മനസി­ലൊ­തു­ക്കേ­ണ്ട സത്യങ്ങൾ...


ഡോ. ജോൺ പനയ്ക്കൽ

സത്യത്തിന് രണ്ട് ലേബലുകളുണ്ട്. ഒന്ന് വെളിപ്പെടുത്തേണ്ട സത്യങ്ങൾ, മറ്റേത് മനസിലൊതുക്കേണ്ട സത്യങ്ങൾ, ആരെയും ദ്രോഹിക്കാത്ത, ആരേയും മുറിവേൽപ്പിക്കാത്ത, ആരേയും വെറുപ്പിക്കാത്ത സത്യങ്ങൾ വെളിപ്പെടുത്തുക തന്നെ വേണം.

ഒരു മാർക്കറ്റിംഗ് കന്പനിയില മാർക്കറ്റിംഗ് ഓഫീസർ സത്യം മാത്രം പറയുന്നു. എന്നാൽ അദ്ദേഹത്തിന്റെ കൂടെ പോകുന്ന ഡ്രൈവർ കള്ളം പറഞ്ഞ് ഫലിപ്പിക്കാൻ വിദഗ്ദ്ധനാണ്. ഒടുവിൽ മാർക്കറ്റിംഗ് ഓഫീസർ ക്രൂശിക്കപ്പെടുന്നു. ഇവിെട സത്യത്തിന് എന്തുവില? അസത്യത്തിന്റെ കൂടാരമല്ലേ ഇന്ന് പല ബന്ധങ്ങളും ബാധ്യതകളും. തട്ടിപ്പിന്റെയും വെട്ടിപ്പിന്റെയും കേളീരംഗമല്ലേ പല ആപ്പീസുകളും. സത്യം വിളിച്ചു പറയുന്നവന് എന്തുവില?

മഴ ചാറിത്തുടങ്ങി. വെളിയിൽ ഉണങ്ങാൻ വിരിച്ചിരിക്കുന്ന തുണിയൊക്കെ എടുത്തു മാറ്റുക. ഒരു സ്ഥലത്തുണ്ടായ അപകടം മൂലം അവിടെ ഗതാഗതക്കുരുക്കുണ്ട്. വഴിമാറി ഡ്രൈവ് ചെയ്ത് പോവുക. ഇന്ന് ആ റെസ്റ്റോറന്റ് തുറന്നിട്ടില്ല, അവിടെക്ക് ഭക്ഷണം കഴിക്കാൻ പോകണ്ട.

മേൽപ്പറഞ്ഞവയൊക്കെ വെളിപ്പെടുത്തേണ്ട സത്യങ്ങളാണ്. കൂടെ ജോലി ചെയ്യുന്ന ആൾ മേലധികാരിയപ്പറ്റി ഒരുപാട് കുറ്റം പറയുന്നു. അത് സത്യമെങ്കിലും ആ വിവരം മേലധികാരിയുടെ കാതിൽ താങ്കൾ തന്നെ എത്തിച്ചാൽ കൂട്ടുകാരൻ പരസ്ത്രീയുമായി ഫോണിൽ സല്ലപിക്കുന്നത് സത്യമെങ്കിലും അത് കേൾക്കുന്ന നിങ്ങൾ അയാളുടെ ഭാര്യയ ഈ വിവരം ധരിപ്പിച്ചാൽ, അസുഖമൊന്നുമില്ലെങ്കിലും അസുഖമാണെന്ന് പറഞ്ഞ് ഓഫീസിൽ വരാതെയിരിക്കുന്ന ഒരുവനെപ്പറ്റി നിരന്തരം മേലുദ്യോഗസ്ഥനോട് പരാതി പറഞ്ഞാൽ,

