സ്നേഹം ഒരു ഊർജ്ജമാണ്
ലോകാരംഭം മുതൽ മനുഷ്യരാശി അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് അനിശ്ചിതത്വം. കാലം കഴിയുന്തോറും മനുഷ്യൻ പുതിയ കണ്ടുപിടുത്തങ്ങളുടെ നൂതന മേഖലകളിലെത്തുന്തോറും അനിശ്ചിതത്വത്തിന്റെ രൂപവും ഭാവവും മാറുമെന്നല്ലാതെ അത് അസ്തമിച്ചിട്ടില്ല. നമ്മുടെ ചുറ്റുപാടും ഒരുപാട് അനിശ്ചിതത്വത്തിന്റെ അടയാളങ്ങൾ കാണാം. ലോക രാഷ്ട്രങ്ങളുടെ സാന്പത്തിക, സാമൂഹ്യ ആഭ്യന്തര പ്രശ്നങ്ങളായാലും നാം ഉൾപ്പെടുന്ന സമൂഹത്തിന്റെ വെല്ലുവിളികളായിരുന്നാലും നമ്മുടെ തന്നെ കുടുംബങ്ങളിലെ സ്വരചേർച്ചയില്ലായ്മ ആയിരുന്നാലും വ്യക്തി ജീവിതത്തിലെ പാളിച്ചകളായിരുന്നാലും അനിശ്ചിതത്വം എല്ലായിടത്തും കരിനിഴൽ പരത്തുന്നുണ്ട്. അനിശ്ചിതത്വത്തിന്റെ കാലഘട്ടത്തിലൂടെ കടന്നുപോകുന്പോഴാണ് യഥാർത്ഥ സ്നേഹിതരെ തിരിച്ചറിയാൻ സാധിക്കുന്നത്. ധനം, പ്രതാപം, സൗന്ദര്യം, ആരോഗ്യം, പുത്രസന്പത്ത് ഇവകളിൽ രമിക്കുന്ന വേളകളിൽ യഥാർത്ഥ സ്നേഹിതരെ തിരിച്ചറിയാൻ സാധിക്കുകയില്ല; നാം മെനക്കെടാറുമില്ല. നാളെയെക്കുറിച്ചുള്ള സന്ദേഹത്തിൽ കഴിയുന്പോൾ നല്ലവനെ തിരിച്ചറിയാം. സ്നേഹത്തിന്റെ കപടവേഷം ധരിച്ച പലരേയും നമ്മുടെ ഇടയിൽ കാണാം. കാരുണ്യത്തിനായി സ്നേഹം അഭിനയിക്കുന്നവരാണിവർ.
എന്റെ ചെറുപ്പത്തിൽ ഞാൻ ദിവസവും കണ്ടുമുട്ടാറുണ്ടായിരുന്ന ഒരു വൃദ്ധന്റെ വാക്കുകൾ, സ്നേഹം ഒരു പുകയിലയാണ്... കാലിപ്പുകയില. ഞങ്ങളുടെ നാട്ടിൽ കാലിപ്പുകയിലയെന്നും വടക്കൻ പുകയിലയെന്നും പറഞ്ഞ് രണ്ടുതരം പുകയിലകൾ അന്നുണ്ടായിരുന്നു. കാലിപ്പുകയില ചവക്കുന്പോൾ ആദ്യം തലക്ക് പിടിക്കുകയില്ല. അതിന്റെ വീര്യമിറങ്ങുന്നത് സാവകാശത്തിലാണ്. ഒടുവിൽ അത് തലക്ക് പെരുപ്പ് ഉണ്ടാക്കും. ഇതുപോലെയാണ് സ്നേഹവും എന്നാണ് അദ്ദേഹത്തിന്റെ ഭാഷ്യം. ഒരു കണക്കിന് അത് ശരിയല്ലേ? സംസ്കരിച്ച് നിർവചിച്ചാൽ സ്നേഹം ഒരു ഊർജ്ജമാണ്.
