സൗ­ഹൃദ­ത്തി­ന്റെ മാ­റ്റു­ര­യ്ക്കാൻ


ഡോ. ജോൺ പനയ്ക്കൽ

നമ്മുക്കൊക്കെ ധാരാളം സുഹൃത്തുക്കളുണ്ടല്ലോ? ആവശ്യത്തിനുതകുന്നവനാണ് യഥാർത്ഥ സുഹൃത്ത് എന്ന് ഒരു പഴമൊഴി തന്നെയുണ്ട്. സൗഹൃദം നടിച്ച് അടുത്തു കൂടുന്ന പലരേയും തിരിച്ചറിയാൻ പാടുപെടേണ്ടി വരും. കാര്യസാധ്യത്തിനായി അടുത്തു കൂടുന്ന കൂട്ടുകാരായിരിക്കാം കൂടുതലും. ആത്മബന്ധത്തിന്റെ ആഴമളക്കാൻ എങ്ങനെ സാധിക്കും? നിയമതമായ അളവുകോലു കൊണ്ട് ആത്മബന്ധത്തിന്റെ നീളവും വീതിയും ആഴവും അളന്നെടുക്കാൻ പറ്റുമോ? സന്തോഷിക്കുന്പോൾ കൂടെ സന്തോഷിക്കുകയും ദുഃഖിക്കുന്പോൾ കൂടെ ദുഃഖിക്കുകയും ചെയ്യുന്നവനാണോ യഥാർത്ഥ സ്നേഹിതൻ? സൗഹൃദത്തിന്റെ മാറ്റുരയ്ക്കാനുള്ള കുറേ മാർഗ്ഗരേഖകൾ നൽകുകയാണ് ഈ ലേഖനം കൊണ്ട് ഉദ്ദേശിക്കുന്നത്.

എന്റെ അയൽക്കാരനായ സതീർത്ഥ്യൻ കഴിഞ്ഞ 40 വർഷത്തിലേറെയായി ഗൾഫിലാണ്. നാട്ടിൽ നിന്നും പത്തെഴുപത് പേരെ അദ്ദേഹം ഗൾഫിലെത്തിച്ച് ജോലി തരപ്പെടുത്തി നൽകിയിട്ടുമുണ്ട്. ഇവരുടെയൊക്കെ വീട്ടുകാർ അദ്ദേഹത്തോട് കാട്ടിയിരുന്ന സ്നേഹബഹുമാനങ്ങൾക്ക് അതിരുകളില്ലായാരുന്നു. തങ്ങളുടെ കുടുംബത്തിലെ ഒരാളിനെ രക്ഷപ്പെടുത്തിയതിലുള്ള സംതൃപ്തിയുടെ നന്ദിപ്രകടനമായിട്ടാണ് ഇത്രയും ആദരവും കരുതലും ഈ വീട്ടുകാരൊക്കെ അദ്ദേഹത്തോട് കാട്ടിയിരുന്നത്. പെട്ടെന്ന് അദ്ദേഹത്തിന്റെ ഗൾഫിലെ ജോലി നഷ്ടമാവുന്നു. കൂടെ ജോലി ചെയ്തവർ അദ്ദേഹത്തെ ചതിക്കുകയായിരുന്നു. നാട്ടിലേക്ക് തിരികെ എത്തിയപ്പോൾ അതുവരെ പഞ്ചപുച്ഛമടക്കി നിന്നിരുന്ന സ്തുതിപാഠകർ തിരി‍‍ഞ്ഞു നോക്കാത്ത അവസ്ഥയിലായി. നല്ലത് പറയേണ്ടതിനു പകരം പൊടിപ്പും തൊങ്ങലും വെച്ച് ഇല്ലാക്കഥകൾ ഉണ്ടാക്കി പ്രചരിപ്പിക്കുക കൂടെ ചെയ്തു. ഗത്യന്തരമില്ലാതെ അയാൾ വിറ്റുപെറുക്കി മറ്റൊരു നാട്ടിൽ ചേക്കേറി. ഒരുകാലത്ത് നല്ലവനായിരുന്ന അയാൾ പെട്ടെന്ന് എങ്ങനെ കൊള്ളരുതാത്തവനും വെറുക്കപ്പെട്ടവനും ആയി. കാര്യസാധ്യത്തിനായുള്ള സൗഹൃദം നടിക്കുന്നതിന്റെ ഒരു പച്ചയായ ഉദാഹരണമാണിത്.

