ഏകാ­ന്തത നി­ങ്ങളെ­ അലട്ടു­ന്നു­വെ­ങ്കി­ൽ


വെള്ളം, വെള്ളം, സർവത്ര വെള്ളം, പക്ഷേ തുള്ളിക്കുടിപ്പാനില്ലത്രേ. ഈ പ്രസ്താവം സമുദ്രത്തിൽ കൂടി യാത്ര ചെയ്യുന്നവരുടെ അനുഭവമാകാം. ഒരുപക്ഷേ നമ്മുടെ നാട്ടിലെ ചില സ്ഥലങ്ങളിൽ താമസിക്കുന്നവരുടെയും ഗതി ഇതു തന്നെയായിരിക്കാം. ചുറ്റിനും വെള്ളം, പക്ഷേ നാവിൽ തൊടാൻ സാധ്യമല്ല. ഇതിന് സമാനമാണ് ജനപ്പെരുപ്പത്തിനിടയിൽ ഏകാന്തത അനുഭവിക്കുന്നവരുടെയും കഥ. ഒറ്റപ്പെട്ടവരായി തീർന്നുവെന്ന നൈരാശ്യത്തോടെ ജീവിക്കുന്നവർ ഇന്ന് നഗരങ്ങളിൽ മാത്രമല്ല ഗ്രാമങ്ങളിലും പെരുകുന്നു. പ്രവാസലോകത്ത് ഇത് സർവ്വസാധാരണമാണ്. ഈ ഏകാന്തത ഇന്ന് ഒരു സാമൂഹ്യപ്രശ്നമായി മാറുകയാണ്. ഈയിടെ ഒരു ലേഖനത്തിൽ വായിക്കുവാനിടയായി. ലോകം കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ ജനസംഖ്യാ വർദ്ധനവിന്റെ ഈക്കാലയളവിൽ ഏകാന്തത അഥവാ ഒറ്റപ്പെടൽ സംഭവിക്കുന്നത് ഒരു വിരോധാഭാസമല്ലേ? നമ്മുടെ നഗരങ്ങളിൽ ആകാശഭേദികളായ ബഹുനില മന്ദിരങ്ങൾ ഏകാന്തതയുടെ സ്മാരകങ്ങളായി മാറിക്കൊണ്ടിരിക്കുന്നു. അവയുടെ ഭിത്തികൾക്കുള്ളിൽ ഒറ്റപ്പെടലിന്റെ നൊന്പരവുമായി കഴിയുന്നവർ അനവധിയാണ്. പലരും ഷോപ്പിംഗ് സെന്ററിൽ കയറിയിറങ്ങി ഏകാന്തതയ്ക്ക് പരിഹാരം കണ്ടെത്തുന്നു.

വാർദ്ധക്യത്തിലെത്തുന്പോഴാണ് ഏകാന്തത കൂടുതൽ അനുഭവപ്പെടുന്നത്. പ്രത്യേകിച്ച് ഇണക്കിളി പറന്നുപോയിക്കഴിയുന്പോൾ. അമേരിക്ക, കാന‍ഡ തുടങ്ങിയ പാശ്ചാത്യരാജ്യങ്ങളിൽ കുടിയേറിയ മക്കളുടെ അടുത്ത് വാർദ്ധക്യകാലത്ത് സുഖവാസത്തിനെത്തിയ നിരവധി വൃദ്ധരായ മാതാപിതാക്കൾ അനുഭവിക്കുന്ന ഒറ്റപ്പെടലിന്റെ അനുഭവം വിവരണാതീതമാണ്. ഒന്ന് ചുണ്ടു തുറന്ന് സംസാരിക്കാൻ ആരുമില്ല. ഹൃദയം ഒന്ന് തുറക്കാൻ ഒരു മനുഷ്യജീവി പോലും അടുത്തില്ല. ഉണ്ടെങ്കിൽ തന്നെ സമയമില്ല. കൊച്ചുമക്കളെ പരിചരിക്കുക എന്ന ഭാരോദ്വഹന തുല്യമായ ജോലി ചെയ്യുക മാത്രം. അല്ലെങ്കിൽ ടി.വി ചാനലുകളെ ആശ്രയിക്കുക മാത്രം. ഗൾഫിലെയും സ്ഥിതി വിഭിന്നമല്ല. ജോലിയില്ലാത്ത ഭാര്യ രാവിലെ ജോലിയ്ക്കായി വീട്ടിൽ നിന്ന് ഇറങ്ങിപ്പോകുന്ന ഭർത്താവിനെ കാണുന്നത് രാത്രി വൈകി ക്ഷീണിതനായി കടന്നുവരുന്പോഴാണ്. ഇതിനിടയിൽ കുറേ പ്രാവശ്യം ടെലിഫോണിൽ ബന്ധപ്പെട്ടെങ്കിലായി. ഓഫീസിൽ ഭർത്താവ് തിരക്കിലാണെങ്കിൽ അതുമില്ല. ഏകാന്തത ഒരു ദുർവിധിയാണോ? അത് ദുർവഹമാണോ?

