‘മതിയായി, ഈ ജീവിതം മടുത്തു...’
ഡോ. ജോൺ പനയ്ക്കൽ
ജീവിതത്തിലെ തിക്തമായ അനുഭവങ്ങളുടെ മൂർദ്ധന്യാവസ്ഥയിൽ മനുഷ്യമനസ് മന്ത്രിക്കാറുണ്ട്. ‘മതിയായി, ഈ ജീവിതം മടുത്തു.’ പ്രതികരണശേഷി നശിക്കുന്പോഴും പ്രതികാര നടപടി അസാധ്യമാകുന്പോഴും ഈ മുറുമുറുപ്പ് ഉണ്ടാകുക സർവ്വസാധാരണമാണ്. ആത്മഹത്യയെക്കുറിച്ചു പോലും ഉറക്കെ ചിന്തിക്കുവാൻ ഈ അവസ്ഥ നമ്മെ പ്രേരിപ്പിക്കും. പ്രവാസലോകത്ത് നമുക്ക് ചുറ്റും മുന്തിരിത്തോപ്പുകളല്ല. ചുറ്റുപാടിലും നടക്കുന്ന അസ്വസ്ഥതയുളവാക്കുന്ന സംഭവങ്ങൾ, ജീവിതം മടുത്തവരുടെ ഞരക്കങ്ങൾ ഇവ പലപ്പോഴും സ്വസ്ഥതയുള്ള ഉറക്കം പോലും കെടുത്താറുണ്ട്. ഉറുന്പിന് അരിയും ആനയ്ക്ക് തടിയും ഭാരമാണെന്ന് പറഞ്ഞ് ആശ്വസിക്കാനല്ലാതെ സ്വന്തം പ്രശ്നങ്ങളുടെ ആക്കം കുറയ്ക്കാനുള്ള കുറുക്കുവഴികളെക്കുറിച്ചൊന്നും ആലോചിച്ച് ആശ്വസിക്കാൻ നാം മെനക്കെടാറില്ല. വിടരേണ്ട പൂമൊട്ടുപോലെയുള്ള കൗമാരങ്ങൾ കൊഴിഞ്ഞ് വീഴുന്പോൾ, പടരേണ്ട ചെടി ചില്ലകൾ പോലെയുള്ള യുവത്വം മൃതിയ്ക്ക് വഴി മാറുന്പോൾ ദുഃഖാർത്തരാകാനല്ലാതെ നമുക്ക് എന്തു ചെയ്യാൻ കഴിയും? കനിയുന്നതിന് മുന്പേ കൊഴിഞ്ഞു വീഴുന്ന ഫലം പോലെ അകാലത്തിന്റെ വിരിമാറിൽ ഈയാംപാറ്റകളെപ്പോലെ ചിറക് കരിഞ്ഞ് ചത്തു വീഴുന്ന മനുഷ്യക്കോലങ്ങൾ രാത്രിയുടെ പേടിസ്വപ്നമായി മാറിയിരിക്കുന്നു ഈ പ്രവാസലോകത്തും. ആരെയും വിശ്വസിക്കാൻ പറ്റാത്ത കാലം. അപക്വമായ മനുഷ്യബന്ധങ്ങൾ ബന്ധനങ്ങളായി മാറുന്പോൾ അത്യന്താധുനികതയുടെ വേലിയേറ്റത്തിൽ എന്തും ചെയ്യാൻ മടിക്കാത്ത കുരുന്നു മനസ്സുകൾ എണ്ണത്തിൽ വർദ്ധിച്ചു വരുന്ന കാലമാണിത്. എന്തിനെയും ചോദ്യം ചെയ്യുവാൻ സാങ്കേതിക പരിജ്ഞാനത്തിന്റെ അതിപ്രസരം ചെറുമനസ്സുകളെ പ്രേരിപ്പിക്കുന്ന കാലം. ആസക്തിയുടെ ആഴിയിൽ മുങ്ങിത്തപ്പി ആനന്ദത്തിന്റെ അനർഘ നിമിഷങ്ങളിൽ മതിമറന്ന് അഴിഞ്ഞാടാൻ കൗമാരം വെന്പൽകൊള്ളുന്ന കാലം. വഴിമുട്ടിയ മുന്നോട്ടുള്ള കുതിപ്പിൽ ഇത്തരം മനസ്സുകൾ പരിസരം മറന്ന് മന്ത്രിക്കും. ‘മതിയായി, ജീവിതം മടുത്തു.’ ആസക്തി രോഗവും ആത്മഹത്യാ പ്രവണതയും മലയാളികൾക്കു മേലുള്ള തീരാശാപമെന്ന് കാലം ഇന്നു പ്രവചിച്ചുകൊണ്ടേയിരിക്കുന്നു. തനിപ്പിടുത്തം ശൈലിയാക്കിയുള്ള പരക്കം പാച്ചിലിൽ എപ്പോഴെങ്കിലും ഒന്ന് നിന്നിട്ട് ‘എന്റെ ജീവിതത്തിന്റെ ലക്ഷ്യമെന്ത്?’ എന്നൊന്നു ചിന്തിക്കുവാൻ നാം മെനക്കെടാറുണ്ടോ? ചിലർക്കെങ്കിലും ഈ ചോദ്യം അകതാരിന്റെ ജീവിതധർമ്മപാതകൾ വെളിവാക്കപ്പെടുന്ന ചൂണ്ടുപലകയായി മാറുന്നുണ്ടാകും. ചിലർക്ക് ഉത്തരം കിട്ടാത്ത ഒരു ചോദ്യമായി തീർന്നേക്കാം ഇത്. മഴവില്ലിനെ സ്പർശിക്കാൻ വെന്പുന്ന മേഘപാളിയെപ്പോലെ ജീവിതം പ്രശ്നപൂരിതമെന്ന് സ്വയം വിലപിക്കുന്ന മറ്റു ചിലർ എന്തിന് ലക്ഷ്യത്തെപ്പറ്റി ചിന്തിച്ച് അവശരാകണം എന്ന് കമന്റടിക്കുന്നു. ‘വരുന്നതുപോലെ വരട്ടെ, വരുന്നിടത്ത് വെച്ച് കാണാം.’ എന്ന ശൈലിയാണ് അവരുടേത്.
ഉണരുന്നതിനല്ലേ ഉറങ്ങുന്നത്. വിശക്കാനല്ലേ ഭക്ഷിക്കുന്നത്. പക്ഷേ ഉറങ്ങുന്നതും ഭക്ഷിക്കുന്നതുമെല്ലാം ഒരുതരം തൃപ്തിക്കുവേണ്ടിയാണെന്ന് ഉറക്കെ ചിന്തിച്ചാൽ മനസിലാകും. ജീവിതം ഒരു യാത്രയാണെന്ന് തിരിച്ചറിയുമെങ്കിൽ ‘വരുന്നിടത്ത് വെച്ച് കാണാം’ എന്ന ശൈലിയ്ക്ക് അവിടെ പ്രാധാന്യമില്ല. ജീവിതം ഒരു നദിയുടെ യാത്ര പോലെയാണ്. മഴവെള്ളം അരുവിയ്ക്ക് ജന്മം കൊടുക്കുന്നു. അരുവികൾ ചേർന്ന് ഒഴുകുന്പോൾ നദിയാകുന്നു. പലതിനേയും കൂട്ടിചേർത്തും ഉപേക്ഷിച്ചും നദി വിവിധഘട്ടങ്ങളിലൂടെ യാത്ര തുടരുന്നു. പ്രതിബന്ധങ്ങളുണ്ടായാലും അതിനെ മറികടന്ന് നദി യാത്ര തുടർന്ന് ഒടുവിൽ മഹാസാഗരത്തിൽ ലയിക്കുന്നു. അതുകൊണ്ട് സാഗരമല്ല നദിയുടെ ലക്ഷ്യം യാത്രയാണ്! ഇതുപോലെ നമ്മുടെ ജീവിതവും ഒരു യാത്രയാണെന്ന് വിവക്ഷിക്കുമെങ്കിൽ ആ യാത്രയുടെ ഓരോ നിമിഷവും ആസ്വദിക്കാനുള്ള അഭിവാഞ്ഛ നമ്മിലുണ്ടാകും. അപ്പോൾ ‘മടുത്തു, എനിക്ക് മതിയായി’ എന്ന ചിന്തയ്ക്ക് പ്രസക്തിയില്ല. ‘ആയിത്തീരുക’ എന്നതിനേക്കാൾ ‘ആയിരിക്കുക’ എന്ന അവസ്ഥയ്ക്കാണ് സുഖസുഷുപ്തി. ഓരോ നിമിഷത്തിനും അതിന്റേതായ വിലയുണ്ടെന്നും പ്രസക്തിയുണ്ടെന്നും തിരിച്ചറിയുന്പോൾ വിലയുള്ള അടുത്ത നിമിഷത്തിനായി കാത്തിരിക്കാൻ മനസ്സ് വ്യഗ്രത പ്രകടിപ്പിക്കും. കാലങ്ങളും നമ്മെ പാഠം പഠിപ്പിക്കുന്നുണ്ട്. ശീതകാലത്ത് വൃക്ഷലതാദികൾ നഗ്നവും ശൂന്യവുമായിരിക്കും. എങ്കിലും അവ ഗ്രീഷ്മത്തിനായി കാത്തിരിക്കുന്നു. ഓരോ അസ്തമനത്തിനും ഒരു ഉദയം കാത്തിരിപ്പുണ്ട്. മാറ്റങ്ങളെ ഉൾക്കൊള്ളാനല്ലാതെ മാറ്റിമറിക്കാൻ അസാദ്ധ്യമാണ്. ജീവിതം പഴയ ഊർജ്ജം പുതിയവയ്ക്ക് വഴിമാറുന്ന കിലുക്കാംപെട്ടിയാണ്. ഒന്ന് ജീർണ്ണിക്കുന്പോൾ മറ്റൊന്നിന് പുനർജന്മമോ പുനരുദ്ധാരണമോ ഉണ്ടാകും. ‘യിംഗ് യാംഗ്’ എന്ന ചൈനക്കാരുടെ പഴമൊഴിയിൽ എല്ലാറ്റിനും രണ്ടു വശമുണ്ടെന്ന് സമർത്ഥിക്കുന്നു. പക്ഷേ രണ്ടും തമ്മിൽ ആക്കത്തിലും തൂക്കത്തിലും സമീകരിക്കപ്പെടണമെന്നും അവർ വിശ്വസിക്കുന്നു. എങ്കിലേ ജീവിതം അർത്ഥപൂർണ്ണമാകൂ. അല്ലെങ്കിൽ ‘എല്ലാറ്റിനും ഒരു മടുപ്പ്’ അനുഭവപ്പെടും. സംഗതികളും സംഭവങ്ങളും താൽക്കാലികവും മാറ്റങ്ങൾക്ക് വിധേയപ്പെട്ടതുമാകുന്പോഴാണ് ജീവിതത്തിന് അർത്ഥമുണ്ടാകുന്നത്. എപ്പോഴും പുതിയവ ആദേശം ചെയ്യപ്പെടുന്നതു കൊണ്ട് ജീവിതത്തിന് വിലയുണ്ട്. പ്ലാസ്റ്റിക് പൂക്കളെപ്പോലെ അവ സ്ഥിരമായവ ആണെങ്കിൽ ജീവിതത്തിൽ നിന്ന് പഠിക്കുവാനും, വളരുവാനും, ആസ്വദിക്കുവാനും, അത്ഭുതപ്പെടുവാനും ഒന്നും കാണുകയില്ല. മലിനജലം നിറഞ്ഞ ഒഴുക്കില്ലാത്ത കുളം പോലെയായിത്തീരും അപ്പോൾ ജീവിതം.
ചുറ്റുപാടും നോക്കുക. എല്ലാറ്റിനും ഒരു ഉദ്ദേശ്യവും ലക്ഷ്യവുമുണ്ട്; അതിനേക്കാളുപരി കാരണവും. നാഴികമണി, കസേര, വിളക്ക്, പുസ്തകം, മേശ എന്നിങ്ങനെ ഓരോന്നിനെക്കുറിച്ചും ചിന്തിക്കുന്പോൾ ഈ ആശയം വെളിവായി വരും. എല്ലാറ്റിന്റെയും ഉത്ഭവത്തിന് ഒരു കാരണവുമുണ്ട്, അതുകൊണ്ടു തന്നെ അവയുടെ നിലനിൽപ്പിന് ഒരു ഉദ്ദേശവുമുണ്ട്. പ്രകടിപ്പിക്കുവാനും പരിശീലിക്കുവാനും മനുഷ്യജീവിതത്തിനും ഒരു കാരണവും ഉദ്ദേശവുമുണ്ട്. ആന്തരികാനുഭവങ്ങളെ പ്രകടിപ്പിക്കുവാനും അതുമൂലം ലഭിക്കുന്ന ആത്മസന്തോഷം എന്തെന്ന് പരിശീലിക്കുവാനുമുള്ളതാണ് ജീവിതം. അത് ഒരു വേലിയേറ്റത്തിന്റെ തിക്താനുഭവങ്ങളിൽ തല്ലി ഉടച്ചുകളയാനുള്ളതല്ല. മതിവരാത്ത ജീവിതമായിരിക്കണം നമ്മുടെ ലക്ഷ്യം. കൊതി തീരാത്തതായിരിക്കണം നമ്മുടെ ബന്ധങ്ങൾ. അതിരുകളില്ലാത്തതാവണം നമ്മുടെ വികാരവായ്പ്പുകൾ. അളവുകളില്ലാത്തതാവണം നമ്മുടെ സത്്ഭാവനകൾ. അപ്പോൾ നമുക്ക് ചുറ്റും മുൾക്കാടുകളല്ല മുന്തിരിത്തോപ്പുകൾ ഫലം പുറപ്പെടുവിച്ച് കനിഞ്ഞ് നിൽക്കും.
ശ്രീബുദ്ധന്റെ വരമൊഴി: Don’t just do something - stand there’ എന്തെങ്കിലുമൊക്കെ ചെയ്ത് കൂട്ടാതെ, നില്ക്കൂ; ജീവിതത്തിലെ രഹസ്യങ്ങളുടെ അറകളിലേക്ക് മനസിനെ ചലിപ്പിക്കാൻ ഈ നില്പ് സഹായിക്കും. വിളവെടുപ്പിനായി മാത്രം കാത്തിരുന്നാൽ ഈ നിമിഷത്തിന്റെ സുഖം ആസ്വദിക്കാൻ ആർക്കും സാധിക്കുകയില്ല. ഓരോ നിമിഷാർദ്ധത്തിലും കാര്യനിർവ്വഹണത്തിലൂടെ വിളവെടുപ്പ് ആസ്വദിക്കണം.
45 വയസ്സുള്ള ഒരു വ്യക്തി പരാതിയുമായി ഒരാഴ്ച മുന്പ് എന്നെ സമീപിച്ചു. അദ്ദേഹത്തെ ഒരു സ്ത്രീ ചതിച്ചുപോലും. സ്ത്രീ ഇന്ത്യക്കാരിയല്ല, മറുനാട്ടുകാരി. വിവാഹമോചനം നേടിയ അവർക്ക് 11 വയസ്സായ ഒരു മകളുണ്ട്. ആ കുട്ടി അവരുടെ നാട്ടിലാണ്. ഈ സ്ത്രീ മാത്രം ഇവിടെ ഒരു റെസ്റ്റോറന്റിൽ ജോലി ചെയ്യുന്നു. നമ്മുടെ കക്ഷിക്ക് ഈ സ്ത്രീയുമായി അടുപ്പമുണ്ട്. ഇദ്ദേഹത്തിന് നാട്ടിൽ ഭാര്യയും 13 വയസ്സുള്ള ഒരാൺകുട്ടിയും 11 വയസ്സുള്ള ഒരു പെൺകുട്ടിയുമുണ്ട്. അവർ നന്നായി പഠിച്ച് മുന്നേറുന്നു. ഭാര്യ വീട്ടുകാര്യങ്ങളിൽ ശുഷ്കാന്തിയോടെ ഇടപെടുന്നു. സന്തുഷ്ടമായ ഒരു കുടുംബം. പ്രവാസലോകത്ത് ഒറ്റയ്ക്ക് കഴിയുന്ന ഇദ്ദേഹം ഫേസ്ബുക്കിലൂടെ ഈ അന്യനാട്ടുകാരിയുമായി സ്നേഹത്തിലായി. ഫേസ്്ബുക്ക് ബന്ധം നേരിൽക്കാണുന്ന ബന്ധത്തിലെത്തി. പല പ്രാവശ്യം നേരിൽ കണ്ട് സ്നേഹബന്ധമുറപ്പിച്ചു. ഈ കൂടിക്കാഴ്ചയിലൂടെ അവൾ ഇയാളുടെ ഹൃദയത്തിൽ വളരുകയായിരുന്നു. സാന്പത്തികബുദ്ധിമുട്ടുകളുണ്ടെന്ന് പറഞ്ഞ് ഒരു നല്ല തുക അവൾ ഇയാളുടെ പക്കൽ നിന്ന് കടമായി വാങ്ങി. ഒന്നും തിരികെ കിട്ടിയിട്ടില്ല. വെറും മൂന്നു മാസത്തെ സ്നേഹബന്ധത്തിനിടയിലാണ് ഇത്രയും സംഭവിച്ചത്. ഇപ്പോൾ അവൾ വിളിക്കാറില്ല. അയാളിൽ നിന്നും അവൾ അകലുന്നതുപോലെ. നിജസ്ഥിതി അന്വേഷിച്ചപ്പോൾ അയാൾക്ക് ബോധ്യപ്പെട്ടു. അവൾക്ക് മറ്റൊരു ഭർത്താവ് ഇവിടെയുണ്ട് എന്ന്. തന്നെ ചതിച്ച അവളോട് കടുത്ത ്രപതികാരം ചെയ്യണമെന്നുണ്ടെങ്കിലും ഭർത്താവിന്റെ ഭീഷണി അയാളെ പിന്തിരിപ്പിച്ചു. ഇപ്പോൾ ഉറക്കമില്ല, ഊണില്ല, ധനനഷ്ടവും മാനനഷ്ടവും. വഞ്ചിക്കപ്പെട്ടതിന്റെ ദുഃഖഭാരം. സ്നേഹിക്കാൻ മാത്രമറിയാവുന്ന തന്റെ ഭാര്യയേയും മക്കളേയും മറന്ന് ഇങ്ങിനെയൊരു സ്ത്രീയുടെ പിറകിൽ കൂടിയ ദുർബ്ബല നിമിഷത്തെയോർത്തുള്ള കുറ്റബോധം. ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചു. ഫോർ പി.എമ്മിന്റെ മാേനജിംഗ് എഡിറ്റർ പ്രദീപ് പുറവങ്കരയെ വിളിച്ച് അന്നു രാത്രി തന്നെ ആത്മഹത്യ ചെയ്യാനുള്ള പ്ലാനിനെപ്പറ്റി ചർച്ച ചെയ്തു. പുറവങ്കര പറഞ്ഞു അയാളോട്, “ഒരാൾ കൂടി താൻ ആത്മഹത്യ ചെയ്യുന്ന വിവരമറിയട്ടെ.” എന്റെ നന്പർ കൊടുത്ത് ഞാനുമായി ബന്ധപ്പെടാൻ പറഞ്ഞു. അയാൾ ബന്ധപ്പെട്ടു. രണ്ട് ദിവസം കഴിഞ്ഞ് കാണാമെന്ന് പറഞ്ഞാൽ അപ്പോഴേക്കും അയാൾ പരലോകം പറ്റിയിരിക്കുമെന്ന് വ്യക്തമാക്കി. ഉടൻതന്നെ കാണണമെന്ന നിർബ്ബന്ധത്തിന് ഞാൻ വഴങ്ങി, കണ്ടു. കാര്യങ്ങൾ സംസാരിച്ചു. ഒടുവിൽ ആത്മഹത്യാശ്രമം ഉപേക്ഷിച്ചു. തെറ്റ് ബോധ്യപ്പെട്ട് സുകൃതജീവിതത്തിന്റെ പടികൾ ചവിട്ടി അയാൾ മടങ്ങി. ഇവിടെ ആർക്കാണ് തെറ്റുപറ്റിയത്? ജീവിതം മടു
ക്കാൻ കാരണക്കാർ ആരൊക്കെ? എന്തിന് ആ സ്ത്രീയെ പഴിക്കണം? പ്രതി നമ്മുടെ 45കാരൻ തന്നെ. ജൈവദാഹത്തിനടിമയായി സ്വയം മറന്ന് അപഥസഞ്ചാരം നടത്തിയ ആ മനുഷ്യന്റെ മനസ് പുതിയ മേച്ചിൽപ്പുറങ്ങൾ തേടി വളരെ വേഗം സഞ്ചരിക്കുകയായിരുന്നു രണ്ടു മാസങ്ങളായിട്ട്. ഒടുവിൽ തന്നിലേക്ക് തന്നെ തിരിഞ്ഞു നോക്കാൻ അയാൾ ഒന്നു നിന്നു. വിലയേറിയ സ്വജീവൻ അയാൾക്ക് തിരിച്ചുകിട്ടി. നമ്മുടെ നിരവധി ചെറുപ്പക്കാർ ഇത്തരം കുരുക്കുകളിൽ അകപ്പെട്ട് ഞെളിപിരി കൊള്ളുന്നുണ്ടെന്ന് ഉള്ള യാഥാർത്ഥ്യം അധികമാരും അറിഞ്ഞിരിക്കില്ല.
ആത്മഹത്യ ജീവിതത്തിൽ നിന്നുള്ള ഒളിച്ചോടലാണ്. ഭീരുക്കളാണ് ആത്മഹത്യയ്ക്ക് മുതിരുന്നത്. വികലമായ വ്യക്തിത്വമുള്ളവരാണ് അത്തരക്കാർ. പകയും വൈരാഗ്യവും ശരീരത്തിനും മനസിനും ക്ഷതമേൽപ്പിക്കുമെന്ന് വിവിധ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അമേരിക്കയിൽ ഈയിടെ നടന്ന ‘forgiveness and Peace’ എന്ന വിഷയത്തെക്കുറിച്ചുള്ള ഒരു ചർച്ചാവേദിയിൽ തെളിയിക്കപ്പെട്ട വസ്തുത പ്രസക്തമാണീ അവസരത്തിൽ. ശരീരത്തിലെ സന്ധികളിലുള്ള വേദനയും ഗ്യാസ്ട്രബിളും നമ്മുെട ന്യൂനചിന്തകളെ അകറ്റുന്പോൾ അപ്രത്യക്ഷമാകും. മാനസിക സമ്മർദ്ദമുണ്ടാകുന്ന സംഭവങ്ങൾ, വലിപ്പചെറുപ്പമില്ലാതെ, മനുഷ്യശരീരത്തിൽ അഡ്രിനാലിൻ, കോർട്ടിസോൺ എന്നീ ഹോർമോണുകൾ പുറപ്പെടുവിക്കുന്നു. അപ്പോൾ ഹൃദയമിടിപ്പ് വർദ്ധിക്കും. ശ്വാസോച്ഛാസം വേഗത്തിലാകും, മാനസിക സമ്മർദ്ദമുയരും. വെറുപ്പും വൈരാഗ്യവും ഈ അവസ്ഥയിൽ ഈവക ഹോർമോണുകളെ ടോക്സിൻസ് ആക്കി മാറ്റും. കോർട്ടിസോണിന്റെ അതിപ്രസരം ഉത്കണ്ഠയും നിരാശയും ഉള്ളിലുളവാക്കും. പ്രതിരോധശക്തിയെ ഇത് സാരമായി താഴ്ത്തുന്നു. അങ്ങനെ രോഗത്തിനും ൈവകല്യങ്ങൾക്കും നാം വിധേയരാകുന്നു. ഈയിടെയായ പരീക്ഷണങ്ങൾ കോർട്ടിസോൺ തലച്ചോറിന്റെ ശക്തി ക്ഷയിപ്പിക്കുമെന്നും കോശങ്ങൾ വിഭജിക്കപ്പെടുമെന്നും ഓർമ്മ ശക്തി നശിപ്പിക്കുമെന്നും രക്തസമ്മർദ്ദമുയർത്തുമെന്നും രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുമെന്നും രക്തധമനികൾ ചുരുക്കുമെന്നും തദ്വാരാ ഹൃദ്രോഗമുണ്ടാകുമെന്നും തെളിയിച്ചിട്ടുണ്ട്.