ഇവയൊക്കെ ഉണ്ടാക്കുന്ന കേടും പാടും ആ വക സത്യങ്ങളെ വിളിച്ചു പറയുന്നവരിൽ പോലും പ്രതിഫലിയ്ക്കുമെന്നതിന് രണ്ടു പക്ഷമില്ല. സ്വന്തം നിഴൽ ചുവരിലുറപ്പിക്കുവാനുള്ള ശ്രമമമാണിവിടെ നടക്കുന്നത്, സത്യത്തിന്റെ മറവിൽ. പലരുടേയും നല്ല ബുക്കിൽ വരുന്നതിനുള്ള ഈ വക ഉദ്യമം അങ്ങനെയുള്ളവർക്കു തന്നെ ഒരിക്കൽ െകണിയാകുമെന്ന് അനുഭവം പഠിപ്പിക്കുന്നുണ്ട്. മൈക്കലാഞ്ചലോയുടെ തലയിലെ തൊപ്പിയിൽ ഒരു മെഴുകുതിരി കത്തി നിൽക്കുന്നതിന്റെ കാരണമന്വേഷിച്ചപ്പോൾ അദ്ദേഹത്തിന്റെ മറുപടി, “സ്വന്തം നിഴൽ ചിത്രത്തിൽ വീണ് ആ ചിത്രത്തിന്റെ ചായത്തിന്റെ നിറം മങ്ങിക്കാണാതെയിരിക്കാൻ ഞാനീ മെഴുകുതിരി എന്റെ തൊപ്പിയിൽ കത്തിച്ചു െവച്ചിരിക്കുന്നു.”

നമ്മുടെയൊക്കെ ജീവിതത്തിൽ സ്വന്തം നിഴലിൽ അഴകാർന്ന ചായം ചാർത്താൻ, മറ്റുള്ളവരെ ദ്രോഹിക്കുന്ന തരത്തിൽ ചില സത്യങ്ങളും ഭാഗിക സത്യങ്ങളും മനസ്സിലൊതുക്കാതെ വെട്ടിത്തുറന്ന് പറയാറുണ്ട്. മിത്രങ്ങളെക്കാളേറെ ശത്രുക്കളെ സൃഷ്ടിക്കുന്ന ഈ സ്വഭാവം അഭിലഷണീയമല്ല. അമിത പലിശയ്ക്ക് പണം കടം വാങ്ങി നാട്ടിലുള്ള വീട്ടിലെ അത്യാവശ്യങ്ങൾക്ക് അയച്ചുകൊടുക്കുന്ന ഒരു വ്യക്തിയുടെ തിക്താനുഭവം ഇത്തരുണത്തിൽ പ്രസക്തമാണ്. താരതമ്യരോഗം പ്രവാസികളിലുള്ള പാരന്പര്യരോഗമാണ്. അയലത്തുകാരനുള്ളത് എനിക്കും വേണം. എങ്ങനെയങ്കിലും അയലത്തുകാരനെക്കാൾ ഒരുപടി ഉയർന്നു നിൽക്കണം. നമ്മുടെ ഇടയില ചികിത്സ ഫലിക്കാത്ത ഒരു മാനസിക രോഗമാണിത്. ഏറ്റക്കുറച്ചിലുകൾ സാമൂഹ്യഘടനയുടെ ഒരു ഭാഗമാണ്. തൊഴിലാളിയില്ലാതെ മുതലാളിയില്ലെന്നും ദാസനില്ലാതെ യജമാനനില്ലെന്നും വാങ്ങുന്നവനില്ലാതെ കൊടുക്കുന്നവനില്ലെന്നും ഉള്ള തിരിച്ചറിവില്ലാത്തവരാണ് ഇത്തരം താരതമ്യ രോഗത്തിനധീനരാകുന്നത്. ഈ വ്യക്തിയും ആ ഗണത്തിൽ പെടുന്ന ആളാണ്. പ്രവാസലോകത്തെ അവസ്ഥ മനസിലാകാതെ ആവശ്യങ്ങൾ നിരത്തുന്ന വീട്ടുകാരുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് ഇയാൾ അമിത പലിശയ്ക്ക് കടമെടുക്കുന്നത്. എത്ര പറഞ്ഞാലും കാര്യം മനസിലാക്കാതെ ധൂർത്തടിക്കുന്ന വീട്ടുകാരുടെയടുത്ത് യഥാർത്ഥ സത്യം തുറന്നു പറയാൻ ഇയാൾ മടിക്കുന്നു. വെളിപ്പെടുത്തേണ്ട സത്യം മൂടിവെയ്ക്കുന്നതു കൊണ്ട് കടത്തിന് മേൽ കടവും മനോവ്യഥയുമുള്ള ഒരു മനുഷ്യനായി ഇയാൾ മാറിയിരിക്കുന്നു.