കിണറ്റിലെ വെള്ളം മലിനമാകുന്പോൾ ഗ്രാമീണർ ആ വെള്ളം കോരി വെളിയിൽ കളഞ്ഞ് കിണറ് ശുദ്ധീകരിക്കാറുണ്ട്. ഇതിനെ ‘കിണർ ഇറയ്ക്കുക’ എന്നാണ് ചിലയിടങ്ങളിൽ പറയാറുള്ളത്. കിണർ ഇറയ്ക്കുന്നതിന് ഒരാളെങ്കിലും കിണറിനടിയിലേക്ക് ഇറങ്ങേണ്ടി വരും. നല്ല താഴ്ചയുള്ള കിണറ്റിൽ ഇറങ്ങുന്ന ആളുകൾക്ക് അവിടെ നിന്നും പുറപ്പെടുന്ന വാതകം ശ്വസിക്കുന്നതു കൊണ്ട് ദേഹാസ്വാസ്ഥ്യമുണ്ടാവുകയും ചിലപ്പോൾ മരിക്കുകയും ചെയ്യും. ഒരു വീട്ടിൽ കിണർ ഇറയ്ക്കുന്പോൾ കിണറ്റിൽ ഇറങ്ങിയ ആൾ വെപ്രാളപ്പെട്ട് നിലവിളിക്കാൻ തുടങ്ങി. ശ്വാസതടസം മൂലാണിത് സംഭവിച്ചത്. അയലത്തുകാർ നിലവിളി കേട്ട് ഓടിക്കൂടി. വീട്ടുടമസ്ഥൻ ആക്രോശിച്ചു കൊണ്ടിരുന്നു. “ആരുമില്ലേ ഈ കിണറ്റിൽ ഇറങ്ങി ഇവനെ രക്ഷപ്പെടുത്താൻ. അവന് വല്ലതും സംഭവിച്ചാൽ എന്റെ കിണർ ചീത്തയാകും.” പ്രാണരക്ഷാർത്ഥം നിലവിളിക്കുന്നവന്റെ ജീവനല്ല അവിടെ പ്രധാനം. അശുദ്ധമാകാൻ പോകുന്ന തന്റെ കിണറിനെക്കുറിച്ചാണ് വീട്ടുടമസ്ഥൻ്റെ ആശങ്ക. കൂട്ടം കൂടിയവരിൽ ആരും കിണറ്റിലേക്ക് ഇറങ്ങാൻ തയ്യാറായില്ല. ഒടുവിൽ ഒരാൾ ഓടിവന്ന് കിണറിലേക്ക് വേഗത്തിൽ ഇറങ്ങി. മൃതപ്രാണനായ ആ മനുഷ്യനെ രക്ഷപ്പെടുത്തി ഇങ്ങനെ അയാളെ രക്ഷപ്പെടുത്തിയ ആൾ രക്ഷപ്പെട്ട ആളിന്റെ ബദ്ധശത്രുവായിരുന്നു. ജനം ആശ്ചര്യപ്പെട്ടു. മനസിൽ നന്മയുടെ സ്ഫുലിംഹങ്ങൾ തുടിക്കുന്ന ഒരുവന് മാത്രമേ ആപത്തിൽ രക്ഷയ്ക്കായി ഓടിയെത്താനുള്ള ആർദ്രഭാവം ഉണ്ടാകൂ. അതാണ് സ്നേഹത്തിന്റെ ഊർജ്ജം. അവിടെ കൂടി നിന്ന ആളുകളിലാർക്കും ഇല്ലാതിരുന്ന സ്നേഹത്തിന്റെ ഊഷ്മളതയാണ് ഈ മനുഷ്യനിൽ നമുക്ക് ദർശിക്കാവുന്നത്.
ഇവിടെ സ്നേഹം ഊർജ്ജമായി പകരപ്പെട്ടത് ആപത്തുഘട്ടത്തിലാണ്. വിൻവിപത്തു സമയത്താണ്. എന്നാൽ ജീവിതത്തിലെ ലഘുവായ സ്പന്ദനങ്ങളിൽ പോലും സ്നേഹമൊഴുക്കുവാൻ നമുക്ക് കഴിയുമെങ്കിൽ നമുക്ക് ചുറ്റുമുള്ള അനിശ്ചിതത്വം പോലും ഒരു ഹരമായി മാറും. അനിശ്ചിതത്വത്തിലും ആശ്വാസം നേടാൻ മനുഷ്യമനസിന് കഴിയും. ജീവിതത്തിലെ ചിന്നകാര്യങ്ങളിലും സ്നേഹം പ്രതിഫലിപ്പിക്കുവാൻ സാധിക്കുന്നതെങ്ങിനെ? അത് ഉപാധികളില്ലാത്ത സ്നേഹം പരിശീലിച്ചെങ്കിലേ സാധിക്കൂ.