പ്ലാവിൽ നിൽക്കുന്ന ചക്ക വിളഞ്ഞതാണോ എന്നറിയാൻ കത്തികൊണ്ട് തുന്നിച്ചു നോക്കുന്ന പതിവുണ്ട്. അതുപോലെ ഒരു സ്നേഹിതൻ ആത്മാർത്ഥതയുള്ളവനാണോ എന്ന് തുന്നിച്ചു നോക്കാൻ സാധിക്കുമോ എന്ന് മുഖം ചുളിച്ച് ചോദിക്കുന്നവരുണ്ട്? സാധിക്കും; എങ്ങനെ?

1. മനസ്സിണക്കം: മാനുഷികബന്ധങ്ങളിലെ ആഴവും പരപ്പും അറിയുവാൻ സഹായിക്കുന്ന വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ് മനഃപ്പൊരുത്തം അഥവാ മനസ്സിണക്കം. മനഃപ്പൊരുത്തമുള്ളവർ തമ്മിലേ രഹസ്യങ്ങൾ വെളിപ്പെടുത്തുവാനുള്ള സന്നദ്ധത പ്രകടിപ്പിക്കാറുള്ളൂ. വ്യക്തിജീവിതത്തിലെ കറുത്ത വശങ്ങൾ ആരോടെങ്കിലും തുറന്ന് പറയുന്നുവെങ്കിൽ ആ വ്യക്തിയോട് ഒരു പ്രത്യേക അടുപ്പമുള്ളതുകൊണ്ടാണെന്ന് മനസ്സിലാക്കാം. ആരും തങ്ങളുടെ രഹസ്യങ്ങൾ എല്ലാവരോടും വെളിപ്പെടുത്താൻ തയ്യാറാവുകയില്ല. ഈ മനസ്സിണക്കത്തെയാണ് ഇംഗ്ലീഷിൽ Rapport എന്ന പദംകൊണ്ട് വിവക്ഷിക്കുന്നത്. ഇവിടെ മനഃപ്പൊരുത്തം മാത്രമല്ല വെളിപ്പെടുത്തുന്ന കാര്യങ്ങളെ ഉൾക്കൊള്ളുവാനുള്ള കഴിവും അത് രഹസ്യമായി സൂക്ഷിക്കുവാനുമുള്ള സന്മനസ്സും ഉണ്ടാകണം. ഹൃദ്യമായ മുഖഭാവത്തോടെ ഉറച്ച വാക്ഘടനയിലൂടെ ഇടപെടുന്ന ആളുകളുമായി വ്യക്തിബന്ധം സ്ഥാപിക്കുവാൻ ശ്രമിച്ചാൽ മനസ്സിണക്കമുണ്ടാകുമെന്ന് റോളോമേയ് എന്ന മനശാസ്ത്ര‍ജ്ഞൻ പരീക്ഷണങ്ങളിലൂടെ തെളിയിച്ചിട്ടുണ്ട്. നമ്മുടെ സംസാരം ശ്രദ്ധയോടെ കേട്ടുകൊണ്ടിരിക്കുവാനുള്ള ക്ഷമ ഉള്ളവരും മനസ്സിണക്കത്തിന് പറ്റിയവരാണ്. അങ്ങനെ കേൾക്കുവാനുള്ള കഴിവുള്ളവർക്ക് വാക്കുകൾ മാത്രമല്ല, അവയുടെ പിന്നിലുള്ള വൈകാരികഭാവങ്ങളേയും ഒപ്പിയെടുത്ത് ഉൾക്കൊള്ളുവാനുള്ള കഴിവുണ്ടായിരിക്കും. വൈകാരികഭാവങ്ങൾ വാക്കുകളേക്കാൾ കൂടുതൽ വാചാലമായിരിക്കും. സ്നേഹം, ദുഃഖം, നിരാശ, വിദ്വേഷം, ഭയം, സന്തോഷം മുതലായ വികാരങ്ങൾ പ്രകടിപ്പിക്കുന്നത് കൂടുതലും ഭാവപ്രകടനങ്ങളിലൂടെയായിരിക്കും. അത് നമ്മിൽ നിന്നും വായിച്ചെടുക്കുവാൻ കഴിവുള്ള വ്യക്തിക്ക് മാത്രമേ കേട്ടുകൊണ്ടും കണ്ടുകൊണ്ടുമിരിക്കുവാനുള്ള മനസ്സുണ്ടാകൂ. അങ്ങനെയുള്ള വ്യക്തികളുമായി മനഃപ്പൊരുത്തമുണ്ടാക്കുന്നതായിരിക്കും ഉത്തമം. ആശയവിനിമയത്തിൽ മൂകഭാഷയുണ്ട്. മൂകഭാഷ മനസ്സിലാക്കാൻ മനഃപ്പൊരുത്തമുള്ളവർക്കേ സാധിക്കൂ.

