പണത്തിനു മുകളിലൂടെ പരുന്തും പറക്കുകയില്ല പോലും?
ഡോ. ജോൺ പനയ്ക്കൽ
പലിശപ്പണം കൊണ്ട് ജീവിക്കുന്ന ധാരാളം പേരുണ്ട് നാട്ടിലും പ്രവാസലോകത്തും. ലക്ഷങ്ങളുടെ വ്യാപാരമാണ് ദിവസവും അരങ്ങേറുന്നത്. മലയാളിയുടെ രക്തത്തിൽ അലിഞ്ഞു ചേർന്ന ഒരു സ്വഭാവമായി മാറിയിരിക്കുന്നു പലിശയ്ക്ക് ‘പലിശ പണ്ടാരങ്ങളിൽ’ നിന്നും പണമെടുക്കുക എന്നത്. പണ്ടുകാലത്ത് കിണ്ടി, കിണ്ണം, ഓട്ടുപാത്രങ്ങൾ, സ്വർണ്ണത്തിന്റെ ചെറിയ ഉരുപ്പടികൾ ഇവയൊക്കെ ആയിരുന്നു ഈടായി നൽകിയിരുന്നത്. ഇന്ന് അത് വസ്തുവിന്റെ പ്രമാണം, വാഹനങ്ങളുടെ രേഖകൾ, പാസ്പോർട്ട്, വലിയ സ്വർണ്ണ ഉരുപ്പടികൾ എന്നിവയൊക്കെ ആയി മാറിയിരിക്കുന്നു. ഇതിന്റെ പ്രധാന കാരണം പണത്തിന്റെ ആവശ്യം തന്നെ. ജീവിതച്ചെലവ് വർദ്ധിച്ചിരിക്കുന്നു. ഭക്ഷ്യധാന്യങ്ങൾക്ക്, വിദ്യാഭ്യാസത്തിന്, വിവാഹത്തിന്, ചികിത്സയ്ക്ക് ഇങ്ങനെ ഒഴിച്ചു കൂടാൻ പറ്റില്ലാത്ത അടിസ്ഥാന ആവശ്യങ്ങൾക്ക് പോലും ചെലവ് ഊഹാപോഹങ്ങൾക്കും അപ്പുറത്താണ്. സാധാരണക്കാരൻ ബാങ്ക്ബാലൻസ് ഉണ്ടാക്കി കണ്ണും നട്ടിരിക്കുന്നവരല്ല. പണം വരുന്നു, പോകുന്നു, വരട്ടെ, പോകട്ടെ എന്ന ജീവിതശൈലിയാണ് സാധാരണക്കാരുടേത്. യഥാതഥമായ സാമാന്യചെലവുകൾക്ക് ഉള്ള വരുമാനം പാകപ്പെടുത്തി സമാധാനമായി ജീവിക്കുന്ന സാധാരണക്കാരന്, ഉള്ളറിയാതെ ഒരു അധികചെലവ് അടിയന്തിരമായി വഹിക്കേണ്ടിവരുന്പോൾ പലിശയ്ക്ക് പണം കടം നൽകുന്ന ‘പലിശ പ്രമാണികളുടെ’ വാതിലിൽ മുട്ടേണ്ടിവരും.
ഒരിക്കൽ പലിശയ്ക്ക് പണമെടുത്ത് അത്യാവശ്യം നിറവേറ്റിയ ആൾ പിന്നീട് അത്യാവശ്യങ്ങൾക്ക് മാത്രമല്ല, ആവശ്യങ്ങൾക്കും അനാവശ്യങ്ങൾക്കും വരെ പണം പലിശയ്ക്ക് ‘തിരിച്ചുമറിക്കുന്ന’ പ്രകൃതക്കാരനായി മാറും. മദ്യപാനം പോലെ ഒരുതരം ആസക്തി രോഗമാണിത് (Addiction) നാവ് ഒന്ന് വളച്ചാൽ മതി പണപ്പൊതി വച്ചുനീട്ടാൻ തയ്യാറായി പ്രമാണിമാർ കയ്യെത്തും ദൂരത്തു തന്നെ സിംഹാസനസ്ഥരായിട്ടുണ്ടാവും. എന്റെ ജന്മദേശമായ പന്തളത്ത് ചന്ത നടക്കുന്നത് ആഴ്ചയിൽ രണ്ടു ദിവസമാണ്. ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും. വർഷങ്ങളായി ഈ പതിവ് ഇന്നും മാറിയിട്ടില്ല. അടൂരിനടുത്ത് പറക്കോട് എന്ന സ്ഥലത്തെ പ്രസിദ്ധമായ ചന്ത തിങ്കളും വ്യാഴവും ആണ്. ബുധനും ശനിയും ചന്തയുള്ള മറ്റൊരു സ്ഥലവും ഞങ്ങളുടെ അടുത്തുണ്ട്. ചുരുക്കത്തിൽ ആഴ്ചയിൽ ആറുദിവസവും ചന്തയും കച്ചവടവും. കച്ചവടം കൊണ്ട് ഉപജീവനം കഴിക്കുന്ന ധാരാളം സാധാരണക്കാരുണ്ട് ഈ നാട്ടിൽ. അവരുടെ കയ്യിൽ മൂലധനമില്ല. അതിരാവിലെ അഞ്ചു മണിയാകുന്പോൾ ഇവർ പന്തളം കവലയിലെത്തും. അടഞ്ഞു കിടക്കുന്ന കടത്തിണ്ണയിൽ ഒരു ബെഞ്ചിൽ ആസനസ്ഥനായിരിക്കുന്ന പലിശ പ്രമാണിയുടെ മുന്നിൽ ഇവർ ഈച്ചപോലെ അടുക്കും. മുഖപരിചയവും മുൻപരിചയവുമുള്ളവർക്കേ ഊഴമുള്ളൂ. അന്ന് കച്ചവടം നടത്താൻ 100 രൂപാ കടം വാങ്ങിയാൽ 10 രൂപ പിടിച്ചശേഷം 90 രൂപയേ കയ്യിൽ കൊടുക്കുകയുള്ളൂ. പലിശ നേരത്തേ വസൂലാക്കുന്നു. ‘എന്തൊരു സുഖം’ എന്തോരു സുരക്ഷിതത്വം. വൈകീട്ട് 5 മണിയ്ക്ക് പലിശപ്രമാണി അതേ ഇരിപ്പടത്തിലുണ്ടാകും. രാവിലെ കിട്ടിയ 90ന് പകരം 100 രൂപാ തിരികെനല്കണം. ഏതാണ്ട് അറുപത് വർഷം മുന്പുള്ള പണം നൽകൽ പ്രക്രിയയായിരുന്നു ഇത് എന്റെ ചെറുപ്പത്തിൽ.
ഇന്ന് പലിശപ്രമാണിയുടെ ഭാവം മാറി. സ്വർണ്ണചെയിനും ധരിച്ച് റോളക്സ് വാച്ചും കെട്ടി അത്തറിന്റെ മണവുമായി ശീതീകരിച്ച മുറികളിലാണിവർ സിംഹാസനമുറപ്പിച്ചിരിക്കുന്നത്. ക്രയവിക്രയം നടത്തുന്ന തുകയും വർദ്ധിച്ചിരിക്കുന്നു. പക്ഷേ ഈ പലിശ പ്രക്രിയയുടെ അടിസ്ഥാന പ്രമാണത്തിൽ വ്യത്യാസം വന്നിട്ടില്ല. പലിശ പ്രഭാതത്തിൽ തന്നെ. ഈ പലിശ പ്രമാണികളുടെ കീശയിൽ നിന്ന് കാശുവാങ്ങി വെറ്റക്കച്ചവടം നടത്തിയിരുന്ന ഒരു കച്ചവടക്കാരനെ എനിക്കറിയാം. 7 മക്കളുള്ള അദ്ദേഹത്തിന്റെ കുടുംബം പുലർത്തിയിരുന്നത് ഈ പലിശപ്രമാണിയുടെ കാരുണ്യം കൊണ്ടായിരുന്നു. കച്ചവടത്തിൽ ലഭിച്ച തുകയിലൂടെ അദ്ദേഹം മക്കളെ ഒക്കെ പഠിപ്പിച്ചൊരു നിലയിലാക്കി. അവരെല്ലാം നല്ല ശന്പളക്കാരുമായി. ഇപ്പോൾ അദ്ദേഹം ഒരു പലിശ പ്രമാണിയായി മാറി. നാട്ടിലെ അറിയപ്പെട്ട പലിശ പ്രമാണി. അദ്ദേഹത്തിന്റെ ഭാഷ്യത്തിൽ ഇതൊരു ജീവകാരുണ്യപ്രവർത്തനമാണ്. ദാരിദ്ര്യത്തിൽ നിന്നും തദ്വാരാ ഉണ്ടായേക്കാവുന്ന ആത്മഹത്യാപ്രവണതയിൽ നിന്നും സമസ്യഷ്ടങ്ങളെ കരകയറ്റാനുള്ള ഒരു ജീവകാരുണ്യപ്രവർത്തനം! കച്ചവടക്കാർ വൈകീട്ട് കാശുമായി എത്തും എന്ന് കണ്ണുമടച്ച് വിശ്വസിക്കാൻ എത്ര പേർ തയ്യാറാകും. ക്രമമായി പണം കടംവാങ്ങി ക്രമമായി തിരിച്ചടച്ച് പലിശക്കാരന്റെ നല്ല ബുക്കിൽ സ്ഥലം പിടിച്ച ചില വിരുതർ ഒരു സുപ്രഭാതത്തിൽ വൻതുക കടം വാങ്ങി മുങ്ങിയ കഥയുമുണ്ട് ഇദ്ദേഹത്തിന് പറയാൻ. എങ്കിലും ചെറുകിടക്കാരുടെ ചില്ലിക്കാശ് (പലിശ) കൊണ്ട് അത്തരം നഷ്ടങ്ങളൊക്കെ നികത്തുന്നു എന്ന് അദ്ദേഹം സമാശ്വസിക്കുകയും ചെയ്യുന്നു. ഒന്നു സൂക്ഷിച്ച് വീക്ഷിച്ചാൽ നമ്മുടെ അയലത്തൊക്കെ ഈ പലിശപ്രമാണിമാരുണ്ട്. കോടീശ്വരന്മാരായ പലിശപ്രമാണികളെ എനിക്കറിയാം. ഭീഷണിയിലൂടെ പണം വസൂലാക്കുവാൻ ഇത്തരക്കാർക്ക് ക്വട്ടേഷൻ സംഘങ്ങളുമുണ്ട്. ഗ്രാമപ്രദേശങ്ങളിലെ പലിശപ്രമാണികൾ ഭീഷണിയ്ക്കായി ഉപയോഗിക്കുന്നത് സ്ഥിരം മദ്യപാനികളെയാണ്. കുപ്രസിദ്ധരായ മദ്യപരെ മദോന്മത്തരാക്കി പൊതുസ്ഥലത്ത് വെച്ച് കടംവാങ്ങി പണം തിരികെ കൊടുക്കാത്തവരെ അസഭ്യവാക്കുകൾ കൊണ്ട് അധിക്ഷേപിക്കുന്നു. കുടുംബത്തോടൊപ്പം പൊതുസ്ഥലങ്ങളിൽ കൂട്ടായ്മക്കായി എത്തുന്പോഴുണ്ടാകുന്ന ഇത്തരം ‘തേജോവധ’ത്തിൽ മനംനൊന്ത് എന്ത് വിറ്റുമുടിച്ചും ആ കടം വീട്ടുവാൻ നിർബ്ബന്ധിതരായി തീരുന്നു അവർ. ഒരാളിന്റെ പക്കൽ നിന്നും വാങ്ങിയ പണം തിരികെ നൽകാൻ മറ്റൊരാളിൽ നിന്നും അമിതപലിശയ്ക്ക് കടമെടുക്കുന്നവരുടെ എണ്ണവും കുറവല്ല.
ഇനി പ്രവാസലോകത്തെ ചുറ്റുപാടുകൾ പരിശോധിക്കാം. ലേബർക്യാന്പുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പലിശക്കാരാണ് കൂടുതലും കൂടെ പാർക്കുന്നവരുടെ ആവശ്യങ്ങൾക്ക് പണം ആവശ്യമായി വരുന്പോൾ പ്രവാസലോകത്തുള്ളവർക്ക് ആശ്രയിക്കാൻ മറ്റാരുമില്ല. പലിശ പ്രമാണിമാരുടെ കയ്യിൽ നിന്നും അമിതപലിശയ്ക്ക് പണം കടംമെടുക്കുന്നു. മുതൽ തിരികെ വാങ്ങുന്നതിൽ പ്രമാണികൾക്ക് താൽപ്പര്യമില്ല. മാസം തോറും മുടക്കം കൂടാതെ പലിശ മാത്രം തിരികെ നൽകിയാൽ മതിയാകും. ഫലത്തിൽ പ്രവാസി കടം കയറി മുടിയുകയാണിവിടെ. കടമില്ലാത്ത പ്രവാസിയെ കാണാൻ മഷിയിട്ട് നോക്കണം. പാസ്പോർട്ട് ഈടു കൊടുത്തിട്ടാണ് ഇവിടെ പലിശപ്പണം കൈപ്പറ്റുന്നത്. മറ്റൊരാളിന്റെ പാസ്പോർട്ട് പിടിച്ച് വെയ്ക്കാൻ യാതൊരു അവകാശവുമില്ല എന്ന സത്യം ഈ പലിശ പ്രമാണിമാർക്കറിയാമെങ്കിലും മറ്റെന്ത് ഗ്യാരണ്ടിയുടെ പേരിൽ പണം നൽകുമെന്നവർ ചോദിക്കുന്നു. ഒരു പണിയുമെടുക്കാതെ പലിശയെന്ന ഒറ്റവരുമാനം കൊണ്ട് സുഖമായി ജീവിക്കുന്ന പ്രമാണിമാരുടെ പറുദീസയാണ് പ്രവാസലോകം. പണം വായ്പയായി നൽകിയിട്ട് കുപ്പി പൊട്ടിച്ച് പ്രമാണിയും ഇരയും ഇരയുടെ ചെലവിൽ മദ്യസേവ നടത്തി ക്രയവിക്രയം ആഘോഷിക്കുക എന്ന പതിവും നാട്ടുനടപ്പാണിവിടെ. ‘ഇല നക്കി നായുടെ ചിറി നക്കി നായ്’ എന്നിങ്ങനെയുള്ളവരെ നാടൻ ഭാഷയിൽ സർവ്വ നാമത്തോടെ സംബോധന ചെയ്യാം. കിട്ടുന്ന ശന്പളം മുഴുവൻ പലിശയിനത്തിൽ കൊടുത്ത് തീർക്കുന്നവർ മനസ്സമാധാനമില്ലാതെ ലഹരികൾക്കും വെറിക്കൂത്തിനും അടിമകളാകുന്നു എന്ന യാഥാർത്ഥ്യം ഒരു വശത്ത് മുഴച്ചു നിൽക്കുന്നു.
കടംകയറി കയറെടുക്കണമെന്ന കലശലായ കദനഭാരത്തോടെ എന്നെ സമീപിച്ച ഒരു സഹോദരന്റെ കഥ കേട്ടാൽ കരളലിയും. സുമുഖനും ആരോഗ്യവാനുമായ ചെറുപ്പക്കാരൻ. നല്ല വിദ്യാഭ്യാസ യോഗ്യത. ഒരു ഓഫീസിൽ അഡ്മിനിസ്ട്രേറ്റർ ആയി ജോലി. സാമാന്യം ഭേദപ്പെട്ട ശന്പളം. ഉദ്യോഗസ്ഥയായ ഭാര്യ. മക്കളായിട്ടില്ല. വലിയ സാന്പത്തികശേഷിയില്ലാത്ത ഒരു കുടുംബത്തിലെ അംഗം. നാട്ടിൽ അയൽക്കാരൊക്കെ ഗൾഫിലാണ്. അവർ വലിയ രമ്യഹർമ്മ്യങ്ങളൊക്കെ കെട്ടിപ്പണിതുയുർത്തുന്പോൾ തന്റെ പഴയ ഓടു മേഞ്ഞ പുരയൊന്നു മാറി 3 കിടപ്പുമുറികളുള്ള ഒരു കെട്ടിടം തീർക്കണമെന്ന ഇദ്ദേഹത്തിന്റെ ആഗ്രഹം അണപൊട്ടി ഒഴുകിയപ്പോൾ വീടുപണിക്ക് എടുത്തു ചാടി. വാർദ്ധക്യത്തിലെത്തിയ അച്ഛനുമമ്മയ്ക്കും താമസിക്കാൻ ഒരു കൂര കെട്ടി കൊടുത്തു. പെട്ടന്ന് വീട് പണി തീർത്ത് പുതിയ വീട്ടിലേയ്ക്ക് അവരെ മാറ്റി പാർപ്പിക്കുവാൻ ഇദ്ദേഹം പാടുപെട്ടു. ഭാര്യ വീടു പണിക്കെതിരായിരുന്നു. ഭാര്യയുടെ ശന്പളത്തിൽ നിന്ന് കാൽക്കാശ് ഇതിനായി നൽകുകയില്ല എന്നവർ അന്ത്യശാസനവും നൽകി. പിന്നെ ‘കടമെടുപ്പ്’ എന്ന അവിശുദ്ധ കർമ്മത്തിലായി ശ്രദ്ധ. കിടപ്പാടം പണയപ്പെടുത്തി നാട്ടിൽ നിന്ന് ലക്ഷങ്ങൾ ലോൺ എടുത്തു. പണിയ്ക്ക് ലോൺ തികഞ്ഞില്ല. അപ്പോൾ ഇവിടെ പ്രവാസലോകത്ത് ‘ബ്ലേഡ്’ കാരെ സമീപിച്ചു. ഭീമമായ ഒരു തുക വീണ്ടുവിചാരമില്ലാതെ പലരിൽ നിന്നും അമിതപലിശയ്ക്ക് കടം വാങ്ങി. ശന്പളത്തിന്റെ തുക പലിശ അടച്ചു തീർക്കാൻ പോലും തികയുന്നില്ല. കാർ വാടകയ്ക്ക് കൊടുക്കുന്ന കന്പനി ഉദ്യോഗസ്ഥനായ ഇദ്ദേഹം ഓഫീസിൽ കാറുകളുടെ റോഡ് പെർമിറ്റ് പുതുക്കാൻ ലഭിക്കുന്ന തുക മറിക്കാൻ തുടങ്ങി. അതും കെണിയായി. പെർമിറ്റില്ലാതെ വണ്ടികൾ ഓടുന്പോൾ പോലീസ് ചെക്കിംഗിൽ ദിവസേന വണ്ടികൾ പിടിക്കപ്പെട്ടു. ഫൈനോടു കൂടി തുക അടച്ച് വണ്ടികൾ കസ്റ്റഡിയിൽ നിന്ന് വീണ്ടുകിട്ടാൻ കൂടുതൽ കടം വാങ്ങാൻ തുടങ്ങി. എല്ലാം ഒരഡ്ജസ്റ്റുമെന്റിന്റെ പുറത്ത് ആദ്യമൊക്കെ നീങ്ങി. അഡ്ജസ്റ്റുമെന്റ് തെറ്റിയപ്പോൾ എല്ലാം അവതാളത്തിലായി. ഏത് നിമിഷവും പിടിക്കപ്പെടും. ജോലി നഷ്ടപ്പെടും. പണിതുകൊണ്ടിരുന്ന വീടിന്റെ കലാശപ്പണി നടത്താൻ ഇനിയും കാശു വേണം. ടെൻഷനടിച്ച് മദ്യത്തിൽ ശരണം തേടി. ഭാര്യയുടെ നിസ്സഹകരണം, ദാന്പത്യത്തെ രണ്ട് കിടപ്പുമുറികളിലാക്കി. പരസ്ത്രീകൾ അദ്ദേ ഹത്തിന്റെ കീറിയ കീശയിൽ കാശിനായി പരതി നടന്നു. ഒടുവിൽ അടി തെറ്റി. മരിക്കണം, മടിയാണ് മരിക്കാൻ. പക്ഷേ എങ്ങനെ ജീവിക്കും? നിമിഷങ്ങളുടെ ഭാരം കൂടി. മനസ്സ് കട്ടപിടിച്ചിരിക്കുന്നു. ഒരു ഭാവഭേദവുമില്ലാത്ത മുഖം. വികാരമില്ലാത്ത മനസ്സ്. പലിശ പ്രമാണിമാർ ഒരു ജീവിതത്തെ വഴിയാധാരമാക്കിയെന്ന് ചിലരൊക്കെ വ്യാഖ്യാനിച്ചേക്കാം. പക്ഷേ ഇവിടെ പിശകു പറ്റിയതാർക്ക്? വരവിനനുസൃതമായ ചെലവ് തുലനം ചെയ്യാൻ നമുക്ക് അസാധ്യമായിത്തീരുന്ന വിവിധ സാഹചര്യങ്ങളെ നേരിടേണ്ടി വരുന്പോൾ കടക്കാരനായി മറ്റുള്ളവരുടെ മുന്നിൽ കൈ നീട്ടേണ്ട ഗതികേടുണ്ടാകുന്നു. ഇത് ഒഴിവാക്കിക്കൂടെ എന്ന ചോദ്യത്തിന് മുന്പിൽ ന്യായാന്യായങ്ങൾ നിരത്തി തർക്കിക്കുവാനേ ചിലർക്ക് സാധിക്കൂ. ഉറക്കം കെടുത്തുന്ന കടമിടപാടുകൾ ഒഴിവാക്കണമെങ്കിൽ വരവും ചെലവും ഒരു ഋജുരേഖയുടെ ഇരു വശങ്ങളിൽ തുലനം ചെയ്ത് വ്യയരീതി മിതമാക്കിയെങ്കിലെ സാധിക്കൂ. താരതമ്യരോഗത്തിന്റെ അടിമയായാൽ അയൽക്കാരുടെ സുഖസൗകര്യങ്ങളിൽ അസൂയ പൂണ്ട് അവയോട് കിടപിടിക്കുവാനുള്ള തത്രപ്പാടിലായിത്തീരും നാം. അസൂയ നിറഞ്ഞ മനസിന് അൽപ്പമെങ്കിലും ആശ്വാസം കിട്ടുന്നത് അന്യന്റെ സുഖസൗകര്യങ്ങൾ നമുക്കും ലഭിച്ചു എന്ന് ഉറപ്പു വരുത്തുന്പോഴാണ്. അതിന് കടമെടുക്കാൻ നിർബ്ബന്ധിതരാകും. മരുന്നില്ലാത്ത ഇത്തരം താരതമ്യരോഗം ജീവിതത്തിന്റെ സമനില തെറ്റിക്കും. ജീവിതത്തിന്റെ ലാളിത്യമാണ് വ്യക്തിത്വത്തിന്റെ മുഖമുദ്രയെന്ന് മനുഷ്യൻ മനസിലാക്കിയിരുന്നെങ്കിൽ! പലിശ പ്രമാണികളുടെ പഞ്ചാംഗത്തിൽ തീയതിയില്ല, ദിവസം മാത്രം!
പണത്തിന് മീതേ പരുന്തും പറക്കുകയില്ല എന്നൊരു പഴയ ചൊല്ലുണ്ട്. പണം വാരിക്കൂട്ടാൻ വേണ്ടി ആർത്തിയോടെ പണിപ്പെടുന്നവരാണ് നമ്മളിൽ ഭൂരിഭാഗവും. കുടുംബത്തിലെ ആവശ്യങ്ങൾ നിർബ്ബന്ധിക്കുന്നതായിരിക്കാം ഇതിന്റെ പ്രധാന ഹേതു. ചുറ്റുപാടും നോക്കുന്പോൾ നമ്മെക്കാൾ മെച്ചപ്പെട്ട ജീവിതസൗകര്യങ്ങളുമായി ചിലരൊക്കെ നമ്മെ നോക്കി പല്ലിളിക്കുന്പോൾ അവരോടുള്ള വാശിതീർക്കാനാണ് ഈ പണത്തിന് വേണ്ടിയുള്ള പരക്കംപാച്ചിൽ. ഈ നെട്ടോട്ടത്തിൽ വിജയവും പരാജയവും സർവ്വസഹജമാണ്. വിജയിച്ചാൽ പിന്നെ ‘അല്പൻ അർദ്ധരാത്രിയിലും കുട ചൂടും’ എന്ന പഴമൊഴി ഓർമ്മിപ്പിക്കുമാറായിരിക്കും ജീവിതശൈലി. പരാജയപ്പെട്ടാൽ നിരാശയുടെ ഉള്ളറകളിലേയ്ക്ക് സ്വയം വലിയുകയും ആത്മഹത്യ എന്ന പരിഹാരമാർഗ്ഗം മുന്നിൽ മിന്നുകയും ചെയ്യും. പക്ഷേ പണം പരാജയപ്പെടുന്ന ചില സന്ദർഭങ്ങളുണ്ട്. അവിടെ ആത്മാർത്ഥമായ സ്നേഹമാണ് വിജയിപ്പിക്കുന്നത്. മറ്റൊരുവന് നമ്മുടെ സഹായഹസ്തം നീട്ടുവാൻ കിട്ടുന്ന അവസരങ്ങളൊന്നും പാഴാക്കരുത്. തിരികെ എന്തെങ്കിലും കിട്ടുമെന്ന് പ്രതീക്ഷിക്കരുത്. അതിന്റെ പേരിൽ പ്രശംസയോ പരിഹാസമോ കേൾക്കേണ്ടിവന്നാലും ഇളകരുത്. പണം പരാജയപ്പെടുന്ന എത്രയോ അവസരങ്ങൾക്ക് നാം മൂകസാക്ഷികൾ ആയിട്ടുണ്ട് എന്ന സത്യം വിവേചിച്ചറിഞ്ഞാൽ നന്ന്.
വർഷങ്ങൾക്ക് മുന്പ് ഞാനും ശ്രീ. പ്രദീപ് പുറവങ്കരയും കൂടെ റേഡിയോ വോയ്സിൽ ‘മനസ്’ എന്ന പരിപാടി അവതരിപ്പിച്ചുകൊണ്ടിരുന്നപ്പോൾ ഞങ്ങൾക്ക് ലഭിച്ച ഒരു കത്തിന്റെ ഉള്ളടക്കമാണിപ്പോൾ ഓർമ്മയിലെത്തുന്നത്. കത്തിന്റെ ഉടമസ്ഥനായ സ്നേഹിതൻ ഇങ്ങനെ എഴുതിയിരിക്കുന്നു. അദ്ദേഹത്തിന്റെ സുഹൃത്തിന് ചിക്കൻപോക്സ് പിടിച്ചു. കൂടെ മുറിയിൽ താമസിച്ചിരുന്ന രണ്ടാളുകൾ ഉടൻ തന്നെ താമസം മാറ്റി. നിരവധി കൂട്ടുകാരും കുടുംബക്കാരും ഉണ്ടായിരുന്നുവെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ല. അവരൊക്കെ ടെലിഫോണിൽ മാത്രം ബന്ധപ്പെടുക മാത്രം ചെയ്തു. പണം ആവശ്യത്തിന് അദ്ദേഹത്തിന്റെ കൈവശം ഉണ്ടായിരുന്നെങ്കിലും ആരും അത്യാവശ്യ സാധനങ്ങൾ വാങ്ങുന്നതിനോ ഒരു സഹായം ചെയ്യുന്നതിനോ എത്തിയില്ല. പണം പരാജയപ്പെടുകയായിരുന്നു അവിടെ. ഒരുദിവസം ഈ കത്തെഴുതിയ സ്നേഹിതൻ ഇതൊന്നുമറിയാതെ ആ ഫ്ളാറ്റിൽ ചെന്നു. വേദന കൊണ്ട് “അമ്മേ.... എന്റമ്മേ” എന്ന് വിളിച്ചുകരയുന്ന ആ സ്നേഹിതനെ ഒറ്റക്കിടാൻ ഇദ്ദേഹത്തിന് മനസ്സു വന്നില്ല. ദിവസവും ഭക്ഷണം പാകം ചെയ്ത് അവിടെ കൊണ്ടുകൊടുക്കുകയും ബെഡ്ഷീറ്റ് മാറ്റി വിരിക്കുകയും ചെയ്യുമായിരുന്നു ഇദ്ദേഹം. കിട്ടാവുന്നിടത്തു നിന്ന് വേപ്പിന്റെ ഇല പറിച്ചെടുത്ത് ആ കിടക്കയിൽ പാകിക്കൊടുക്കുമായിരുന്നു. കൂട്ടുകാരൊക്കെ പറഞ്ഞു, “സൂക്ഷിക്കണം, നിനക്കും ഈ അസുഖം വരും.” അയാളത് കാര്യമാക്കിയില്ല. രണ്ടാഴ്ച കഴിഞ്ഞപ്പോൾ അദ്ദേഹത്തിന് ചിക്കൻപോക്സ് പിടിപെട്ടു. സുഹൃത്ത് അപ്പോഴേക്കും സുഖം പ്രാപിച്ചുകഴിഞ്ഞിരുന്നു. എന്നാൽ ‘ആവശ്യത്തിന് മതിയായവനാണ് യഥാർത്ഥസ്നേഹിതൻ’ എന്ന സത്യം ഉൾക്കൊണ്ട് തന്റെ സ്നേഹിതനെ ശുശ്രൂഷിച്ച ഈ മനുഷ്യനേയും ആരും തിരിഞ്ഞുനോക്കിയില്ല. സുഖം പ്രാപിച്ച സ്നേഹിതൻ പോലും ഒരു സഹായഹസ്തവുമായി അവിടെ എത്തിയില്ല. തനിയെ തള്ളിനീക്കേണ്ടി വന്നു ആ കാലയളവ്! നമുക്ക് ധാരാളം സ്നേഹിതർ കാണും. പക്ഷേ നാം ഒരു പ്രശ്നത്തിലാവുന്പോൾ കൂടെ ആരൊക്കെ കാണും? പണമുണ്ടെന്ന് പറഞ്ഞതു കൊണ്ട് എന്തുകാര്യം? മാരകമായ ഒരു രോഗം പിടിപെടുന്പോൾ വൈദ്യശാസ്ത്രം പോലും കൈവെടിയുന്പോൾ അമിതപണത്തിന്റെ പ്രസക്തിയെന്ത്? ഭീകരമായ ഒരു അപകടത്തിൽ പെട്ട് കൈകാലുകൾ നഷ്ടപ്പെടുന്പോൾ പണം വിജയിക്കുമോ? അംഗവൈകല്യമോ മാനസിക വൈകല്യമോ ഉള്ള ഒരു കുട്ടി ജനിക്കുന്പോൾ അതിനെ ശുശ്രൂഷിച്ച് പരിഹാരമില്ലാതെ തളരുന്പോൾ പണത്തിന് എന്ത് പ്രസക്തി? കൗമാരം കൗതുകത്തോടെ കുതിക്കുവാനുള്ളതാണെന്ന കാഴ്ചപ്പാടിൽ കൗമാര ചാപല്യങ്ങൾ കാട്ടിക്കൂട്ടി ചാരിത്ര്യം നഷ്ടപ്പെടുത്തുന്ന അനേകരുടെ കരിഞ്ഞ ജീവിതത്തിന് പണം ഒരു പരിഹാരമാണോ? ബാങ്ക് ബാലൻസിൽ മാത്രം കണ്ണുവെച്ച് നാളേക്കുവേണ്ടി കാത്തിരിക്കുന്നവർ ഉറക്കെ ചിന്തിക്കേണ്ടിയിരിക്കുന്നു. മൂല്യശോഷണത്തിൻ്റെ പടുകഴിയിലാണ് നിങ്ങളും നിങ്ങളോട് ചേർന്നു നിൽക്കുന്നവരുമെങ്കിൽ മനസമാധാനമെന്ന വലിയ അനുഗ്രഹം പണം കൊടുത്ത് കടയിൽ നിന്ന് വാങ്ങാൻ സാധിക്കുമോ? സമാധാനമില്ലാതെ അലയുന്ന അനേകരില്ലേ നമുക്ക് ചുറ്റും? ചുട്ടുപൊള്ളുന്ന ഈ മരുഭൂമിയിൽ, ജീവിത യാഥാർത്ഥ്യങ്ങൾക്ക് മുന്പിൽ പകച്ചു നിൽക്കുന്ന പ്രവാസികൾക്ക്, എണ്ണമറ്റ നിസ്സഹായതകളുടെ നടുവിൽ, സങ്കടസമസ്യയുടെ അന്ത്യമില്ലാത്ത പാച്ചിലിൽ നിശബ്ദമായി ശൂന്യതയിലേയ്ക്ക് പോകുന്ന മനുഷ്യമനസ്സിന് കുളിരേകാൻ ഒരു ബാങ്ക് അക്കൗണ്ടിനും കഴിയുകയില്ല. പണം പരാജയപ്പെടുന്നിടത്ത് സ്നേഹവും സൗഹാർദ്ദവും ആർദ്രചിന്തയുമാണ് പ്രായോഗികമായിട്ടുള്ളത് എന്ന് കാലം തെളിയിച്ചിട്ടുണ്ട്. തേഞ്ഞ് മെലിഞ്ഞ പാദരക്ഷകൾക്ക് പരശതം കഥകൾ ഉരുവിടാനുണ്ടാകും, പരാജയത്തിന്റെയും പരിദേവനത്തിന്റെയും.
സർവ്വവും വെട്ടിപ്പിടിക്കുവാനുള്ള ആവേശത്തിമിർപ്പിലായിരുന്ന ഒരു ബിസിനസ്സുകാരന്റെ കാൽക്കീഴിലെ മണ്ണൊലിച്ചു പോയ വിവരം ബോധ്യമില്ലാതെ പോയതിന്റെ കദനകഥ മനസ്സിൽ തെളിയുന്നിപ്പോൾ. ധനമോഹിയായിരുന്ന അദ്ദേഹം സൂത്രശാലിയായിരുന്നു. ബിസിനസിൽ കൂടെ ഉണ്ടായിരുന്നവരെ ഒഴിവുകഴിവുകൾ പറഞ്ഞ് ഒഴിവാക്കി ഒരു സാമ്രാജ്യം സ്വന്തമായി അദ്ദേഹം കെട്ടിപ്പടുത്തു. ആയിരത്തിൽ പരം ജീവനക്കാർ. കൈനിറയെ പണം. ആഴ്ചതോറും ബിസിനസ് ആവശ്യങ്ങൾക്കായി വിദേശസഞ്ചാരം ബിസിനസിൽ മാത്രം ശ്രദ്ധ വെച്ചു. ഉറക്കം വരെഒഴിഞ്ഞു വെച്ചു. 3 മണിക്കൂർ ഉറക്കം മാത്രം. കുടുംബകാര്യങ്ങളിൽ തീരെ ശ്രദ്ധ വെച്ചിരുന്നില്ല. വീട്ടാവശ്യങ്ങൾക്കുള്ള സാധനങ്ങൾ വാങ്ങുന്നതിനും വീട്ടുകാര്യങ്ങൾ നടത്തുന്നതിനും ശന്പളം കൊടുത്ത് ഒരാളെ നിയമിച്ചു. കുട്ടികളെ സ്കൂളിൽ കൊണ്ടുപോകുന്നതിനും മറ്റും രണ്ട് ഡ്രൈവർമാർ. ഭാര്യയുടെയും മക്കളുടെയും പരാതി കേൾക്കാൻ പോലും സമയമില്ല. ഒടുവിലെന്തു പറ്റി. ഭാര്യ വീട്ടിലെ കാര്യസ്ഥന്റെ കൂടെ ഓടിപ്പോയി. മൂത്തമകൾ ഡ്രൈവറുമായി പ്രണത്തിലായി ഒളിച്ചോടി രജിസ്റ്റർ വിവാഹം കഴിച്ചു. മകൻ ജീവിത വിരസതമൂലം ബുദ്ധമതം സ്വീകരിച്ച് എവിടെയോ ആശ്രമത്തിലാണ്. തിരിഞ്ഞു നോക്കുന്പോൾ കോടികളുടെ ആസ്തി. പക്ഷേ അനുഭവിക്കാൻ ആരും കൂടെയില്ല. വേണ്ടപ്പെട്ടവരൊക്കെ വിട്ടുപിരിഞ്ഞു. അയാൾ ഒറ്റക്കായി. പോക്കു ശരിയല്ലെന്ന് തിരിച്ചറിയാൻ കാലമെടുത്തു. ഇപ്പോൾ അദ്ദേഹം ഭക്തിമാർഗ്ഗത്തിലാണ്. മനസമാധാനത്തിനായി സന്പാദിച്ചതൊക്കെ ഇപ്പോൾ പുരോഹിതന്മാർക്ക് പങ്കുവെയ്ക്കുന്നു. വൻ നേർച്ചകളും വഴിപാടുകളും കഴിക്കുന്നു. ഭാര്യയും മക്കളും തിരികെ വരാനായിട്ടാണ് ഇവയെല്ലാം. പക്ഷേ നാളുകളായി ഈശ്വരനു പോലും ഇയാളെ വേണ്ടെന്ന അവസ്ഥയിലാണെന്ന് തോന്നിപ്പോകുമാറ് ഈ മനുഷ്യൻ ദുരവസ്ഥയിലായിരിക്കുന്നു! കണക്ക് കൂട്ടാൻ വിദഗ്ദ്ധനായിരുന്ന ഈ മനുഷ്യന്റെ കണക്ക് പിഴച്ചതെങ്ങിനെ? അദ്ദേഹത്തിന്റെ irrational thoughts (അയഥാർത്ഥ്യ ചിന്തകൾ) അയാളെ വഴിപിഴപ്പിച്ചു എന്ന് അനുമാനിക്കാം. ജീവിതത്തിലെ പച്ചയായ യാഥാർത്ഥ്യങ്ങളെ നെഞ്ചോടു ചേർത്തു പിടിക്കാൻ മടിക്കുന്നവർക്കൊക്കെ സംഭവിക്കാവുന്ന അത്യാഹിത പരന്പരകളിലൊന്നാണ് ഈ മനുഷ്യന്റെ ജീവിതത്തിലും സംഭവിച്ചിരിക്കുന്നത്. യാഥാർത്ഥ്യങ്ങളെ തഴുകുവാൻ ധനമോഹിക്ക് അസാധ്യമായിരിക്കും. കഴുകനെപ്പോലെ കണ്ണും പാന്പിനെപ്പോലെ ബുദ്ധിയുമുണ്ടായതുകൊണ്ട് വിജയം അകലെയല്ല എന്ന് ധരിക്കുന്നവർ ചിന്തിക്കുക. ‘പ്രാവിനെപ്പോലെ നിഷ്കളങ്കമായ ചര്യയുണ്ടെങ്കിലേ മനസ്സിന് കുളിർമ കിട്ടൂ. മറിച്ചായാൽ ഉറങ്ങാൻ മരുന്നിനെ ആശ്രയിക്കേണ്ടിവരും. പണത്തിനു മുകളിലൂടെ പരുന്തുപറക്കില്ലായിരിക്കാം. പക്ഷെ പണം കൊണ്ട് എല്ലാം നേടുവാൻ അസാധ്യം.