സന്തോ­ഷത്തി­നു­ വേ­ണ്ടി­ ഇരക്കു­ന്നവർ


ഡോ. ജോൺ പനയ്ക്കൽ 

ന്തോഷിക്കാൻ വകയുണ്ടെങ്കിലും സന്തോഷത്തിനുവേണ്ടി യാചിക്കുന്ന മനുഷ്യമനസ്സുകളുണ്ട്. എല്ലാ സുഖസൗകര്യങ്ങളുമുണ്ടെങ്കിലും അകതാരിൽ സന്തോഷത്തിന്റെ കണിക പോലുമില്ലാത്തവർ. കൂട്ടത്തിൽ പൊട്ടിച്ചിരിക്കുകയും തമാശകൾ പറയുകയും ചെയ്യുന്നുവെങ്കിലും ഒറ്റയ്ക്കാകുന്പോൾ എന്തിനെപ്പറ്റിയോ ആലോചിച്ച് മുഖം മ്ലാനമാക്കുന്നവർ സന്തോഷത്തിനു വേണ്ടി ദാഹിക്കുന്നവരാണ്.

ഒരു മധ്യവയസ്കന്റെ പരാതി ശ്രദ്ധിക്കൂ: ‘സാർ, വിവാഹത്തിന് ശേഷം ജീവിതത്തിൽ ഒരു സന്തോഷവും ഉണ്ടായിട്ടില്ല.’ ഇതിൽ നിന്ന് വ്യാഖ്യാനിക്കേണ്ടത് വിവാഹം ഒരു ‘സന്തോഷം മുടക്കി’യാണോ എന്നാണ്. നമ്മുടെ അസംതൃപ്തിയുടെ കാരണങ്ങൾ മറ്റ് പലതിലും മറ്റ് പലരിലും അർപ്പിച്ച് പഴിചാരാൻ നാം വിദഗ്ദ്ധരാണ്. നമ്മിലേയ്ക്ക് തന്നെ നാം തിരിയുന്നില്ല. എന്റെ സന്തോഷമില്ലാത്ത അവസ്ഥയ്ക്ക് എന്റെ പങ്ക് എത്ര മാത്രം എന്ന ചിന്ത നമ്മെ ഭരിക്കാറുണ്ടെങ്കിൽ അസംതൃപ്തിയുടെ കാറും കോളും അടങ്ങുവാനുള്ള ആദ്യ നടപടി നാം സ്വീകരിച്ചു എന്നർത്ഥം. മറ്റൊരാളിന്റെ കദനകഥ: മൂത്തമകൾക്ക് 19 വയസ്സ്. ഒരാളെ പ്രേമിച്ച് വീട്ടിൽ നിന്നും ഒളിച്ചോടി. രജിസ്റ്റർ വിവാഹം കഴിഞ്ഞെന്ന് പറയുന്നു. എവിടെയാണെന്നറിഞ്ഞു കൂടാ. ഇളയമകന് 17 വയസ്സ്, പതിനൊന്നാം ക്ലാസ്സിലെ പരീക്ഷയ്ക്ക് എല്ലാ വിഷയത്തിലും തോറ്റിരിക്കുന്നു. ചിലപ്പോഴൊക്കെ മദ്യപിച്ചിട്ട് വീട്ടിൽ വന്ന് ബഹളമുണ്ടാക്കുന്നു. ഭാര്യക്ക് ക്യാൻസർ. ഭാരിച്ച ചികിത്സാ ചെലവുകൾക്ക് പണം കണ്ടെത്താൻ പെടാപ്പാട്. പ്രവാസലോകത്ത് തനിച്ചായിട്ട് 20 വർഷമായി. കുടുംബം നാട്ടിലാണ്. എന്നും കടം മാത്രം. കടത്തിൽ നിന്ന് ഒരു മോചനത്തിനായി കാംക്ഷിച്ചു. പക്ഷേ സാധ്യമല്ല. തലയ്ക്ക് മുകളിൽ കടം. “എന്തൊരു ജീവിതമാണ് സാറെ ഇത്?” ആത്മഹത്യാ പ്രവണതയുണ്ടെങ്കിലും ആത്മഹത്യ ചെയ്യാൻ അദ്ദേഹം മടിക്കുന്നു.

ഇങ്ങനെ ജീവിതത്തിലെ അനുഭവങ്ങളും പാളിച്ചകളും അയവിറക്കി വിലപിക്കുന്ന അനേകരുണ്ട്  ഈ പ്രവാസഭൂമിയിൽ. മനുഷ്യന്റെ തലച്ചോറിൽ ‘ആനന്ദ കേന്ദ്രം’ എന്ന ഒരു ഭാഗമുണ്ട്. ഇത് പ്രവർത്തനക്ഷമമാകുന്നതിന് സന്തോഷവാഹകർ അനിവാര്യമാണ്. ആരാണീ സന്തോഷവാഹകർ? തലച്ചോറിന്റെ നിയോ കോർറ്ട്ടക്‌സ് എന്ന മുൻഭാഗം (തിരുനെറ്റിയുടെ ഭാഗം) മനുഷ്യന്റെ മുഴുവൻ കോർട്ടെക്സിന്റെയും  95.9%ന് ഉത്തരവാദിയാണ്. നാഡീവ്യൂഹത്തിന്റെ പൊതുവായ പ്രവർത്തനത്തിന് ഉത്തരവാദി ഈ നിയോ കോർറ്ട്ടക്‌സ്  ആണെന്നർത്ഥം. നാഡീവ്യൂഹത്തിലൂടെ കടന്നുപോകുന്ന ബയോ കെമിക്കൽ ഇലക്ട്രോമാഗ്നെറ്റിക്  വേവ്സ് ആണ് സന്തോഷവാഹകർ. ജൈവരസ പ്രധാനമായ ഇത്തരം രാസവീചികൾ നമ്മുടെ തലച്ചോറിന്റെ കോശങ്ങളെ പരസ്പരം സംസാരിക്കാൻ സഹായിക്കുന്നു. ഈ രാസവീചികളുടെ വികിരണം മൂലം തലച്ചോർ, പ്രത്യേകിച്ച് ആനന്ദ കേന്ദ്രം ഒന്നുകിൽ സജീവമാകും അല്ലെങ്കിൽ നിർജീവമാകും. സന്തോഷം പകരുന്ന അനുഭവങ്ങളുണ്ടാകുന്പോൾ ആനന്ദ കേന്ദ്രം സജീവമാകും. അപ്പോൾ ആനന്ദവാഹികൾ തലച്ചോറിന്റെ നിയന്ത്രണം ഏറ്റെടുക്കും. സന്താപത്തിന്റെ അവസ്ഥയിൽ ആനന്ദവാഹികൾക്ക് പകരം സന്താപവാഹകർ പ്രവർത്തിക്കും. പക്ഷേ അപ്പോൾ ആനന്ദ കേന്ദ്രം അടച്ചു പൂട്ടപ്പെടുമെന്ന് ധരിക്കരുത്. ആനന്ദ കേന്ദ്രം സന്താപവാഹകരെ കൊണ്ട് നിറയുന്പോൾ നാം വിഷാദം പ്രകടിപ്പിച്ചുകൊണ്ടിരിക്കും. ആനനന്ദവാഹകരുടെയും സന്താപവാഹകരുടെയും പ്രസരണം തുലനപ്പെടുന്പോൾ മനുഷ്യന് ബയോകെമിക്കൽ ബാലൻസ് ഉണ്ടാകുന്നു. അപ്പോൾ നോർമൽ ആയി ചിന്തിക്കാനും സംസാരിക്കാനും പ്രവർത്തിക്കാനും സാധിക്കുന്നു. ഒരാളിന്റെ ആനന്ദ കേന്ദ്രത്തിൽ ഒരുപാട് സന്താപവാഹകരുണ്ടെങ്കിൽ അവയുടെ വീര്യം കുറച്ചും, കുറച്ച് സന്തോഷവാഹകരേ ഉള്ളൂ എങ്കിൽ അവയുടെ വീര്യം കൂട്ടിയും ഈ ബാലൻസ് ഉണ്ടാക്കാൻ സാധിക്കും. ഇതിൽ നാം പരാജയപ്പെടുന്പോഴാണ് ‘എനിക്ക് ജീവിതത്തിൽ ഒരു സന്തോഷവുമില്ല’ എന്ന ലേബൽ നാം സ്വയം എഴുതി നമ്മുടെ തിരുനെറ്റിത്തടത്തിൽ ഒട്ടിക്കുന്നത്. അപ്പോൾ അതിനുത്തരവാദി നാം തന്നെ.

ഈ ദുരവസ്ഥയിൽ നിന്നുള്ള വിടുതലിനായി ചിലർ ലഹരിയെ ആശ്രയിക്കാറുണ്ട്. ഇത്തരം ലഹരി നൽകുന്ന വസ്തുക്കളെ Pick-me ups എന്ന് പറയും മദ്യം, മയക്കുമരുന്ന്, വെറിക്കൂത്ത്, പുകയില, സന്തോഷം പകരാനുതകുന്ന ഉത്തേജന ഗുളികകൾ ഇവയൊക്കെ പിക്−മീ അപ്പ്സിന്റെ ഗണത്തിൽപടും. ഇവയ്ക്കൊന്നും നിലനിൽക്കുന്ന സന്തോഷം പകരാൻ സാധ്യമല്ല. സന്തോഷം കൊയ്തെടുക്കേണ്ടത് ഇവയുടെ ഉപയോഗത്തിലൂടെയല്ല. നാം സ്വയം നമുക്കായി വിലങ്ങുകൾ തീർക്കുകയാണപ്പോൾ. മറ്റുള്ളവർക്ക് ഉപകരിക്കുന്ന ‘പരസഹായം’ ചെയ്യുന്നവർക്ക് മാത്രം ആനന്ദ കേന്ദ്രത്തിലെ സന്തോഷം നിലനിറുത്താൻ സാധിക്കൂ. മറ്റുള്ളവരെ ഉപദ്രവിക്കാതെ നന്മ ചെയ്യാൻ ശ്രമിച്ചു കൊണ്ടിരുന്നാൽ പിക് മി അപ്സ് ഉപയോഗിക്കേണ്ടി വരികയില്ല.

രണ്ടു പല്ലികളുടെ കഥ ശ്രദ്ധേയമാണ്. ഒരു വീട്ടിലെ ഉപകരണങ്ങൾ പുനർക്രമീകരിക്കുന്ന പ്രക്രിയയിൽ ഒരു പല്ലി അലമാരയ്ക്കും ഭിത്തിക്കും ഇടയിൽപ്പെട്ട് ചലനശക്തി നശിച്ചുപോയി. പക്ഷേ ചത്തില്ല. ഈ പല്ലിയുടെ നിസ്സാഹയ അവസ്ഥ മനസിലാക്കി കുട്ടൂകാരൻ പല്ലി സമയാസമയങ്ങളിൽ തീറ്റ എത്തിച്ചു കൊടുത്തിരുന്നു, വർഷങ്ങളോളം. ബന്ധിതനായ പല്ലി താൻ നൽകിയ ഭക്ഷണം ആസ്വദിച്ച് ഭക്ഷിക്കുന്നതു കാണുന്പോൾ പല്ലിയുടെ ഭാഷയിൽ ബന്ധിതനായ പല്ലി കൂട്ടുകാരന്  നന്ദി പ്രകടിപ്പിക്കുന്പോൾ ബന്ധിതനായ പല്ലിയുടെ നിസഹായാവസ്ഥയിലും സ്വയം മറന്ന് സന്തോഷിക്കുന്നത് കാണുന്പോൾ സഹായിക്കുന്ന പല്ലിയുടെ ആനന്ദ കേന്ദ്രം സന്തോഷവാഹികളുടെ ആരവാരം കൊണ്ട് മുഖരിതമാവും. അതാണ് യഥാർത്ഥ സന്തോഷം. അങ്ങനെയുള്ളവർ കഷ്ടതയിലും പാട്ടു പാടും. നഷ്ടത്തിലും പ്രതീക്ഷ കൈവിടില്ല.

ജപ്പാൻ എന്ന കൊച്ചുരാജ്യത്തിന്റെ അഭൂതപൂർവ്വമായ പുരോഗതിക്ക് ഉപോൽബലകമായ ഒരു തിയറിയുണ്ട്. അതിനെ കെയ്സൺ തിയറി (Kaizen Theory) എന്ന് പറയും. ഇതിന്റെ പ്രായോഗികമായ അർത്ഥം ‘ഇടമുറിയാതെയുള്ള നിരന്തരമായ പുരോഗതി’ എന്നാണ്. പൊരുളഴിച്ച് വ്യാഖ്യാനിച്ചാൽ അതിങ്ങനെയാണ്. എത്ര ഭംഗിയായി ഒരു ജോലി ഒരിക്കൽ ചെയ്താലും അടുത്ത പ്രാവശ്യം ആ ജോലി ചെയ്യുന്പോൾ കുറച്ചു കൂടി ഭംഗിയായി ചെയ്യുവാൻ പരിശ്രമിക്കുക. That is kaizer Theory നമ്മുടെ ജീവിതത്തിൽ ഈ കെയ്സൺ തിയറി ഒന്ന് പ്രാവർത്തികമാക്കിയിരുന്നുവെങ്കിൽ നമ്മുടെ ലോകം എത്ര സുന്ദരമായേനേ. നമ്മുടെ ലോകം എന്നതുകൊണ്ട് അർത്ഥമാക്കുന്നത് ഈ അണ്ധകടാഹത്തെ മുഴുവാനായല്ല, നമുക്ക് ചുറ്റുമുള്ള ഒരു ലോകത്തെ. വളരുന്ന തലമുറ ജപ്പാന്റെ കെയ്സൺ തിയറി ഉൾക്കൊള്ളാൻ ശ്രമിച്ചിരുന്നുവെങ്കിൽ എന്ന് ആശിച്ചു പോകുന്നു. ഫലത്തിൽ മാത്രം കണ്ണുവെയ്ക്കാതെ കൃത്യമായി കർമ്മം നിർവ്വഹിക്കുവാൻ ശ്രദ്ധിക്കുന്പോൾ സന്തോഷത്തിനായി ഇരക്കേണ്ട ഗതികേടുണ്ടാകയില്ല. കാരണം കൃത്യനിർവ്വഹണത്തിൽ സമൃദ്ധമായ ഫലം അടങ്ങിയിട്ടുണ്ട്. The result is interwoven in the very act itself. 

യുവാവായ ഒരു ഭർത്താവിന്റെ മനസിന്റെ ഞരക്കം അലോസരപ്പെടുത്തുന്നു. “എന്റെ ഭാര്യ എന്നെ വെറും ഒരു കഴിവില്ലാത്തവൻ എന്ന് കരുതുന്നു എന്ന എന്റെ തോന്നൽ എന്റെ സന്തോഷം കെടുത്തുന്നു.”

അപകർഷതാ മനോഭാവം. ഭാര്യ ബിരുദാനന്തര ബിരുദധാരി ആയതു കൊണ്ട് അവരുടെ മുന്നിൽ തലകുനിച്ച് നിൽക്കാനാണോ അവളുടെ കഴുത്തിൽ താലികെട്ടിയത്. അവർക്ക് മേൽക്കൈയുണ്ടെങ്കിൽ അത് താങ്കളുടെ തലയിണയായി ഉപയോഗിക്കാൻ ശ്രമിക്കണം. അതിൽ പരാജയപ്പെട്ടിരിക്കുന്നു താങ്കൾ.