ഉള്ളതിൽ തൃപ്തി കണ്ടെത്തണം. ഇല്ലാത്തവയെ സ്വന്തമാക്കാനുള്ള തുള്ളിച്ചാട്ടത്തിലാണ് കാലുതെറ്റി നടുവൊടിഞ്ഞ് പലരും വീഴുന്നത്. ആഗ്രഹങ്ങൾക്ക് അതിരുകളിടാൻ ഡോക്ടറേറ്റ് എടുക്കേണ്ട കാര്യമില്ല. പരിമിതികളെക്കുറിച്ച് സ്വയം ബോധവാനാകുന്പോൾ സത്യം, തുറന്ന് പറയേണ്ട സത്യം, മൂടിവെയ്ക്കാതെ തുറന്ന് പറയുന്നതിനുള്ള ധൈര്യം ലഭിക്കും. വ്യത്യസ്ഥതകളിലും അടിപതറാതെ മുന്നേറുന്നതാണ് ചങ്കൂറ്റം. ഞാൻ ഞാനാകാൻ ശ്രമിക്കുന്നതോടൊപ്പം ഞാനായിത്തന്നെ നിലനിൽക്കാനും ശ്രമിക്കണം. അപ്പോൾ മൂടിവെയ്ക്കേണ്ടവയെ മൂടാനും തുറന്നു പറയേണ്ടവ തുറക്കാനുമുള്ള പ്രശാന്ത മനഃസ്ഥിതി നമുക്ക് ലഭിക്കും. മുറത്തിൽ നിന്ന് തീറ്റ കൊത്തിത്തിന്നുന്ന കോഴിയെ ശ്രദ്ധിച്ചിട്ടുണ്ടോ? ശ്രദ്ധ മുഴുവൻ മുറത്തിലും അതിലുള്ള തീറ്റയിലുമായിരിക്കും. നമ്മുടെ മുറത്തിൽ നിന്ന് നാം കൊത്തിയടുക്കുന്പോഴോക്കെ മറ്റ് മുറങ്ങളിലായിരിക്കും നമ്മുടെ കണ്ണുകൾ. “ഉള്ളതു മതി, ഉള്ളതു പോല മതി, മതി മറക്കരുത്” എന്ന ചൊല്ല് മറക്കാതെയിരുന്നാൽ സത്യങ്ങൾക്ക് പിന്നെ പ്രത്യകിച്ചോരു ലേബൽ ഒട്ടിക്കേണ്ടി വരികയില്ല. അമിത പലിശയ്ക്ക് കാശ് കടംവാങ്ങി മനസിന്റെ സ്വസ്ഥത നശിപ്പിച്ച ഈ പ്രവാസി സഹോദരൻ മനസിലാക്കേണ്ട ഒരു സത്യമുണ്ട്. മനോസ്വസ്ഥത ഈശ്വരന്റെ ദാനമാണ്. അത് പണം കൊടുത്ത് വാങ്ങാൻ സാധ്യമല്ല. സത്യം വേണ്ടപ്പെട്ടവരുടെയൊക്കെ തുറന്ന് പറഞ്ഞ് അസ്വസ്ഥതയുടെ കട്ടിൽ നിന്ന് സ്വതന്ത്രനാകാൻ ശ്രമിക്കണം. താങ്കളുടെ ഈ പ്രവാസലോകത്തെ ജോലിയപ്പറ്റിയും, താമസസൗകര്യത്തെപ്പറ്റിയും, ശന്പളത്തെപ്പറ്റിയും, ചെലവുകളെപ്പറ്റിയും, മിച്ചം എത്രയുണ്ടാകുമെന്നതിനെപ്പറ്റിയും, ബാക്കി കടം എത്രയുണ്ട് എന്നതിനെപ്പറ്റിയും കൃത്യമായ വിവരം നാട്ടിലുള്ള കുടുംബാംഗങ്ങളെ തെര്യപ്പെടുത്തിയിട്ടുണ്ടോ? ഭൂരിഭാഗം പേരും ഇതിൽ വീഴ്ച വരുത്തിയവരാണ്. വീട്ടിലുള്ളവരെക്കൂടെ ഇതൊക്കെ അറിയിച്ച് അവരെക്കൂടെ മാനസിക പിരിമുറക്കത്തിന് എന്തിന് വിധേയരാക്കുന്നു എന്ന ചിന്ത കൊണ്ടായിരിക്കാം ഇങ്ങനെ ചെയ്യുന്നത്. അവർക്കവിടെ ആവശ്യത്തിൽ കൂടുതൽ പ്രശ്നങ്ങളുണ്ട്. ഇതായിരിക്കാം നമ്മുടെ ഒഴിവുകഴിവ്. വീട്ടുകാരുടെ മുന്പിൽ ഞാനൊരു ഗൾഫുകാരൻ എന്ന ഭാവം പ്രകടിപ്പിക്കാനുള്ള ശ്രമമായിരിക്കാം രണ്ടാമത്തെ ഒഴിവുകഴിവ്. അതിന് വേണ്ടി ഏത് അതിരു വരെയും പോകാൻ ചിലർ സമർത്ഥരാണ്. ജോലിയെപ്പറ്റിയും ആനുകൂല്യങ്ങളെപ്പറ്റിയും എത്ര കള്ളം വേണമെങ്കിലും പറഞ്ഞ് സമർത്ഥിക്കും. പ്രവാസ ലോകത്ത് നമ്മുടെ കന്പോളനിലവാരം ഇടിഞ്ഞ് താഴ്ന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ കഴിഞ്ഞ നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ പ്രവാസിക്കുണ്ടായ ഉയർച്ചയുടെ േപരിൽ ഇന്ന് വീന്പിളക്കുന്നത് ശരിയല്ല, പ്രസക്തവുമല്ല. കടം കയറി നശിക്കുന്പോൾ കാലും കയ്യുമിട്ടടിച്ചതു കൊണ്ടും വീട്ടുകാരെ പഴിചാരിയതുകൊണ്ടും കാര്യമില്ല. സത്യം തുറന്ന് പറഞ്ഞ് വീട്ടുകാരെ ബോധ്യപ്പെടുത്തിയാൽ അവരുടെ സമീപനത്തിൽ വ്യത്യാസമുണ്ടാകും.

അവിവേകം ആദർശബോധത്തെ കീഴടക്കരുത്. പൊങ്ങച്ചവും പൊള്ളത്തരവും മുഖമുദ്രയാക്കിയവർ ആത്യന്തികമായ ദഃഖിക്കേണ്ടി വരും. സത്യത്തെ കുഴിച്ച് മൂടരുത്. യാഥാർത്ഥ്യത്തിന് േനരെ കണ്ണടയ്ക്കരുത്. മറ്റുള്ളവരുടെ കുപ്പായം യാദൃശ്ചികമായിപ്പോലും എടുത്തണിയരുത്. ഒരു ഫലവൃക്ഷമാണ് നിങ്ങൾ. വിനയത്തോടെ, ചെയ്തു കൊടുക്കുന്ന ഉപകാരങ്ങളിൽ സംതൃപ്തി കണ്ടെത്തി നമ്രശിരസ്കരായി എല്ലാ നന്മകൾക്കും നന്ദി പറഞ്ഞു കൊണ്ട് ഈ പ്രവാസജീവിതത്തിന്റെ സൗഭാഗ്യം ആസ്വദിക്കുക. സത്യത്തിന് ലേബലുകളൊട്ടിക്കാൻ കഴിയാതെ വണ്ണം അല്ലെങ്കിൽ മനസിൽ അസ്വസ്ഥമാകും.

