായി മകൾക്ക് ട്യൂഷൻ ഏർപ്പെടുത്തി. ബുദ്ധി വികസിക്കുന്നതിനുള്ള മരുന്നുകൾ വാങ്ങി നൽകി. എന്തു ചെയ്തിട്ടും അവൾ അങ്ങനെയാണ് ഭായീ എന്നേ അവളെ പറ്റി പറയാൻ കഴിയൂ. അയലത്തെ പെൺകുട്ടി തകർത്ത് മുന്നേറുകയാണ്. ഒടുവിൽ അമ്മയ്ക്ക് മനസ്സിലായി അയലത്തെ പെൺകുട്ടി രാത്രി വൈകിവരെ ഇരുന്ന് പഠിക്കുന്നു എന്ന്. എന്നാൽ തന്റെ മകളോടും രാത്രി 2 മണി വരെ പഠിക്കാൻ നിർബന്ധിച്ചു. എന്നിട്ടും മാർക്കിൽ വലിയ മാറ്റമില്ല.
കഥയറിയേണ്ടേ? അയലത്തെ കുട്ടി നേരത്തെ രാത്രി ഭക്ഷണം കഴിച്ച് പഠനവും പൂർത്തിയാക്കി പത്ത് മണിയാകുന്പോൾ തന്നെ കിടന്നുറങ്ങും. പക്ഷെ അവൾ തന്റെ മുറിയിലെ ലൈറ്റ് അണയ്ക്കാൻ മറന്നു പോകും. ഈ സത്യം നമ്മുടെ പെൺകുട്ടിയുടെ അമ്മയ്ക്ക് മനസ്സിലായത് വളരെ വൈകിയാണ്. അപ്പോളേക്കും അമ്മയും മകളും ബദ്ധ ശത്രുക്കളായിക്കഴിഞ്ഞിരുന്നു.
സൂര്യന് കീഴിലുള്ള ഏതിനും പരിമിതികളുണ്ട്. അതുകൊണ്ട് നമുക്കും പരിമിതികളുണ്ട്. പക്ഷെ ആ പരിമിതികളെ തിരിച്ചറിഞ്ഞ് അതിനുള്ളിൽ നിന്ന് ആവുന്നത്ര ഫലം കൊയ്തെടുക്കുവാൻ ശ്രമിക്കണം. ഈ സത്യം തിരിച്ചറിയാത്തവരാണ് വിഡ്ഢികൾ.
3. നിങ്ങൾക്ക് ചെയ്യാൻ പാടില്ലാത്തതുകൊണ്ട് അക്കാര്യം അസാധ്യമെന്ന് ശഠിക്കുക.
അഹന്തയും തന്നിലുള്ള അമിത വിശ്വാസവുമാണ് ഈ നിലപാടിന്റെ പിന്നിലുള്ളത്. നമുക്ക് ഉത്തരം കണ്ടെത്താൻ കഴിയാത്ത കാര്യമെങ്കിൽ അതിന് ഉത്തരമില്ല എന്ന് ശഠിക്കുന്നത് സങ്കുചിതം കൊണ്ടല്ലേ? കോഴിയാണോ മുട്ടയാണോ ആദ്യം ഉണ്ടായത് എന്ന ചോദ്യത്തിന്റെ ഉത്തരമെന്താണ്? കഴിഞ്ഞ തലമുറയിൽ കഴിയാതിരുന്ന എന്തെല്ലാം കാര്യങ്ങളാണ് ഇന്ന് സാധ്യമായിത്തീർന്നിരിക്കുന്നത്. കുറുക്കന്റെയും മുന്തിരിയുടെയും കഥ ഇവിടെ പ്രസക്തമാണ്. അൽപം ഉയരത്തിൽ പഴുത്ത് നിൽക്കുന്ന മുന്തിരി എത്തിപ്പിടിക്കാൻ കുറുക്കന് എത്ര ശ്രമിച്ചിട്ടും കഴിയാതെവന്നപ്പോൾ മുന്തിരിക്ക് പുളിയാണ് എന്ന് പറഞ്ഞു നീങ്ങുന്ന കുറുക്കന്റെ അതേ സമീപനമാണ് പല സന്ദർഭങ്ങളിലും നമുക്കുമുള്ളത്. മറ്റുള്ളവർക്കും മറ്റുള്ളവരുടെ ചെയ്തികൾക്കും സർട്ടിഫിക്കറ്റെഴുതുവാൻ നാം വിദഗ്ദ്ധരാണ്. ശാരീരിക വൈകല്യം പോലെ ബുദ്ധി വൈകല്യം സംഭവിച്ചവരാണ് അത്തരക്കാർ എന്നു പറയാതിരിക്കാനാവില്ല. ഒന്ന് ചിന്തിച്ചാൽ മറ്റുളളവരുടെ സാധ്യതകളുടെ ലോകത്താണ് അസാധ്യതകളുള്ള നാം ജീവിക്കുന്നത്. ഒരുവനും ഒറ്റയ്ക്ക് ജീവിക്കാൻ അസാധ്യം. പരസഹായം ആവശ്യമാണ്. ഒന്നല്ലെങ്കിൽ മറ്റോരു തരത്തിൽ എനിക്ക് ആവശ്യമായ സിദ്ധികൾ മറ്റൊരാളിൽ നിന്ന് അനുകൂലമാക്കിയെടുക്കുന്നത് മനുഷ്യ സഹജമാണ്.
4. നിസ്സാരമായവ മാറ്റി വെയ്ക്കാനോ ഒഴിവാക്കാനോ മനസ്സില്ലാതിരിക്കുക.
നമ്മുടെ ദൈനം ദിന ജീവിതത്തിൽ അപ്രധാന്ങ്ങളും നിസ്സാരങ്ങളുമായ പല കാര്യങ്ങളും കടന്നു വരും. അവയ്ക്ക് അമിത പ്രാധാന്യം നൽകി നമ്മുടെ സമയവും കഴിവും പാഴാക്കുന്നത് ശരിയല്ല. ഉദാഹരണത്തിന് നമ്മുടെ വേഷം. മാന്യവും ശുചിത്വമുള്ളതുമായ വേഷം ധരിക്കണം. എന്നാൽ അതിനു വേണ്ടി മണിക്കൂറുകൾ ചിലവഴിക്കുന്നത് അനുചിതമാണ്. വിനോദത്തിന് ജീവിതത്തിൽ സ്ഥാനമുണ്ട്. പക്ഷെ മറ്റു പല പ്രധാനപ്പെട്ട പ്രവർത്തനങ്ങൾ മാറ്റി വെച്ച് വിനോദത്തിൽ മുഴുകുന്നത് ന്യായീകരിക്കാവുന്നതല്ല. മുൻഗണന ക്രമത്തിൽ കാര്യ നിർവ്വഹണം നടത്തുന്പോൾ നിസ്സരമായവ പുറംതള്ളപ്പെടും.
എന്റെ അനുഭവകഥ ഇവിടെ തികച്ചും പ്രസക്തമാണ്. ഞാൻ അദ്ധ്യാപകനായിരുന്ന കാലത്ത് ഒരു ദിവസം ബോർഡിൽ ഒരു പടം വരച്ചു കൊണ്ടിരുന്നപ്പോൾ അടുത്തുള്ള ഫാക്ടറിയിലെ സൈറൺ മുഴങ്ങി. ശബ്ദം നിലച്ചിട്ടും ക്ലാസ്സിൽ സൈറൺ മുഴങ്ങുന്നതായി എനിക്ക് തോന്നി. ശരിയായിരുന്നു അത്. ഒരു വിദ്യാർത്ഥി സൈറന്റെ ശബ്ദം പുറപ്പെടുവിച്ചു കൊണ്ടിരിക്കുന്നു. ഞാൻ തിരിഞ്ഞു നിന്ന് ശബ്ദത്തിന്റെ ഉറവിടം തേടി വിദ്യാർത്ഥികളെ നോക്കിയപ്പോൾ ക്ലാസ്സിൽ ഒരു കൂട്ടച്ചിരി. കുട്ടികൾ എന്നെ ഇളിഭ്യനാക്കുകയായിരുന്നു. ഉറവിടത്തെ ഞാൻ പൊക്കി.ക്ലാസ്സിൽ നിന്ന് രക്ഷകർത്താവിനെ വിളിച്ചു കൊണ്ട് വരുവാനുള്ള താക്കീത് നൽകി ഇറക്കി വിട്ടു. സംഗതി വഷളായി. ആ കുട്ടി അവിടെയടുത്തുള്ള പഞ്ചസാര മില്ലിലെ മേധാവിയുടെ മകനായിരുന്നു. ആ മില്ലിലായിരുന്നു സൈറൺ മുഴങ്ങിയത്. വെറും ഒരു കോളേജ് ലക്ചററായ എന്റെയടുത്തു മകന് ജാമ്യമപേക്ഷിച്ചു വരാൻ അദ്ദേഹം കൂട്ടാക്കിയില്ല. ഞാൻ ക്ലാസ് വിട്ടുപോകുന്ന വഴികളിലൊക്കെ പതുങ്ങി നിന്ന് അവനും കൂട്ടുകാരും എന്നെ കളിയാക്കി സൈറൺ മുഴക്കാൻ തുടങ്ങി. ഒടുവിൽ പ്രിൻസിപ്പൽ ഇടപെട്ടു എന്നെ നിർബന്ധിച്ച് ആ കുട്ടിയെ ക്ലാസ്സിൽ കയറ്റി. ഇവടെ ഞാൻ വീണ്ടും ഇളിഭ്യനായിത്തീർന്നു. ഈ നിസ്സാരകാര്യത്തെ മസ്സിലുപിടിക്കാതെ ക്ഷമിച്ചു വിട്ടുകളയാനുള്ള മനസ്ഥിതി എനിക്ക് ഉണ്ടായിരുന്നുവെങ്കിൽ എത്ര നന്നായിരുന്നു. വളരെ നിസ്സരപെട്ട ചില കാര്യങ്ങൾ ഗൗരവമായി എടുത്തു പിരിമുറുക്കം അനുഭവിക്കുന്നത് വിഡ്ഢിത്തമാണ്. ചിലതൊക്കെ അങ്ങ് വിട്ടുകളയണം. അത് നമ്മുടെ നിലയ്ക്കും വിലയ്ക്കും സ്വഭിമാനത്തിനും ക്ഷതമേൽപ്പിക്കുമെന്നു കരുതി അതിനെ പർവ്വതീകരിക്കുന്നത് ദുരഭിമാനമുള്ളത് കൊണ്ടാണ്.
5. മനസ്സിനെ സ്ഫുടം ചെയ്യുന്ന വായന, പഠനം എന്നിവ അവഗണിക്കുക.
ഇന്നത്തെ യുവാക്കളിൽ നിന്ന് വായന അന്യമായിരിക്കുന്നു. വായിച്ചു മെനക്കെടാൻ ആരും തയ്യാറല്ല. ആർക്കും ക്ഷമയില്ല. പുസ്തകത്താളുകളിലെ അക്ഷരങ്ങളിൽ നിന്ന് മനസ്സിലേക്ക് പകരുന്ന ഊർജ്ജം ഒരു കന്പ്യൂട്ടറിനും നൽകാൻ സാധ്യമല്ല. നമ്മുടെ നാട്ടിലെ വായനശാലകളൊക്കെ ‘ഭാർഗ്ഗവീ നിലയങ്ങളായി’. ചിലന്തിവല കെട്ടി വികലമായിരിക്കുന്ന അവസ്ഥയാണിത്. വായിച്ചു വളരുക എന്ന മുദ്രാവാക്യത്തിനു ഇന്ന് ഒരു പ്രസക്തിയും ഇല്ല. ആധുനിക സമൂഹം ഇന്റർനെറ്റിന്റെ പിറകെ കൂടിയിരിക്കുന്നു. ഇന്റർനെറ്റിൽ കൂടി ലഭിക്കുന്ന വിവരങ്ങൾ പൂർണ്ണമായി വിശ്വസിക്കാനാവുന്നതല്ല എന്ന് വിദഗ്ദ്ധർ സന്ദേഹം പ്രകടിപ്പിച്ചിട്ടുണ്ട്. പലരും പലയിടത്ത് നിന്ന് നെറ്റിൽ ഇട്ടിരിക്കുന്ന വിവരം തപ്പിയെടുത്ത് ഇന്റർനെറ്റ് നമ്മുടെ മുന്പിൽ അവതരിപ്പിക്കുന്പോൾ അതിനെ വിശ്വസിക്കുന്നത് മൗഡ്യമാണ്. കലാലയങ്ങളിലെ പഠനം കഴിഞ്ഞു നമ്മുടെ മാനസിക വളർച്ച പൂർണ്ണമായി എന്ന് വിശ്വസിച്ചു കൂടാ. പലതും പഠിക്കുന്നതും വായിക്കുന്നതും പരീക്ഷ എന്ന കടന്പ കടന്നു കൂടാനും ഒരു ജോലി കരസ്ഥമാക്കാനും വേണ്ടി മാത്രമാണ്. ഇലക്ട്രോണിക് മാധ്യമങ്ങളുടെ ആവിർഭാവത്തോടെ പലരുടെയും വായനശീലം നഷ്ടമായി. എന്നാൽ വായനയിലൂടെ ലഭിക്കുന്ന അനുഭവം ഒരു പ്രത്യേകതയാണ്.
6. സ്വന്തം വിശ്വാസവും ജീവിത ശൈലിയും അന്യരിൽ അടിച്ചേൽപ്പിക്കുക.
ഇന്ന് ഈ പ്രവണത പ്രബലവും വ്യപകവുമാണ്. സമൂഹത്തിൽ മാത്രം പ്രയോഗിച്ചിരുന്ന ഈ വിദ്യ ഇന്ന് കുടുംബങ്ങളിലേയ്ക്ക് ചേക്കേറിയിരിക്കുകയാണ്. വളർന്നു വരുന്ന കുട്ടികളിൽ മാതാപിതാക്കൾ അവരുടെ ആഗ്രഹങ്ങളും പ്രതീക്ഷകളും അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നതുമൂലം പല കുടുംബങ്ങളും തലം തെറ്റിയിരിക്കുന്നു. വളരാൻ വെന്പുന്ന കൗമാര മനസ്സുകളെ വേലിക്കെട്ടിനുള്ളിൽ ഒതുക്കാൻ ശ്രമിക്കുന്ന ഈ പ്രവണത ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്ക് വഴിതെളിയും. ഭാവിഭാഗധേയം നിശ്ചയിക്കുന്നതിൽ കൗമാരി കൗമാരൻമാർക്കും സ്വാതന്ത്ര്യമുണ്ട് എന്ന യാഥാർത്ഥ്യം മാതാപിതാക്കൾ ഉൾകൊള്ളുന്നില്ല. ഫലം അവർ അനുസരണക്കേടു കാട്ടി മാതാപിതാക്കളിൽ നിന്ന് അകലുന്നു. തുറന്ന കണ്ണുകളുമായി, നിറഞ്ഞ ഹൃദയവുമായി കേൾക്കാനുള്ള ജാഗ്രതയോടെ മക്കളോട് ഇടപെടാത്ത രക്ഷാകർത്താക്കൾ വിഡ്ഢികളാണ്. ചിന്തകനായ വോൾട്ടയർ ചെയ്ത പ്രസ്താവന ഇവിടെ അന്വർത്ഥമാണ് . learn to cultivate your own garden(സ്വന്തം പൂന്തോട്ടം നട്ടു വളർത്താൻ പഠിക്കുക)
നമ്മുടെ കുടുംബങ്ങളിലും സമൂഹത്തിലും പല സംഘർഷങ്ങളും ഉണ്ടാകുന്നത് മേൽപ്പറഞ്ഞ സമീപനത്തിൽ നിന്നാണ്. ഒരാൾക്ക് നല്ലതായിട്ടുള്ളത് മറ്റൊരാൾക്ക് നല്ലതായിക്കൊള്ളണമെന്നില്ല. ഓരോ വ്യക്തിയുടേയും അഭിരുചിയും ജീവിതത്തോടുള്ള സമീപനവും വിത്യാസപ്പെട്ടിരിക്കുമല്ലോ.
ബി.സി ഒന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സിസറോയുടെ വീക്ഷണങ്ങൾ (ആറ് വിഡ്ഢിത്തങ്ങൾ ) ഇന്നും എത്ര പ്രസക്തിയുള്ളവയാണെന്ന് തിരിച്ചറിയുക. അറിഞ്ഞുകൊണ്ട് ആരും വിഡ്ഢിയാകാതിരിക്കുക.