അമിതവേഗത ആപത്താണ് എന്ന് ഒരു ചൊല്ലുണ്ട്. സത്യവുമാണത്. വാഹനത്തിന്റെ അമിതവേഗം ഒഴിവാക്കാമെങ്കിൽ ചില ജീവൻ രക്ഷിക്കാൻ സാധിക്കും. ചുറ്റുപാടുമുള്ള നമ്മുടെ ലോകത്തിന്റെ വേഗം വർദ്ധിക്കുന്പോൾ നമ്മുടെ ഓട്ടത്തിന്റെ വേഗതയും കൂട്ടാൻ നാം നിർബ്ബന്ധിതരായിത്തീരും. എന്നാൽ ഈ വേഗതയിലും ഒരു ശാന്തത ഒളിഞ്ഞിരിപ്പുണ്ട്. പുറമെ വീശിയടിക്കുന്ന കൊടുങ്കാറ്റിൽ പതറിപ്പോകാതെ അകമേയുള്ള ശാന്തതയിലൂടെ മനസുറപ്പിച്ച് സമാധാനമുറപ്പാക്കുന്പോഴാണ് വേഗത കുറയുന്നത്. ഒരു ദിവസം വേഗത വർദ്ധിപ്പിക്കാൻ എന്തെല്ലാം പദപ്രയോഗങ്ങൾ നാം നടത്താറുണ്ട്. പഠിക്കുന്നത് ജോലി കിട്ടാൻ, ജോലി ചെയ്യുന്നത് പണം സന്പാദിക്കാൻ, പണം മക്കളെ വളർത്താനും പഠിപ്പിക്കാനും. പിൻതലമുറയും ഈ ചക്രം തുടരുന്നു. സ്വപ്രയത്നത്തിന്റെ ഫലമനുഭവിക്കാൻ ഒന്ന് വിശ്രമിക്കുമോ? സാങ്കേതികവിദ്യ നമ്മുടെ സുഹൃത്തും ശത്രുവുമാണ്. സമയലാഭം, വിശ്രമാവസരം ഇവ സാങ്കേതികവിദ്യ പുഷ്ടി പ്രാപിച്ചതിലൂടെ നാം കാംക്ഷിക്കുന്നു. പക്ഷേ ഫലം മറിച്ചും. ഓരോ ചോദ്യങ്ങൾക്കും ഉത്തരം നൽകുന്നതിലൂടെ നാം അതിന്റെ അടിമകളായി മാറിയിരിക്കുന്നു. അപ്പോൾ നാമോ അതോ ടെക്നോളജിയോ യജമാനനും ദാസനും. ആരാണ് യജമാനൻ? ബ്ലാക്ക്ബറിയും ആപ്പിളും പഴവർഗ്ഗങ്ങളായിരുന്ന കാലഘട്ടം നാം കുറേക്കൂടെ റിലാക്സഡ് ആയിരുന്നു എന്ന് ഒരാൾ കമന്റടിച്ചാൽ അതിനെ നിഷേധിക്കാൻ പറ്റുമോ?
നാം നമ്മുടെ വേഗത കുറയ്ക്കണം. ഇതിന്റെ അർത്ഥം നാം ഉദാസീനരും നിഷ്ക്രിയരും ആകണമെന്നല്ല. പുറമെയുള്ള വേഗത കുറയ്ക്കുന്പോൾ അകമേയുള്ള ലോകത്തിലേക്ക് എത്തിച്ചേരാൻ നമുക്ക് സാധിക്കും. ചിന്താശകലങ്ങളുടെ എണ്ണം കുറയുമപ്പോൾ. ഉള്ളവയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും സാധിക്കും. നാം സന്തുഷ്ടരും സന്പന്നരും ആയി മാറും. അപ്പോൾ നമ്മുടെ ഉള്ളത്തിന്റെ വേഗത കൂടും. കൂടുതൽ ചെയ്താൽ കൂടുതൽ ലഭിക്കുമെന്നത് ഒരു മിഥ്യയാണ്. യഥാർത്ഥത്തിൽ നമുക്ക് പലതും നഷ്ടപ്പെടുകയാണപ്പോൾ. ധൃതി പിടിച്ച പരക്കം പാച്ചിലിൽ എത്ര തെറ്റുകൾ നാം വരുത്തിക്കൂട്ടുന്നുണ്ട്? പിന്നെ പശ്ചാത്തപിക്കലും. ഈ ധൃതിയ്ക്ക് പകരം സമയമെടുത്ത് വീണ്ടുവിചാരത്തോടെ കാര്യങ്ങൾ നിർവ്വഹിച്ചാൽ ജീവിതം മടുത്തുപോകയില്ല. ഒന്നിനെ ലക്ഷ്യമാക്കി അതിന്റെ പിന്നാലെ ഓടിയാൽ അത് നമ്മിൽ നിന്ന് അകന്നുപോകാൻ സാധ്യതയുണ്ട്. നമ്മിലേക്ക് വന്നു ചേരേണ്ടതൊക്കെ വരേണ്ട സമയത്ത് വരേണ്ടതുപോലെ വന്നിരിക്കുമെന്നത് ആർദ്രചിന്തകളാൽ നിറയുന്പോൾ നമുക്ക് മനസിലാകും.
അതുകൊണ്ട് ജീവിതത്തിന്റെ സ്പീഡ് കുറയ്ക്കുക. നാം ആയിരിക്കുന്ന നിമിഷത്തിന്റെ സൗന്ദര്യം ആസ്വദിക്കുക. ഇന്നിന്റെ അനുഭവങ്ങളേ എനിക്കിപ്പോൾ ആസ്വദിക്കാനായുള്ളൂ. നാളെയുടേത് വരുവാനിരിക്കുന്നതും ഇന്നലെയുടേത് കടന്നുപോയതുമാണ്. ജീവിതത്തിന്റെ സ്പീഡ് കൂടിയവർ ആർത്തിയോടെ വേഗത്തിൽ ഭക്ഷണം കഴിയ്ക്കും. വേഗത്തിലായിരിക്കും അവരുടെ നടപ്പും സംസാരവും. ചുറ്റുപാടുകളെ അവർ ശ്രദ്ധിക്കാറില്ല. ശ്രവണ ശക്തിയും കുറവായിരിക്കും. വേഗത കൂടുന്തോറും ജീവിതം മടുക്കും. ഒടുവിൽ ‘ഓ മതിയായി’ എന്ന അവസ്ഥയിലെത്തും. പിന്നെ എങ്ങനെയും ഇതൊന്ന് അവസാനിച്ചു കിട്ടിയിരുന്നെങ്കിൽ എന്ന ചിന്തയിലായിരിക്കും. ആത്മഹത്യയെക്കുറിച്ച് ഗൗരവമായി ചിന്തിച്ചു കൊണ്ടിരിക്കും. ഒന്നിനും സമയം തികയുന്നില്ല എന്ന് നിരന്തരം പരാതിപ്പെടുന്നവർ അമിതവേഗത്തിൽ ജീവിത വണ്ടി ഓടിക്കുന്നവരാണ്. അവർക്ക് ലക്ഷ്യം അകലെ. സമയത്തിന്റെ അടിമയാകാതെ സമയത്തെ കൈയിലാക്കിയ യജമാനനായിരിക്കൂ! പലപ്പോഴും നമ്മുടെ ഭാവമാണ് (Ego)ഇതിന് നമ്മെ അനുവദിക്കാത്തത്. ഞാനെന്ന ഭാവത്തിന്റെ വിപരീതഫലങ്ങളെക്കുറിച്ചുള്ള തിരിച്ചറിവ് അത്തരം ഭാവത്തെ നമുക്കനുകൂലമായ ഘടകങ്ങളെ പ്രദാനം ചെയ്യുന്ന സ്രോതസ്സാക്കി മാറ്റും. ഞാനെന്ന ഭാവം എന്റെ ബുദ്ധിയുടെ ഒരു പോഷകഘടകമാണ്. എന്റെ വികലമായ പ്രതിബിംബമാണ് ഈ ഭാവം. അത് യഥാർത്ഥ ഞാനല്ല. കൂട്ടിച്ചേർത്ത എന്റെ പ്രതിബിംബം മാത്രം. ‘മതിയായി ഈ ജീവിതം മടുത്തു’ എന്ന ദുർചിന്ത ഈ ഭാവത്തിന്റെ പ്രതിഫലനമാണ്.