എന്റെ ഗ്രാമത്തിൽ ഒരു കറിയാച്ചൻ ഉണ്ടായിരുന്നു. രാവിലെ ഉടുത്തൊരുങ്ങി കറിയാച്ചൻ ചന്തസ്ഥലത്ത് എത്തും. അവിടെ ഒരു മൈൽകുറ്റിയിൽ ചാരി നിന്ന് റോ‍‍‍‍ഡിലൂടെ പോകുന്നവരെ ഓരോരുത്തരെ നോക്കി ചിരിക്കാൻ ശ്രമിക്കും. പക്ഷേ ആരും കറിയാച്ചനെ ശ്രദ്ധിക്കാറില്ല. ഒരാളുപോലും കറിയാച്ചനെ നോക്കി ചിരിക്കാറില്ല. അല്ലെങ്കിലും എൺപതു കഴിഞ്ഞ അദ്ദേഹത്തെ നോക്കി എന്തിന് ചിരിക്കാൻ! വെയിലിന് ചൂടേറുന്പോൾ കറിയാച്ചൻ കൂര കയറും. അപരാഹ്നത്തിൽ വീണ്ടും മൈൽകുറ്റി തന്നെ ശരണം. ചിരി തുടർന്നുകൊണ്ടിരിക്കും. പക്ഷേ ഒരു ഇരയെയും കിട്ടാറില്ല. ഇരുട്ട് വ്യാപിക്കും മുന്പ് വീട് പറ്റും. നിത്യേന ഇതാണ് അദ്ദേഹത്തിന്റെ തിരക്കുള്ള ജോലി. ഒരു ദിവസം ഞാൻ അദ്ദേഹത്തോട് സംസാരിച്ചു.

എന്തിനാണ് എന്നും ഇങ്ങനെ മൈൽകുറ്റി ചാരി നിൽക്കുന്നത് 

ആളുകളെ കാണാൻ. പറ്റുമെങ്കിൽ ഒന്ന് സൗഹൃദം പുതുക്കാൻ. മറുപടി

എന്നിട്ട്?

ആരും അടുക്കുന്നില്ല. സ്നേഹം വറ്റിപ്പോയിരിക്കുന്നു കുഞ്ഞേ, സ്നേഹം ഒരു പുകയിലയാണ്. കാലിപ്പുകയില. അത് തലയ്ക്ക് പിടിച്ചാലേ സുഖമറിയൂ.