 

അസ്വസ്ഥമായ മനസിന് നാലു ലക്ഷണങ്ങളുണ്ട്, ഉറക്കമില്ലായ്മ, വിശപ്പില്ലായ്മ, മുൻകോപം, വിവേചനാശക്തി ഇല്ലായ്മ. മനുഷ്യമനസ്സിനെ കടലിനോട് ഉപമിച്ചു നോക്കൂ.

 

1. കടൽ എന്തിനെയും ഉൾക്കൊള്ളും, മനുഷ്യമനസ് എന്തിനെയും സംഗ്രഹിക്കാൻ പ്രാപ്തമാകണം.

2. കടൽ ചിലപ്പോൾ ക്ഷുഭിതമാകും; മനസും ചിലപ്പോൾ ഇളകി മറിയും.

3. കടൽ മെരുക്കിയെടുത്ത ഗജവീരനെപ്പോല ചിലപ്പോഴൊക്കെ ശാന്തമാകും; മനസും അപ്രകാരം തന്നെ.

4. കടൽ കരയുടെ കാലാവസ്ഥ നിയന്ത്രിക്കും; മനസ്സ് ശാരീരികാവസ്ഥയെയും.

5. കടൽ കാർമേഘമുയർത്തും; മനസും വികാരവിജൃംഭിതമാകും.

6. കടൽ കരയെ കാർന്നു തിന്നും; മനസ് ജീവിതത്തെയും.

7. കടൽ അനിഷ്ടമായവ കരയ്ക്ക് തള്ളും; മനസ്സ് അസ്വസ്ഥതയുടെ ലക്ഷണങ്ങൾ ശരീരത്തിലേക്ക് തള്ളുകയും ശരീരം അവ പ്രകടിപ്പിക്കുകയും ചെയ്യും.

8. കടലിന് ആഴമുണ്ട്; മനസിനും

9. കടലിന്റെ അഗാധതയിൽ സന്പത്തുണ്ട്; മനസ്സിന്റെ ഉള്ളിലും ധന്യത ഉണ്ട്.

10. കടൽ ഒരു അമ്മയാണ്; മനസും പഞ്ചേന്ദ്രിയങ്ങളുടെ മാതാവാണ്.

 

മനസ് സർവ്വം സഹയായ അമ്മയാണ്, തഴുകുന്ന അമ്മ, തങ്ങുന്ന അമ്മ, താങ്ങുന്ന അമ്മ, കുടെ ചിരിക്കുകയും കൂടെ കരയുകയും ചെയ്യുന്ന അമ്മ; എന്റെ മനസ്സ് ഒരു അമ്മ, എന്റെ അമ്മ. സത്യാസത്യങ്ങളെ വേർതിരിച്ചറിയാൻ കഴിയാത്ത മനസ് മുറിവേറ്റ അവസ്ഥയിലാകും. സത്യം മൂടിയാലും സത്യം മുഴുവൻ പുറത്താക്കിയാലും ചിലപ്പോൾ മനസിന് മുറിവേൽക്കും. ഭയപ്പെടുത്തുന്ന അനുഭവങ്ങൾ, ഓർമ്മകൾ, ക്രൂരമായ വാക്കുകൾ, പ്രവൃത്തികൾ, അസഹനീയമായ അപകടങ്ങൾ എന്നിങ്ങനെ പലതും മനസിന് മുറിവേൽപ്പിക്കും. വാതിലുകൾ കൊളുത്തിട്ട് പൂട്ടുന്നതുപോല പല മനഷ്യമനസുകളും കൊട്ടിയടക്കപ്പെട്ടു കിടക്കുന്ന അവസ്ഥയിലായതുകൊണ്ട് പലപ്പോഴും സത്യം ക്രൂശിക്കപ്പെടുന്നു. അർദ്ധസത്യങ്ങൾ നിറഞ്ഞാടുന്നു. സത്യത്തിന്റെ നഗ്നത മറയ്ക്കേണ്ടിടത്ത് മറയ്ക്കാൻ നാം പലപ്പോഴും മറക്കുന്നു. അതുകൊണ്ടു തന്നെ സമാധാനം നമുക്ക് അകലയാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed