കടം കയറി കയറെടുക്കുന്ന പ്രവാസി
ഡോ. ജോൺ പനയ്ക്കൽ
പ്രവാസി എന്ന പദത്തിന്റെ അർത്ഥം തന്നെ പരദേശത്ത് പാർക്കുന്നവൻ എന്നാണ്. സ്വന്തമല്ലാത്തിടത്ത് മുഖം നഷ്ടപ്പെടുത്തിക്കഴിയുന്നവരാണ് പ്രവാസികളിൽ ഭൂരിഭാഗവും. നാട്ടിൽ സാമാന്യം ഭേദപ്പെട്ട ഒരു ജോലിയിൽ എത്തിപ്പറ്റിയിരുന്നുവെങ്കിൽ, ഇവിടെ വന്നുപെടുകയില്ലായിരുന്നു എന്ന് പരിതപിക്കുന്ന പ്രവാസികളുെട എണ്ണം കൂടുതലാണ്. മെച്ചപ്പെട്ട വേതനവും ഭേദപ്പെട്ട ജീവിതനിലവാരവും വാഗ്ദാനമായി ലഭിച്ച് എത്തിയവർ പോലും ജോലി സ്ഥിരതയെ കുറിച്ച് ആശങ്കയുള്ളവരാണ്, എത്രനാൾ? ചുരുക്കത്തിൽ പ്രവാസിക്ക് ചുറ്റും എന്നും പ്രശ്നമാണ്. എന്തിനെയൊക്കെ ചുറ്റിപ്പറ്റിയുള്ള പ്രശ്നങ്ങൾ.
അങ്ങകലെ നാട്ടിലെ ദുരവസ്ഥ ഓർത്ത് പ്രശ്നം. ഇവിടെ പ്രതികൂലാവസ്ഥയിൽ പണിയെടുക്കുന്ന സാഹചര്യമോർത്ത് പ്രശ്നം, വേണ്ടപ്പെട്ടവരുടെ സ്നേഹം കിട്ടാത്തത് ഓർത്ത് പ്രശ്നം. കിട്ടുന്ന ശന്പളം ആവശ്യങ്ങൾക്ക് തികയാത്തത് ഓർത്ത് പ്രശ്നം. നാളെ ജോലി ഉണ്ടോ എന്നതോർത്ത് പ്രശ്നം. അനുസരിക്കാത്ത മക്കളുടെ പേരിൽ പ്രശ്നം. ഈ മണലാരണ്യത്തിൽ കഷ്ടപ്പെടുന്നത് മനസ്സിലാക്കാതെ അമിതാവശ്യങ്ങൾ നിരത്തുന്ന വീട്ടുകാരുടെ കാരുണ്യമില്ലായ്മയെ ഓർത്ത് പ്രശ്നം.
കടം കയറി കയറെടുക്കുമോ എന്ന പ്രശ്നം. ഈ വക പ്രശ്നങ്ങളെ എങ്ങനെ നേരിടണം എന്നതിനെപറ്റിയുള്ള കുറേ നിർദേശങ്ങളടങ്ങുന്ന ലേഖന പരന്പരയാണിവിടെ ആരംഭിക്കുന്നത്.
നമുക്ക് പ്രശ്നത്തെ ഒന്ന് നിർവ്വചിക്കാം. നമ്മുടെ ദൈനംദിന ജീവിതത്തിൽ നാം സാധാരണ ഉപയോഗിക്കാറുള്ള പല പദപ്രയോഗങ്ങളിൽ ഒന്നാണ്. ‘പ്രശ്നം’ ‘ഓ, ഒരു ഇതില്ല. ഒരു സുഖമില്ല. മുരടിച്ച ജീവിതം, പ്രശ്നം തന്നെ പ്രശ്നം, ആർക്കറിയാം. ഇങ്ങനെയുള്ള പ്രയോഗങ്ങൾ നമ്മുടെ സംസാരഭാഷയിൽ നിഴലിച്ച് നിൽക്കന്നുവെങ്കിൽ പ്രശ്നം തന്നെ. ജോലി ചെയ്യുന്നിടത്ത് പ്രശ്നം. വീട്ടിൽ പ്രശ്നം. നാട്ടിൽ പ്രശ്നം. പിന്നെവിടെയാണ് പ്രശ്നമില്ലാത്തത്? പ്രശ്നങ്ങൾക്ക് നാം കൊടുക്കുന്ന നിർവ്വചനവും അതിന്റെ വ്യാഖ്യാനവുമാണ് യാഥാർത്ഥത്തിൽ പ്രശ്നം. പരിധിയില്ലാത്ത വ്യാഖ്യാനങ്ങളും അതിരു കടന്ന ചിന്തകളും ഒഴിവാക്കിയാൽ പ്രശ്നങ്ങൾ അവസരങ്ങളായി മാറും. ഓരോ പ്രശ്നവും ഒരു അവസരമായി മാറ്റപ്പെട്ടാൽ പ്രശ്നം തനിയെ ഇല്ലാതാകും. നമ്മുടെ പ്രശ്നങ്ങൾക്ക് കടും നിർവ്വചനങ്ങൾ നൽകുന്നതിന് പകരം പ്രശ്നങ്ങൾ വഴിമുട്ടിക്കുന്പോൾ ചിന്തിക്കേണ്ടതെന്താണ്. Oppertunity is now here അവസരം ഇപ്പോൾ ഇവിടെയുണ്ട്. nowhere ഒരിടത്തുമില്ല എന്നല്ല, നമ്മുടെ ചിന്തകൾക്കിടയിൽ ഒരു വിരാമമിട്ടാൽ പ്രശ്നങ്ങളെ അവസരങ്ങളായി മാറ്റാനും അവസരങ്ങളെ മുതലാക്കാനുമുള്ള കഴിവും ബുദ്ധിയും നമുക്കുണ്ടാകും.
ഒരു ചെറിയ പ്രശ്നമുണ്ടാകുന്പോൾ അതിനെ ഭൂതക്കണ്ണാടിയിലൂടെ പർവ്വതീകരിക്കാൻ നമ്മിൽ ചിലർ വിദഗ്ദ്ധനാണ്. പലപ്പോഴും കാലങ്ങൾക്ക് ശേഷമുള്ള പ്രത്യാഘാതങ്ങളെ ഓർത്താണ് നമുക്ക് ദുഃഖം. അതാണ് നമ്മുടെ വലിയ പ്രശ്നവും. ഒരിക്കൽ സ്വാമി സുഖബോധാന്ദയും ഒരു ബിസിനസുകാരനും കൂടെ പൂനയിൽ നിന്ന് മുംബൈയിലേയ്ക്ക് യാത്ര ചെയ്യുകയായിരുന്നു. ഈ ബിസിനസുകാരൻ ബിസിനസിൽ പാളിച്ച പറ്റി സാന്പത്തികമായി തകർന്നിരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ എയർകണ്ടീഷൻ ചെയ്ത കാറിലാണ് രണ്ടുപേരും സഞ്ചരിച്ചിരുന്നത്. വേനൽക്കാലമായതിനാൽ പുറത്ത് നല്ല ചൂടുണ്ടായിരുന്നു. കാറിന്റെ എയർകണ്ടീഷൻ ഓൺ ചെയ്തിരുന്നില്ല. ഡോറിന്റെ ഗ്ലാസ് ഉയർത്തിയിരുന്നു. അതുകൊണ്ട് വെളിയിൽ നിന്നും കാറ്റും ലഭിക്കുന്നില്ല. അൽപ്പം കാറ്റ് കിട്ടട്ടെ എന്ന് കരുതി സ്വാമിജി അദ്ദേഹം ഇരുന്ന സീറ്റിന്റെ വശത്തെ ഗ്ലാസ് താഴ്ത്തി. ഉടൻ ബിസിനസുകാരൻ പറഞ്ഞു. “സ്വാമിജീ ഗ്ലാസ് താഴ്ത്തരുത്. കാരണം, ഈ വഴിയുടെ ചുറ്റുമുള്ളവരെല്ലാം എന്നെ അറിയുന്നവരാണ്. ഗ്ലാസ് താഴ്ത്തിയാൽ അവർ എന്നെ കാണും. വണ്ടിയിൽ എയർകണ്ടീഷൻ ഇല്ലെന്നവർക്ക് മനസ്സിലാകും. എന്റെ ബിസിനസിലെ പരാജയവും വൻ വീഴ്ചയും മൂലമുള്ള സാന്പത്തിക ബുദ്ധിമുട്ടു കൊണ്ടാണ് എയർകണ്ടീഷനില്ലാത്തത് എന്നവർ വ്യാഖ്യാനിക്കും. എന്റെ മൂല്യം ഇടിയും. അതെനിക്ക് ഒരു പ്രശ്നമായി മാറും.”
മറ്റുള്ളവരുടെ ഇടയിൽ വിലയും നിലയും ഇടിയുന്നത് ഒരു പ്രശ്നമായി കരുതുന്നവരാണ് നമ്മിൽ ചിലരെങ്കിലും. അത് ഒഴിവാക്കാൻ ഇങ്ങനെയുള്ളവർ എന്തു ധാരാളിത്തവും മറിമായവും പ്രദർശിപ്പിക്കും. കീശ കാലിയാണെങ്കിലും കാശുവാങ്ങി ധാരാളിത്തം കാണിക്കും. ഒടുവിൽ ഈ കടക്കെണിയിൽ കുരുങ്ങിപ്പോകും. രക്ഷപ്പെടുവാൻ കഴിയാത്ത വണ്ണം പ്രവാസികൾ ധാരാളിത്തത്തിന് കുപ്രസിദ്ധരാണ്. നമ്മുടെ പുറംപൂച്ചുകൾകൊണ്ട് നാം എന്തു നേടുന്നു എന്ന് ശാന്തമായി ചിന്തിക്കുക. പുതുപ്പണക്കാരൻ. അർദ്ധരാത്രിയിലും കുട പിടിക്കുന്ന അൽപ്പൻ എന്നിങ്ങനെയുള്ള അപരനാമങ്ങൾക്ക് വിധേയരാകുമെന്നല്ലാതെ മറ്റെന്ത് പ്രയോജനം? മറ്റുള്ളവർ നമ്മെ പുച്ഛിക്കും തീർച്ച.
ആവശ്യത്തിനും അനാവശ്യത്തിനും മറ്റുള്ളവരോട് കടം വാങ്ങി അത് വീട്ടാൻ നിവൃത്തിയില്ലാതെ നിരാശയിലായി ജീവിതം തന്നെ വേണ്ടെന്ന് വെച്ച് മദ്യത്തിനും മയക്കുമരുന്നിനും അടിമകളായി ഭാവി കരിച്ചു കളയുന്നവരെ നമുക്ക് ചുറ്റും കാണാൻ കഴിയുന്നില്ലേ? സ്വയം നെഞ്ചത്ത് കൈവച്ചു നോക്കൂ. ഇതിലൊരുവനാണോ ഞാനും, എന്തിനൊക്കെയാണ് സാധാരണയായി നാം കടം വാങ്ങാറുള്ളത്?
ബിസിനസിന് വേണ്ടി കടം വാങ്ങുന്നവൻ: വലിയ ശന്പളമൊന്നുമില്ലാത്ത ജോലിയിൽ വന്നു പെട്ട സാമാന്യ വിദ്യാഭ്യാസവും തൊഴിൽ പരിചയവുമുള്ള ചെറുപ്പക്കാർ പെട്ടെന്ന് ധനസന്പാദനത്തിനായി ജോലി കളഞ്ഞ് ബിസിനസിൽ എടുത്ത് ചാടുന്ന ഒരു പതിവ് പ്രവാസലോകത്തുണ്ട്. സ്വന്തം കുടുംബത്തിൽ പെട്ടവരോ, സ്നേഹിതരോ നാട്ടുകാരോ ഇത്തരം ബിസിനസിൽ വിജയിച്ച് കാശുണ്ടാക്കുന്നത് കണ്ട് അതിൽ ആകൃഷ്ടരായി, അസൂയ പൂണ്ട് അതുവരെയുള്ള സന്പാദ്യം ‘മുതൽമുടക്കായി’ എടുത്ത് കച്ചവടത്തിന് ഇറങ്ങുന്പോൾ കൂടുതൽ പണമിറക്കാൻ നിർബന്ധിതരാവുന്നു. പാർട്നർഷിപ്പ് അതിന് നിർബന്ധിക്കുന്നു. അപ്പോൾ പണം കടമെടുക്കുന്നു. ബാങ്കിൽ നിന്ന് കൂട്ടുകാരിൽ നിന്നോ അമിതപലിശ വാങ്ങുന്നവരിൽ നിന്നോ ആകാം ഇത്. നാട്ടിലെ വീടും പറന്പും പണയപ്പെടുത്തി ലോണെടുത്ത് പണം ഇവിടെ വരുത്തുന്നവരുണ്ട്. ഇങ്ങനെ പണമിറക്കി കാത്തിരിക്കുന്നവർ പലപ്പോഴും നിരാശയിലാണ്. വരവ് കുറവ്. ഒടുവിൽ കച്ചവടം പൊളിയും. ഉള്ള ജോലിയും പോയി. കൈയിലുണ്ടായിരുന്ന കാശും പോയി. കടം വീട്ടാൻ മാർഗമില്ല. കൂട്ടുകാരൻ കബളിപ്പിക്കപ്പെടുന്നവരുടെ എണ്ണവും കുറവല്ല. ഇത്തരക്കാർ വീണ്ടും ജോലി അന്വേഷിക്കുന്നു. ഗത്യന്തരമില്ലാതെ എന്ത് ജോലിക്കും തയ്യാറാവുന്നു. തുച്ഛമായ വരുമാനം കൊണ്ട് എന്തെല്ലാം ചെയ്ത് തീർക്കണം. ആശകൾ നിരാശകളാകുന്നു. മാനസിക പിരിമുറുക്കം കുറക്കാൻ ലഹരി ജീവിതത്തിനടിമയാകുന്നു. അവസാനം കയറെടുക്കുന്നു. ഗൾഫിൽ എത്ര അനുഭവങ്ങളാണിങ്ങനെ.
വിസ ലഭിക്കാൻ വേണ്ടി നാട്ടിൽ നിന്നും കടം വാങ്ങിയും കിടപ്പാടം പണയപ്പെടുത്തിയും ഗൾഫിൽ എത്തിപ്പറ്റിയവർ ഉണ്ട്. ഇവിടെ എത്തിയപ്പോഴാണ് കിട്ടിയ ശന്പളം നാട്ടിൽ വീട്ട് ചിലവിന് അയക്കാൻ പോലും മതിയാവുന്നില്ല എന്ന് മനസിലാവുന്നത്. കൂടാതെ മക്കളുടെ വിദ്യാഭ്യാസം, ബന്ധുവീടുകളിലെ വിവാഹം, മറ്റു ചടങ്ങുകൾ എന്നിങ്ങനെ പലവിധം അധിക ചിലവുകളും സാധാരണമാണ്. ഇന്ന് ആശുപത്രിയിൽ ചെലവഴിക്കേണ്ടത് ആയിരങ്ങളാണ്. ഇതൊക്കെ നിറവേറ്റാൻ ഇവിടെ കടം വാങ്ങും. കാലാവധി കഴിഞ്ഞിട്ടും തിരിച്ചടയ്ക്കുവാൻ നിവൃത്തിയില്ലാതെ വരുന്പോൾ മുങ്ങി നടക്കും, പിടി കൊടുക്കാതെ. മൊബൈൽ നന്പർ വരെ മാറ്റിക്കളയും. കടം വാങ്ങലും കൊടുക്കാതെയുള്ള മുങ്ങലും ജീവിത ശൈലിയാക്കിയവരുമുണ്ട്. സാഹചര്യങ്ങൾ ഇപ്പോൾ അനുകൂലമല്ലെന്നറിയാമല്ലോ, തരാം തരും എന്ന് മറുപടിയാണിവർക്കുള്ളത്. ഉദാരമനസ്കരായവർ കടം കൊടുത്ത് കിട്ടാതെ വരുന്പോൾ വേണ്ടപ്പെട്ടവരുടെ ശത്രുക്കളായി മാറുന്ന കഥയുമുണ്ട് ഏറെ. കടം വാങ്ങി ഗതികേടിലായവർക്ക് ഉറങ്ങാൻ മദ്യമോ ഉറക്കഗുളികയോ വേണ്ടിവരും. ഇതൊരു ശീലമായിക്കഴിഞ്ഞാൽ കടം വാങ്ങിയില്ലെങ്കിലാണ് ഉറക്കമില്ലായ്മ. ഒരിടത്തു നിന്നും വാങ്ങി മറ്റൊരിടത്ത് കൊടുക്കുന്നവരുമുണ്ട്. ഇരട്ടിപ്പലിശയാണിവർ നൽകുന്നത്. മാസം തോറും മുതൽ അടക്കാൻ നിർവാഹമില്ല. പലിശ അത്രയ്ക്ക് ഭാരിച്ചതാണ്. കടം കൊടുക്കുന്നവർ മുതൽ തിരികെ കിട്ടാൻ നിർബന്ധിക്കാറില്ല. പലിശ കൊണ്ട് അവർ തൃപ്തരാകും. അങ്ങനെ കടക്കാരൻ കൂടുതൽ കടത്തിലേക്ക് അവസാനം കയറിലേക്കും.