നമ്മുടെ നാട്ടിൽ അമ്മായിഅമ്മ മരുമകൾ പോര് പ്രസിദ്ധമാണല്ലോ. ഒരു വീട്ടിൽ ഈ പോര് തീർക്കാൻ ഒരു കൗൺസിലറെത്തി. രണ്ടുപേർക്കും പറയാനുള്ളതെല്ലാം കൗൺസിലർ കേട്ടു. ഒടുവിൽ രമ്യമാക്കി. രണ്ടുപേരും പരസ്പരം അംഗീകരിക്കുമെന്ന് കൗൺസിലർക്ക് വാക്ക് നൽകി. ഒടുവിൽ അമ്മായിയമ്മ മരുമകളോടാവശ്യപ്പെട്ടു. കൗൺസിലർക്ക് ഒരു കാപ്പി നൽകുവാൻ. മരുമകൾ അടുക്കളയിലേക്ക് പോയ തക്കം നോക്കി അമ്മായിയമ്മ വീണ്ടും മരുമകളുടെ കുറ്റം അടക്കത്തിൽ പറയാൻ തുടങ്ങി. അടുക്കളയിൽ കാപ്പിയിട്ടു കൊണ്ടിരുന്ന മരുമകൾ ചെവിവട്ടം പിടിക്കുന്നുണ്ടായിരുന്നു. തന്റെ കുറ്റം വീണ്ടും പറയുന്നു എന്ന് മനസിലായപ്പോൾ അവൾ ഒന്ന് ഇരുത്തി ചുമച്ചു. ഇതുകേട്ട അമ്മായിയമ്മ കൗൺസിലറോട് പറഞ്ഞു, കേട്ടോ സാറേ, അവളുടെ ചുമ കേട്ടോ. സാറ് പോയിക്കഴിയുന്പോൾ എന്നെ കണ്ടോളാമെന്നാണ് ആ ചുമയുടെ അർത്ഥം. ഇതാണ് ചുമക്കുന്ന സ്നേഹം. ഏച്ചു കെട്ടിയാൽ മുഴച്ചിരിക്കും. ഈ സ്നേഹം താൽക്കാലികമാണ്. മറ്റുള്ളവരെ ബോധിപ്പിക്കാനുള്ള സ്നേഹം. ഈ സ്നേഹത്തിൽ ഊർജ്ജമില്ല, ഊഷ്മളതയില്ല.
അനുസരണയില്ലാത്ത മക്കളെ നോക്കി അമ്മമാർ ദേഷ്യപ്പെടുന്നത് കാണാം. പരീക്ഷയിൽ തോറ്റുവരുന്ന മക്കളോടും ആവശ്യമില്ലാത്ത കൂട്ടുകെട്ടുള്ള കുട്ടികളോടും അമ്മമാർ വളരെ പരുഷമായി സംസാരിക്കാറുണ്ട്. പലപ്പോഴും അവരെ ശിക്ഷിക്കാറുണ്ട്. അമ്മമാരുടെ മുഖം അപ്പോൾ ചുവന്ന് തുടുത്തിരിക്കും. സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും അഭാവത്തിലല്ല മുഖം ചുവക്കുന്നുണ്ട്. പ്രതീക്ഷക്കൊത്ത് മക്കൾ ഉയരുന്നില്ല എന്ന ഉത്കണ്ഠ കൊണ്ടാണിത്. ഇതിനെ ചുവക്കുന്ന സ്നേഹം എന്ന് വിളിക്കാം. ഇവിടെ സ്നേഹം കോപിക്കുന്നു. ശാസിക്കുന്നു, പ്രതികൂലമായി പ്രതികരിക്കുന്നു. ഇത്തരം സ്നേഹത്തിലും ഊർജ്ജമില്ല. മറുതലിച്ച മനുഷ്യമനസിനെ കീഴടക്കാൻ ഊർജമുള്ള സ്നേഹമാണ് ആവശ്യം. അതിന് ചുമക്കുന്ന സ്നേഹവും ചുവക്കുന്ന സ്നേഹവും മതിയാകില്ല. ക്ഷമിക്കുന്ന സ്നേഹം വേണം.
