‘ഉപകാരങ്ങൾ ഒന്നും മറക്കരുത്’
ജോൺ പനയ്ക്കൽ
ആരെങ്കിലും നമുക്ക് ഉപകാരം ചെയ്തിട്ടുണ്ടെങ്കിൽ അത് പെട്ടെന്ന് മറക്കുകയും ഉപദ്രവം ചെയ്തത് ഓർത്തിരുന്ന് പ്രതികാരത്തിനായി കാത്തിരിക്കുകയും ചെയ്യുക നമ്മുടെ ഇടയിൽ പതിവാണ്. ഉപകാരത്തെ പെട്ടെന്ന് മറക്കുന്നത് കൃതജ്ഞത പുലർത്താത്ത മനസ്സാണ്. അവിടെ എപ്പോഴും നിരാശയും നിരുത്സാഹവുമായിരിക്കും. അവിടെ പരാതിയും പിറുപിറുപ്പും ഉയരുമെന്ന് മാത്രമല്ല, വേഗത്തിൽ നിരാശയുടെ വിത്ത് മുളച്ച് വരികയും ചെയ്യും. ന്യൂനോർജം മനസ്സിനെ ആവാഹിക്കുന്പോഴാണ് നിരാശ ഉടലെടുക്കുന്നത്. അത് മനസ്സിൽ വേരൂന്നിയാൽ വളരെ വേഗത്തിൽ വളർന്നു വ്യാപിക്കും. മനുഷ്യർ ഉന്മേഷ രഹിതരും നിഷ്ക്രിയരുമായി തീരുന്നതിനും ഇടയാകും.
ഒരു നാടോടിക്കഥ ഇപ്രകാരമാണ്, ഘോര വനാന്തരത്തിൽ കൂടി ഒരാൾ യാത്രചെയ്യുകയാണ്. ഇടതൂർന്ന് വളർന്നു നിൽക്കുന്ന വടവൃക്ഷങ്ങൾ. അവയ്ക്കിടയിൽ കുറ്റിക്കാടുകളും വള്ളിപ്പടർപ്പുകളും. സൂര്യപ്രകാശം അരിച്ചിറങ്ങുന്നുവെങ്കിലും അന്ധകാരം ഘനീഭവിച്ച അന്തരീക്ഷമാണ്. കാതടിപ്പിക്കുന്ന കാറ്റ് ആഞ്ഞടിക്കുന്നു. നമ്മുടെ യാത്രികൻ ക്ഷീണിതനായി നടന്നു നീങ്ങുന്പോൾ, യാദൃശ്ചികമായി ഒരു വൈക്കോൽ പുര കണ്ടെത്തി. അവിടെ അൽപ്പം വിശ്രമിക്കാമെന്നു തീരുമാനിച്ചു. അപ്പോൾ മനസ്സിലായി അത് പിശാചിന്റെ വിത്ത് സംഭരണ ശാലയാണെന്ന്. മനുഷ്യ ഹൃദയങ്ങളിൽ വിതയ്ക്കേണ്ട വിവിധ ഇനം വിത്തുകളെല്ലാം അവിടെയാണ് ഭദ്രമായി സൂക്ഷിച്ചിരിക്കുന്നത്. യാത്രികന്റെ ജിജ്ഞാസയും കൗതുകവും ഉണർന്നു. കയ്യിലുള്ള തീപ്പെട്ടി ഉരച്ച് ഒരു തിരിനാളം കൊളുത്തി അവിടെയെല്ലാം സൂക്ഷ്മമായി നിരീക്ഷിച്ചു. വിത്ത് ശേഖരം വിശദമായി കണ്ടു. എന്നാൽ ഒരു തരം വിത്ത് വളരെ കൂടുതൽ സൂക്ഷിച്ചിരിക്കുന്നത് ശ്രദ്ധിച്ചു. അത് നിറച്ചിരിക്കുന്ന ഭരണിയുടെ പുറത്ത് ‘നിരാശയുടെ വിത്തുകൾ’ എന്ന് എഴുതി വെച്ചിരിക്കുന്നു. എന്തുകൊണ്ട് ഈ വിത്തുകൾ ഇത്രയധികം സൂക്ഷിച്ചിരിക്കുന്നു എന്ന് ചിന്തിച്ച് നിൽക്കുന്പോൾ പിശാച് പ്രത്യക്ഷപ്പെടുന്നു. യാത്രികന്റെ ചോദ്യം; ‘എന്തിന് ഈ വിത്തുകൾ ഇത്രയധികം?’ പിശാച് പൊട്ടിച്ചിരിച്ചു. പിശാചിന്റെ മറുപടി, “അവ വേഗത്തിൽ മനുഷ്യ ഹൃദയത്തിൽ വേരൂന്നി തഴച്ചു വളരുന്നു. യാത്രികന്റെ സംശയം, “എല്ലാ ഹൃദയങ്ങളിലും വളരുമോ?” പിശാചിന്റെ മറുപടി, “കൃതജ്ഞത നിറഞ്ഞ ഹൃദയത്തിൽ അവ ഒരിക്കലും വേര് പിടിക്കുകയില്ല. മുളക്കുന്പോൾ തന്നെ ഉണങ്ങി പോകും. അങ്ങനെയുള്ള ഒരു മനസ്സിൽ പിശാചിന് ഒരു സ്ഥാനവുമില്ല എന്ന് ഈ നാടോടിക്കഥയിൽ വ്യക്തമാണ്.
ഉപകാരങ്ങളെ നന്ദിപൂർവ്വം ഓർക്കുന്ന ഒരു ഹൃദയം സ്വന്തമാക്കുന്നതിന് ചില പ്രായോഗിക നിർദ്ദേശങ്ങൾ ചിന്തകർ വെയ്ക്കാറുണ്ട്.
1. ഓരോ ദിവസവും പ്രഭാതത്തിലോ രാത്രിയിലോ കൃതജ്ഞത ഉയർത്തേണ്ട മൂന്നു കാര്യങ്ങളെ ഓർത്ത് കുറിച്ച് വെയ്ക്കുക.
2. എല്ലാ ദിവസവും കുടുംബാഗങ്ങളോടും സ്നേഹിതരോടും നന്ദി പ്രകടിപ്പിക്കേണ്ട അവസരങ്ങളൊന്നും വിസ്മരിക്കരുത്.
3. പൊതുരംഗത്ത് പ്രവർത്തിക്കുന്ന വ്യക്തികളോട് ഉചിതമായ വിധത്തിൽ നന്ദി പ്രകാശിപ്പിക്കുക
4. ചുറ്റിലുമുള്ള പ്രകൃതിയെ നിരീക്ഷിക്കുക. ചെറുതും വലുതുമായ എന്തെല്ലാം കാര്യങ്ങൾ അവിടെയുണ്ട്. വിരിഞ്ഞ ചക്രവാളം, വിടരുന്ന പൂക്കൾ, പാറിപറക്കുന്ന പൂന്പാറ്റകൾ, പ്രകാശം പരത്തി പറക്കുന്ന മിന്നാമിന്നുകൾ ഇങ്ങനെ എന്തെല്ലാം കണ്ണിനു കാതിനും കൗതുകമുണർത്തുന്നു. അവയെ കുറിച്ച് കൃതജ്ഞത അർപ്പിക്കുക.
5. ഓരോ ദിവസവും ലഭിക്കുന്ന അനുഗ്രഹങ്ങളെ അനുസ്മരിക്കാൻ കൃതജ്ഞതയുള്ള ഒരു ഹൃദയം നൽകേണമേ എന്ന് പ്രാർത്ഥിക്കുക. ചുറ്റിലുമുള്ള സൗന്ദര്യത്തെ ആസ്വദിക്കാൻ ഇന്ദ്രിയങ്ങൾ അപ്പോൾ സജ്ജമാകും. സൗഹൃദത്തിന്റെയും മനുഷ്യ ബന്ധങ്ങളുടെയും സന്തോഷം തിരിച്ചറിയാൻ അപ്പോൾ നാം പ്രാപ്തരാകും.
വേഡ്സ് വത്തിന്റെ ഭാഷയിൽ പിറന്നുവീഴുന്ന കുഞ്ഞുങ്ങളുടെ പുഞ്ചിരി സ്വർഗ്ഗീയമാണ്; സ്വർഗ്ഗത്തിൽ നിന്നും പിറന്നു വീണതിന്റെ അടയാളമാണ് അത്. നാം വളർന്നു പ്രായമാകുന്തോറും ചിരി വിരളമാകുന്നു. ചിലരുടെ ജീവിതത്തിൽ അത് തീരെ അപ്ര
ത്യക്ഷമാകുന്നു. ഫോട്ടോ എടുക്കുന്നതിനു മുന്പ് എല്ലാ ക്യാമറക്കാരും നൽകുന്ന ഒരു നിർദേശമുണ്ട്, ഒന്ന് പുഞ്ചിരിക്കൂ -(smile please). എന്തുകൊണ്ടാണ് ആ നിർദേശം? സ്ഥായിയായി പതിയുന്ന ഒരു ചിത്രമാണ് അത്. അതിൽ ദുർമുഖനയോ കരിമുഖനായോ ആയി ഇരിക്കാതെ കാണുന്പോഴൊക്കെയും സന്തോഷവും കുളിർമ്മയും പകരാൻ തക്കവണ്ണം പുഞ്ചിരി വിടരുന്ന മുഖം ഉണ്ടാകുവാനാണ്. നാമെല്ലാം ഇഷ്ടപ്പെടുന്നതും പുഞ്ചിരിക്കുന്ന മുഖമാണ്. ഉപകാരസ്മരണയിൽ അധിഷ്ഠിതമായ ഒരു മനസ്സിന് മാത്രമേ പുഞ്ചിരിക്കുന്ന മുഖം പ്രദർശിപ്പിക്കാൻ കഴിയൂ. പലരിലും ഇത് ദുർലഭമായിട്ടെ സാധ്യമാകുന്നുള്ളൂ എന്നത് സത്യം. പുഞ്ചിരി പ്രസന്നത വരുത്തുന്നു. നിരാശയുടെ സ്ഥാനത്ത് പ്രത്യാശ വരുത്തുന്നു. ഒരു ചൊല്ലുണ്ട്, Smile and the world will smile with you; weep and you weep alone. നിങ്ങൾ ചിരിക്കുന്പോൾ ലോകം മുഴുവൻ നിങ്ങളോടൊത്ത് ചിരിക്കും. നിങ്ങൾ കരയുന്പോൾ നിങ്ങൾ മാത്രമായിരിക്കും.
ചിരിയും പുഞ്ചിരിയും പലതരത്തിൽ പെടുത്താം. സത്്വികാരങ്ങളെ വെളിപ്പെടുത്തുന്നതിനെന്ന പോലെ അധമ വികാരങ്ങളുടെ ബഹിർസ്ഫുരണത്തിനും ചിരി ഉപയോഗപ്പെടുത്തുന്നു. റോമാ നഗരം വെന്തെരിഞ്ഞപ്പോൾ നീറോ ചിരിച്ചത് അധമവികാരത്താലാണ്. നാട്ടിലൊരു ചൊല്ലുണ്ട്. പഴുത്ത പ്ലാവില വീഴുന്പോൾ പച്ചപ്ലാവില ചിരിക്കുമെന്ന്. ആ ചിരി അന്യന് ദുരന്തം നേരിട്ടതിലുള്ള സന്തോഷം വെളിപ്പെടുത്തലാണ്. ഒരാൾ ചെളിയിൽ തെന്നി വീഴുന്പോൾ കണ്ടു നിൽക്കുന്നവർ ചിരിക്കും. അത് വൈരാഗ്യത്തിന്റെയോ വിദ്വോഷത്തിന്റെയോ പ്രതികരണമായിട്ടല്ല, ഒരു ചെറിയ അബദ്ധം പിണഞ്ഞതിനുള്ള നിഷ്കളങ്ക പ്രതികരണമാണത്. ആശ്ചര്യത്തിന്റെ ചിരിയുമുണ്ട്. വന്ധ്യയെന്നു മുദ്രകുത്തിയ മരുമകൾ ഗർഭം ധരിച്ചിരിക്കുന്നു എന്ന വാർത്ത കേൾക്കുന്പോൾ അമ്മായിയമ്മ ചിരിക്കുമെങ്കിൽ ആ ചിരി ആശ്ചര്യത്തിന്റെ ചിരിയാണ്.
ഒരെഴത്തുകാരൻ പറയുന്നു; ഒരു പുഞ്ചിരി ചിലപ്പോൾ പുച്ഛത്തിന്റെയും പരിഹാസത്തിന്റെയും പ്രകടനമാകാം; കൃതജ്ഞത നിറഞ്ഞതും പരിപാവനവുമാകാം, ഔചിത്യത്തിന്റെയും ധാഷ്ട്യത്തിന്റെയും ആകാം, കെഞ്ചുന്ന മനോഭാവത്തിന്റെയും ആകാം. നമ്മുടെ അന്തര ചലനങ്ങളും അത് വളർത്തുന്ന വളവും ചരിവും എന്തെല്ലാം വ്യത്യസ്ഥ ഭാവങ്ങളെ വെളിപ്പെടുത്താൻ സഹായിക്കുന്നു! ഒരു മേലുദ്യോഗസ്ഥൻ തന്റെ കീഴ്ജീവനക്കാരനോട് ക്ഷുഭിതനായി തട്ടിക്കയറുകയും ഭർത്സനത്തിന്റെയും ശാസനയുടെയും വാക്കുകൾ ഉരുവിടുകയും ചെയ്യുന്പോൾ, ആ ജീവനക്കാരൻ സ്തബ്ധനായി തീരുന്നു. ഊണും ഉറക്കവും ഇല്ലാത്തവണ്ണം ചിലപ്പോൾ അസ്വസ്ഥനായി എന്നും വരാം. എന്നാൽ പിറ്റേ ദിവസം ആ മേലുദ്യോഗസ്ഥൻ അയാളെ കണ്ടപ്പോൾ ഒന്ന് പുഞ്ചിരിച്ചുവെന്നിരിക്കട്ടെ; അയാൾക്കുണ്ടാകുന്ന ആശ്വാസവും സന്തോഷവും അവർണ്യമായിരിക്കും. മേധാവിക്ക് കുറ്റബോധത്തിലൂടെ ഉണ്ടായ പുഞ്ചിരിയും കീഴുദ്യോഗസ്ഥന് മേധാവി തന്നോട് പക വെച്ചു പുലർത്തുന്നില്ല എന്ന അനുഭവമാണ് ആ പുഞ്ചിരി നൽകുന്നത്. ഒരു പുഞ്ചിരിക്ക് എന്തെല്ലാം മാറ്റങ്ങൾ വരുത്തുമെന്നുള്ളതിന്റെ ഉദാഹരണമാണിത്. ഭക്ഷണ പാനീയങ്ങൾ പോലെ മനുഷ്യ ജീവിതത്തിന് അനുപേക്ഷണീയമായ ഘടകമാണ് പുഞ്ചിരി. ഉപകാര സ്മരണയോടെ വർത്തിക്കുന്നവരിൽ നിന്നാണ് പുഞ്ചിരി പുറപ്പെടുന്നത്. പുഞ്ചിരിക്കുന്നവരെ നാം ഇഷ്ടപ്പെടുന്നു. മനുഷ്യ ഹൃദയങ്ങളെ പിടിച്ചടക്കുവാൻ പുഞ്ചിരിക്ക് വലിയ കഴിവുണ്ട്. ലിയണാഡോ ഡാവിഞ്ചിയുടെ പ്രസിദ്ധ ചിത്രമാണ് മോണോലിസ.കലാമികവുള്ള ആ ചിത്രത്തിന്റെ വലിയ വശ്യത ആ മുഖത്ത് വിരിയുന്ന പുഞ്ചിരിയാണ്. ആ പുഞ്ചിരി എന്താണ് ധ്വനിപ്പിക്കുന്നത് എന്ന് ആർക്കും തന്നെ നിശ്ചയമില്ല. ഓരോരുത്തരും അവരുടെ ഭാവനക്കനുസൃതമായി മോണോലിസയുടെ പുഞ്ചിരിയെ വ്യാഖ്യാനിക്കുന്നു. ഒരു കാര്യം സ്പഷ്ടമാണ്. കൃതജ്ഞത നിർഭരമായ ഒരു മനസ്സാണവിടെ പ്രതിഫലിക്കപ്പെട്ടിരിക്കുന്നത്.
എഴുത്തുകാരനായ ചെെസ്റ്റർട്ടൻ പറയുന്നത്; നല്ല നർമ്മ ബോധമുള്ള ഒരുവൻ നരകത്തിൽ പോകാനിടയില്ല. ഒരിക്കൽ അസീസിയിലെ പുണ്യവാളനായ ഫ്രാൻസിസ് അദ്ദേഹത്തിന്റെ സന്യാസികളിൽ ഒരുവൻ വിഷാദമുഖനായി കാണപ്പെട്ടപ്പോൾ ചോദിച്ചു, “നീ മരണകരമായ എന്തെങ്കിലും പാപത്തിൽ പെട്ടുപോയോ?” നിശ്ചയമായും ഇല്ല എന്നായിരുന്നു മറുപടി. “എന്നാൽ നീ എന്തുകൊണ്ടാണ് ഇങ്ങനെ ദുഖിതനായി കാണപ്പെടുന്നത്? നീ നിന്റെ താടി ഉയർത്തി പുഞ്ചിരിക്കുക. സഹോദരാ ഒന്ന് ചിരിക്കൂ”. ഭക്തിയുടെ പരിവേഷം ചാർത്തുന്നവർ പുഞ്ചിരിക്കാൻ മടികാണിക്കുന്നതിനുള്ള മറുപടിയാണ് ഫ്രാൻസിസിന്റെ വാക്കുകൾ. ചിലർക്ക് ശ്വാസോച്ഛാസം പോലെ സ്വാഭാവികമാണ് പുഞ്ചിരിക്കുക എന്നത്. വേറെ ചിലർക്ക് ആകട്ടെ എപ്പോഴും വരിഞ്ഞു മുറുക്കിയ മുഖത്തോടെ വർത്തിക്കാനിഷ്ടം. അക്കൂട്ടർ സമൂഹത്തിൽ ഒറ്റപ്പെടുമെന്നതിനു സംശയമില്ല. ഈശ്വരൻ നമുക്ക് തന്നിട്ടുള്ള ഏറ്റവും വലിയ വരദാനമാണ് പുഞ്ചിരി. അത് തികഞ്ഞ ആത്മാർഥതയോടും പിശുക്ക് കൂടാതെയും ഉപയോഗപ്പെടുത്തുന്പോൾ സൗഹൃദങ്ങൾ വർദ്ധിക്കും. ജീവിതം സന്തോഷപ്രദമാവുകയും ചെയ്യും.
കുറെനാളുകൾക്ക് മുന്പ് ദുർമുഖനായ ഒരു പന്ത്രണ്ടാം ക്ലാസുകാരനുമായി മാതാപിതാക്കൾ എന്നെ സമീപിച്ചു. ആസ്വാദനശേഷി അല്പം പോലുമില്ലാത്ത മകൻ വീട്ടിൽ കാലു കുത്തുന്പോൾ മുതൽ ഗൗരവത്തിലാണ്. കൂടുതൽ സംസാരമില്ല; ആൾ ഗൗരവത്തിലാണ്. എന്നാൽ വെളിയിൽ കൂട്ടുകാരുടെ ഇടയിൽ ചിരിച്ചുനടക്കുന്ന നല്ല ഒരു കുട്ടി. വീട്ടുകാർക്ക് ഇതിൽ കഠിനമായ ദുഃഖവും അമർഷവുമുണ്ട്. ചോദിക്കുന്ന എന്തിനും ഒറ്റവാക്കിൽ നെഗറ്റീവ് ഉത്തരമാണ് അവനിൽ നിന്നും വീട്ടുകാർക്ക് കിട്ടുന്നത്. അയാളുമായി സംസാരിച്ചപ്പോൾ വെളിവായ കാര്യങ്ങൾ ചിന്തോ ദീപകമാണ്. പഠിത്തത്തിൽ എത്ര മികവു കാണിച്ചാലും അതിൽ സംതൃപ്തിയില്ലാത്ത മാതാപിതാക്കൾ. ഒരു 17 കാരന് ആവശ്യമുള്ള എന്ത് സാധനം ആവശ്യപ്പെട്ടാലും ‘പറ്റില്ല’ എന്ന മറുപടി. തന്നോട് ഒന്ന് സ്നേഹമായി സംസാരിക്കാനും വീട്ടുകാര്യങ്ങൾ പങ്കു വെയ്ക്കാനും അവർക്ക് സമയമില്ല. രണ്ടു പേരും എപ്പോഴും തിരക്കിലാണ്. അച്ഛന് ഓഫീസിന്റെ ചുമതലയിൽ തിരക്ക്. അമ്മയ്ക്ക് കലാപരിപാടികളിലും സാമൂഹ്യ വേദികളിലും തിരക്ക്. ഞാനാരോട് ചിരിക്കണം സാർ?
വായനക്കാർ ദയവായി ചിന്തിക്കുക. ഈ ലേഖനമെഴുതി തീർക്കുന്പോൾ സംതൃപ്തിയുടെ ഒരു പുഞ്ചിരി എന്റെ മുഖത്ത് വിടരുന്നു. 4PM ന്റെ താളുകളിലുള്ള എന്റെ അക്ഷരങ്ങളിലൂടെ നിങ്ങൾ കണ്ണോടിച്ച് പ്രോത്സാഹിപ്പിക്കുന്നതിന്റെ നന്ദി സൂചകമാണ് കൃതജ്ഞതാ നിർഭരമായ ആ പുഞ്ചിരി! ഉപകാരങ്ങൾ, അത് ഏത് ശ്രോതസ്സിൽ നിന്നായാലും മറക്കരുത്.