കാർക്കഫ് എന്ന തത്വചിന്തകൻ ഉദാഹരിച്ചിരിക്കുന്ന ഒരു സന്ദർഭമെടുക്കാം. പരീക്ഷയിൽ പാസ്സായി എങ്കിലും പ്രതീക്ഷിച്ചത്ര മാർക്ക് വാങ്ങാൻ സാധിക്കാത്തതിൽ വിഷമിച്ചിരിക്കുന്ന ഒരു  കുട്ടിയോട് മൂന്ന് പേർ പ്രതികരിക്കുന്നു. ഒന്നാമൻ, “സാരമില്ല, ഇനി വിഷമിച്ചിട്ട് എന്തുകാര്യം.” രണ്ടാമൻ, “കുറേ വിഷമം കാണുമെന്നനിക്കറിയാം, ധാരാളം പേർ തോറ്റുപോയപ്പോൾ നിനക്ക് ജയിക്കാനെങ്കിലും സാധിച്ചല്ലോ.” മൂന്നാമൻ, “ഉയർന്ന മാർക്ക് ലഭിക്കുമെന്ന ചിന്തയിൽ ഭാവിയെപ്പറ്റി പല പ്രതീക്ഷകളും ഉണ്ടായിരുന്നിരിക്കാം. ഇപ്പോൾ മാർക്കു കുറഞ്ഞതുകൊണ്ട് അതൊന്നും സഫലമാകാതെ വരുമോ എന്ന ചിന്ത അസ്വസ്ഥത ഉണ്ടാക്കുന്നുണ്ട്. അത് എനിക്ക് മനസ്സിലാക്കാൻ സാധിക്കും.”

ഇതിൽ ഒന്നാമന്റെ പ്രതികരണം വില കുറഞ്ഞതാണ്. ‘സാരമില്ല’ എന്ന പദപ്രയോഗം കൊണ്ടുതന്നെ അത് ഊഹിക്കാവുന്നതേയുള്ളൂ. കുട്ടി അത് സാരമായി എടുത്തിരിക്കുന്നതുകൊണ്ടല്ലേ വിഷമിച്ചിരിക്കുന്നത്. അപ്പോൾ മനഃപ്പൊരുത്തമെവിടെ? അപരന്റെ മാനസിക വിഷമം ഉൾക്കൊള്ളുന്നില്ല എന്ന് മാത്രമല്ല അതിനെ ചെറുതാക്കിക്കാണിക്കാനുള്ള ശ്രമം കൂടെയാണ് നടക്കുന്നത്. കക്ഷിക്ക് യാതൊരു പ്രയോജനവും ചെയ്യാത്ത ഇത്തരം പ്രയോഗങ്ങൾ മാനസികമായ അകൽച്ചക്ക് മാത്രമേ കാരണമാകൂ.

രണ്ടാമന്റെ പ്രതികരണം സാമാന്യം തൃപ്തികരമായ ഒന്നാണ്. കുട്ടിയുടെ മാനസികനിലവാരം കുറെയെങ്കിലും ഉൾക്കൊണ്ടുകൊണ്ട് പ്രതികരിക്കാൻ അയാൾക്ക് സാധിച്ചു. അങ്ങനെ കുട്ടിയെ ആശ്വസിപ്പിക്കുവാനും അയാൾ ശ്രമിക്കുന്നു. കക്ഷിക്ക് പ്രയോജനപ്പെടുന്ന ഈ നിലവാരത്തിലുള്ള പ്രതികരണം സ്വീകാര്യമെങ്കിലും ആത്മബന്ധത്തിന്റെ അളവുകോലിൽ വയ്ക്കുന്പോൾ ന്യൂട്രൽ ആണ്. മൂന്നാമത്തെ ആളിന്റെ പ്രതികരണം നിലവാരത്തിൽ ഉയർന്നു നിൽക്കുന്നു. കുട്ടി പൂർണ്ണമായും വെളിപ്പെടുത്താത്ത മനസ്സിലെ ആകുലചിന്ത കൂടി ഉൾക്കൊണ്ടുകൊണ്ട് പ്രതികരിക്കുവാൻ ഈ വ്യക്തിക്ക് സാധിച്ചു. ‘അത് എനിക്ക് മനസ്സിലാക്കാൻ സാധിക്കും’ എന്ന പ്രതികരണം അയാളുടെ മനസ്സിന്റെ വാതിലുകൾ കുട്ടിയുമായുള്ള മനഃപ്പൊരുത്തത്തിനായി തുറന്നിട്ടിരിക്കുന്നു എന്ന് വിളിച്ചു പറയുന്നുണ്ട്. അദ്ദേഹവുമായി തന്റെ മനസ്സിന്റെ ഉള്ളറ തുറന്ന് പങ്കിടുവാൻ കുട്ടിക്ക് പ്രയാസമുണ്ടാകില്ല. തന്നെ പൂർണ്ണമായും ഉൾക്കൊള്ളുവാനും മനസിലാക്കുവാനും മറ്റൊരാളെ കണ്ടെത്തിയതിന്റെ ആശ്വാസവും നിർവൃതിയും കുട്ടിയ്ക്കുണ്ടാകും. റോബർട്ട് കാർക്കഫിന്റെ അഭിപ്രായത്തിൽ ഈ നിലവാരത്തിലേക്ക് ഉയരാൻ ഒരാൾക്ക് കഴിയുമെങ്കിൽ മനഃപ്പൊരുത്തം ഉള്ള ഒരു ഉത്തമസുഹൃത്തായി തീരുവാൻ അയാൾക്ക് കഴിയും.

മനസ്സുകൾക്ക് വേഗത്തിൽ അടുക്കുവാനുള്ള മാന്ത്രികസിദ്ധിയുണ്ട്. മനസ്സടുത്തില്ലെങ്കിൽ ശരീരം വിറങ്ങലിച്ചു നിൽക്കും, അടുക്കാതെ. മനംം മടുക്കാതെ പൊരുത്തപ്പെടലിന്റെ ഭാവം ആവാഹിച്ചെടുക്കുവാൻ ശ്രമിക്കുക.

ഒരു സ്നേഹിതന്റെ ആത്മാർത്ഥത അളന്നെടുക്കുവാനുള്ള രണ്ടാമത്തെ മാർഗ്ഗത്തെക്കുറിച്ചാണ് ഈ ലേഖനത്തിൽ വിശദീകരിക്കുന്നത്. നമ്മിൽ ഭൂരിഭാഗം പേരും ശ്രദ്ധിക്കാത്ത ഒരു പെരുമാറ്റച്ചട്ടത്തെക്കുറിച്ചാണിവിടെ പ്രതിപാദിച്ചിരിക്കുന്നത്.

2. തദനുഭൂതി: സഹാനുഭൂതി (Sympathy)എന്ന വാക്ക് എല്ലാവർക്കും സുപരിചിതമാണ്. മറ്റുള്ളവരുടെ ദുഃഖത്തിൽ പങ്കുചേരു
കയും അവരെ ആശ്വസിപ്പിക്കാൻ ്രശമിക്കുകയും ചെയ്യുന്ന വ്യക്തി സഹാനുഭൂതിയാണ് പ്രകടിപ്പിക്കുന്നത്. സഹാനുഭൂതി എന്ന വികാരം ലോലമനസ്കരിൽ നിഴലിച്ച് കാണാം, പ്രത്യേകിച്ച് സ്ത്രീകളിൽ. കണ്ണീർ തൂകിക്കൊണ്ട് വാവിട്ട് നിലവിളിക്കുന്ന ഒരു സ്ത്രീയുടെ അടുത്ത് ചെന്ന് ഒരാൾ ചോദിക്കുന്നു. “നിങ്ങൾ എന്തിനാണിങ്ങനെ നിലവിളിക്കുന്നത്?” അവർ അകലെയിരിക്കുന്ന അവരുടെ സ്നേഹിതയെ ചൂണ്ടിക്കാട്ടി മറുപടി പറയുന്നു. “കണ്ടില്ലെ, എന്റെ കൂട്ടുകാരി മാറത്തടിച്ച് നിലവിളിക്കുന്നത്. അതുകണ്ട് എനിക്ക് സഹിക്കാൻ കഴിയുന്നില്ല. കാരണം അവളോട് ചോദിക്കൂ.” കൂട്ടുകാരിയെ സമീപിച്ച് മാറത്തടിക്കുന്നതിന്റെയും നിലവിളിക്കുന്നതിന്റെയും കാരണം അന്വേഷിച്ചപ്പോ
ൾ അവർ പറയുന്നു. “എന്റെ 3 വയസ്സുള്ള മകൾ ഈ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നു. ഞാൻ അവളെ ശ്രദ്ധിക്കുന്നില്ല. അവൾ മുട്ടിൽ ഇഴഞ്ഞ് സമീപത്തുള്ള ചുറ്റുമതിലില്ലാത്ത കിണറ്റിൽ ഉരുണ്ടു വീഴുന്നു. അങ്ങനെ സംഭവിച്ചാലുള്ള  അവസ്ഥയോർത്ത് ഞാൻ കരഞ്ഞു. നിലവിളിച്ചു മാറത്തടിക്കുന്നു.” സത്യമെവിടെ? സങ്കൽപ്പത്തിലെ സങ്കടത്തിൽ പങ്കുചേർന്ന സ്നേഹിത ഇതറിയുന്നില്ല. കൂട്ടുകാരി വ്യസനിച്ചതുകൊണ്ട് താനും വ്യസനിക്കുന്നു. അതാണ് സഹാനുഭൂതി...... എന്നാൽ തദനുഭൂതി (empathy) കേവലം സഹാനുഭൂതിയല്ല. അത് ഒരു പടികൂടി കടന്നു നിൽക്കുന്നു. മനശാസ്ത്രജ്ഞർ തദനുഭൂതിയ്ക്ക് നൽകിയിരിക്കുന്ന നിർവചനം ശ്രദ്ധിക്കുക. ‘Empathy is defined as the ability to accurately understand what another person is experiencing and communicate the message of such understanding’ മറ്റുള്ളവരുടെ വികാരങ്ങളെ കൃത്യമായി മനസ്സിലാക്കുകയും ആ വിവരം അവരിലേക്ക് തന്നെ പകർന്നുകൊടുത്ത് അവരെ തെര്യപ്പെടുത്തുകയും ചെയ്യുന്ന പ്രക്രിയയാണ് തദനുഭൂതി അഥവാ എംപതി. ഇതെങ്ങനെ സിംപതിയിൽ നിന്ന് വ്യത്യാസപ്പെട്ടിരിക്കുന്നു.? സിംപതി ൈവകാരികമായി താദാത്മ്യം പ്രാപിക്കുന്ന കർമ്മമാണ്. മരണദുഃഖത്തിലിരിക്കുന്നവരുടെ ദുഃഖം ഏറ്റുവാങ്ങി പൊട്ടിക്കരയുക ഒരു ഉദാഹരണമാണ്. പക്ഷേ അപ്പോൾ പൊട്ടിക്കരയുന്ന ആ വ്യക്തിക്ക് അപരനെ സഹായിക്കുവാൻ കഴിഞ്ഞു എന്ന് വരികയില്ല. എംപതി വൈകാരികമായി താദാത്മ്യം പ്രാപിക്കുക എന്ന ്രപക്രിയ മാത്രമല്ല ബുദ്ധിപരമായ ഒരു ‘മനസ്സിലാക്കൽ’ പ്രക്രിയ കൂടെയാണ്.