കടം കയറുന്ന രണ്ടുതരം ആളുകളെപ്പറ്റി പറഞ്ഞു. ഇനി മൂന്നാമത്തെ കൂട്ടരെപ്പറ്റി പറയാം. മദ്യപാനത്തിനും മറ്റ് വെറിക്കൂത്തുകൾക്കുമായി കടം വാങ്ങിക്കൂട്ടുന്നവരുമുണ്ട്. വീട്ടുജോലി ചെയ്യുന്ന സ്ത്രീകളുമായി ചങ്ങാത്തം അഭിനയിച്ച് അവർ ഉറുന്പിനെപ്പോലെ ശേഖരച്ചു വെയ്ക്കുന്ന പണം പിടുങ്ങി ധൂർത്ത ജീവിതം നയിക്കുന്ന ചെന്നായ്ക്കളും പ്രവാസലോകത്തുണ്ട്. ഒടുവിൽ ഇവർ ആ സ്ത്രീകളെ ചതിക്കുന്നു. അവരുെട കഠിനാദ്ധ്വാനത്തിന്റെ ഫലം ക്ലേശത്തിലാക്കുന്നു. കുറേ നാളുകൾക്ക് മുന്പ് ഒരു ശ്രീലങ്കക്കാരി എന്നെ വിളിച്ച് ഒരു മലയാളി അവരെ ഇങ്ങനെ ചതിച്ച കഥ പറഞ്ഞ് പൊട്ടിക്കരയുകയുണ്ടായി. കുഞ്ഞാടുകളുടെ വേഷം കെട്ടിയ ചെന്നായ്ക്കൾ! ഇവർ ബാറുകളിൽ ചെലവഴിക്കുന്ന തുക നമ്മെ അന്പരിപ്പിക്കും. ഇവരുടെ ചതിക്കുഴിയിൽപെടുന്ന സ്ത്രീകൾ ‘എന്തിനീ ചിലങ്കകൾ എന്തിനീ വളകൾ’ എന്ന വരികൾ ഉരുവിട്ട് മതിലകത്ത് വികാരമടക്കി വീർപ്പുമുട്ടി കളിയുന്നുണ്ടാവും. ഈയിടെ ഇത്തരക്കാരിൽ ഒരു വിരുതനെ ഞാൻ കണ്ടു. അയാളുടെ ഉപബോധമനസിൽ അഗാധമായ കുറ്റബോധമുണ്ടെങ്കിലും ഈ ദുഃസ്വഭാവത്തിൽ നിന്നും കരകയറാൻ മാർഗമില്ല എന്ന ഉറച്ച നിലപാടിലാണ് അയാൾ. ഒരു ഡസനിലധികം ആയമാരെ അയാൾ വഞ്ചിച്ചിരിക്കുന്നു. അയ്യായിരത്തിലേറെ ദിനാർ അയാൾ അവരിൽ നിന്നും പിടുങ്ങിയിരിക്കുന്നു. ഇപ്പോഴും ആർക്കും പിടികൊടുക്കാതെ നടപ്പാണ്. നാട്ടിൽ ഭാര്യയും രണ്ട് മക്കളുമുണ്ട്. അവർക്കും പിടികൊടുത്തിട്ട് നാളുകളായി. എന്തൊരു ജീവിതം? ഇതിനെ ജീവിതമെന്നാണോ വിളിക്കേണ്ടത്? പ്രവാസത്തിന്റെ ആകെത്തുക ഇതാണോ എന്ന് ദുഃഖഭാരത്തോടെ ചിലപ്പോൾ ചിന്തിക്കേണ്ടിവരും. കരയാൻ കണ്ണുകളുണ്ടെങ്കിലും കണ്ണീരില്ലാത്ത അവസ്ഥയിൽ ഇവരുടെ ഇരകൾ ഇരന്ന് ജീവിക്കുന്നു.
പ്രവാസിയുടെ മറുമുഖമാണ് ഞാൻ വരച്ചു കാട്ടിയത്. മരിക്കാൻ മനസില്ലാത്ത ഇവർ മറ്റുള്ളവരെ മരണത്തിലേയ്ക്ക് തള്ളി വിടുന്നു. വെള്ളിവെളിച്ചം തേടിവന്ന ഈയാംപാറ്റകൾ കൊടും തീയിൽ കത്തിയെരിഞ്ഞ് ചാരമാകും പോലെ ഈ ക്രൂരഹൃദയരുടെ ഇരകളായി തീരുന്നവരുടെ ആശ കത്തിയെരിഞ്ഞ് വെണ്ണീറാകുന്നു.
കടം വാങ്ങി കയറെടുക്കുവാൻ കാത്തിരുന്നവരോട് ഒരു കാര്യം. ഒരു സർക്കസ് കൂടാരത്തിൽ വയലിൻ വായിക്കുന്പോൾ മൃഗങ്ങൾ നൃത്തം ചവിട്ടും. സിംഹം, കടുവ, ഉഗ്രവിഷമുള്ള സർപ്പം ഇവയൊക്കെ. ഒടുവിൽ ഒരു കരടിയുമെത്തി. കരടി അദ്ദേഹത്തെയും കാണികളെയും ആക്രമിക്കാൻ തുടങ്ങി. പ്രാണരക്ഷാർത്ഥം ഓടി. അപ്പോഴാണ് സർക്കസ് കന്പനിയുടെ മാനേജർ പ്രത്യക്ഷപ്പെട്ട് പറയുന്നത്. ആ കരടിക്ക് ചെവി കേൾക്കുകയില്ല എന്ന്. പിന്നെ അതെങ്ങനെ നൃത്തമാടും.
ജീവിതത്തിന്റെ താളാത്മകതയുടെ സ്വരം ശ്രവിക്കാതെ മനഃസാന്നിധ്യവും വീണ്ടുവിചാരവുമില്ലാതെ എടുത്തു ചാടുന്നവർ ഇങ്ങനെ ആപത്തിൽ പെട്ടുപോകും. വീണ വായിച്ചാൽ മാത്രം പോരാ. അത് ആസ്വദിക്കുന്നവരുണ്ടോ എന്ന് കൂടി മനസിലാക്കി മനസാന്നിധ്യത്തോടെ വീണ വായന തുടരണം. കടം വാങ്ങുന്നതിന് മുന്പ് അത് വീട്ടുവാനുള്ള വരുമാന മാർഗങ്ങൾ ഉണ്ടോ എന്ന് ചിന്തിച്ച്, പ്ലാനും പദ്ധതിയും തയ്യാറാക്കി മുന്നോട്ട് നീങ്ങാനുള്ള കരുത്തുണ്ടോ എന്ന മനസാന്നിധ്യത്തോടെ ചിന്തിച്ച് തീരുമാനിക്കുക. ഉണ്ടെങ്കിൽ മാത്രം അത്യാവശ്യത്തിന് കടമെടുക്കുക. മറ്റൊരാളിന് കടപ്പെട്ടിരിക്കുന്നത് അടിമയായിരിക്കുന്നതിന് തുല്യമാണ് എന്ന് ചിലർ വ്യാഖ്യാനിക്കുന്നത് വെറുതയല്ല. ഇത് ഉറക്കം കെടുത്തും. സ്വസ്ഥത നശിപ്പിക്കും. ചെറിയ കടം വലിയ കടം വാങ്ങാനുള്ള വഴിത്തിരി കൂടെയാണ്. ഒരു കടം വീട്ടാൻ മറ്റൊരു കടം അമിത പലിശക്ക് വാങ്ങുന്നത് ഒരു ശീലമാക്കിയവർ ഒട്ടേറെയുണ്ട് നമ്മുടെ നാട്ടിൽ.
കഴിഞ്ഞ ദിവസം ഒരു ചെറുപ്പക്കാരനും അയാളുടെ ഭാര്യയും ഏക മകളും എന്നെ സമീപിച്ചു, കൗൺസിലിംഗിനായി. കടബാധ്യത കൊണ്ട് വീർപ്പുമുട്ടുകയാണ് ആ കുടുംബം. 120 ദിനാർ മാത്രം മാസ ശന്പളമുള്ള ആ മനുഷ്യൻ ഒരു ഷെയറിംഗ് അക്കോമൊഡേഷനിൽ ഒരു മുറി മാത്രം എടുത്ത് ഭാര്യയെയും മകളെയും നാട്ടിൽ നിന്ന് ഇവിടെ കൊണ്ടുവന്നു. മകളെ ഇവിടെ സ്കൂളിൽ ചേർത്തു. വിമാന ടിക്കറ്റിന് പണം കടമെടുത്തു. നേരത്തെ തന്നെ നല്ല തുക വിട്ടാവശ്യങ്ങൾക്കായി കടം എടുത്തിട്ടുണ്ടായിരുന്നു. ഈ കടം എല്ലാം വീട്ടുന്നതിന് ശന്പളം മുഴുവൻ എടുത്താലും തികയുകയില്ല. അതുകൊണ്ട് അമിതപലിശക്ക് വീണ്ടും പണം കടം വാങ്ങി. ആ ഒരു മുറിയിൽ അദ്ദേഹത്തിന്റെ ഭാര്യ ബേബി സിറ്റിംഗ് നടത്തുന്നുണ്ട്. അതിൽ നിന്ന് കിട്ടുന്ന വരുമാനവും കടം വീട്ടാൻ മാത്രം. എങ്ങനെ വാടക കൊടുക്കും. വീട്ടു ചെലവ് നടത്തും. മകളുടെ സ്കൂൾ ഫീസ് കൊടുക്കും ഇതിനൊക്കെ പുറമേ നാട്ടിൽ ഒരു ബാങ്ക് ലോൺ ഉണ്ട്. വീട് നന്നാക്കാനായി എടുത്ത ലോൺ. ഇപ്പോൾ അദ്ദേഹത്തിന്റെ സമനില തെറ്റിയിരിക്കുന്നു. ഭാര്യയേയും മകളേയും തിരികെ നാട്ടിൽ വിടാൻ അദ്ദേഹമൊരുങ്ങി. പക്ഷേ പോകാൻ അവർക്ക് മനസില്ല. ഒരുമിച്ച് മരിക്കാമെന്ന് അവർ അദ്ദേഹത്തോട് നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നു. പക്ഷേ അദ്ദേഹമതിന് വഴങ്ങുന്നില്ല. എന്തോ ഒരു ശക്തി അദ്ദേഹത്തെ അതിൽ നിന്നും പിന്തിരിപ്പിക്കുന്നു. ആകെക്കൂടെ ഒരു അരക്ഷിതാവസ്ഥ. നാളെ സൂര്യൻ ഉദിക്കുകയില്ല എന്ന തോന്നൽ. ഇങ്ങനെയുള്ളവരുടെ എണ്ണവും കുറവല്ല നമ്മുടെ ഇടയിൽ.
കീശയിലുള്ള കാശു നോക്കാതെ ആശകൾ നിരാശകളാക്കി മാറ്റുന്നവരാണ് ഇവർ. നമ്മുെട ആഗ്രഹങ്ങളും അഭിലാഷങ്ങളും നമ്മുെട കൈകളുടെ അദ്ധ്വാനഫലത്തിന് അനുപാതമല്ലെങ്കിൽ ഇത്തരം ദുരവസ്ഥകൾ ഉണ്ടാകും. കൂട്ടുകാരോ വേണ്ടപ്പെട്ടവരോ കൂടെ ജോലി ചെയ്യുന്നവരോ കൂടെ താമസിക്കുന്നവരോ എന്തെങ്കിലും പുതിയ നേട്ടങ്ങൾ ഉണ്ടാക്കുന്പോൾ ‘അതെനിക്കും ആയിക്കൂടെ?’ എന്ന മനോഭാവമാണ് ഈ ദുരവസ്ഥക്ക് പ്രധാന കാരണം. നാട്ടിലെ വീട്ടുകാർ നിരത്തുന്ന ആവശ്യങ്ങൾക്ക് ‘സാധ്യമല്ല’ എന്ന ഉത്തരം നൽകാനുള്ള മടി. എന്റെ വരുമാനം ഇത്ര മാത്രമെന്ന് തെളിച്ചു പറയാനുള്ള വൈമനസ്യം. ഒരുതരം ‘ഞാൻ’ എന്ന ഭാവം. ഇവ നമ്മെ ഈ അവസ്ഥയിലെത്തിക്കും. സത്യം മറച്ചുവെച്ച് മറ്റുള്ളവരുടെ മുന്നിൽ മിടുക്കരാകാൻ ശ്രമിക്കുന്നവർ, വരുമാനത്തിനനുസൃതമായി ചെലവുകൾ നിയന്ത്രിക്കാൻ കഴിയാത്തവർ ഇവരൊക്കെ ചെന്നെത്തുന്നത് അവിടേക്ക് തന്നെ ആയിരിക്കും.
ഒരു സ്വാമിജിയുടെ സാക്ഷ്യം ശ്രദ്ധിക്കുക. പ്രയാസവും ദുരിതവും മാത്രം അനുഭവിക്കുന്ന കുറേപ്പേർ ഒരിക്കൽ താപസ ശ്രേഷ്ഠനായ സ്വാമിജിയെ സമീപിച്ചു. ഓരോരുത്തരും അവരുടെ ബുദ്ധിമുട്ടുകൾ അദ്ദേഹത്തിന്റെ മുന്പിൽ അവതരിപ്പിച്ചു. അദ്ദേഹം അവരോട് പറഞ്ഞു. “ഒരു കാലി ചാക്ക് നിങ്ങൾ അടുത്തു കൂടെ ഒഴുകുന്ന നദിയിലേയ്ക്ക് എറിയുക. കുറേ കഴിഞ്ഞ് അത് തിരികെയെടുത്ത് എന്റെ അടുത്ത് വരിക.” അവർ അങ്ങനെ ചെയ്തു. ഒരാൾക്ക് ഒരു സ്വർണമാല കിട്ടി. രണ്ടാമത്തേയാൾക്ക് ഒരു ഡയമണ്ട് നെക്ലേസ്, മൂന്നാമന് ഒരു വീട്, നാലാമന് ഒരു വൻമാളിക, ഒരാൾക്ക് ഒരു മോട്ടോർ സൈക്കിൾ, മറ്റൊരാൾക്ക് ഒരു കാർ. ഇങ്ങനെ സ്വാമിജിയുടെ മുന്പിൽ വന്നവർക്ക് അദ്ദേഹത്തിന്റെ മൊഴിയിലൂടെ സമ്മാനങ്ങൾ കിട്ടി. എല്ലാവരും തുള്ളിച്ചാടി തിരിച്ചുപോയി. കുറേ കഴിഞ്ഞ് കുറേപ്പേർ തിരികെ വന്നു. “സ്വാമിജി എന്നോടൊപ്പം വന്ന എന്റെ അയൽക്കാരന് ഡയമണ്ട് നെക്ലസ് കിട്ടി. എനിക്ക് ഒരു വെറും മാല മാത്രം.” മറ്റൊരുവൻ വന്ന് പരാതിപ്പെട്ടു. “സ്വാമിജി എനിക്ക് ഒരു ചെറുവീട് കിട്ടിയപ്പോൾ എന്റെ സ്നേഹിതന് വൻമാളിക കിട്ടി.” ഇങ്ങനെ പരാതിയുടെ പ്രളയം. അവർ താരമ്യേന രോഗത്തിന് അടിമയായിരിക്കുന്നുവെന്ന് മനസ്സിലാക്കിയ സ്വാമിജി കൊടുത്തതെല്ലാം അവരിൽ നിന്നു തിരിച്ചെടുത്തു. കാലിച്ചാക്ക് എറിഞ്ഞപ്പോഴാണ് ഇവയെല്ലാം ലഭിച്ചതെന്ന് ഓർക്കണം.
നമ്മുടെ ജീവിതത്തിന്റെ വേലിയേറ്റങ്ങളിൽ നാം എറിയുന്നത് കാലിച്ചാക്കുകൾ ആണെന്നുള്ള തിരിച്ചറിവ് നമുക്കുണ്ട്. എങ്കിൽ വേലിയിറക്കത്തിലെ ഫലം എന്തായിരുന്നാലും നാം സംതൃപ്തരായിരിക്കും. ഈ അവസ്ഥയിലും ആനന്ദം കണ്ടെത്തുക, കഷ്ടതയിലും ഒരു മൂളിപ്പാട്ട് പാടുക. നഷ്ടത്തിലും ആശ കൈവിടാതെയിരിക്കുക. അപ്പോൾ മറ്റൊരാൾക്ക് കടക്കാരനായിരിക്കാൻ മനസ് നമ്മെ അനുവദിക്കുകയില്ല കടം കയറി പ്രവാസി കയറെടുക്കുകയില്ല.