സംസാരം അവിടെ നിന്നു. ഒറ്റയ്ക്കാണ് അദ്ദേഹത്തിന്റെ ജീവിതം. മക്കളൊക്കെ കുടുംബമായി വിദേശത്താണ്. ഒരു ജോലിക്കാരൻ വന്ന് ഭക്ഷണം പാകം ചെയ്തും വീടു അടിച്ചു വാരിയും കൊടുക്കും. മരിക്കാൻ നിയമമനുവദിക്കുമെങ്കിൽ എന്നദ്ദേഹം ആശിച്ചുപോകുന്നു. ഉറക്കമില്ലാത്ത രാത്രികൾ! ഏകാതന്തതയുടെ നടുത്തളത്തിലെ പകലിന്റെ നെടുവീർപ്പുകൾ! ഒന്നു ചിരിക്കാൻ പോലും ആർക്കും മനസ്സില്ല. സമയവുമില്ല. തെരുവിലെ മൈൽകുറ്റിയിൽ ചാരി നിൽക്കുന്പോൾ അദ്ദേഹത്തിനൊരു സുഖം. തെരുവിന്റെ ചലനങ്ങളെ ഒപ്പിയെടുക്കുന്പോൾ മനസ് വാചാലമാകുന്നു. ആ നിർവൃതിയിൽ നാളുകൾ തള്ളിനീക്കുന്നു. ശ്മശാനസമമല്ലേ ജീവിതത്തിലെ ഈ ഏകാന്തത! വൻപ്രതീക്ഷകളോടെ മക്കളെ വളർത്തി വലുതാക്കി. പ്രിയതമ പകലേ വിട്ടുപിരിഞ്ഞു. ആരെപ്പറ്റിയും ഒരു പരാതിയുമില്ല. ഉണ്ടെങ്കിൽ തന്നെ കേൾക്കുവാൻ ആളില്ല. ഞാൻ എൻ്റെ പഴ്സിലെ ഒരു വലിയ നോട്ടെടുത്ത് അദ്ദേഹത്തിന്റെ കൈയിൽ തിരികി വെച്ചുകൊടുത്തു. കൈമലർത്തി നോക്കിയിട്ട് അദ്ദേഹം മൊഴിഞ്ഞു.

ഈ പണം പോരാ. കോടികൾ തന്നാലും മതിയാവുകയില്ല. എന്റെ മനസ്സിലെ വികാരങ്ങൾ ഒപ്പിയെടുക്കാനുതകുന്ന ഒരു സാമഗ്രിയും പണം കൊടുത്ത് വാങ്ങാൻ സാധ്യമല്ലേ കുഞ്ഞേ!

അദ്ദേഹം അത് തിരികെ നൽകി, പുഞ്ചിരിയോടെ. ആ പുഞ്ചിരിയിൽ ഒരു നിഷ്കളങ്കത തളംകെട്ടി നിന്നിരുന്നു, ഇന്നത്തെ സാധാരണ പുഞ്ചിരികളിൽ കാണാത്ത ഒരു നിഷ്കളങ്കത. ഏകാന്തതയും നിശബ്ദതയും ഇഷ്ടപ്പെടുന്നവരുണ്ട്. ഈശ്വരധ്യാനത്തിനും ആത്മീയോപാസനയ്ക്കും അവ അനുയോജ്യവുമാണ്. അവർ മരുഭൂമിയുടെ വിജനതയിലേക്കും പർവതസാനുക്കളുടെ പാർശ്വങ്ങളിലേക്കും ചേക്കേറുന്നു. അവർക്ക് ഏകാന്തത പേടിസ്വപ്നമോ വിരസതയോ അല്ല. ആനന്ദം നിറഞ്ഞതും നിർവൃതിദായകവുമാണ്. യഥാർത്ഥത്തിൽ അവർ ഏകാന്തതയിലല്ല, ആത്മീയോപാസനയുടെ സാന്നിദ്ധ്യത്തിലും സംസർഗ്ഗത്തിലുമാണ്. ഇത്തരത്തിൽ ഏകാന്തതയ്ക്ക് പ്രിയരായവർ നമ്മുടെ ഇടയിൽ തന്നെ ഉണ്ടാകും. സാധാരണക്കാരായ നമുക്കാണ് ഏകാന്തതയെ ഭയവും അതുമൂലം നിരാശയും. ബാഹ്യമായ സാഹചര്യത്തേക്കാൾ അധികമായി ഓരോ വ്യക്തിയും പുലർത്തുന്ന മനോഭാവമാണ് ഏകാന്തതയെ ദുർവഹമാക്കുന്നത്. Loneliness is not a matter of isolation, but insulation. തങ്ങൾക്ക് ചുറ്റും ഒരു മതിൽ അവർ ചുറ്റിക്കെട്ടുന്നു. എന്നിട്ട് ഏകാന്തതയെപ്പറ്റി പരാതിപ്പെടുന്നു. ആരുമായും  ബന്ധപ്പെടാൻ ശ്രമിക്കാതെ സ്വയം ഒറ്റപ്പെട്ടു കഴിയാൻ ശ്രമിക്കുന്നു. എന്നാൽ മറ്റുള്ളവരുമായി സ്നേഹം പകർന്ന് അവരുമായി ബന്ധം പുലർത്താൻ കഴിയുന്പോൾ സൗഹൃദങ്ങൾ രൂപപ്പെട്ട് ശക്തി പ്രാപിക്കും. കറിയാച്ചനെപ്പോലെ മൈൽകുറ്റിയിൽ ചാരി നിന്നാൽ പറ്റില്ല. ആരേയും സ്നേഹിക്കാൻ ശ്രമിക്കാതെ തന്നിലേയ്ക്ക് തന്നെ പിൻവലിഞ്ഞ് സ്വയകേന്ദ്രീകൃതമായി ജീവിക്കുന്പോൾ ഒറ്റപ്പെട്ടവനായി തീർന്നു പോകും. തന്റെ പരാജയങ്ങളും നിരാശകളും പ്രശ്നങ്ങളും എല്ലാം ഉള്ളിൽ ഒതുക്കി ആരുമായും പങ്കുവെയ്ക്കാൻ ഒരുന്പെടാതെ ജീവിക്കുന്പോൾ നിരാശ്രയബോധം ശക്തിപ്പെടും. അതുകൊണ്ട് ഏകാന്തതയുടെ നൈരാശ്യവും വിരസതയും വിഹ്വലതയും എല്ലാം ദൂരീകരിക്കാൻ നിശ്ചയമായും നമുക്ക് കഴിയും. എന്താണ് കരണീയമായിട്ടുള്ളത്? മദ്യമോ, ഉറക്കഗുളികയോ, ആത്മഹത്യാശ്രമമോ ഒന്നും പരിഹാരം വരുത്തുകയില്ല. പ്രശ്നം രൂക്ഷമാക്കുകയേ ഉള്ളൂ.

എനിക്കറിയാവുന്ന ഒരു വൃദ്ധൻ രാവിലെ കുളിച്ചൊരുങ്ങി പ്രാതൽ കഴിച്ച ശേഷം ദിവസവും അടുത്തുള്ള ഹോസ്പിറ്റലിലേക്ക് യാത്രയാകുന്നു. അവിടെ കഴിയുന്ന രോഗികൾക്ക് സ്റ്റാൻബൈ ആയി നിൽക്കുന്ന ബന്ധുക്കളെ നിർബന്ധിച്ച് മറ്റ് ജോലികൾക്കും വിശ്രമത്തിനുമായി ഏൽപ്പിച്ച് അദ്ദേഹം രോഗിയെ ശുശ്രൂഷിക്കുന്ന സ്റ്റാന്റ് ബൈ ഡ്യൂട്ടി ഏറ്റെടുക്കുന്നു. സംസാരിക്കാവുന്ന രോഗികളുടെ സംസാരം സശ്രദ്ധം അദ്ദേഹം കേട്ടിരിക്കും. സംസാരിക്കാൻ സാധിക്കാത്തവരോട് അദ്ദേഹം ജീവിതാനുഭവങ്ങളും ലോകവാർത്തകളും പങ്കുവെച്ചു കൊണ്ടിരിക്കും. എന്തൊരു ആത്മനിർവ‍‍‍‍ൃതിയാണ് ദിവസത്തിന്റെ അവസാന മണിക്കൂറുകളിൽ അദ്ദേഹം നെയ്തെടുക്കുന്നത്. രാത്രിയിൽ സുഖമായി ഉറങ്ങുന്നു. പൂക്കളോടും ചെടികളോടും മരങ്ങളോടും വരെ അദ്ദേഹം സംസാരിക്കുന്നു. അവയെ തലോടുന്നു. തന്റെ ചുറ്റും പലരും ഉണ്ടെന്നും താൻ ഒറ്റയ്ക്കല്ല എന്നുമുള്ള ഒരു അവബോധം ഉള്ളിൽ ഉണ്ടാകുന്നു.

നോബൽ സമ്മാനജേതാവായ റഷ്യൻ സാഹിത്യകാരൻ അലക്സാണ്ടർ സോൾ ഷെനിറ്റ്സിന്റെ ഒരു കൃതിയാണ് ഐവാൻ ഡെനിസോവിച്ചിന്റെ ജീവിതത്തിലെ ഒരു ദിവസം. ഐവാന്റെ തടങ്കൽപ്പാളയ ജീവിതത്തിലെ യാതനകളും പീഢനങ്ങളും അതിൽ വ്യക്തമാക്കുന്നു. അവയെല്ലാം ധീരതയോടെ സഹിച്ച ഐവാൻ ഒരു ദിവസം കണ്ണുകൾ പൂട്ടിയിരിക്കുന്നത് ശ്രദ്ധിച്ച ഒരു കൂട്ടുതടവുകാരൻ പുച്ഛമായി അദ്ദേഹത്തോട് പറ‍ഞ്ഞു. ‘നിന്റെ പ്രാർത്ഥനകൊണ്ടൊന്നും ഇവിടെ നിന്ന് രക്ഷപെടാമെന്ന്  വിചാരിക്കേണ്ട’. ഈ വാക്കുകൾ കേട്ട് ഐവാൻ കണ്ണുകൾ തുറന്നു സ്നേഹിതനോട് പറഞ്ഞു. ‘തടങ്കൽ‍ പാളയത്തിൽ നിന്ന് പുറത്തുപോകാൻ ഉദ്ദേശിച്ച് ഞാൻ പ്രാർത്ഥിക്കുകയായിരുന്നില്ല. തടങ്കൽ പാളയത്തിലും എന്റെ മനസു പകരാൻ കുറെപ്പേരെയെങ്കിലും ലഭിക്കണമേ എന്ന് ഞാൻ ആഗ്രഹിക്കുകയായിരുന്നു. ശാരീരിക സാന്നിധ്യത്തിലൂടെയല്ല, മനോവ്യാപാരത്തിലൂടെ സാങ്കൽപ്പികമായി സൗഹൃദം ആസ്വദിച്ചു കൊണ്ട് മനം പകരുവാനുള്ള ശക്തി ലഭിക്കാനായി ധ്യാനത്തിലായിരുന്നു ഞാൻ.’

എനിക്കാരുമില്ല എന്ന് വിലപിക്കുന്നവർ സ്വാർത്ഥമതികളാണ്. ആരുമില്ല എന്ന വികാരം നമ്മെ ഭരിക്കുന്പോൾ ആരിൽ നിന്നോ എന്തോ പ്രതീക്ഷിച്ചിരിക്കുന്നു എന്ന ഉൾവികാരമാണ് നമ്മെ അതിനായി പ്രേരിപ്പിക്കുന്നത്. ഞാൻ  ഞാനാണ്, എനിക്ക് ഞാൻ തന്നെ എന്ന ചിന്ത നമ്മെ ഭരിക്കും. ശരീരാത്മ മനസുകളുടെ സംഗമമാണല്ലോ മനുഷ്യസൃഷ്ടി. ഒന്നിനൊന്നോട് പൂരകമായിട്ടാണ് സൃഷ്ടികർമ്മം നിർവ്വഹിക്കപ്പെട്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ ശരീരത്തിന് മനസിനെയോ ആത്മാവിനെയോ തള്ളിപ്പറയാൻ സാധ്യമല്ല. മറിച്ചും! ഏകാന്തതയിലുള്ള ഒന്നും തന്നെ ഈ പ്രപഞ്ചത്തിലില്ല. പരാശ്രയത്വമാണ് ഈ പ്രകൃതിയുടെ തന്റെ നിലനിൽപ്പിന്റെ വെള്ളിക്കോൽ. അങ്ങനെയെങ്കിൽ ഏകാന്തത വികലമായ മനുഷ്യമനസിന്റെ അകാല ്രപജ മാത്രം.

ഏകാന്തത എങ്ങനെ ഒഴിവാക്കാം. നിരവധി മാർഗ്ഗങ്ങളുണ്ടെങ്കിലും പ്രധാനമായി മൂന്ന് മാർഗ്ഗങ്ങൾ കാണാം.

1. ഏകാന്തതയിൽ കഴിയുന്നവർ മറ്റുള്ളവരുമായി ബന്ധപ്പെടാൻ ഉത്സാഹിക്കണം. മറ്റുള്ളവരിലേക്ക് നമ്മുടെ ശ്രദ്ധ തിരിക്കുന്പോൾ തന്നെ പരിഹാരത്തിന്റെ തുടക്കം കുറിക്കുകയായി. ഏറ്റവും സ്നേഹിക്കുന്ന വ്യക്തിയോ വ്യക്തികളോ ഉണ്ടെങ്കിൽ അവരുമായി ഹൃദയം തുറക്കാൻ കഴിയണം. തന്റെ സ്വപ്നങ്ങൾ, ഭയങ്ങൾ, ആകുലതകൾ, നിരാശകൾ, പരാജയങ്ങൾ ഇവയെല്ലാം തുറന്ന് പറയാൻ കഴിഞ്ഞാൽ വലിയ ആശ്വാസമാകും. അത്തരം സ്നേഹിതരില്ല എന്ന് പറയുന്നവരുമുണ്ട്. സാമൂഹികപ്രവർത്തകരും ഗുരുക്കന്മാരുമായി സഹായിക്കുവാൻ കഴിയുന്നവരുമുണ്ട്. അവരിലേക്ക് നാം കടന്നെത്തണം. അവർ കടന്നുവരാൻ കാത്തിരിക്കേണ്ടതില്ല.

2. സേവനത്തിന്റെയും സഹായത്തിന്റെയും സൗഹൃദത്തിന്റെയും കരങ്ങൾ നീട്ടി നാം മറ്റുള്ളവരിലേക്ക് ചെല്ലുന്പോൾ അവർക്കത് സഹായകരമാകുമെന്ന് മാത്രമല്ല, അത് നമുക്കും ഗുണം ചെയ്യും. ഒരു സ്നേഹിതനെ ഞാനോർക്കുന്നു. മക്കൾ ഉദ്യോഗത്തിനും മറ്റുമായി വിദേശത്ത്. ഭാര്യയുമൊത്ത് സമാധാനവും സന്തോഷവുമുള്ള ജീവിതം നയിക്കുന്പോൾ ഭാര്യ ക്യാൻസർ ബാധിച്ച് മരിക്കുന്നു. ഏകനായിതീർന്ന അദ്ദേഹം സേവനരംഗത്തേക്കിറങ്ങി. സഹായത്തിന്റെയും സ്വാന്തനത്തിന്റെയും ശുശ്രൂഷയിൽ മുഴുകി. വാർദ്ധക്യത്തിലും അവശതയിലും നാലു ചുവരുകൾക്കുള്ളിൽ കഴിയുന്നവരെ സന്ദർശിക്കുക, അവർക്ക് വായിക്കുവാൻ അനുയോജ്യമായ കൃതികളും പ്രസിദ്ധീകരണങ്ങളും എത്തിക്കുക, മറ്റുള്ളവരിൽ നിന്നും കൂടെ സഹായം സ്വീകരിച്ച് ചികിത്സക്ക് മാർഗ്ഗമില്ലാത്തവരെ സഹായിക്കുക ഇങ്ങനെ പോകുന്നു ആ നല്ല മനുഷ്യന്റെ ധന്യപ്രവർത്തികൾ. അത് സ്വന്തം ഏകാന്തതക്ക് പരിഹാരം വരുത്തുന്നുവെന്ന് മാത്രമല്ല മറ്റ് ഏകാന്ത ചിന്തയുള്ളവരുടെ ജീവിതത്തെ കൂടെ മാറ്റിമറിച്ച് സന്തോഷപ്രദമാക്കുവാൻ മുഖാന്തിരമായി തീരുന്നു.

3. സാമൂഹിക ബന്ധത്തിൽ സുപ്രധാനമായ ഒന്നാണ് ക്ഷമാപൂർവ്വം മറ്റുള്ളവരെ ശ്രവിക്കുക എന്നത്. കൂടുതൽ കേൾക്കാനല്ലേ രണ്ട് ചെവികൾ കിട്ടിയിട്ടുള്ളത്. ഒരു നാവ് കുറച്ച് സംസാരിക്കുവാനും. സഹാനുഭൂതി പ്രകടിപ്പിച്ചു കൊണ്ടുള്ള ശ്രവണത്തെക്കുറിച്ചല്ല, മറിച്ച് തദനുഭൂതിയിലൂടെയുള്ള ക്ഷമാപൂർവ്വമായ ശ്രവണസിദ്ധിയെക്കുറിച്ചാണ് ഇവിടെ സൂചിപ്പിക്കുന്നത്. സംസാരിക്കുന്ന ആളിന്റെ മാനസികാവസ്ഥ പൂർണ്ണമായി ഉൾക്കൊണ്ടു കൊണ്ട് ആ ചിന്തയോട് താദാത്മ്യം പ്രാപിക്കുന്ന അവസ്ഥയെയാണ്  തദനുഭൂതി എന്ന് വിശേഷിപ്പിക്കുന്നത്. അങ്ങനെ വരുന്പോൾ മറ്റുള്ളവർ ഉത്സാഹത്തോടെ നമ്മുടെ സാമീപ്യം ആഗ്രഹിക്കും. നാം നാവിട്ടടിച്ച് സംസാരിച്ചു കൊണ്ടിരുന്നാൽ നമ്മുടെ  ഏകാന്തതയുടെ അപാരതീരങ്ങളിലേക്ക് നമ്മുടെ മനസ്സ് ചേക്കേറാൻ സാധ്യതയുണ്ട്. ആ മനസിനെ മറ്റൊരു മനസിന്റെ വികാരമൊപ്പിയെടുക്കാൻ മെരുക്കിയെടുക്കുന്ന പ്രക്രിയയാണ് തദനുഭൂതി പ്രകടിപ്പിച്ചുള്ള ശ്രവണത്തിലൂടെ നാം നേടുന്നത്. നമ്മുടെ ഏകാന്തത അതുമൂലം  ഒഴിവായി കിട്ടുകയും ചെയ്യും.

തകരുവാനോ തകർക്കുവാനോ ഉള്ള പളുങ്കുപാത്രമായി ജീവിതത്തെ കരുതരുത്. ഒരു നോക്ക്, ഒരു വാക്ക്, ഒരു താങ്ങ് എന്നീ സുകൃതകർമ്മങ്ങളിലൂടെ ഏകാന്തതയുടെ നടുച്ചുവർ ഇടിച്ചു വീഴ്ത്തി അർത്ഥപൂർണ്ണമായ ഒരു ജീവിതത്തിന് അവകാശിയായി തീരുവാനുള്ള ആത്മാർത്ഥമായ പരിശ്രമമാണ് നമ്മിൽ ഉണ്ടാകേണ്ടത്. നാം തനിച്ചല്ല. നമുക്ക് ചുറ്റും അനേകരുണ്ട്.

ഡോ. ജോൺ പനയ്ക്കൽ

john.panackel@gmail.com

You might also like

Most Viewed