സഹാനുഭൂതി പ്രകടിപ്പിക്കുന്പോൾ, പ്രകടിപ്പിക്കുന്ന ആൾ തന്റെ വികാരങ്ങൾക്ക് അടിമയാകും. എന്നാൽ തദനുഭൂതിയുടെ അവസ്ഥയിൽ അയാൾ അപരൻ അനുഭവിക്കുന്ന മാനസിക വ്യഥയെക്കുറിച്ച് ബോധവാനാകുന്നു. മാനസിക സംഘർഷമനുഭവിക്കുന്ന വ്യക്തിയുടെ സ്ഥാനത്ത് തന്നെത്തന്നെ പ്രതിഷ്ഠിച്ചു കൊണ്ട് ഇത് ഈ സമയത്ത് താനായിരുന്നുവെങ്കിൽ എത്രമാത്രം വൈഷമ്യം ഞാനനുഭവിക്കും എന്ന് തിരിച്ചറിയുന്നതിനുള്ള കഴിവാണ് തദനുഭൂതിയിലുടെ പ്രകടിപ്പിക്കുന്നത്. സഹാനുഭൂതിയെപ്പോലെ വികാരങ്ങൾ ഉൾക്കൊള്ളരുത് എന്ന് ഇതിനർത്ഥമില്ല. നേരെമറിച്ച് വികാരങ്ങൾക്ക് അടിമയാകരുത് എന്ന അർത്ഥമുണ്ട്. വികാരങ്ങൾക്ക് കീഴ്പെടാതെ അത് മനസ്സിൽ സൂക്ഷിച്ചുകൊണ്ട് സുഹൃത്തിനെ സഹായിക്കുവാൻ മുതിരുകയാണ് എംപതിയിൽ. ഉദാഹരണത്തിന് ഒരു അപകടത്തിന് ദൃക്സാക്ഷിയായി എന്ന് കരുതുക. ആ സന്ദർഭത്തിൽ രണ്ടു തരത്തിൽ നമുക്ക് പ്രതികരിക്കാം. ഒന്ന്, പൊട്ടിക്കരഞ്ഞുകൊണ്ട് നിസ്സഹായനായി നോക്കി നിൽക്കുക. ഇതാണ് സിംപതി. രണ്ട്, വികാരാധീനനാകാതെ വൈകാരിക തീവ്രത ഉൾക്കൊണ്ടു തന്നെ അപകടത്തിൽപെട്ടവരെ ആശുപത്രിയിലാക്കാൻ സഹായിക്കുക. ഇതാണ് എംപതി. എംപതിയിൽ രണ്ട് ഘടകങ്ങളുണ്ട്. ഒന്ന്, അപരന്റെ വികാരങ്ങളെ ഒപ്പിയെടുക്കുവാനുമുള്ള കഴിവ്. രണ്ട്, ആ വികാരം ദൃശ്യമായി, ധൈര്യത്തോടെ പ്രകടിപ്പിക്കുവാനുള്ള സാമർത്ഥ്യം. ഒരു യഥാർത്ഥ സുഹൃത്ത് തദനുഭൂതി  പ്രകടിപ്പിക്കുന്പോൾ സൗഹൃദം നടിക്കുന്ന ആൾ സഹാനുഭൂതി വെളിപ്പെടുത്തിക്കൊണ്ടിരിക്കും. തദനുഭൂതി പ്രകടിപ്പിക്കുന്പോൾ കൃത്യമായി അത് അവതരിപ്പിക്കുവാൻ കഴിഞ്ഞില്ലെങ്കിൽ സമൂഹത്തെക്കുറിച്ചുള്ള ധാരണ ശരിയാണോ എന്ന് പരിശോധിക്കുവാൻ അവസരം ലഭിക്കുകയില്ല. “സ്നേഹിതാ, താങ്കളെക്കുറിച്ച് ഇപ്പോൾ ഞാൻ ഇങ്ങനെയാണ് മനസ്സിലാക്കുന്നത്.......” എന്ന് സുഹൃത്തിനോട് തുറന്ന് പറയുവാനുള്ള ധൈര്യം ഉണ്ടാകണം. സുഹൃത്തിന് സ്വയാവബോധം ഉണ്ടാകുവാനും കൂടുതൽ ഉൾക്കാഴ്ച ലഭിക്കുവാനും ഇത് പ്രേരകശക്തിയാകും. ആത്മാർത്ഥതയുടെ മാറ്റുരയ്ക്കാൻ ഈ പ്രേരകശക്തി ഇരുവരെയും സഹായിക്കും. ഈ വിധത്തിലുള്ള കാര്യഗ്രഹണമാണ് സുഹൃത്ബന്ധത്തിന്റെ ആണിക്കല്ല്. 

തദനുഭൂതി പ്രകടിപ്പിക്കുന്പോൾ മാനസിക സംഘർഷം അനുഭവിക്കുന്ന വ്യക്തി, തന്നെ സത്യമായും മനസിലാക്കാൻ കഴിവുള്ള മറ്റൊരു സുഹൃത്ത് ഉണ്ടെന്ന് മനസിലാക്കുകയും അയാളോട് പ്രത്യേക അടുപ്പവും താൽപ്പര്യവും കാണിക്കുകയും ചെയ്യുന്നു. അങ്ങനെ കൂടുതൽ വിഷമതകൾ പങ്കുവെച്ച് ആശ്വാസം കണ്ടെത്താൻ ആ വ്യക്തി തയ്യാറാവും. ഈ പ്രതിഭാസത്തിന് മറ്റൊരു വശം കൂടെയുണ്ട്. യഥാർത്ഥ വികാരങ്ങൾ പരസ്പരം ഒപ്പിയെടുക്കുവാൻ കഴിവുണ്ട് എന്ന തിരിച്ചറിഞ്ഞാൽ വ്യക്തിബന്ധങ്ങളിലെ വേലത്തരങ്ങൾ (Tricks)പ്രയോഗിക്കുവാൻ രണ്ട് പേരും മെനക്കെടുകയില്ല. ഉദാഹരണത്തിന് അധ്യാപകനെ ഭയന്ന് പനി നടിച്ച് സ്കൂളിൽ പോകാൻ മടി കാണിക്കുന്ന കുട്ടിയുടെ വികാരം യഥാതഥം മനസിലാക്കുവാൻ മാതാപിതാക്കൾക്ക് സാധിച്ചാൽ സൗഹൃദത്തോടെ ആ കുട്ടിയെ ഈ ഭയത്തിൽ നിന്ന് കരകയറ്റാൻ അവന്റെ മാതാപിതാക്കൾക്ക് കഴിയും. പനിയാണെന്ന് സമ്മതിച്ച് കുട്ടിക്ക് സ്കൂളിൽ പോകാതെയിരിക്കാൻ ഒത്താശ നൽകുകയോ അവന്റെ വികാരത്തിന് മുറിവേൽക്കുന്ന തരത്തിൽ ശകാരിക്കുകയോ ശിക്ഷിക്കുകയോ ചെയ്താൽ അനുഭവം മറിച്ചാകും. കുട്ടിയുടെ നിലവാരത്തിൽ നിന്നുകൊണ്ട് പശ്ചാത്തലം വിശകലനം ചെയ്യുന്പോൾ സഹാനുഭൂതിയ്ക്കു പകരം തദനുഭൂതി മാതാപിതാക്കളിലുണ്ടാകും. ജീവിതത്തിലെ എല്ലാ മേഖലകളിലും ഈ തദനുഭൂതി പ്രാവർത്തികമാക്കുന്നവർ ജീവിത വിജയത്തിന്റെ പടവുകൾ അനായാസം ചവിട്ടിക്കയറുക തന്നെ ചെയ്യും. വിശ്വസ്തരുടെ നല്ല സുഹൃത്്വലയം അവർക്ക് ചുറ്റും എപ്പോഴും ഉണ്ടായിരിക്കും. മനുഷ്യബന്ധങ്ങളിൽ പ്രത്യേകിച്ച് കുടുംബ ബന്ധങ്ങളിൽ വിള്ളലുകളുണ്ടാകുന്പോൾ തദനുഭൂതിയാണ് അഭിലഷണീയമായ പരിഹാരമാർഗ്ഗം. പ്രായഭേദമന്യേ തദനുഭൂതിയുടെ ഊഷ്മളതയിൽ പരസ്പരം കണ്ടും കേട്ടും കഴിയാനുള്ള സിദ്ധി നമുക്ക് ലഭിക്കുമെന്നത് തീർച്ച. ഒരു വ്യക്തിയെ മനസിലാക്കാനും അയാളുടെ മനസ്സിന്റെ ഉള്ളറകളിലേക്ക് കടന്നു ചെല്ലാനും ഉപകരിക്കുന്ന ഉപാധിയാണ് എംപതി. നിഷ്കളങ്കമായ സ്നേഹബന്ധത്തിന്റെ ചെപ്പ് തുറക്കാനുള്ള സ്വർണ്ണ താക്കോലാണ് തദനുഭൂതി.

കരയാനും കരയിപ്പിക്കാനും എളുപ്പമായിരിക്കാം. ചിരിക്കാനും ചിരിപ്പിക്കാനും അനായാസം സാധിക്കുമായിരിക്കാം. അപ്പോഴൊന്നും ആത്മബന്ധത്തിന്റെ വെള്ളിവെളിച്ചം ദർശിക്കണമെന്ന് ഒരിടത്തും എഴുതിവെച്ചിട്ടില്ല. ആ  പ്രകാശധാര തദനുഭൂതിയിൽ വെളിവാകും. 

You might also like

Most Viewed