“ആദ്യരാത്രി മുതൽ തന്നെ അവൾക്ക് എന്നോട് അടുപ്പം കുറവായിരുന്നു.”

ഇതിന് കാതലായ എന്തെങ്കിലും കാരണമുണ്ടാവും. അത് തിരിച്ചറിഞ്ഞപ്പോൾ തന്നെ നിങ്ങൾ രണ്ടുപരും ഒരു കൗൺസിലിംഗിന് വിധേയരാകേണ്ടിയിരുന്നു. വിവാഹം കഴിഞ്ഞ് 6 വർഷം കഴിഞ്ഞിട്ടും അതിനെപ്പറ്റി പരിതപിക്കുന്നത് സന്തോഷം കെടുത്തുകയേ ഉള്ളൂ.

 “പെട്ടെന്ന് ഒരു അച്ഛനാകണമെന്ന് ഞാൻ ആഗ്രഹിച്ചു. അവർക്കതിന് സമ്മതമില്ലായിരുന്നു. അവൾ ഗർഭിണിയായി അന്നു മുതൽ അവൾക്കെന്നോട് കടുത്ത വിരോധം.”

മനസും മനസും ഒന്നാകാതെ ശരീരങ്ങൾ ഒന്നായതുകൊണ്ട് എന്ത് പ്രയോജനം? താങ്കൾ ഒരു പരിധിവരെ ഒരു സ്വാർത്ഥനായിരുന്നു ഈ കാര്യത്തിൽ എന്ന് താങ്കൾ തന്നെ സമ്മതിച്ചിരുന്നുവെങ്കിൽ എന്ന് ആശിച്ചു പോകുന്നു.

“ഇപ്പോൾ ഞാൻ ഒരു അച്ഛനാണ്. അമ്മയും കുഞ്ഞും നാട്ടിലാണ്. എന്റെ കുഞ്ഞിനെ എന്നെ കാണിക്കുമോ എന്നുവരെ ഞാൻ സംശയിക്കുന്നു. എന്റെ ടെലിഫോൺ കോളുകൾ അവൾ എടുക്കാറേയില്ല.”

താങ്കളുടെ കുട്ടിയെ കാണാൻപോലും അനുവദിക്കില്ല എന്ന ധാരണ സംശയരോഗത്തിന്റെ ആദ്യപടിയാണ്. മിഥ്യാധാരണകളുടെ കൂടാരമാക്കി മനസ് പുണ്ണാക്കിയാൽ ശരീരവും അന്യരോഗങ്ങൾക്ക് കീഴടങ്ങേണ്ടി വരും. സത്യമറിയാതെ നാം പലർക്കും പലപ്പോഴും സർട്ടിഫിക്കറ്റ് എഴുതാറുണ്ട്. നമ്മുടെ വീക്ഷണത്തിൽ യാഥാർത്ഥ്യമെന്ന് തോന്നുന്നത് സത്യമാകണമെന്നില്ല. സത്യമെന്താണെന്നറിയുന്പോൾ ഒരുപക്ഷേ നാം തന്നെ ഞെട്ടിപ്പോകും.

എടുത്ത തീരുമാനങ്ങളെ ഓർത്ത് ദുഃഖിക്കുന്ന ദുർബലമായ മനസിന്റെ ഉടമകൾ സന്തോഷത്തിനായി പരതി നടക്കും. എന്താണ് ആത്മസന്തോഷം? ആന്തരികമായ കുളിർമ അത് സ്വാർത്ഥത വെടിയുന്നവർക്കേ ലഭിക്കൂ.

You might also like

Most Viewed