ക്രിസ്തു ഇന്നും ക്രൂശിക്കപ്പെടുന്നു
ഡോ. ജോൺ പനക്കൽ
നൂറ്റാണ്ടുകൾക്ക് മുൻപ് ജറുസലേമിൽ നടന്ന ഒരു ക്രൂശുമരണത്തിന്റെ ഓർമ്മ പേറുന്ന ഈ വെള്ളിയാഴ്ച ദിവസത്തിൽ, പൗരസ്ത്യ ദേശത്തെ ബഹുഭൂരിപക്ഷം ക്രിസ്ത്യാനികളും ‘ദുഃഖവെള്ളിയാഴ്‌ച’ എന്ന പേരിൽ ആരാധനയും വൃതവുമായി കഴിയുന്ന ഈ വലിയ വെള്ളിയാഴ്ച ദിവസത്തിൽ, ലോകത്തിന്റെ രക്ഷക്കുവേണ്ടി ആകാശം ചായിച്ചു ഇറങ്ങിവന്ന ദൈവപുത്രന് ഏറ്റു വാങ്ങേണ്ടിവന്ന അതിവേദനകളെ അനുസ്മരിപ്പിക്കുന്ന ഈ ദിനത്തിൽ, ഒരു ‘വെള്ളിയാഴ്ച ചിന്ത’ ഉചിതമെന്നു കരുതുന്നു.
ക്രിസ്‌തു ഇന്നും ക്രൂശിക്കപ്പെടുന്നുവോ? മറിച്ചൊന്ന് ചിന്തിക്കുവാൻ ഒരു ന്യായവും കാണുന്നില്ല. അവനവനിസം തഴച്ചു വളരുന്ന ഇക്കാലയളവിൽ, ജീവിതമൂല്യങ്ങൾക്കു ഒരു വിലയുമില്ലാത്ത ആധുനിക ലോകത്തു, ക്രിസ്‌തു ഇന്നും ക്രൂശിക്കപ്പെടുന്നു. വ്യക്തി ജീവിതത്തിൽ ആയാലും കുടുംബ ജീവിതത്തിൽ ആയാലും സാമൂഹ്യ സാമുദായിക മേഖലകളിൽ ആയാലും ഇത് ശരി തന്നെ. പാപികൾക്കുവേണ്ടി രക്തം ചൊരിഞ്ഞ പാപമില്ലാത്ത രക്ഷകൻ എന്ന സാർവത്രിക നാമത്തെക്കൂടാതെ ഒരു സാമൂഹ്യ പരിഷ്‌കർത്താവ്, സമൂഹത്തിലെ പുഴുക്കുത്തുകൾക്കു നേരെ വിരൽ ചൂണ്ടുന്ന ഒരു വിപ്ലവകാരി, സമൂഹം തള്ളിപ്പറഞ്ഞ കൊള്ളരുതാത്തവരെ നെഞ്ചോടു ചേർത്തുപിടിച്ച ഒരു ജനസേവകൻ. അധികാരത്തിന്റെ അകത്തളങ്ങളിൽ പോലും സത്യം വിളിച്ചുപറയാൻ മടിക്കാത്ത സമാധാന പ്രഭു എന്നിങ്ങനെ അനേകം വിശേഷണങ്ങൾ നൽകി കാലം ക്രിസ്തുവിനെ സ്തുതിച്ചിട്ടുണ്ടെങ്കിലും ഇന്നും തന്റെ ആരാധകർ തന്നെ ക്രിസ്‌തുവിനെ ക്രൂശിക്കുന്ന ദാരുണമായ അനുഭവങ്ങൾ ആണ് നമുക്കു ചുറ്റും.
ക്രിസ്തീയ സഭകൾ ആചരിക്കുന്ന പീഡാനുഭവ ആഴ്ചയിൽ നാലു പ്രധാനപ്പെട്ട സംഭവങ്ങൾ ആണ് സ്മരിക്കപ്പെടുന്നത്. അതിൽ ഒന്നാമത്തേതാണ് ഓശാന പെരുനാൾ അഥവാ കുരുത്തോലപ്പെരുനാൾ. കഴുതയെ വാഹനമാക്കി ജെറുശലേമിലേക്കുള്ള തന്റെ ജൈത്രയാത്രയെ അനുസ്മരിപ്പിക്കുന്നതാണ് ഓശാന പെരുന്നാൾ. വൃദ്ധന്മാരും പൈതങ്ങളും ഉൾപ്പെടുന്ന സമൂഹം മുഴുവനായി ദാവീദ്പുത്രന് ഓശാന പാടിക്കൊണ്ട് രാജാധിരാജാവിനെ എഴുന്നള്ളിക്കുന്ന രോമാഞ്ചജനകമായ കുരുത്തോലകളുടെ ഘോഷയാത്ര ആണത്.
ഓശാന പെരുനാൾ എനിക്ക് പണ്ടേ ഇഷ്ടമുള്ള ഒരു പെരുനാൾ ആണ്. പൂക്കളുടെ ഉൽത്സവം എന്ന് വിളിക്കാവുന്ന കുരുത്തോലകളുടെ പെരുനാൾ ആണത്. രാവിലെ ഉണർന്നു പൂക്കൾ പറിക്കണം, എന്നിട്ടു കൂട്ടുകാരുമൊത്തു പള്ളിയിൽ പോകണം, അവിടെ ഓശാന പാട്ടുപാടി പൂക്കൾ വാരി എറിയണം, ഉന്തിലും തള്ളിലും പെട്ട് മതി മറക്കണം, കഴിയുന്നത്ര ശബ്‌ദത്തിൽ ഓശാന എന്ന് മറ്റുള്ളവരോടൊപ്പം ഉറക്കെ വിളിച്ചു പറയണം ഇവയൊക്കെ അന്നത്തെ ബാല്യത്തിന്റെ പ്രത്യേകതകൾ ആയിരുന്നു. എന്തൊരു ഉത്സാഹമായിരുന്നു അന്ന്.
കുറെ പ്രായമായപ്പോൾ ഓശാനയിൽ കഴുതയ്ക്കുള്ള സ്ഥാനത്തെ കുറിച്ച് ചിന്തിക്കാൻ തുടങ്ങി. യേശു എന്തിനു തന്റെ ജെറുസലേം യാത്രക്ക് കഴുതയെ തിരഞ്ഞെടുത്തു? സ്‌കൂൾ പഠന കാലത്തു ചില സാറന്മാർ ചില കുട്ടികളെ ‘എടാ കഴുതേ’ എന്ന് വിളിക്കുക പതിവായിരുന്നു. ഓശാനയുടെ ഏറ്റവും വലിയ സന്ദേശം ഈ കഴുതയുടെ തിരഞ്ഞെടുപ്പ് തന്നെയെന്ന് പിന്നീടെനിക്ക് മനസിലായി. കഴുത ഒരു പ്രതീകമാണ്. സ്വയം തീരുമാനം എടുക്കാനുള്ള ദുർവിധിയുടെ മുൻപിൽ പകച്ചു നിൽക്കുന്ന മനുഷ്യന്റെ പ്രതീകം. എങ്ങനെയാണ് തീരുമാനം എടുക്കേണ്ടത് എന്ന് ഓശാനയിലൂടെ ക്രിസ്‌തു മാതൃക കാട്ടുന്നു. ഈശ്വരനെ വഹിക്കുന്ന മനുഷ്യൻ പൂക്കളും ഒലിവീന്തൽ തലകളും ആർപ്പുവിളിക്കുന്ന ജീവിതത്തിന്റെ ആഘോഷങ്ങളിലേക്കു ഉയർത്തപ്പെടുന്നു എന്ന സന്ദേശമാണ് ഈ കഴുതപുറത്തുള്ള യാത്ര ലോകത്തിനു നൽകുന്നത്. തീരുമാനങ്ങൾ എടുക്കുവാനുള്ള കഴിവില്ലായ്മയെ പ്രതീകാത്മകമായി ചിത്രീകരിക്കുന്ന തത്വചിന്തയിലെ ഒരു സങ്കൽപ്പമാണ് കഴുത.
വിശന്നിരിക്കുന്ന ഒരു കഴുതയെ ഒരേ വലിപ്പവും ഗുണവുമുള്ള രണ്ട് വൈക്കോൽ കെട്ടുകൾക്കു നടുവിൽ നിറുത്തിയാൽ, അതിൽ ഒന്നിന് പകരം മറ്റൊന്നിനെ തിരഞ്ഞെടുക്കുവാൻ യുക്തി സഹജമായ ന്യായമൊന്നും കാണാത്തതിനാൽ ഏതു കെട്ടിൽ നിന്ന് തിന്നണം എന്ന് തീരുമാനിക്കാൻ ആകാതെ ആ കഴുത വിശന്നു മരിക്കും എന്നാണ് സങ്കൽപ്പം. പതിനാലാം നൂറ്റാണ്ടിൽ ഫ്രാൻസിൽ ജീവിച്ചിരുന്ന ജീൻ ബുരിഡൻ എന്ന തത്വചിന്തകന്റെ പ്രമാണമാണിത്. ബുരിഡന്റ് കഴുത എന്നാണ് ഈ വിരോധാഭാസത്തിനു പേരിട്ടിരുന്നത്. വാസ്തവത്തിൽ ഇത് ബുരിഡന്റ് സങ്കൽപ്പമല്ല. അരിസ്റ്റോട്ടിലിന്റെ ആകാശങ്ങളെക്കുറിച്ചുള്ള കൃതിയിൽ (De Caelo) ആണ് ഇത് ആദ്യമായി പ്രത്യക്ഷപ്പെടുന്നത്.
വിശപ്പും ദാഹവും മൂലം ഒരുപോലെ വലയുന്ന ഒരാൾ ഭക്ഷണത്തിനും പാനീയത്തിനും ഒത്ത നടുവിൽപ്പെട്ടാൽ ഭക്ഷണത്തിലേക്കോ പാനീയത്തിലേക്കോ ആദ്യം തിരിയേണ്ടത് എന്ന് തീരുമാനിക്കാൻ ആകാതെ വലയുന്ന സ്ഥിതിയാണ് അരിസ്റ്റോട്ടിൽ സങ്കൽപ്പിച്ചത്. സ്വയം തീരുമാനമെടുക്കാൻ വിധിക്കപ്പെട്ട മനുഷ്യനാണ് ലോകത്തിലെ ഏറ്റവും വലിയ ഹതഭാഗ്യൻ. അവന്റെ ജീവിതത്തിന്റെ വഴിയിലുടനീളം ശരിയും തെറ്റുമാണ്. ശരിയെ തിരഞ്ഞെടുക്കാൻ അവനു സാധിക്കുന്നില്ല. ഈശ്വരൻ്റെ ഹിതത്തിനു വിരുദ്ധമായി ചിന്തിക്കുന്നവൻ എത്ര വലിയ ദൈവജ്ഞന്റെ കുപ്പായം അണിഞ്ഞാലും അവനെ വഹിക്കുന്നവന്റെ ഗതി ഇത് തന്നെ. ഇന്ന് മനുഷ്യകുലത്തിനു സംഭവിച്ചിരിക്കുന്ന അപചയത്തിന് പ്രധാന ഹേതു തീരുമാനങ്ങൾ സധൈര്യം എടുക്കുവാനുള്ള നമ്മുടെ വിമുഖത ആണെന്ന് ചിന്തിച്ചാൽ മനസിലാകും. കാലവും കോലവും ഇന്നത്തെ മനുഷ്യനെ തീരുമാനങ്ങൾ എടുക്കുവാൻ അപ്രാപ്യനായ ഷണ്ണൻ ആക്കിയിരിക്കുന്നു. സ്വതന്ത്രമായി തീരുമാനങ്ങൾ എടുത്തു മുന്നേറുവാനുള്ള സ്വാതന്ത്ര്യം നൽകി ദൈവം മനുഷ്യനെ സൃഷ്ടിച്ചു. എന്നാൽ ദൈവഹിതത്തെ തള്ളി ജഡമോഹത്തിന് അടിമയായി മനുഷ്യൻ തീർന്നു. ആ മനുഷ്യനോടാണ് ഓശാനയിൽ കഴുത സംസാരിക്കുന്നത് − ഉണരൂ...
പീഡാനുഭവ ആഴ്ചയിലെ രണ്ടാമത്തെ സംഭവം ആണ് പെസഹാ പെരുനാൾ. യജമാനൻ ദാസ്യവൃത്തി ചെയ്യുന്ന മഹത്തായ താഴ്മയുടെ ദൃഷ്ടാന്തീകരണമാണ് യേശു തന്റെ ശിഷ്യന്മാരുടെ കാലുകഴുകിയതിലൂടെ വെളിപ്പെടുത്തുന്നത്. പന്തി ഭോജനത്തിനു ശേഷം ഗുരു തൂവാലയെടുത്തു അരയിൽ ചുറ്റി ഒരു ദാസനെപ്പോലെ തന്റെ ശിഷ്യരുടെ കാലുകൾ കഴുകി. തന്നത്താൻ ഉയർത്തുന്നവൻ എല്ലാം താഴ്ത്തപ്പെടും, തന്നത്താൻ താഴ്ത്തുന്നവൻ എല്ലാം ഉയർത്തപ്പെടും എന്ന സാർവത്രിക നീതി പ്രോജ്വലിപ്പിക്കുന്ന കർമ്മമായിരുന്നു ഇത്. ‘നിങ്ങളിൽ പ്രമാണിയാകാൻ ആഗ്രഹിക്കുന്നവൻ ദാസനാകട്ടെ’ എന്ന സന്ദേശം നൽകി വിനയത്തിന്റെ മാതൃക ലോകത്തിനു മുഴുവൻ കാട്ടുകയായിരുന്നു ക്രിസ്തു. ഇന്ന് ഇത് അന്യമായിരിക്കുന്നു. ജനസേവകരെന്നു സ്വയം ശീർഷകത്വം നൽകിയിരിക്കുന്നവരിൽ എത്ര പേർ വിനയാന്വിതർ ആണ്. അഹന്തയും ദുരഭിമാനവും അല്ലേ സാമൂഹ്യ നേതാക്കളിലും മതാധ്യക്ഷന്മാരിൽ വരെയും പ്രകടമാകുന്നത്. ജീവിതമൂല്യങ്ങൾ ഇവരുടെയൊക്കെ അകത്തളങ്ങളിൽ ചവുട്ടി അരയ്ക്കപ്പെടുന്നു. പെസഹായുടെ പ്രസക്തി ഇവിടെയാണ് പ്രഘോഷിക്കപ്പെടേണ്ടത്. തന്റെ ശരീരവും രക്തവും സർവ്വ ലോകത്തിനും വേണ്ടി ഭാഗിച്ചു നൽകിയ ചരിത്രത്തിലെ തന്നെ അപൂർവ്വ നിമിഷങ്ങളുടെ നിറവിൽ പെസഹാ പെരുനാൾ പ്രോജ്വലിക്കുന്പോൾ വിനയത്തിന്റെ മഹത്തായ ചായം ചാർത്തൽ പെസഹായുടെ മാറ്റു വർദ്ധിപ്പിക്കുന്നു.
ഈ ആഴ്ചയുടെ മൂന്നാമത്തെ സംഭവമാണ് ക്രിസ്തുവിൻ്റെ ക്രൂശു മരണം. മരിക്കുന്നതിന് മുൻപ് ക്രൂശിലെ അതിവേദനയുടെ സമയത്തു ക്രിസ്തു മൊഴിഞ്ഞ ഏഴു തിരുവചനങ്ങൾ പ്രപഞ്ചത്തിനു മുഴുവൻ ഉള്ള ആശയുടെ സന്ദേശങ്ങൾ ആയിരുന്നു. അതിൽ പ്രധാനപ്പെട്ടതാണ് ‘എനിക്ക് ദാഹിക്കുന്നു (I thirst)’ എന്നത്. സാധാരണ മനുഷ്യർ മരിക്കുന്പോൾ ദാഹജലം സ്പൂണിൽ കോരി കൊടുത്തു തൊണ്ട നനയ്ക്കുന്ന ഒരു പതിവുണ്ടല്ലോ സ്വാഭാവിക മരണത്തിൽ. ‘വെള്ളം വെള്ളം’ എന്ന് മരിക്കുന്ന മനുഷ്യൻ വിളിച്ചു പറയുന്പോഴാണ് ഇത് വേണ്ടപ്പെട്ടവർ നൽകുന്നത്. അതുപോലെ ക്രിസ്തു മരണവേദനയുടെ സമയത്തു വെള്ളത്തിനായി ദാഹിച്ചു എന്ന് വ്യാഖ്യാനിക്കുന്നവർ ഉണ്ടായിരിക്കാം. എന്നാൽ അതല്ല സത്യം. അദ്ദേഹം തന്റെ മരണ സമയത്തും മാനസാന്തരപ്പെട്ട മനുഷ്യാൽമക്കൾക്കായി ദാഹിച്ചു എന്ന് വിശ്വസിക്കുന്നതായിരിക്കും ശരി. കപടവേഷധാരികളായ പരീശന്മാരെയും ശാസ്ത്രിമാരെയും നോക്കി ‘വെള്ളതേച്ച ശവക്കല്ലറകളേ നിങ്ങൾക്ക് ഹാ കഷ്ടം’ എന്ന് ഉറക്കെപ്പറഞ്ഞ ആ ദൈവപുത്രൻ, അഞ്ചപ്പം കൊണ്ട് അയ്യായിരത്തെ പോഷിപ്പിച്ച ആ സർവ്വസംഗപരിത്യാഗി, ജലാശയാധിപതി, ഒരു തുള്ളി വെള്ളത്തിനായി ഇരക്കുകയോ? തീർത്തും അല്ല! മനുഷ്യത്വം മരവിച്ച പേക്കോലങ്ങളായി തീർന്ന തന്റെ അരുമ മക്കൾ ആശ്വാസത്തിനായി ഓടി അടുക്കുന്നത് കാണുവാനായി താൻ ദാഹിക്കുന്നു. ഇതാണ് ക്രൂശുമരണത്തിന്റെ സജീവമായ ഇന്നും സഫലമാകാത്ത ആഹ്വാനം. അതുകൊണ്ടു ഇന്ന്, ഈ വെള്ളിയാഴ്ച, ദുഃഖത്തിന്റെ വെള്ളിയല്ല, രക്ഷയുടെ ദിനമാണ്.
ഈ ആഴ്ചയുടെ നാലാമത്തെ സംഭവമാണ് യേശുവിന്റെ ഉയർത്തെഴുനേൽപ്പ് പെരുനാൾ (Easter). അത് മറ്റെന്നാൾ ഞായറാഴ്ചയാണ്. മരണത്തെ ജയിച്ചു മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റു മനുഷ്യകുലത്തിനു പ്രത്യാശയുടെ ദീപനാളം കാട്ടിക്കൊടുത്തു ക്രിസ്തു. ആഹ്ളാദവും സന്തോഷവുമല്ല സമാധാനമാണ് ഇന്നിന്റെ ആവശ്യമെന്നു ഇന്നും വിളിച്ചു പറയുന്ന പെരുന്നാളാണ് ഈസ്റ്റർ. ‘എന്റെ സമാധാനം ഞാൻ നിങ്ങൾക്ക് നൽകുന്നു, ലോകം തരുന്നതുപോലെയല്ല’ എന്ന് അരുളിയ ക്രിസ്തു ലോകത്തിന്റെ സമാധാനപ്രഭു ആണ്. മരണ ഭീതിയിൽ കഴിയുന്ന മനുഷ്യകുലത്തിനു പ്രത്യാശയുടെ ആന്തരിക സൗഖ്യം നൽകുവാൻ ക്രിസ്തുവിന്റെ സമാധാനത്തിനു കഴിയുമെന്ന് അനേകൾ ഇന്നും സാക്ഷീകരിക്കുന്നുണ്ട്.
ഈ നാലു പെരുന്നാളുകളുടെ ഉൾപ്പൊരുൾ അന്തരീക്ഷത്തിൽ പൊന്തിനിൽക്കുന്പോഴും ഇന്നും ക്രിസ്തു ക്രൂശിക്കപ്പെടുന്നു. അവനെ അനുഗമിക്കുന്നവരെന്നു അഹങ്കരിക്കുന്നവർ തന്നെ കാരിരുന്പാണി തറച്ചു അവന്റെ കൈകളെയും കാലുകളെയും തുളക്കുന്നു. തങ്ങളുടെ അസാന്മാർഗിക പ്രവൃത്തികളാകുന്ന കുന്തമുനകൾ കൊണ്ട് ഇന്നും അവന്റെ വിലാവിൽ മുറിവുണ്ടാക്കുന്നു. എങ്കിലും ക്രൂശിലെ യേശുവിന്റെ ശബ്ദം പ്രപഞ്ചത്തെ പ്രകന്പനം കൊള്ളിക്കുന്നു, ‘എനിക്ക് ദാഹിക്കുന്നു’...