ക്ഷമിക്കുന്നത് ഒരു ബലഹീനതയാണെന്ന് തെറ്റിദ്ധരിക്കുന്നവർ നമ്മുടെ ഇടയിലുണ്ട്. ഞാൻ ആരാണെന്നറിയാമോ എന്ന ഭാവമുള്ളവരിൽ ക്ഷമാശീലമുണ്ടാവില്ല. പൊട്ടിത്തെറിക്കുന്ന പ്രകൃതക്കാരിൽ ക്ഷമയുടെ ഒരംശം പോലുമില്ല. പിന്നീടവർ പശ്ചാത്തപിക്കുകയും ചെയ്യും. നിസ്വാർത്ഥമായയ സ്നേഹം ക്ഷമ എന്ന മാധ്യമത്തിലൂടെയാണ് പ്രവഹിക്കേണ്ടത്. സ്നേഹം മൂലം പലരും വികാരാധീനരാകാറുണ്ട്. സ്നേഹം ഒരു വികാരമല്ല. സ്നേഹം ഒരു ഊർജ്ജമാണ്. പ്രവർത്തിക്കുവാൻ പ്രേരിപ്പിക്കുന്ന ഊർജ്ജം. അതുകൊണ്ട് തന്നെ സ്നേഹം പ്രകടിപ്പിക്കേണ്ടത് പ്രവർത്തിയിലൂടെയാണ്. വികാരപ്രകടനങ്ങളിലൂടെയല്ല. സുഗന്ധതൈലം കുപ്പിയിൽ അടച്ചുവെച്ചിരുന്നാൽ അതിന്റെ സുഗന്ധം ആർക്ക് ആസ്വദിക്കാൻ കഴിയും. കുപ്പി തുറന്ന് ആ തൈലം പകരുന്പോഴാണ് അതിന്റെ സുഗന്ധം ചുറ്റുപാടും പരക്കുന്നത്. ഇതുപോലെയാണ് സ്നേഹവും. സ്നേഹമുണ്ട് എന്ന് വിശ്വസിപ്പിച്ച് അത് ഉള്ളിൽ ഒതുക്കി വെച്ചാൽ അതിന്റെ സുഗന്ധം എങ്ങനെ മറ്റുള്ളവർ മനസിലാക്കും. അത് പ്രകടിപ്പിക്കണം. പ്രവർത്തികളിലൂടെ പ്രകടിപ്പിക്കണം. അപ്പോൾ സ്നേഹത്തിന്റെ ഊർജ്ജം പ്രകാശിക്കുവാൻ തുടങ്ങും. അനിശ്ചിതത്വം എന്ന ന്യൂനവികാരം അപ്രത്യക്ഷമാകും. പ്രേമിച്ച് വിവാഹം കഴിച്ച ദന്പതിമാർ മതിയായ കാരണങ്ങളില്ലാതെ വിവാഹമോചനത്തിന്റെ വക്കിലെത്തി. കേസ് കോടതിയിൽ ഫയൽ ചെയ്യുന്നതിന് മുന്പ് ഭർത്താവ് ഭാര്യക്ക് അർഹമായ സ്വത്ത് വീതം വെച്ച് വിൽപത്രമെഴുതി അവളുടെ കൈയിൽ കൊടുത്തു. ഒന്ന് വായിച്ചു പോലും നോക്കാതെ അവൾ അത് കീറിക്കളഞ്ഞു. അവളുെട ആവശ്യം സ്വത്തായിരുന്നില്ല. മറ്റൊന്നായിരുന്നു. അവരുടെ ഏകമകന്റെ വാർഷിക പരീക്ഷ ഒരു മാസം കഴിഞ്ഞാണ്. വരുന്ന ഒരു മാസത്തേക്ക് ഉള്ള ഒരു പ്രത്യേക സംവിധാനം. അത് കഴിയുന്പോൾ വിവാഹമോചനം നടത്തിക്കോളൂ. മുൻകാലത്ത് ഭർത്താവ് രാവിലെ ഓഫീസിൽ പോകുന്പോൾ ഭാര്യയുടെ കൈ പിടിച്ച് വീടിന്റെ ഗേറ്റ് വരെ ഒരുമിച്ച് നടന്ന് സ്നേഹത്തോടെ ബൈ പറയുമായിരുന്നു.
അടുത്ത ഒരു മാസത്തേക്ക് ഈ പ്രവർത്തി ചെയ്യണം. മകൻ കാൺകെ. ഭർത്താവ് സമ്മതിച്ചു. ആദ്യത്തെ ദിവസം വെറും യാന്ത്രികമായി ഇഷ്ടമില്ലാത്ത തന്റെ ഭാര്യയുടെ കൈ പിടിച്ച് സ്വീകരണമുറിയിൽ നിന്നിറങ്ങി വീടിന്റെ ഗേറ്റ് വരെ നടന്നു. യാന്ത്രികമായി പുഞ്ചിരിച്ചു. യാന്ത്രികമായി ബൈ പറഞ്ഞു. രണ്ടാം ദിവസം അയാൾക്ക് അല്പം ഭാരം കുറഞ്ഞുപോലെ അനുഭവപ്പെട്ടു. ഓരോ ദിവസം കഴിയുന്തോറും ഒരു പ്രത്യേക ഊർജ്ജം എവിടെ നിന്നോ അയാൾക്ക് ലഭിക്കുന്നതായി അനുഭവപ്പെട്ടു. താൻ വെറുക്കുന്ന ഭാര്യയുടെ കരം ഗ്രഹിക്കാൻ ഒരു ശക്തി ലഭിച്ചു കൊണ്ടിരിക്കുന്നതായി അയാൾക്ക് മനസിലായി. മുപ്പതാം ദിവസം എന്തെന്നില്ലാത്ത ഒരു ശക്തിയാണയാൾക്ക് ലഭിച്ചത്. അയാൾ അന്നേ ദിവസം ജോലി കഴിഞ്ഞ് ഒരു പൂക്കടയിലെത്തി. പൂക്കളുടെ ഒരു ബൊക്ക വാങ്ങി മരണം വേർപിരിക്കും വരെ ഞാൻ നിന്നെ ഓരോ പ്രഭാതത്തിലും എന്നിലേറ്റി നയിക്കും എന്നെഴുതി. എത്ര ഹൃദയസ്പർശിയായ വാക്കുകൾ. സ്നേഹം പ്രവർത്തിയിലൂടെ ഒഴുകിയാൽ അത് ആവേശമായി മാറും. ഇവിടെ അതാണ് സംഭവിച്ചത്. ആ ബൊക്കയുമായി അയാൾ വീട്ടിലെത്തിയപ്പോഴേക്കും ക്യാൻസർ രോഗിയായ ആ ഭാര്യ മരിച്ചിരുന്നു.
ജീവിതത്തിൻ പ്രതിസന്ധികളിൽ സ്നേഹം പ്രവർത്തിയിലൂടെ പ്രകടമാക്കാൻ വൈകിപ്പോയാൽ, സമയം നമുക്ക് വേണ്ടി കാത്തുനിൽക്കയില്ല. സമയമാം രഥത്തിലെ യാത്രക്കാരാണ് നാം എല്ലാവരും. ജീവിതത്തിലെ വൻ കാര്യങ്ങളിൽ മാത്രമല്ല ചെറുതായ കാര്യങ്ങളിൽപ്പോലും സ്നേഹത്തിൻ ഊർജ്ജം പകരാൻ മറക്കരുത്. അപ്പോൾ ജീവിതത്തിന്റെ നൈമിഷകതയെ തിരിച്ചറിയുവാൻ നമുക്ക് സാധിക്കും.
എത്രനാൾ ജീവിച്ചു എന്നതിലല്ല എങ്ങനെ ജീവിച്ചു എന്നതിലാണ് ജീവിതസാഫല്യത്തിൻ യാത്രയുടെ മൂ ല്യനിർണ്ണയം നടത്തേണ്ടത്. സ്നേഹം എടുക്കാൻ മാത്രമുള്ളതല്ല, കൊടുക്കാൻ കൂടെയുള്ളതാണ്. സ്വാർത്ഥതയുടെ കാരാഗ്രഹത്തിൽ വികാരത്തിന്റെ ചങ്ങലകളാൽ ബന്ധിക്കപ്പെടേണ്ട ഒന്നല്ല സ്നേഹം.
സഹനത്തിന്റെയും സഹാനുഭൂതിയുടെയും സഹിഷ്ണുതയുടെയും സമൂർത്ത സങ്കലനമാണ് സ്നേഹത്തിന്റെ തിരകൾ. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ ഏകപക്ഷിയമായി സ്നേഹം ഒഴുകുന്പോൾ അതിൻ അതിരുകളും ആഴവും അളവിനുമപ്പുറമായിരിക്കും.