പരീ­ക്ഷാ­പ്പേ­ടി­: കാ­രണങ്ങളും പരി­ഹാ­ര മാ­ർ­ഗ്ഗങ്ങളും


മനുഷ്യജീവൻ വിലമതിക്കാനാവാത്തതാണ്. പ്രതികൂലതകളിൽ കടപുഴകേണ്ടതാണോ ഈ വടവൃക്ഷം? അതും പടർന്ന് പന്തലിച്ച് അനേകർക്ക് തണലേകേണ്ടതിന് പകരം. നന്നേ കുരുന്നായിരിക്കുന്പോൾ തന്നെ ജീവിതം അവസാനിപ്പിക്കുന്ന നമ്മുടെ ഓമനക്കുഞ്ഞുങ്ങളുടെ എണ്ണം പെരുകിയിരിക്കുന്നു. ആശയവിനിമയ ദാരിദ്ര്യം, അത്യന്താധുനിക ജീവിതശൈലി, അപക്വമായ ഭക്ഷണ ക്രമം, വിവരസാങ്കേതിക വിദ്യകളിലെ അമിതാശ്രയം ഇവ മൂലം നമ്മുടെ ഇളംതലമുറയുടെ ‘വീണ്ടുവിചാര ശക്തി’ മരവിച്ചു പോയോ എന്ന് സംശയിക്കുമാറ് നമുക്കു ചുറ്റും അനർത്ഥങ്ങൾ പതിവായിരിക്കുന്നു. പരീക്ഷാപ്പേടി മൂലം ജീവനൊടുക്കിയ ഒരു പത്താം ക്ലാസുകാരിയുടെ ചിത്രം മനസിൽ തെളിഞ്ഞു നിൽക്കുന്നു. ഇതിനൊക്കെ ഉത്തരവാദികൾ ആരൊക്കെ?

ചില‍ർ പഠനസന്പ്രദായത്തെ പഴിക്കുന്നു. ചിലർ അദ്ധ്യാപകരുടെ സമീപനത്തെ കുറ്റം പറയുന്നു. മറ്റുചിലർ രക്ഷിതാക്കളുടെ വൻ പ്രതീക്ഷകളിൽ പഴിചാരുന്നു. അത്യാഹിതങ്ങളുണ്ടാകുന്പോൾ അങ്ങനെ പലതും കാരണങ്ങളായി തലപൊക്കും. സ്വാനുഭവത്തിൽ അത്തരം ദുരന്തങ്ങളുണ്ടാകുന്പോഴേ വേദനയുടെ കയ്പുനീരിന്റെ കാഠിന്യം എത്രയെന്ന് അളക്കാൻ കഴിയൂ. നാം കരയ്ക്കിരുന്ന് കരയുന്നവരും കരമുയർത്തി കാരണങ്ങൾക്കായി പരതുന്നവരുമാണ്. നമ്മുടെ കുട്ടികളിൽ സാധാരണ ഉണ്ടാകാറുള്ള പരീക്ഷാപ്പേടിയുടെ കാരണങ്ങളും പരിഹാരമാർഗ്ഗങ്ങളും തേടുകയാണ് ഈ ചെറുലേഖനത്തിന്റെ ഉദ്ദേശം.

മാനസിക സമർദ്ദം രണ്ടു തരത്തിലുണ്ട്. ഒന്ന് ഉത്തേജകവും (Positive stress) മറ്റേത് നിഷേധാത്മകവും (Negative stress) ആണ്. പരീക്ഷയ്ക്ക് മുന്പുള്ള ചെറിയ സമ്മർദ്ദം Positive stress ആണെങ്കിൽ അത് ഓർമ്മശക്തിയെ ഉത്തേജിപ്പിക്കുകയും ശരിയായ ഉത്തരമെഴുതാൻ പ്രേരിപ്പിക്കുകയും ചെയ്യും. നേരേമറിച്ച് അത് Negative stress ആണെങ്കിൽ വിദ്യാർത്ഥിയുടെ സമനില തന്നെ തെറ്റാൻ അത് കാരണമാകും. അപകടകാരിയായ പരീക്ഷാപ്പേടി കുട്ടികളിൽ ഉടലെടുക്കുന്നതിനുള്ള കാരണങ്ങളെന്തെല്ലാം?

1. സംസ്കരിച്ച പഠനക്രമത്തിന്റെ അഭാവം: അദ്ധ്യയന വർഷത്തിന്റെ പ്രാരംഭഘട്ടത്തിലും അവധി ദിവസങ്ങളിലും ‘ഉഴപ്പുന്ന’ കുട്ടികൾക്ക് സംസ്കരിച്ച പഠനക്രമത്തോട് പുച്ഛമാണ്. ഒരു Day Plan ഉണ്ടാക്കി അത് കൃത്യമായി പാലിക്കുന്ന വിദ്യാർത്ഥികൾ ഓരോ വിഷയവും ക്രമമായും കൃത്യമായും പഠിച്ചു മുന്നേറും. അവർക്ക് പരീക്ഷയെപ്പറ്റി സന്ദേഹം ഉണ്ടാകാൻ ഒരു സാധ്യതയുമില്ല. ഓരോ വിദ്യാർത്ഥിക്കും പഠനത്തിനായി ഓരോ ദിവസവും Strong Hours ഉണ്ടായിരിക്കണം. പൊതുവെ വെളുപ്പിന് നാല് മുതൽ ആറ് വരെയുള്ള സമയവും വൈകീട്ട് ആറ് മുതൽ എട്ട് വരെയുള്ള സമയവും ആണ് Strong Hours ആയി വിവക്ഷിച്ചിട്ടുള്ളത്. പകലിന്റെയും രാത്രിയുടെയും പരസ്പര പകർച്ചാ സമയമാണത്. അപ്പോൾ മസ്തിഷ്ക മഥനം അത്യുച്ചത്തിലായിരിക്കുമെന്ന് കരുതപ്പെടുന്നു. ഈ സമയത്ത് അല്ലെങ്കിൽ കൂടെയും ഓരോ വിദ്യാർത്ഥിക്കും അനുകൂലമായ Strong Hours സ്വയം കണ്ടുപിടിച്ച് നാല് മണിക്കൂറെങ്കിലുമുള്ള Home study ദിവസേന നടത്തുന്ന വിദ്യാർത്ഥിയുടെ കണ്ണിൽ ആത്മവിശ്വാസത്തിന്റെ തിളക്കം കാണാം. അങ്ങനെയുള്ളവർക്ക് പരീക്ഷയെപ്പറ്റി Positive stress ആയിരിക്കും ഉണ്ടാവുക. പരീക്ഷ അടുക്കുന്പോൾ Revision എന്ന പേരിൽ ഇളകി മറിയുന്നവർ ക്രമാനുഗതമായി വിഷയം കൈകാര്യം ചെയ്തവരല്ല. അവർക്ക് അനാവശ്യ സമ്മ‍ർദ്ദം ഉണ്ടാവുകയും ചെയ്യും.

2. തലച്ചോറിലെ Pleasure centreന്റെ കുളിർമ്മ വിദ്യാർത്ഥിയുടെ മാനസിക നിലവാരത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രധാന ഘടകമാണ്. വരണ്ട ശരീരത്തിൽ വരണ്ട മനസും തന്മൂലം വരണ്ട Pleasure centreഉം ആയിരിക്കും. പഠിക്കുന്ന വിഷയങ്ങളൊക്കെ ശേഖരിച്ചു വെയ്ക്കുവാനുള്ള Storage capacity തലച്ചോറിൽ ഇല്ലാതെ വന്നാൽ എത്ര പഠിച്ചാലും പഠിക്കുന്നതൊക്കെ പെട്ടെന്ന് മറക്കും. മനുഷ്യശരീരം വരളാതെയിരിക്കാൻ ആവശ്യത്തിന് വെള്ളം കുടിക്കണം എന്നർത്ഥം. ബുദ്ധിയുടെ സാമാന്യ ഉപയോഗത്തിന് ശരീരത്തിലെ ജലാംശം അത്യന്താപേക്ഷിതമാണ്. അതിരാവിലെ രണ്ട് ഗ്ലാസ് വെള്ളം വെറും വയറ്റിൽ കഴിക്കുന്നത് അത്യുത്തമം. കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളമെങ്കിലും ഒരു വിദ്യാർത്ഥി ഒരു ദിവസം കുടിച്ചിരിക്കണം. അങ്ങനെയങ്കിൽ Pleasure centreന്റെ കുളിർമ്മ അഭംഗുരം കാത്ത് സൂക്ഷിക്കുവാൻ കഴിയും. പഠിച്ചതൊക്കെ മറന്നുപോയി എന്ന പരാതി ഉൾമനസ് പുറപ്പെടുവിക്കുകയില്ല.

3. ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ ഡോ. ഹൊവാർഡ് ഗാർഡനറുടെ ‘Frame of Mind: The theory of Multiple intelligences’ എന്ന കൃതി കൃത്യമായി പരിശോധിച്ചാൽ ഒരുവന് ഒന്പത് തരം Intelligence (കഴിവുകൾ) ഉള്ളതായി മനസിലാക്കാം. ഇവയ്ക്ക് ഏറ്റക്കുറച്ചിലുണ്ടെങ്കിൽ കൂടെയും ഇവ എല്ലാവരിലും ഒരു തോതിൽ ഉണ്ടായിരിക്കും. അത് Verbal, logical, visual, musical, kinesthetic, interpersonal, Intrapersonal, Naturalistic and existential എന്നിവയാണ്. മൊത്തമായി വ്യാഖ്യാനിച്ചാൽ വിവിധ കഴിവുകൾ ഒളിഞ്ഞിരിക്കുന്ന ഒരു കൂടാരമാണ് നമ്മുടെ കുട്ടികൾ. പഠനത്തോടൊപ്പം മറ്റു വാസനകളും അവർക്ക് ഉണ്ട് എന്നർത്ഥം. ചിലർ പാടും, ചിലർ ഉപകരണ സംഗീതം കൈകാര്യം ചെയ്യും. ചിലർ നൃത്തം ചെയ്യും, ചിലർ പ്രസംഗിക്കും, ചിലർ കായികവിനോദങ്ങളിലേർപ്പെടും, ചിലർ സംവാദപാടവം പ്രകടിപ്പിക്കും; ഇങ്ങനെ പലതും. ഇത്തരം വാസനകളെ പരിപോഷിപ്പിക്കാനുള്ള സംവിധാനങ്ങൾ നമ്മുടെ സമൂഹത്തിലുണ്ടാവുകയും രക്ഷകർത്താക്കൾ അതിനായി കുട്ടികളെ പ്രേരിപ്പിക്കുകയും ചെയ്യുന്പോൾ ‘പഠനഭാരം’ ലഘൂകരിക്കാനുള്ള ഒരു ഇടനാഴിയായി കുട്ടികൾ ഇത്തരം വാസനകളെ പ്രയോജനപ്പെടുത്തും. ഉദാഹരണത്തിന് പ്രയാസമുള്ള ഒരു വിഷയം പഠിക്കുന്പോഴുണ്ടാകുന്ന ടെൻഷൻ ഒഴിവാക്കാനായി ഒരു ബ്രേക്ക് എടുത്തിട്ട് ഒരു instrument−ൽ ഒരു പാട്ട്പ്ലേ ചെയ്താൽ അത് മനസിന് കുളിർമ്മയും ഉത്തേജനവും നൽകും. തുടർച്ചയായി പരീക്ഷക്കാലയളവിൽ ഇരുന്ന് പഠിക്കുന്പോഴുളള ടെൻഷൻ ഇല്ലാതെയാക്കാൻ ഇത്തരം ഇടവേളകൾ സഹായിക്കും. അതുകൊണ്ട് മുതിർന്ന ക്ലാസുകളിലെത്തുന്നതിന് മുന്പുതന്നെ തങ്ങളുടെ കുട്ടികളുടെ സർഗ്ഗവാസനകളെ പരിപോഷിപ്പിക്കുന്നതിനുള്ള സംവിധാനം രക്ഷാകർത്താക്കൾ ഒരുക്കേണ്ടതാണ്.

3. ഉപാധികളില്ലാത്ത വാത്സല്യവും സ്നേഹവും ഏതു കുടുംബത്തിലുണ്ടോ അവിടം സ്വർഗ്ഗമാണ്. മനുഷ്യബന്ധങ്ങളെല്ലാം തന്നെ ഉപാധികൾ നിറഞ്ഞതാണിന്ന്. നിബന്ധനകൾ ഉയർത്തിപ്പിടിച്ചാണ് ഇന്ന് കുടുംബാംഗങ്ങൾ പോലും പരസ്പരം ഇടപഴകുന്നത്. ഇതിനൊരു അറുതി വന്നേ മതിയാകൂ. വിദ്യാലയങ്ങളിലും അദ്ധ്യാപകർ വിദ്യാർത്ഥികളെ തരംതിരിച്ച് കണ്ട് പഠിത്തത്തിൽ പിന്നോക്കം നിൽക്കുന്നവരെ ഇടിച്ച് താഴ്ത്തുകയും പരസ്യമായി ശകാരിക്കുകയും ചെയ്യുന്ന പതിവുണ്ട്. ഇത് കുട്ടിയുടെ മനസിൽ ആഴമായ മുറിവുകൾ ഏൽപ്പിക്കുമെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. നിങ്ങളുടെ മകനെയോ മകളെയോ അവരുടെ വൈകല്യങ്ങളോടെ തന്നെ നിരുപാധികം സ്നേഹിച്ച് വാത്സല്യം കാട്ടാനുള്ള സന്മനസ് നിങ്ങൾക്കുണ്ടെങ്കിൽ ആ സ്നേഹവും വാത്സല്യവും ഏത് കുട്ടിയേയും കീഴടക്കും എന്നതിന് സംശയം വേണ്ട. കടുംപിടുത്തങ്ങളും ദുർവാശികളും ദൗർബല്യങ്ങളും സ്നേഹത്തിന്റെ മുന്നിൽ അലിഞ്ഞ് ഇല്ലാതെയാകും. സൗമ്യമായി അവരോട് ഇടപെടുക, ശകാരം ഒഴിവാക്കുക, ഉത്തരവാദിത്വബോധം അവരിൽ ജനിപ്പിക്കുക എന്നിവ മാതാപിതാക്കളുടെയും അദ്ധ്യാപകരുടെയും ശൈലിയായിത്തീരുമെങ്കിൽ ഒരുതരം അഭേദ്യമായ ആത്മബന്ധം അവരുമായി സൃഷ്ടിക്കാൻ നമുക്ക് കഴിയും. അത്തരം ആത്മബന്ധത്തിന്റെ കണ്ണിയിൽ ഉൾപ്പെട്ട കുട്ടികൾ അനർത്ഥങ്ങളുടെ അന്ധഃകൂപത്തെ പറ്റി ചിന്തിക്കുക പോലുമില്ല.

ആത്മഹത്യയ്ക്ക് ശേഷം എന്ത് എന്നതിനെപ്പറ്റി അതിനായി മുതിരുന്നവർ‍ ചിന്തിച്ചാൽ, അസ്വസ്ഥതകളുടെ കൂന്പാരത്തിലേക്കാണ് ആത്മഹത്യയിലൂടെ ആത്മാവ് കടന്നു ചെല്ലുന്നത് എന്ന തിരിച്ചറിവുണ്ടായാൽ പിന്നെ അതിന് ആര് മുതിരും? വർഷങ്ങൾക്ക് മുന്പ് ഞാനും ഫോർ പി.എം ന്യൂസിന്റെ മാനേജിംഗ് എഡിറ്റർ പ്രദീപ് പുറവങ്കരയും കൂടെ അന്നത്തെ റേഡിയോ വോയിസിലൂടെ അവതരിപ്പിച്ച മനസ് എന്ന പരിപാടിയുടെ ഒരു എപ്പിസോഡിലുണ്ടായ അനുഭവം ഇവിടെ പ്രസക്തമാണ്.

ദമാമിൽ ജോലി ചെയ്തിരുന്ന ഒരാൾ, അദ്ദേഹം നാട്ടിൽ ഒരു പൂജാരി ആയിരുന്നു. ജീവിതനൈരാശ്യം മൂലം ആത്മഹത്യ ചെയ്യാനായി എല്ലാ കരുക്കളും കൂട്ടി. രാത്രി 12 മണിക്ക് ഫാനിൽ തൂങ്ങാൻ ഒരുക്കങ്ങൾ ചെയ്തു. പതിവായി ‘മനസ്’ എന്ന പരിപാടി കേൾക്കാറുള്ള അദ്ദേഹം രാത്രി 10 മണിക്ക് റേഡിയോ ട്യൂൺ ചെയ്ത് ശ്രവിക്കാൻ തുടങ്ങി. ഭാഗ്യവശാൽ അന്ന് ഞാൻ സംസാരിച്ചത് ആത്മഹത്യയെക്കുറിച്ചായിരുന്നു. ആത്മഹത്യ ചെയ്ത ശേഷം ആത്മാക്കൾ ദുരിതപൂ‍‍‍‍ർണമായ അസ്വസ്ഥ തീരങ്ങളിലേക്ക് യാത്ര ചെയ്യുന്നുവെന്നും ഇപ്പോഴത്തേതിനേക്കാൾ കഷ്ടമാണ് അപ്പോഴെന്നും ശക്തമായി ഞാൻ വാദിച്ച് സമർത്ഥിച്ചു. എപ്പിസോഡ് കഴിഞ്ഞപ്പോൾ അദ്ദേഹം പ്രദീപ് പുറവങ്കരയെ ഫോണിൽ വിളിച്ച് ആത്മഹത്യാ ശ്രമം ഉപേക്ഷിച്ചതായി പ്രഖ്യാപിച്ചു. ഒരു മണിക്കൂറിനു ശേഷം ആത്മാവിനെ നഷ്ടപ്പെടുത്താനിരുന്ന ആ മനുഷ്യന് ‘ശേഷമെന്ത്?’ എന്ന ഒരു വാക്കിൽ വീണ്ടുവിചാരമുണ്ടായി ജീവിതത്തിലേക്ക് മടങ്ങി വന്നു. അനേക അനുഭവങ്ങളിൽ ഒന്നാണിത്. മരിക്കാൻ എനിക്ക് മനസില്ല എന്ന് പറയണമെങ്കിൽ സ്വാന്തനത്തിന്റെ, സ്നേഹത്തിന്റെ ഒരു വയ്ക്കോൽ തുരുന്പ് എങ്കിലും എറിഞ്ഞു കൊടുക്കണം.അതിന് സാധ്യതയില്ലാത്തവരാണ് ഈ കടുംകൃത്യം ചെയ്യുന്നത്. പോകുന്നവർക്ക് അങ്ങ് പോയാൽ മതി. പക്ഷേ കൂടെയുള്ളവരുടെ ഭാവി തുലഞ്ഞില്ലേ?

ബഹ്റിനിൽ ഞാൻ പ്രതിനിധാനം ചെയ്യുന്ന പ്രവാസി ഗൈഡൻസ് ഫോറം എന്ന ഒരു കൂട്ടായ്മയുണ്ട്. അതിലെ അംഗങ്ങൾ എല്ലാം കൗൺസിലിംഗ് സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയിട്ടുള്ളവരാണ്. ഈ പരീക്ഷാ കാലയളവിൽ പരീക്ഷയ്ക്കായി തയ്യാറെടുത്തു കൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾക്കായി കുറെ കർമ്മ പരിപാടികൾ അടിയന്തിരമായി ഈ കൂട്ടായ്മ സംഘടിപ്പിച്ചിട്ടുണ്ട്. അവ വായനക്കാരുടെ അറിവിനായി താഴെ ചേർക്കുന്നു.

1. നാളെ (2017 ഫെബ്രുവരി 25 ശനിയാഴ്ച) വൈകീട്ട് അഞ്ച് മണി മുതൽ എട്ട് മണിവരെ മൂന്ന് മണിക്കൂർ നേരം നീണ്ടു നിൽക്കുന്ന വിദ്യാർത്ഥികൾക്കായുള്ള ഒരു ശില്പശാല സംഘടിപ്പിച്ചിട്ടുണ്ട്. ‘പരീക്ഷാ ഭയം− കാരണങ്ങളും പരിഹാരമാർഗ്ഗങ്ങളും’ എന്ന വിഷയത്തെപ്പറ്റി ഡോ. ശ്യാംകുമാർ ക്ലാസ് നയിക്കും. Exam Phobia അകറ്റാനുള്ള സൈക്കോതെറാപ്പി ഈ ലേഖകൻ കുട്ടികൾക്കായി കാട്ടിക്കൊടുക്കും. പരീക്ഷയെ അഭിമുഖീകരിക്കുന്ന ആറാം ക്ലാസു മുതൽ ഉള്ള കുട്ടികൾക്ക് ഇതിൽ സംബന്ധിക്കാം. പ്രവേശനം സൗജന്യമാണ്. താൽപര്യമുള്ള രക്ഷിതാക്കൾക്കും പങ്കെടുക്കാവുന്നതാണ്. രജിസ്ട്രേഷന് 38024189 എന്ന നന്പറിൽ വിളിക്കുകയോ pgfbahrain12@gmail.com എന്ന IDയിലേക്ക് ഇ−മെയിൽ അയക്കുകയോ ചെയ്യുക.

2. വിദ്യാർത്ഥിയുടെ ആശങ്ക ഈ പരീക്ഷ കാലയളവിൽ അകറ്റുന്നതിനായി ഞങ്ങൾ ഒരു Helpline group (34659304) ഉണ്ടാക്കിയിട്ടുണ്ട്. കൗൺസിലർ സുമാ മനോഹറിന്റെ നേതൃത്വത്തിൽ പതിനഞ്ച് പരിശീലനം ലഭിച്ച കൗൺസിലേഴ്സ് ഈ ഗ്രൂപ്പിൽ ഉണ്ട്. നിങ്ങളുടെ കുട്ടിക്ക് ഏതെങ്കിലും അസ്വസ്ഥത പഠനസംബന്ധമായോ മറ്റോ ഉണ്ടാവുകയാണെങ്കിൽ ഈ നന്പറിൽ ബന്ധപ്പെടുക. ഞങ്ങളുടെ ടീമിലെ ഒരംഗം പെട്ടെന്ന് നിങ്ങളുടെ ഭവനത്തിലെത്തി ആ കുട്ടിയെകണ്ട് വേണ്ട പിൻബലം നൽകും. നിങ്ങളുടെ വീട്ടിൽ അതിന് സൗകര്യമില്ലെങ്കിൽ സൗകര്യപ്രദമായ സ്ഥലം കൂടിക്കാഴ്ചയ്ക്കായി ഞങ്ങൾ ഒരുക്കുന്നതാണ്. ഈ സൗജന്യ സേവനത്തിനായി മുകളിൽ സൂചിപ്പിച്ച ഇമെയിൽ ഐ‍ഡിയിലേക്ക് സന്ദേശമയച്ചാലും മതിയാകും.

3. പഠിക്കുന്ന വിഷയങ്ങൾക്ക് എല്ലാം ഉയർന്ന മാർക്ക് കരസ്ഥമാക്കുക എന്നത് മാത്രമല്ല ഒരു വിദ്യാർത്ഥിക്ക് വേണ്ടത്. അവനിൽ നിക്ഷിപ്തമായിരിക്കുന്ന സർഗ്ഗവാസനകളെ വികസിപ്പിച്ച് പ്രതിസന്ധികളെ അഭിമുഖീകരിക്കാൻ അവനെ പ്രാപ്തനാക്കുക എന്ന കർമ്മം കൂടെയുണ്ട്. ഇത് ലക്ഷ്യമാക്കി ഞങ്ങൾ കഴിഞ്ഞ എട്ട് വർഷമായി ‘WINGS’ എന്ന ഒരു പദ്ധതി ആറാം ക്ലാസു മുതൽ പന്ത്രണ്ടാം ക്ലാസു വരെയുള്ള വിദ്യാ‍‍‍‍ർത്ഥികൾക്കായി സംഘടിപ്പിച്ചിരുന്നു. ഈ വർഷവും അദ്ധ്യയന വ‍ർഷം ആരംഭിക്കുന്ന ഏപ്രിൽ മുതൽ അടുത്ത വ‍ർഷം വർഷാവസാന പരീക്ഷ തീരുന്നതുവരെ വിദ്യാർത്ഥികളുടെ കൂടെ താങ്ങായി നിൽക്കുന്ന ഒരു പരിപാടിയായി WINGSനെ രൂപകൽപ്പന ചെയ്തിട്ടുണ്ട്. താൽപര്യമുള്ളവർക്ക് കൗൺസിലർ ലേഖ ലതീഷുമായി 38024189 എന്ന നന്പറിലോ മേൽപ്പറഞ്ഞ ഈമെയിൽ ഐഡിയിലോ ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ഗ്രഹിക്കാവുന്നതാണ്.

ഉദ്ദേശം ശുദ്ധമത്രേ! ഇനി ഒരു വിദ്യാർത്ഥിയുടെ ആത്മഹത്യ ഈ പവിഴ ദ്വീപിൽ ഉണ്ടാകരുത്. നമുക്ക് ഉണരാം, ഉണർന്ന് മുന്നേറാം. ലക്ഷ്യപ്രാപ്തിക്കായി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed